അനുഭവക്കുറിപ്പ് - 7
മിതമായ
സംസാരം. എന്നാല്‍ ‘ശാസ്ത്രീയ’മായിരിക്കും. കാര്യങ്ങളെ അരച്ച് കലക്കി കുടിച്ചത് പോലെ തോന്നിപ്പിക്കും.
എന്നാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് പൊരുത്തമോ ബന്ധമോ സാഹചര്യം ആവശ്യപ്പെടുന്നതോ
ആയിരിക്കില്ല. പറഞ്ഞാല്‍ പറഞ്ഞതാണ്. പിന്നെ നോ അപ്പീല്‍. എന്ത് പറയുമെന്നോ എങ്ങനെ
പറയുമെന്നോ എന്നതിനെപ്പറ്റി നോഐഡിയ എന്ന അവസ്ഥ. അതായിരുന്നു എന്റെ സുഹൃത്ത്
ജോക്കുട്ടി എന്ന ജോസുകുട്ടി.
ഇപ്പോള്‍
വയസ്സ് നാല്‍പ്പത്തിയഞ്ച്. അവിവാഹിതന്‍. ഒറ്റത്തടി. എല്ലാ പണികളും ചെയ്യും. എട്ടു
തൊട്ടു അഞ്ചു വരെ തികച്ചു നില്‍ക്കില്ല. തോന്നുമ്പോള്‍ വരും തോന്നുമ്പോള്‍ പോകും.
അതിനു പലപ്പോഴും ഒറ്റവാക്കില്‍ അല്ലെങ്കില്‍ ഒരു വാചകത്തില്‍ ന്യായീകരണം ഉണ്ടാകും.
പോയിട്ടും വന്നിട്ടും പലപ്പോഴും ഈ ന്യായീകരണം മാത്രമേ മിച്ചം കാണാറുള്ളൂ. കൂലി
ലഭിക്കാറില്ലായിരുന്നു.
വിറകു
വെട്ടാന്‍ വന്നാല്‍ ‘അറഞ്ചാന്‍ പുറഞ്ചാന്‍’ വെട്ടും. മിക്കവാറും പതിനൊന്നുമണി ഒക്കെ
ആകുമ്പോള്‍ ‘ശാസ്ത്രീയത’ തല നീട്ടും. എന്റെ ‘സുഹൃത് വലയ’ത്തിലുള്ള ഒരാള്‍ ഇന്ന്
ടൌണില്‍ വരുന്നുണ്ട്... മീറ്റ് ചെയ്യണം അല്ലെങ്കില്‍ ‘ആര്‍നോള്‍ഡ് ഷോക്ക്അബ്സോര്‍ബറിന്റെ’
ഒരു സിനിമ ഓടുന്നുണ്ട്. കണ്ടേച്ചും വരാം, വിറകു നാളെയാണെങ്കിലും കീറാമല്ലോ എന്നോ
മറ്റോ പറഞ്ഞു പുറപ്പെടുകയായി. ഇടയ്ക്ക് ഉഴപ്പുന്നത് കൊണ്ട് കൂലി ചോദിക്കാന്‍
പറ്റില്ലല്ലോ. മനസാക്ഷി തോന്നി ആരും കൊടുക്കുകയും ഇല്ല. ഉള്ളത് ലാഭം എന്ന് കരുതും.
ഫലമോ പട്ടിണി തന്നെ പട്ടിണി.
രാവിലെ
എഴുന്നേറ്റാല്‍ ഒരു ഏത്തക്കായും ഒരു കോഴിമുട്ടയും ഒരുമിച്ചിട്ടു പുഴുങ്ങും. എത്തക്കായുടെ മൂന്നിലൊന്ന്‍ മുറിച്ചു
പാത്രത്തില്‍ വയ്ക്കും. മുട്ടയുടെ പകുതിയും. അതാണ് പ്രഭാത ഭക്ഷണം. രാവിലെ മാത്രം ഒപ്പം ഒരു ഗ്ലാസ് കാട്ടൻ കാപ്പിയും കാണും . ബാക്കി മൂന്നിലൊന്ന്‍
ഏത്തക്കായും പകുതി മുട്ടയും ഉച്ചയ്ക്ക്. പിന്നെ വരുന്ന മൂന്നിലൊന്നു ഏത്തയ്ക്കാ
രാത്രിയില്‍. രാത്രിയില്‍ മുട്ടാവശിഷ്ട്ടം ഇല്ലാത്തതു കാരണം ‘രാത്രിയില്‍ ഞാന്‍
ശുദ്ധവെജ് ആണെ’ന്നൊരു ഞായവും പറയും.
ഇങ്ങേര്‍ നല്ലപ്രായത്തില്‍
ആകെ പതിനഞ്ചു പെണ്ണുങ്ങളെ പെണ്ണ്കാണാന്‍ പോയിട്ടുണ്ട് എന്നാണൊരറിവ്. അതില്‍ അഞ്ചെണ്ണത്തിനു
ജോക്കുട്ടിയെ അനുഗമിക്കാനുള്ള ഭാഗ്യം ഈയുള്ളവനുണ്ടായി. ഞങ്ങളിരുവരും ചേര്‍ന്ന്
ആദ്യം കാണാന്‍ പോയത് സംഗീതാ ജോസ് എന്ന പാട്ടുകാരിയെ..
