ഇനി പഴയ ഒരു കാര്യം പറയാം. അത്ര പഴയതൊന്നുമല്ല. 16.12.2012 നു ദില്ലിയിൽ ക്രൂരമായ പീഠനത്തിനിരയായി മരണത്തിനു കീഴടങ്ങിയ പെൺകുട്ടിയെ ആരും മറന്നു കാണില്ലല്ലോ. നിർഭാഗ്യകരമായി ഉണ്ടായ ആ സംഭവത്തേക്കുറിച്ചല്ല ഇപ്പോൾ പരാമർശിക്കുന്നത്. ആ പെൺകുട്ടിയേക്കുറിച്ചുമല്ല. ആ സംഭവത്തോടനുബന്ധിച്ചു പല കോലാഹലങ്ങളും മെട്രോപോളീറ്റൻ നഗരങ്ങളിൽ അരങ്ങേറുകയുണ്ടായി. അവയിൽ ചില കാര്യങ്ങൾ പുനർവിചിന്തനത്തിനു വിധേയമാക്കണമെന്നു തോന്നിയതുകൊണ്ടാണിതെഴുതുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായ ചില സംശയങ്ങൾ ആദ്യമെ പറയട്ടേ..
ഒന്നാമതായി, ദില്ലി സംഭവത്തെ തുടർന്ന് ഇൻഡ്യയിലെ എല്ലാ വൻ നഗരങ്ങളിലും പ്രതിഷേധം തെരുവിലേക്കിറങ്ങിയിരുന്നു. ഫൈസ്ബുക്ക് കൂട്ടായ്മയ്ക്ക് ഈ പ്രതിഷേധത്തിന്റെ വിജയത്തിൽ നല്ലൊരു പങ്ക് ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ടാകുമല്ലോ..? നമ്മുടെ നാട്ടിൽ ആദ്യമായല്ല ഒരു പെൺകുട്ടി ബലാൽസംഗം ചെയ്യപ്പെടുന്നത്.ഈ സംഭവത്തിനു മുൻപും ശേഷവും ഒരുപാടു പീഠനങ്ങൾ നമ്മുടെ നാട്ടിലുണ്ടായി. സമീപകാലത്തു നടന്ന മറ്റു ബലാൽസംഗങ്ങൾക്കൊന്നുമില്ലാത്ത ഒരു പ്രാധാന്യം ഈ സംഭവത്തിനു മാത്രം കിട്ടിയതെന്തു കൊണ്ടാണു..? ദില്ലിപെൺകുട്ടിയുടെ വിഷയം കത്തി നില്ക്കുന്ന സമയത്ത് തന്നെ രണ്ടു ബലാൽസംഗങ്ങൾ നടന്നതോർമ്മ കാണുമല്ലോ..? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നയിക്കാൻ ഒരു നേതാവു പോലുമില്ലാതെ എങ്ങനെ ഒരു പ്രതിഷേധം ഇത്ര ശക്തമായി തെരുവിൽ രൂപപ്പെട്ടു..?
രണ്ടാമതായി,ഇത്ര ശക്തമായി രൂപപ്പെട്ട ഈ പ്രതിഷേധത്തെ ദില്ലി മുഖ്യമന്ത്രിയും,രാഷ്ട്രപതിയുടെ മകനും അപ്പോൾ തന്നെ തള്ളിപ്പറഞ്ഞിരുന്നു.‘ഈ സമരത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കൾക്കു നിലവാരമില്ല’ എന്നാണു രാഷ്ട്രപതിയുടെ മകൻ പറഞ്ഞത്. ‘സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നത് ’ എന്നാണു മുഖ്യമന്ത്രി ചോദിച്ചത്.ഈ രണ്ട് അഭിപ്രായങ്ങൾക്കുമെതിരെ പ്രതിഷേധക്കാർ പ്രതികരിക്കുകയും രാഷ്ട്രപതിയുടെ മകൻ മാപ്പു പറഞ്ഞു തടിയൂരുകയും ചെയ്തു.
മൂന്നാമതായി,ഈ സംഭവത്തെ ആബാലവൃദ്ധം ജനങ്ങളും അപലപിച്ചു എങ്കിലും തെരുവിലേക്കിറങ്ങിയ ജനസഞ്ചയം ഒരു പ്രത്യേക age group-പ്പെട്ടവരായിരുന്നു,ടീനേജുകാർ.
