ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday, 8 June 2017

മരണം (കഥ) അന്നൂസ്

തോളില്‍ മൃദുവായി തട്ടിയ ശേഷം പോകാനായി തിരിഞ്ഞ സമയം, ഡോക്റ്ററുടെ കൈകള്‍ നാരായണേട്ടന്‍ ബലമായി പിടിച്ചെടുത്തു.
' ഡോക്റ്ററെ പോകരുത്... എന്റെ അടുത്തിരിക്കൂ... എനിക്ക് ചിലത് പറയാനുണ്ട്....' നാരായണേട്ടന്‍റെ മെലിച്ച കൈകള്‍ ഡോക്റ്ററുടെ കൈത്തണ്ടയിലിരുന്ന്‍ ശക്തിയായി വിറച്ചു.
അയാളുടെ അസാധാരണമായി മിഴിച്ചിരിക്കുന്ന കണ്ണുകളും ഭയാക്രാന്തമായി വലിഞ്ഞു മുറുകിയ മുഖപേശികളും വരണ്ടുകോടിയ ചുണ്ടുകളും ഡോക്റ്ററെ ചഞ്ചല ചിത്തനാക്കി. തിരക്കുകള്‍ ഒരു വശത്തുനിന്നു ആര്‍ത്തനാദം മുഴക്കുമ്പോഴും ഡോക്റ്റര്‍ നാരായണേട്ടനുവേണ്ടി, അയാള്‍ക്കരുകില്‍ ചോദ്യരൂപത്തില്‍ ഇരിക്കാന്‍ തയ്യാറായി.
' ഡോക്ട്ടറെ... ഇവിടെ നോക്കൂ.. എന്‍റെ തലയ്ക്കരുകില്‍ ഇരിക്കുന്ന ഈ കറുത്ത രൂപത്തിന്‍റെ പേര് മരണമെന്നാണ്... ആ രൂപത്തെ ഡോക്റ്റര്‍ക്ക്‌ കാണാമോ...? ' നാരായണേട്ടന്‍ ശബ്ദം താഴ്ത്തിചോദിച്ചു.
' ഇല്ല... ഞാനാരെയും കാണുന്നില്ല... ആ കറുത്ത രൂപത്തിന് എന്നെ കാണാമോ എന്ന് ചോദിക്ക്....' ഡോക്റ്റര്‍ പാതി തമാശയായി നാരായണേട്ടനെ പാളിനോക്കി. നാരായണേട്ടന്‍ ശൂന്യതയിലേയ്ക്കു തല തെല്ല് തിരിച്ചു വച്ചു.
' കറുത്ത രൂപമേ... നിനക്ക് ഡോക്റ്ററെ കാണാമോ എന്ന് ഡോക്റ്റര്‍ ചോദിക്കുന്നു...'
മരണം ഗൌരവം വിടാതെ ഇരിപ്പു തുടര്‍ന്നു.
' നോക്കൂ.... എനിക്ക് നിങ്ങളെ പോലെ കണ്ണുകളില്ല... പക്ഷെ എന്‍റെ ഇരയുടെ സാന്നിധ്യം എനിക്കറിയാനാകും... എന്‍റെ ഇരകള്‍ക്ക് എന്നെ കാണാനും സാധിക്കും.... ഡോക്റ്റര്‍ക്ക്‌ ഇപ്പോള്‍ എന്നെ കാണാന്‍ കഴിയില്ല...'
' മരണമേ.... ഡോക്റ്റര്‍ക്ക്‌ നീ പറയുന്നത് കേള്‍ക്കാന്‍ പറ്റുമോ...?
' ഇല്ല.... മരണ സമയമടുക്കാത്ത ആര്‍ക്കും എന്നെ കാണാനോ കേള്‍ക്കാനോ സാധിക്കില്ല....' മരണം അസന്നിഗ്ധമായി പറഞ്ഞു.
'മരണമേ.... നീ പറയുന്നത് ഡോക്റ്റര്‍ കേട്ടേ പറ്റൂ.....അത് എന്റെ ആവശ്യമാണ്‌......'
' നിന്റെ ഇഷ്ടം പോലെ...നാരായണേട്ടന്‍ ഒളിപ്പിച്ചുവെച്ചതെന്തോ തിരയുന്നത് നോക്കി മരണം നിര്‍വികാരനായി.
മൂര്‍ച്ചയുള്ള എന്തോ ഒന്ന് തിളങ്ങിയതും ഉയര്‍ന്നു താഴ്ന്നതും അടക്കിപ്പിടിച്ച ഞരക്കം കേട്ടതും ഒന്നിച്ചാണ്. മരണം വൈമനസ്യത്തോടെ ഡോക്ട്ടര്‍ക്കരികിലേയ്ക്ക് അല്‍പ്പംകൂടി നീങ്ങിയിരുന്നു.
