ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 24 April 2015

നാമ്പുകള്‍ (കഥ)


നനുത്തുവെളുത്ത മഴനൂലുകള്‍ കൃത്രിമമായി പുല്‍ത്തകിടിയിലേക്ക് മെല്ലെ പെയ്തിറങ്ങികൊണ്ടിരുന്നു. ഇടയ്ക്കിടെ ചുറ്റിതിരിഞ്ഞെത്തുന്ന ഇളം കാറ്റിനു കുളിരുപകരാന്‍ പാറിപ്പറന്നുകൊണ്ടിരുന്ന മഴകണങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇരുനില മാളികയുടെ മുന്‍വശത്ത് നിന്നും അരിച്ചെത്തുന്ന പ്രകാശം പൂന്തോട്ടത്തിലേക്ക് പെയ്തിറങ്ങുന്ന മഴനൂലുകള്‍ക്കു വശ്യതയാര്‍ന്ന തിളക്കവും ചാരുതയും നല്‍കി.
മൊട്ടക്കുന്നുകളെ അനുസ്മരിക്കുന്ന പുല്‍ത്തകിടികളില്‍ അങ്ങിങ്ങായി പച്ചവിരിച്ച് നില്ല്ക്കുന്ന ചെടിതെങ്ങുകളും, മഞ്ഞയില്‍ പച്ച വരകളുള്ള ചെറിയ ഇല്ലിക്കൂട്ടങ്ങളും, ബോണ്സായികളും, കൊച്ചു നീന്തല്‍ കുളവുമൊക്കെ ഔട്ട്‌ഹൗസിന്റെ ചെറുവരാന്തയില്‍ നിന്നു നോക്കുമ്പോള്‍ ഹൃദ്യമായിരുന്നു. മാളികയ്ക്കും ഔട്ട്‌ഹൗസിനും ചുറ്റുമായി വര്‍ണശബളമായ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന  സ്പോട്ട്ലൈറ്റിന്റെ അകമ്പടിയും  കൂടിയാകുമ്പോള്‍ പറുദീസയിലെത്തിപെട്ട പ്രതീതി തോന്നിപ്പിച്ചു.  എന്നാല്‍ സ്വപ്നസമാനമായ ആ അന്തരീക്ഷത്തിലിരുന്ന് ദു:സ്വപ്നം കാണാന്‍ പണിപ്പെടുകയായിരുന്നു ഡോക്ട്ടര്‍.
കെ.കെ എത്തുമ്പോള്‍ ഇരുനില മാളികയുടെ മതിലിനു പുറത്ത് ഇരുട്ട് കനത്തിരുന്നു. സ്വര്‍ണ്ണച്ചരട് വെട്ടിത്തിളങ്ങുന്ന കറുത്തിരുണ്ട, വിരിഞ്ഞ മാറിടം പ്രദര്‍ശിപ്പിച്ച് ഡോക്ട്ടര്‍ക്ക്‌ മുന്‍പില്‍ ഇരിക്കുമ്പോള്‍ അയാള്‍ പതിവുപോലെ അങ്ങേയറ്റം വിനീതനായി. കാലുകള്‍ ഉയര്‍ത്തി ടീപോയി മേല്‍ വച്ച് ഒരുകവിള്‍ വിസ്ക്കി നുണയുന്നതിനിടയില്‍ ഡോക്ട്ടര്‍, കെ.കെ യുടെ പാതി തുറന്നു കിടക്കുന്ന നെഞ്ചിലെ രോമക്കെട്ടിലേക്ക് ഒരിട നോക്കാതിരുന്നില്ല. ആ രോമക്കെട്ടാല്‍ പൊതിഞ്ഞിരിക്കുന്ന കഠിനഹൃദയത്തിനുള്ളിലെ ക്രൂരതയിലായിരുന്നു ഡോക്ട്ടറുടെ പ്രതീക്ഷ മുഴുവന്‍. പൂന്തോട്ടം നനയ്ക്കുന്നതിനിടയില്‍ നനവാര്‍ന്ന പുല്‍ത്തകിടിയിലൂടെ മറ്റെന്തോ തിരഞ്ഞ് അപ്രതീക്ഷിതമായി ലോണിലേക്ക് വന്ന വേലക്കാരന്‍ നടന്നകലുന്നതിനായി ഇരുവരും ആ വരാന്തയുടെ ഒഴിഞ്ഞ കോണില്‍ ക്ഷമയോടെ കാത്തു. വേലക്കാരന്‍റെ കാലടികളാല്‍ മൃദുവായി ഞെരിഞ്ഞമര്‍ന്ന ഇളംപുല്ലിനു വന്ന നിറവ്യത്യാസം നോക്കി കെ.കെ ക്ഷമയോടെ ഇരുന്നു.
