ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday 30 April 2020

എന്‍റെ പെണ്ണുകാണൽ ക്ഷമപരീക്ഷണങ്ങള്‍ (അന്നുക്കുട്ടന്റെ ലോകം- പതിമൂന്ന്)


രാജാക്കന്മാരുടെ ഭരണകാലത്തെപ്പറ്റി സുവര്‍ണ്ണ കാലഘട്ടം എന്നൊക്കെ പറയുംപോലെ 2003 മുതല്‍ 2006 വരെയായിരുന്നു എൻറെ പെണ്ണുകാണൽ സുവര്‍ണ്ണകാലഘട്ടം. ആ കാലയളവിനുള്ളിൽ ഏകദേശം അമ്പതോളം പെൺപിള്ളേരെ കല്യാണം ആലോചിച്ച കൊടുംഭീകരനാണ് ഞാനെന്ന് വേണമെങ്കില്‍ പറയാം. അതിൽ 17 എണ്ണത്തിനെ ഞാൻ നേരിൽ പോയി കണ്ട് പരിചയപ്പെട്ട്, ചായയും ബിസ്കറ്റും കഴിച്ച ശേഷം ചുമ്മാ ടാറ്റാ പറഞ്ഞു പിരിഞ്ഞു എന്നു പറയുമ്പോള്‍ എന്‍റെ ക്രൂരതയുടെ മുഖം നിങ്ങള്‍ക്ക് ഏകദേശം ഊഹിക്കാമല്ലോ.  പൊതുവേ അന്തർമുഖനും ആളുകളോട് ഇടപെടുന്നതില്‍ തീരെ പരാജയപ്പെട്ടവനും ആയിരുന്നെങ്കിലും പെണ്ണുകാണല്‍ മഹോത്സവം ഞാൻ വളരെ കേമമായി കൊണ്ടാടി എന്നുതന്നെ പറയാം. 
 സദാചാര പോലീസിനെ പേടിക്കാതെ, നാട്ടിലുള്ള ചുള്ളത്തികളായ പെണ്‍പിള്ളേരോടു അവളുടെ അച്ഛന്‍റേം അമ്മയുടെയും അനുവാദത്തോടെ പരിചയപ്പെടാനും സംസാരിക്കാനും ധൈര്യമായി സ്വപ്നങ്ങളെപ്പറ്റി ചോദിക്കാനും പെണ്ണുകാണല്‍പോലെ മഹത്തരമായ വേറെ ഏത് കലാപരിപാടി ഉണ്ട് ഇവിടെ ? അപ്പോള്‍പിന്നെ അങ്ങനൊരു കാലഘട്ടം തന്നെ ഉണ്ടായാല്‍ അതിനെപ്പിന്നെ സുവര്‍ണ്ണ കാലഘട്ടം എന്നുതന്നെയല്ലേ വിളിക്കേണ്ടത് ? മേൽപ്പറഞ്ഞ കാലയളവിൽ ഈ ആവശ്യത്തിനായി മധ്യകേരളത്തിൽ ആകമാനം ഒരു എട്ടുപത്ത് റൗണ്ട് പ്രദക്ഷിണം വയ്ക്കാൻ എനിക്കായി എന്നുതന്നെ പറയാം.

