ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday, 28 December 2014

കലികാലം (പ്രതികരണം)

ഈ അടുത്ത കാലത്തുണ്ടായ ഒരു സംഭവം പറയാം. 2012-ല്‍ ആണത്. ഒരു ഓട്ടോ റിക്ഷാ തൊഴിലാളി (പയ്യനാണ്) തന്റെ ഓട്ടോയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു പെണ്‍കുട്ടിയുടെ 'വേണ്ടാത്ത' ഏതോ ഭാഗത്ത്‌ (ഈ ഭാഗം പെണ്‍കുട്ടിക്ക് വേണ്ടതാണ് കേട്ടോ) അറിയാത്ത മട്ടില്‍ സ്പര്‍ശിച്ചു. പെണ്‍കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലത്തിറങ്ങി ഓട്ടോ ചാര്‍ജ് കൊടുക്കുന്നതിനെടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

Saturday, 4 October 2014

സിന്‍ (കഥ)


കൈയ്യില്‍ ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് കയറുമായി കാലനെപോലെ അജയന്‍ നില്‍പ്പ് തുടര്‍ന്നു. ആലോചനാമഗ്നനായി തലകുമ്പിട്ടിരിക്കുന്ന രതീഷിനരുകിലേക്ക് അവന്‍ അല്‍പ്പം കൂടി ചേര്‍ന്നു നിന്നു. രതീഷ്‌ കൈവിരലുകളിലെ നഖാഗ്രങ്ങള്‍ കടിച്ചുപറിച്ച് തുപ്പിത്തെറിപ്പിക്കുന്നത്  നോക്കിനിന്ന്‍, അജയന്‍ അക്ഷമനായി.
'രതീ.....' അജയന്‍ പതിഞ്ഞ ശബ്ദത്തില്‍ വിളിച്ചു. രതീഷ്‌ തല ഉയര്‍ത്തിയില്ല. അവന്‍ കണ്ണുകളിറുക്കി അടച്ചുപിടിച്ച് അലസമായി മൂളി, അജയനോട്‌ ചേര്‍ന്ന് ചിന്തിക്കുന്നു എന്ന് വരുത്തി.

Sunday, 10 August 2014

ബ്രീസ്...... (അന്നുക്കുട്ടന്റെ ലോകം-നാല്)

അനുഭവക്കുറിപ്പ്- 4
പതിനെട്ടാം വയസ്സില്‍ കുന്തളിച്ച് നടക്കുന്ന സമയം. ഇന്നത്തെ പോലെയുള്ള നേരംപോക്കുകളോന്നുമില്ലാത്ത കാലം. നെറ്റ് ഇല്ല, ഫെയിസ്ബുക്കില്ല, യൂട്യുബില്ല, ചാറ്റിങ് ഇല്ല, വീട്ടില്‍ ടി വി ഇല്ല, എന്തിനു കരണ്ട് പോലും ഇല്ല.......(കരണ്ടും സൗകര്യങ്ങളും ഒക്കെ ഉണ്ടായിരുന്ന വീട് വിറ്റു അതൊന്നുമില്ലാതിരുന്ന വീട് എന്റപ്പന്‍ വാങ്ങിയത് KSEB യുടെ കുഴപ്പമല്ലല്ലോ...)മേല്‍ സാഹചര്യത്തില്‍ കോളേജും അത്യാവശ്യം ഫുട്ബോള്‍ കളിയുമൊക്കെയായി ജീവിത ആനന്ദതന്തുലിതമായി ഇഴഞ്ഞു നീങ്ങവെയാണ് ഈ സംഭവം.

Saturday, 26 July 2014

ബ്ലേഡ് കുഞ്ഞമ്മ (കഥ)