‘പറഞ്ഞില്ല’  കാത്തിരിപ്പിനൊടുവില്‍ കെ.കെ വിനയം വിടാതെ തെല്ലു മുന്നോട്ടാഞ്ഞു ഡോക്ട്ടര്‍ക്കായി ചെവിയോര്‍ത്തു. ഒരു സിപ്പുകൂടി എടുത്ത് അത് നുണഞ്ഞിറക്കുന്ന സമയം കൂടി ഡോക്ട്ടര്‍ അധികമായി  കടമെടുത്തു.
‘പേഷ്യന്റ് യംഗാണ്. രണ്ടു നട്ടും ഫെയിലിയര്‍ ആയിരിക്കുന്നു. ക്യാഷ് പ്രശ്നമല്ലന്നു പറഞ്ഞു നാല് തവണ വിളിച്ചു കഴിഞ്ഞു. പലയിടത്തുനിന്നും നല്ല പ്രഷറുണ്ട്. ഇപ്പോ തന്നെ ടൂ ക്രോര്‍സ് ആണ് ഓഫര്‍.... സംഗതി വിജയകരമായി നടന്നാല്‍ ഫൈവ് ‘സി’ യുടെ ഡീല്‍ ആയിരിക്കും..ഒരു നട്ടിന് ഇത്രേം വലിയ തുക ഓഫര്‍ ആദ്യായിട്ടാ... അദര്‍വൈസ് ഇട്സ് എ ബിഗ്‌ ഡീല്‍ എവര്‍.....’ ഒഴിഞ്ഞ ഗ്ലാസ്‌ ടീപോയില്‍ വച്ച് ഡോക്ട്ടര്‍ സിഗരറ്റിനു തീകൊളുത്തി.
‘ഡോണറെ തപ്പിയെടുക്കാം...’ കെ.കെ ഉത്സഹവാനായി.
‘സമയമില്ല.....ക്രിട്ടിക്കല്‍ സ്റ്റേജ് ആണ്...ഇന്ന് തന്നെ ഒരു വഴി കാണണം....’
‘ഇന്ന് തന്നെയോ.........?’ അസാധ്യം എന്ന മട്ടില്‍ കെ.കെ അടിച്ചുണ്ട് മലര്‍ത്തിക്കാണിച്ചു.
‘ഹോസ്പിറ്റലിലെ ഡോണേര്സ് ലിസ്റ്റ് പരിശോധിക്കുകയായിരുന്നു ഞാന്‍, ഇന്നു മുഴുവന്‍. ഓള്‍മോസ്റ്റ് എല്ലാം തന്നെ അണ്സ്യൂട്ടബില്‍. ഡോണറും റിസിപ്പയന്റും ക്രോസ് മാച്ചിംഗില്‍ കോംപാക്ടിബിള്‍ ആയിരിക്കണം......അയാളുടെ ലെവല്‍ ഓഫ് ആണ്ടിബോഡീസിലെ ചില പോരുത്തകേടുകളാണ് കുഴയ്ക്കുന്നത്. പിന്നെ റെയര്‍ ബ്ലഡ് ഗ്രൂപ്പും..... പക്ഷെ ലിസ്റ്റിലെ ഒരാള്‍.....’ ഡോക്ട്ടര്‍ മുഴുമിപ്പിക്കാതെ ചിന്തയിലാണ്ടാത് പോലെ തോന്നി.
കെ.കെ നെറ്റിചുളിച്ചു ചോദ്യഭാവത്തില്‍ ഡോക്റ്ററെ കാര്‍ന്നു. ചിന്തകള്‍ക്ക് കനമേറി വരുകയായിരുന്നു. വസൂരികല നിറഞ്ഞ ഡോക്റ്ററുടെ മുഖത്തിനു ചുറ്റും സിഗരറ്റ് പുക മുകളിലേക്കുയരാന്‍ മടിച്ചു കറങ്ങി നില്‍ക്കുന്നത് അയാള്‍ക്ക്‌ അസ്വസ്ഥത ഉണ്ടാക്കി. ഇടയ്ക്ക് കൈവീശി പുക ആട്ടിയകറ്റികൊണ്ട് ഡോക്ട്ടര്‍ തുടര്‍ന്നു.
