ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday, 14 October 2013

മൈക്കാട് ബിനു (കഥ)

      അച്ഛനേയും എന്നേയും യാത്രയാക്കാൻ റയിൽവേ സ്റ്റേഷനിലേക്ക് പ്രകാശ് ഞങ്ങളോടൊപ്പം വന്നു. കടുപ്പപ്പെട്ട ജോലികൾ ചെയ്യരുതെന്നു ഡോക്ട്ടർ പറഞ്ഞിരിക്കുന്നതിനാൽ എന്നേ സഹായിക്കാനാണു അവൻ ഞങ്ങൾക്കൊപ്പം വന്നത്. സ്റ്റേഷനിൽ വല്ല്യ തിരക്കില്ലായിരുന്നു. സുന്ദരിമാരായ ഒന്നുരണ്ടു മദാമ്മമരോടൊപ്പം ഞങ്ങൾ നാലാം നമ്പർ പ്ളാറ്റ്ഫോമിൽ കുറെ ഏറെ നേരം കാത്തുനിന്നു. അച്ഛനും എനിക്കും നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ കാത്തുനില്പ്പ് ഞങ്ങൾക്ക് ഒരു ദുരിതമായി തോന്നി.
ട്രയിൻ വന്നപ്പോൾ പെട്ടിയും ബാഗും ഒക്കെ അവൻ ഞങ്ങളുടെ കമ്പാർട്ടുമെന്റിൽ എടുത്തുവച്ചു തന്നു.  ഭാഗ്യത്തിനു അച്ഛനിരിക്കാൻ സീറ്റ് കിട്ടി.  അച്ഛന്റെ രണ്ടാമത്തെ ഓപ്പറേഷനുള്ള പണമടങ്ങിയ ബാഗ് മാത്രം ഞാൻ തോളിൽ തൂക്കി കക്ഷത്തിൽ ഇറുക്കിപ്പിടിച്ച് അച്ഛനിരുന്ന സീറ്റിനരികെ ചാരി നിന്നു. ഇത്തവണ അച്ഛൻ അഡ്മിറ്റാകുമോ എന്ന കാര്യം ഉറപ്പില്ലാത്തതിനാലാണു പ്രകാശ് ഞങ്ങൾക്കൊപ്പം വരാതിരിക്കുന്നത്.എന്തിനും ഏതിനും എന്റെ കൂടെയുള്ള ബന്ധുവും ,ഏറ്റവുമടുത്ത സുഹൃത്തുമാണവൻ.
‘അഡ്മിറ്റാക്കിയാൽ അപ്പോത്തന്നെ വിളിക്കണം..അടുത്ത വണ്ടിക്ക് ഞാൻ കൊച്ചച്ചനേയും കൂട്ടി എത്താം...’ കമ്പാർട്ടുമെന്റ് വിടുന്നതിനു മുൻപ് അവൻ അച്ഛനോടു അനുവാദം ചോദിച്ചു. വിഷാദഛായകലർന്ന ചിരി അവനു നല്കി അച്ഛൻ തലയാട്ടി.
‘തൃശൂരെത്തുമ്പോൾ വിളിക്കുമോ...?‘ അവൻ എന്നെ നോക്കി.
’വിളിക്കാം...‘ എന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു.
      പ്രകാശ് പോയിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു.അവൻ കൂടെയില്ലാതെ ഞാൻ ദൂരയാത്ര പോകാറേയില്ലെന്നു പറയാം. സുന്ദരിയായ ആ പെൺകുട്ടി ബാഗും തൂക്കി കമ്പാർട്ടുമെന്റിലേക്കെത്തും വരെ ഞാൻ പ്രകാശിനേപ്പറ്റി ചിന്തിച്ചുകൊണ്ടിരുന്നു. അവൾക്കൊപ്പം വന്ന പരിമളം അനിർവചനീയമായ ഒരു അനുഭൂതിയാണെനിക്കു സമ്മാനിച്ചത്. ബാഗ് കാരിയറില്ലെറിഞ്ഞ് അവൾ എനിക്കഭിമുഖമായി സീറ്റിൽ ചാരി. അച്ഛൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കുന്നതു മനസ്സിലാക്കി ഞാൻ പുറത്തേക്ക് നോക്കി നിന്ന്, മാന്യതയുടെ അവതാരം പൂണ്ടു.
