ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday, 6 April 2014

ദൈവത്തിന്റെ സ്വന്തം നാട് (കഥ)

         ടോമിച്ചേട്ടനു വയസ്സ് നാല്പ്പത്തിയെട്ട്.  ഇരുനിറത്തിൽ നല്ല പൊക്കമുള്ള മനുഷ്യൻ. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ഉണ്ട്. തണ്ടും തടിയും കുടവയറുമുണ്ട്. കുടുംബമഹിമയും ഒട്ടും കുറവല്ല.  പിന്നെയോ.....ആളത്ര ശരിപ്പുള്ളിയല്ലെന്നു മാത്രം. പ്രധാന കൈയ്യിലിരിപ്പ് കള്ളുകുടിയും ജാഢപറച്ചിലും ഗുണ്ടായിസവുമാണ്‌. അഹങ്കാരം കാണിക്കാൻ കിട്ടുന്ന ഒരവസരവും യാതൊരു കാരണവശാലും അങ്ങേരു പാഴാക്കാറില്ല.  കെട്ടിയോളും, പുരയും-ഹൈസ്കൂളും നിറഞ്ഞു നില്ക്കുന്ന തരുണീമണികളായ രണ്ടു പെണ്മക്കളും, ‘മോന്റെ തന്നെ അമ്മ’ എന്നാരേകൊണ്ടും പറയിപ്പിക്കുന്ന തരക്കാരിയായ  പ്രായം ചെന്ന ടോമിച്ചേട്ടന്റെ അമ്മയും അടങ്ങുന്നതാണ്‌ അങ്ങേരുടെ കുടുംബം.
    ഇനി ഡെയ്‌ലി ഇവന്റ്സ് നോക്കാം.....

