ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday, 14 November 2015

അമ്മയാകുന്ന നിമിഷം. (കഥ) അന്നൂസ്



തിരക്ക് പിടിച്ച സമയവട്ടങ്ങള്‍ക്കിടയില്‍ ഇന്ന് കൈവന്ന ചെറിയ ഇടവേളയിലാണ് നാട്ടിലേക്ക് വച്ച് പിടിക്കാന്‍ പെട്ടെന്ന് ഭൂതോദയം വന്നത് തന്നെ. അത്തരം തോന്നലുകള്‍ പതിവില്ലാത്തതായിരുന്നു. യാത്രയുടെ പാതിവഴിയിൽ കടുത്ത ചൂടിനാൽ തൊണ്ട വരണ്ടു തുടങ്ങിയപ്പോൾ  ചെറിയൊരു കവലയില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. 

ദാക്ഷിണ്യമില്ലാതെ വെയില്‍ ചുട്ടുപൊള്ളി നിന്നു. ഇടയ്ക്കിടെ വീശുന്ന ചൂട് പൊതിഞ്ഞ കാറ്റില്‍ പൊടിപടലങ്ങള്‍ അസ്വസ്ഥത വിതച്ചുകൊണ്ടിരുന്നു. കുറച്ചു സമയം തൊണ്ട അമര്‍ത്തിപ്പിടിച്ചങ്ങനെ  നിന്നു. ദാഹം തീരുവോളം വെള്ളം കുടിക്കണം. പിന്നെ ഒരുകാപ്പി. അറിയാതെയെങ്കിലും ബാല്യകാലസുഹൃത്ത് ബേബിയുടെ കടയിലേക്കാണ് ചെന്ന് കയറിയത്. ഒരു നിയോഗം പോലെ.

‘എത്ര നാളായെടാ കണ്ടിട്ട്... നീയിവിടെയായിരുന്നോ താമസം ?.... ഞാനിതിലെ എത്രയോതവണ വണ്ടിയോടിച്ചു പോയി..’ ഞങ്ങൾ അതിരില്ലാത്ത അത്ഭുതത്തില്‍ പെട്ടു. അവനെ കെട്ടിപ്പുണര്‍ന്നപ്പോള്‍, അവന്‍ ജാള്യതയോടെ നിന്നു. കനത്ത മഴക്കാലഅറുതിയില്‍ ഒരുമിച്ചു രുചിച്ച  മാമ്പഴങ്ങളുടെ മണവും ചെറുബീഡികളുടെ ചുമയ്ക്കുന്ന ഗന്ധവും... ചേറുകലര്‍ന്ന  കൈത്തോട്ടിലെ കലങ്ങിമറിഞ്ഞ വെള്ളത്തിലുള്ള കുളിയും... ചെറുമീനുകളും പച്ചപായല്‍ ഇഴപിരിഞ്ഞ തോര്‍ത്തും...
കണ്ണിമയ്ക്കാതെ കുട്ടിക്കാലത്തെ ഓര്‍മ്മകളെ നോക്കിയിരിക്കുന്നതിനിടയില്‍ അവന്‍ ചിക്കരി ചേര്‍ത്തു പൊടിച്ച ഉശിരന്‍ കാപ്പിയെടുത്ത് മുന്‍പില്‍ വച്ചു.  ആഹ്ലാദച്ചുവയുള്ള സംസാരം കുറെ നേരം നീണ്ടു. രസം കലര്‍ന്ന കൊച്ചുകൊച്ചു പഴയ സംഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലേക്കടുത്തിടാന്‍ മത്സരിക്കുകയായിരുന്നു ഞങ്ങള്‍.  അത്ഭുതത്തിന്‍റെ പുഞ്ചിരി ഞങ്ങള്‍ക്കിടയില്‍ ഏറെ നേരം രസം മുറിയാതെ തത്തി നിന്നു.


ആ പഴയ അടുപ്പം അതേപടി തിരികെയെത്തിയപ്പോള്‍ ഞാന്‍ വര്‍ത്തമാനകാലത്തിലേക്ക് മടങ്ങിവന്നു. ഒരു ഫീച്ചറിനു പറ്റിയ ആളുകളോ സംഗതികളോ ഉണ്ടോ എന്നായി എന്‍റെ ചോദ്യം. വയറ്റിപ്പിഴപ്പാണല്ലോ മുഖ്യം എന്ന് വിളിച്ചു കൂവി പൊട്ടിച്ചിരിക്കാനും ഞാന്‍ മറന്നില്ല.