മഴക്കാലത്തിന്റെ ആരംഭമാണ്. ഒന്നുരണ്ടു ചാറലുകള്‍ കഴിഞ്ഞതേയുള്ളൂ. വേനല്‍ മഴയില്‍ കുതിര്‍ന്നിരുന്ന ചുവന്ന മുറ്റത്ത് അങ്ങിങ്ങായി നനുത്ത പച്ചപായലുകള്‍ തല പൊന്തിച്ചു കഴിഞ്ഞിരിക്കുന്നു. മഴക്കാലത്തിന്റെ വരവ് ആഹ്ലാദത്തോടെ വരവേല്‍ക്കുകയാവും അവ. പല നിറത്തിലുള്ള കുഞ്ഞിപ്പൂവുകള്‍ വിടരുന്ന റോസുകള്‍ കൂട്ടമായി നില്‍ക്കുന്ന മുറ്റത്തിന്റെ അങ്ങേകോണില്‍ അയാള്‍ നടുവളച്ച് കുത്തിയിരുന്നു. തേഞ്ഞു കുഴിഞ്ഞു മിനുസ്സമാര്‍ന്ന കരിങ്കല്ലിന്മേല്‍ വെളുത്ത വെള്ളാരംകല്ലുപൊടി വിതറി താളത്തില്‍ വാക്കത്തി തേച്ചു മിനുക്കിത്തുടങ്ങി.

Wednesday, 2 July 2014

സ്വീറ്റ് ഹാര്‍ട്ട് (കഥ)



അവള്‍ എനിക്ക് മുന്നില്‍ തല കുമ്പിട്ടിരുന്നു. അവളുടെ വിയര്‍പ്പ് പൊടിഞ്ഞ കൈവിരലുകള്‍ക്കുള്ളില്‍ അസ്വസ്ഥതയോടെ മൊബൈല്‍ ഫോണ്‍ വെറുതെ വട്ടം കറങ്ങി. കടലിന്റെ ഇരമ്പമായിരുന്നു, ഞങ്ങള്‍ക്കിടയിലും, മനസിലും....

Friday, 13 June 2014

ഫെയിസ്ബുക്കില്‍ സ്റ്റാറ്റസ്സിടാന്‍ എനിക്കുമറിയാം (കുറിപ്പുകള്‍)



കണ്ടും കേട്ടും ഒരു വകയായി എന്ന് പറയാതെ വയ്യ…..! ഫെയിസ്ബുക്കിലെ ഓരോ ജാടപറച്ചിലുകളെ...! രാവിലെ മുതല്‍ ലവന്മാരും ലവളുമാരും ബുക്ക് തുറന്നു വച്ചങ്ങിരിപ്പല്ലേ....’സ്റ്റാറ്റസ്’ എന്നാണ് ഈ പരിപാടിയുടെ  ഓമനപ്പേര്....പിന്നെ തുടങ്ങുകയായി.....ഞാനങ്ങിനെയാ.....ഞാനിങ്ങനെയാ.....

Thursday, 5 June 2014

പാണ്ടിക്കുറുക്കന്‍ (കഥ)



    വിളിച്ചെഴുന്നേല്പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ ‘അതിരാവിലെ’ എട്ടു മണിയോടടുത്താണ്‌ പതിവായി ഉണരാറുണ്ടായിരുന്നത്.  പെന്‍ഷന്‍ പറ്റിയതിനു ശേഷം മിക്കവാറും അങ്ങനൊക്കെയാണ്‌. എന്നിലും,താമസിക്കുന്ന  വീട്ടിലും, വീടിന്‍റെ പരിസരങ്ങളിലും ആകെയൊരു അലസത  നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. ഒരു തരം ശൂന്യത.

Saturday, 24 May 2014

സമര്‍പ്പണം (കഥ)

പുറത്ത് കൂരിരുട്ടായിരുന്നു. അലറിപ്പെയ്യുന്ന മഴ അവസാനമില്ലാതെ തുടര്‍ന്നു. ഭീകരമായ മുഴക്കത്തോടെ പാഞ്ഞു കടന്നു വന്ന കലിപൂണ്ട കാറ്റില്‍ കത്തിച്ചു വച്ച മെഴുകുതിരിവെട്ടം പിടച്ച്,പിടഞ്ഞു ചത്തു. തുറന്നു കിടക്കുന്ന വാതിലിലൂടെ ആ രൂപം മുറിക്കുള്ളിലേക്ക് കയറിയത് പെട്ടെന്നാണ്. ഇടയ്ക്കെപ്പോഴോ തനിസ്വരൂപം കാട്ടിയ മിന്നലില്‍ ആ രൂപം അല്‍പ്പം കൂടി വ്യക്തമായി.

