ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Thursday, 14 November 2013

കൊച്ചുദേവിന്റെ വ്യഥ (അന്നുക്കുട്ടന്റെ ലോകം-രണ്ട്)

അനുഭവക്കുറിപ്പ്- 2 
     ഒരു കഥയെഴുതി കഴിഞ്ഞ സമയം. ഒരു തലക്കെട്ട് വേണം.ആലോചിച്ചിട്ടൊന്നും കിട്ടുന്നില്ല.ഞാൻ ഒരു അഭിപ്രായം കേൾക്കുന്നതിനായി ഭാര്യയെ വിളിച്ചു.
‘കുട്ടികൾക്കു ഊണു കൊടുക്കുകയാ..ഇപ്പൊ വരാം...’
    ഞാൻ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. മൂത്തവൻ-അഞ്ചു വയസുകാരൻ ദേവ് ഊണു കഴിഞ്ഞ് വല്ലാതെ നിറഞ്ഞ വയറുമായി എന്റെയരുകിലെത്തി.
‘അച്ചാച്ചാ നോക്ക്യേ...എന്റെ വയർ നിറഞ്ഞതു കണ്ടോ..?
    ഞാൻ അവന്റെ പതിവില്ലാതെ നിറഞ്ഞിരിക്കുന്ന വയറിലേക്കു നോക്കി അത്ഭുതപ്പെടാതിരുന്നില്ല.

