Friday, 18 November 2016

അന്യപുരുഷനെ തേടി.. (കഥ)


മേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.

എത്രമാത്രം താനയാളെ സ്നേഹിച്ചു. അയാള്‍ ഇറ്റിയ മധുരമൂറുന്ന വാക്കുകളെ എത്രമാത്രം ആവേശത്തോടെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. വിവാഹത്തിനു മുന്‍പും അതിനു ശേഷവും അയാള്‍ നല്‍കിയ സ്നേഹചുംബനങ്ങളെല്ലാം പ്രണയാവേശത്തോടെ ഏറ്റുവാങ്ങിയില്ലേ. അയാള്‍ ചേര്‍ന്നുപുണരാന്‍ കൊതിക്കുമ്പോളെല്ലാം താന്‍ അയാളില്‍ പടര്‍ന്ന് അയാള്‍ക്കുവേണ്ടി മാത്രം ലയിച്ചുറങ്ങിയില്ലേ... എന്നിട്ടും....?

അവള്‍ പലവട്ടം സ്വയം ഇപ്രകാരം ചോദിച്ചു കൊണ്ടിരുന്നു.

എന്നാണു താന്‍ അയാളെ നിരാകരിച്ചിട്ടുള്ളത്...? എന്നാണു താന്‍ അയാളെ നിരാശനാക്കിയിട്ടുള്ളത്...? അവള്‍ ഒരുപാട് കിണഞ്ഞോര്‍ത്തുനോക്കി, ഹതാശയായി.

തനിക്കില്ലാത്ത എന്താണ് അയാള്‍ കണ്ടെത്തിയ ആ തേവടിശ്ശിക്ക് കൂടുതലായുള്ളത്‌...?

അവള്‍ക്കു ഒരെത്തുംപിടിയും കിട്ടിയില്ല.

ഈ ചോദ്യം രമേശിനോട് ചോദിച്ചാല്‍ ഒരുപക്ഷെ അയാള്‍ തലകുലുക്കി അലറിച്ചിരിക്കുമായിരിക്കും. എല്ലാ സ്ത്രീകളുടെയും മനസ്സില്‍ തോന്നുന്നതാണിതെന്ന് പറഞ്ഞു പതിവുപോലെ തന്‍റെ തലയില്‍ അമര്‍ത്തി തട്ടുമായിരിക്കും. തര്‍ക്കിച്ചു നില്‍ക്കാനും കളിയാക്കാനും അയാളെ കഴിഞ്ഞിട്ടെ ഉള്ളൂ.

ദീപ അയാളോടുള്ള അവജ്ഞയോടെ മുഖം തിരിച്ചിരുന്നു. ഒഴിഞ്ഞ ചായഗ്ലാസ് ശബ്ദത്തോടെ ടീപ്പോയിമേല്‍ വച്ച് ഗ്രീഷ്മ അവളെ തുറിച്ചു നോക്കി. അതുവരെ ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലേയ്ക്കു തുറിച്ചുനോക്കിയിരിക്കുകയായിരുന്നു അവള്‍.

ദീപയിലേക്ക് എത്തുന്നതിനായി അവള്‍ സമയമെടുത്ത് മുരടനക്കി.

ദീപയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു.

"ഞാന്‍ അത് ചെയ്യും. അയാള്‍ അത് നേരില്‍ കാണുന്നതുവരെ തുടരുകയും ചെയ്യും. കണ്ടാല്‍ അയാള്‍ക്ക് ഷോക്കാകുന്ന ഒരു പുരുഷനാകണം എന്നെ ഭോഗിക്കുന്നത്. ഒരുപക്ഷെ തെരുവിലലയുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയോ അതുമല്ലെങ്കില്‍ അയാള്‍ക്ക്‌ ഈഗോ തോന്നിയിട്ടുള്ള അയാളുടെ ഓഫീസിലെ സഹപ്രവര്‍ത്തകനോ അങ്ങനെയാരെങ്കിലും ഒരാള്‍. പത്തുവര്‍ഷക്കാലം എന്നെ വഞ്ചിച്ചതിന്, ഇനിയും തീരാത്ത എന്റെ യവ്വനത്തെ അപമാനിച്ചതിന്, ഒരു നെരിപ്പോടുപോലെ നീറാന്‍ തക്കവണ്ണംവീട്ടില്‍ എന്നെ തളച്ചിട്ടതിന്, എല്ലാം ചേര്‍ത്ത് ഞാന്‍ അയാളോട് പകരം വീട്ടും..."

ദീപ അത്യധികം വാശിയോടെ പുലമ്പികൊണ്ടിരുന്നു. 