 പല പെണ്ണുകാണൽ യാത്രകളും ഏതെങ്കിലും ഒരു കല്ല്യാണ ബ്രോക്കർമാരോടൊപ്പം ആയിരിക്കും. കാണുന്നത് നമ്മളാണെങ്കിലും കാണിക്കല്‍ അവരുടെ അവകാശമാണല്ലോ. കൂടെ കൂടുന്ന മിക്കവാറും എല്ലാ ബ്രോക്കര്‍മാരും അന്‍പതു കഴിഞ്ഞവര്‍ ആയിരിക്കും. യാത്രകളിൽ അവരോട് കുശലം പറഞ്ഞ് അവരുടെ ജീവിത ചുറ്റുപാടുകൾ ചോദിച്ചറിഞ്ഞു അവർ പറയുന്ന  ജീവിതാനുഭവങ്ങള്‍ കേട്ട് രസകരമായിരുന്നു പല യാത്രകളും. പുറപ്പെടല്‍യാത്രകള്‍ ഒക്കെ നല്ല ഉത്സാഹത്തിൽ ആയിരിക്കുമെങ്കിലും മടക്കയാത്രകള്‍ മിക്കവാറും നിരാശകളുടേതായിരിക്കും. അങ്ങോട്ട് സന്തോഷം കൊണ്ട് വീര്‍ത്തു തുടുത്ത മുഖമാണെങ്കില്‍ ഇങ്ങോട്ടത് ബ്ലിങ്ങി പണ്ടാരടങ്ങി ഇരിക്കും. പെണ്ണിൻറെ വീടിനടുത്ത് കാറ്റടിക്കുന്നുണ്ടെന്നോ അല്ലെങ്കില്‍ പെണ്ണിന്റെ അയല്‍പക്കത്തെ വീടിനു മതിലില്ല ഇത്യാദി നിസാര കാര്യങ്ങളുടെ പേരിൽ പോയ കാര്യം നടക്കില്ല എന്ന തിരിച്ചറിവ് ആയിരിക്കും ഈ ബ്ലിങ്ങലിന് കാരണം. 
 ചെറുപ്പം മുതലേ ഞാനിത്തിരി ദേഷ്യക്കാരനായിരുന്നു എന്നതാണ് എന്‍റെ ഏറ്റവും വലിയ പോരായ്മ. പെട്ടെന്നു ദേഷ്യപ്പെടുന്നവര്‍ സ്നേഹവും ആത്മാര്‍ഥതയും ഉള്ളവരാണെന്നുള്ള ഫെയിസ്ബുക്ക് സൂക്തങ്ങള്‍ ഒക്കെ കാണും വരെ ഞാന്‍ അതൊരു പോരായ്മയായി കൊണ്ട് നടന്നു എന്നു വേണം പറയാന്‍. സത്യത്തില്‍ ഇപ്പോള്‍ അതെനിക്കൊരു അലങ്കാരമായിട്ടാണ് തോന്നുന്നത്. കാരണം സ്നേഹവും ആത്മാര്‍ഥയും ദേഷ്യത്തിനൊപ്പം വഴിഞ്ഞൊഴുകുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനമാണെനിക്കിപ്പോള്‍. 
 എന്തായാലും, പൊതുവേ ഞാൻ ക്ഷിപ്രഗോപി ആണെന്നുള്ള അച്ഛനും നാട്ടുകാരും തന്ന സർട്ടിഫിക്കറ്റ് കൈയിലുള്ളത് കാരണവും ആ ആരോപണത്തില്‍ ഇത്തിരി കഴമ്പുണ്ട് എന്നു എനിക്കു സ്വയം തോന്നിയതിനാലും കെട്ടാൻ പോകുന്ന പെണ്ണെങ്കിലും ശാന്ത സ്വഭാവക്കാരി ആയിരിക്കണമെന്ന് എനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു. ചെറിയ ചെറിയ നിബന്ധനകള്‍ക്കിടയിലെ മുന്തിയ പ്രയോറിറ്റി ഈ നിബന്ധനക്കായിരുന്നു. സജാതീയധ്രുവങ്ങള്‍ വികര്‍ഷിക്കും എന്നാണല്ലോ പഴമൊഴി. രണ്ടുപേരും ദേഷ്യക്കാരായിരുന്നാല്‍ വികര്‍ഷിച്ചാലോ? അതായിരുന്നു ഇങ്ങനൊരു നിബന്ധനയില്‍ മുറുകെപ്പിടിക്കാന്‍ കാരണം. 
 അതുകൊണ്ട് പെണ്ണുകാണലിന് ഇടയ്ക്ക് അവരുടെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സിമ്പിള്‍ ട്രിക്ക് ഞാൻ പതിവായി എല്ലായിടത്തും പ്രയോഗിച്ചു പോന്നു. ചായകുടി കഴിഞ്ഞ് പെണ്ണുമായി സംസാരത്തിൽ ഏർപ്പെടുന്ന അസുലഭസമയത്ത് അവള്‍ക്കായി ഏതെങ്കിലും ഒരു ചോദ്യം അവസരോചിതമായി ഞാൻ കരുതി വയ്ക്കും. മിക്കവാറും മൂന്നോ നാലോ ആവർത്തി അതേ ചോദ്യം ഒന്നുമറിയാത്തതുപോലെ ഞാന്‍ ചോദിക്കും. ഉദാഹരണത്തിന് എത്ര വയസുണ്ട് ?’എന്ന ചോദ്യം ഒരു നാല് തവണയും മറ്റും ആവര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍ സ്വതവേ ദേഷ്യമുള്ളവര്‍ പലരും അറിയാതെ  ചെറിയ രീതിയില്‍ എങ്കിലും നെഗറ്റീവായി പ്രതികരിക്കും എന്നതായിരുന്നു അതിലെ ആ സിമ്പിള്‍ ട്രിക്ക്. ആദ്യ സമാഗമത്തില്‍ തന്നെ അക്ഷമയും നീരസവും കാണിക്കുന്ന ഒരാള്‍ പിന്നേടങ്ങോട്ട് അതിലപ്പുറമായിരിക്കില്ലേ എന്നതാണ് ഞാന്‍ അതില്‍നിന്ന് മനസ്സിലാക്കിയെടുക്കുന്ന സാരാംശം.
 മിക്കവാറും മൂന്നാമത്തെ തവണ ചോദിക്കുമ്പോൾ തന്നെ ഈ ചോദ്യം പലതവണ  ചോദിച്ചതല്ലേ എന്ന് അവര്‍ തിരിച്ചു ചോദിക്കുകയോ  വീണ്ടും ഒരിക്കൽ കൂടി ചോദിച്ചാൽ ശരിക്കും നീരസം പ്രകടിപ്പിക്കുകയോ മിണ്ടാതെ നിൽക്കുകയോ ഒക്കെ ചെയ്യുന്നതും പതിവായിരുന്നു. അപ്രതീക്ഷിതമായ എൻറെ ഈ ആക്രമണത്തിൽ പല തരുണിമണികളും നിലംപരിശാകുന്നതു കണ്ട് ഞാന്‍ സന്തോഷിച്ചിരുന്നെങ്കിലും തന്മൂലം എന്‍റെ കല്ല്യാണം ത്രിശങ്കുവില്‍ ആകുകയായിരുന്നു പതിവ്.

 മുണ്ടക്കയത്ത് ഒരു പെണ്ണിനെ കാണാന്‍ പോയപ്പോള്‍ ഏതു കോളേജിലാണ് പഠിച്ചത് എന്ന സിമ്പിൾ ചോദ്യമായിരുന്നു അന്നത്തെ എൻറെ ആയുധം

സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി ...

അവൾ അങ്ങേയറ്റം വിനയത്തോടെയാണ് ആദ്യം എനിക്ക് മറുപടി നൽകിയത്. മറ്റു ചില കാര്യങ്ങള്‍ സംസാരിച്ച ശേഷം കിട്ടിയ ഗ്യാപ്പില്‍ ഞാൻ വീണ്ടും രണ്ടു തവണ കൂടി അതേ ചോദ്യം ചോദിച്ചു. രണ്ടാമത്തെ തവണകൂടി മര്യാദക്ക് മറുപടി തന്നെങ്കിലും മൂന്നാമത്തെ തവണ അവൾ തെല്ല് അവിശ്വസനീയതയോടെയും അരിശത്തോടെയും  എൻറെ കണ്ണിലേക്ക് നോക്കിയിട്ട്  സെൻറ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി.. എന്നു നല്ല സ്ഫുടമായിട്ടാണ് മറുപടി നൽകിയത്. മുന്‍പ് രണ്ടു തവണ ഇത് ചോദിച്ചതല്ലേ..  ഞാൻ മറുപടി നൽകിയിരുന്നു.. കേട്ടില്ലാരുന്നോ?’ അവൾ നീരസത്തോടെ തിരിച്ചു ചോദിക്കാതെയും ഇരുന്നില്ല. ആണോ ഞാൻ ഓർക്കുന്നില്ല  എന്ന് പറഞ്ഞ് അവള്‍ പറഞ്ഞത് മൈന്‍റ് ചെയ്യാതെ ഞാന്‍ അപ്പോള്‍ വീണ്ടും സംസാരം തുടരുകയാണ് ചെയ്തത്.  എന്‍റെ അന്നേരത്തെ മനോഭാവം കണ്ട് അവളുടെ മുഖം ചുവക്കുന്നത് ഞാൻ ഇടയ്ക്കു ഒന്നുപാളി കാണുകയും ചെയ്തു. 
 മൂന്ന് തവണ ആ ചോദ്യം നേരിട്ട് അക്ഷമയായി നിൽക്കുന്ന അവളോടു നാലാമത് ഒരിക്കല്‍കൂടി ആ ചോദ്യം ചോദിച്ച് ഓണ്‍ ദ സ്പോട്ടില്‍ ഒരു കുടുംബ കലഹം ഉണ്ടാക്കണോ എന്നു ഞാന്‍ അപ്പോള്‍ ആലോചിക്കാതിരുന്നില്ല. പക്ഷേ അവളുടെ തെളിയാത്ത നീരസം കലർന്ന മുഖം കണ്ടപ്പോൾ എനിക്ക് ഒരിക്കൽ കൂടി ആ ചോദ്യം ചോദിച്ചു കിട്ടാനുള്ളത് കയ്യോടെ വാങ്ങി വീട്ടില്‍ കൊണ്ടുപോകണമെന്ന് അതിയായ ആഗ്രഹം തോന്നി എന്നതാണ് സത്യം.