‘പത്തെഴുപതു വര്‍ഷമായി വീടിൻ്റെ ഉമ്മറകതക് രാത്രിയിലും പകലും അടച്ചിടാത്ത  ഒരു വല്യമ്മ ഉണ്ടിവിടെ. ആയമ്മയെന്നാണ് നാട്ടാര് വിളിക്കുന്ന പേര്. താമസം ഒറ്റയ്ക്ക്.  അവരെ പോയി ഒന്ന് കണ്ടു നോക്ക്... ഇന്നുവരെ ആരും വാര്‍ത്തയാക്കാത്ത സംഗതിയാണ്....’ ഗ്ലാസ്‌ കഴുകുന്നതിനിടയില്‍ ബേബി ഒരു കച്ചിത്തുരുമ്പിട്ടു തന്നു.

‘ആയമ്മ അങ്ങനെ പുറത്തേക്കിറങ്ങുന്ന പതിവൊന്നുമില്ല... തൊണ്ണൂറിനടുത്ത് പ്രായം കാണും.... ഇന്ന് രാവിലെയും കവലയില്‍ വന്നു പോകുന്നത് കണ്ടു.... അല്ലറചില്ലറ വീട്ടുസാധനങ്ങള്‍ വാങ്ങാനുള്ള വരവ് മാത്രം. ദൈവം സഹായിച്ച് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ല അവര്‍ക്ക്....’

അവരെ കാണണം. ഞാന്‍ യാത്രാക്ഷീണം മറന്നു മനസ്സുകൊണ്ട് തയ്യാറായി. 

കാറില്‍ നിന്ന് ബാഗെടുത്ത് തോളില്‍ തൂക്കി, ക്ഷീണം മറന്ന് ഞാന്‍ ഉത്സാഹവാനായി, ബേബി മനസ്സില്‍ വരച്ചുതന്ന വഴിയിലൂടെ നടന്നുതുടങ്ങി. മനസ്സ് അകാരണമായി തിടുക്കപ്പെടുകയും അത് വരെ തോന്നാത്ത തരത്തിലുള്ള അസ്വസ്ഥതയ്ക്ക് അടിമപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. വീതികുറഞ്ഞ പാടവരമ്പായിരുന്നു മുന്നില്‍. വെയിലിന്‍റെ ദാക്ഷിണ്യമില്ലായ്മയില്‍ പാടം വിണ്ടു കീറി മുരടിച്ചിരുന്നു. കുറെ നടന്നപ്പോഴാണ് ഒരാളെ കൂട്ടിനു കിട്ടിയത്. ഒരു ചെത്തുകാരന്‍ . അകലത്തില്‍ നെയ്തെടുത്ത പ്ലാസ്ടിക് വലയ്ക്കുള്ളില്‍ സുരക്ഷിതമായിരുന്ന കറുത്ത കള്ള്കുടം തൂവാതെ ഒതുക്കിപ്പിടിച്ച്,  ചെത്തുകത്തി ഇട്ടു വച്ച കത്തിക്കൂട് അരയില്‍ ചേര്‍ത്തു കെട്ടിയ പിന്‍ഭാഗം താളത്തില്‍ തുള്ളിച്ചു അയാള്‍ ഗൌരവത്തോടെ  മുന്‍പില്‍ നടന്നു. അയാൾ വല്ല്യമ്മയുടെ അയല്പക്കക്കാരനാണ്. വരമ്പിലൂടെ ബലം പിടിച്ചു നടന്ന്‍, ചീഞ്ഞ മടലുകള്‍ വീണുകിടക്കുന്ന തെങ്ങിന്‍തോപ്പില്‍ എത്തിപ്പെട്ടപ്പോള്‍ അയാളോട് വല്ല്യമ്മയെപ്പറ്റി തിരക്കി. 

‘ഓ.. ആയമ്മ.........’ അയാള്‍ കൌതുകത്തോടെ പറഞ്ഞു തുടങ്ങി.

‘ഞാനൊക്കെ ജനിക്കുന്നതിനു മുന്‍പാണ് സംഭവം... പറഞ്ഞു കേട്ടിട്ടുള്ളതാണ് പലതും.... ആലപ്പുഴേന്നെങ്ങാണ്ട് കല്ല്യാണം കഴിച്ചിവിടെ കൊണ്ടുവന്നതാണ് ആയമ്മയെ ഇവിടെ.... അന്ന് ഏറിയാല്‍ പതിനാറോ പതിനേഴോ വയസ്സ് പ്രായം.... നല്ല ഭംഗിയുള്ള പെണ്ണായിരുന്നെന്നാ എന്‍റെ അച്ഛനൊക്കെ പറഞ്ഞു കേട്ടിട്ടുള്ളത്. കെട്ടിയതിന്‍റെ നാൽപ്പതാംനാള്‍ അതിന്‍റെ കെട്ടിയോന്‍ പണിക്കെന്നും പറഞ്ഞു രാവിലെ വീട്ടീന്ന് പോയതാ... പിന്നെ തിരിച്ചു വന്നില്ല.... എവിടാന്നോ എങ്ങോട്ട് പോയെന്നോ ആര്‍ക്കുമറിയില്ല.... ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ...ന്ന്... ഒരു പിടിയുംല്ലാണ്ട് പോയി...’ പറയുന്നതിനിടയില്‍ അയാള്‍ അവസരോചിതമായി തരിഞ്ഞു നോക്കി എന്റെ മുഖഭാവം ശ്രദ്ധിച്ച് നിര്‍വൃതി കൊള്ളുന്നത്‌ കണ്ടു.

