ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Tuesday 15 October 2013

അമ്മയ്ക്കുള്ള ഓണസമ്മാനം (കുറിപ്പുകൾ)

         അമ്മയ്ക്കെന്തു സമ്മാനം കൊടുക്കും എന്നതായിരുന്നു ഇത്തവണത്തെ ഓണത്തിനു എന്നെ  അലട്ടിയിരുന്ന പ്രധാന പ്രശ്നം. മുന്നൂറു രൂപയുടെ ഒരു ഷോവ്ൾ അല്ലെങ്കിൽ അറുനൂറു രൂപ അടുത്തു വരുന്ന ഒരു കോട്ടൻ സാരി അതുമല്ലെങ്കിൽ അഞ്ഞൂറു രൂപ രൊക്കം ക്യാഷായിട്ട് ഇതൊക്കെയാണു  സാധാരണ. ഇത്തവണ ഒരു മാറ്റം വേണം എന്ന് എന്റെ മനസിലുണ്ട്. എന്തു കൊടുക്കും...? മനസിനെ അലട്ടുന്ന ഒരു ഭീകര പ്രശ്നമായി മാറി അത്. ഒരു ആയിരം രൂപാ കൊടുത്താലോ..? അമ്മയ്ക്ക് സന്തോഷമാകും..!
അല്ലെങ്കിൽ അതേവിലയ്ക്കുള്ള ഒരു സെറ്റ്മുണ്ട് ?  സെറ്റ്മുണ്ട് അമ്മ ഉടുക്കുക പതിവില്ല. അല്ലെങ്കിൽ വേണ്ട. ഒരു രണ്ടായിരം രൂപ അങ്ങു കൊടുക്കാം.! അമ്മയുടെ മനസ്സ് സന്തോഷത്താൽ തുടിക്കട്ടെ..! മൂവായിരം കൊടുത്താൽ അമ്മ ശരിക്കും ഞെട്ടുമായിരിക്കും അല്ലേ..?. അമ്മയെ ഒന്നു ഞെട്ടിച്ചു കളയാൻ തന്നെ ഞാൻ തീരുമാനിച്ചു. അമ്മയ്ക്ക് വേറെ വരുമാനമൊന്നുമില്ലാത്തതല്ലെ. പലവിധ ചിലവുകൾ ഉണ്ടാവുമല്ലോ. പേരക്കുട്ടികൾ ഓണത്തിനു വരുമ്പോൾ അവരുടെ കയ്യിൽ വച്ചു കൊടുക്കാൻ പണത്തിനു പണം വേണ്ടേ..? അച്ഛനുണ്ടായിരുന്ന കാലത്ത് അമ്മ ഒരു രൂപയുടെ നയാ പൈസ്സ കണികണ്ടിട്ടുള്ളതല്ല. പാവം..! ശരി,അങ്ങനെതന്നെയാകട്ടെ, മൂവായിരം രൂപ എന്റെ ശമ്പളത്തിൽ നിന്ന് തിരുവോണത്തിന്റന്ന് അമ്മയ്ക്ക് സമ്മാനമായി കൊടുക്കാം എന്ന തീരുമാനത്തോടെ ഒന്നാം ഓണത്തിന്റന്ന് ഞാൻ കിടന്നുറങ്ങി.
        തിരുവോണത്തിന്റന്ന് എഴുന്നേല്ക്കാൻ അല്പ്പം വൈകി. കണ്ണു തുറന്നപ്പോൾ അമ്മയേക്കുറിച്ചാണു ആദ്യം ഓർത്തത്. എന്റെ ചിന്തകൾ പലവഴിക്കായി. മൂവായിരം രൂപ കൊടുക്കണമൊ..? അതല്പ്പം കൂടുതലല്ലേ..? അമ്മയെ സന്തോഷിപ്പിക്കാൻ രണ്ടായിരം ധാരാളം മതിയാകും. മേശവലിപ്പ് തുറന്ന് പണപ്പെട്ടി തുറന്നു നോക്കി. ആകെ ആറായിരം രൂപ കാണും. അതിൽ നിന്ന് രണ്ടായിരം പോയാൽ പിന്നെ നാലായിരം. അതു മതിയാകുമോ ഇത്തവണത്തെ ഓണാഘോഷത്തിനു..? എന്തായാലും നാലായിരത്തിൽ ഒതുങ്ങില്ല. അമ്മയ്ക്ക് ആയിരം മതി. അതാ മൊത്തത്തിലുള്ള സാമ്പത്തികഭദ്രതയ്ക്ക് നല്ലത്.  പെട്ടിയിൽ നിന്ന് ആയിരം രൂപയുടെ ഒറ്റനോട്ടെടുക്കുമ്പോൾ അമ്മയുടെ കാല്പെരുമാറ്റം കേട്ടു.
‘ആ..നിയ്യെഴുന്നേറ്റോ..കുളി കഴിഞ്ഞാണോ കാപ്പി..? പതിവില്ലാത്ത ചോദ്യം.
’ആ....അമ്മേ സുമ എവിടെ..?‘
’അവളു രാവിലെ നിന്റെ മക്കളേയും കൂട്ടി അമ്പലത്തിൽ പോയി....‘
        അമ്മ, അമ്മയുടെ തുണിപ്പെട്ടിയിൽ എന്തോ തിരയുകയായിരുന്നു. ചെറിയൊരു പൊതിക്കെട്ട് എന്റെ നേരെ നീട്ടി അമ്മ ധൃതിപ്പെട്ട് അടുക്കളയിലേക്ക് പോയി. പൊതിയഴിച്ചപ്പോൾ നൂറിന്റെ രണ്ട് കെട്ടും അൻപതിന്റെ ഒരു കെട്ടും നോട്ടുകൾ കണ്ട് എന്റെ കണ്ണുകൾ തള്ളി. ദൈവമേ ഇരുപത്തയ്യായിരം രൂപ..! ഞാൻ അമ്മയുടെ പുറകെ പാഞ്ഞു.
’എവിടുനാണമ്മേ ഇത്രേം കാശ്...? ‘ അന്ധാളിപ്പോടെ ഞാൻ തിരക്കി.
‘നീ മറന്നോ..? എന്റെ ഓണച്ചിട്ടി പിടിച്ചു...കഴിഞ്ഞയാഴ്ച്ച കയ്യിൽ കിട്ടിയതാ...ഓണത്തിന്റന്നു നിനക്കു തരണം എന്നു കരുതി വച്ചിരിക്കുകയായിരുന്നു....നിനക്കൊരുപാടു ചിലവുകൾ ഉള്ളതല്ലേടാ...’
        അമ്മ കുറെ പച്ചക്കറികൾ എടുത്തു കൊണ്ട് കഴുകാനായി അടുക്കള വിട്ട് പുറത്തേക്ക് പോയി.എന്റെ ഇടതുകൈയ്യിൽ ഇരുന്ന ആയിരം രൂപയുടെ ഒറ്റനോട്ടിലേക്ക് ഞാൻ ഒന്നു നോക്കി. അമ്മയ്ക്ക് എന്നോടുള്ള സ്നേഹത്തിനു ഞാൻ ഒരു വിലയിട്ടു, എനിക്കമ്മയോടുള്ളതിന്റെ ഇരുപത്തിയഞ്ചിരട്ടി..!!!