      ചായയും കാപ്പിയും ഒക്കെ വന്നു ഞങ്ങളെ കടന്നുപോയപ്പോൾ ഞാൻ അച്ഛനെ നോക്കി,മറുപടിക്കായി കാത്തു.വേണ്ടാ എന്ന് അച്ഛൻ ചുമലുകൾകൊണ്ട് ആംഗ്യം കാട്ടി. പ്രകാശ് കൊടുംകാറ്റുപോലെ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട് എന്നെ പിടിച്ചു വലിച്ച് പ്ളാറ്റ്ഫോമിലിറങ്ങി.
’എന്താടാ..? ‘ എന്റെ അസ്വസ്ഥത ചോദ്യരൂപം കൈകൊണ്ടു.
’എടാ ബിനൂ...അതവളാടാ...‘ പ്രകാശ് കിതച്ചു.
’ആരു...? ‘
‘കമ്പാർട്മെന്റിൽ നിന്റെയടുത്തു നിന്ന ആ പെൺകൊച്ചില്ലേ....അതവളാ...നമ്മുടെ കോൺട്രാക്ടറുടെ മകൾ സൂര്യ...’
’ങേ..ഹ്......‘ എന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ എഴുന്നൂറ്റി ഇരുപതായി.
       ട്രയിൻ ചൂളം വിളിച്ച് അനങ്ങിത്തുടങ്ങി. കഥ മുഴുമിപ്പിക്കാതെ എഴുന്നേല്ക്കേണ്ടി വരുന്ന എഴുത്തുകാരനെ പോലെ ഞാൻ ട്രയിനിലേക്ക് ചാടികയറി നിസഹായതയോടെ എന്നിൽ നിന്നകന്നു പോകുന്ന പ്രകാശിനെ നോക്കിനിന്നു.ചെറിയ പൊട്ടു പോലെ പ്രകാശും, വലിയ പൊട്ടു പോലെ സ്റ്റേഷനും അകന്നു മറഞ്ഞപ്പോൾ ഞാൻ പഴയ സ്ഥാനത്തെത്തി സീറ്റിൽ ചാരി.
‘എവിടെ പോയതാ നീ..?’  ട്രയിൻ നീങ്ങിയപ്പോൾ എന്നെകാണാഞ്ഞ് അച്ഛൻ തെല്ലു പരിഭ്രാന്തനായതു പോലെ തോന്നി.
‘പ്ളാറ്റ്ഫോമിലുണ്ടായിരുന്നു....’ ഞാൻ നിസാരവല്ക്കരിച്ചു.
      അച്ഛന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ ഞാൻ  മെല്ലെ അവളിലേക്ക് ഇടംകണ്ണിട്ടു. സൂര്യ...! പേരു പോലെ തന്നെ അന്തസ്സുള്ള മുഖം. പക്ഷെ അവൾ വല്ലാതെ വാടി തളർന്ന പോലെ കാണപ്പെട്ടു. അവളുടെ കണ്ണുകൾ,ചുണ്ടുകൾ,കവിളുകൾ......അച്ഛൻ ശ്രദ്ധിക്കുന്നുണ്ടോ എന്നു  പോലും നോക്കാതെ ഞാൻ അവളെ അടിമുടി ആവാഹിച്ചു. അവൾ കമ്പാർട്ട്മെന്റിനകത്തേക്ക് കണ്ണുകൾ പായിച്ച് ഏതോ ഒരു സ്ത്രീയെ  നോക്കി പുഞ്ചിരി തൂകി. നിരനിരയായി ചേർത്തുവച്ച നീളമുള്ള വെളുത്ത ടൈലുപോലുള്ള കൊച്ചരി പല്ലുകളിൽ വെളിച്ചം പ്രഭ വിതറി. ഹാ.. എന്തു ചേലുള്ള ചിരി. പണ്ടൊക്കെ പണിക്ക് ചെല്ലുന്ന വീട്ടിൽ, രാവിലത്തെ കാപ്പിക്ക് പച്ചക്കപ്പ വേവിച്ചതും പോത്തുകറിയും വിളമ്പി വച്ചതു കാണുമ്പോൾ തോന്നാറുള്ള സന്തോഷം തോന്നി എനിക്ക്. മേസ്ത്തിരി ഭാസ്കരൻ ചേട്ടന്റെ കൈയ്യിലുള്ള അഞ്ചരയടിയുടെ മുഴക്കോലിന്റെ നീളം കാണും അവൾക്കാകെ. ആ അലുമിനിയത്തിന്റെ മുഴക്കോൽ ഒന്നു കാണേണ്ടതു തന്നെയാണു കേട്ടോ. വൈകിട്ട് പണി കഴിഞ്ഞ് കഴുകി തൂത്തുമിനുക്കി ചാരി വച്ചാൽ ‘ആശാൻ’ അവിടിരുന്ന് വെട്ടിത്തിളങ്ങും. അന്ന് അലുമിനിയത്തിന്റെ മുഴക്കോൽ ഉള്ള ഏക മേസ്തിരി ഭാസ്കരേട്ടനാണു. അതിന്റെ ജാഢയും അഹങ്കാരവും അങ്ങേർക്കന്നു ഉണ്ടായിരുന്നു താനും. കാര്യം എന്റെ ആശാനാണെങ്കിലും ഭാസ്കരേട്ടനെ എനിക്കൊട്ടും ഇഷ്ട്ടമല്ലതന്നെ. ഭാസ്കരേട്ടൻ കള്ളുകുടിച്ചു ചെന്ന് പെണ്ണുമ്പിള്ളയെയും പിള്ളാരേയും  ഇടിക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
      ട്രയിൻ ഒരു ചെറിയ സ്റ്റേഷനിൽ നിർത്തി. അവൾക്കിരിക്കാൻ ഒരു സീറ്റ് കിട്ടി. ആരോ എഴുന്നേറ്റപ്പോൾ അവൾ വെപ്രാളപ്പെട്ട് ചാടി ഇരിക്കുന്നതു കണ്ടു. ഭാഗ്യം എനിക്കഭിമുഖമായിട്ടാണിരുപ്പ്. ഇരുന്ന ഉടനെ ഇടംകണ്ണിട്ട് എന്നെ ഒന്നു നോക്കി. ഇരിക്കാൻ കാണിച്ച ആക്രാന്തം ഞാൻ കണ്ടോ എന്നാവും. അവൾക്കൊരു ജാള്യത ഉണ്ടാകുന്നതു എനിക്ക് സഹിക്കാൻ പറ്റുന്നതിലുമപ്പുറമായിരുന്നതിനാൽ ഞാൻ അല്പ്പനേരത്തേക്ക് മറ്റെങ്ങോ നോക്കി നിന്നു. അവൾ തെല്ലു നിവർന്ന് ഭംഗിയായി പിന്നിയിട്ട മുടി എടുത്ത് മടിയിൽ വച്ച് താലോലിക്കാൻ തുടങ്ങി. നല്ല ബ്ളാക്ക് ഓക്സൈഡിന്റെ നിറമുള്ള നീണ്ട അഴാകാർന്ന മുടിയിലേക്ക് ഞാൻ കണ്ണിമയ്ക്കാതെ നോക്കി. എന്നോടൊപ്പം പണിയിൽ മത്സരിച്ചിരുന്ന മൈക്കാട് ശാന്തേച്ചിയുടെ കയ്യിലുള്ള ചാന്ത് മിനുക്കുന്ന നീളമുള്ള ബ്രഷിന്റെ നാരുകൾ പോലെ തോന്നിച്ചു അവളുടെ മുടിയിഴകൾ. പതുക്കെ ശാന്തേച്ചിയെ ചുറ്റിപ്പറ്റി എന്റെ ഓർമകൾ വട്ടം കറങ്ങി. അഞ്ചു വർഷത്തോളമായി ശാന്തേച്ചിയുടെ ഭർത്താവ് മരിച്ചിട്ട്. മൂന്നു പെണ്മക്കളുണ്ട്. എന്റെ അമ്മയേ പോലെ തന്നെ എനിക്കിഷ്ട്ടം തോന്നിയ ഒരു നല്ല സ്ത്രീയാണു ശാന്തേച്ചി. വളരെ കഷ്ട്ടപ്പെട്ടാണു ശാന്തേച്ചി ജീവിതം തള്ളി നീക്കുന്നത്.ഒരിക്കൽ ശന്തേച്ചിയുടെ വീട്ടിൽ പോകുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നു കൈയ്യിൽ ഉണ്ടായിരുന്ന എണ്ണൂറു രൂപ ശാന്തേച്ചിക്കു കൊടുത്തിട്ട് അവർ വാങ്ങിയില്ല. ഒരു വർഷത്തോളമായിക്കാണും ഇപ്പോ ശന്തേച്ചിയെ കണ്ടിട്ട്,ഒപ്പം പണി ചെയ്തിട്ടും.
