ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 23 November 2015

ഇറാക്കില്‍ നിന്നൊരു കത്ത്. (കഥ) അന്നൂസ്


പ്രിയപ്പെട്ട അമ്മ അറിയുവാന്‍, 
    അമ്മയ്ക്കും അച്ചാച്ചനും ചേച്ചിക്കും സുഖമെന്ന് വിശ്വസിക്കുന്നു. എനിക്ക് സുഖമാണോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഞാന്‍ കരഞ്ഞു പോകും. പതിനഞ്ചു ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് വരണമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
ഒരുക്കങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നതുമാണ്. ഇനിയിപ്പോള്‍ കഴിയുമെന്ന് തോന്നുന്നില്ല . ചേച്ചിയുടെ ഒത്തുകല്ല്യാണത്തിനു എത്താന്‍ കഴിയാത്തതില്‍ വല്ല്യ സങ്കടമുണ്ട്. അച്ചാച്ചനു ദേഷ്യമാകും എന്നറിയാം. സമയത്ത് കുറച്ചു പണം പലവഴിക്കായി ശരിയായി കിട്ടിയത് തന്നെ വലിയ ഭാഗ്യമായി കരുതുകയാണ് ഞാനിപ്പോള്‍. അക്കൌണ്ടില്‍ അയയ്കാനും സാധിച്ചല്ലോ. കര്‍ത്താവിനു സ്തുതി. അച്ചാച്ചനു വേണ്ടി അത്രയെങ്കിലും ആയല്ലോ. ഒരുപക്ഷെ ഒരു ദിനംകൂടി കഴിഞ്ഞിരുന്നെങ്കില്‍ പറ്റാണ്ട് വന്നേനെ. ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഹോസ്പിറ്റല്‍ നിന്നു ഞാന്‍ കറുത്തവേഷക്കാരുടെ തടവറയില്‍ എത്തിയിട്ട് ഇന്ന്‍ ഒരാഴ്ച കഴിയുന്നു. ഞങ്ങള്‍ ആറുപേരായിരുന്നു അന്ന് പിടിക്കപ്പെട്ടത്. ഞാനൊഴികെ ഉള്ളവരൊക്കെ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഒരു പക്ഷെ എന്‍റെ വെളുപ്പുനിറമോ അതല്ലെങ്കില്‍ പേരോ ആകാം എന്നേയും അവരോടൊപ്പം കുടുക്കിയത്. നിര്‍ഭാഗ്യം, അല്ലാതെന്തു പറയാന്‍. 

കറുത്ത മേല്‍മൂടിയിട്ട ഒരു വലിയ ട്രക്കിലായിരുന്നു ഇരുണ്ട തടവറയിലേക്കുള്ള ഞങ്ങളുടെ പിടിക്കപ്പെട്ട ദിവസത്തെ  യാത്ര. കുറെയധികം കറുത്ത വസ്ത്രധാരികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ രണ്ടു പേരെ കറുത്ത വസ്ത്രധാരികള്‍ നിഷ്ക്കരുണം വെടിവെച്ചു കൊന്നു വഴിയിലെറിഞ്ഞു. ഒരാളെ കൊല്ലാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചതായിരുന്നു മറ്റെയാള്‍ ചെയ്ത കുറ്റം. അവശേഷിച്ച ഞങ്ങള്‍ നാല് പേരില്‍ മൂന്നു പേര്‍ക്കും ഭാഷ അത്ര വശമില്ല എന്നതായിരുന്നു സത്യം. മുഖം മറച്ച തോക്കുധാരികളുടെ ഉച്ചത്തിലുള്ള ആക്രോശങ്ങളുടെയും ചിലപ്പോഴുള്ള അടക്കംപറച്ചിലുകളുടെയും അര്‍ത്ഥം മനസ്സിലാകാതെ ഞങ്ങള്‍ മൂവരും പരസ്പ്പരം നോക്കി അന്ധാളിച്ചിരുന്നു. നാലാമനാകട്ടെ അവര്‍ പറയുന്ന കാര്യങ്ങള്‍ ഗ്രഹിച്ച് അനുനിമിഷം ഭയചകിതനായിക്കൊണ്ടിരുന്നു. യാത്രയ്ക്കിടയില്‍ അവര്‍ ഞങ്ങളെ രണ്ടു പേരുടെ ഗ്രൂപ്പായി തിരിച്ച് എന്തോ പറഞ്ഞപ്പോള്‍ നാലാമന്‍ ഭയത്തോടെ അലറിവിളിച്ച് തേങ്ങിതേങ്ങി കരയുന്നത് കണ്ടു. നാലാമനേയും മറ്റൊരാളെയും ഇരുമ്പ് കൂടിനുള്ളില്‍ ചുട്ടുകൊല്ലാം എന്നും എന്നെയും മറ്റൊരാളെയും ജീവനോടെ കുഴിച്ചിടുകയോ കുഴിയില്‍ ഇറക്കി നിര്‍ത്തി വെടിവച്ചു കൊല്ലുകയോ ചെയ്യാം എന്നുമാണ് അവര്‍ പറഞ്ഞതെന്ന് നാലാമന്‍ നിലവിളിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ മരിച്ചു കഴിഞ്ഞിരുന്നു എന്നതാണ് വാസ്തവം. അമ്മേ... അത്തരമൊരു അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ... തടവറയില്‍ എത്തുന്നത് വരെ ഞാന്‍ ഭയം മൂലം വിറയ്ക്കുകയായിരുന്നു. 