തലേ ദിവസം
ജോക്കുട്ടി എന്റടുത്ത് വന്നു പറഞ്ഞു.
‘സുഹൃത്തെ...നാളെ
ഒരു ‘കൂടികാഴ്ച’ ഉണ്ട്... കൂടെ വരണം...’
‘കൂടികാഴ്ചയോ...? ജോലിക്കുള്ള
ഇന്റര്‍വ്യൂ ആണോ...?’ ഞാന്‍.
‘അല്ല ഒരു
സ്ത്രീയുടെ ഇങ്ങിതം അറിയാന്‍ പോകുന്നു.’ (ശാസ്ത്രീയത)
ഒലത്തി...! കൂടുതല്‍
ചോദിച്ചില്ല. കൂടെ പോയി. കണ്ടു. സംഗീത സുന്ദരിയായിരുന്നു. അവള്‍ പെണ്ണുകാണല്‍
ദിവസം ചായ കൊണ്ട് വന്നു കൊടുക്കുമ്പോള്‍ ജോക്കുട്ടി മിനക്കെട്ടിരുന്നു വിറയ്ക്കുന്നത്
കണ്ടു. പരസ്പ്പരം സംസാരിക്കണ്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു.
അവളുടെ ഗ്ലാമറിനോട് എതിരിട്ടു നില്ക്കാനുള്ള ധൈര്യമില്ല എന്നതായിരുന്നു വസ്തുത.
കണ്ടിറങ്ങി
റോഡില്‍ എത്തിയപ്പോള്‍ ജോക്കുട്ടി പറഞ്ഞു.
‘എനിക്ക്
വേണ്ട...’
ങേ.... ഞാന്‍
ഞെട്ടി. കാരണം...? ആ പെങ്കൊച്ചിനു എന്താ കുഴപ്പം ജോക്കുട്ട്യെ
‘സുന്ദരി.
വെളുമ്പി. സലിം..... ‘ അങ്ങേര്‍ പറഞ്ഞു തുടങ്ങി.
‘സലിം അല്ല
സ്ലിം..’ ഞാന്‍ തിരുത്തി.
‘ഓ.... പക്ഷെ
സ്വഭാവം അഭിസാരികയുടെതാണ്....!!’ ഞാന്‍ പിന്നേം ഞെട്ടി.
‘അത്ര വലിയ
ആക്ഷേപം ഉന്നയിക്കാന്‍ ഇവിടെന്തുണ്ടായി...ആളെ നേരത്തെ അറിയാമോ...?’ ഞാന്‍.
‘നേരത്തെ
അറിയില്ല.... നമ്മള്‍ കണ്ടിറങ്ങി പോരുന്ന വഴിക്ക് ഞാന്‍ ഒന്ന് തിരിഞ്ഞു നോക്കി.
അപ്പോള്‍ അവള്‍ ആ ജനലരുകില്‍ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു....’
‘അതുകൊണ്ട്...’
‘മനസ്സിന്
കണ്ട്രോള്‍ ഇല്ലാത്തവരല്ലേ അങ്ങനെ ഒളിഞ്ഞു നോക്കുന്നത്....അങ്ങനുള്ളവരുടെ സ്വഭാവം
ശരിയല്ല....’
‘അങ്ങനാണെങ്കില്‍
ജോക്കുട്ടി എന്തിനാ തിരിഞ്ഞു നോക്കിയത്...താങ്കള്‍ക്കും കണ്ട്രോള്‍ ഇല്ലല്ലോ...?’
‘ഞാന്‍ അവളെ
കൊതി കൊണ്ട് നോക്കിയതല്ല. ചെക്ക് ചെയ്തതാ...’
'അവൾ
നല്ല പാട്ടുകാരിയാ...' ഞാൻ ഉന്തി നോക്കി.
'ഊ
.... പിന്നെ പാട്ട് പുഴുങ്ങിയാൽ ചോറാകുമോ...?
അങ്ങനെ അത്
ചീറ്റി. അക്കാലത്ത് അങ്ങേര്‍ക്കു ഇരുപത്തിയാറു വയസ്സു കാണും. പിന്നേം രണ്ടു കൊല്ലം
കഴിഞ്ഞാണ് അടുത്ത ‘കൂടിക്കാഴ്ച്ചയ്ക്ക്’ കൂടെ പോകാന്‍ എനിക്കവസരം കൈവന്നത്. ആ
പെണ്ണിന്റെ പേരോര്‍ക്കുന്നില്ല. ഇരു നിറമായിരുന്നു പെണ്ണിന്. നിങ്ങള്‍
എന്തെങ്കിലും സംസാരിച്ചിരിക്കൂ എന്ന് പറഞ്ഞു ബ്രോക്കറും പെണ്ണിന്റെ മാതാപിതാക്കളും
ഹാള്‍ ഒഴിഞ്ഞപ്പോള്‍ എന്നെ പുറത്തേക്ക് പോകാന്‍ അയാള്‍ സമ്മതിച്ചില്ല. ഒരു
ധൈര്യത്തിന് കൂടെയിരുത്തി.