ഗ്രീഷ്മ ബാഗ് തുറന്ന് മെലിഞ്ഞ ഒരു സിഗരറ്റ് തപ്പിയെടുത്ത് ലൈറ്ററിനോട് ചേര്‍ത്തു. ഒരു പുകയൂതിയ ശേഷം അതിന്‍റെ അരഞ്ഞാണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫ്ലേവറില്‍ പിടുത്തമിട്ട് അമര്‍ത്തിപ്പൊട്ടിച്ചു. അവളുടെ കറുത്തുതടിച്ച ചുണ്ടുകള്‍ ഭ്രാന്തമായ വിറയലോടെ വീണ്ടും സിഗരറ്റിനെ ചുംബിച്ചെടുക്കുന്നതു ദീപ നോക്കിയിരുന്നു.

"നീ എന്താണ് ഒന്നും പറയാതിരിക്കുന്നത്...?" ഈ കാര്യത്തില്‍ പരിചയസമ്പന്നയായ നിന്റെ ഉപദേശം എനിക്കാവശ്യമാണ്.. അതിനാണ് നിന്നെ വിളിച്ചു വരുത്തിയത്.." ദീപ ഗ്രീഷ്മയോടു സ്നേഹം മറന്ന് കലമ്പി.

ഗ്രീഷ്മ ഭാവഭേദം കൂടാതെ വീണ്ടും ബാഗിലേക്ക് പോയി. രണ്ടു ബിയര്‍ബോട്ടിലുകളില്‍ ഒന്ന് അവള്‍ ദീപയുടെ മുന്‍പിലേയ്ക്ക് തള്ളിവച്ചു.

"എനിക്കിതൊന്നും പതിവില്ല. വല്ലപ്പോഴും മാത്രം.."

"ഇതൊരു മറയാണ്. പതിവില്ലാത്തവ പലതും പതിവാക്കുന്നത് ഗുണം ചെയ്യും. സ്വബോധം പലതിനും വിലങ്ങുതടിയാണ് പെണ്ണെ. ഇവിടെ ജീവിക്കണമെങ്കില്‍ പലതും തരംപോലെ മറക്കേണ്ടി വരും..."

ചുവന്ന കണ്ണുകള്‍ വിടര്‍ത്തി ഗ്രീഷ്മ ചിറികോട്ടിച്ചിരിച്ചു.

"നീ ചെറുപ്പമായത് കൊണ്ട് ഒരുപക്ഷെ എന്റെയീ തിരഞ്ഞെടുപ്പിനോട് യോജിക്കില്ലായിരിക്കാം. എങ്കിലും അറുപത്തിയഞ്ചു വയസ് അത്ര വലിയ പ്രായമാണോ...?" ഇടയ്ക്ക് ഉയിര്‍കൊണ്ട ചെറുനിശബ്ദതയെ നിഷ്കരുണം ഇല്ലായ്മ ചെയ്തുകൊണ്ട് ഗ്രീഷ്മയില്‍നിന്ന് അപ്രതീക്ഷിത ചോദ്യമെത്തി.

"എന്തേ...?" ദീപ ഈര്‍ഷ്യയോടെ സെറ്റിയില്‍ ഇളകിയിരുന്നു.

"നീ കസ്തൂരിമാനിനെ പോലയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്താത്ത ഒരു മുഖമുണ്ടെങ്കില്‍, നെഞ്ചത്ത് നിറയെ ഇനിയും നരയ്ക്കാത്ത രോമങ്ങള്‍ ഉണ്ടെങ്കില്‍, കൈകാലുകളില്‍ ഉടയാത്ത മസിലുകള്‍ ഉണ്ടെങ്കില്‍ ഉറപ്പിക്കാം പ്രായം അയാളെ കീഴ്പ്പെടുത്തിയിട്ടില്ല എന്ന്. അയാള്‍ അരോഗദൃഡഗാത്രനാണെന്ന്..."

"ആരുടെ കാര്യമാണ് നീ പറയുന്നത്.......?"

ബിയര്‍ബോട്ടില്‍ ഒരിക്കല്‍ക്കൂടി വായിലേയ്ക്ക് കമഴ്ത്തുന്നതിനു മുന്പായി ഗ്രീഷ്മ വീണ്ടും അര്‍ത്ഥവത്തായി ചിരിച്ചു.

"നീ കഴിക്ക്............." ഗ്രീഷ്മ ദീപയെ പ്രോത്സാഹിപ്പിച്ചു.