      എന്റെ ശ്രദ്ധ മാറിയ സമയത്ത് അവൾ എന്നെ തുറിച്ചു നോക്കി ഇരിക്കുന്നതു കണ്ടു. അവൾ എന്നെ നോക്കുമ്പോളൊക്കെ എന്റെ നോട്ടം മറ്റെവിടേയ്ക്കോ ഞാനറിയാതെ തെന്നിമാറി പോകും. ഭാസ്കരേട്ടന്റെ മിനുക്കുകരണ്ടിയേക്കാൾ മൂർച്ചയാണു അവളുടെ നോട്ടത്തിനു. ട്രയിൻ പതുക്കെ നീങ്ങി തുടങ്ങിയപ്പോൾ അവൾ എഴുന്നേറ്റ് കാരിയറിൽ നിന്നും ബാഗ് എടുക്കാൻ കൈകളുയർത്തി. വശത്തുനിന്നും അവളുടെ നിറഞ്ഞ മാറിടത്തിന്റെ ഭംഗി ഞാൻ തുറിച്ചു നോക്കി ആസ്വദിക്കുന്നതു പോലെ അവൾ സംശയിച്ചതു കൊണ്ടാവും, തെല്ല് അസ്വസ്ഥതയോടെ ഇടതു കൈകൊണ്ട് ഷാൾ വലിച്ച് പ്രസക്തഭാഗങ്ങൾ എന്നിൽ നിന്നും മറച്ചു പിടിച്ചു. ബാഗ് മടിയിൽ വച്ചിരിക്കുമ്പോൾ  മുടി മടിയിലെടുത്ത് വയ്ക്കാൻ അവൾ മറന്നില്ല.ഇടയ്ക്ക് കൈവിരളുകൾകൊണ്ട് ബാഗിൽ ചിത്രങ്ങൾ കോറുന്നതിനിടയിൽ നെറ്റി ചുളിച്ച് എന്നെ ഒന്നു നോക്കുന്നതും കണ്ടു.
‘വയ്യാത്തതല്ലേ..അവിടെവിടെങ്കിലും സീറ്റ് ഉണ്ടോന്നു നോക്ക്...’ അച്ഛന്റെ നിർദ്ദേശത്തിൽ നീരസം കലർന്നതു പോലെ തോന്നി. ഞാൻ അവളെത്തന്നെ നോക്കി നില്ക്കുന്നത് ശ്രദ്ധിച്ചിട്ടാകുമോ അച്ഛൻ എന്നോടങ്ങിനെ പറഞ്ഞത്...? അവളുടെ കണ്മുനയിൽ നിന്ന് മാറി നില്ക്കാൻ താല്പ്പര്യമില്ലാത്തതിനാൽ ‘ഓ’ എന്ന ശബ്ദം കൊണ്ട് അച്ഛന്റെ നിർദ്ദേശത്തെ തിരസ്കരിച്ച് ഞാൻ അവിടെ തന്നെ കുറ്റിയടിച്ചു. എന്തു വയ്യാഴികയാണു എനിക്കുള്ളതെന്നറിയാൻ അവൾ മുഖമുയർത്തി എന്നെ അടിമുടി നോക്കുന്നതു കണ്ടു. ‘നിനക്കൊന്നും പെട്ടെന്നു കണ്ടു പിടിക്കാൻ പറ്റുന്നതല്ല പെണ്ണെ എന്റെ വയ്യാഴിക...അച്ഛന്റെ ഓപറേഷനു പണമില്ലാതെ വന്നപ്പോൾ ഒരു വർഷം മുൻപ് ഞാൻ എന്റെയൊരു വൃക്ക ഒരാൾക്ക് ഡൊണേറ്റ് ചെയ്തു...അന്നു മുതൽ തുടങ്ങീതാ എന്റെ ഈ വയ്യാഴിക...രണ്ടു ലക്ഷം രൂപാ കിട്ടീട്ടോ....അച്ഛന്റെ ആദ്യത്തെ ഓപ്പറേഷൻ കഴിഞ്ഞ് ബാക്കി വന്ന മുപ്പതിനായിരം ഇപ്പൊ എന്റെ ഈ ബാഗിലുണ്ട്...ഈ സംഗതി എനിക്കും പ്രകാശിനും പിന്നെ ഒന്നു രണ്ടു പേർക്കും മാത്രമേ അറിയുകയുള്ളൂ....വീട്ടിലാർക്കും എനിക്കു ജോലി ചെയ്യാൻ വയ്യാതായതിന്റെ രഹസ്യം അറിയില്ല,അച്ഛനു പോലും...വയറു വേദനയ്ക്ക് ഓപറേഷൻ ചെയ്തെന്നാ അവരൊക്കെ ധരിച്ചിരിക്കുന്നത്...‘ ഇത്യാദി കാര്യങ്ങളൊക്കെ അവളുടെ ചെവിയിൽ ചെന്നു വിളിച്ചു പറയണമെന്നു തോന്നി എനിക്ക്.