ആ പഠിച്ച കോളേജീന്‍റെ പേര് എന്താ... ഞാന്‍ മറന്നു...  ഒന്നും അറിയാത്തപോലെ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി ഞാൻ വീണ്ടും ഒരിക്കല്‍കൂടി ആ ചോദ്യം ചോദിച്ചു. അവൾ ദേഷ്യപ്പെട്ട് അകത്തേക്ക് പോയി രണ്ടു മിനിറ്റിനുള്ളിൽ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകളുമായി എന്‍റെ മുന്പില്‍ ഹാജരായി.

ദേ നോക്ക് .. ഡിഗ്രിയുടേയും പോസ്റ്റ് ഗ്രാജുവേഷന്‍റെയും ഒക്കെ സർട്ടിഫിക്കറ്റുകള്‍ ഇതിലുണ്ട്.  ഇന്നാ നോക്കി തൃപ്തി അടഞ്ഞിട്ട് പോയാ മതി.. അവൾ നല്ല കലിപ്പിൽ ആയിരുന്നു.

  അയ്യേ ക്ഷമ തീരെ ഇല്ലാത്ത പെൺകൊച്ച് !! ആരാണ്ട് അവള്‍ടെ ക്ഷമയെ പരീക്ഷിച്ചതുപോലെയാണല്ലോ അവളുടെ പെരുമാറ്റം! ഇവളെ എങ്ങനെ കല്യാണം കഴിച്ചു കൂടെ താമസിപ്പിക്കും ? ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് എല്ലാക്കാര്യത്തിനും ഇതേപോലെ ദേഷ്യപ്പെടാന്‍ തുടങ്ങിയാലോ? അല്ലേലും  ദുർവാസാവ് വിൻറെ സ്വഭാവമുള്ള എനിക്ക് ഭദ്രകാളിയുടെ സ്വഭാവമുള്ള ഒരു പെണ്ണ് എന്തായാലും ചേരില്ലല്ലോ. ഞാന്‍ പിന്‍വാങ്ങി. എങ്കിലും ആ പെണ്ണിനെ അത്യാവശ്യം കാണാൻ കൊള്ളാവുന്നതുകൊണ്ട് ഞാൻ ആദ്യമേ കേറി ഇഷ്ടപ്പെട്ടില്ല എന്ന് അങ്ങോട്ടു പറഞ്ഞില്ല കേട്ടോ. പക്ഷേ രണ്ടുദിവസത്തിനുള്ളിൽ അവൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല എന്ന റിസൾട്ട് ബ്രോക്കർ വഴി എനിക്ക് കിട്ടി ബോധിച്ചു. ആ ചെക്കന് ഓർമ്മശക്തിക്ക് എന്തോ കുഴപ്പമുണ്ട്.  അതോ ജെന്‍മനാ മന്ദബുദ്ധി ആണോന്നാണ് സംശയം. ഇപ്പോ പറയുന്ന കാര്യം ഒരു മിനിറ്റ് നേരം കഴിഞ്ഞാല്‍ ഓർത്തിരിക്കാൻ പറ്റാത്ത ഒരുത്തനെ എന്തായാലും എനിക്ക് വേണ്ട. അവള്‍ സ്കൂട്ടായി. അങ്ങനെ അതും സ്വാഹയായി.

 ഇങ്ങനെ കുസൃതിയും കുറുമ്പുമായി പെണ്ണ് കണ്ടു നടക്കുന്നതിനിടയിലാണ് എൻറെ പതിനാറാമത്തെ പെണ്ണുകാണൽ ഒത്തുവരുന്നത്. സെക്കന്‍ഡ് ലാസ്റ്റ് പെണ്ണുകാണല്‍. പാപ്പച്ചൻ ചേട്ടൻ ആയിരുന്നു ബ്രോക്കർ. നേരത്തെ ഒന്നുരണ്ട് പെണ്ണുകാണലിന് എനിക്കൊപ്പം വന്നിട്ടുള്ളത് കൊണ്ടും കല്യാണം കഴിക്കാനുള്ള എന്‍റെ അദമ്യമായ ആഗ്രഹം അറിയാവുന്നത് കൊണ്ടും അങ്ങേര് എന്നെ വിടാതെ പിടിച്ചിരിക്കുകയായിരുന്നു അക്കാലത്ത്. 
 പുലർച്ചെയാണ്  ലാന്‍ഡ് ഫോണില്‍ വിളി വന്നത്. തൊടുപുഴയില്‍ പോയി കാണാനിരുന്ന ഒരു പെൺകുട്ടി എൻറെ നാട്ടിലേക്ക് വരുന്നു.  അവളുടെ അമ്മാവൻറെ വീട്ടിൽ. അന്നേ ദിവസം ഉച്ച വരെ അവൾ അമ്മാവൻറെ വീട്ടിൽ കാണും. അവിടെ പോയാല്‍ കാണാന്‍ പറ്റും. വിളിച്ച് പറഞ്ഞിട്ടുണ്ട്. കാഴ്ച തരപ്പെട്ടാല്‍ തൊടുപുഴയ്ക്കുള്ള ഒരു യാത്ര ഒഴിവാക്കാം എന്ന് പാപ്പച്ചൻ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും നോക്കാതെ സമ്മതം മൂളി

