Sunday, 18 August 2013

പ്രിയയും കാഞ്ചനയും (കഥ)

                 കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു. വൈലറ്റ് ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്. കണ്ണുകളിൽ ഭദ്രകാളി.! വാലു പോലെ മുഖത്തേക്കു കിടക്കുന്ന മുടി ഇടതുവശത്തേക്കു മാടി ഒതുക്കുമ്പോൾ കൈകളും വിറയ്ക്കുന്നതു കണ്ടു. പരിസരം ഒട്ടും ശ്രദ്ധിക്കാതെ അവൾ എന്റെ നേരെ ചാടി.
‘ഏതാ അവൾ...?’
ഞാൻ പരിസരം വീക്ഷിച്ചു.
‘കാഞ്ചന’ എന്റെ മറുപടി അവളുടെ ദേഷ്യം ഇരട്ടിപ്പിച്ചു.
‘പേരല്ല ചോദിച്ചതു...’ അവൾ ആക്രോശിച്ചു.
‘അമ്മാവന്റെ മോൾ’

‘ഓഹോ.....വെറുതേയല്ല.........’ അർദ്ധോക്തിയിൽ ബ്രേക് ഇട്ടു. ‘എന്ത് ’ എന്നു ഞാൻ ചോദിക്കാൻ വേണ്ടി അവൾ അല്പ്പനേരം കാത്തു. ഞാൻ ചോദിച്ചില്ല. (എന്റെ പട്ടി ചോദിക്കും).
‘എന്താ അവളുമായുള്ള ബന്ധം...?’
‘കസിൻ....’
‘അതിലപ്പുറം......? ’
‘അതിലപ്പുറം ഒന്നുമില്ല.....’
‘അങ്ങനെയല്ലല്ലോ അവൾ പറഞ്ഞത്....’
‘അവൾ എന്തു പറഞ്ഞു...?’ (ഇത്തവണ എന്റെ പട്ടി ചോദിച്ചു)
‘ നീ അവളുടെ എല്ലാമാണെന്നു ആ ചുള്ളിപ്പെണ്ണു എന്റെ മുഖത്തു നോക്കി പറഞ്ഞു...’ ഞാൻ ഒന്നു ഞെട്ടാതിരുന്നില്ല...അവളുടെ വിറയൽ മറ്റൊരു രൂപത്തിൽ എന്നെയും ബാധിച്ചു. ചന്തമുള്ള പിൻഭാഗം പ്രദർശിപ്പിച്ച് അവൾ നടന്നകന്നു.
‘പ്രിയേ.........ഞാനൊന്നു പറയട്ടെ...’ നാലു വർഷം പ്രേമിച്ച പെണ്ണു മൂക്കു പിഴിഞ്ഞെറിഞ്ഞു കൊണ്ടു നടന്നകലുന്നതിലും എന്നെ അലട്ടിയതു കാഞ്ചനയുടെ പുതിയ സ്റ്റേറ്റ്മെന്റ് ആയിരുന്നു. ഇങ്ങനൊരു പൂതി അവളുടെ മനസിലുണ്ടായിരുന്നോ..? എന്നാലും എന്റെ അമ്മാവന്റെ ഏറ്റവും മൂത്ത മോളെ...!......എന്റെ മനസ്സ് കാഞ്ചനയ്ക്കു ചുറ്റും കറങ്ങി.
ഏകദേശം നൂറു മീറ്റർ അകലെയെത്തിയ ശേഷം പ്രിയ ശരവേഗത്തിൽ തിരിച്ചെത്തി.
‘എന്നെ ഇനി കിട്ടുമെന്നു നീ കരുതേണ്ട....’ നൂറും നൂറും ഇരുനൂറു മീറ്റർ ദൂരം അവൾ കരയുകയായിരുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വല്ലാതായി നിന്നു. വീണ്ടും അവൾ പിൻഭാഗം പ്രദർശിപ്പിച്ചതു ഞാൻ നോക്കിയില്ല.
                  അന്നു വൈകിട്ട് അമ്മാവന്റെ വീട്ടിലെത്തുമ്പോൾ കാഞ്ചന പഠനമുറിയിലായിരുന്നു. ഞാൻ അവൾക്കരികിലിരുന്ന് അവളെ സാകൂതം വീക്ഷിച്ചു.
‘ഞാൻ നിന്നെ പെങ്ങളെപോലെയാണു കണ്ടിരുന്നതു....’ ശബ്ദം താഴ്ത്തി ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.
അവൾ എന്നെ മുഖമുയർത്തി നോക്കി.
‘ഞാനും അങ്ങനെതന്നെ.....’
‘നീ പ്രിയയോടു അങ്ങനെയല്ലല്ലോ പറഞ്ഞത്...?’
‘ഞാനെന്തു പറഞ്ഞു..?’
‘ഞാൻ നിന്റെ എല്ലാമാണെന്നു നീ അവളോടു പറഞ്ഞില്ലെ..?
’പറഞ്ഞു....അതിനെന്താ...? ചേട്ടനെന്റെ എല്ലാമല്ലേ..? ഞാനങ്ങനെ പറഞ്ഞതിനർത്ഥം ഞാൻ ചേട്ടനെ പ്രേമിക്കുന്നുണ്ടെന്നാണോ..? എനിക്കങ്ങനെ തോന്നുന്നില്ല...‘ ആരോ പഠിപ്പിച്ചു വിട്ടപോലെ അവൾ പരുഷമായി പറഞ്ഞു നിർത്തി. ഞാൻ വീണ്ടും വല്ലാതായി.
‘നീയെന്നെ സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെ വെറുതെ എന്തിനാ പ്രിയയോടു അങ്ങനൊക്കെ പറഞ്ഞതു...അവളെന്നെ വല്ലാണ്ടു തെറ്റിദ്ധരിച്ചിരിക്കുകയാ....പാവം....ഒരുപാടു കരഞ്ഞു...കഷ്ട്ടമുണ്ട് ,ഇങ്ങനെ ആരൊടും ചെയ്യരുത്...’ എനിക്കു സങ്കടം വന്നു. ഉത്തരത്തിന്റെയും കക്ഷത്തിന്റെയും കഥപറഞ്ഞപോലെയായി എന്റെ അവസ്ഥ.
അവൾ കുറെ നേരം നിശബ്ദയായിരുന്നു.
’എന്താ മിണ്ടാത്തത്..? പാര പണിതതിന്റെ സുഖം ആസ്വദിക്കുകയാണോ നീ..? ഞാൻ പൊട്ടിത്തെറിച്ചു.
‘പാര പണിതതു ഞാനല്ല...രമണിയപ്പച്ചിയാ....അപ്പച്ചി പറഞ്ഞിട്ടാ ഞാൻ അങ്ങനൊക്കെ അവളോടു പറഞ്ഞത്..അവളെ അപ്പച്ചിക്കിഷ്ട്ടമല്ല...‘.രഹസ്യം പരസ്യമാക്കി അവൾ പെണ്ണിന്റെ തനി ഗുണം കാണിച്ചു. ഞാൻ ഒന്നു കൂടി ഞെട്ടി. അമ്മയാണോ ഇതിന്റെ പിന്നിൽ.....സ്വന്തം മകന്റെ സന്തോഷത്തിൽ വിഷം കലക്കുന്ന ഒരമ്മ....!
’അയ്യോ... ചേട്ടാ ഞാനിതു പറഞ്ഞ കാര്യം അപ്പച്ചിയോടു പറയല്ലേ...‘ കാഞ്ചന എന്റെ ഇരുകൈകളും കൂട്ടിപ്പിടിച്ചു എന്നോടു കെഞ്ചി.
’എന്നാലും എന്റെ അമ്മാവന്റെ ഏറ്റവും മൂത്ത സഹോദരീ.......‘