      യാത്രയുടെ വിരസതയകറ്റാൻ അവൾ അവളുടെ കൈവിരലുകൾ തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടു.  പോളിഷ് ചെയ്തു വച്ച ഈട്ടിത്തടിയുടെ  നിറമാണു അവളുടെ നഖങ്ങൾക്ക്. എത്രമാത്രം ഭംഗിയാണവളുടെ കൈവിരളുകൾക്ക്. സിമന്റ് കൂട്ടി ഭംഗി നഷ്ട്ടപ്പെട്ട എന്റെ കൈവിരളുകളിലേക്ക് ഞാൻ വെറുതെ ഒന്നു നോക്കി. ശാന്തേച്ചിയുമായി മത്സരിച്ചു ജീവിച്ച എനിക്ക് അവളുമായി തരതമ്യം ചെയ്യാൻ എന്തു യോഗ്യത. ഞാൻ തോളിൽ തൂക്കി കഷത്തിലിറുക്കിപ്പിടിച്ചിരിക്കുന്ന നീണ്ട പച്ചവരകളുള്ള പ്ളാസ്റ്റിക് ബാഗിലേക്ക് അവൾ ഇടയ്ക്ക് നോക്കുന്നതു കണ്ടു. അവൾക്ക് ചിരി വന്നുവെന്നു തോന്നി.. അവൾ ഇരുകൈമുട്ടുകളും വിലകൂടിയ അവളുടെ ബാഗിൽ  ഊന്നി മുഖം മറച്ചുപിടിച്ചിരുന്നു. ഞാൻ നിന്നെപോലെ പണക്കാരനല്ലല്ലോ എന്നു അവളോടു പരിഭവിക്കണം എന്നു തോന്നി എനിക്ക്. സാരമില്ല..അധിക നേരം അവൾ ഈ ട്രയിനിൽ എന്നോടൊപ്പം ഉണ്ടാവുകയില്ലല്ലോ.....അതു വരെ അവൾ എന്നെ കളിയാക്കുകയോ ചിരിക്കുകയോ ഒക്കെ ചെയ്യട്ടെ..ഞാൻ അവളെ പരിഭവം മറന്ന് കണ്ണിമയ്ക്കാതെ നോക്കിനിന്നു.
      ട്രയിൻ അടുത്ത സ്റ്റോപ്പിൽ നില്ക്കുന്നതിനു മുൻപ് അവ്ളുടെ അടുത്തിരുന്നയാൾ ബാഗുമെടുത്ത് എഴുന്നേറ്റു പോയി.
