ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday 25 August 2013

മടക്കം (കഥ)

ഇളയ മകന്റെ വീട്ടിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട് മൂത്ത മകന്റെ വീട്ടിലേക്ക്. ബസുണ്ട്. പോകാനുള്ള വണ്ടികൂലി ഉണ്ടോ എന്ന് ഇളയ മകനോ അവന്റെ ഭാര്യയോ ചോദിച്ചില്ല. അത്ര വൃത്തി ഇല്ലാത്ത പ്ളാസ്റ്റിക് ചാക്കിൽ കുറച്ച് പച്ചകറികൾ കെട്ടിവച്ചതുണ്ട് കൊണ്ടുപോകാൻ. നാരായണൻ കുറച്ചു നേരം ആ ചാക്കു കെട്ടിലേക്കു നോക്കി വരാന്തയിൽ തലകുമ്പിട്ടിരുന്നു. ഇളയ മകൻ  മദ്യപിച്ചെത്തുമ്പോൾ എറിഞ്ഞു ചളുക്കുന്ന അലുമിനിയകലത്തിലൊന്നിൽ കാടിയുമായി മകന്റെ ഭാര്യ ചവിട്ടിതുള്ളി തൊഴിത്തിലേക്കു പോകുന്നതും തിരികെപ്പോകുന്നതും കണ്ടു. എപ്പോഴും പിറുപിറുക്കുകയും ഭൂമിയെ ചവിട്ടി നോവിക്കുകയും ചെയ്യുകയെന്നതാണു അവളുടെ പ്രധാന പരിപാടി.