8 comments:

  1. അമ്മയുടെ മനസ്സ്‌!
    നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
  2. നന്നായിട്ടുണ്ട്....
    ആശംസകള്‍ :)

    ReplyDelete
  3. അമ്മയെന്നും അങ്ങനെയാണ്
    സ്നേഹം കൊണ്ടാണത്ഭുതപ്പെടുത്തുക!

    ReplyDelete
  4. അമ്മക്ക് ധനം മക്കൾ തന്നെ നന്നായി അമ്മക്കുള്ള ഈ ഓണസമ്മാനം

    ReplyDelete
  5. നമ്മുടെ അച്ഛനമ്മമാര്‍ക്ക് എന്തു സമ്മാനം കൊടുത്താലാണ് അല്ലെങ്കിലും അവരുടെ സ്നേഹത്തിന് ഒപ്പമെത്താനാകുക?

    നല്ല പോസ്റ്റ്

    ReplyDelete
  6. എനിക്കും ഇഷ്ടം അമ്മയെ അതിന്റെ അനേകം ഇരട്ടി എന്നോടും...
    എഴുത്ത് മനോഹരമായി.
    ആശംസകൾ !

    ReplyDelete
  7. അമ്മ: ആ കൊച്ചു വാക്കില്‍ അടങ്ങിയിരിക്കുന്നത് ഒരു ലോകമാണ്. നന്മയുടെ, നിസ്സ്വാര്‍ത്ഥ സ്നേഹത്തിന്റെ, സഹനത്തിന്റെ, സാന്ത്വനത്തിന്റെ. എത്ര വലുതായി കഴിഞ്ഞാലും അമ്മയുടെ മുന്‍പില്‍ നാമെല്ലാവരും എന്നും കുട്ടികള്‍ തന്നെ.

    ReplyDelete
  8. മാതൃസ്നേഹത്തിനു മുമ്പിൽ മറ്റെല്ലാം തോൽക്കും, ഇന്നും എന്നും .....

    ReplyDelete