പുലർച്ചെ ഉണർന്നാൽ,ചിരിച്ചു കാണിച്ചില്ലെന്നോ, കാപ്പിക്കു മധുരം കുറഞ്ഞു പോയെന്നോ, തലമുടി കെട്ടിവച്ചില്ലെന്നോ എന്നിങ്ങനെ എന്തെങ്കിലും കാരണം പറഞ്ഞ് കെട്ടിയോൾക്കിട്ട്  നാലു തൊഴി ദിവസവും ഉറപ്പ്....
‘എന്നാ കാണാൻ കുത്തിയിരിക്കുവാ...കെട്ടിയെടുത്തു കൂടെ’ എന്നു ചോദിച്ച് പെറ്റതള്ളയോടുള്ള സ്നേഹം കാണിക്കാൻ ഒരിക്കലും മറക്കാറില്ല....
‘എഴുന്നേറ്റു മുറ്റമടിക്കെടി..’ അല്ലെങ്കിൽ ‘വാഴയ്ക്കു വെള്ളം കോരെടീ..’ എന്നോ മറ്റോ ഉപദേശം കൊടുത്ത്  രണ്ടു പെണ്മക്കളേയും ഗദ പോലത്തെ കൈ കൊണ്ടോ, ഇരുമ്പുലക്ക പോലത്തെ കാലു കൊണ്ടോ ഉറക്കമുണരുന്നതിനു  മുൻപേതന്നെ കാര്യായിട്ട് തലോടും.‘ മൂക്കു മുട്ടെ തിന്നണ്ടതല്ലെ...‘ എന്ന പൊതു ന്യായീകരണവും അടിക്കുറുപ്പായുണ്ടാകും. കരഞ്ഞുകൊണ്ടെഴുനേല്ക്കാത്ത ദിവസങ്ങൾ അവരുടെ ജീവിതത്തിൽ കുറേക്കാലമായി ഇല്ലെന്നു തന്നെ പറയാം. കുടുംബപുരാണം പറഞ്ഞു പോയാൽ തീരില്ലാത്തതുകൊണ്ട് തല്ക്കാലം ഇവിടെ നിർത്താം.
     ഇനി പടപ്പുറപ്പാടിലേക്ക് കടക്കാം.
പല്ലു തേയ്ക്കില്ല. കുളിക്കില്ല...
കെട്ടിയോൾ അലക്കി തേച്ചു മടക്കി വച്ച ലിനന്റെ ഷർട്ടും,സില്ക്ക് കരയുള്ള മുണ്ടും ധരിച്ചൊരുങ്ങുകയായി.  മരണപ്പെട്ടു പോയ തന്തയായിട്ട് പണിതുണ്ടാക്കി വച്ചതിൽ അവശേഷിക്കുന്നതിന്റെ ഒരു വീതം അലമാരി തുറന്നെടുത്ത് പോക്കറ്റിൽ നിറയ്ക്കും. പിന്നെ ഉദ്ധതനായി ചുണ്ടിലൊരു ചെറുചിരി ഫിറ്റ് ചെയ്ത്, വയറാദ്യം ടോമിച്ചേട്ടൻ പിൻപേ എന്ന മട്ടിൽ കവലയിലേക്ക് വച്ചു പിടിക്കും. തണുപ്പു കാരണം ചുരുണ്ടു കിടന്നുറങ്ങുന്ന ജിമ്മിപ്പട്ടിക്ക് ഒരു തൊഴി പുലർകാലസമ്മാനമായി കൊടുക്കാൻ അദ്ദേഹം ഇന്നേ വരേ മറന്നിട്ടില്ല.
     കവലയിലെത്തിയാൽ കാത്തിരിക്കുകയായി,പ്രിയ സ്നേഹിതൻ അച്ചു.
’ടോമിച്ചായാ.....‘ നീട്ടി വിളിച്ച് അച്ചു തന്റെ ’മുതലാളിയെ‘ വരവേല്ക്കും. കാരണം അച്ചായന്റെ എല്ലാവിധ ’വിക്രിയ‘കളുടേയും സഹായിയും ’ഏലാ....‘(ഹൊയ്‌ലസ്സാ.....)വയ്പ്പുകാരനുമാണ്‌ അച്ചു. അച്ചുവിന്റെ സ്പോൺസറാകട്ടെ, നമ്മുടെ ടോമിച്ചേട്ടനും...! പാലമിട്ട് അങ്ങോടും ഇങ്ങോടും പോകുന്നവർ.
     ഇരുവരുടേയും എഴുന്നെള്ളത്തിനായി കാത്തിരിക്കുന്ന മറ്റൊരു പ്രധാന വ്യക്തിയാണ്‌  ‘മൂലവെട്ടി’ ശിവൻചേട്ടൻ. ടൗണിൽ നിന്നു വാങ്ങിക്കൊണ്ടുവരുന്ന ലിറ്ററുകണക്കിനു മദ്യം ചില്ലറയാക്കി ആവശ്യക്കാരന്റെ അണ്ണാക്കിലേക്ക് ഇറ്റിച്ചു കൊടുക്കുകയാണ്‌ ശിവൻചേട്ടനിൽ നിക്ഷിപ്തമായിരിക്കുന്ന പ്രധാന കർത്തവ്യം. അദ്ദേഹത്തിന്റെ തൃക്കൈ കൊണ്ടൊഴിച്ചു കൊടുക്കുമ്പോൾ ഉരുപ്പടിയുടെ പേർ ‘ശിവതൈലം’ എന്നായി മാറുന്നു. ആറു മണിക്കുതന്നെ പതിവുകാർ ശിവതാവളത്തിൽ ഹാജർ വച്ച്, ഓരോ ഗ്ളാസ് ‘ശിവതൈലം’ അടിച്ചു കൊണ്ട് ആരംഭിക്കുകയായി,അന്നന്നത്തെ ഓണക്കളികൾ...