( Go to link
http://www.youtube.com/watch?v=hjbw5_9QvdY )
'വീ വാന്റ് ജസ്റ്റീസ് 'എന്ന മുദ്രാവാക്യവുമായി ഇക്കൂട്ടർ തെരുവു നിറഞ്ഞപ്പോൾ അതിൽ അസ്വഭാവികതയുള്ളതായി അപ്പോൾ തോന്നിയില്ല.സമരം കൊടുമ്പിരി കൊണ്ടപ്പോൾ എല്ലാ വിഭാഗത്തിലും പെട്ടവർ തോളോടൂതോൾ ചേർന്നു എന്നുള്ള കാര്യം വിസ്മരിക്കുന്നില്ല.പക്ഷേ പിന്നീട് ഇത്തരം മാനഭംഗങ്ങൾ ആവർത്തിച്ചപ്പോൾ ഇവരേ ആരേയും പ്ലേക്കാർഡുകളും പ്രതിഷേധവുമായി തെരുവിൽ കണ്ടില്ല എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെ,അതെന്തുകൊണ്ടാണു..?
ചോദ്യങ്ങളെ മനസിലിരുത്തി കൊണ്ട് ഇനി കാര്യത്തിലേക്കു കടക്കാം.പാശ്ചാത്യസംസ്ക്കാരത്തെ അനുകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറ ഇൻഡ്യയിൽ വളർന്നു കഴിഞ്ഞു എന്നുള്ള സത്യം നാം വിസ്മരിച്ചു കൂടാ. കാമുകന്റേയോ ബോയിഫ്രണ്ടിന്റെയോ അല്ലെങ്കിൽ ആൺ സുഹൃത്തിന്റേയോ തോളിൽ തൂങ്ങി ബീയർ പാർലറുകളിലും നൈറ്റ് പാർട്ടികളിലും പബ്ബുകളിലും നിശാക്ളബ്ബുകളിലും സിനിമാശാലകളിലും പോകുന്ന ഒരുപാടു പെൺകുട്ടികൾ ഇൻഡ്യൻ നഗരങ്ങളിൽ ഇന്നു ധാരാളം.‘നാൻ’ എന്ന തമിഴ് സിനിമയിലെ ‘മക്കായല...മക്കായല..’ എന്നു തുടങ്ങുന്ന ഗാന രംഗം ഓർമയിലുണ്ടാകുമല്ലോ..? ആ ഗാന രംഗത്തിലേതു പോലെ ജീവിക്കുന്നതിനാണു നമ്മുടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും താല്പ്പര്യം എന്നു തോന്നുന്നു.
( പാട്ടിന്റെ ലിങ്ക് ഇതാ
http://www.youtube.com/watch?v=voW0o7hBNeo )ഇപ്പോഴത്തെ പുതുതലമുറയുടെ ‘കലാപരിപാടി’കൾ വൈകുന്നേരങ്ങളിൽ തുടങ്ങുകയായി. ഇതിൽ സാധാരണ മാനസികോല്ലാസങ്ങളിൽ ഏർപ്പെടുന്നവർ മുതൽ സെക്സും മയക്കുമരുന്നും ശീലമാക്കിയവർ വരേ ഉൾപ്പെടുന്നു. എല്ലാത്തിനും ചുക്കാൻ പിടിക്കാൻ സെക്സ്മയക്കുമരുന്ന് റാക്കറ്റുകളും മാഫിയകളും സജ്ജീവമായിത്തന്നെ ഒളിഞ്ഞും ‘തെളിഞ്ഞും’ രംഗത്തുണ്ട്. അതിൽ തെളിഞ്ഞു രംഗത്തു വന്ന കാഴ്ച്ചയാണു ദില്ലി സംഭവത്തിനു ശേഷമുള്ള പ്രതിക്ഷേധങ്ങളിലൂടെ നമ്മൾ കണ്ടതു. ദില്ലി പെൺകുട്ടിക്കുണ്ടായതു പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കുന്നതു ഇത്തരക്കാർക്കു സ്വാതന്ത്ര്യത്തിനും സ്വര്യവിഹാരങ്ങൾക്കും തടസ്സമാണെന്നുള്ള കാര്യം എടുത്തു പറയേണ്ട കാര്യമില്ലല്ലൊ. ഏതു രാത്രിയിലും എതിലേ വേണമെങ്കിലും പോകുവാനും വരുവാനും, തോന്നുന്നതൊക്കെ ചെയ്യുവാനും ഉള്ള സ്വാതന്ത്ര്യം മാത്രമാണു മേല്പറഞ്ഞ പ്രതിക്ഷേധം കൊണ്ടു ഇക്കൂട്ടർ ഉദ്ദേശിച്ചതെന്നു വ്യക്തം (എല്ലാവരും അല്ല). ഗ്രാമപ്രദേശത്തു ജീവിക്കുന്ന