‘ആയമ്മയുടെ വീട്ടുകാരൊക്കെ അയാളെപ്പറ്റി ഒരുപാടന്വേഷിച്ചു. രക്ഷയില്ലാതെ വന്നപ്പോള്‍ ആയമ്മയെ ആലപ്പുഴയ്ക്ക് കൊണ്ട് പോകാനും വേറെ കെട്ടിച്ചു വിടാനും ഒക്കെ ഒരു പാട് ശ്രമം നടത്തി വീട്ടുകാര്‍.... പക്ഷെ ആയമ്മ പോയില്ല. അന്ന് മുതല്‍ ആയമ്മ കാത്തിരിക്കുന്നതാ.... വീടിന്റെ ഉമ്മറകതക് അതില്‍ പിന്നെ ഇന്ന് വരെ അടച്ചിട്ടില്ല. രാത്രിയും പകലും.... വെറും നാൽപ്പതു  ദിവസം മാത്രം കൂടെക്കഴിഞ്ഞ കെട്ടിയോന്‍ എന്നെങ്കിലും തിരികെ വരും എന്നതാണ് ഇപ്പോഴും ആയമ്മയുടെ വിശ്വാസം.....’

എന്‍റെ ചിന്തകള്‍ കലുഷിതമായി. ഒരുപക്ഷെ ആ നാൽപ്പതു  ദിവസം അത്രയധികം സ്നേഹം അയാൾ അവർക്കു നല്കിയിട്ടുണ്ടാകാം. ആ നീണ്ട കാത്തിരിപ്പിന്‍റെ നോവ് എന്‍റെ മനസ്സിന്‍റെ അകത്തളങ്ങള്‍ക്കും അപ്പുറത്തായിരുന്നതിനാല്‍ അതിലേക്കു എത്തിപെടാന്‍ ഞാന്‍ പാടുപെട്ടുകൊണ്ടിരുന്നു. ഒരുപാട് ചിന്തകള്‍ തികട്ടി വന്നു മനസ്സു പൊള്ളുകയായിരുന്നു, അപ്പോള്‍.

‘അവര്‍ക്കാരും സഹായത്തിന്..........?’ ഞാന്‍ ചോദ്യ രൂപേണ നിര്‍ത്തി. അയാൾ തിരിഞ്ഞു നോക്കാതെ പറഞ്ഞുകൊണ്ട് നടന്നു.

‘ആയമ്മ ആരെയും അടുപ്പിക്കാറില്ല... ആളുകളെ അവര്‍ക്കിഷ്ടമല്ലായിരുന്നു.... അവരുടെ  നല്ല പ്രായത്തില്‍ പലരും രാത്രികാലങ്ങളില്‍ അവരെത്തേടി വരുമായിരുന്നെന്നും ബലമായി അവരെ ഉപയോഗിച്ചിട്ട് പണമെറിഞ്ഞു കൊടുത്തിട്ടു പോകുമായിരുന്നെന്നും ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ആയമ്മ പണമൊന്നും എടുക്കാറില്ലായിരുന്നത്രേ. പിന്നെ  വരുന്നവര്‍ക്കുള്ളതാണ് ആ പണവും അന്നത്തെ ആയമ്മയും. ആദ്യമൊക്കെ  വരുന്നവരെ അവര്‍ എതിര്‍ത്തു നോക്കിയിരുന്നു.... ചില ദിവസങ്ങളില്‍ രാത്രിയില്‍ അവരുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുമായിരുന്നു പോലും... കതക് തുറന്നിടുന്നത് കൊണ്ട് സംഭവിക്കുന്നതിനാല്‍ ആരും സഹായിക്കാന്‍ പോകാറില്ലായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പതുക്കെ അവര്‍ക്കതൊരു ശീലമായി മാറിക്കാണും. ഇനി അതല്ല വരുന്നവരെ ഒക്കെ ആയമ്മ കണക്കിന് കൈകാര്യം ചെയ്തു വിട്ടിരുന്നു എന്നും ഒരു പറച്ചില്‍ ഇല്ലാതില്ല കേട്ടോ... ഒരിക്കല്‍ വരുന്നവര്‍ പിന്നീട് വരാറില്ലായിരുന്നു എന്നതാണ് അവര്‍ തങ്ങളുടെ വാദത്തിനു ന്യായമായി പറഞ്ഞിരുന്നത്.... സത്യമെന്തെന്ന് ആര്‍ക്കറിയാം..’ അയാള്‍ മുഴക്കത്തോടെ പൊട്ടിച്ചിരിച്ചു.