 പഴയ ബസ് സ്റ്റാൻഡിൽ വച്ച് കാണാം അവിടുന്ന് ഒരുമിച്ച് പോകാം അതായിരുന്നു പ്ലാൻ. കുളിച്ചൊരുങ്ങി പൗഡർകുട്ടപ്പനായി പഴയ സ്റ്റാൻഡിലേക്ക് വച്ച് പിടിക്കുന്നതിനിടയിൽ അന്ന് ചോദിക്കേണ്ട ടെസ്റ്റ്ചോദ്യത്തെകുറിച്ചായിരുന്നു അപ്പോള്‍ എന്‍റെ ചിന്ത. തൊടുപുഴക്കാര്‍ക്ക് ഹൈറേഞ്ച് കാരോട് പൊതുവേ ഒരു പുച്ഛമുണ്ടല്ലോ. അതില്‍ പിടിച്ച് എന്തെങ്കിലും ചോദിക്കാം. ഞാന്‍ ഉറപ്പിച്ചു. അതാകുമ്പോള്‍ രണ്ടു തവണ ചോദിക്കുമ്പോള്‍ തന്നെ കാര്യം തീരുമാനമാകും. അല്ലപിന്നെ. ഹൈറേഞ്ചുകാരുടെ അടുത്താ തൊടുപുഴക്കാരന്റെ കളി....!

 പഴയ സ്റ്റാൻഡിൽ എത്തുമ്പോൾ പാപ്പച്ചൻ ചേട്ടൻ വിഷണ്ണനായി നിൽക്കുകയാണ്. ആ പെൺകൊച്ച് ഇന്ന് വരുന്നില്ലത്രേ.. പെട്ടെന്ന് എന്തോ അത്യാവശ്യം ഉണ്ടായത് കാരണം വരവ് മാറ്റിവെച്ചിരിക്കുന്നു എന്ന് വിളിച്ച് പറഞ്ഞിട്ട് അരമണിക്കൂറായാതെ ഉള്ളൂ പോലും. അതായിരുന്നു പാപ്പച്ചന്‍ ചേട്ടന്റെ വിഷാദത്തിന്റ്റെ കാരണം. എന്ത് ചെയ്യും അങ്ങേര്‍ എന്നോട് ചോദിച്ചു. അതിനെന്താ ... പ്രോഗ്രാം നമുക്ക് മാറ്റി വെക്കാം ഞാൻ പറഞ്ഞു. അതുപറ്റില്ല ഇറങ്ങിയതല്ലേ നമുക്ക് വേറൊരു പെണ്ണിനെ കണ്ടാലോ?  ഇവിടെ തൊട്ടടുത്ത് ഒരു പെൺകുട്ടിയുണ്ട്. കാണാൻ നല്ല കുട്ടിയാ. വിദ്യാഭ്യാസവും ഉണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായില്ല. അമ്മയും ഒരു സഹോദരനും മാത്രം. സഹോദരൻ ഹൈദരാബാദിൽ പഠിക്കുകയാണ് അങ്ങേര് അവരുടെ ഫാമിലിയെപ്പറ്റി ഒരു ബ്രീഫ് തന്നു.

 എന്തായാലും ഇറങ്ങിയതല്ലേ  പോയേക്കാം എന്ന് ഞാനും പറഞ്ഞു. ചെല്ലുന്ന വിവരം അവരോട് പറഞ്ഞിട്ടുണ്ടോ. ഞാന്‍ ആരാഞ്ഞു. പറഞ്ഞിട്ടില്ല.. അതൊന്നും സാരമില്ല. അവരു നമ്മുടെ സ്വന്തം ആളാ.. നമുക്ക് അങ്ങോട്ട് ചെല്ലാം..യാതൊരു കുഴപ്പവും ഇല്ലാന്നേ.. അദ്ദേഹം ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി മുമ്പിൽ നടന്നു.

 ഓട്ടോയില്‍ പെണ്ണിന്‍റെ വീടിൻറെ മുൻപിൽ ചെന്ന് വണ്ടി ഇറങ്ങുമ്പോൾ പത്തിരുപത്തിരണ്ടു വയസുതോന്നുന്ന ഒരു പെൺകുട്ടി വരാന്തയിലെ അര ഭിത്തിയിൽ കയറിയിരുന്ന് ഏതോ പുസ്തകം വായിക്കുന്നത് കണ്ടു. തീര്‍ത്തും അലസമായിരുന്നു അവളുടെ രൂപവും ഭാവവും. ഷെര്‍ലക്ക്  ഹോംസിന്‍റെ ഏതോ കുറ്റാന്വേഷണ നോവലാണ് കക്ഷി വായിക്കുന്നത്. വല്ല്യ ബുദ്ധിജീവി ആണെന്ന് തോന്നുന്നു.  പാപ്പച്ചൻ ചേട്ടനെ പരിചയം ഉള്ളതുകൊണ്ട്  ഞങ്ങളെ കണ്ട മാത്രയില്‍ എഴുന്നേറ്റ്  കേറി വാ ചേട്ടാ ഇരിക്ക് .. എന്ന് പറഞ്ഞ് അവള്‍ ക്ഷണിച്ചു.  അമ്മേ ദേ..  പാപ്പച്ചൻചേട്ടന്‍...  അവൾ കൂസലില്ലാതെ അലമ്പു ശബ്ദത്തില്‍ അകത്തേക്ക് വിളിച്ചുപറഞ്ഞ ശേഷം വീണ്ടും അരഭിത്തിയിൽ കയറിയിരുന്ന് പുസ്തകം വായിക്കല്‍ തുടര്‍ന്നു. അതുവരെ മറഞ്ഞിരുന്ന  വറുത്ത നിലക്കടല പാത്രം തന്റെ അരികിലേക്ക് അല്പം കൂടി ചേർത്ത് വച്ച് ഞങ്ങള്‍ക്ക് അതില്‍നിന്ന് ഒട്ടും തരില്ലെന്ന മട്ടില്‍ അവള്‍ കൊറിക്കാന്‍ തുടങ്ങി. ങും.. കൊറിക്ക് കൊറിക്ക്.. യോഗമുണ്ടെങ്കില്‍ ഞാനും ഇവിടുന്ന് കൊറിക്കും നോക്കിക്കൊ.. ഞാന്‍ കലിപ്പോടെ അവളെ നോക്കി മനോഗതം ഉരുവിട്ടുകൊണ്ട് പാപ്പച്ചന്‍ ചേട്ടനൊപ്പം വരാന്തയില്‍ ഒരു സീറ്റ് പിടിച്ചു.  ‘ദേ ഇതാണ് പെണ്ണ് .. വേണമെങ്കില്‍ നല്ലപോലെ കണ്ടോണം.. പാപ്പച്ചന്‍ചേട്ടൻ ഒതുക്കത്തില്‍ അരമതിലില്‍ ഒളികണ്ണിട്ട് നോക്കി എൻറെ ചെവിയിൽ രഹസ്യമായി പറഞ്ഞു. പുള്ളി പറയുന്നതിന് മുന്പെ തന്നെ പെണ്ണ് അതാകും എന്നൂഹിച്ച് ഞാൻ അവളെ കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ആവശ്യം നമ്മുടേതല്ലേ. അതിന് ഇതിലും നല്ല അവസരം വേറെ ഇല്ലല്ലോ. അവളാകട്ടെ ഒന്നുമറിയാതെ കൊറിക്കലും വായനയും തുടര്‍ന്നു. കൊറിക്കലും വായനയും... വായനയും കൊറിക്കലും.. ങൂം..!  ഒരു കുറ്റാന്വേഷക വന്നിരിക്കുന്നു..