Saturday, 10 May 2014

ഇരുഹൃദയങ്ങള്‍ (കഥ)


നിര്‍മ്മലമായ സ്നേഹം കൊണ്ടും നിസ്വാര്‍ത്ഥപൂര്‍ണമായ കര്‍മ്മങ്ങള്‍ കൊണ്ടും സ്വജീവിതം അത്യധികം പ്രകാശപൂര്‍ണമാക്കുകയും കര്‍മ്മബന്ധങ്ങളുടെ ഊഷ്മളതയാലും മനസുകളുടെ ഇഴയടുപ്പത്താലും ജീവിതത്തില്‍  തച്ചുടയ്ക്കാനാവാത്ത ഈശ്വരചൈതന്യം നിലനിര്‍ത്തുകയും ചെയ്ത ഒട്ടനവധി മഹാത്മാക്കള്‍  ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്.

Saturday, 3 May 2014

സാക്ഷരതാ യജ്ഞം (അന്നുക്കുട്ടന്റെ ലോകം-മൂന്ന്‍)

അനുഭവക്കുറിപ്പ്- 3
1989-90. പ്രീഡിഗ്രീ പഠനകാലം. കേരളാ സര്‍ക്കാരിന്‍റെ സാക്ഷരതാ യജ്ഞം പൊടിപൊടിക്കുന്ന സമയം. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച് ചരിത്രം രചിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു പത്ര താളുകള്‍ നിറയെ. എല്ലാവരും എഴുതാനും വായിക്കാനും അറിയാവുന്നവരായാല്‍ പിന്നെ എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഒരു വിലയുണ്ടാവുമോ എന്നതായിരുന്നു ആദ്യമേ ഉണ്ടായിരുന്ന സംശയം. അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക്, സ്വന്തം പേരും വീട്ടുപേരും എങ്കിലും എഴുതാനുള്ള പ്രാപ്തിയുണ്ടാക്കുക. അതാണ്‌ സാക്ഷരതാ യജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന അറിവ് അല്‍പ്പം ആശ്വാസം പകരുന്നതായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലങ്ങള്‍ കൊണ്ട് ഞങ്ങള്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ അമ്മച്ചിമാരും അച്ചാച്ചന്മാരും ഒരു മാസം കൊണ്ട് പഠിച്ചെടുക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.

Monday, 28 April 2014

വേശ്യയുടെ മകൾ (കഥ)

     പാതയോരത്തെ ചെറിയ വളവിലുള്ള കലുങ്കിനരുകിൽ, പൊന്തക്കാടിനോട്‌ ചേർന്ന്‌ ബിച്ചു സൈക്കിൾ നിർത്തി. സൈക്കിളിൽ നിന്നിറങ്ങാതെ കാലുകളൂന്നി അവൻ റീനയ്ക്കരുകിൽ തെല്ലുനേരം നിന്നു.
‘ഇവിടിരിക്കുവാണോ..? ഞാൻ എവിടെല്ലാം തിരഞ്ഞു...’ മനസിലുള്ള പരിഭവം ഒളിപ്പിച്ചുവച്ച്, അവൻ അവളോട് ചേരാൻ ശ്രമിച്ചു.
      റീന മുഖമുയർത്തിയില്ല. കൈയ്യിലുള്ള കറുത്ത ചരടിൽ കെട്ടുകൾ ഇട്ടു കൊണ്ട്‌, ബിച്ചുവിന്റെ വരവ്‌ ഇഷ്ട്ടപ്പെടാത്ത മട്ടിൽ ഇരുപ്പു തുടർന്നു. പെയ്യാൻ പോകുന്ന മഴമേഘം പോലെ അവളുടെ മുഖം കാറും കോളും കയറി ഇരുണ്ടിരുന്നു.

Monday, 21 April 2014

എന്നെ വായിക്കുന്നവരും ഞാനും (കുറിപ്പുകൾ)

‘വരികൾക്കിടയിൽ’ ബ്ളോഗ് അവലോകനത്തിൽ എന്റെ ഒരു ബ്ളോഗ് പോസ്റ്റിനേക്കുറിച്ചുള്ള കമന്റ് ചേർത്തിരിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ആഹ്ളാദകരമായ കാര്യമാണ്‌. ‘വരികൾക്കിടയിൽ’ ബ്ളോഗിന്റെ അണിയറശില്പികളായ പ്രിയ ഫൈസൽ ബാബു, പ്രദീപ്കുമാർ, സോണി എന്നിവരോടുള്ള സ്നേഹം ആദ്യമേ അറിയിക്കട്ടെ. നിസാരനായ എന്നെ പ്രോത്സാഹിപ്പിക്കുവാൻ കാണിച്ച സൗമനസ്യത്തിന്‌ എന്റെ എല്ലാ വായനക്കാരോടും ഉള്ള ആദരവ് ഇത്തരുണത്തിൽ ഞാൻ തുറന്നുകാട്ടട്ടെ...