’ഇതെന്താ ഇവന്റെ വയർ ഇത്രയും നിറഞ്ഞിരിക്കുന്നത്..? ഞാൻ ഭാര്യയോടു വിളിച്ചന്വേഷിച്ചു.
‘കാരണം മറ്റൊന്നുമല്ല...വൻപയർ..അവനാദ്യായിട്ട് കഴിക്കുകയല്ലേ’ അവൾ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു.
    വീട്ടിൽ പതിവായി ചെറുപയറാണു വാങ്ങിക്കാറു. സത്യം പറഞ്ഞാൽ വൻപയർ എനിക്കിഷ്ട്ടമല്ലാത്തതു കൊണ്ടാണു വാങ്ങിക്കാത്തത്. തലേന്ന് ചെറുപയറുവാങ്ങിയപ്പോൾ കവർ മാറിപ്പോയതു കൊണ്ടാണു വൻപയർ വീട്ടിലേക്ക് വിരുന്നു വന്നതു തന്നെ.
‘എനിക്കാപയർ വല്ല്യ ഇഷട്ടമാണു..അച്ചാച്ചൻ എന്താ അതിത്രനാളും വാങ്ങാതിരുന്നത്..?
’ഇനി വാങ്ങാം...‘ ഞാൻ ഉറപ്പു കൊടുത്തു.
     ഞാൻ അവനെ വാൽസല്യത്തോടെ നോക്കി. അവൻ മുഖം വാടി, വല്ലാതെ ക്ഷീണിച്ചിരിക്കുന്നതായി എനിക്കു തോന്നി. തലേദിവസം അവൻ രാത്രിയിൽ പല തവണ ഞെട്ടി ഉണരുകയും ഒരുപാടുനേരം കരയുകയും ചെയ്തിരുന്നു.
‘അച്ചാച്ചൻ കൊച്ചിനോടു ഒരു കാര്യം ചോദിക്കാൻ മറന്നു പോയി...ഇന്നലെ എന്തിനാ ഉറക്കത്തിൽ ഞെട്ടി എഴുന്നേറ്റു കരഞ്ഞത്...ഒരുപാടു കരഞ്ഞല്ലോ..?
’അച്ചാച്ചൻ ഇന്നലെ എന്നോടു പറഞ്ഞില്ലെ,മൈക്കിൾ ജാക്സൺ മരിച്ചു പോയെന്ന്..അതാ ഞാൻ കരഞ്ഞത്..‘
    ഞാൻ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. 2009 ജൂൺ 29 നു മൈക്കിൾ ജാക്സൺ മരിക്കുമ്പോൾ അവനു ഒന്നേകാൽ വയസാണു പ്രായം. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ ആ ജീനിയസ് മരിക്കുന്നതു വരെ അദ്ദേഹത്തിന്റെ ഒരു സോങ്ങ് പോലും കേൾക്കുകയോ ഒരു വീഡിയോ പോലും കാണുകയോ ചെയ്തിട്ടില്ല. പീഠനകേസിലുൾപ്പെട്ട് കരിയർ നശിച്ച് കുറെകാലത്തേക്ക് വിസ്മൃതിയിലായിപ്പോയ അദ്ദേഹം ഒരു തിരിച്ചുവരവിനൊരുങ്ങവേയാണു മരണം അദ്ദേഹത്തെ കൂട്ടികൊണ്ടു പോയത്. അതെ തുടർന്നു വായിച്ച ലേഖനങ്ങൾ, അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹം എന്നിലുണർത്തി. മൈക്കിൾ ജാക്സൺ ന്റെ ഒട്ടുമിക്ക സൃഷ്ട്ടികളും കളക്ട് ചെയ്ത്, കണ്ടും കേട്ടും ഞാൻ അദ്ദേഹത്തെ അറിയാൻ ശ്രമിച്ചുതുടങ്ങി. ഡേഞ്ചറസും,ബല്ലി ജീനും,ത്രില്ലറും, ബീറ്റിറ്റും ഒക്കെ സമയം പോലെ എന്റെ മുന്നിലൂടെ കടന്നു പോയി. ഇതെല്ലാം കണ്ടും കേട്ടും എന്റെ മടിയിൽ മൈക്കിൾ ജാക്സണു ഒരു കടുത്ത ആരാധകൻ പിറവിയെടുക്കുന്ന കാര്യം ഞാൻ അറിഞ്ഞതേയില്ല. കൊച്ചുദേവ് അവനെക്കൊണ്ടു പറ്റുന്നപോലെ മൈക്കിളിന്റെ നൃത്തവും പാട്ടും അനുകരിച്ചു കൊണ്ടിരുന്നു. സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ അവനിഷ്ട്ടമുള്ള പാട്ടുകൾ ആവർത്തിച്ചു കാണുന്നതിനായി  എന്നെ ശല്ല്യപ്പെടുത്താൻ തുടങ്ങി. അവന്റെ ഫേവറൈറ്റ് ആയ ‘ബീറ്റിറ്റ്’ നൂറിലേറെത്തവണ അവൻ ഇതിനുള്ളിൽ കണ്ടു കഴിഞ്ഞിരുന്നു.
       ഓർമ്മ വച്ച നാൾ മുതൽ അഞ്ചു വയസുവരെ അവൻ മനസിൽ ആരാധിച്ചിരുന്ന അവന്റെ പ്രിയപ്പെട്ട പാട്ടുകാരൻ ഇന്നീ ലോകത്ത് ജീവിച്ചിരിപ്പില്ല എന്നുള്ള കാര്യം മാത്രം അവനറിയില്ലായിരുന്നു. അവനതറിയില്ല എന്ന കാര്യം ഞാൻ മനസിലാക്കുന്നതോ, ഇന്നലെയും.
‘അച്ചാച്ചാ എനിക്ക് മൈക്കിൾ ജാക്സണെ കാണണമല്ലോ.!’ അദ്ദേഹത്തിന്റെ എർത്ത് സോങ്ങ് കണ്ട ശേഷം അവൻ എന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു.
‘അദ്ദേഹം മരിച്ചു പോയ ആളല്ലേടാ..പിന്നെങ്ങനാ കാണുകാ..’ ഞാൻ അലക്ഷ്യമായി അവനോടു പറഞ്ഞു. അപ്പോൾ തന്നെ അവൻ എന്റെ മടിയിൽ നിന്നിറങ്ങി അവന്റെ അമ്മയുടെ അരികിലേക്ക് പോയി. അവൾക്കരികിലെത്തുന്നതിനു മുൻപു തന്നെ അവൻ പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു. കഠിനവ്യഥയാൽ മനം തകർന്ന് കരയുന്ന അവനെ അവൾ കൈകളിൽ കോരി എടുത്തു.
‘എന്താടാ ചക്കരെ ഇങ്ങനെ സങ്കടപ്പെട്ടു കരയുന്നതു..എന്തുപറ്റി..?’
‘അച്ചാച്ചൻ പറഞ്ഞു മൈക്കിൾ ജാക്സൺ മരിച്ചു പോയെന്നു...’. അവൾ അവനെ മാറോടു ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് എന്റെ അരികിലേക്കോടിയെത്തി.
‘അവനോടെന്തിനാ അങ്ങനെ പറഞ്ഞത്..അവനെന്തിഷ്ട്ടമാണെന്നോ അദ്ദേഹത്തെ..“ ഭാര്യ എന്നെ കുറ്റപ്പെടുത്തി.
’ഞാനത്രയും വിചാരിച്ചില്ല..‘ എന്തു പറയണമെന്നു എനിക്കറിയില്ലായിരുന്നു. അന്നു രാത്രി അവൻ കരഞ്ഞുറങ്ങി. ഇടയ്ക്കെല്ലാം ഞെട്ടിയുണരുകയും കരച്ചിൽ തുടരുകയും ചെയ്തു.
    പിറ്റേന്നു കഥയെഴുത്തിന്റെ തിരക്കിലായിരുന്നു ഞാൻ. തീർന്നപ്പോൾ ഉച്ചയായി. ഒരു തലക്കെട്ടിനായി ഭാര്യയെ വിളിക്കുമ്പോളാണു വൻപയർ തിന്ന് മത്തനായി കൊച്ചുദേവ് എന്റെയരികിലേക്കു വരുന്നത്. അവനോടു അതുമിതും പറഞ്ഞ് ഭാര്യയെ കാത്തിരിക്കുന്നതിനിടയിൽ, പതിവായി ചെയ്യാറുള്ളതു പോലെ എന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.
’ഞാനൊരു പേരു പറയട്ടെ...‘
’എന്ത്...?‘ ഞാൻ തമാശ രൂപേണ അവനെ നോക്കി.
’കഥക്കൊരു പേരു..‘ അവൻ ആകാംഷയോടെ എന്നെ നോക്കി.
’പറ...‘ ഞാൻ പ്രോത്സാഹിപ്പിച്ചു.
’തിന്നാത്ത പയറും കാണാത്ത മൈക്കിൾ ജാക്സണും...‘
    അവൻ നിർദേശിച്ച പേരു കേട്ട് അന്തം വിട്ടു ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ പുതുകഥയ്ക്ക്  ’കവിത‘ പോലൊരു തലക്കെട്ട് പറഞ്ഞു തന്ന് അവൻ എന്റെ മകനാണെന്നു തെളിയിച്ചു. ചിരിയടങ്ങിയപ്പോൾ ഞാനവനെ വാരിപുണർന്നു. അവന്റെ കുഞ്ഞു മനസിനെ മഥിച്ച ആ രണ്ടു കാര്യങ്ങളിലേക്ക് ഞാനെന്റെ മനസ്സിനെ വിഹാരത്തിനായി പറഞ്ഞയച്ചു.