നാരായണേട്ടന്‍ ഡോക്റ്റര്‍ക്ക്‌ നേരെ പ്രതീക്ഷയോടെ നോക്കി.
'ഡോക്റ്ററെ.... ഇപ്പോള്‍ അങ്ങേയ്ക്ക് ഈ കറുത്ത രൂപത്തിനെ കാണാന്‍ കഴിയുന്നുണ്ടോ...?
‘ഉണ്ട്....’ ഡോക്റ്ററുടെ ശബ്ദം വിറയാര്‍ന്നിരുന്നു.
‘കേള്‍ക്കാന്‍ പറ്റുന്നുണ്ടോ...?
‘ഉണ്ട്... പക്ഷെ ആ രൂപം ഒന്നും മിണ്ടുന്നില്ലല്ലോ....അനങ്ങാതെ ഇരിക്കുകയല്ലേ..? ഡോക്റ്റര്‍ പരാതിപ്പെട്ടു.
‘ഇനി രണ്ടുപേര്‍ക്കും കേള്‍ക്കാന്‍ കഴിയും.. കാണാനും. തടസമായി മറ്റാരും വരാതിരുന്നാല്‍ മതി.... ‘ മരണം അവര്‍ക്കിടയില്‍ ഇടപെട്ടുകൊണ്ട്‌ പറഞ്ഞു.
എനിക്കെന്താണ് പെട്ടെന്ന് പറ്റിയത്.... നേരത്തെ എനിക്കീ കറുത്ത രൂപത്തെ കാണാന്‍ കഴിയുമായിരുന്നില്ലല്ലോ..’ ഡോക്റ്റര്‍ സംശയം പ്രകടിപ്പിച്ചു.
നാരായണേട്ടന്‍ അസ്വസ്ഥനായി.
അതല്ല ഇവിടുത്തെ പ്രശ്നം.... മരണമേ.... നിങ്ങള്‍ ഡോക്റ്ററോട് കാര്യം പറയൂ... എനിക്ക് എന്റെ കാര്യമാണ് വലുതും പ്രധാനപ്പെട്ടതും.... കാരണം മരണമാകുന്ന നിങ്ങള്‍ നാല് ദിവസമായി എന്നെ ശല്ല്യപ്പെടുത്തുന്നു... അതിന്റെ കാരണം ഈ ഡോക്ട്ടറാണ്..'
ഡോക്റ്റര്‍ നാരായണേട്ടനെ നീരസത്തോടെ നോക്കി.
‘നാരായണേട്ടാ ഞാന്‍ എങ്ങനെ താങ്കള്‍ക്ക് ശല്ല്യക്കാരനായി..? ഞാന്‍ താങ്കളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഡോക്ട്ടറാണെന്ന കാര്യം താങ്കള്‍ മറക്കുന്നു...'
‘ഡോക്റ്റര്‍ക്ക്‌ തെറ്റി. നാരായണേട്ടനു ഒരു ലക്ഷ്യമുണ്ട്... ഡോക്ട്ടര്‍ക്ക് അതറിയാമോ..? ആ ലക്ഷ്യത്തിനു താങ്കളാണ് വിഘാതം...' മരണം വീണ്ടും ഇടപെട്ടു.
‘വിഘാതാമോ...? ഞാനോ..? എനിക്കൊന്നും മനസിലാകുന്നില്ല.... സത്യത്തില്‍ നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്നം..?
മരണം ഡോക്ട്ടര്‍ക്കരികിലേയ്ക്ക് അല്‍പ്പംകൂടി നീങ്ങി ഇരുന്നു.  
'വ്യക്തമാക്കിത്തരാം. നാരായണേട്ടന് ഇപ്പോള്‍ വയസ് അറുപത്തിയെട്ട്... എന്പത്തിയഞ്ചു വയസുവരെ ആയുസുണ്ട്. കാലമിത്രയായിട്ടും ആരോഗ്യത്തിനൊരു കുഴപ്പവുമില്ല. പക്ഷെ അദ്ദേഹത്തെ മരണഭയം പിടികൂടിയിട്ടു മാസം ആറു കഴിഞ്ഞു. കാരണം അദ്ദേഹത്തിന്‍റെ ഭാര്യയെ ഞാന്‍ കൂടെ കൂട്ടിയിട്ടു ആറുമാസം കഴിഞ്ഞിരിക്കുന്നു. മരണഭയം ചുമന്നുകൊണ്ട് ജീവിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മരണത്തിനായി കാത്തിരിക്കുന്നത് അതിലേറെ പ്രയാസവും. അതിനൊരറുതി വരുത്താനാണ് നാരായണേട്ടന്‍ വിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചതും ഇവിടെ വരേണ്ടിവന്നതും... ആയുസെത്തിയില്ലെങ്കിലും അദ്ദേഹത്തെ കൂടെകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ... ഡോക്റ്ററുടെ ചികിത്സാവൈഭവം അതിനുള്ള തടസമായി നില്‍ക്കുകയായിരുന്നു ഇതുവരെ.......'