പിന്നീടുള്ള മൂന്നാല് ദിവസം പ്രാണവേദനയും നിരാശയും എന്തെന്നറിഞ്ഞ ദിവസങ്ങളായിരുന്നു കടന്നു പോയത്. വിശപ്പ് കെട്ടുപോയിരുന്നു. ആ ഇരുണ്ട തടവറയില്‍ രാത്രിയെന്നും പകലെന്നുമില്ലാതെ അവര്‍ മാറിമാറി ഞങ്ങളെ ഉപദ്രവിക്കുന്നതില്‍ രസം കണ്ടെത്തി. മലത്തിന്റെയും മൂത്രത്തിന്റെയും അഴുകിയ രക്തത്തിന്റെയും ഗന്ധമായിരുന്നു അതിലേറെ അസഹനീയം. ഞാന്‍ ശരിക്കും കരഞ്ഞു കരഞ്ഞു തളര്‍ന്നു പോയ ദിനങ്ങള്‍.... ഇങ്ങനൊരു അവസ്ഥ വരാന്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് മാത്രം എനിക്കറിയില്ല. ഈ നശിച്ച നാട്ടിലേക്ക് വരാന്‍ തോന്നിയ ഗതികേടോര്‍ത്ത് സ്വയം ശപിക്കുകയായിരുന്നു ഞാന്‍ ഇതുവരെ. 