      മരച്ചില്ലകൾക്കിടയിലൂടെ നൃത്തം വച്ച് വെയിൽ മുറ്റത്തേക്കു കടന്നു വരാൻ തുടങ്ങിയിട്ടുണ്ട്.കനക്കുന്നതിനു മുൻപേ പോകണം.കൈയ്യിൽ ഒരു രൂപ പോലും എടുക്കാനില്ല. കാലിചായ കുടിക്കാൻ കവലയിൽ പോയിട്ട് ,കൈയ്യിലൊരു പൊതിയുമായി  രാജു പടികൾ കയറി വരുന്നത് കണ്ടു.   ഇതുവരെ കെട്ടിയെടുത്തില്ലെ എന്ന മട്ടിൽ അവൻ ദേഷ്യപ്പെട്ട്  അച്ഛനെ നോക്കി കടന്നു പോയി.
‘എടി വനജേ.........?’ പുരയ്ക്കകത്തേക്കു കയറുമ്പോൾ അയാൾ ദേഷ്യം വിടാതെ ഭാര്യയെ നീട്ടി വിളിച്ചു. അടുക്കളയിലെത്തി ശബ്ദം താഴ്ത്തി ഭാര്യയോടു ചോദിച്ചതെന്താണെന്നു പുറത്തേക്കു കേട്ടില്ല.
‘എനിക്കറിയത്തില്ല. പോകാത്തതെന്താണെന്ന് അതിയാനോടു പോയി ചോദിക്ക്......‘ അവളുടെ ഉച്ചത്തിലുള്ള മറുപടി മകന്റെ ചോദ്യത്തെ വെളിപ്പെടുത്തി.
’ഇവിടെ തന്നെ നില്കാൻ തുടങ്ങിയിട്ട് എത്ര കാലമായി... വേറേയും മക്കളുണ്ടല്ലോ ..എത്ര പറഞ്ഞാലും നാണമില്ലന്നായാൽ എന്തു ചെയ്യാനാ..? ........‘ വനജ വിടാൻ ഭാവമില്ല. ചങ്കിനുള്ളിൽ എന്തോ ഒന്നു ഉറഞ്ഞു കൂടുന്നതു പോലെ തോന്നി,അയാൾക്ക്.
’ചേട്ടനേക്കാളും ഭേദം ഞാനാടി..അത് അച്ഛനറിയാം...അതായിരിക്കും പോകാത്തത്...‘ അടുക്കളയിൽ  രാജുവിന്റെ പൊട്ടിച്ചിരി മുഴങ്ങി.
       പണിയായുധങ്ങളുമായാണു രാജു പുറത്തേക്കു വന്നത്. യാതൊരു ഉളുപ്പുമില്ലാതെ അയാൾ അച്ഛന്റെ മുഖത്തേക്കു ചോദ്യഭാവത്തിൽ നോക്കി നിന്നു.
’കയ്യിൽ കാശില്ല...‘ മുഖമുയർത്താതെ നാരായണൻ പറഞ്ഞു.
’കാശില്ലെങ്കിൽ നടന്നു പോണം..‘
        ഒരു പരിഹാരം പറഞ്ഞു കൊടുത്ത് ,പണിയായുധങ്ങൾ കൂട്ടിമുട്ടിയുണ്ടാകുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ അയാൾ നടന്നകന്നു. ഞാൻ തിരിച്ചു വരുമ്പോൾ തന്നെയിവിടെ കണ്ടു പോകരുത് എന്നു മകൻ വിളിച്ചു പറയുന്നതു പോലെ തോന്നി നരായണനു.
        പേരക്കുട്ടികൾ മൂവരും കുളി കഴിഞ്ഞ് ഈറനായി വന്നു കടന്നു പോയി. സ്കൂളിലേക്കു പോകുന്നതിന്റെ തിരക്കിലാണവർ. കുളത്തിലാണു കുട്ടികൾ കുളിക്കുന്നത്. ഒഴിവുദിവസങ്ങളിൽ, വനജയുടെ കണ്ണു വെട്ടിച്ച് നാരായണനും അവരോടൊപ്പം ചേരും, നീന്തൽ പഠിപ്പിക്കലും കളിയും ചിരിയുമായി. കുട്ടികളെ വിട്ടെറിഞ്ഞ് മറ്റൊരിടത്തു പോയി നില്ക്കുന്ന കാര്യമോർത്തപ്പോൾ ഹൃദയം പൊടിയുന്നതു പോലെ തോന്നി അയാൾക്ക്.
        കുട്ടികൾ സ്കൂളിലേക്കു പോകുന്നതും നോക്കി നാരായണൻ ഹൃദയഭാരത്തോടെ നിന്നു. വെയിൽ കനത്തു തുടങ്ങിയിരുന്നു.ഷർട്ടും മുണ്ടും മാറി മുറ്റത്തു വന്ന് അയാൾ വീണ്ടും ആലോചിച്ചു നിന്നു. വനജയുടെ അനക്കം കേൾക്കാനില്ല. ജനൽ പഴുതിലൂടെ അവൾ തന്നെ നോക്കി നില്ക്കുകയാവും. താൻ പടിയിറങ്ങുമ്പോൾ അവൾ എത്ര മാത്രം ആശ്വസിക്കുന്നുണ്ടാകും. തനൊരു ശല്ല്യമാണെന്നാണു അവൾ എപ്പോഴും പറയാറു. ബീഡി വലിക്കുന്നു, മുറ്റത്തു തുപ്പുന്നു,കൂട്ടികൾക്ക് ഉമ്മ കൊടുക്കുന്നു,കിടന്നുറങ്ങുമ്പോൾ കൂർക്കം വലിക്കുന്നു...അങ്ങിനെ എന്തെല്ലാം കുറ്റങ്ങൾ.
          എന്നത്തേയും പോലെയല്ല. നടന്നാണെങ്കിലും ഇന്നു പോയെ പറ്റൂ. അപൂർവമായി മാത്രമെടുക്കാറുള്ള കാലൻ കുട തട്ടിക്കുടഞ്ഞെടുത്തു,തോളിൽ തൂക്കി. നടന്നു പോകാൻ തീരുമാനിച്ചതിനാൽ ചാക്കുകെട്ടും  ഉപേക്ഷിച്ചു. ശക്തമായി ഒരു കാറ്റു വീശി. കടലാസു തുണ്ടുകൾക്കും പൊടിപടലങ്ങൾക്കുമിടയിലൂടെ അയാൽ പടികളിറങ്ങി നാട്ടു വഴിയിലെത്തി. മകൻ, മരുമകൾ, കുഞ്ഞുങ്ങൾ, വീട്, കൃഷിയിടം.....അയാൾ ഒന്നു കൂടി തിരിഞ്ഞു നോക്കി.കണ്ണുകൾ ഉമ്മറത്തു നില്ക്കുന്ന വനജയിലാണു ചെന്ന് അവസാനിച്ചത്. അതുവരെ തന്നെ നോക്കി നിന്ന അവൾ മറ്റെന്തോ ചെയ്യാനെന്ന വ്യാജേന തെന്നിമാറുന്നതും കണ്ടു.
‘എവിടേക്കാ നാരായണാ..?’
വെട്ടുകാരൻ പരമേശ്വരനാണു.
