പുറത്ത്
കൂരിരുട്ടായിരുന്നു. അലറിപ്പെയ്യുന്ന മഴ അവസാനമില്ലാതെ തുടര്‍ന്നു. ഭീകരമായ
മുഴക്കത്തോടെ പാഞ്ഞു കടന്നു വന്ന കലിപൂണ്ട കാറ്റില്‍ കത്തിച്ചു വച്ച
മെഴുകുതിരിവെട്ടം പിടച്ച്,പിടഞ്ഞു ചത്തു. തുറന്നു കിടക്കുന്ന വാതിലിലൂടെ ആ രൂപം
മുറിക്കുള്ളിലേക്ക് കയറിയത് പെട്ടെന്നാണ്. ഇടയ്ക്കെപ്പോഴോ തനിസ്വരൂപം കാട്ടിയ
മിന്നലില്‍ ആ രൂപം അല്‍പ്പം കൂടി വ്യക്തമായി.
‘ഹാരാത്....?
‘ ഭയചകിതയായി ഐഷുമ്മയുടെ ശബ്ദം പതറി. പെണ്മക്കള്‍ മൂവരും മഴ സമ്മാനിച്ച നേരിയ
തണുപ്പില്‍ പുതച്ചുറങ്ങുകയായിരുന്നു.
‘ദാരാന്നല്ലേ
ചോയിച്ചേ.......’ ഭയത്തിനു മേല്‍ ഐഷുമ്മയുടെ ശബ്ദമുയര്‍ന്നു.
‘ദ് ഞാനാ ഐഷൂ.........’
ഭര്‍ത്താവിന്റെ ചിരപരിചിതശബ്ദം ! അന്ന് വരെ കേട്ടിട്ടില്ലാത്തത്ര പതിഞ്ഞ്, ശക്തി
ക്ഷയിച്ചിരുന്നു.
‘ങ്ങളോ....മുണ്ടാണ്ടാണോ
കേറി ബരണേ.....ദു നല്ല കൂത്തായിരിക്കണ്...പേടിചിട്ടിപ്പം ഉശിര് പോയേനെ....നില്ല്
മെഴുകുതിരി ബയ്ക്കട്ടെ....കരണ്ട് പോയിട്ടരമണിക്കൂറായേക്കണ്...’
‘ഒച്ച ബയ്ക്കാതെ
ഐഷൂ... കുട്ട്യോളെ ഉണര്ത്തരുതേ...’ അയ്യാള്‍ കെഞ്ചി.
രക്തക്കറ
പുരണ്ട ജുബ്ബയും മുണ്ടും മെഴുകുതിരി വെട്ടത്തില്‍ കണ്ട് ഐഷുമ്മ ഞെട്ടി.
‘ഒച്ച ബയ്ക്കല്ലെടീ.....കുട്ട്യോളെ
നീ ഉണര്ത്തല്ലേ....’
നിലവിളിക്കാന്‍
തുടങ്ങിയ ഐഷുമ്മയുടെ വായ പൊത്തി അയാള്‍ വീണ്ടും കെഞ്ചി. പണ്ടെന്നോ പരിചയിച്ചറിഞ്ഞ രക്തത്തിന്‍റെ
രൂക്ഷ ഗന്ധം ഐഷുമ്മയുടെ മനസ് തളര്‍ത്തി. അവര്‍ അയാളുടെ കൈ തട്ടിമാറ്റി.
‘എന്താ
ഇങ്ങള്‍ക്ക് പറ്റീത്......എബ്ടുന്നാ ഈ ചോര മുയ്മന്‍ പറ്റിയേക്കണ്...’
അയാള്‍
ഒന്നും മിണ്ടാതെ തലയ്ക്ക് കൈകള്‍ കൊടുത്ത് കട്ടിലിലിരുന്നു.
‘പറയ്
മനുഷ്യേനെ എന്തിടങ്ങേറിലാ ങ്ങള് ചാടിയേക്കണ്...? ഐഷുമ്മ അയാളോട് ചേര്‍ന്നു നിന്നു.