ഇത്രയും പശ്ചാത്തലം.....
ഇനി സംഭവത്തിലേക്ക്...
അന്ന് 2011 ആഗസ്റ്റ് മാസം പത്താം തീയതി.
ചൂളംകരഗ്രാമം മേല്പ്പടി തീയതിയിലെ പ്രവർത്തങ്ങൾക്കായി അപ്ഡേറ്റ് ചെയ്ത് റിഫ്രഷായി നിന്നു.
ടോമിച്ചേട്ടൻ രാവിലെ ഉടുത്തൊരുങ്ങി തന്തയായിട്ട് ഉണ്ടാക്കിവച്ചതിന്റെ വീതം തപ്പിയപ്പോൾ അലമാരയുടെ ഡ്രോ ശൂന്യം.
‘ലില്ലിക്കുട്ടിയേ...അലമാരയിലിരുന്ന പൈസ എടുത്തോടീ...? ’
‘അതിനു വല്ലോം മിച്ചമുണ്ടെങ്കിലല്ലെ എടുക്കാൻ പറ്റത്തൊള്ളൂ....ഇതിയാൻ മൊത്തം കൊണ്ടോയി കുടിച്ചു തൊലയുവല്ലേ...!’ കെട്ടിയോൾ തർക്കുത്തരം പറഞ്ഞു.
‘പിന്നെ നിന്റെ തന്തയാണോടീ അല്മാരിയിൽ കൈയ്യിട്ടത്......’   ഡിം..ഡും...ഡം... പതിവായി വൈകിട്ട് കിട്ടുന്നത് അതിരാവിലെ തന്നെ ഇരന്നു വാങ്ങിയപ്പോൾ കെട്ടിയോൾക്ക് സമാധാനം. ഉടൻ തന്നെ ടോമിച്ചേട്ടൻ മൊബൈൽ ഫോൺ കുത്തിപ്പറിച്ചു. അങ്ങേത്തലയ്ക്കൽ ആശ്രിതൻ റെഡി.
‘ഡാ.അച്ചുവേ, കയ്യീ പൈസ്സാ വല്ലതും ഉണ്ടോഡാ....’
‘എന്റെ കൈയ്യിൽ എവിടുന്നാ അച്ചായാ...ഞാൻ അച്ചായനെ നോക്കി കവലേൽ വായുമ്പൊളിച്ച് നില്ക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി...എവിടാ...?’
‘കാശൊന്നും ഇല്ലല്ലോടാ...രാവിലേ എങ്ങനാ..?’ ടോമി പരിതപിച്ചു.
‘അച്ചായൻ ഇങ്ങോട്ടുവാ...ഇന്നത്തേക്ക് കടം പറയാം.’
മനസില്ലാമനസോടെ എഗ്രീ ചെയ്ത് ടോമിചേട്ടൻ അന്ന് വീടിന്റെ പടികളിറങ്ങി. ജിമ്മിപ്പട്ടിക്ക് പുലർകാലസമ്മാനം ഒന്നാക്കിയില്ല. ഇരട്ടിപ്പിച്ചു ! ഇരിക്കട്ടെ ഒരെണ്ണം കൂടുതൽ..! പട്ടിയുടെ പ്രാണൻ പിടയുന്ന നിലവിളി കേട്ട് പെൺപിള്ളേർ രണ്ടും ഞെട്ടിയുണർന്ന് ഊരുവാരിപ്പിടിച്ച് വാഴത്തോട്ടത്തിലേക്കോടി, തകൃതിയായി കൃഷിയിടം നനച്ചു.
അഹങ്കാരത്തിനും ജാഡയ്ക്കും ഒരു ദിവസത്തെ അവധി കൊടുത്ത് മുതലാളിയും ആശ്രിതനും അന്നാദ്യമായി ശിവൻ ചേട്ടന്റെ മുൻപിൽ ഓച്ഛാനിച്ച് നിന്നു.
‘അയ്യോ..ഇതെന്നാ ടോമിച്ചേട്ടാ ഈ പറയുന്നത്..കടം തരാനൊന്നും പറ്റത്തില്ല...അരീം പച്ചക്കറീം ഒന്നുമല്ലല്ലോ...പോയി വേറേ വല്ല പണീം നോക്ക്...അല്ലപിന്നെ..’ ശിവൻ കഴിഞ്ഞതെല്ലാം മറന്ന് ശാസ്ത്രീയമായി പണികൊടുത്തു. ‘മൂലവെട്ടി’ശിവന്റെ മറുപടി കേട്ട് ടോമിച്ചേട്ടനും ശിങ്കിടിയും അന്ധാളിച്ചു നിന്നു. ആത്മാഭിമാനം മുറിപ്പെട്ട് ഇരുവരും ശിവതാവളത്തിൽ നിന്നും റോഡിൽ ചാടി ഒന്നുമറിയാത്തതു പോലെ കുറേനേരം നിന്നു.