ഇന്നാകട്ടെ, ഇരുട്ടറ തുറന്ന് ഉരുകിയൊലിക്കുന്ന വെയിലിലേക്ക് മാറ്റപ്പെട്ടപ്പോള്‍ അറിയാതെ ഒരു പ്രതീക്ഷ കടന്നു വന്നത് പോലെ തോന്നി. അല്‍പ്പം ശുദ്ധവായു കിട്ടിയപ്പോള്‍ എന്‍റെ കണ്ണീര്‍ വറ്റുകയും മനസ്സ് ശാന്തമാകുകയും ചെയ്തു. അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞു നില്‍ക്കുന്ന ആ ഇരുട്ടറയില്‍ കിടന്നു മരിക്കുന്നതിലും എന്ത് കൊണ്ടും ഭേദമാണ് പുറംലോകം കണ്ടുകൊണ്ട്‌, ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള മരണം. അതിനി ഏതു വിധത്തിലാണെങ്കില്‍ പോലും. പതിവില്ലാതെ അല്‍പ്പം വെള്ളത്തില്‍ കുളിക്കാന്‍ അവസരം കിട്ടി. പുതിയ ഓറഞ്ചു നിറമുള്ള വസ്ത്രങ്ങള്‍ എല്ലാവര്‍ക്കും ഉടുക്കുവാന്‍ തന്നു. ഞങ്ങളില്‍ രണ്ടു പേരെ ഒരു ട്രക്കില്‍ മറ്റെവിടെയേക്കോ കൊണ്ടുപോകുന്നത് കണ്ടു. തീജ്വാലകള്‍ തേടിയുള്ള അവരുടെ യാത്ര അങ്ങേയറ്റം വിരഹവേദനയോടെയാണ് ഞാന്‍ കണ്ടു നിന്നത്. ഒരുപക്ഷെ മുന്‍പെങ്ങും അനുഭവിക്കാത്ത അത്ര വേദനയോടെ. പിന്നെയും ഏറെ നേരം കഴിഞ്ഞ് പുറകുവശത്ത് മൂടിയില്ലാത്ത ഒരു വെളുത്ത ജീപ്പിലാണ് എന്നെയും മറ്റൊരാളെയും ഇവിടെയ്ക്ക് കൊണ്ടുവന്നത്. അകമ്പടിയായി നാല് തോക്കുധാരികളും. അവര്‍ അപ്പോഴും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു. മുഖം മറച്ചിരുന്നു. ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു അതിലൊരാള്‍. മറ്റുള്ളവരെ പോലെ  മുഖം മറയ്ക്കാത്ത അയാളാകട്ടെ തികച്ചും ആഹ്ലാദവാനായി കാണപ്പെട്ടു.

ഞങ്ങളെ തൊട്ടടുത്തായിട്ടായിരുന്നില്ല ഇറക്കി നിര്‍ത്തിയത്. കുഴി ഞങ്ങള്‍ തന്നെ എടുക്കണമെന്നതായിരുന്നു ആദ്യകല്‍പ്പന. ഞാന്‍ അനുസരിച്ചു. എന്‍റെ കൂട്ടാളിയാകട്ടെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അയാള്‍ അവരുമായി അനാവശ്യമായി തര്‍ക്കിക്കുന്നത്‌ തെല്ലു ദൂരെ നിന്ന് എനിക്ക് കാണാമായിരുന്നു. മരിക്കാന്‍ പോകുന്നതിനു മുന്‍പ് വെറുതെ എന്തിനാണ് കഠിനാധ്വാനം ചെയ്യുന്നത് എന്നയാള്‍ കറുത്ത വസ്ത്രധാരികളോട് ഇംഗ്ലീഷ് ഉറക്കെ ചോദിക്കുന്നത് കേള്‍ക്കാമായിരുന്നു. ആക്രോശങ്ങള്‍ക്കൊടുവില്‍ കറുത്ത വേഷക്കാരിലൊരാള്‍ അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും അയാള്‍ നിശബ്ദനായി മുന്നോട്ടു കമഴ്ന്നു വീഴുന്നതും കുഴിയെടുക്കുന്നതിനിടയില്‍ ഞാന്‍ കണ്ടു. ഒരു തോക്കുധാരി അയാളെ വലിച്ചിഴച്ച് ഞാനെടുക്കുന്ന കുഴിക്കരുകിലേക്ക് കൊണ്ട് വരുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഇനി അയാള്‍ക്ക്‌ കൂടിയുള്ള കുഴി ആയിരിക്കാം ഞാനെടുക്കേണ്ടത്. ആയിരിക്കാം എന്നല്ല അതെ എന്നതാണ് സത്യം. മരണത്തിലും കൂടെയുറങ്ങുവാന്‍ എനിക്കൊരു സ്നേഹിതനെ കിട്ടി എന്നതാണ് ഇപ്പോഴുള്ള ഏക ആശ്വാസം.