‘മൂത്ത മകന്റെ അടുത്തു വരെ ഒന്നു പോകുകയാ......’
‘പതിവില്ലാത്തതാണല്ലോ... എന്താ വിശേഷിച്ച്..’
‘ഓ ഒന്നുമില്ല...ഇന്നത്തേ കഴിഞ്ഞോ..?’
‘കഴിഞ്ഞു’ പരമേശ്വരൻ നടന്നകന്നു.അയാളും.
          പൊന്തയും പുല്ലും വളർന്നു നില്ക്കുന്ന കുറുക്കുവഴി പിന്നിട്ട് അയാൾ വീണ്ടും ചെമ്മൺ പാതയിലെത്തി. എട്ട് കിലോമീറ്ററൊളം പിന്നിട്ടുകാണുമെന്നയാൾ കണക്കുകൂടി.കാലുകൾക്ക് പേശിവലിവു തുടങ്ങിയിരുന്നു. നടത്തം പതിവില്ലാത്തതല്ലെ.  വഴിയരുകിൽ കണ്ട ഒരു പീടികയുടെ പുറം തിണ്ണയിൽ അയാൾ ഇരുന്നു. കാലുകൾ തടവുന്നതിനിടയിൽ കുറെ ആളുകൾ കൂട്ടമായി വന്നു പോയി. നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾ ഊന്നുവടിയിൽ അയാൾക്കരികിലെത്തി,സമീപത്തിരുന്നു.കറുത്ത് കുറുകിയ ഒരു വൃദ്ധൻ.
‘എന്തൊരു കാറ്റാണിന്നു..’ മുണ്ടു കൊണ്ട് കണ്ണുകൾ തുടച്ചു, അയാൾ പിറുപിറുത്തു.അയാളുടെ പല്ലുകളും മോണയുമെല്ലാം മുറുക്കന്നതിന്റെ അവശിഷ്ട്ടങ്ങളാൽ നിറഞ്ഞിരുന്നു. നാരായണൻ അയാളെ നോക്കി താല്പര്യമില്ലാതെ മന്ദഹസിച്ചു.അല്പനേരത്തെ ഇടവേളയ്ക്കു ശേഷം മൂന്നുനാലു പേർ കൂടി അവരെ കടന്നു പോയി.
‘ആളുകൾ എങ്ങോട്ടാണിത്ര ധൃതിയിൽ പോകുന്നത്..? നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് നാരായണൻ അയാളോടു തിരക്കി.
’ എട്ടു വയസ്സുള്ള ഒരു പെൺകുഞ്ഞ് മരിച്ചു പോയി. ഇന്നു അടക്കുണ്ട്. ഞാൻ അവിടെ പോയിട്ടു വരുകയാണു....‘
’എന്തു പറ്റിയതാ...‘ പതിവു ചോദ്യം.
’അയ്യോ..അതല്ലെ കഷ്ട്ടം ..ഒതളങ്ങാ തിന്നതാ....വിഷക്കായാണെന്നു കുട്ടിക്കറിയില്ലായിരുന്നു...‘
         അയാൾ  വടിയൂന്നി നടന്നകലുമ്പോൾ നാരായണന്റെ ചിന്ത തന്റെ പേരക്കുട്ടികളിൽ തങ്ങി നിന്നു.. എഴുന്നേല്ക്കുമ്പോൾ കാലുകൾ ചെറുതായി വിറകൊണ്ടു. തിരികെ വീട്ടിലേക്ക്  നടക്കാൻ അയാൾക്ക് കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല.
വീട്ടിലെത്തുമ്പോൾ പൂമുഖത്ത് ആരെയും കണ്ടില്ല.നാടൻ കോഴിക്കറിയുടെ മണം മൂക്കിലേയ്ക്കടിച്ചു കയറി. പൊന്നു പോലെ വളർത്തിയ വനജയുടെ കോഴികളിൽ ഒന്നാണോ ചട്ടിയിൽ കിടന്നു തിളയ്ക്കുന്നത്...? താൻ പോയതിലുള്ള സന്തോഷം ആഘോഷിക്കാൻ തന്നെ അവൾ തീരുമാനിച്ചോ..? മനസ്സും വയറും ഒന്നുപോലെ കത്തികാളുന്നതായി അയാൾക്ക് തോന്നി.
         ഷർട്ടും മുണ്ടും മാറി മുറ്റത്തേക്കിറങ്ങിയതു,വനജയുടെ മുൻപിലേക്കാണു. അപ്രതീക്ഷിതമായി നാരയണനെക്കണ്ട് അവളുടെ വാ പൊളിഞ്ഞു പോയി.അവൾ ശരിക്കും തരിച്ചു നിന്നു. നിമിഷങ്ങല്ക്കുള്ളിൽ അമ്പരപ്പ് ദേഷ്യമായി മാറി.
’മനുഷ്യനു ഒരു സ്വൈര്യവും തരരുത്...‘ എന്നു ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് കലിതുള്ളി അവൾ അകത്തേക്കു പോയി. മുഷിഞ്ഞു നിറം മങ്ങിയ ഈരെഴതോർത്തെടുത്ത് തോളിലിട്ട്,തൊഴുത്തിന്റെ ഇറയത്തുനിന്ന് വാക്കത്തിയും കൈക്കോട്ടുമായി അയാൾ തൊടിയുടെ വടക്കു വശത്തേക്കു നടന്നു.
        വെയിൽ ഉച്ഛസ്ഥായിയിൽ എത്തിയിട്ടുണ്ട്.പടർന്നു പന്തലിച്ച ഒതളമരം വെട്ടിത്തീരുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. വിയർപ്പിൽ കുളിച്ചു നിന്ന് അയാൾ ശാഖകൾ കോതി.  കായ്കളെല്ലാം പറിച്ചെടുത്തു പ്രത്യേകം കുഴിയെടുത്ത് അതിലിട്ട് മൂടി.
         കുളത്തിലെത്തി,വിസ്തരിച്ചൊരു കുളി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വനജയെ അവിടെങ്ങും കണ്ടില്ല.വിശപ്പ് കണ്ണുകളിൽ ഇരുട്ട് കൊണ്ടു വന്നു. മുണ്ടും ഷർട്ടും മാറി കൂടയുമെടുത്ത് വീണ്ടും ഇറങ്ങി നടക്കുമ്പോൾ, തിരിഞ്ഞു നോക്കാൻ അയാൾ മറന്നു.. നാടൻ കോഴിക്കറിയുടെ മണം അപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നില്പ്പുണ്ടായിരുന്നു.