ഇരുട്ട് വീണുകഴിഞ്ഞാല്‍ ഭയം എന്നെ കീഴ്പ്പെടുത്തുകയായി. എത്ര ദൈവത്തെ വിളിച്ചാലും നാമം ജപിച്ചാലും രാത്രി എന്നത് മറികടക്കാനാവാത്ത ഒരു സത്യമായി മാറുന്നു എന്നതാണ് എന്റെ പ്രശ്നം. എന്ന് മരിക്കും എന്നറിയാത്ത ഈ കാത്തിരിപ്പ്‌ എനിക്ക് അസഹനീയമാണ്... അതുകൊണ്ട് ഈ കറുത്ത രൂപത്തിനോപ്പം പോകാന്‍ ഡോക്റ്റര്‍ എന്നെ അനുവദിക്കണം....
നാരായണേട്ടന്‍ ഇടയില്‍ കയറി ഡോക്റ്റരോട് കെഞ്ചി. മരണം പൊട്ടിച്ചിരിച്ചു.
‘ഇനി ഡോക്റ്ററുടെ അനുവാദത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല... എഴുപത്തിയെട്ടു വയസുവരെ ആയുസുള്ള,  ഇപ്പോള്‍ നാല്‍പ്പത്തിയഞ്ചു വയസ്സു മാത്രമുള്ള ഡോക്റ്ററും ഈ സമയം എന്റെ ഇരയാണ്... രണ്ടു മിനിറ്റ് മാത്രം. അതുവരെ ഒച്ചവച്ച് ഡോക്റ്റര്‍ ആളെ കൂട്ടാതെ നോക്കേണ്ട ചുമതല നാരായണേട്ടന്റെയാണ്.
മരണം ഇളകിയിരുന്ന്, പൊട്ടിപ്പൊട്ടിച്ചിരിച്ചു.
‘അയ്യോ എന്താണിത്.... നിങ്ങള്‍ എന്താണീ പറയുന്നത്...? എനിക്ക് ഇപ്പോള്‍ മരിക്കേണ്ട..... എന്നെ കാത്തിരിക്കുന്ന ഒരുപാട് രോഗികളുണ്ടിവിടെ... എന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ ഭാര്യയും മോളും... അവരെയൊക്കെ...’ ഡോക്റ്റര്‍ വെപ്രാളപ്പെട്ടു.
നെഞ്ചില്‍ അമര്‍ന്നിരുന്ന തന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ രക്തം കുതിച്ചൊഴുകുന്നത് ഡോക്റ്റര്‍ അപ്പോഴാണ്‌ കണ്ടത്. ഭയാക്രാന്തനായി ഡോക്റ്റര്‍ പൊടുന്നനെ നിലവിളിക്കാനാഞ്ഞു. ഓക്സിജന്‍ സിലിണ്ടറുമായുള്ള ബന്ധം വലിച്ചുപൊട്ടിച്ച് നാരായണേട്ടന്‍ സര്‍വ്വശക്തിയുമെടുത്ത് ചാടിയുയര്‍ന്ന് ഞൊടിയിടയില്‍ ഡോക്റ്ററുടെ വായ പൊത്തി. ജീവിച്ചു കൊതിതീരാത്ത കണ്ണുകളും ജീവിക്കാന്‍ കൊതിക്കാത്ത കണ്ണുകളും പരസ്പ്പരം ഒരു നിമിഷം കോര്‍ത്തു നിന്നു. പിന്നെ ഇരുവരുടെയും കൃഷ്ണമണികള്‍ മുകളിലേയ്ക്കുയര്‍ന്നു കണ്‍പോളകള്‍ക്കുള്ളിലേയ്ക്ക് മലര്‍ന്നുമറഞ്ഞു. ആ മരണ വെപ്രാളങ്ങള്‍ക്കിടയില്‍ ലയിച്ചുനിന്ന്, മറ്റാര്‍ക്കും കേള്‍ക്കാനാകാത്ത വിധം അത്യുച്ചത്തില്‍ മരണം പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു.