കൈയ്യിലിരുന്ന ഫോണ്‍ എറിഞ്ഞുടയ്ക്കപ്പെട്ടത് നന്നായി. അമ്മയെ വിളിച്ചു വിവരങ്ങള്‍ പറയാനുള്ള ശക്തി എനിക്കില്ല.  എഴുതുവാനാണെങ്കില്‍ കടലാസും പേനയും ഒന്നും എന്‍റെ പക്കലില്ല. ഉണ്ടായിരുന്നെങ്കില്‍ ചെളിപുരണ്ട എന്‍റെ കൈവിരലുകള്‍ കൊണ്ട് എഴുതുമായിരുന്ന  കത്തിലൂടെ ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചേനെ. മൂര്‍ച്ചയുള്ള ഒരു പിക്കാസും വിസ്താരമേറിയ മണ്‍വെട്ടിയുമാണ്‌ ഇപ്പോള്‍ എന്‍റെ കയ്യില്‍ ഉള്ളത്. കാവല്‍ നില്‍ക്കുന്നവരെ വക വയ്ക്കാതെ മണ്‍വെട്ടികൊണ്ട് ഞാനെടുക്കുന്ന കുഴിക്കു സമീപത്തായി പച്ചമണ്ണില്‍ അമ്മ എന്നെഴുതി വച്ചതു കണ്ട്  ഒരു തോക്കുധാരി എന്തൊക്കെയോ ആക്രോശിച്ചു കൊണ്ട് തോക്കിന്‍റെ പാത്തികൊണ്ട് എന്നെ ആഞ്ഞടിക്കുകയാണിപ്പോള്‍. ചുട്ടു പൊള്ളുന്ന വെയിലിനും അയാളുടെ ആക്രോശങ്ങള്‍ക്കും പ്രഹരങ്ങള്‍ക്കും എന്നെ തളര്‍ത്തുവാന്‍ കഴിയുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അമ്മ എപ്പോഴും പറയാറുള്ള തോട്ടാവാടിയായ എനിക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു എന്നറിയില്ല. ഞാനെടുക്കുന്ന കുഴിക്കരുകില്‍ തല തകര്‍ന്നു കിടക്കുന്ന എന്‍റെ ഒരാഴ്ച പരിചയമുള്ള സുഹൃത്തിനെ പൊതിഞ്ഞിരിക്കുന്ന രക്തം കാണുമ്പോള്‍ എനിക്കിപ്പോള്‍ പഴയപോലെ മനം പിരടുന്നില്ല. മരണം വന്നുചേര്‍ന്നു എന്നുറപ്പാകുന്ന സമയത്ത് മരണത്തിലൂടെ കിട്ടുന്ന രക്ഷപെടല്‍ അല്ലാതെ ഒരാശ്വാസം തരാന്‍ മറ്റൊന്നിനും കഴിയില്ല എന്നെനിക്കിപ്പോള്‍ തോന്നിപ്പോകുന്നു. എനിക്കായി ഞാന്‍ ഒരുക്കുന്ന ഈ കുഴി പൂര്‍ത്തിയാകുന്നത് വരെ അവര്‍ എന്നെ കൊല്ലില്ല എന്നതാണ് എന്‍റെ ധൈര്യം. ആ കുഴിയുടെ അടിത്തട്ടിലും നിശ്ചയമായും ഞാന്‍ എഴുതി വയ്ക്കും, അമ്മയെന്ന്...! തലയ്ക്കു പുറകില്‍ തുളച്ചുകയറുന്ന വെടിയുണ്ടയോടെ ഞാന്‍ കമഴ്ന്നു വീഴുന്നത് ആ അക്ഷരങ്ങളിലേക്കാവണം എന്നെനിക്കു നിര്‍ബന്ധമുണ്ട്. അമ്മ എന്ന അക്ഷരങ്ങളിലേക്ക്...!

39 comments:

 1. ഹൃദയഭേദകം !ഞാന്‍ അറിയാതെ എന്റമ്മേ എന്നു വിളിച്ച് പോയി

  ReplyDelete
 2. കത്തെന്നു കണ്ടപ്പോൾ ഇതുപോലൊരു കത്താണെന്നു കരുതിയില്ലല്ലോ അന്നൂസ്. ആഴത്തിൽ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കത്ത്. കൂടുതലായി എന്ത് പറയണമെന്നറിയില്ല.
  കഥാകൃത്തിനു ആശംസകൾ.