‘ആ  @@##%#@  മോൻ എന്താ ടോമിച്ചേട്ടാ അങ്ങനെ പറഞ്ഞത്.. ഒന്നുമല്ലെങ്കിലും ആ പട്ടീടെ മോന്‌ എല്ലാ ദിവസവും കൈനീട്ടം കൊടുക്കുന്നത് നമ്മളല്ലേ...അതെങ്കിലും ആ നാറി ഓർക്കേണ്ടതല്ലാരുന്നോ...ടോമിച്ചേട്ടൻ അവനോടു രണ്ട് വാക്ക് പറയാതിരുന്നത് ശരിയായില്ല....’
  ടോമിച്ചേട്ടൻ തന്റെ ചൂണ്ടു വിരളുയർത്തി അച്ചുവിന്റെ വാപൊത്തി,വിങ്ങുന്ന ഹൃദയം അടക്കി,നിറകണ്ണുകളോടെ വീട്ടിലേക്ക് മടങ്ങി. ‘പച്ചക്ക് ’ മടങ്ങി വന്ന ഭർത്താവിനെ കണ്ട് കെട്ടിയോളും കുട്ടികളും മലർന്നു പറക്കുന്ന കാക്കയേകണ്ടതുപോലെ ഞെട്ടിത്തരിച്ചു നിന്നു. നനയ്ക്കൽ മതിയാക്കി സ്കൂളിൽ പോകാൻ തയ്യാറെടുത്തുകൊണ്ടിരുന്ന പെൺകുട്ടികൾ വീണ്ടും കുടവുമെടുത്ത് വാഴത്തോട്ടത്തിലേക്കോടി. ‘ഇനിയെന്ത്’ എന്ന് ഉത്തരം കിട്ടാത്ത ചോദ്യം മനസ്സിലിട്ട് നീറ്റി കെട്ടിയോൾ അടുക്കളയിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്നു.
   അന്നു മുഴുവൻ ദു:ഖിതനായി ടോമിച്ചേട്ടൻ കട്ടിലിൽ അഭയം പ്രാപിച്ചു.
‘പനിയാണോ.. ടോമിച്ചായാ....?’ കെട്ടിയോൾ ഒന്നര കിലോമീറ്റർ അകലെ മാറി നിന്നു തിരക്കി. അയാൾ മറുപടി പറഞ്ഞില്ല.
ഓരോ അരമണിക്കൂർ ഇടവിട്ട് കെട്ടിയോൾ നല്ലൊന്നാംതരം ചുക്കുകാപ്പി കൊണ്ടു പോയി  കെട്ടിയോനു കൊടുത്തു കൊണ്ടിരുന്നു. മധുരത്തിനു കുറ്റം പറയാതെ അയാൾ അതു വാങ്ങി ഓരോതവണയും മോന്തി.
‘നീയെന്നാടാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ...നിന്റെ കെട്ടിയോളു ചത്തു പോയോടാ....’ പെറ്റതള്ള കിട്ടിയ അവസരത്തിൽ ശവത്തിൽ കുത്തി.
‘ബ്ഭാ..പോ തള്ളേ.....’ അയാൾ പെറ്റതള്ളയെ ആട്ടി.
2011 ആഗസ്റ്റ് 11
അന്നു രാവിലെ കവലയിലേക്ക് വന്നത് പുതിയൊരു   ടോമിച്ചേട്ടനായിരുന്നു. അച്ചു കഥയറിയാതെ അയാളെ പൂർവാധികം ശക്തിയായി വരവേറ്റു.
‘ഞാൻ കുടി നിർത്തി...’ ടോമിച്ചേട്ടന്റെ ആ പ്രഖ്യാപനം കേട്ട് അച്ചു മാത്രമല്ല കവല ഒന്നടങ്കം ഞെട്ടി. ആൾക്കാരുടെ ഞെട്ടൽ മാറാൻ കാത്തു നില്ക്കാതെ ടോമിച്ചേട്ടൻ വണ്ടി കയ്യറി ടൗണിലേക്ക് പോയി.
മടങ്ങി വന്നശേഷം  ടോമിച്ചേട്ടൻ പുതിയൊരവതാരം പൂണ്ടു. മാന്യതയുടെ പരിവേഷത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ടോമിച്ചേട്ടനേകണ്ടു നാട്ടുകാർക്ക് അത്ഭുതമായി. തിരക്കു പിടിച്ച് പാഞ്ഞു നടക്കുന്ന അയാളെ കാര്യമറിയാതെ ,കൗതുകത്തോടെ നാട്ടുകാർ നോക്കി നിന്നു.
