തിരക്ക് പിടിച്ച സമയവട്ടങ്ങള്‍ക്കിടയില്‍ ഇന്ന് കൈവന്ന ചെറിയ ഇടവേളയിലാണ് നാട്ടിലേക്ക് വച്ച് പിടിക്കാന്‍ പെട്ടെന്ന് ഭൂതോദയം വന്നത് തന്നെ. അത്തരം തോന്നലുകള്‍ പതിവില്ലാത്തതായിരുന്നു. യാത്രയുടെ പാതിവഴിയിൽ കടുത്ത ചൂടിനാൽ തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ ചെറിയൊരു കവലയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി.
ദാക്ഷിണ്യമില്ലാതെ വെയില്‍ ചുട്ടുപൊള്ളി നിന്നു. ഇടയ്ക്കിടെ വീശുന്ന ചൂട് പൊതിഞ്ഞ കാറ്റില്‍ പൊടിപടലങ്ങള്‍ അസ്വസ്ഥത വിതച്ചുകൊണ്ടിരുന്നു. കുറച്ചു സമയം തൊണ്ട അമര്‍ത്തിപ്പിടിച്ചങ്ങനെ നിന്നു. ദാഹം തീരുവോളം വെള്ളം കുടിക്കണം. പിന്നെ ഒരുകാപ്പി. അറിയാതെയെങ്കിലും ബാല്യകാലസുഹൃത്ത് ബേബിയുടെ കടയിലേക്കാണ് ചെന്ന് കയറിയത്. ഒരു നിയോഗം പോലെ.
‘എത്ര നാളായെടാ കണ്ടിട്ട്... നീയിവിടെയായിരുന്നോ താമസം ?.... ഞാനിതിലെ എത്രയോതവണ വണ്ടിയോടിച്ചു പോയി..’ ഞങ്ങൾ അതിരില്ലാത്ത അത്ഭുതത്തില്‍ പെട്ടു. അവനെ കെട്ടിപ്പുണര്‍ന്നപ്പോള്‍, അവന്‍ ജാള്യതയോടെ നിന്നു. കനത്ത മഴക്കാലഅറുതിയില്‍ ഒരുമിച്ചു രുചിച്ച മാമ്പഴങ്ങളുടെ മണവും ചെറുബീഡികളുടെ ചുമയ്ക്കുന്ന ഗന്ധവും... ചേറുകലര്‍ന്ന കൈത്തോട്ടിലെ കലങ്ങിമറിഞ്ഞ വെള്ളത്തിലുള്ള കുളിയും... ചെറുമീനുകളും പച്ചപായല്‍ ഇഴപിരിഞ്ഞ തോര്‍ത്തും...
കണ്ണിമയ്ക്കാതെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ നോക്കിയിരിക്കുന്നതിനിടയില്‍ അവന്‍ ചിക്കരി ചേര്‍ത്തു പൊടിച്ച ഉശിരന്‍ കാപ്പിയെടുത്ത് മുന്‍പില്‍ വച്ചു. ആഹ്ലാദച്ചുവയുള്ള സംസാരം കുറെ നേരം നീണ്ടു. രസം കലര്‍ന്ന കൊച്ചുകൊച്ചു പഴയ സംഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്കടുത്തിടാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍. അത്ഭുതത്തിന്‍റെ പുഞ്ചിരി ഞങ്ങള്‍ക്കിടയില്‍ ഏറെ നേരം രസം മുറിയാതെ തത്തി നിന്നു.