  ReplyDelete
 3. ഇഷ്ടമായി.....ഹൃദയം കൊണ്ടെഴുതിയ അക്ഷരങ്ങള്‍ ഇല്ലാത്ത ഒരു കത്ത്.....! അവസാനത്തെ ട്വിസ്റ്റ്‌ ഈ പോസ്റ്റിലും നിലനിര്‍ത്തി.....ആശംസകള്‍.....!!!!!

  ReplyDelete
 4. ഇങ്ങനെ ഒരു കത്തായിരിക്കുമെന്ന് കരുതിയില്ല..നന്നായിരിക്കുന്നു.

  ReplyDelete
 5. annooooooooooooos, nannayirikkunnu

  ReplyDelete
 6. വായിച്ചു - ഒരു ശരാശരി കഥ.
  ഐസിന്റെ ക്രൂരതകളിൽ നിന്ന് ഒരാൾ എഴുതിയാൽ അത് ഹൃദയഭേദകം തന്നെ.
  ആശംസകൾ

  ReplyDelete
 7. ശ്വാസം മുട്ടുന്നു ....

  ReplyDelete
 8. വായിച്ചു. എച്ചുമു പറഞ്ഞപോലെ അവസാനം എത്തിയപ്പോള്‍ ശ്വാസം കിട്ടാതായി. നല്ല ആഖ്യാനം. അതാണ്‌....

  ReplyDelete
 9. ആരാരും,അറിയാതെ,മനസ്സിലക്കാതെ,കേള്‍ക്കാതെ മറയപ്പെട്ടുപോകുന്ന നിലവിളികള്‍
  ശക്തിയായി പെയ്തിറങ്ങുന്നീ എഴുത്തിലൂടെ:മനസ്സിന്‍റെ ഉള്ളറകളിലേക്ക്‌.............
  ആശംസകള്‍

  ReplyDelete
 10. അന്നൂസ്...
  പറയാൻ വാക്കുകളില്ല.

  ReplyDelete
 11. ഭീകരത വിളയാടുമ്പോൾ
  ആരും കേൾക്കാത്ത നിലവിളികൾ

  ReplyDelete
 12. നല്ല കഥ. വായിക്കുമ്പോൾ അവരുടെ വേദന നമ്മളും അനുഭവിക്കുന്നത് പോലെ. തന്റെ അനുഭവം അമ്മയെ അറിയിക്കുന്നു എന്ന് കഥ വായിക്കുന്നവർക്കൊക്കെ മനസ്സിലായി. അതിനിടയിൽ അമ്മയ്ക്ക് ഞാൻ ഒരു കത്തെഴുതിയേനെ എന്ന് പറഞ്ഞത് അസ്ഥാനാത്താവുകയും കഥയുടെ ഭംഗി ഇല്ലാതാക്കുകയും ചെയ്തു. " സത്യം പറഞ്ഞാൽ .........ആശ്വസിപ്പിച്ചേനെ" എന്ന ഭാഗം ഒഴിവാക്കേണ്ടി ഇരുന്നു. ഫോണിലൂടെയോ, കത്തി ലൂടെയോ, മനസ്സിലൂടെയോ, വിചാരത്തിലൂടെയോ .. അമ്മയോട് പറയുന്നു എന്ന് വായനക്കാർ മനസ്സിലാക്കും. അതായിരുന്നു കഥയ്ക്ക്‌ യോജിച്ചതും. കഥ കൊള്ളാം.

  ReplyDelete
  Replies
  1. തിരുത്തലുകള്‍ക്കായി ശ്രമിക്കുന്നതാണ്- പ്രോത്സാഹനം തുടരും എന്ന് പ്രതീക്ഷിക്കട്ടെ, പ്രിയ ബിബിന്‍ ചേട്ടാ.

   Delete
 13. ശരിക്കും ഉള്ളു പൊള്ളിച്ചു ........
  ഒരു പേരുടെ നോവുണ്ടീയെഴുത്തില്‍......
  നല്ലെഴുത്തിന് നന്മകള്‍ നേരുന്നു........