Sunday, 6 April 2014

ദൈവത്തിന്റെ സ്വന്തം നാട് (കഥ)

         ടോമിച്ചേട്ടനു വയസ്സ് നാല്പ്പത്തിയെട്ട്.  ഇരുനിറത്തിൽ നല്ല പൊക്കമുള്ള മനുഷ്യൻ. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ഉണ്ട്. തണ്ടും തടിയും കുടവയറുമുണ്ട്. കുടുംബമഹിമയും ഒട്ടും കുറവല്ല.  പിന്നെയോ.....ആളത്ര ശരിപ്പുള്ളിയല്ലെന്നു മാത്രം. പ്രധാന കൈയ്യിലിരിപ്പ് കള്ളുകുടിയും ജാഢപറച്ചിലും ഗുണ്ടായിസവുമാണ്‌. അഹങ്കാരം കാണിക്കാൻ കിട്ടുന്ന ഒരവസരവും യാതൊരു കാരണവശാലും അങ്ങേരു പാഴാക്കാറില്ല.  കെട്ടിയോളും, പുരയും-ഹൈസ്കൂളും നിറഞ്ഞു നില്ക്കുന്ന തരുണീമണികളായ രണ്ടു പെണ്മക്കളും, ‘മോന്റെ തന്നെ അമ്മ’ എന്നാരേകൊണ്ടും പറയിപ്പിക്കുന്ന തരക്കാരിയായ  പ്രായം ചെന്ന ടോമിച്ചേട്ടന്റെ അമ്മയും അടങ്ങുന്നതാണ്‌ അങ്ങേരുടെ കുടുംബം.
    ഇനി ഡെയ്‌ലി ഇവന്റ്സ് നോക്കാം.....

Tuesday, 25 March 2014

കരിയിലകൾ വീഴാതെ... (കഥ)

     കരിയിലകൾ വീഴാതെ,കിണറിനു മുകളിൽ വലയിടണമെന്നയാൾ ഭാര്യയോട് പറഞ്ഞിരുന്നു. അന്നത്തെ മാംസദാഹം ശമിപ്പിച്ച് ഭാര്യയുടെ വിയർപ്പിൽ ഒട്ടിക്കിടക്കുമ്പോൾ അയാൾ അക്കാര്യം ചോദിക്കാൻ മറന്നില്ല.
‘കിണറിനെന്താ വലയിടാതിരുന്നത്, വനജേ........ അടുത്തിടെയായി ഒന്നിലും വേണ്ടത്ര ശ്രദ്ധ വച്ചു കാണുന്നില്ല നീ’. ഭാര്യയേ ചേർത്ത് പിടിച്ച് അവളുടെ മുടിയിഴകളിൽ അയാൾ വിരളുകളൂർത്തി.
‘ഒരാഴ്ച കഴിഞ്ഞിട്ടാൽ മതി..’ വനജ ഒരു തീരുമാനമെടുത്ത മട്ടിൽ പറഞ്ഞു.
‘അതെന്താ..? അരക്കിണർ വെള്ളമായില്ലേ...കൈവരിയില്ലാത്ത കിണറാ....വലയിട്ടില്ലെങ്കിൽ വെള്ളം ചീത്തയാവും....’
   വനജ മറുപടിയൊന്നും പറഞ്ഞില്ല. ഗോപി അല്പ്പം കൂടി വനജയേ തന്നിലേക്കടുപ്പിച്ച് അവളുടെ നെറ്റിയിൽ ഒരു നനവുള്ള ചുംബനം നല്കി.