‘ഞമ്മള് ഓനെ
കൊന്നു ഐഷൂ.......പാടത്ത് മഴ മുയ്മന്‍ നനഞ്ഞ് ഓന്‍റെ മയ്യത്തിപ്പോള്‍
കിടക്ക്വാകും.....ആര്‍ക്കും വേണ്ടാണ്ട്.....’
‘ആരുടെ
കാര്യാ ങ്ങളീ പറേന്നത്..?’
‘ഐഷൂ...ഇജ്ജെന്നെ
കുറ്റം പറയല്ലേ....ത്ര കാലാ ഈ പെരുത്ത കഷ്ടം സഹിക്യാ...? ഇരുപത് ബര്‍ഷം ഗള്ഫില് കിടന്ന്‍
ചോര നീരാക്കിയിട്ടു നിക്ക് മിച്ചം സമ്പാദിക്കാന്‍ പറ്റീത് ബാങ്കിലുള്ള ആ
ആറുലക്ച്ചം ഉറുപ്പികയാ...മ്മക്ക് പെണ്‍കുട്ട്യോള് മൂനല്ലേ ഐഷൂ...അവരുടെ നിക്കാഹിനു
ന്‍റെ കൈവശം ആകെയുള്ളത് ദ് മാത്രാ....കള്ളഒപ്പിട്ടു കൊടുത്ത് അതീന്ന്‍ രണ്ട്
ലക്ച്ചം രൂപയാ ആ ഹമുക്ക് എടുത്ത്
കൂട്ടുകാരുമൊത്ത് ചെലവാക്കീത്.....ചോയിച്ചപ്പോ കള്ള് ഷാപ്പിലിരുന്ന അത്രേം ആളോല്ടെ
മുന്‍പിലിട്ടു ഓന്‍ എന്നെ തച്ചു. ഒറ്റ മോനെന്നു ബച്ച് എത്ര പുന്നാരിച്ചും
ലാളിച്ചുമാണ് മ്മളവനെ ബളര്ത്തീത് .....എന്നിട്ടും ഓന്‍ ന്തേ തലതിരിഞ്ഞു
പോയത്...എബ്ടെയാ ഐഷൂ മ്മക്ക് പിഴച്ചത്...?’ അയാളുടെ കണ്ണുകളില്‍ പടര്‍ന്ന നനവിന്
ചോരയുടെ നിറമായിരുന്നു. ഐഷുമ്മ ഹൃദയം പിളര്‍ക്കുന്ന വേദനയോടെ വാടിത്തളര്‍ന്ന്‍
നിന്നു. വേച്ച് വീഴുമെന്നായപ്പോള്‍ ആശ്രയത്തിനായി അവര്‍ ശൂന്യതയില്‍ പരതി.
‘ആ ഒന്നു
പോയാലെകൊണ്ട് മൂന്നെണ്ണം രക്ച്ചപെടും...ന്‍റെ കേസ് തിരിക്കാനോ ന്നെ പുറത്തിറക്കാനോ
ഒരു നയാ പൈസാ പോലും ങ്ങള് ചിലവാക്കരുത്....ഉള്ള പൈസോണ്ട് കുട്ട്യോള്‍ടെ കാര്യങ്ങള്‍
ശേലാക്കണം....ബാപ്പയെ ഓര്‍ത്ത് കരയരുതെന്നവരോട് പറയണം....പിന്നെ ഇനി ബരണ
ആവ്സ്യങ്ങള്‍ക്ക് ഉസ്മാനെ മാത്രം ബിളിക്കുക...ഓനെ മാത്രേ അനക്ക്
ബിസ്വാസൊള്ളൂ......’
തകര്‍ത്തു
പെയ്യുന്ന മഴയിലേക്ക് ഇറങ്ങാന്‍ എഴുന്നേറ്റ്, അയാള്‍ തിരിഞ്ഞ് നിന്നു. ശാന്തമായുറങ്ങുന്ന
പെണ്മക്കളുടെ മുഖത്തേക്ക് അയാള്‍ കുറെനേരം നോക്കി നിന്നു.