 അതിനിടയിൽ അവളുടെ അമ്മ വാതുക്കൽ പ്രത്യക്ഷപ്പെട്ടു.

ചേട്ടൻ ഈ വഴി വന്നിട്ട് കുറേ ആയല്ലോ.. എന്താ വിശേഷം..? ആ സ്ത്രീ ആരാഞ്ഞു. പാപ്പച്ചന്‍ ചേട്ടന്‍ കൃത്രിമ ബഹുമാനം വരുത്തി അവരെയും എന്നെയും മാറിമാറി നോക്കി.

ഈ ചെറുക്കൻ നമുക്ക് വേണ്ടപ്പെട്ട ഒരാളാണ്.. ചേട്ടൻ എന്നെ ചൂണ്ടി. മോളെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി വിളിച്ചു കൊണ്ടു വന്നതാണ്. നേരത്തെ അറിയിക്കാൻ പറ്റിയില്ല... അത് കാര്യമാക്കരുത്.. പാപ്പച്ചന്‍ ചേട്ടന്‍ വിനയത്തിന്റെ അവതാരമായി മാറി.

 ഡിം... !!! അരമതിലിലെ പെൺകുട്ടി’ ഒന്നു ഞെട്ടി എന്നെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു. അപകടം മണത്ത്,  കത്തിച്ചുവിട്ട വാണംപോലെ അവള്‍ അകത്തേക്ക് പാഞ്ഞു. ആ പാച്ചിലിന്‍റെ ഫലമായി ഷെർലക് ഹോംസ് അരമതിലില്‍ നിന്ന് അയൽവക്കകാരൻറെ പറമ്പിലെ കുറ്റിച്ചെടിയിലേയ്ക്ക് ചിറകിട്ടടിച്ചുപറന്നു. കടല പാത്രം ഉയർന്നു പൊങ്ങി ചൈനീസ് ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു വരാന്തയിലൂടെ ഉരുണ്ടു എങ്ങോമറഞ്ഞു. കടലകളാകട്ടെ ഉള്ള സമയത്തിന് പറ്റുന്നപോലെ വരാന്തയിൽ അത്തപ്പൂക്കളം ഇട്ടു.

അവളുടെ പാച്ചില്‍ കണ്ട് എല്ലാവരും ചിരിച്ചെങ്കിലും ഇതൊരുമാതിരി കൊലച്ചതി ആയിപ്പോയി എന്ന് അവളുടെ അമ്മ ഉള്ളാലെ പിറുപിറുക്കുന്നതുപോലെ എനിക്ക് തോന്നി. ഏന്തായാലും നിങ്ങള്‍ ഇരിക്ക് .. അവൾ ഒന്നു റെഡി ആകട്ടെ... ആ സ്ത്രീ മര്യാദ വിടാതെ പറഞ്ഞുകൊണ്ടു പിന്തിരിഞ്ഞു. മോളെ പെട്ടെന്ന് കുളിച്ച് റെഡിയായി വാ... ആ സ്ത്രീ അകത്തേക്ക്  പോകുന്നതിനിടയിൽ വിളിച്ചു പറയുന്നത് കേട്ടു.

 പത്തു മിനിറ്റിനുള്ളിൽ ആ സ്ത്രീ ഞങ്ങൾക്ക് ചായയുമായി വന്നു. കൂടെ ചിപ്സും. ‘പറയാതെ വന്നതുകൊണ്ട് ഒന്നും ഒരുക്കാൻ പറ്റിയില്ല കേട്ടോ. നിങ്ങള് ചായ കുടിക്ക് .. മോള് കുളിച്ചിട്ട് ഇപ്പോ വരും..  അവർ ചെറുചിരിയോടെ എന്നോടായി പറഞ്ഞു. കുശലം പറയുന്നതിനപ്പുറം അവര്‍ പരിഭവം പറയുന്നതായിട്ടാണ് എനിക്കപ്പോള്‍ തോന്നിയത്. നല്ല രുചിയുള്ള ചായ മൊത്തി കുടിച്ച് ഞങ്ങൾ പെൺകുട്ടിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനൊടുവില്‍ ചിപ്സ് പാത്രം കാലിയാക്കുന്നതും കണ്ടു.

 കാത്തിരിപ്പ് അരമണിക്കൂർ കഴിഞ്ഞു മുക്കാല്‍ മണിക്കൂർ ആയി. പെൺകൊച്ചിന്റെ അനക്കം ഒന്നും കാണുന്നില്ല. ഇരുന്നിരുന്ന് ക്ഷമയുടെ നെല്ലിപ്പലക കാണാൻ തുടങ്ങി. നെല്ലിപ്പലക തേടിയിറങ്ങിയ ഞാന്‍ അത് കണ്ടു മടുത്ത് അക്ഷമയോടെ പാപ്പൻ ചേട്ടനെയും പിന്നെ  വീടിനകത്തേയ്ക്കും ഇടയ്ക്കിടെ പാളി നോക്കി കൊണ്ടിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് പുറത്തേക്കുള്ള വാതിലിനരികിൽ അവളുടെ അമ്മ പ്രത്യക്ഷപ്പെട്ടത്.