10 comments:

  1. ഔചിത്യബോധമില്ലാത്ത മരണമെന്ന വേട്ടക്കാരന്‍...
    ആശംസകള്‍

    ReplyDelete
  2. ജീവിതവും മരണവും..ഒരു നൂൽപ്പാലത്തിലൂടെ നാമൊക്കെ യാത്രചെയ്യുന്നവർ..ആശംസകൾ







    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ പുനലൂരാന്‍

      Delete
  3. അവസാനം വല്ലാത്തൊരു അവസ്ഥയിൽ എത്തിയ കഥ. നേരത്തെ ഇത് വായിച്ചുവെന്നു തോന്നുന്നു. നല്ല അവതരണം ആയിരുന്നു.
    ആശംസകൾ അന്നൂസ്.

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു നന്ദി ചേച്ചീ.......

      Delete
  4. അന്നൂസ് ചേട്ടനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ബ്ലോഗ് കണ്ടുപിടിച്ചത് :-) രംഗബോധമില്ലാത്ത കോമാളിയാണല്ലോ എപ്പോളും മരണം... ക്ലൈമാക്സ് കുറച്ചു .നൊമ്പരപ്പെടുത്തി... ബാക്കി പോസ്റ്റുകൾ കൂടെ വായിക്കട്ടെ.

    ReplyDelete
    Replies
    1. ഏറെ സന്തോഷം.........പ്രിയ കൂട്ടുകാരാ...

      Delete
  5. നന്നായി അവതരിപ്പിച്ച ഒരു കഥ ...

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ ബിലാത്തിപ്പട്ടണം ഭായ്....

      Delete