‘എന്താ
ജോലി...’ ജോക്കുട്ടി പെണ്ണിന് നേരെ തിരിഞ്ഞു.
‘പാരലല്‍
കോളേജില്‍ ടീച്ചറാണ്...’ എളിമയോടെ പെണ്‍കുട്ടി പറഞ്ഞു.
‘കായന്തരശില
അവസാദശില എന്നിവ എന്താണെന്നറിയാമോ...?’
ആ ചോദ്യം
കേട്ടു ഞാന്‍ ഞടുങ്ങി..! എന്റെ ജോക്കുട്ടീ..... ഞാന്‍ ദയനീയമായി അങ്ങേരെ നോക്കി.
പിന്നെ പെണ്ണിനേയും.
‘കായന്തരശില
അല്ല..കായാന്തരിത ശില ആണ്. അതിനെപ്പറ്റി കൂടുതലൊന്നും എനിക്കറിയില്ല...’ തിരിച്ചു
ചെറുതായി ഒരു ഗോളടിച്ചു കൊണ്ട് ഇരുനിറക്കാരി ജോക്കുട്ടിയെ ഒന്നിരുത്തി.
‘ശരിയായിരിക്കാം....
പക്ഷെ എനിക്ക് മഹതിയെ കാണുമ്പോള്‍ അവസാദശിലയാണ് ഓര്‍മ്മ വരുന്നത്...!’ പകരത്തിനു
പകരം കൊടുത്ത് സ്വന്തം ഭാവിയില്‍ മണ്ണ് വാരി ഇട്ട് ജോക്കുട്ടി വീടിനു
പുറത്തേക്കിറങ്ങി. ഒപ്പം ഞാനും. ജോക്കുട്ടി കുടിച്ചിട്ട് വച്ച കുപ്പി ഗ്ലാസ്
കലിപ്പോടെ പുറത്തേക്ക് പറന്നു പോയി കിണറിന്റെ കൈവരിയില്‍ ഇടിച്ച് പൊട്ടുന്ന ശബ്ദം
കേട്ടു. ഇരുപത്തിഎട്ട് ചെറുക്കന്മാര്‍ക്ക് മുന്‍പില്‍ അണിഞ്ഞൊരുങ്ങി നിന്നുകൊടുത്ത
ഇരുനിറക്കാരി പെണ്ണിന്റെ വിഷമം അവള്‍ക്കല്ലേ അറിയൂ...
‘താന്‍
അവസാദശില കണ്ടിട്ടുണ്ടോ...?’ തിരികെ പോരുന്ന വഴി എനിക്ക് ദേഷ്യമായിരുന്നു.
‘ഇവളൊക്കെ
എന്നാ കോപ്പിലെ ടീച്ചറാ... പാരലല്‍ കോളേജ്....ത്ബൂ..... അവടെ ജെനറല്‍നോളെഡ്ജ്
ഒന്നറിയണമല്ലോ...’
‘എന്നിട്ട്
താന്‍ ചോദിച്ചതും തെറ്റിപോയല്ലോ...’ ഞാന്‍ ഏറ്റുപിടിച്ചു.
‘അത് ഞാന്‍
അവളെ ഒന്ന് പരീക്ഷിച്ചതല്ലേ....’ അയാള്‍ എന്റെ മുന്‍പില്‍ ഞെളിഞ്ഞു നടന്നു.
'അവൾ
നല്ല പഠിപ്പീരാണെന്നാ കേൾക്കുന്നത്. കുട്ടികൾക്കൊക്കെ വല്ല്യ ഇഷ്ടമാ ആ ടീച്ചറെ... ...' ഞാൻ തള്ളി നോക്കി.
'ഊ
.... പാരലൽ കോളേജിലെ ഊമ്പൻ പിള്ളാരുടെ ഇഷ്ടമല്ലേ..... യൂണിവേഴ്സിറ്റി കോളേജ്
ഒന്നുമല്ലല്ലോ....?
അങ്ങനെ അതും
ചീറ്റി. പക്ഷെ എനിക്ക് ഈ അനുഭവങ്ങള്‍ രസകരമായാണ് തോന്നിയത്. അതുകൊണ്ട് തന്നെ വീണ്ടും
വിളിക്കാന്‍ ഞാന്‍ കാത്തിരുന്നു. പിന്നീട് വിളിക്കുന്ന സമയത്ത് അങ്ങേര്‍ക്കു
മുപ്പത്തിഒന്നായിരുന്നു പ്രായം.