6 comments:

 1. ഹഹഹ
  എന്നിട്ടെന്തായി ഒടുക്കം!

  ReplyDelete
 2. പരിഭവത്തിന്‍ താളത്തില്‍ നിന്‍ നിതംബമാടവേ പനംകുലപോള്‍ ........
  കഥ നന്നായി....

  ReplyDelete
 3. ഹ ഹ ഹ , നന്നായി .
  അങ്ങനെ തന്നെ വേണം. :)

  അല്ലേലും പെണ്ണുങ്ങള്‍ക്ക്‌ ഇച്ചിരി കുശുമ്പ് കൂടുതലാ.

  ഞാൻ ചോദിക്കാൻ വേണ്ടി അവൾ അല്പ്പനേരം കാത്തു. ഞാൻ ചോദിച്ചില്ല. (എന്റെ പട്ടി ചോദിക്കും).--->> ഞാന്‍ ഇത് വായിച്ചു ചിരിച്ചു. :) കൂട്ടിനു പട്ടിയെയും കൂട്ടിയത് നന്നായി. ഹ ഹ ഹ

  നല്ല രസണ്ട്ട്ടോ

  ആശംസകള്‍

  ReplyDelete
 4. കൊള്ളാം.. രസമുണ്ട് വായിക്കാൻ..

  ReplyDelete