അച്ചുവിനേകൊണ്ടു കുടി നിർത്തിപ്പിക്കുകയാണ്‌ അയാൾ ആദ്യം ചെയ്തത്. അതുകൊണ്ട് തീർന്നില്ല. പിറ്റേന്ന് പ്രത്യക്ഷപ്പെട്ട കൈയ്യെഴുത്ത് പോസ്റ്ററുകൾ കണ്ട് കവലക്കാർ വീണ്ടും വീണ്ടും ഞെട്ടി.
2011 ലെ സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ചൂളംകര ഗ്രാമം മദ്യവർജിത ഗ്രാമമായി പ്രഖ്യാപിക്കുന്നു. ഉദ്ഘാടനം ബഹു വാർഡ് മെമ്പർ റോസിലി ഫ്രാൻസിസ്..ആശംസ മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് ടോമി വർക്കി കരിങ്കുളത്തിൽ...അതായത് നമ്മുടെ സാക്ഷാൽ ടോമിച്ചേട്ടൻ..!!
   വാർത്താ നാടാകെ പ്രചരിച്ചു.
‘ഹൊ...ഹ്ഹ...ഹ്ഹ്ഹാ...ആര്‌ നമ്മടേ ടോമിച്ചേട്ടനോ....നല്ല കൂത്തായി....’ ശിവൻചേട്ടൻ ആർത്തട്ടഹസിച്ചു ചിരിച്ചു.
‘എന്നാലും ഈ മാറ്റം ഭയങ്കരം തന്നെ....’ കുടി നിർത്താൻ പറ്റാതെ വിഷമിച്ചവർ പരസ്പരം അത്ഭുതം കൂറി. തങ്ങളും കുടി നിർത്തേണ്ടി വരുമോ എന്നാശങ്കപ്പെട്ട് വിഷാദരോഗികളായി, പതിവിലേറെ ശിവതൈലത്തെ പുല്കി, ആശ്വാസം കണ്ടെത്തി.
    2011 ആഗസ്റ്റ് 15. ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യ ദിനം വന്നെത്തി. അതുവരെയില്ലാത്ത ആഘോഷങ്ങൾക്കായിരുന്നു ചൂളംകര ഗ്രാമം അന്നു സാക്ഷ്യം വഹിച്ചത്. അതിരാവിലെ തന്നെ പ്രസിഡന്റ് ടോമി കരിങ്കുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോസിലി മെമ്പർ പതാക ഉയർത്തുകയും, മദ്യവിരുദ്ധസമിതിയുടെ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. ടി സമിതിയുടേ രൂപീകരണത്തിനു കാരണഭൂതനായ ശ്രീ ടോമി കരിങ്കുളത്തിനെ പൊന്നാട അണിയിച്ച് അനുമോദിക്കാനും വാർഡ് മെമ്പർ മറന്നില്ല.
         ഈ മാമാങ്കം കവലയിൽ അരങ്ങേറുമ്പോൾ തെല്ലുമാറി ശിവൻചേട്ടന്റെ ‘തൈലം’ ആവശ്യക്കരുടേ അണ്ണാക്കിലേക്ക് ഒഴുകികൊണ്ടേയിരുന്നു...
‘കേട്ടോ ശിവൻ ചേട്ടാ...മദ്യവിരുദ്ധ സമിതിയൊക്കെയായി...ഇനി അല്പ്പം സൂക്ഷിക്കുന്നതു നല്ലതാ...‘ ഒരു അനുഭവസമ്പന്നനായ കസ്റ്റമർ ശിവൻ ചേട്ടനെ ഓർമ്മിപ്പിക്കാതിരുന്നില്ല.
‘ ഓ പിന്നെ....ടോമിച്ചേട്ടൻ എന്നാ ഒലത്താനാ..ഓന്തോടിയാൽ വേലിക്കൽ വരേ.....’ പറഞ്ഞു നാക്ക് വായിലിടുനതിനു മുൻപേ ശിവൻചേട്ടന്റെ കടയുടെ മുൻപിലേക്ക് പോലീസ് ജീപ്പ് മൂളിപ്പറന്നെത്തി സഡൻബ്രേക്ക് ഇട്ടു. ചാടി ഇറങ്ങിയ പോലീസ്കാർക്കിടയിലൂടെ, ശിവൻ ചേട്ടനെ തള്ളിതാഴെയിട്ടുകൊണ്ട് കസ്റ്റമേർസ് ഇറങ്ങി ചിതറിയോടി. ഓടുന്നവർ ഒക്കെ ഓടട്ടെ...