ഇത്തവണ
സംഭവിച്ചത് മറ്റൊന്നാണ്. ബ്രോക്കര്‍ ഒപ്പം ഇല്ലായിരുന്നു. വീട് തപ്പി ഒരു വിധം
കണ്ടു പിടിച്ച് മുറ്റത്തേക്ക് കയറിച്ചെന്നപ്പോള്‍ അഴയില്‍ അലക്കിയിട്ടിരുന്ന ഒരു
ബ്രയ്സര്‍ കഷ്ടകാലത്തിന് ജോക്കുട്ടിയുടെ തലയില്‍ ഉടക്കി താഴേക്ക് വീണു. അത്
കൈയ്യിലെടുത്ത് അഴയിലേക്ക് തിരികെയിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പെണ്ണിന്റെ അമ്മ
വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് ‘ആരാ’ എന്ന് ചോദിക്കുന്നത്. പിന്നെ മടിച്ചില്ല.
തടയാന്‍ എനിക്കു പറ്റും മുന്‍പേ ജോക്കുട്ടി അവര്‍ക്കരുകിലേക്ക് ചെന്ന് ബ്രാ അവരുടെ
കൈയ്യിലേക്ക് വച്ച് കൊടുത്ത് ഒരു വല്ല്യകാര്യം ചെയ്ത പോലെ നിന്നു. ബ്രാ കൈയ്യില്‍
വാങ്ങി പെണ്ണിന്റമ്മ അന്ധാളിച്ചു നിന്നു.
‘ബ്രോക്കര്‍
സുകുമാരന്‍ പറഞ്ഞിട്ട് വരുകയാണ്, കൂടിക്കാഴ്ചയ്ക്ക്....’
‘കൂടിക്കാഴ്ചയോ...?’
പെണ്ണിന്റെ തള്ളേടെ കണ്ണ് തള്ളി.
‘പെണ്ണ്കാച്ചല്‍....
ഒഹ്...സോറി പെണ്ണ്കാണല്‍...’ ഞാന്‍ കയറി ഇടപെട്ടു പിന്നേം കുളമാക്കി.
‘പെണ്ണിവിടില്ല....
പിന്നെ വരൂ....’ അകത്തു പെണ്ണൊരുങ്ങി നില്‍പ്പിണ്ടായിരുന്നിട്ടും അവര്‍ നിര്‍ദാക്ഷിണ്യം
വാതില്‍ കൊട്ടിയടച്ചു ഉള്‍വലിഞ്ഞു.
'ആ
നാറി സുകുമാരനിങ്ങു വരട്ടെ... തലയ്ക്കു
സ്ഥിരമില്ലാത്തവന്മാരെയാണോ പറഞ്ഞു വിടുന്നതെന്നൊന്നറിയണം ...' തള്ളേടെ ശബ്ദം കോണ്ക്രീറ്റ് വീടിനുള്ളിൽ മുഴങ്ങുന്നത് കേട്ടു .
‘എന്നാ പണിയാ
കാണിച്ചത്.... ബ്രാ താഴെപ്പോയാല്‍ നിങ്ങക്കെന്നാ കുഴപ്പം.... എന്തിനാ അതെടുത്തു
കൊടുക്കാന്‍ പോയത്...?’ തിരികെ പോരുമ്പോൾ ഞാന്‍ പതിവ് തെറി തുടങ്ങി.
‘ഞാനായിട്ട്
കളഞ്ഞത് ഞാന്‍ വേണ്ടേ എടുത്തു കൊടുക്കാന്‍. അതല്ലേ ഡിഗ്നിറ്റി..’
'ഡിഗ്നിറ്റി.... മാങ്ങാത്തൊലി...!...ഇയാള് പൊ.... ഇപ്പോ
ഉള്ള ഡിഗ്നിറ്റിയും പോയി… പെണ്ണും പോയി ...' ഞാൻ നിരാശനായി.
'പോയാല്‍
പോട്ടെ.... ഐശ്വര്യാറായി ഒന്നുമല്ലല്ലോ ..'
അങ്ങനെ അതും
ചീറ്റി. നാലാമത്
പോകുന്നത് അങ്ങേരുടെ മുപ്പത്തിനാലാം വയസ്സില്‍. അതും സുന്ദരി പെണ്ണായിരുന്നു. ബിടെക്ക്
കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ജോക്കുട്ടിക്കു സൂക്കേട്
തുടങ്ങിയിരുന്നു. വിദ്യാഭ്യാസമുള്ള പെണ്പിള്ളേരെ അങ്ങേര്‍ക്കു പണ്ടേ
കലിപ്പായിരുന്നു. പെണ്ണിന്റെ വീട്ടിലേക്കു പോകുന്ന വഴി ഒന്നുരണ്ടു തവണ ത്ബൂ...
എന്ന് വയ്ക്കാന്‍ അങ്ങേര്‍ മറന്നില്ല. ഇതും ഒരു വഴിക്കാകും എന്ന് അപ്പോള്‍ മുതല്‍
എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
കാപ്പി
കുടിയൊക്കെ കഴിഞ്ഞ് ഇരുവരും പരിചയപ്പെടലിനായി ഒഴിഞ്ഞ മുറിയുടെ ജനലിനരുകിലേക്ക്
മാറിനിന്നു. അയാള്‍ എന്റെ കയ്യില്‍ നിന്ന് പിടി വിട്ടിരുന്നില്ല. ഞാനും ഒപ്പം ചേര്‍ന്ന്
നിന്നു.