  ReplyDelete
 14. നന്നായി എഴുതി..അമ്മക്ക്‌
  അത് എങ്ങനെ communicate
  ചെയ്യുന്നു എന്ന ഭാഗം
  വായനക്കാർക്ക് വിടുക ആയിരുന്നു
  കൂടുതൽ ഭംഗി ..ആശംസകൾ

  ReplyDelete
 15. അവസാനത്തെ ഒരു പാരഗ്രാഫ് മാത്രം മതിയായിരുന്നു. ബാക്കിയൊക്കെ മായിച്ചു കളഞ്ഞ് ഒന്ന് വായിച്ചു നോക്കൂ...
  കഥ വേറെ ലെവലില്‍ എത്തിയേനെ. നല്ല എഴുത്ത്.

  ReplyDelete
  Replies
  1. ആ വഴിക്കും ചിന്തിക്കുന്നതാണ്. പ്രോത്സാഹനത്തിനു നന്ദി

   Delete
 16. അമ്മയാണല്ലോ ജന്മം തന്നത്
  ആ അമ്മയുടെ മടിയിലേക്ക്‌..
  ഹൃദ്യം!

  ReplyDelete
 17. ............. കൂടുതല്‍ പറയുന്നില്ല.

  ReplyDelete
 18. ഹൃദയസ്പർശിയായ ഒന്ന് !

  ReplyDelete
 19. ക്രൂരതയുടെ പര്യായമായ കറുപ്പുവസ്ത്രധാരികള്‍ ലോകം മുടിക്കും. എത്ര ജീവനുകള്‍ അവരുടെ കയ്യാല്‍ പൊലിയുമോ ആവോ.

  ReplyDelete
 20. ആദ്യാവസാനം വരെ മരണത്തിന്‍റെ ഭീകര മുഖം..

  ReplyDelete
 21. അഭിനന്ദനങ്ങള്‍.....വളെരെ നല്ലത്...

  ReplyDelete
 22. ഹോ... വല്ലാത്തൊരു കത്ത് തന്നെ :( അന്നൂസ് കഥ നന്നായി എന്നാലും കുറച്ചൂടെ ശരിയാക്കായിരുന്നു എന്നൊരു അഭിപ്രായമുണ്ട്ട്ടോ ...

  ReplyDelete
  Replies
  1. ഒന്നുകൂടി ശ്രമിക്കുന്നതാണ് എന്നറിയിക്കട്ടെ- ആശംസകള്‍ പ്രിയ മുബി ബഹന്‍

   Delete
 23. മനസ്സിനെ നൊമ്പരപ്പെടുത്തിക്കളഞ്ഞു ...ആ അവസ്ഥ എത്ര ഭയാനകം എന്നോർത്തുപോയി .നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ എന്നറിയുന്നതും ഓർമ്മിപ്പിക്കുന്നതും ഇത്തരം കഥകളാണ് ..ആശംസകൾ

  ReplyDelete
 24. വായിച്ചു. മനസ്സിലൊരു നൊമ്പരം ബാക്കിയായി...!!!!!!

  ReplyDelete
 25. അമ്മയിലേക്ക്‌ വീണുപോകുന്നു..അന്നൂസ്..
  സലാം.

  ReplyDelete
 26. ലോകത്ത് ചിലരെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതാണല്ലോ എന്നോർക്കുമ്പോൾ ഉള്ള് പിടയുന്നു. ഒരു വീഡിയോദൃശ്യത്തിൽ കിട്ടുന്നതിലും മിഴിവോടെ ആ രംഗങ്ങളെ മനസ്സിലേക്ക് സന്നിവേശിപ്പിക്കാൻ ഈ അക്ഷരക്കൂട്ടുകൾക്ക് സാധ്യമായിരിക്കുന്നു.