                                                     കൊച്ചുമൈക്കിൾ ജാക്സൺ 
                                           മൈക്കിൾ ജാക്സൺ ജനിച്ച വീട്
                                         Gary,Indiana,U.S on 29.08.1958
                                             അദ്ദേഹത്തിന്റെ ഊണുമുറി
                                             അദ്ദേഹത്തിന്റെ കിടപ്പുമുറി
                                       മൈക്കിൾ ജാക്സൺ മരണപ്പെട്ട കൊട്ടാരം
                                          June 25, 2009, Los Angeles,U.S
                                                     മരണ സർട്ടിഫികറ്റ്
(ചിത്രങ്ങൾക്കുള്ള കടപ്പാട് അറിയിക്കട്ടെ..)

"Billie Jean"

[1st Verse]
"She Was More Like A Beauty Queen From A Movie Scene
I Said Don't Mind, But What Do You Mean I Am The One
Who Will Dance On The Floor In The Round
She Said I Am The One Who Will Dance On The Floor In The Round..."

6 comments:

  1. കൊള്ളാലോ ദേവും തലക്കെട്ടും!

    ReplyDelete
  2. എന്നാലും വൻപയർ നേരത്തേതന്നെ കൊടുക്കേണ്ടിയിരുന്നു.

    ReplyDelete
  3. കൊച്ചിലേ കുട്ടികളുടെ ഉള്ളില്‍ സര്‍ഗ്ഗവാസനകളെ വളര്‍ത്തുന്നത് ഇത്തരം
    നല്ല പ്രോത്സാഹനത്തിലൂടെയാണ്.നന്നായി വരട്ടെ!
    ആശംസകളോടെ

    ReplyDelete
  4. ഒരു കൊച്ചു ജീനിയസ് ആണ് ദേവ് അത് കൂടാതെ ഒരു വല്യ ഹൃദയത്തിന്റെ ഉടമയും അന്വേഷണം പറഞ്ഞേക്കൂ കൊച്ചു ജാക്സോനോട്
    മൈക്കിൽ ജക്സനെ പോലെ ആരാധകർ ഉണ്ടായിരുന്ന കലാകാരനോ കലാകാരിയോ അധികം ഇല്ല എന്ന് തന്നെ പറയാം

    ReplyDelete
  5. കുഞ്ഞു ദേവ് കൊള്ളാമല്ലോ :)

    ReplyDelete
  6. കൊള്ളാല്ലോ.. :) ഇപ്പൊ ആ വായിക്കുന്നേ..

    ReplyDelete