‘രമേഷ്... അതാണയാളുടെ പേര്....ഒരു തവണ കിഡ്നി ഡോണേറ്റ് ചെയ്തയാളാണ്....പക്ഷെ ഈ കേസ്സില്‍ അയാളുടേത് പെര്‍ഫെക്റ്റ്‌ മാച്ചിംഗ് അല്ലെങ്കില്‍ കോംപാക്ടിബിള്‍ ആയിരിക്കും എന്നാണെന്റെ നിഗമനം .. ആസ് പെര്‍ ഹിസ്‌ ടെസ്റ്റ്‌ റിക്കോഡ്സ്, ഇരുവരുടെയും സെല്‍സും സിറംസും യോജിപ്പിലെത്താന്‍ നല്ല സാധ്യത.......’ കെ.കെയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിച്ചുകൊണ്ട് ഡോക്ട്ടര്‍ അലസമായി കസാലയില്‍ ചാരി ഒരു പുക കൂടി വലിച്ച് മുകളിലേക്കുയര്‍ത്തി.
‘ഒരു തവണ ഡോണേറ്റ് ചെയ്തയാളെ നമുക്ക് എങ്ങനെ ഗുണപ്പെടും....?’
‘ഗുണപ്പെടണം... ഒരു പക്ഷെ അയാള്‍ നിര്‍ഭാഗ്യവാനായിരിക്കും....’ അത് പറയുമ്പോള്‍ ഡോക്ട്ടറുടെ മുഖം വലിഞ്ഞു മുറുകി.
‘മനസ്സിലായി.......ബോയ്സ് നോക്കിക്കോളും...എനിവേ ഡോക്ട്ടര്‍ക്ക്‌ എന്തെങ്കിലും പ്ലാന്‍...?’
‘ഊം......’ ഡോക്ട്ടര്‍ ഒന്നിരുത്തി മൂളി, പാതിയായ സിഗരറ്റിനു വിശ്രമം കൊടുത്ത് വീണ്ടും ഗ്ലാസ്‌ നിറച്ചു.
പതിമൂന്നു വയസ്സുള്ള കൊച്ചു പെണ്‍വസന്തം തുള്ളിക്കളിച്ചു ലോണിലേക്കെത്തി ഡോക്ട്ടരോട് ചേര്‍ന്ന് നിന്നു.
‘എന്താ മോളൂ...?’ ഡോക്ട്ടര്‍ വാത്സല്യത്തോടെ മകളെ ചേര്‍ത്ത് പിടിച്ചു.
‘ഡാഡ്... മമ്മ ...കാളിംഗ് ഫോര്‍ ഡിന്നര്‍...’ കറുത്ത ക്ലിപ്പ് തലയില്‍ കുത്തി വയ്ക്കാന്‍ അശ്രദ്ധമായി ശ്രമിക്കുന്നതിനിടയില്‍ അവള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
‘ഓകെ.. ഡിയര്‍... ടെല്‍ മമ്മ ടൂ മൈ പ്രസന്‍സ് വില്‍ ബി ദെയര്‍ സൂണ്‍....കെ.കെ അങ്കിളും ഇന്ന് അത്താഴത്തിനുണ്ടാകുമെന്നു മമ്മയോടെ പറഞ്ഞേക്കൂ...’
വസന്തം തുള്ളിക്കളിച്ചു മറഞ്ഞപ്പോള്‍ ഡോക്ട്ടര്‍ ഗ്ലാസ് വീണ്ടും ചുണ്ടോടടുപ്പിച്ച് ക്രൂരത നൊട്ടി നുണഞ്ഞുകൊണ്ട് കെ.കെയ്ക്ക് നേരെ തിരിഞ്ഞു.
‘പട്ടിണി പാവങ്ങളാണ്...’ അത് പറയുമ്പോള്‍ ഡോക്ട്ടറുടെ ചിറിയുടെ കോണിലൂടെ പരിഹാസം തെറിച്ചു വന്ന്‍ കെ.കെയിലേക്ക് പകര്‍ന്നു. ഒരു കൈയ് കൊണ്ട് ആഷ്ട്രേ അരികിലേക്ക് വലിച്ച്, മറുകൈകൊണ്ട്‌ സിഗരറ്റില്‍ പിടിമുറുക്കുന്നതിനിടയ്ക്കു അയാള്‍ ആരോടെന്നില്ലാതെ തുടര്‍ന്നു. ‘അവന്റെ അമ്മയുടെ ട്യൂമര്‍ ഓപ്പറേഷനു പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫസ്റ്റ് നട്ട് ഡോണേറ്റ് ചെയ്തത്... ഒരു വര്‍ഷത്തോളം ആയികാണും. പക്ഷെ ഭേദപ്പെട്ടില്ല. അവരിപ്പോള്‍ വെല്ലൂരില്‍ ചികിത്സയിലാണുള്ളത്. അവരും ക്രിട്ടിക്കലാണ്. ഭാഗ്യവശാല്‍ അവന്‍ ഇന്ന് സ്ഥലത്തുണ്ട്. നാളെ മോര്‍ണിങ്ങില്‍ വെല്ലൂര്‍ക്കു  തിരിക്കുമെന്നറിയാന്‍ കഴിഞ്ഞു. ഉദ്ദേശം 9.30 നു  വീട്ടില്‍ നിന്നിറങ്ങും. ടൌണിലെത്താന്‍ ഹാഫ് ആന്‍ അവര്‍. അതിനുള്ളില്‍ സംഗതി നടക്കണം. അത്ര സീരിയസ് അല്ലാത്ത ആക്സിടന്റ്റ് മതി. എന്നുവച്ചാല്‍ ഇടിച്ചു പഞ്ചറാക്കി കളയരുതെന്നു സാരം...’
‘ഊം.....’ കെ.കെ ഗൌരവത്തോടെ ഇരുത്തി മൂളി.
‘ഗാന്ധി പ്രതിമയുടെ സൈഡിലൂള്ള കൈത്തോടിനു സമാന്തരമായി പോകുന്ന ആളൊഴിഞ്ഞ റോഡിലേയ്ക്ക് അവനെ കൊണ്ടു വരാന്‍ അവന്റെ ഫ്രണ്ടിനെ  ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ആയുധം നമ്മുടെ പതിവ് ബ്ലാക്ക്‌ മാരുതി തന്നെയാകട്ടെ. അവന്‍ ഏറ്റെടുത്ത മിഷന്‍ ഒന്നും ഇതുവരെ ഫെയിലായിട്ടില്ലല്ലോ.. രാശിയുള്ളവന്‍.’  ഡോക്ട്ടര്‍ പുക ചവച്ചു കൊണ്ട് അലസമായി ചിരിച്ചു. കെ.കെയും.
‘ഓക്കേ.. നിങ്ങള്‍ മറ്റൊരു കാറില്‍ തൊട്ടു പിറകെ ഉണ്ടാകണം. ആക്സിടന്റിനു ശേഷം പത്തുപതിനഞ്ചു മിനിട്ടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനവും ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കലും ഒക്കെ നടന്നിരിക്കണം...കത്തിയും മുള്ളുമായി ഞാന്‍ ഹോസ്പിറ്റലില്‍ കാത്തിരിപ്പുണ്ടാകും...അങ്ങനെ ഫിക്സ് ചെയ്യാം ല്ലേ.....? ഡോക്ട്ടര്‍ ചോദ്യരൂപത്തില്‍ കെ.കെയെ തുറിച്ചു നോക്കി.
‘ഡോക്ട്ടര്‍ ഒരു പാട് ഹോം വര്‍ക്ക് ചെയ്തിരിക്കുന്നു....’ അനുകൂലഭാവത്തില്‍ കെ.കെ ശബ്ദം താഴ്ത്തി ചിരിച്ചു. ‘ആക്സിഡന്റായ  രോഗിയുടെ കിഡ്നി അടിച്ചുമാറ്റിയെന്നു പത്രത്തില്‍ വരുമോ...?’ അയാള്‍ ഒരു കണ്ണിറുക്കി ഡോക്ട്ടറെ തമാശ രൂപത്തില്‍ നോക്കി.
‘കെ.കെ നമ്മളിത് ആദ്യമായല്ലല്ലോ....പിന്നെ...മരണം കൂട്ടി കൊണ്ട് പോകുന്ന ആള്‍ക്കെന്തിനാടോ നട്ട്...? അത് കൊണ്ട് ആര്‍ക്കെങ്കിലും ഒരു പുതു ജീവിതം കിട്ടുന്നതിനെ സമൂഹം എതിര്‍ക്കുമോ...? നട്ട് ദാനം ചെയ്യാന്‍ നേരത്തെ തന്നെ സമ്മതപത്രം ഒപ്പിട്ടു തന്നിട്ടുള്ള സാമൂഹ്യസ്നേഹി അല്ലേടോ അവന്‍. മാത്രമല്ല രണ്ടു നട്ടും ദാനം ചെയ്ത പുണ്യാളനായാവും നാളെകളില്‍ അവന്‍ അറിയപ്പെടുക..... ശരിയല്ലെ...?  