സമയം ഉച്ചയോടടുത്തിരുന്നെങ്കിലും തെങ്ങിന്‍തോപ്പ് പിന്നിട്ടു വന്ന നടവഴിയില്‍ വന്മരങ്ങളുടെ കുളിര്‍മയുള്ള തണലുണ്ടായിരുന്നു. ഏറെ ദൂരം അയാള്‍ എനിക്ക് മുന്‍പേ ഒരു പ്രത്യേക താളത്തില്‍ വഴികാട്ടി നടന്നു.

പതം വന്ന ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ വെള്ളി നിറത്തില്‍ പിടച്ചു പാഞ്ഞു കൊണ്ടിരുന്ന വീതികുറഞ്ഞ ഒഴുക്ക് കടന്നു മുന്നോട്ട് ചെന്നപ്പോള്‍ അയാള്‍ തിരിഞ്ഞു നിന്നു, മൃദുവായി പുഞ്ചിരിച്ച്, ചൂണ്ടു വിരലാല്‍ എന്‍റെ ഗതി മാറ്റി, ഇരുവശവും കൂര്‍ത്ത മുള്ളുകളുള്ള ഇടതൂര്‍ന്ന പൊന്തക്കാടിനുള്ളിലൂടെ പോകുന്ന മറ്റൊരു നടവഴിയെ അതെ താളത്തില്‍ യാത്ര പറഞ്ഞകന്നു. ഞാൻ വലത്തേക്കു തിരിഞ്ഞു നടത്തം തുടർന്നു. തെല്ലു ദൂരം കൂടി താണ്ടിയപ്പോള്‍, തേടിവന്ന പുല്ലുമേഞ്ഞ പഴയവീട് കാണായി. കാലപ്പഴക്കം കൊണ്ട് ആ കുടില്‍ മൊത്തത്തില്‍ ഒരു വശത്തേക്ക് കോടി ഇരിക്കുന്നത് പോലെ തോന്നിച്ചു. പഴകി ദ്രവിച്ചതെങ്കിലും വീട് വെടിപ്പായും ചിട്ടയോടെയും സൂക്ഷിക്കുന്നതിന്‍റെ ലക്ഷണങ്ങള്‍ പലയിടത്തും തെളിഞ്ഞു കണ്ടു. വലിപ്പം കുറഞ്ഞ കാട്ടുകല്ലുകള്‍ കൊണ്ട് ചുറ്റിനും കെട്ടി ഉയര്‍ത്തിയ ഇരുവാ കയ്യാല ഒരു പഴയകാല കോട്ടയെ അനുസ്മരിപ്പിച്ചു. ആകാംഷയോടെയും അതിലുപരി പിടപ്പോടെയുമാണ്‌ ഞാന്‍ ആ വീടിന്‍റെ വൃത്തിയുള്ള മുറ്റത്ത് കാലുകുത്തിയത്. ഒന്നുരണ്ടു ചെറിയ കോഴികളെ മാത്രം മുറ്റത്തു കണ്ടു. തല തുടരെ വെട്ടിച്ച്  അക്ഷമയോടെ കുറുകി അതുമിതും കൊത്തി പെറുക്കുകയായിരുന്നു, അവ. മൂന്നടി ഉയരത്തിലായിരുന്നു, ചാണകം മെഴുകിയ വരാന്ത. ആ കൊച്ചു വീടിന്‍റെ ഉമ്മറഭിത്തിയില്‍ ഒന്നുരണ്ടു പഴയ ഫോട്ടോകളും ചെറിയൊരു തട്ടില്‍ ഒരു വലിപ്പം കുറഞ്ഞ നിലവിളക്കും മാത്രമാണുണ്ടായിരുന്നത്.

‘അമ്മേ.....’   ശബ്ദം താഴ്ത്തി, എന്നാല്‍ ഉറച്ച ശബ്ദത്തിലാണ് ഞാന്‍ വിളിച്ചത്. അമ്മേയെന്ന് വിളിക്കാനാണ് എന്തുകൊണ്ടോ എനിക്ക് തോന്നിയത്. ചുക്കി ചുളിഞ്ഞ മുഖത്ത് പഴക്കമുള്ള കറുത്ത ഫ്രെയിമില്‍ തീര്‍ത്ത  ചതുരക്കണ്ണട വച്ച മെലിഞ്ഞു നീണ്ട ഒരു വൃദ്ധ ബദ്ധപ്പെട്ട് പുറത്തേക്ക് വന്ന്, കണ്ണുകള്‍ക്ക് മീതെ വിറയ്ക്കുന്ന കൈകള്‍ വച്ച് ചുട്ടുപൊള്ളുന്ന വെയിലിലേക്ക് പ്രയാസപ്പെട്ടു നോക്കി ആരാത് എന്ന് ചോദിക്കുന്നതും കാത്ത് ഞാന്‍ നിന്നു.