12 comments:

  1. മക്കളാല്‍ വെറുക്കപ്പെട്ട വൃദ്ധന്റെ കഥ അസ്സലായി.

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ.....!

      Delete
  2. നാരായണന്മാരുടെ കാര്യം കഷ്ടമാണല്ലേ?

    ReplyDelete
    Replies
    1. അതേ അജിത്ത് ചേട്ടാ...പരസ്പരം മനസിലാക്കുന്നതിൽ മിക്കവരും തന്നെ പരാജയമാണു. എനിക്കുള്ള പ്രോത്സാഹനത്തിനു പകരമായി എന്റെ സ്നേഹം അറിയിക്കട്ടെ..!

      Delete
  3. Valare nannayittundu..
    .veendum thirichu vannathu othalanga kazhichu marikkan aayirikkum ennaanu vijarichathu...pakshe pathivu avarthikkathe puthiyoru vazhithirivil kadha kondthichu..
    enikku thonniyathu ee kadhayude soundharyam aa vazhithirivil aanu..kadhayalla jeevitham thanne..

    ReplyDelete
  4. Vythyastha undaayi ee kadhakku.
    Valere nannayi avatharana shaily.

    Aashamsakal

    ReplyDelete
    Replies
    1. Ash.....സന്തോഷം അറിയിക്കട്ടെ

      Delete
  5. ഹൃദയ സ്പർശിയായ കഥ, വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. ബ്ലോഗിലേക്ക് വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ പ്രിയ ഷാജീ ...വീണ്ടും വരണമെന്ന് അപേക്ഷിക്കട്ടെ...

      Delete