മോൾ ഇതുവരെ ഒരുങ്ങിയില്ലേ... അവരെ കണ്ടമാത്രയില്‍ പാപ്പച്ചൻ ചേട്ടൻ തിടുക്കപ്പെട്ട്  ചോദിച്ചു. ആ സ്ത്രീയുടെ മുഖത്ത് നേരിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു.

അത് .. ചെറിയ ഒരു അബദ്ധം പറ്റി. ധൃതിയില്‍ കുളിക്കുന്നതിനിടയിൽ അവൾ ബാത്റൂമില്‍ കാല്‍വഴുതി ഒന്നു വീണു. കാല്‍ ഉളുക്കി എന്ന് തോന്നുന്നു. കൂടാതെ വലതു കൈ അനക്കാന്‍ പറ്റുന്നില്ല. നടക്കാൻ പറ്റാത്ത വേദനയുമായി അകത്ത് ഇരിപ്പുണ്ട്. എന്താ ചെയ്യേണ്ടത് ? അവരുടെ മുഖത്ത് നീരസം നന്നേ പ്രകടമായിരുന്നു. 
 ഞങ്ങള്‍ ഓട്ടോയ്ക്കാണ് വന്നത് . അതില്‍ ഹോസ്പിറ്റലിൽ പോകാം. ഞാന്‍ പറഞ്ഞു.  ഇല്ല അവൾ പുറത്തേക്കിറങ്ങാൻ കൂട്ടാക്കുന്നില്ല.. നിങ്ങള്‍ ഇരിക്കുന്നതുകൊണ്ടു അവൾക്ക് വല്ലാത്ത മടിയാ... ആ സ്ത്രീ നിസഹായയായി. പാപ്പച്ചൻ ചേട്ടൻ ഒന്നും മിണ്ടാതെയിരുന്നു. കുട്ടിയെ വിളിക്ക് നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോകാം.. ഞാൻ വീണ്ടും പറഞ്ഞു നോക്കി. വേണ്ട ഞങ്ങള്‍ വേറൊരു വണ്ടി വിളിച്ച് പോക്കോളാം.. പെണ്ണുകാണല്‍ വേറെ ഒരു ദിവസത്തേക്കു മാറ്റാം..അവര്‍ തീര്‍ത്തു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എഴുന്നേറ്റു.

 നിലക്കടല പൂക്കളത്തിന് മുകളിലൂടെ ഞങ്ങൾ പുറത്തേക്കിറങ്ങി നടന്നു. കുറ്റിച്ചെടിയില്‍ ഇരുന്ന് വെയിൽ കായുന്ന ഷെർലക് ഹോംസ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി. പുറത്തിറങ്ങി ഓട്ടോയിൽ കയറുമ്പോൾ ഞാൻ പാപ്പച്ചന് ചേട്ടനെ രൂക്ഷമായി ഒന്ന് നോക്കാന്‍ മറന്നില്ല. ക്ഷമ പരീക്ഷിക്കല്‍ നടക്കാത്തതിന്റെ ദേഷ്യമായിരുന്നു എനിക്ക്. പഴയ സ്റ്റാൻഡിൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. പെണ്ണ് കെട്ടാതെ ഞാൻ പുര നിറഞ്ഞ് നിന്നു പോയാലും ശരി ഇനി ബ്രോക്കർമാരുമായുള്ള പെണ്ണുകാണൽ വേണ്ട എന്ന് ഞാൻ അതോടെ തീരുമാനിച്ചു. വേറെയും പല തിക്താനുഭവങ്ങൾ ആ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു എന്നതാണ് വേറൊരു സത്യം.

 അവന്‍ വലതുകാല്‍ വച്ചപ്പോഴേ എന്‍റെ കൊച്ചിന്‍റെ കൈയ്യും കാലും ഒടിഞ്ഞു. അതുകൊണ്ട് ഇനിപോരണ്ട എന്നു കുറ്റാന്വേഷകയുടെ അമ്മ തീര്‍ത്തുപറഞ്ഞതുകൊണ്ട്  ആ വീട്ടില്‍ ക്ഷമ പരീക്ഷിക്കാം എന്ന പ്രതീക്ഷയും അതോടെ ഇല്ലെന്നായി. ബ്രോക്കർമാരെ ഞാൻ കൈയ്യൊഴിഞ്ഞതോടുകൂടി അഞ്ചെട്ട് മാസം ഞാൻ ചിപ്സും ചായയും  ഇല്ലാതെ വീട്ടിൽ ഇരിപ്പായി പോയി എന്ന് പറയുന്നതാവും സത്യം.

 പിന്നീട് ചില സുഹൃത്തുക്കളും പരിചയക്കാരും ചേർന്നാണ് പതിനേഴാമത്തെ പെണ്ണുകാണലിന് അവസരമൊരുക്കുന്നത്. ഒരു ഗ്യാപ്പ് വന്നെങ്കിലും ഞാൻ എൻറെ തനിസ്വഭാവം കൈവിടാന്‍ തയ്യാറല്ലായിരുന്നു. നെല്ലിപ്പലക ടെസ്റ്റിന് ചോദിക്കാനുള്ള ചോദ്യം ആലോചിച്ചു കൊണ്ടാണ് അന്നും ഞാൻ പെണ്ണുകാണാൻ പോയത്.