‘പേരെന്താ...’
മന്ദസ്മിതത്തോടെ പെണ്ണ് തന്നെ മുന്‍കൈഎടുത്തു.
‘ജോസുകുട്ടി
സെബാസ്റ്റ്യന്‍...’ഭവതി’യുടെയോ.....?’ (ശാസ്ത്രീയത)
‘പ്രിന്‍സി....’
അവള്‍ ഒരു രാജകുമാരിയെപ്പോലെ പൊട്ടിച്ചിരിച്ചു.
‘എന്താ ഇത്ര
ചിരിക്കാന്‍....’ ജോക്കുട്ടിയും തെല്ലു ഗൌരവം കുറയ്ക്കുന്നതായി എനിക്ക് തോന്നി.
‘അല്ല...ഇപ്പോളാരെങ്കിലും
ഭവതി എന്നൊക്കെ പറയുമോ...?’
‘പിന്നെ.....
ഭവതി, മഹതി, പുണ്യവതി, സ്ത്രീരത്നം... എന്നൊക്കെ വേണം നാം പരിചയമില്ലാത്ത
സ്ത്രീകളെപ്പറ്റി പറയാന്‍...’
ജോക്കുട്ടിയുടെ
‘ശാസ്ത്രീയത’ കേട്ടു അവള്‍ പിന്നേം പൊട്ടിച്ചിരിച്ചു. രണ്ടു പേരും തമ്മില്‍ ഒരു
റ്റേമ്സില്‍ എത്തിയത് കണ്ടു ഞാന്‍ സന്തോഷിച്ചു. ഇതെങ്കിലും നടക്കും.... ഞാന്‍
സ്വപ്നം കണ്ടു.
‘ദിവസം എത്ര
തവണ കുളിക്കും...?’ അവളുടെ ചിരി പെട്ടെന്ന് മായുന്നത് കണ്ടു.
‘അതെന്താ
അങ്ങനെ ചോദിച്ചത്...?’ പ്രിന്‍സി ആശങ്കാകുലയായി.
‘വിയര്‍പ്പിന്റെ
അസുഖമുണ്ടല്ലേ...?’ പ്രിന്‍സിയുടെ കക്ഷത്തിലേക്ക് ചൂണ്ടി ജോക്കുട്ടി അത്
ചോദിച്ചപ്പോള്‍ ഞെട്ടിയത് ഞങ്ങള്‍ രണ്ടു പേരുമാണ്. ഇയാള്‍ എന്തൊരു മനുഷ്യനാണ് എന്ന
മട്ടില്‍ അവള്‍ ആശ്ചര്യത്തോടെ ജോക്കുട്ടിയെ നോക്കി നില്‍ക്കുന്നതിനിടയില്‍ അയാളുടെ
തല അവളുടെ കക്ഷത്തിലേക്ക് നീണ്ടു ചെന്ന് മണം പിടിച്ചു. അവള്‍ വീണ്ടും ഞെട്ടി പുറകോട്ടു
മാറുന്നത് കണ്ടു.
‘ഞാന്‍
റെക്സോണാ ഡിയോഡറണ്ടാണ് തേയ്ക്കുന്നത്... ഭവതിക്കും അത് പറ്റും എന്നാണെനിക്കു
തോന്നുന്നത്....’ അയാള്‍ ഒരു സെയില്‍സ്മാന്‍റെ രൂപം കൈകൊണ്ടു നിന്നു.
‘വിളിച്ചോണ്ട്
പോടോ....’ അവള്‍ എന്റെ നേരെ നോക്കി ആക്രോശിച്ച ശേഷം അകത്തേക്ക് പാഞ്ഞു. ഞാന്‍
ജോക്കുട്ടിയെ അമര്‍ത്തി തോണ്ടിയ ശേഷം പുറത്തേക്കും.
അതോടെ അതും
പണ്ടാരടങ്ങി കിട്ടി.
പിന്നെ ഒരു
തവണ കൂടി ‘ജോയിന്റായി’ കൂടിക്കാഴ്ചയ്ക്ക് പോകാന്‍ അവസരം കിട്ടി. നാല്പ്പത്തിരണ്ടു
വയസായിരുന്നു അപ്പോൾ പ്രായം. പെണ്ണ് രണ്ടാം കേട്ടാണെന്നറിഞ്ഞിട്ടും സുഹൃത്തുക്കളുടെ
നിർബന്ധത്തിനു വഴങ്ങി ജോക്കുട്ടൻ എന്നെയും കൂട്ടി പോകാൻ തയാറായി. പതിവ് ചായകുടി
കഴിഞ്ഞ് 'ചോദ്യോത്തരപംക്തി'ക്കായി
മുറ്റത്തിന്റെ ഒരൊഴിഞ്ഞ കോണിലേക്ക് ഞങ്ങൾ നീങ്ങി. വരണ്ട മുഖത്തോടെ ജീവിത വെയിലേറ്റു
വാടിത്തളർന്ന് പെണ്ണവിടെ കാത്തു നില്പ്പുണ്ടായിരുന്നു.