‘പോട്ടേ...ഐഷൂ....’
അയാള്‍ ഭാര്യയുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി. ഐഷുമ്മയുടെ നെറ്റിയിലൂടെ അയാളുടെ ചുടുകണ്ണീര്‍
ഒലിച്ചിറങ്ങി.
‘ഇന്നന്നെ
കീയടങ്ങണം......ഇയ്യ് ബെജാറാകണ്ട ഐഷൂ....ഓന്റെ മയ്യത്ത് നനയാണ്ട് കിടത്തിയിട്ടേ ഞമ്മള് പോകൂ.....വിഷമിക്കാണ്ട് വാതിലടച്ച് കിടന്നോളീ......’
കോരിച്ചൊരിയുന്ന
മഴയിലൂടെ അയാള്‍ ഇരുട്ടില്‍ അലിഞ്ഞ് അപ്രത്യക്ഷനായി.ഐഷുമ്മ ത്രാണി നഷ്ട്ടപ്പെട്ട് തറയിലമര്‍ന്നു. നിനച്ചിരിക്കാതെ കലിയിളകി പിന്നെയുമെത്തിയ
കാറ്റില്‍ മെഴുകുതിരിവെട്ടം വീണ്ടുമണഞ്ഞു വീടാകെ ഇരുട്ടു പരന്നു. (അശുഭം)
2014 മെയ് 25 നു ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചത്.
ലിങ്ക് http://boolokam.com/archives/155923
2014 മെയ് 25 നു ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചത്.
ലിങ്ക് http://boolokam.com/archives/155923
"....എന്നിട്ടും ഓൻ എന്തേ തല തിരിഞ്ഞു പോയത്?"
ReplyDeleteഒരുപാട് മാതാപിതാക്കളുടെ ഉള്ളിൽ തട്ടിയുള്ള ചോദ്യം...
പൊന്നു കായ്ക്കുന്ന മരമായാലും പൊരയ്ക്ക് ചാഞ്ഞാല്‍ വെട്ടണം....
ReplyDeleteപുറംകാഴ്ചകള്‍ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്ന കാലം.
ReplyDeleteസുഖത്തില്‍ മാത്രം ചുറ്റിത്തിരിയുന്ന സ്വപനലോകം.
വീടാകെ ഇരുട്ടു പരന്നു............
ReplyDeleteഒന്നേയുള്ളൂ എങ്കിലും ഉലക്കകൊണ്ടടിച്ചു വളര്‍ത്തണമെന്നാ ചൊല്ല്..
നന്നായി എഴുതി.
ആശംസകള്‍
നല്ല കഥ. ആശംസകള്‍
ReplyDeleteമനസ്സ് പിടച്ചു പോയി വായിച്ചപ്പോള്‍...
ReplyDeleteഹോ... മനസ്സില്‍ കൊണ്ടു... നല്ല പോസ്റ്റ്!
ReplyDeleteകൊള്ളാം - ഒരു പിതാവിന്റെ ആർദ്രമായ മനസ്സുകൂടി കഥയിൽ സന്നിവേശിപ്പിച്ചു....
ReplyDeleteകഥ നന്നായി . . . .
ReplyDeleteനൊമ്പരപ്പെടുത്തലിനൊപ്പം . ചിന്തനീയം . . .
കൂരിരുട്ടിൽ കതകു തുറന്നിടാതെ കതകിൽ മുട്ട് കേൾപ്പിക്കുക യായിരുന്നു ഉചിതം. കൃത്യം നടത്തുന്നതിനുള്ള കാരണം അത്ര ശക്തമായി മനസ്സിൽ എത്തിയില്ല. കള്ള് ഷാപ്പിലെ അടി ഒഴിവാക്കി പാടത്ത് വച്ചുള്ള അടി കൂടൽ കൂടുതൽ നന്നാകുമായിരുന്നു. "ഓന്റെ മയ്യത്ത് നനയാതെ കിടത്തിയിട്ടെ ഞമ്മൾ പോകൂ" വളരെ സ്പർശി ആയി.