സർക്കാർ ജോലി കിട്ടിയാൽ ജോലിക്ക് പോകുമോ എന്നതായിരുന്നു അന്ന് ഒത്തുകിട്ടിയ ചോദ്യം. പിന്നെ പോകാതെ..?  ഇഷ്ടമാണ് പോകും.. ആദ്യഘട്ടം അവൾ സന്തോഷത്തോടെ മറുപടി തന്നു. നാലാമത്തെ തവണ ചോദിച്ചപ്പോഴും അതേ സന്തോഷത്തോടെ പോകാന്നേ.. അതിനെന്താ കുഴപ്പം...? എന്ന് തിരിച്ചു ചോദിച്ച് അവൾ എന്നെ മലര്‍ത്തിയടിച്ചു. നാലുതവണ ആവര്‍ത്തിച്ചുള്ള എന്റെ ചോദ്യത്തില്‍ യാതൊരു നീരസവും കാണിക്കുകയോ അതങ്ങനെ ആവര്‍ത്തിച്ചു ചോദിക്കുന്നത് എന്തിനാണെന്നു തിരിച്ചു ചോദിക്കുകയോ ചെയ്തില്ല. ക്ഷമയുടെ നെല്ലിപ്പലക അവളുടെ കൈയിൽ അത്യാവശ്യം സ്റ്റോക്ക് ഉണ്ട് എന്ന് എനിക്ക് പ്രാഥമികമായി തോന്നി. അങ്ങനെ നെല്ലിപ്പലക സഹിതം അവളെ സ്വന്തമാക്കാൻ ഞാൻ തീരുമാനിച്ചു. 2007- ല്‍  അത് സംഭവിച്ചു. പക്ഷേ ഒരു കുഴപ്പം മാത്രം. പിഎസ്‌സി പരീക്ഷ എന്നോ പി എസ് സി ടെസ്റ്റ് ബുക്ക് എന്നോ കേട്ടാല്‍ പുച്ഛത്തോടെ മുഖം തിരിക്കുന്ന സ്വഭാവമാണ് കക്ഷിയുടേതെന്ന് വിവാഹ ശേഷമാണ് എനിക്കു മനസിലായതെന്നുമാത്രം. 
ഓരോ പണി കിട്ടുന്ന വഴിയെ... 
 എന്നിരുന്നാലും എന്‍റെ സത്യാന്വേഷണ ക്ഷമപരീക്ഷണങ്ങള്‍ക്ക്  ഒരു ഫലമുണ്ടായി എന്നുവേണം പറയാന്‍. അങ്ങേരുടെ ക്ഷമയോടെ ഉള്ള പെരുമാറ്റം ഒന്നുകൊണ്ടു മാത്രം ഇന്നും പച്ചപിടിച്ചു നില്‍ക്കുകയാണ് ഈ ദുര്‍വാസാവിന്റെ ചെറുജീവിതം. നിഴലായി എനിക്കൊപ്പം നില്‍ക്കുന്ന അവള്‍ക്കുള്ള ആശംസയാകട്ടെ എന്‍റെയീ കുറിപ്പ്. 
-------------------------------  annusones@gmail.com 
ബ്ലോഗില്‍ എന്തെങ്കിലും എഴുതിയിട്ടിട്ടു നാളുകളായി. പെണ്ണുകാണല്‍ എന്ന വിഷയത്തെപ്പറ്റി എഴുതിയില്ലെങ്കില്‍ വീട്ടില്‍ കേറി ഇടിക്കും എന്നു ബ്ലോഗുലകത്തിന്റെ അഡ്മിന്‍ സുധി മുന്തോട് പേടിപ്പിച്ചതുകൊണ്ടാണ് ഈ അനുഭവകുറിപ്പ് ഇവിടെ കുറിച്ചിടുന്നത്. ബ്ലോഗുലകത്തിനും അഡ്മിനും ഇതോടൊപ്പം ആശംസകള്‍ അറിയിക്കട്ടെ.

27 comments:

  1. കൊടുംഭീകരാ..!
    രസകരമാസയിരുന്നു എല്ലാപെണ്ണുകാണലും എന്നതുകൊണ്ട് വായനയും രസകരമായിരുന്നു..ക്ഷമ പരീക്ഷിച്ചു ഒടുവിൽ പെണ്ണേ കിട്ടാതായെന്നാ കരുതിയത്.. എന്തായാലും നടന്നത് മഹാഭാഗ്യം..

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം. ആദ്യ അഭിപ്രായത്തിനുള്ള സ്നേഹം അറിയിക്കട്ടെ

      Delete
  2. സംഗതി കലക്കി. ശരിക്കും എവിെടെയാ പഠിച്ചത്.

    ReplyDelete
    Replies
    1. നെല്ലിപ്പലക ടെസ്റ്റ് പഠിച്ചതാണോ ഉദ്ദേശിച്ചത്? അതൊക്കെ ട്രേഡ് സീക്രട്ട് അല്ലേ...ഹഹഹ് വരവിനും തുടരുന്ന പ്രോത്സാഹനത്തിനും സ്നേഹം പകരമായി

      Delete
  3. കൊടും ഭീകരൻ ആണല്ലേ. പെണ്ണ് കാണൽ ഉഷാറായി

    ReplyDelete
    Replies
    1. ഹായ് .. പ്രോത്സാഹനത്തിന് സ്നേഹം തിരികെ ഉണ്ട് കേട്ടോ...

      Delete
  4. ക്ഷമയുടെ നെല്ലിപ്പലകയെത്തിയിട്ടാവണം തന്നെ സംശയത്തോടെ വീക്ഷിക്കുന്ന കോടതിയ്ക്കു മുൻപിൽ ഒരു തരുണീമണി തെളിവുകൾ
    സമർപ്പിച്ചതെന്നു കരുതാം.അല്ലേ? ഒടുവിൽ ആഗ്രഹംപ്പോലെ ക്ഷമാവതിയെത്തന്നെ കിട്ടിയല്ലോ!എന്തായാലും പരീക്ഷണം വിജയിച്ചതിൽ സന്തോഷം!.
    പെണ്ണുകാണൽ വിവരണംരസകരമായി അവതരിപ്പിച്ചു.
    ആശംസകൾ

    ReplyDelete
    Replies
    1. വരവിനും അഭിപ്രായം കുറിച്ചതിനും സ്നേഹം പകരമായി പ്രിയ തങ്കപ്പന്‍ ചേട്ടാ

      Delete
  5. പതിനേഴ് പതിനേഴ് കാരികളുടെ നെല്ലിപ്പലക തോണ്ടിയ കശ്മലാ...
    അതു തന്നെ വരണം.

    എന്നാലും കടല കൊറിച്ച കൊച്ചിൻ്റെ കാല് ഒടിച്ചത് കഷ്ടമായി പോയി അന്നുസെ.
    17 ൻ്റ ചോദ്യേം ഉത്തരോം കലക്കി.

    ഏതായാലും ക്ഷമ ഉണ്ടല്ലോ. അത് മതി.

    ReplyDelete
    Replies
    1. ക്ഷമ ആട്ടിന്‍സൂപ്പിന്‍റെ ഫലം ചെയ്യുമെന്നല്ലേ പ്രമാണം... അനുഭവം തന്നെ ഗുരു. വായനയ്ക്കും തുടരുന്ന പ്രോത്സാഹനത്തിനും സ്നേഹം അറിയിക്കട്ടെ പ്രിയ ബിപിന്‍ ചേട്ടാ

      Delete
  6. പെണ്ണ് കാണൽ ഒരു തൊഴിലായി സ്വീകരിച്ചവനെ ആദ്യമായാ കാണുന്നത്. ഭീകരാ... കൊടും ഭീകരാ...