ഒരു പെൺകുട്ടി പീഠനത്തിനിരയാകുമ്പോൾ അവൾക്കു വേണ്ടി നഗരങ്ങളിൽ ജീവിക്കുന്ന പെൺകുട്ടികൾ സമരവുമായി തെരുവിലേക്കിറങ്ങാത്തതെന്തു കൊണ്ടാണു? കാരണം അതു തങ്ങളെ ബാധിക്കുന്ന കാര്യമല്ലതന്നെ-ഗ്രാമപ്രദേശങ്ങളിൽ പബ്ബുകളില്ല,ഡാൻസിങ്ങ്ബാറുകളില്ല,നിശാക്ളബ്ബുകളുമില്ല. മാത്രവുമല്ല പുതുതലമുറ ആണെന്നു പറഞ്ഞ് തങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി ഒരപരിചിതന്റെ തൊളിൽ കൈയ്യിട്ടു നടക്കുന്നതു കണ്ടു നില്ക്കുവാനുള്ള വിശാലകാഴ്ച്ചപ്പടൊന്നും ഗ്രാമപ്രദേശത്തുള്ളവർക്ക് ഇല്ലന്നു തന്നെ പറയാം. ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി കൊണ്ടാകണം സമരത്തിൽ പങ്കെടുക്കുന്നവർ നിലവാരമില്ലാത്തവരാണെന്നു മുൻപു സൂചിപ്പിച്ചയാൾക്കു പറയേണ്ടി വന്നതു. അതേ കാരണത്താലാണു സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ എന്തിനാണു പുറത്തിറങ്ങുന്നതു എന്നു മുഖ്യമന്ത്രിക്കു ചോദിക്കേണ്ടിയും വന്നത്. എന്നാൽ അതു വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണെന്നു വരുത്തി തീർക്കുന്നതിലും കൂട്ടായ്മ വിജയിക്കുകയുണ്ടായി. പീഠനത്തിനിരയായ പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനോ ആ പെൺകുട്ടിക്കു നീതി ലഭിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തവരെ വിലകുറച്ചു കാണുന്നതിനോ അല്ലെങ്കിൽ നാട്ടിലുള്ള ബലാൽസംഗവീരന്മാരെ സപ്പോർട്ട് ചെയ്യുന്നതിനോ വേണ്ടിയല്ല ഇതെഴുതുന്നത്.ഇത്തരം സംഭവങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വൃത്തികെട്ട ഗൂഡലക്ഷ്യങ്ങളെ വായനക്കാരുടെ ആലോചനാപഥങ്ങളിലേക്ക് കൊണ്ടു വരുക എന്ന സദുദ്ദേശം മാത്രമെ ഇതിന്റെ പിന്നിലുള്ളു എന്നുള്ള വസ്തുത വിനയത്തോടെ കുറിക്കട്ടെ. നിർഭാഗ്യകരമായ ഈ സംഭവത്തെ തുടർന്നുണ്ടായ പ്രതിഷേധസമരത്തിലൂടെ,ഇത്തരം ദുർവിധി ഒരു പെൺകുട്ടിക്കും ഭാവിയിൽ സംഭവിക്കാൻ പാടില്ല എന്ന ഉറപ്പാണു നാം നേടിയെടുക്കേണ്ടത്.. അല്ലാതെ ജീവിതം ആസ്വദിച്ചു തീർക്കാനുള്ളതാണു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് തെരുവിലേക്കിറങ്ങുന്നവർക്ക് അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസാകരുത് എന്നു മാത്രമാണു ഞാൻ പറയാനുദേശിച്ചത്.നമ്മുടെ നാട്ടിലെ നിശാക്ളബ്ബുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതിനേപ്പറ്റി ഗവണ്മെന്റ് അടുത്തകാലത്ത് ചിന്തിച്ചു തുടങ്ങിയത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു സഹായമാകും എന്നു നമുക്ക് പ്രത്യാശിക്കാം...