ആയമ്മയുടെ ആദ്യനോട്ടം...! തേടിയെത്തിയ അപരിചിതനിലേക്കെത്താന്‍ പാടുപെടുന്ന ഒരുപക്ഷെ പ്രതീക്ഷാനിര്‍ഭരമായ ആ നോട്ടം അവരോടു ചോദിക്കാതെ തന്നെ പകർത്തിയെടുക്കണം. അതാവട്ടെ ആദ്യ ഫ്രെയിം..! ക്യാമറ റെഡി ആക്കി വയ്ക്കുമ്പോള്‍ മനസ്സ് ഉദ്വേഗഭരിതമായി. 

കുറെ നേരം കൂടി കാത്തു നിന്ന് മുഷിഞ്ഞപ്പോഴാണ് കൌതുകം തോന്നിയ ആ കാര്യം എന്‍റെ ദൃഷ്ടിയില്‍ പതിഞ്ഞത്. ഉമ്മറകതക് അടഞ്ഞു കിടക്കുന്നു.  ഒരിക്കലും അടയ്ക്കാറില്ല എന്ന് നാട്ടുകാര്‍ പറയുന്ന കതകല്ലേ ഇത്....? ഇനി ഒരു പക്ഷെ ആയമ്മയുടെ കെട്ടിയോന്‍ വന്നു കാണുമോ...?  അകത്തുണ്ടാകുമോ...? മനസ്സിനെ ഒന്ന് മയപ്പെടുത്താന്‍ ഒരു തമാശയ്ക്ക് വേണ്ടി ഞാന്‍ വെറുതെ ചിന്തിച്ചു.  

കാത്തുനില്‍പ്പിന് വിരാമമിട്ട് വരാന്തയിലേക്കുള്ള പടികള്‍  കയറി,  ബാഗ് ഇറയത്ത്‌ തൂക്കി, വാതില്‍പാളിയില്‍ മെല്ലെ തള്ളുമ്പോള്‍, എനിക്ക് മുന്‍പില്‍ നേരിയ ഇരുട്ടിലേക്ക് കതക് രണ്ടായി പകുത്തു തുറന്ന്‍, ഉദ്വേഗം വിതറി.  ഒരുപക്ഷെ ഒടുങ്ങാത്ത കാമവെറിയോടെ ഒരു പാട് പുരുഷദുര്‍ഗന്ധങ്ങള്‍ കവച്ചു കടന്ന ഉയരമുള്ള വാതില്‍പ്പടി അമ്മേ എന്ന് വീണ്ടും യാന്ത്രികമായി വിളിച്ചു കൊണ്ടാണ് ഞാന്‍ താണ്ടിയത്. ആ നിമിഷം, പ്രാണനെ പകുത്തുകൊണ്ട് ഒരു വേദന എന്‍റെയുള്ളിലൂടെ അകാരണമായി മിന്നിമാറുന്നത് ഒരു ഞെട്ടലോടെ ഞാനറിഞ്ഞു.

മെല്ലെ ഇരുട്ടകന്നു പോയ്കൊണ്ടിരുന്നു. കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടക്കുകയായിരുന്നു ആയമ്മ. ചുക്കിച്ചുളിഞ്ഞ്‌, നന്നേ മെല്ലിച്ച കോലമായിരുന്നു അത്. പീലികള്‍ നഷ്ടപ്പെട്ട കണ്‍പോളകള്‍  പാതി അടഞ്ഞിരുന്നു. ചെറുതായി തുറന്നിരുന്ന വായിലൂടെ ഒരീച്ച കയറിയിറങ്ങുന്നത് കണ്ട് എന്‍റെ ഉള്ളൊന്നു കാളി. ചുറ്റുപാടും വീക്ഷിച്ച് ഞാന്‍ തെല്ലു നേരം നിശ്ചലനായി. കട്ടിലില്‍ അവര്‍ക്കരുകില്‍ ചെന്ന് നാഡിമിടിപ്പ് നോക്കുമ്പോള്‍ ശരീരമുപക്ഷിച്ചു പോകുന്ന ഇളം ചൂടിന്‍റെ തണുപ്പ് തൊട്ടറിയാനായി. നിരാശ നിറഞ്ഞു നില്‍ക്കുന്ന ആ മുഖത്തേക്ക് നോക്കി അവര്‍ക്കരുകില്‍ ഏറെ നേരം ഞാന്‍ ഇരുന്നു. മെല്ലെ കറുത്ത ഫ്രെയിം ഉള്ള കണ്ണട ഊരി മാറ്റി. വായ ചേര്‍ത്തടച്ചു. 