‘അവിടിരിക്കെടാ...സീറ്റ് കളയാതെ..’ തെല്ല് ശങ്കിച്ചു നിന്ന എന്നെ നോക്കി അച്ഛൻ പരുഷമായി ആക്രോശിച്ചു. ഞാൻ അവൾക്കരികിൽ ഇരിക്കുമ്പോൾ വല്ലാത്തൊരനുഭൂതി എന്നിലേക്കുണർന്നു വന്നു. രണ്ടു മിനിറ്റിനു ശേഷം  ട്രയിൻ കുലുങ്ങി നീങ്ങിത്തുടങ്ങിയപ്പോൾ അതു വരെ മുട്ടാതിരുന്ന ഞങ്ങളുടെ തോളുകൾ തമ്മിലുരഞ്ഞു....മുപ്പതിനായിരത്തിന്റെ കാര്യം ഓർമ്മ വന്നപോൾ അവൾ കളിയാക്കുന്നെങ്കിൽ കളിയാക്കട്ടെ എന്നു കരുതി ഞാൻ എന്റെ ബാഗ് എടുത്തു മടിയിൽ വച്ചു.ബാഗുകൾ പരസ്പരം മുട്ടിയുരുമ്മിയപ്പോൾ അവൾ ഇടതു കൈ കൊണ്ട് ബാഗിനടിയിൽ താങ്ങി നേരെയാക്കി.ഞാൻ വലതു കൈ കൊണ്ട് എന്റെ ബാഗിനടിയിലും ഊന്നു കൊടുത്തു.ബാഗിനടിയിൽ ഞങ്ങളുടെ ഇരുവരുടേയും കൈയ്യുകൾ പരസ്പരം മുട്ടിയുരുമ്മി. ബാഗിനടിയിൽ നടക്കുന്ന മുട്ടിയുരുമ്മൽ എതിർവശത്തിരിക്കുന്ന അച്ഛൻ കാണില്ലല്ലൊ എന്നു കരുതി ഞാൻ സമാശ്വസിച്ചു. അവളുടെ ഓരോ സ്പർശനവും എനിക്ക് അനിർവചനീയമായ ആനന്ദം സമ്മാനിച്ചു. അവളോടു ചേർന്നിരിക്കുമ്പോൾ കടന്നു വന്ന പരിമളം എന്നിൽ ബാല്യകാല സ്മൃതികളുണർത്തി.കമ്പാർട്മെന്റിലെ എല്ലാ വിയർപ്പ് നാറ്റങ്ങൾക്കും മുകളിലായി അവളുടെ ശരീരത്തിന്റെ സുഗന്ധം ആവേശത്തോടെ പരന്നൊഴുകി.  ഞാൻ കണ്ണുകളടച്ച് അവളെ സ്വപ്നം കണ്ട് സീറ്റിൽ ചാരി.  അവൾ ഒരു മാലാഖയേപോലെ വെളുത്ത ഫ്രോക്ക് ധരിച്ച്, സ്വർഗ സമാനമായ ഒരു പൂന്തോട്ടത്തിൽ ഓടി നടക്കുന്നതു പോലെ എനിക്കു തോന്നി. അവളുടെ ഫ്രോക്കിന്റെ അരികുകളിൽ പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി.  അവിടെ അന്നു വരെ കണ്ടിട്ടില്ലാത്ത നീലയും മഞ്ഞയും തവിട്ടും നിറങ്ങളിലുള്ള പൂവുകളുണ്ടായിരുന്നു. പൂക്കളേക്കാൾ അവൾക്കിഷ്ട്ടപ്പെട്ടതു പൂമ്പാറ്റകളേയാണെന്ന് അവയുടെ പരക്കം പാച്ചിൽ എനിക്ക് കാണിച്ചു തന്നു....ചിത്രശലഭങ്ങൾക്കു പുറകെ ഒഴുകി നീങ്ങുന്നതിനിടയിൽ അവൾ എവിടെയെങ്കിലും വീണു പോകുമോ എന്നു ഞാൻ ഭയപ്പെട്ടു.‘സൂര്യാ..പതുക്കെ....’ വിളിച്ചു പറയാൻ ഞാൻ പണിപ്പെട്ടു. ശബ്ദം പുറത്തേക്കു വന്നില്ല... അവൾ വീണു പോയാൽ.....?ഇല്ല..അവൾ വീഴാൻ സമ്മതിച്ചു കൂടാ...പുറകെ ഒഴുകിയെത്തി ഞാൻ അവളുടെ കൈയ്യിൽ ബലമായി പിടിച്ചു.