ഞങ്ങൾക്ക് വേണ്ടത് നിന്നെയാണ്‌ എന്നമട്ടിൽ പോലീസുകാർ ശിവൻചേട്ടനെ തിരഞ്ഞു പിടിച്ച് പൊക്കിയെടുത്ത് ജീപ്പിലേക്ക് തള്ളി. മദ്യവിരുദ്ധ സമിതി പ്രസിഡണ്ട് ടോമി കരിങ്കുളത്തിന്റെ നേതൃത്വത്തിൽ എത്തിയ ഒരു കൂട്ടം ‘പൊതുപ്രവർത്തകർ’ കടയിൽ നിന്ന് കണ്ടെത്തിയ എട്ടു ലിറ്ററോളം വരുന്ന അനധികൃത വിദേശമദ്യത്തിൽ പകുതിയോളം പോലീസുകാർക്ക് തൊണ്ടിയായി വിട്ടു കൊടുത്ത് ബാക്കി പകുതി റോഡിലൊഴുക്കി മാതൃകാപ്രതിക്ഷേധം അറിയിച്ചു. അനധികൃതമദ്യ വില്പ്പനക്കാരനുമായി ജീപ്പ് പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചു പാഞ്ഞപ്പോൾ പൊതുപ്രവർത്തകരുടെ ആഹ്ളാദം അതിരു കവിഞ്ഞു....! പുതു മുദ്രാവാക്യങ്ങളാൽ അവർ  അറുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ അടിത്തറയേ താങ്ങി നിർത്തി.
    2011 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ അവിടെ അവസാനിക്കുകയായിരുന്നില്ല....ആരംഭിക്കുകയായിരുന്നു..! കൈയ്യിൽ കിടന്ന മോതിരം പണയം വച്ച് ടോമിച്ചേട്ടൻ രണ്ട് പെട്ടി ‘ചുമലയും’ രണ്ടു പെട്ടി ബിയറും വാങ്ങി പൊതുപ്രവർത്തകർക്ക് ഒരിക്കൽ കൂടി മാതൃകയായി.
    ആഘോഷങ്ങൾ അർദ്ധരാത്രി വരെ നീണ്ടു.
‘എന്നാലും ഈ അച്ചായന്റെ ഒരു ബുദ്ധി..!!’ അടിച്ചു പൂക്കുറ്റിയായി, അച്ചു ടോമിച്ചേട്ടന്റെ ചെവിയിൽ കയറിയിരുന്ന് അത്ഭുതം കൂറി.
‘അടുത്ത പഞ്ചായത്ത് ഇലക്ഷനിൽ അച്ചായൻ തന്നെ ഈ വാർഡിലെ സ്ഥാനാർഥി....അതിനുള്ള എല്ലാ യോഗ്യതയും അച്ചായനുണ്ട്...’ അച്ചുവിന്റെ ‘ഹൊയ്‌ലസ്സാ....’ കേട്ട് ടോമിച്ചേട്ടൻ അഭിമാനത്താൽ ഞെളിപിരി കൊണ്ടു.
‘നിനക്കറിയാമോടാ അച്ചൂ...നാലു ദിവസമാ ആ തെണ്ടിയെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി ഞാൻ കഴിക്കാതിരുന്നത്...........നാലു ദിവസം...!...ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല......’
‘എന്നാലും എന്റെ അച്ചായനെ ഞാൻ സമ്മതിച്ചു...’ അച്ചു അയാളേ മനസുതുറന്ന് കെട്ടിപ്പിടിച്ചു.
‘ മൂലവെട്ടി ഇപ്പോൾ തൂറിവാരി അടി മേടിക്ക്യാവും...’ ടോമിച്ചേട്ടന്റെ കണ്ണുകളിൽ പ്രതികാരാഗ്നി ജ്വലിച്ചു നിന്നു. അവർ ഇരുവരും ഒന്നായിച്ചേർന്ന് ആർത്തലച്ച്, ചിരിച്ചുല്ലസിച്ചു. ആചിരി ചൂളംകര ഗ്രാമം കടന്ന് സ്വതന്ത്ര ഇന്ത്യയിലാകെ പരന്നൊഴുകി. ആ ചിരി അവരുടെ കൈപ്പിടിയിൽ നില്ക്കാതെ അതിർത്തി കടന്നതിനു ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. അന്ന് ഇന്ത്യയുടെ അറുപത്തിനാലാം സ്വാതന്ത്ര്യദിനമായിരുന്നു...!