പിന്നെ അല്ലറചില്ലറ ഫോര്‍മാലിറ്റികള്‍ ഒക്കെ നമ്മള്‍ വിചാരിച്ചാല്‍ മറികടക്കാവുന്നതല്ലേ ഉള്ളൂ...  പരസ്യവും പബ്ലിസിറ്റിയുമൊക്കെ വഴി മാറി പോകാതെ നോക്കേണ്ടത് തന്റെ കടമ......’ ഡോക്ട്ടര്‍ എഴുന്നേറ്റു തീന്മേശയിലേക്ക്  ലക്‌ഷ്യം വച്ച് കെ.കെയോടൊപ്പം ലോണിലൂടെ നടന്നു. കൃത്രിമ മഴയില്‍ പുതുജീവന്‍ കൈകൊണ്ട കൊച്ചു പുല്‍നാമ്പുകള്‍ ഇരുവരുടെയും പാദങ്ങള്‍ക്കടിയില്‍ കരുണയില്ലാതെ ഞെരിഞ്ഞമര്‍ന്നു.
പിറ്റേന്ന് രാവിലെ എല്ലാവരും തയ്യാറെടുപ്പിലായിരുന്നു,ഒപ്പം രമേഷും. കുളിച്ചു അച്ഛന്റെ ചിത്രത്തിന് മുന്‍പില്‍ പ്രാര്‍ഥിക്കുമ്പോള്‍ അമ്മയെയോര്‍ത്തു അവന്‍ നൊമ്പരപ്പെട്ടു. ആരും ആശ്രയമില്ലാതെ അമ്മ ഒറ്റയ്ക്ക് അന്യനാട്ടില്‍ കിടക്കേണ്ടി വന്നതോര്‍ത്ത് അവന്റെ ഹൃദയം നുറുങ്ങി. രണ്ടു ദിവസത്തേക്ക് നാട്ടിലേക്ക് പോരേണ്ടി വന്നുവെങ്കിലും  കുറച്ചു പണം സങ്കടിപ്പിക്കാനായതില്‍ അവന്‍ ആശ്വാസം കൊണ്ടു. ഇത്തവണ സഹായഹസ്തം നീട്ടിയ  സുഹൃത്ത്‌ കുമാറിനെ അവന്‍ നന്ദിയോടെ ഓര്‍ത്തു. പണവുമായി ഗാന്ധിപ്രതിമയ്ക്കരുകിലുള്ള അടച്ചിട്ട പീടികത്തിണ്ണയില്‍ കാത്ത് നില്‍ക്കാമെന്നാണവന്‍ പറഞ്ഞിരിക്കുന്നത്. ഒന്‍പതരയ്ക്ക് തന്നെ എത്തണം. രമേഷ് തിടുക്കപ്പെട്ടു.
കൈതോടിനു കുറുകെയുള്ള വീതി കൂടിയ പാലം കടന്നു മുന്നോട്ടു നടക്കുമ്പോള്‍ രമേഷിന്റെ ശ്രദ്ധ മുഴുവന്‍ അകലെ കാണുന്ന ഗാന്ധി പ്രതിമയുടെ പരിസരത്തിലേക്കായിരുന്നു. കുമാറിനായി അവന്റെ കണ്ണുകള്‍ പ്രതീക്ഷയോടെ പരതികൊണ്ടിരുന്നു. നഗരഹൃദയത്തില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന പ്രതിമയുടെ അരികിലൂടെ ഇടത്തോട്ടു തിരിയുമ്പോള്‍ തെല്ലകലെ കുമാറിനെ കാണാനായി. കനത്ത മഴയ്ക്ക്‌ ശേഷം പുതുവെയില്‍ കണ്ടതുപോലെയായി അവന്റെ മനസ്സ്. രമേഷ് ആഹ്ലാദത്തോടെ അകലേയ്ക്ക് കൈകളുയര്‍ത്തി കുമാറിന് നേരെ വീശി. കുമാര്‍ തിരിച്ചും. രാശിയുള്ള കറുത്ത മാരുതി കാര്‍ കരുതലോടെ പാലം കടക്കുമ്പോള്‍ രമേഷ് കുമാറിനരുകിലേക്ക് ധൃതിയില്‍ നടക്കുകയായിരുന്നു. ഗാന്ധി പ്രതിമയുടെ വശം ചേര്‍ന്നൊഴുകുന്ന കൈത്തോടിനു സമാന്തരമായി പോകുന്ന കറുത്തിരുണ്ട ആ വഴി പതിവുപോലെ അന്നും വിജനമായിരുന്നു.........