  ReplyDelete
 27. കത്തിനേക്കാൾ, മൺവെട്ടി കൊണ്ട് കുഴിയെടുക്കുമ്പോൾ ഓർമ്മകളായി എഴുതിയാൽ കുറച്ചു കൂടി നന്നാവില്ലെ?..വെറും തോന്നലാണ്‌..
  മൺവെട്ടിയുമായി നടക്കുന്നത് മുതൽ തുടങ്ങിയാൽ ഒരു ജിജ്ഞാസ ഉണ്ടാവില്ലെ?

  ReplyDelete
 28. മൂന്നു മാസം മുൻപേ ഒരച്ചനെയും മകനെയും കൊല്ലാനായി ഇങ്ങനെ സിറിയയിലെ മരുഭൂമിയിൽകൊണ്ടു വന്നു.. അവരെ കൊല്ലാൻ കത്തിയുയർത്തിയ ഐ സി സ് ഭീകരൻറെ തല തുളച്ചു ഒരു വെടിയുണ്ട പാഞ്ഞു പോയി - തന്തക്കു പിറന്ന ഒരു SAS sniper marksman ആ മനുഷ്യ പിശാശിനെ തീർത്തു - അങ്ങനെ ദൈവ ദൂതനെ പോലെയൊരാൾ വരുമെന്ന് ഞാൻ കരുതുന്നു... അങ്ങനെയെങ്കിലും ആശ്വസിക്കാൻ....

  ReplyDelete
 29. മനുഷ്യൻ ചിലപ്പോഴൊക്കെ അത്ഭുതങ്ങളിൽ വിശ്വസിക്കാറുണ്ട്.. ഒരാശ്വാസത്തിന്..
  ISIS എന്ന ഭൂതം കേട്ടറിവ് വച്ച് ഇതിനേക്കാൾ ക്രൂരമായതും ചെയ്യാറുണ്ട്..
  എഴുതുമ്പോൾ ഒന്ന് കൂടി നേർപ്പിച്ച് ഷാർപ്പായി എഴുതുക.. അപ്പോൾ എച്ചുമ്മു പറഞ്ഞ ആ ശ്വാസം മുട്ടൽ വായനക്കാർക്ക് ഉണ്ടാവില്ല.

  ReplyDelete
 30. ചില ഏഷ്യന്‍രാജ്യങ്ങളില്‍ തീവ്രവാദികള്‍ കാട്ടിക്കൂട്ടുന്ന മൃഗീയമായ ചെയ്തികള്‍ കാണുമ്പോള്‍ സത്യത്തില്‍ ഇതെന്തൊരു വിശ്വാസം എന്ന് തോന്നാറുണ്ട് .ഒരു യഥാര്‍ത്ഥ വിശ്വാസിക്കും ഇത്തരം ക്രൂരമായ ചെയ്തികള്‍ ചെയ്യുവാനാവില്ല .അതുക്കൊണ്ട് തന്നെ അത്തരക്കാര്‍ വിശ്വാസികളല്ല .മനസ്സിനെ നൊമ്പരപ്പെടുത്തുന്ന എഴുത്ത് ആശംസകള്‍

  ReplyDelete
 31. മരണത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ മാത്രം ഒരു മനുഷ്യന് പറയാൻ കഴിയുന്ന വാക്കുകളുടെ തീവ്രതയും സത്യവും ഈ വരികളിലുണ്ട്... അന്നുസ് വളരെ നന്നായി എഴുതി... എന്റെ ആശംസകൾ.

  ReplyDelete
 32. നല്ല കഥ ഭായ്. പ്രത്യേകിച്ചും അവസാനത്തെ കുറച്ചുവരികൾ.

  ReplyDelete
 33. ഏറെ ഭയാനകം തന്നെ ആ അവസ്ഥ
  മനോഹരമായി എഴുതി അന്നൂസ്

  ReplyDelete
 34. ഏറെ ഭയാനകം തന്നെ ആ അവസ്ഥ
  മനോഹരമായി എഴുതി അന്നൂസ്

  ReplyDelete
 35. കാലികമായ വിഷയം.
  നല്ല അവതരണം...
  ആശംസകള്‍

  ReplyDelete