29 comments:

  1. ശ്ശോ...ഞാനോര്‍ത്തു ടോമിച്ചന്‍ നന്നായീന്ന്!!!!!!!!!

    ReplyDelete
    Replies
    1. പ്രിയ അജിത്തേട്ടാ,
      ആളിപ്പോഴും ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്..ഇതുവരെ നന്നായിട്ടില്ല..!!

      Delete
  2. അപ്പോ നന്നാവാൻ ആയിരുന്നില്ലാല്ലേ, നാറ്റിക്കാനായിരുന്നു ഈ മാറ്റം..........!

    ReplyDelete
    Replies
    1. പ്രിയ വി.കെ സാർ,ഇതിലെ ടോമിച്ചേട്ടനും,അച്ചുവും,ശിവൻ ചേട്ടനും എന്റെ നാടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു...
      ഇങ്ങനെയുള്ളവരാണ്‌ നമ്മുടെ നാട്ടിലാകെ..!

      Delete
  3. ഇത്തരം ടോമി കരിങ്കുളത്തിനെ എല്ലാനാട്ടിലും കാണാന്‍ സാധിക്കും.
    അത്തരത്തില്‍ നേതാവായി വിലസ്സുന്നവര്‍ക്ക് അവസാനം "നീലക്കുറുക്ക"ന്‍റെ
    ഗതിയാണുണ്ടാവുക.സന്മനസ്സുള്ളവര്‍ക്കേ സമാധാനമുണ്ടാകു.
    നന്നായി എഴുതി.
    ആശംസകള്‍

    ReplyDelete
    Replies
    1. ‘സന്മനസുള്ളവർക്കേ സമാധാനമുണ്ടാകൂ...’ചേട്ടന്റെ പ്രോത്സാഹനം ഏറെ വിലപ്പെട്ടതാണെന്നറിയിക്കട്ടെ....!

      Delete
  4. സത്യം ചുറ്റുപാടുകളുടെ പറച്ചിൽ............

    ReplyDelete
    Replies
    1. പ്രോത്സാഹനം തുടരുമല്ലോ, പ്രിയ ഷാജു...



      Delete
  5. മദ്യകേരളം.
    ‘ശിവതൈല’ത്തെ പുൽകി ശവമാകുന്നവരുടെ ലോകം.

    ReplyDelete
    Replies
    1. സ്വന്തം മക്കൾക്ക് മദ്യം വിറ്റ് ,അവരേ രോഗികളാക്കി,ആ പണം കൊണ്ട് ജീവിക്കുന്ന അച്ഛനേയും അമ്മയേയും സങ്കല്പ്പിച്ചു നോക്കൂ...അതു പോലെയാണ്‌ നമ്മുടെ ഗവണ്മെന്റ്....ആയിരങ്ങളെ ദരിദ്രരാക്കി, ആയിരങ്ങളുടെ കുടുംബം ഇല്ലാതാക്കി....ഇതു ഉണ്ടാക്കി വില്ക്കുന്നവർക്ക് വേണ്ടി മാത്രം ഭരിക്കുന്ന ഗവണ്മെന്റ്...അതിനൊരു മന്ത്രി...