30 comments:

 1. ഡീല്‍ നടത്തുന്ന ചെകുത്താന്മാര്‍ ചുറ്റുമുണ്ട്. എത്ര ജാഗ്രത പാലിച്ചാലും ചിലപ്പോള്‍...!

  ReplyDelete
 2. വിശ്വാസത്തോടെ റോഡിലൂടെ നടക്കാന്‍ പോലും വയ്യെന്നായിരിക്കുന്നു....!

  ReplyDelete
 3. സംഭ്രമത്തോടെ,വിഹ്വലതയോടെ കഥ വായിച്ചുതീര്‍ത്തു.
  അന്നൂസിന്‍റെ എഴുത്തിന്‍റെ സ്ഥാനം ഉയര്‍ന്ന നിലയിലേക്ക്‌ എത്തിചേര്‍തില്‍ എനിക്ക് സന്തോഷമുണ്ട്.അഭിനന്ദനങ്ങള്‍......
  തുടര്‍ന്നും എഴുതുക......ആശംസകള്‍

  ReplyDelete
 4. നല്ല കഥ നല്ല ആഖ്യാനം,,,,,,,,,,,,,,,ആശംസകൾ

  ReplyDelete
 5. "കത്തിയും മുള്ളുമായി ഞാന്‍ ഹോസ്പിറ്റലില്‍ കാത്തിരിപ്പുണ്ടാകും."

  ReplyDelete
 6. മനുഷ്യർക്ക്‌ ഇങ്ങനെയും ക്രൂരനാവാൻ പറ്റുമോ..?
  കഥ ചുരുക്കിയോ എന്ന് സംശയം..,
  ആശംസകൾ

  ReplyDelete
 7. രക്ഷകനും കൊലയാളിയും ഒരേ ആള്‍ ... കഥ നന്നായിട്ടോ..

  ReplyDelete
 8. ഹൊ!! വല്ലാത്ത ഡീലുകള്‍ തന്നെ..!!!
  എല്ലാ ചെകുത്താന്‍മാര്‍ക്കു മുകളിലും ഒരു ദൈവമുണ്ടെന്ന വിശ്വാസം മാത്രേള്ളൂ... സമാധാനത്തിനായി... എല്ലാവരുടെയും കണക്കുകള്‍ തെറ്റിക്കുന്ന ഒരുവൻ.!!!

  ഉദ്വോഗത്തോടെ വായിച്ചു... ആ കഥ നിര്‍ത്തിയയിടം ഇഷ്ടമായി....
  ഞാൻ വെറുതേ വിശ്വസിക്കും..... ആ പാലത്തിനും ഗാന്ധിപ്രതിമയ്ക്കുമിടയില്‍ ഒരു അത്ഭുതം സംഭവിക്കുമെന്ന്......!!