ഈച്ചകളുടെ എണ്ണം കൂടി വരുന്നുണ്ടായിരുന്നു . അവ തിടുക്കപ്പെട്ട് ആയമ്മയ്ക്ക്‌ ചുറ്റിനും ബഹളം വച്ച് പറന്നു നിന്നു.

നിറംമങ്ങിയ വെളുത്ത ഭിത്തിയില്‍, മങ്ങി പോയിരുന്ന എന്‍റെ കാഴ്ചയ്ക്കൊപ്പം തെളിഞ്ഞു വന്നുകൊണ്ടിരുന്ന, കരിക്കട്ടകൊണ്ട് കോറിയ, വളരെ പഴകിയ കരിപടര്‍ന്ന  അക്ഷരങ്ങളിലേക്കാണ് സ്വയമറിയാതെ എന്‍റെ കണ്ണുകള്‍ എത്തിപ്പെട്ടത്. കറുത്ത ഹൃദയരക്തത്താല്‍ അവിടെ ഇങ്ങനെ എഴുതിയിരുന്നു....

“ജീവിതം മുഴുവന്‍ കണ്ണീരാല്‍ നനഞ്ഞിരിക്കാനായിരുന്നു എന്റെ വിധി. നീ അവശേഷിപ്പിച്ചുപോയ നിന്റെ പ്രണയത്തിനായി കാത്തിരുന്ന എനിക്ക് പടികടന്നുവന്ന മനുഷ്യത്വമില്ലാത്ത സഹനങ്ങള്‍  സന്തോഷമായിരുന്നു.  നീ വരില്ലെന്നറിയാമായിരുന്നിട്ടും, അദമ്യമായിരുന്നു നിനക്കായുള്ള എന്റെ ആഗ്രഹം.  നിന്റെ ഓര്‍മ്മകള്‍ ചേര്‍ത്ത് പിടിച്ച് ഞാന്‍ പോകുന്ന ദിവസം നിന്റെ മകന്‍ എന്റെ ശേഷക്രിയകള്‍ ചെയ്യാന്‍ എത്താതിരിക്കില്ല. അന്ന് അവന്‍ നമ്മുടെ മകനായിതീരും. അങ്ങനെ ഞാനും ഒരമ്മയാകും.... ഒരു മകന്റെ അമ്മ.”
annusones@gmail.com 









30 comments:

  1. അമ്മയായ നിമിഷം....മുന്‍വിധികളോടെ ആണ് വായിക്കാന്‍ തുടങ്ങിയത്....പക്ഷെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌.....! നന്നായിരിക്കുന്നു.....ആശംസകള്‍.....!

    ReplyDelete
  2. കുറഞ്ഞ നാളുകളിലെ ദാമ്പത്യത്തിനു ശേഷം വേർപ്പെട്ട ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യ...നല്ലൊരു സങ്കൽപം തന്നെ.

    ക്ലൈമാക്സിൽ ആ സ്ത്രീ മരിക്കുമെന്നുറപ്പായിരുന്നെങ്കിലും ഭിത്തിയിൽ കോറി വെച്ച വാക്കുകളിലെ അപ്രവചനീയത എന്നെ വിസ്മയിപ്പിക്കുന്നു...

    ReplyDelete
  3. വളരെ ഇഷ്ടപ്പെട്ടു ഈ കഥ അന്നൂസേ.

    ReplyDelete
  4. കൊള്ളാം..
    കഥയിലെ അവസാന ട്വിസ്റ്റിലൂടെ
    കഥാഗതി തന്നെ മാറ്റിക്കളഞ്ഞല്ലോ

    ReplyDelete
  5. ചില വാക്കുകൾ സത്യമാവാതെ പോവില്ല. അതിനായി സാഹചര്യങ്ങളെല്ലാം അനുകൂലമായി സമ്മേളിക്കും. വിധിഹിതമാണോ യാദൃശ്ചികതയാണോ എന്ന വിഭ്രമം സൃഷ്ടിക്കുന്ന കഥാവസാനം ഗംഭീരമായി. ആശംസകൾ.