ReplyDeleteഇത്രയും ആർദ്രമായ മനസ്സുള്ള വാപ്പ എങ്ങിനെ ആ ക്രൂര കൃത്യം ചെയ്തു?
ആ മനുഷ്യൻറെ മനോ വിഭ്രാന്തി ആണ് ഇതെല്ലാം. പാടത്ത് കിടക്കുന്ന ദേഹവും ജുബ്ബയിൽ പുരണ്ട രക്തവും. എല്ലാം ഒരു ഫാന്റസി
അടിപൊളി എഴുത്ത്.. പെരുത്തിഷ്ടായി....
ReplyDeleteവളച്ചുകെട്ടാതെ നേരെചൊവ്വേ കഥ പറഞ്ഞു .കലികാലം സമാനമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ നാം കാണുന്നു കേള്‍ക്കുന്നു .സ്വന്തം പിതാവിനാല്‍ മകനും ,സ്വന്തം മകനാല്‍ പിതാവും കൊലപാതകത്തിന് ഇരയാവുന്നത് നമ്മുടെ രാജ്യത്ത് വിരളമല്ല .ഇങ്ങനെയൊന്നും ഉണ്ടാവാതെയിരിക്കട്ടെ കഥകള്‍ മാത്രമായി അവശേഷിക്കട്ടെ .ആശംസകള്‍
ReplyDeleteആറ്റികുറുക്കി അല്പം പോലും പതിരില്ലാതെ എഴുതിയ നല്ല കഥ. എഴുത്തിന്‍റെ ഗ്രാഫ് ഇനിയും മുന്നോട്ടു പോവട്ടെ !! ... അക്ഷരങ്ങളുടെ വലിപ്പം അല്‍പ്പം കൂടി കൂട്ടിയാല്‍ വായനാസുഖം കൂടും,ആശംസകള്‍.
ReplyDelete"ഓന്റെ മയ്യത്ത് നനയാതെ കിടത്തിയിട്ടെ ഞമ്മള് പോകൂ...." കഥയിലെ ഈ വരി വല്ലാതെ പിടിച്ചുലച്ചു അന്നൂസ് :( കഥ ഇഷ്ടപ്പെട്ടുട്ടോ...
ReplyDeleteനന്നായി എഴുതി..
ReplyDeleteആശംസകൾ !
കഥ ഇഷ്ടപ്പെട്ടു...
ReplyDeleteനല്ല കഥ. നല്ല ഒതുക്കം. അനാവശ്യമായി ഒറ്റ വരി പോലുമില്ല. ഐശുമ്മയെ ചിത്രീകരിച്ചതിൽ മാത്രം അല്പം പിഴവു പറ്റിയോ എന്നൊരു സംശയം. കൊല്ലപ്പെട്ടത് സ്വന്തം മകനാണെന്നറിയുന്ന ഒരമ്മയുടെ പ്രതികരണം ഇതുപോലെയാവുമോ ?
ReplyDeleteമകന്‍ പണ്ടേ പാഴായിരുന്നിരിക്കാം അല്ലെ? അല്ലാതെ ചിന്തിക്കാന്‍ ആകുന്നില്ല അന്നൂസ്
ReplyDelete:(.
എല്ലാരും എഴുതിയ ആ വരി ശരിക്കും സ്പര്‍ശിച്ചു... ഇനിയും നല്ല കഥകള്‍ വരട്ടെ... (ഇ മഷിയ്ക് അയക്കാന്‍ മറക്കണ്ട ) ;)
മകനെ ആയിരിക്കും കൊന്നതെന്നു മനസ്സിലായപ്പോള്‍ വല്ലാത്ത ഞെട്ടല്‍, അമ്മമാര്‍ നൊന്തു പ്രസവിച്ചവരല്ലേ, ഇതിലും വല്ലാത്ത രീതിയിലാകില്ല്യേ അവര്‍ പ്രതികരിക്കുക..ഒരമ്മയുടെ സംശയാട്ടോ..കഥ വളരെ വളരെ നന്നായെഴുതി..