  ReplyDelete
 9. കഥ നന്നായിട്ടുണ്ട്. വിഷയവും കൊള്ളാം.
  ചില പരാമർശങ്ങൾ കല്ല്‌ കടിയായി തോന്നുന്നുണ്ട്. നിങ്ങള്ക്കും തോന്നിയെങ്കിൽ തിരുത്തുക - ഇല്ലെങ്കിൽ വിടുക
  1) മഴനൂലുകൾ കൃത്രിമമായി പുൽത്ത ............
  2) മാറിടത്തിന്റെ കാര്യം തീര്ത്തും അനാവശ്യമാണ്. ഒരു വേല ഡോക്ടർ കുണ്ടൻ വേലനാണോ എന്ന് പോലും തോന്നി.
  3) പെണ് വസന്തം - ഇങ്ങനെ പറഞ്ഞാല അതിനു മറ്റൊരു മാനം കൈവരില്ല എന്ന് തോന്നുന്നു.
  4) ശബ്ദം താഴ്ത്തി പൊട്ടിച്ചിരിക്കുക - കുറെ ആലോചിച്ചു . പിടി കിട്ടിയില്ല.
  5) അവസാന പായാരം ഇല്ലെങ്കിലും കഥ വേണ്ട വിധത്തിൽ സംവേദനം ചെയ്യപ്പെടുന്നുണ്ട്.
  അവസാന ഭാഗം ഉഷാറായി തോന്നി. നല്ല കഥ തന്നെ! ആശംസകൾ.

  ReplyDelete
 10. കഥ വായിച്ചു. നന്നായിട്ടുണ്ട്. നന്മകള്‍.

  ReplyDelete
 11. നല്ലൊരു ആശയം,,, കഥ നന്നായി....

  ReplyDelete
 12. പുൽത്തകിടി എന്ന ചെറിയ വിവരണം കൊണ്ട് വീടും ചുറ്റുപാടും പണത്തിന്റെ ഹുങ്കും അവതരിപ്പിയ്ക്കാമായിരുന്നു, ഇത്രയും വലിച്ചു നീട്ടാതെ. കെ.കെ. യുടെ സ്വഭാവം പിന്നെ ഡോക്ടറും ആയുള്ള ബന്ധം അൽപ്പം വിശദീകരണം ആവശ്യപ്പെടുന്നു. കെ.കെ.യുടെ മാറിടത്തിലെയ്ക്ക് നോക്കിയത് എന്തിനാണെന്ന് മനസ്സിലായില്ല. അത് അവർ തമ്മിലുള്ള ബന്ധം വിശദീകരിയ്ക്കുകയാണോ?
  അവസാനം വളരെ ഭംഗിയായി. വായനക്കാരുടെ ഭാവനയ്ക്ക് വിട്ടിട്ടുള്ള കഥാ കൃത്തിന്റെ ആ വിട വാങ്ങൽ നന്നായി. മനോഹരമായ കഥ.

  ReplyDelete
 13. ഈ അടുത്ത് വായിച്ച പത്രവാര്‍ത്ത ഓര്‍മ്മവന്നു.
  നന്നായി എഴുതി.
  ശിഹാബ് മദാരിയുടെ കണ്ടെത്തലുകളോട് യോജിപ്പുണ്ട്.

  ReplyDelete
 14. nalla kathha ...... nalla avatharannavum

  ReplyDelete
 15. എത്രമാത്രം ക്രൂരമാണ് ലോകം ......വളരെ നന്നായി കഥ......ആശംസകൾ.....

  ReplyDelete
 16. കഥയുടെ തുടക്കത്തിലുള്ള വിവരണം അനാവശ്യമായി തോന്നി . കഥാതന്തു വായിക്കപ്പെടേണ്ടത് തന്നെ .ആശംസകള്‍

  ReplyDelete
 17. അവസാനം നന്നായ്..
  തുടക്കത്തിൽ ചില കടികൾ അനുഭവപ്പെട്ടു ...
  വായിക്കേണ്ടത് തന്നെ
  ആശംസകൾ

  ReplyDelete
 18. നല്ല കഥ...തുടക്ക വിവരണം ഒരു വായന സുഖം കിട്ടിയില്ല...അവസാനം ഭാഗം നന്നായി...വിഷയം നന്നായിട്ടുണ്ട്...കഥയും....ആശംസകള്‍