    ReplyDelete
  6. വ്യത്യസ്ത രീതിയിൽ കഥയെ അവതരിപ്പിക്കാൻ പരിശ്രമിക്കുംബോഴുണ്ടാകുന്ന ഒരസ്വസ്തത ഇവിടെയും കാണുന്നു. ആദ്യം തുടങ്ങി കൂട്ടുകാരനെ വായിച്ചു തുടങ്ങുന്നയിടത്ത് നിന്ന് കഥ വീണ്ടും ആരംഭിക്കുന്ന പോലെ.
    എടുത്തു പറയാവുന്ന ഒരേ ഒരു കാര്യമായി കണ്ടത് അപ്രതീക്ഷിത ക്ലൈമാക്സ് മാത്രം.
    എഴുതുക തുടരുക - നന്ദി

    ReplyDelete
    Replies
    1. ഉണ്ടായ അസ്വസ്ഥത തീര്‍ച്ചയായും ഗൌരവത്തില്‍ എടുക്കുന്നതാണ്. തുടര്‍ന്ന് ശ്രദ്ധ ചെലുത്താം എന്നുറപ്പ് തരുന്നു. വരവിനും അഭിപ്രായത്തിനും സ്നേഹം പ്രിയ മദാരി.

      Delete
  7. കഥ പറഞ്ഞു വന്ന രീതി വളരെ നന്ന്. അവസാനം എല്ലാവരും സൂചിപ്പിച്ചപോലെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. കഥ ഇഷ്ടമായി അന്നൂസ് ആശംസകൾ.

    ReplyDelete
  8. ഞാന്‍ വിടപറയുന്ന ദിവസം നിന്‍റെ മകന്‍ എന്‍റെ ശേഷക്രിയകള്‍ ചെയ്യാന്‍ എത്താതിരിക്കില്ല.
    അവിശ്വസനീയമായിട്ടം ഈ വരികളിലൂടെ കഥ ഒരു ജീവിതമായിത്തീരുമ്പോലെ തോന്നി.
    നല്ല അവതരണം

    ReplyDelete
  9. സങ്കടമായി...

    ReplyDelete
  10. നിയതിയുടെ നിയോഗമല്ലോ എല്ലാം.....
    നന്നായി എഴുതിയിരിക്കുന്നു കഥ.
    ആശംസകള്‍

    ReplyDelete
  11. നിയതിയുടെ നിയോഗമല്ലോ എല്ലാം.....
    നന്നായി എഴുതിയിരിക്കുന്നു കഥ.
    ആശംസകള്‍

    ReplyDelete
  12. ..കഥ എഴുതുക എന്നതിലുപരി അനുവാചകന് നവംനവങ്ങളായ അനുഭൂതികള്‍ പകര്‍ന്നു നല്കുക എന്നതിലായിരിക്കണം എഴുത്തുകാരന്റെ കണ്ണ് .ആ സ്ത്രീയുടെ ദൈന്യാവസ്ഥ വായനക്കാരനേ അനുഭവിപ്പിക്കാന്‍ കഴിഞ്ഞോ എന്നു പരിശോധിക്കൂ

    ReplyDelete
    Replies
    1. തീര്‍ച്ചയായും പരിശോധിക്കുന്നതാണ്. വന്നതിനും നിര്‍ദ്ദേശങ്ങള്‍ തന്നതിനും പ്രിയ ബ്ലോഗ്ഗര്‍ക്ക് നന്ദിയും സ്നേഹവും

      Delete
  13. അവസാനം വളരെ നന്നായി - ഉത് പോലൊരു പത്രവാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു (അവസാന ഭാഗം ഒഴികെ ഏതാണ്ട് ഇത് പോലെ )
    സ്നേഹം ...

    ReplyDelete
  14. വായനക്കാരുടെ നിറം മങ്ങിയ വെളുത്ത ഭിത്തിയിൽ , ആയമ്മമാർക്ക് വേണ്ടി , കഥാകാരൻ കരിക്കട്ട കൊണ്ട് , കരിപുരണ്ട അക്ഷരങ്ങളിൽ കോറിയിട്ട, ആ വാക്കുകളാണ് ഈ കഥയെ മറ്റൊരു തലത്തിൽ എത്തിച്ചത് എന്ന് എനിക്ക് തോന്നുന്നു.... എന്റെ ആശംസകൾ അന്നുസ്.

    ReplyDelete
  15. ക്ലൈമാക്സ്, മികച്ചതായി

    ReplyDelete
  16. ക്ലൈമാക്സിലേയ്ക്കെത്താനുള്ള തത്രപ്പാടിൽ കഥാവഴിയുടെ മനോഹാരിതയിൽ അന്നൂസിന്ന്റെ ശ്രദ്ധ പാളിയതായി തോന്നി. എങ്കിലും ഇഷ്ടമായി.

    ReplyDelete
    Replies
    1. തെറ്റുകള്‍ തീര്‍ച്ചായും പുനപരിശോധിക്കുന്നതാണ്. വരവിനും നിര്‍ദ്ദേശങ്ങള്‍ക്കും ആശംസകള്‍ അറിയിക്കട്ടെ ,പ്രിയ നന്ദനം.