      Delete
    2. പ്രിയ അനശ്വര,
      എന്റെ മനസിനോട് ചേർന്ന് നില്ക്കാനുള്ള സന്മനസിനോട് വീണ്ടും സ്നേഹം അറിയിക്കട്ടെ

      Delete
  6. ഹഹ ഒന്നൊന്നര പണിയായിപോയല്ലോ കൊടുത്തത് . നല്ല സസ്പെന്‍സ് നിലനിര്‍ത്തി നന്നായി അവതരിപ്പിച്ചു , നര്‍മ്മം വഴങ്ങുന്നു , ആശംസകള്‍ .

    ReplyDelete
    Replies
    1. നല്ല കമന്റിനുള്ള സ്നേഹം അറിയിക്കട്ടെ..

      Delete
  7. മിക്കവാറും ജീവിതങ്ങളില്‍ ജീവിക്കാന്‍ ഒന്നും കാണിക്കാന്‍ വേറൊന്നും എന്ന ഒരു രീതി നിലനില്‍ക്കുന്നു എന്നത് ശരിയാണ്. എത്രയൊക്കെ ശ്രമിക്കുമ്പോഴും ജീവിക്കുന്ന രീതി മാറ്റുക എന്നത് അത്ര എളുപ്പമല്ല. പക്ഷെ കാണിക്കുന്ന രീതി കാലത്തിനനുസരിച്ചും സ്വന്തം കാര്യം നേടാനും വേണ്ടി പരിഷ്കരിച്ചുകൊണ്ടിരിക്കും എപ്പോഴും.
    നന്നായെഴുതി.

    ReplyDelete
    Replies
    1. ബ്ളോഗിലേക്ക് വന്ന്, തുടരുന്ന പ്രോത്സാഹനതിനു വീണ്ടും സ്നേഹം അറിയിക്കട്ടെ റാംജിയേട്ടാ...

      Delete
  8. ‘വരികൾക്കിടയിൽ’ എന്റെ ബ്ലോഗിനേയും പരമർശിച്ചതു വഴി ഞാൻ അങ്ങേയറ്റം ബഹുമാന്വിതനായി..എന്റെ സ്നേഹം പ്രിയ ബ്ളൊഗറെ അറിയിക്കട്ടെ....!

    ReplyDelete
  9. അടിപൊളി.. ഇത് പോലെ ഒരാള്‍ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു !!

    ReplyDelete
    Replies
    1. Hi Kaaliyan,
      ബ്ളോഗിലേക്ക് വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ...പ്രോത്സാഹനം തുടരണമെന്നപേക്ഷ

      Delete
  10. സസ്പന്‍സ് നന്നായി...ആള്‍ നന്നായി എന്നാ ഞാനും കരുതിയേ...കൊള്ളാം...വായാനാസുഖമുള്ള രചന..

    ReplyDelete
    Replies
    1. പ്രിയ അനശ്വര, എഴുതപ്പെടുന്ന ഓരോ കമന്റും പ്രിയപ്പെട്ടതാണന്നറിയിക്കട്ടെ...പ്രോത്സാഹനം തുടരുമല്ലോ

      Delete
  11. innu ithe perillulla oru malayala cinima kandu. athilum gundaayism thanne.kathathandu.
    kollaam ketto katha.

    ReplyDelete
  12. Replies
    1. വല്ല്യ സന്തോഷം ബിലാത്തിപട്ടണത്തെ അറിയിക്കട്ടെ...!

      Delete
  13. വായിച്ചു തീർന്നപ്പോൾ ഒരു ശിവതൈലം അടിച്ചത് പോലെ ................കലക്കി

    ReplyDelete
    Replies
    1. ഹഹ്ഹ....ആശംസകള്‍ പ്രിയ ശബരീനാഥ്

      Delete
  14. ഹാ ഹാ ഹാാ...ക്ലൈമാക്സ്‌ ഞാൻ മറ്റ്‌ എന്തെക്കെയോ പ്രതീക്ഷിച്ചു...തൊമ്മി ഇപ്പോൾ മിനിമം പഞ്ചായത്ത്‌ മെംബർ എങ്കിലും ആയിക്കാണുമല്ലേ??

    ReplyDelete
    Replies
    1. ഹഹ്ഹ--- സന്തോഷത്തില്‍ പങ്കു ചേരട്ടെ...ഒപ്പം വരവിനും പ്രോത്സാഹനത്തിനും ആയിരം നന്ദി-ആശംസകള്‍ തിരിച്ചും...!

      Delete