    ReplyDelete
    Replies
    1. ഹഹ്ഹ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അക്കാലം തികച്ചും രസകരമായിരുന്നു. പക്ഷേ അന്നതൊരു ബാലികേറാമലയായിരുന്നു.വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം തിരികെ

      Delete
  7. ക്ഷമാന്വേഷണപരീക്ഷകൾ കലക്കി. അങ്ങോട്ടും ഇങ്ങോട്ടും കുറെ തവണ തിരസ്കരിച്ചിട്ടും ക്ഷമ എന്ന കണ്ടീഷനിൽ വിട്ടുവീഴ്ച വരുത്താത്ത ആ മനസ്സാണ് മാസ്സ്!

    ReplyDelete
    Replies
    1. ശോ .. ഞാനൊരു സംഭവം ആരുന്നല്ലേ.... ബ്ലോഗിലേയ്ക്ക് വന്നതിനും വായനയ്ക്കും അഭിപ്രായത്തിനും സ്നേഹം തിരികെ...പ്രിയഎഴുത്തുകാരാ

      Delete
  8. അന്നൂസ് ... പെണ്ണുകാണൽ അങ്ങനെ ചരിത്രം സൃഷ്ടിച്ച പെണ്ണുകാണലുകൾ ആയിപ്പോയെങ്കിലും അവസാനം ക്ഷമാശീലയായ പെൺകുട്ടിയെ കിട്ടിയല്ലോ. ഭാഗ്യം . പിന്നെ ബ്ലോഗും എഴുത്തും ഒക്കെ വിട്ടോ . എന്തായാലും അന്നൂ സിന്റെ പെണ്ണുകാണൽ വിവരണം രസകരമായി . ആശംസകൾ

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ എഴുത്തുകാരീ ... വയാന്യാക്കും അഭിപ്രായത്തിനും സ്നേഹം പകരമായി

      Delete
  9. എന്റെ ഡിങ്കാ....
    ഇത് കലക്കി ട്ടാ...
    രസകരമായി എഴുതി..ഒറ്റ ഇരുപ്പിന് വായിച്ചു ..കൊള്ളാം ട്ടോ

    ReplyDelete
    Replies
    1. പ്രോത്സാഹനം തരുന്ന അഭിപ്രായത്തിന് സ്നേഹം പകരമായി. ഒപ്പം ആശംസകള്‍ അറിയിക്കട്ടെ

      Delete
  10. ഇങ്ങള് സുലൈമാനല്ല, ഹനുമാനാണ് ഭായ്...

    അപ്പോൾ ക്ഷമയുടെ നെല്ലിപ്പലകയ്ക്കും അന്നൂസിനും ഭാവുകങ്ങൾ...

    ReplyDelete
    Replies
    1. വിനുവേട്ടാ... വരവിനും പ്രോത്സാഹനത്തിനും സ്നേഹവും ആശംസകളും തിരികെ

      Delete
  11. പെണ്ണുകാണണിൽ ഹാഫ് സെഞ്ചറിയടിച്ച്നമ്മുടെ
    അഭിനവ ദുർവാസാവിനെ  ഒതുക്കിയതിന് ആ  പെങ്കൊടിക്ക് 
    തന്നെയിരിക്കട്ടെ ഒരു ബിഗ് സലാം ...

    എന്തായാലും പെണ്ണുകാണൽ സുവർണ്ണകാലഘട്ടം
    അന്നൂസ് രസാവഹമായി നാന്നായി തന്നെ അവതരിപ്പിച്ചു കേട്ടോ 

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടമായെങ്കില്‍ സന്തോഷം.തുടരുന്ന പ്രോത്സാഹനത്തിന് ആശംസകളും സ്നേഹവും പകരമായി...

      Delete
  12. കാഞ്ഞിരപ്പള്ളിക്കാരിയോട് കിള്ളിക്കിള്ളി ചോദിച്ചിട്ട് അത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കൂ.. സംഗതി നന്നായി. പിന്നെ സംഭാഷണങ്ങൾ ഒക്കെ ഹൈറേഞ്ച് സ്ലാങ്ങിൽ ആരുന്നേൽ കുറച്ചൂടെ നന്നായേനെ എന്നു തോന്നി. 'ധൃതിയിൽ' എന്ന വാക്കൊക്കെ അവിടെ മുഴച്ചു നിന്ന പോലെ

    ReplyDelete
    Replies
    1. ഹൈറേഞ്ചിനു അങ്ങനെ സ്ലാങ് ഒന്നുമില്ലന്നെ... എന്നാ സംശയമൊണ്ടോ? അല്ലെങ്കില്‍ നിഘണ്ഡു നോക്ക്. എല്ലാ വാക്കും അതേപടി തന്നെ ഒണ്ട് .. ഹഹഹ
      എന്തായാലും വരവിനും അഭിപ്രായത്തിനും സ്നേഹം അനു. ഒപ്പം ആശംസകളും (കാഞ്ഞിരപ്പള്ളിക്കാരികള്‍ക്കെന്നാ കൊമ്പൊണ്ടോ.. കളിക്കല്ലേ.. നിങ്ങക്ക് ഹൈറേഞ്ചിലെ ചെക്കന്‍മാരേ അറിയത്തില്ല)

      Delete
  13. അല്ല, ഈ കോവിഡ് കാലത്തും എഴുത്തു തുടരുന്നുണ്ടായിരുന്നല്ലേ?

    ReplyDelete
    Replies
    1. ഒരുപാട് നാളുകൂടി..................... വരവിനും വായനയ്ക്കും ആശംസകള്‍ തിരികെ പ്രിയ വെട്ടം ചേട്ടാ

      Delete
  14. ഭയങ്കരാ.... ഞാൻ എഴുതാതെ വായിക്കാതെ രണ്ടു കൊല്ലം കടന്നു പോയി.

    ഇനി വീണ്ടും വായനക്കാലം.

    സാധ്യമെങ്കിൽ എഴുത്തിന്റെയും.

    ഭവാന് ഒരു മെയിൽ അയച്ചിട്ടുണ്ട്.

    ReplyDelete