'എന്നെ
ഓർക്കുന്നുണ്ടോ ...? ' തെല്ലു മൌനത്തിനു ശേഷം പെണ്ണ് തന്നെ അഭിമുഖം
ആരംഭിച്ചു. ജോക്കുട്ടൻ തലയുയർത്തി അവളെ ഒന്നുഴിഞ്ഞു നോക്കി.
'അതെന്താ
അങ്ങനെ ചോദിച്ചത്....'
'ഒൻപത്
വർഷം മുൻപ് എന്നെ വന്നുകണ്ടിട്ട് പോയതോർക്കുന്നോ...?'
'ഞാനോ...?...ഞാൻ ഈ പ്രദേശത്ത് ആദ്യമാണല്ലോ' ജോക്കുട്ടൻ
ആശ്ചര്യപ്പെട്ടു !
'അന്ന്
ഞങ്ങൾ ഇവിടയായിരുന്നില്ല താമസിച്ചിരുന്നത്.... അന്ന് വന്നുകണ്ട് എന്നെ കളിയാക്കിയിട്ടു
പോയതാണ്. ഞാൻ മറന്നിട്ടില്ല …'
ജോക്കുട്ടൻ
മിണ്ടാതെ ചളിപ്പോടെ നിന്നു. അയാൾ വല്ലാത്തൊരു മാനസ്സിക പിരിമുറുക്കത്തിലേക്കു ഗതിമാറി പോകുന്നതായി, ഞാൻ നിസഹായതയോടെ മനസ്സിലാക്കി.
'ഹസ്ബന്റ് എങ്ങനെയാ മരിച്ചത്...? ' വിഷയം
മാറ്റാനായി ഞാൻ കേറിക്കൂടി.
'ആക്സിടന്റ്
ആയിരുന്നു. മൂന്നു മാസമേ ഒരുമിച്ചു ജീവിച്ചുള്ളു....' അത്
പറയുമ്പോൾ അവൾ പ്രയസപ്പെടുന്നതായി തോന്നി.
'പോകാം.....'
അവൾ പറഞ്ഞു തീരും മുൻപേ ജോക്കുട്ടൻ എന്നോടായി പറഞ്ഞു. അവസരം
കാക്കാതെ പെട്ടെന്നുള്ള ആ പറച്ചിൽ മറ്റൊരു വേദനയായി ആ പെണ്ണിലേക്ക് പടരുന്നത്
ഞാനറിഞ്ഞു. ജോക്കുട്ടൻ ഇറങ്ങി നടക്കുമ്പോൾ ഞങ്ങൾ രണ്ടു പേരും മുഖത്തോടു മുഖം
നോക്കി നിന്നു.
'ഷൈനി
... അതാണെന്റെ പേര്. ഓർത്ത് വയ്ക്കാൻ കൂട്ടുകാരനോട് പറയണം. ഇനിയും ഒരിക്കൽ കൂടി
വരരുതെന്നും............'
അന്ന് വരെ
അനുഭവിക്കാത്ത ഒരു വീർപ്പുമുട്ടലോടെ ഞാനും യാത്ര പറഞ്ഞിറങ്ങി, ജോക്കുട്ടനായി കാലുകൾ നീട്ടി വച്ച് നടന്നു.
കാലം
ആർക്ക് വേണ്ടിയും കാത്തു നിന്നില്ല......
ഒരുപാട്
പേര് വിവാഹിതരായി നടന്നും ബൈക്കിലും കാറിലും ബസ്സിലുമായി അങ്ങോട്ടുമിങ്ങോട്ടും
പാഞ്ഞു പോയ്ക്കൊണ്ടിരുന്നു.
അവരിലൊരാളായി
ഞാനും.
എല്ലാവരെയും
പോലെ ജോക്കുട്ടനും ജീവിച്ചിരിക്കുന്നു.
ഒറ്റത്തടിയായി.
ഏത്തക്കായും
കോഴിമുട്ടയും പച്ചവെള്ളവും ഉള്ളിടത്തോളം കാലം ജീവിച്ചിരിക്കുകയും ചെയ്യും.
വളരെ നല്ല പോസ്റ്റ്. കൃത്രിമത്വം തീരെ അനുഭവപ്പെടുന്നില്ല. ഒരു കഥയായി തോന്നുന്നേയില്ല. മനോഹരമായ ഒരു വായന സമ്മാനിച്ചതിന് ആശംസകൾ.
ReplyDeleteകഥയല്ല അനുഭവമാണ്.ആദ്യ വരവിനും പ്രോത്സാഹനത്തിനും ആശംസകൾ പ്രിയ kottotty
Deleteഈ ലോകത്ത്
ReplyDeleteഏതെല്ലാം തരത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്...?