      Delete
  17. ബേബിയെ കണ്ടതിനു ശേഷമുള്ള കടയിലെ രണ്ടു ഖണ്ഡികകൾ രണ്ടു വരിയിൽ ഒതുക്കേണ്ടി ഇരുന്നു. കഥയുടെ ഭംഗിയെ അത് അത്ര കണ്ടു ബാധിക്കുന്നു. ആദ്യം പറഞ്ഞ വഴി കാട്ടി കഥയുടെ ഗൌരവത്തെ ഉൾക്കൊള്ളൂന്നവനായിരുന്നു. കഥാ ഗതിയ്ക്ക് യോജിച്ചവൻ. ചെത്തുകാരൻ രാമുവാകട്ടെ അമിത സംസാരം കൊണ്ട് കഥയുടെ ഭംഗിയെ ഹനിക്കുന്നവൻ. രണ്ടും ഇനി ഒരാളാണോ? ഈ രാമുവിനെ ബേബിയുടെ കടയിൽ വച്ച് കാര്യം (ചെറിയ വിവരണം) മതിയായിരുന്നു) പറയിക്കേണ്ടി ഇരുന്നു. എന്നിട്ട് വീട്ടിലേയ്ക്കുള്ള യാത്ര, മിണ്ടാത്ത വഴി കാട്ടിയുടെ പിറകെ ആകേണ്ടി ഇരുന്നു. അപ്പോൾ കഥയുടെ അവസാനത്തിനു യോജിച്ചിരുന്നെനെ. നാട്ടിലേയ്ക്കുള്ള പോക്ക് എന്ന് പറയുമ്പോൾ ബേബിയുടെ കടയും നാട്ടിൽ ആണെന്നൊരു തോന്നൽ വന്നു. അത് മറ്റൊരു നാട്ടിൽ ആകുന്നതാണല്ലോ കഥയുടെ അവസാന ഭാഗത്തിന് യോജിക്കുന്നത്‌.

    നന്നായി എഴുതി. അവസാനവും വളരെ നന്നായി. നല്ല കഥ.

    ReplyDelete
    Replies
    1. പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും ഗൌരവത്തില്‍ എടുക്കുന്നതാണ്. ബിപിന്‍ ചേട്ടന്‍റെ അഭിപ്രായം കഥയിലെ ചില പോരായ്മകളിലേക്ക് വിരല്‍ ചൂണ്ടുന്നു. നല്ല നിര്‍ദേശങ്ങള്‍ക്ക് എപ്പോഴും സ്വാഗതം. ഒപ്പം സ്നേഹവും.

      Delete
  18. കഥയുടെ ട്വിസ്റ്റ് മനോഹരമായി.എല്ലാം വായനക്കാരന് വിട്ടു കൊടുത്തു കൊണ്ടുള്ള അന്ത്യം.

    ReplyDelete
  19. കതകടയ്ക്കാതെ കാത്തിരിന്ന സ്നേഹം.

    ReplyDelete
  20. മൊയ്തീൻ കാഞ്ചനമാല പ്രണയം കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് മറ്റൊരു കാത്തിരിപ്പിന്റെ കഥ. എല്ലാവരും പറഞ്ഞതു പോലെ കഥാന്ത്യം വേറിട്ടൊരു മാനം നൽകി. ആശംസകൾ അന്നൂസേട്ടാ..

    ReplyDelete
  21. ആദ്യ ഭാഗത്ത് കുറച്ച് നീളം കൂടുതൽ തോന്നിച്ചെങ്കിലും അവസാന ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിക്കാത്തതായി ' വളരെ നന്നായിരിക്കുന്നു കഥ.
    ആശംസകൾ ....

    ReplyDelete
  22. ആദ്യ ഭാഗത്ത് കുറച്ച് നീളം കൂടുതൽ തോന്നിച്ചെങ്കിലും അവസാന ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിക്കാത്തതായി ' വളരെ നന്നായിരിക്കുന്നു കഥ.
    ആശംസകൾ ....

    ReplyDelete
  23. ഇത് കഴിഞ്ഞ കൊല്ലത്തെ കഥയാണല്ലേ. ഇപ്പോഴാണ് കണ്ടത്. അവസാന ഭാഗം നാടകീയമായായി തോന്നിയെങ്കിലും മൊത്തത്തിൽ നല്ലൊരു കഥ.

    ReplyDelete
  24. ഇത് കഴിഞ്ഞ കൊല്ലത്തെ കഥയാണല്ലേ. ഇപ്പോഴാണ് കണ്ടത്. അവസാന ഭാഗം നാടകീയമായായി തോന്നിയെങ്കിലും മൊത്തത്തിൽ നല്ലൊരു കഥ.

    ReplyDelete