ReplyDeleteനല്ല കഥ എന്നു പറയണമെന്നുണ്ട്. കാറ്റിൽ ഇരുട്ടിൽ ഭീതിയിൽ വെറുങ്ങലിച്ച ആ വീടുനോക്കി ഞാനെങ്ങിനെ അതുപറയും.
ReplyDeleteഎത്താൻ അല്പംവൈകി അന്നൂസ്.
ReplyDeleteകഥ നിരാശപെടുത്തിയില്ല. അവതരിപ്പിക്കാൻ വളരെ പ്രയാസമുള്ള ഒരു കഥാതന്തു മനോഹരമായി അവതരിപ്പിച്ചു. ഒരു തടസ്സവുമില്ലാത്ത ഒഴുക്കിൽ.
ആശംസകൾ..
ദുഃഖം ഖനീഭവിപ്പിചു നിർത്തുവാൻ കഥയ്ക്ക് ആയി ഒരു ഫ്ളാഷ് ബാക്കോ ഒരു നാളെയോ കഥ ബാക്കി വയ്ക്കുന്നില്ല എന്നുള്ളത് കഥയ്ക്ക് ഒരു പുതിയ ഫീൽ തന്നെ നല്കി. കാച്ചി കുറിക്കി ഈ നനയാതെ വച്ച മയ്യത്തിന്റെ ഒറ്റ വരി മതി കഥയ്ക്ക് ഉപ്പിനും പുളിക്കും എരിവിനും മനോഹരം
ReplyDeleteഇപോഴാ കണ്ടത് ,,നന്നായിട്ടുണ്ട് കഥ
ReplyDeleteവലിയ വാക്കുകളാൽ കഥയുടെ കൊട്ടാരം മെനയുന്നവരുടെ കൂട്ടത്തിൽ നിന്ന് വ്യത്യസ്തമായി എഴുതിയിരിക്കുന്നു ..ചുരുക്കം വാക്കുകൾ കൊണ്ട് കഥാന്തരീക്ഷവും കഥാപാത്രങ്ങളും വായനക്കാരന് മുന്നിൽ ഒരു സിനിമയെന്ന പോലെ തെളിയുന്നു. ഇടി മിന്നൽ വെളിച്ചത്തിൽ ഇരുട്ടിലെ ഒരു ചിത്രം ദൃശ്യമാകുന്നത് എങ്ങിനെയോ അത് പോലെ പെട്ടെന്ന് മനസ്സിലേക്ക് ഈ കഥയും ചേക്കേറുന്നു. ഇത് കഥയായി മാത്രം കാണാനുമാകുന്നില്ല പക്ഷേ ..
ReplyDeleteഎഴുത്ത് തുടരുക ...അഭിനന്ദനങ്ങൾ
http://annus0nes.blogspot.in/2014/05/samarppanam-story.html
ഇത്തരക്കാരെയൊക്കെ വളർത്തി വലുതാക്കിയതു കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഇനിയുള്ള മൂന്നു പെണ്മക്കളുടെ ഭാവിക്കായി ആ അരുംകൊല ചെയ്യേണ്ടി വന്നതെങ്കിലും, വഴിപിഴച്ച മകനെ നേർവഴി നടത്താനുള്ള ശ്രമങ്ങളൊന്നും കാണാഞ്ഞത് ഒരു പോരായ്മയായി തോന്നുന്നു.
ReplyDeleteഅവസാനവഴിയായി മാത്രം ഈ അരുംകൊലയെ ന്യായീകരിക്കാമെങ്കിലും പെണ്മക്കളുടെ ഭാവി, ഒരു കൊലപാതകിയുടെ മക്കൾ എന്ന ദുഷ്പ്പേരിൽ നല്ല ബന്ധങ്ങൾ അവർക്ക് കിട്ടുമോ. ഇക്കാലത്ത് ഇത്തരക്കാരെ സ്വന്തം ഗ്യാങ്ങിനെക്കൊണ്ടു തന്നെ എരിച്ചടക്കി കഥ അവസാനിപ്പിക്കാമായിരുന്നു.