അല്ലേ..?
എഴുത്ത് നന്നായി...
ആശംസകൾ...
ജോക്കുട്ടന്റെ ജീവിതത്തിലെ വ്യത്യസ്ഥത ആണ് എഴുതാൻ പ്രേരിപ്പിച്ച ഘടകം -ആശംസകൾ തിരിച്ചും പ്രിയ ശിഹാബ് ഭായ്
Deleteഒരു കാര്യം പറയാല്ലോ!
ReplyDeleteജോക്കുട്ടന്റെ കൂടെ പെണ്ണുകാണാന്‍ പോയിട്ട് ഇതുവരെ നല്ല തല്ലൊന്നും കിട്ടാത്തത് മഹാഭാഗ്യംന്ന് കരുതണം
അതെയതെ ..ഇപ്പോ ആലോചിക്കുമ്പോൾ ഒരു പേടി ഒക്കെ തോന്നുന്നുണ്ട്.... ഹഹഹ്ഹ .. ആശംസകൾ അജിത്തെട്ടാ...!
Deleteജോക്കുട്ടന്റെ കൂടെ പോകുന്നത് ഒരു രസമാണെന്നു തോന്നി.
ReplyDeleteപുത്തന്‍ അറിവുകളും കിട്ടും.
രസായി.
വരവിനും കമന്റിനും ആശംസകള്‍ തിരികെ...പ്രിയ റാംജിയേട്ടാ
Deleteചിലര്‍ക്കങ്ങനെയാണ്.മനപ്പൂര്‍വ്വമല്ലെങ്കിലും ചെയ്യുന്നതെല്ലാം കുരുത്തക്കേടിലേ കലാശിക്കൂ!
ReplyDeleteരസകരമായ വായനസമ്മാനിച്ചെങ്കിലും,ജോക്കുട്ടനോടുള്ള സഹതാപവും.ദുഃഖവും മനസ്സില്‍ തളംകെട്ടി നില്‍ക്കുന്നു....
ആശംസകള്‍
വരവിനും വയനയ്ക്കുമുള്ള എന്റെ സന്തോഷവും അറിയിക്കട്ടെ ,പ്രിയ തങ്കപ്പന്‍ചേട്ടാ
Deleteജോക്കുട്ടന്റെ പെണ്ണുകാണൽ ചടങ്ങ് ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തു. ഏതായാലും ഇതിനെല്ലാം സാക്ഷിയായ സുഹൃത്തിന്റെ ഈ വിവരണം നല്ല ഒരു വായന സമ്മാനിച്ചു. ആശംസകൾ അന്നൂസ്
ReplyDeleteവരവിനുള്ള സ്നേഹം തിരിച്ചും...തുടരുന്ന പ്രോത്സാഹനത്തിനും..
Deletevalare nalla rachana, palasthalathum pottichirichu, pala sthalathum vedanichu narmathotoppam thanne gouravavum aattikurukkiya srushti
ReplyDeletepinne onnu aa jokkuttane ini kaanumbol randennam kodukkanm, oradi kure sthreekale vedanippichathinu, allenkil venda onnorthaal aa sthreekalokke rakshappettu
പ്രിയ ഷാജിത, ഈ കമന്റ് പുതു ഊര്‍ജ്ജം തരുന്നു എന്ന് പറയാതെ വയ്യ.ആശംസകള്‍ തിരിച്ചും.
Deleteഇഷ്ട്ടമായ് , ഏത്തക്കയും മുട്ടയും ആണിവിടെ വിഷയം , അല്ലയിരുന്നെ പുളളി നേരുത്തേ കെട്ടിയേനെ .
ReplyDeleteഅതെ ..... വരവിനു ആശംസകള്‍....! പ്രിയ മയ്യനാട്
Deleteചിരിപ്പിക്കുന്ന
ReplyDeleteചിന്തിപ്പിക്കുന്ന കൊച്ച് കൊച്ച്
തിരിഞ്ഞ് നോട്ടങ്ങൾ
അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്
ഏറെ ഏറെ സന്തോഷം പ്രിയ ബിലാത്തി ഭായ്
Deleteഷൈനി അതാണെന്റെ പേര് ഓർത്തുവെയ്ക്കാൻ കൂട്ടുകാരനോട് പറയണം, ഇനിയും ഒരിക്കൽ കൂടി വരരുതെന്നും
ReplyDeleteതമാശ ആയി വായിച്ചു വരുമ്പോൾ വല്ലാതെ പൊള്ളിപ്പോയി
മനോഹരം സത്യസന്ധമായ ആവിഷ്കാരം ഷൈനി അതാണെന്റെ പേര് ഓർത്തുവെയ്ക്കാൻ കൂട്ടുകാരനോട് പറയണം, ഇനിയും ഒരിക്കൽ കൂടി വരരുതെന്നും
തമാശ ആയി വായിച്ചു വരുമ്പോൾ വല്ലാതെ പൊള്ളിപ്പോയി
മനോഹരം സത്യസന്ധമായ ആവിഷ്കാരം
ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും- കമന്റ് കരഘോഷത്തോടെ സ്വീകരിക്കുന്നു, പ്രിയ മണിയന്കാല
Deleteപെണ്ണുകാണൽ പ്രോഗ്രാം നല്ല ഭംഗിയായി അവതരിപ്പിച്ചു. തമാശ ആയി അവതരിപ്പിച്ച പെണ്ണ് കാണൽ അവസാനം അൽപ്പം മനസ്സിനെ വല്ലാതെ സ്പർശിച്ചു. ആ കക്ഷം മനപ്പിക്കുന്നത് മാത്രം അവിശ്വസനീയമായി. ഇങ്ങിനെ പെണ് കണ്ടു നടന്നു മനസ്സ് മടുത്ത് എന്തും ചെയ്യും എന്ന നിലയിൽ ആയതായിരിക്കാം.