‘ഛേ..എന്തായീ കാണിക്കുന്നത്...?’ അവൾ എന്റെ കയ്യിൽ നിന്നും പിടി വിടുവിച്ച് ചാടി എഴുന്നേറ്റു...‘
’വീഴരുത്...നിനക്കു വയ്യാത്തതല്ലെ.....‘ മയക്കത്തിൽ നിന്നുണർന്ന് ഞാൻ പിറുപിറുത്തു. പടക്കം പൊട്ടുന്നതു പോലെ അവളുടെ കൈപ്പത്തി എന്റെ കവിളിൽ ആഞ്ഞുവീണു. ഞാൻ ഞെട്ടിയുണർന്ന് അസ്തപ്രജ്ഞനായി ഇരുന്നു...
’എന്താ.... ന്താ...‘ ആളുകൾ ഇടപെട്ടു.
’ഈ വായിനോക്കി തെണ്ടി എന്നെ....‘ അവൾ മുഴുമിപ്പിക്കാതെ മുഖം പൊത്തി. ആരോ എന്നെ ഷർട്ടിനു കുത്തിപ്പിടിച്ച് ഉയർത്തി. ഒരടി വീണപ്പോൾ അച്ഛൻ ഇടപെട്ടു.
’ ഒന്നും ചെയ്യല്ലേ...സുഖമില്ലാത്ത കുട്ടിയാ...ഒരോപ്പറേഷൻ കഴിഞ്ഞതാ...ആരും ഒന്നും ചെയ്യല്ലേ...‘
അച്ഛൻ എല്ലാവരുടെയും കാലു പിടിച്ചതിനാൽ ഞാൻ രക്ഷപെട്ടു.  അവർ പിടി വിട്ടപ്പോൾ ഒരു അപ്പൂപ്പൻതാടി കണക്കെ ഞാൻ ഇരിപ്പിടത്തിൽ തിരിച്ചെത്തി.
      വണ്ടിയിറങ്ങുന്നതു വരെ ഞാൻ മുഖമുയർത്തിയതേയില്ല.  അന്തസുകെട്ട വേശ്യകളുടെ നടുവിലിരിക്കുന്നതു പോലെ യാത്രക്കാർക്കു നടുവിൽ ഞാൻ മുഖം പാതി മറച്ച്  കാഴ്ച്ചവസ്തുവായി. ലോകം മുഴുവൻ കൂക്കുവിളികളോടെ എന്നെ തുറിച്ചു നോക്കുന്നതു പ്പോലെ തോന്നി എനിക്ക്. മുഖത്തെ മരവിപ്പ് വേദനയായി പരിണമിച്ചിരുന്നു. തൃശൂരു വണ്ടി നിർത്തിയ ഉടൻ ചുവന്നു തുടുത്ത മുഖവുമായി അവൾ പ്ളാറ്റ്ഫോമിലിറങ്ങി അപ്രത്യക്ഷയായി. തൃശൂർ മെഡിക്കൽ കോളേജിലേക്ക് ഓട്ടോയിലിരിക്കുമ്പോൾ ഞാൻ അച്ഛനെ മുഖമുയർത്തി നോക്കി. കടന്നൽ കുത്തിയതു പോലെ വീർത്തിരിക്കുന്നു,അച്ഛന്റെ മുഖം. എന്റെ മനസ് തേങ്ങുകയായിരുന്നു.
’അച്ഛാ....‘ അച്ഛൻ എന്നെ നോക്കിയില്ല.