  ReplyDelete
 19. നല്ല കഥ,നല്ല അവതരണം.ഇഷ്ടപ്പെട്ടു

  ReplyDelete
 20. ചില കഥകൾ വായിക്കുമ്പോൾ അതിലെ സാങ്കേതികപ്പിഴവുകളോ ,അക്ഷരത്തെറ്റുകളോ ഒന്നും കണ്ണിൽപ്പതിയില്ല . കഥയുടെ ലോകം നമ്മളെ അത്രക്ക് കൂട്ടിക്കൊണ്ട്പോവും, പത്രവാർത്തകളിൽ മാത്രമല്ല ,ഒന്നുരണ്ട് വ്യക്തിപരമായ അനുഭവങ്ങളിലും ഈ കഥയിലേക്കാൾ കണ്ണിൽ ചോരയില്ലാത്ത ഡോക്ടർമാരെ എനിക്കറിയാം. അവരോടൊക്കെയുള്ള രോഷം കൊണ്ടുകൂടിയാവണം കഥയെ അത്രയേറെ ഉൾക്കൊണ്ട് വായിക്കാൻ കഴിഞ്ഞു. ആതുര ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരിൽ ബഹുഭൂരിപക്ഷവും നല്ലവരും ഹൃദയവിശുദ്ധിയുള്ളവരുമാണ്. അവരുടെയൊക്കെ സൽപ്പേര് നശിപ്പിക്കാൻ ദുരാഗ്രഹികളായ ഏതാനും ദുഷ്ടന്മാരും ഉണ്ടെന്നുള്ളത് പരമാർത്ഥമാണ്.....

  പറയാൻ ഉദ്ദേശിച്ചതെന്തോ അത് ലക്ഷ്യത്തിൽത്തന്നെ തറച്ചിരിക്കുന്നു....

  ReplyDelete
 21. കഥയുടെ ആദ്യഭാഗത്തെ വിവരണം ഹൃദ്യമായിട്ടുണ്ട്. പിന്നെ ആകാംക്ഷയോടെ വായിച്ചുതീർത്തു. എന്തെല്ലാം രീതിയിലുള്ള ക്രൂരതകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. എഴുത്ത് നന്നായിരുന്നു. ആശംസകൾ

  ReplyDelete
 22. വായിച്ചു, ഇഷ്ട്ടമായ്, ആശംസകൾ .

  ReplyDelete
 23. ചില സിനിമാകഥകള്‍ പോലെ മനസ്സില്‍ വരച്ചിട്ടു പല രംഗങ്ങളും,ശിഹാബിനെ പോലെ സൂക്ഷ്മ വായനയായിരുന്നു തുടക്കത്തില്‍ , എന്നാല്‍ പിന്നീട് കഥയുടെ ഗതി അത്തരം തെറ്റുകളെ കണ്ടെത്തുന്നതില്‍ നിന്നും അറിയാതെ തെന്നിപോയി ,അത് കഥാകാരന്‍റെ വിജയം !!.. നന്നായിരിക്കുന്നു . എല്ലായിടത്തും മാഫിയകള്‍ വാഴുന്നു . മാനുഷിക ബന്ധങ്ങള്‍ അവിടെ അന്യം !!.

  ReplyDelete
 24. ഇന്ന് നടക്കുന്ന പല തരം ഡീലുകളുടെ
  ചില കാഴ്ച്ചവട്ടങ്ങൾ തന്നെയാണിത്.. ആയത്
  നല്ലൊരു കഥയായി മനോഹരമായി ചിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

  ReplyDelete
 25. നല്ല കഥ, ആശംസകള്

  ReplyDelete
 26. ഹാസ്യത്തിൽ നിന്നും ക്രൂരതയിലേക്ക്... എല്ലാം വഴങ്ങുന്നു ട്ടോ..

  ReplyDelete
 27. കാലം വല്ലാതെ മോശമായിരിക്കുന്നു .പണ ത്തിനു് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടേതായി ലോകം മാറിയിരിക്കുന്നു

  ReplyDelete
 28. കാലം വല്ലാതെ മോശമായിരിക്കുന്നു .പണ ത്തിനു് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരുടേതായി ലോകം മാറിയിരിക്കുന്നു

  ReplyDelete