ReplyDeleteകഥ സുന്ദരമായി.
സന്തോഷം പ്രിയ ബിബിന്‍ ഭായ് ... കഥാനായകന്‍ ചെയ്യുന്നതൊന്നും ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല.... കക്ഷം മണത്തതൊക്കെ പുള്ളീടെ ചെറിയ നമ്പരുകളാണ്.....!
Deleteഅൽപ്പം വൈകിയെങ്കിലും ഈ അനുഭവങ്ങൾ വായിച്ചില്ലെങ്കിൽ നഷ്ടമായേനെ. ഭംഗിയായി എഴുതി. ഏതോ സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഓർമ്മ വരുന്നു. ജോക്കുട്ടി അനുഭവമല്ലായിരുന്നെങ്കിൽ നല്ലൊരു കഥയായും വായിക്കാമായിരുന്നു.
ReplyDeleteവൈകിയെങ്കിലും വന്നുവല്ലോ...ഏറെ ഏറെ സന്തോഷം മാഷെ -ഒപ്പം ആശംസകള്‍ തിരികെ
Deleteഅപ്പോൾ ഇതെല്ലാം ഹൃദയസ്പന്ദനങ്ങളാണല്ലേ? ആട്ടെ, സമയം പോലെ തൊട്ടു നോക്കാം... എന്താ പോരേ?
ReplyDeleteഅതെ... സ്പന്ദനങ്ങള്‍ തന്നെ... സമയം പോലെ തൊട്ടു നോക്കി എന്നെ കുളിരണിയിക്കൂ.........
Deleteഅന്നൂസേ..... ശല്യമുണ്ടായിട്ടും ഞാനിവിടെ എത്തി..... അനുമോദനങ്ങള്‍.....വമ്പനെഴുത്ത്... നര്‍മ്മത്തിന്‍റെചാകര..... അവസാനം ഉള്ള് പൊള്ളിച്ചു.... ഞാനും കൂടി അന്നൂസിന്‍റെ കൂടെ..... ആശംസകൾ......
ReplyDeleteവമ്പന്‍ കമന്റുമായി വന്ന് എന്റെയും ഉള്ള് നിറച്ചു... ആശംസകള്‍ തിരികെ പ്രിയ കുട്ടത്ത്.
Deleteഅനുഭവ കഥനം തന്നെയാണോ? ചേരുവകളുണ്ടാവുമല്ലോ അല്ലേ?
ReplyDeleteഏതായാലും നന്നായിട്ടുണ്ട്.
സന്തോഷം ശ്രീജിത്ത് ഭായ്.. വീണ്ടും വരണമെന്നപെക്ഷ
Deleteഅനുഭവ കഥനം തന്നെയാണോ? ചേരുവകളുണ്ടാവുമല്ലോ അല്ലേ?
ReplyDeleteഏതായാലും നന്നായിട്ടുണ്ട്.
അന്നൂസേ..വായിക്കാനല്പം വൈകിപ്പോയി..എത്ര മനോഹരമായിരിക്കുന്നു എഴുത്ത്..അനുഭവങ്ങളെ അതി മനോഹരമായി വരച്ചിട്ടിരിക്കുന്നു...ഇമ ചിമ്മാതെ വായിച്ചു എന്ന്‍ ഞാന്‍ തീരെ അതിശയോക്തിയില്ലാതെ പറയട്ടെ!!
ReplyDeleteഈ കമന്റും എത്ര മനോഹരമായിരിക്കുന്നു...ഏറെ പ്രചോദനം നല്‍കുന്നു...വരവിനു ആശംസകള്‍
Deleteഅന്നൂസേ..വായിക്കാനല്പം വൈകിപ്പോയി..എത്ര മനോഹരമായിരിക്കുന്നു എഴുത്ത്..അനുഭവങ്ങളെ അതി മനോഹരമായി വരച്ചിട്ടിരിക്കുന്നു...ഇമ ചിമ്മാതെ വായിച്ചു എന്ന്‍ ഞാന്‍ തീരെ അതിശയോക്തിയില്ലാതെ പറയട്ടെ!!
ReplyDelete