’അമ്മയോടു പറയല്ലെ.....ഞാൻ അറിയാതെ.....‘
’മിണ്ടരുത്...ഓരോ വൃത്തികേടു കാണിച്ചിട്ട് അറിയാതെയാണെന്നു പറഞ്ഞാൽ മതീല്ലോ...?... നീ അറിയാതോരോന്നു ചെയ്തു കൂട്ടാൻ തുടങ്ങിയിട്ട് നാളു കുറേയായി..‘ അച്ഛൻ പല്ലു ഞെരിച്ചു.....’ഛെ..തൊലി ഉരിഞ്ഞു പോയി....‘ അച്ഛൻ ഓട്ടോയുടെ മുൻ വശത്തുള്ള കമ്പിയിൽ അമർത്തി തിരുമ്മികൊണ്ടിരുന്നു. അച്ഛന്റെ കൺകോണുകളിൽ നനവു ആദ്യമായി ഞാൻ കണ്ടു. അഭിമാനം വൃണപ്പെട്ട അച്ഛന്റെ മുഖത്തേക്ക് വീണ്ടും നോക്കുവാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല.  ഇത്രനാളത്തെ രോഗപീഠയിൽ പോലും കരയാത്ത ആളാണു അച്ഛൻ. എന്റെ സങ്കടം അണപൊട്ടിയൊഴുകി.....അച്ഛാ..എന്നോടു ക്ഷമിക്കേണമെ...മനസറിയാതെ പറ്റിപോയി... എന്റച്ഛൻ എനിക്കെത്രമാത്രം പ്രിയപ്പെട്ടതാണെന്ന് എനിക്കു മാത്രമേ  അറിയൂ..? എന്നെ മനസിലാക്കിത്തരാൻ എനിക്കു കഴിയില്ലല്ലോ അച്ഛാ.... പണക്കാരനായ കോൺട്രാക്ടർ ശേഖരേട്ടന്റെ മകൾ സൂര്യ എനിക്കാരുമല്ല.  ഇതിനു മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവൾ ജീവിച്ചിരിക്കാൻ വേണ്ടിയല്ല ഞാൻ എന്റെയൊരു വൃക്ക അവൾക്കു മുറിച്ചു നല്കിയത്. എന്റച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരണം, പാവം നമ്മുടെ അമ്മയോടൊത്ത് സന്തോഷമായിട്ടിരിക്കണം. അതിനുവേണ്ടി മാത്രമാണു ഞാനതു ചെയ്തത്....ജീവതത്തിലെന്നും താളപ്പിഴകൾ മാത്രമുള്ള ഈ മകനോടു ക്ഷമിക്കേണമേ..
      എന്റെ മനസ്സിന്റെ മനസ്സ് അതിരുകളില്ലാതെ തേങ്ങി.  ആ  തേങ്ങൽ ഓട്ടോയുടെ കുടുകുടു ശബ്ദത്തിൽ അലിഞ്ഞലിഞ്ഞില്ലാതായി.

5 comments:

  1. കഥ കൊള്ളാമല്ലോ
    എന്തായാലും സദാചാരക്കാരെല്ലാം കൂടി എല്ലു വെള്ളമാക്കാതിരുന്നത് നന്നായി

    ReplyDelete
  2. അവനവനാത്‌മസുഖത്തിനാചരിക്കുന്നവ- യപരന്നു സുഖത്തിനായ് വരേണം.
    എന്നിട്ടും മൈക്കാട് ബിനുവിന്‍റെ നന്മകള്‍ വേണ്ടപ്പെട്ടവരില്‍ പലരും
    അറിഞ്ഞില്ലല്ലോ!!!
    നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  3. ഓരോ വരികളും അതിൽ കൂടി ഭംഗിയായി വെളിയിൽ കാണാതെ തുന്നികൊണ്ട് വന്ന ത്രെഡും ഭംഗിയായി നർമത്തിന്റെ മേമ്പോടിയിൽ സെന്റിമെന്റ്സ് കൊണ്ട് വന്നപ്പോൾ സെന്ടിമെന്റിന്റെ കാഠിന്യം കുറഞ്ഞു എന്നാലും നന്നായി

    ReplyDelete
  4. കഥ കൊള്ളാം 

    പക്ഷെ കഥാപാത്രങ്ങളിൽ  യഥാർത്ഥമായി ആരോഗ്യം ഉള്ളത് മൈക്കാഡ് ബിനുവിനല്ലെ? രോഗം കൊണ്ടായിരുന്നില്ലെ പെൺകുട്ടിയുടെ വൃക്ക മാറ്റിവക്കേണ്ടി വന്നത്?

    ഇവിടെ മൈക്കാഡ് രോഗിയും പെൺകുട്ടി ആരോഗ്യവതിയും ആയി എന്ന ഒരു വിരോധാഭാസം കാണുന്നു

    പക്ഷെ കഥ കൊള്ളാം കേട്ടൊ

    ReplyDelete
  5. അച്ഛന്‍ സുഖമില്ലാത്ത കുട്ടിയാണ് എന്ന് പറഞ്ഞതുകൊണ്ട് തല്‍ക്കാലം രക്ഷപ്പെട്ടു.
    കഥ കൊള്ളാം

    ReplyDelete