Saturday, 15 February 2014

സ്നേഹനക്ഷത്രങ്ങൾ (കഥ)


  
       മുട്ടുകാലിൽ ഇരുന്ന്, തടിപെട്ടിയുടെ അടപ്പ് തുറന്നു വച്ച് മാത്തുക്കുട്ടി കറുത്ത പ്ളാസ്റ്റിക് ബാഗെടുക്കുന്നതു ലിസ്സി ചങ്കിടിപ്പോടെ നോക്കി നിന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും അതിൽനിന്നു ശ്രദ്ധ തിരിച്ചു നില്ക്കാൻ അവൾക്കായില്ല. ബാഗ് കൈയ്യിലെടുത്ത് സിബ്ബ് തുറക്കുന്നതിനു മുൻപ് തന്നെ അയാൾ അവിശ്വസനീയതയോടെ ലിസ്സിയുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു നിന്ന ലിസ്സി, നേരിടാനാവാതെ മുഖംവെട്ടിച്ചു. കൈകൾ കൂട്ടിത്തിരുമ്മി സർവശക്തനായ രക്ഷകനെ ഉള്ളാലെ വിളിച്ച്, നിരപരാധി ചമഞ്ഞു നില്ക്കാൻ ശ്രമിച്ച്, ഒരു പരിധി വരെ പരാജയപ്പെട്ടു നിന്നു. മാത്തു ബാഗ് തുറന്ന് നോട്ടുകെട്ടുകൾ മുഴുവൻ കൈയ്യിലെടുത്ത്,തിരിച്ചും മറിച്ചും പിടിച്ച്, അന്ധാളിപ്പോടെ ലിസ്സിയുടെ നേരെ തിരിഞ്ഞു.

Monday, 27 January 2014

സ്വാസ്ഥ്യം (കഥ)

     തളർന്നു കിടക്കുന്ന ഭാര്യയുടെ മുൻപിലേക്ക് മധു ഇന്ദുവിനെ നീക്കി നിർത്തി. ഇരുൾ പരന്ന മുറിയിൽ പുറത്തേക്കു തുറക്കുന്ന ജനാലയ്ക്ക് അഭിമുഖമായാണു ദേവിയുടെ കട്ടിൽ പ്രതിഷ്ഠിച്ചിരുന്നത്. വെളിച്ചത്തിനെതിരെ കണ്ണുകൾ ഇറുക്കി, ഇന്ദുവിന്റെ മുഖം കാണാൻ ദേവി നന്നെ പാടു പെട്ടു.
‘വീടെവിടാ...’ പ്രയാസപ്പെട്ട് ദേവി ഇന്ദുവിനോടായി ചോദിച്ചു.
‘കാണംകോട്ടുകര....നിനക്കു പരിചയം കാണില്ല...’ മധുവാണു മറുപടി പറഞ്ഞത്. അയാൾ രസിക്കാതെ നിന്നു.
‘മധുവേട്ടൻ ഒന്നു പൊയ്ക്കേ....ഞാനിവളോടൊന്നു സംസാരിക്കട്ടെ...’ ദേവി അസ്വസ്ഥതപ്പെട്ടു.

Saturday, 4 January 2014

ഇടുക്കി ഹിൽവ്യൂ പാർക്കിലേക്ക് സ്വാഗതം (ചിത്രങ്ങൾ)

ഇടുക്കിയിലെ ചെറുതോണിയിൽ നിന്ന് തൊടുപുഴ റൂട്ടിൽ 4.5 കിലോമീറ്റർ സഞ്ചരിച്ച് ഇടത്തേക്ക് തിരിഞ്ഞ് അര കിലോമീറ്റർ ദൂരത്തായി ഹിൽവ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നു.പൈനാവിൽ നിന്നു വരുമ്പോൾ ഒന്നര കിലോമീറ്റർ വരുമ്പോൾ വലത്തേക്ക് തിരിയുക. ഹിൽ വ്യൂ പാർക്കിന്റേയും ഇടുക്കി ഡാമിന്റെയും ചേതോഹരദൃശ്യങ്ങളിലേക്ക് സ്വാഗതം..! ഓണം ക്രിസ്റ്റ്മസ് സീസണുകളിൽ ഇടുക്കി ,ചെറുതോണി ഡാമുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കാറുണ്ട്. ചിത്രങ്ങൾ കാണുക. റൂട്ട് മാപ്പ് ചുവടെ ചേർക്കുന്നു.           Photography -Annus Ones Digital