(എന്റെ ചിന്ത കാടു കയറിയത് ക്ഷമിക്കുക.)
ആശംസകൾ...
വേദനയാണ് ഈ കഥ സമ്മാനിക്കുന്നതെങ്കിലും നന്നായി പറയാന്‍ കഴിഞ്ഞു. ആശംസകള്‍.....
ReplyDeleteചുരുങ്ങിയ വാക്കുകളിൽ ഒരു അസുരവിത്തിനെ വിളയിച്ചു, കൊയ്തു!!
ReplyDeleteലളിതം ആയ എഴുത്ത് ..
ReplyDeleteവീണ്ടും എഴുതുക...
ആശംസകൾ
കുരുത്തം കെട്ടവരെ ആസ്പദമാക്കി - വളരെ ലളിതമായി ,
ReplyDeleteആ ഇമ്മിണി വലിയ ഒരു കാര്യം കുറച്ച് വാക്കുകലിൽ കൂടി
അവതരിപ്പിച്ചതാണ് ഈ കഥയുടെ മഹിമ കേട്ടൊ അന്നൂസ്
ചുരുങ്ങിയ വാക്കുകളാല്‍ മെനഞ്ഞ നല്ലൊരു കഥ.
ReplyDeleteവളച്ചുകെട്ടലുകള്‍ ഇല്ലാതെ നേര്‍രേഖയില്‍ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് വായന സുഗമമാക്കുന്നു.
നന്നായിട്ടുണ്ട്. അന്നൂസ്. ആശംസകള്‍.
ReplyDeleteനന്നായി എഴുതി. അനിവാര്യമായ ചില സാഹചര്യങ്ങളാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ കാരണമെന്നത് സത്യം തന്നെ
ReplyDeleteValare manoharam...aksharangal kondu manassine vedhanippichu..chilathu padippichu thannu..great work...
ReplyDeleteചെറുകഥ കൊള്ളാം.
ReplyDeleteനല്ല കഥ . ഓന്‍ തല തിരിഞ്ഞവാന്‍ ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ . മകന്‍റെ ശരീരത്തിലേക്ക് കൊലകത്തി ആഴ്നിറക്കുമ്പോള്‍ അല്പം പോലും കൈ വിറക്കാത്ത അതും തന്‍റെ ശരീരവും ചോരയുമാണ് എന്ന് തിരിച്ചറിയാത്ത ഒരു പിതാവില്‍ നിന്നും ഇങ്ങെനെ ഒരു പുത്രന്‍ ഉണ്ടായി യില്ലെങ്കി ലേ അത്ഭുതം ഉള്ളൂ ........
ReplyDeleteനല്ല കഥയാണല്ലോ.ഇപ്പോഴാണ് ഇത് കാണുന്നത് .ആശംസകള്‍
ReplyDeleteഅതൊരു visual treat ആയിരുന്നു.. വാക്കുകളിലൂടെ ചിത്രം വരച്ച പ്രിയ കഥാകാരന് ആശംസകൾ..
ReplyDeleteലളിതമായ് പറഞ്ഞ ഒരു വലിയ വാസ്തവം.
ReplyDeleteപിതൃസ്നേഹം മോന്റെ മയ്യത്തിനോടും കാനിക്കുന്ന വാക്കുകൾ അവസാനം എഴുതിയിരിക്കുന്നത് ബോധപൂർവം തന്നെ എന്ന് വിശ്വസിക്കട്ടെ.“ഓന്റെ മയ്യത്ത് മഴനനയാതെ മൂടിയിട്ടേ പോവൂ” എന്നത്.
ആശംസകൾ.
വളരെ ഒതുക്കത്തിൽ പറഞ്ഞതാണു ഹൈലൈറ്റ്.നന്നയി
ReplyDeleteഇഷ്ടപെട്ടു.