"കഴിക്കാം. സത്യം പറഞ്ഞാല്‍ എനിക്കൊരാവേശമൊക്കെ തോന്നുന്നുണ്ട്. നിന്റെ ചിന്തകളും നിന്നെപോലെ തന്നെ ചടുലതയുള്ളതാണ്. മാത്രമല്ല എക്സ്പീരിയന്‍സ്ഡ് ആയ നിന്റെ സെലക്ഷന്‍ മോശമാവില്ല.... അത്രയേറെ സഹിച്ചതുകൊണ്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാണ് ഞാന്‍ നിന്റെ സഹായം തേടുന്നത്.."

ദീപ ബിയര്‍ബോട്ടില്‍ തുറന്ന് ചുണ്ടോടടുപ്പിച്ചു. നേരിയ ചളുക്കത്തോടെ ബിയര്‍ബോട്ടില്‍ തിരികെ ടീപോയിമേല്‍ എത്തുമ്പോള്‍ ഗ്രീഷ്മ ദീപയെ പ്രോത്സാഹിപ്പിച്ച് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു.

"പറ. ആരാണ് ആള്..? നിന്റെ പഴയ കക്ഷികള്‍ വല്ലതുമാണോ...?"

കുസൃതിയും ജിജ്ഞാസയും പടര്‍ത്തി ഗ്രീഷ്മ വീണ്ടും പൊട്ടിച്ചിരിച്ചു. ചിരിക്കുപിന്നാലെ ക്രൂരത തിങ്ങിയ ചുവന്ന കണ്ണുകള്‍ കൂടുതല്‍ വികസിക്കുന്നത് കണ്ടു.

"ആള് നിന്റെ തന്നെ..... നിന്റെയീ പ്രതികാരം  രമേഷേട്ടന് ഷോക്കാവാതിരിക്കില്ല. എന്നാല്‍ ആയമ്മയ്ക്ക്‌ ചിലപ്പോ പിടിച്ചെന്നു വരില്ല.."

ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലേയ്ക്കു ഗ്രീഷ്മ വീണ്ടും തുറിച്ചു നോക്കുന്നത് കണ്ടു. കടലാസുപൂക്കളില്‍ കൊരുത്ത മാലയ്ക്കു പിന്നിലായി ഫ്രെയിം ചെയ്യപ്പെട്ട ചിത്രത്തിലേയ്ക്കു ദീപയുടെ കണ്ണുകള്‍ അസ്ത്രം കണക്കെ പാഞ്ഞത് പൊടുന്നനെയാണ്.

അതൊരു നടുക്കമായിരുന്നു.

"ഛെ...... നീ എന്താണീ പറയുന്നത്...........?"

"അതുതന്നെ... പ്രതികാരത്തിന് ഒരു വെറൈറ്റി ഒക്കെ വേണ്ടേ മോളേ...."

ഗ്രീഷ്മയുടെ ശബ്ദത്തിലെ ദൃഡത ദീപയെ നിശബ്ദയാക്കി,ഏറെനേരത്തേയ്ക്ക്. ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു ഇരുവരും. ഇടയ്ക്കെപ്പോഴോ ഗ്രീഷ്മ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി.

പുറത്ത് കാര്‍ വന്നുനില്‍ക്കുന്നതിന്റെ ഇരമ്പല്‍ ഇരുവരെയും ഉണര്‍ത്തി. പ്രായം തളര്‍ത്താത്ത ചടുലതയോടെ, കഷണ്ടിതടവികൊണ്ട്‌ അയാള്‍ അകത്തേക്ക് വരുമ്പോള്‍ മുന്‍പില്ലാത്തവിധം ദീപയുടെ ഉള്ളം വീണ്ടും നടുങ്ങി. ഗ്രീഷ്മയ്ക്കൊപ്പം എഴുന്നേല്‍ക്കുമ്പോള്‍ ദീപ ചെറുതായി വേച്ചു.

"ഹായ് ഗ്രീഷ്മാ... പ്പോള്‍ വന്നു...?" അയാള്‍ ഇടംകണ്ണിട്ടൊരു നോട്ടം ഗ്രീഷ്മയ്ക്കായി നല്‍കുന്നത് ദീപ തെല്ല് അമ്പരപ്പോടെ ശ്രദ്ധിച്ചു.

"അല്‍പ്പനേരമായി അങ്കിള്‍.....രമേഷ് സ്ഥലത്തില്ലാത്തതല്ലേ.. ഇവള്‍ക്കൊരു കംപനി  കൊടുക്കാം എന്നു കരുതി.."  ഗ്രീഷ്മയുടെ വാക്കുകളില്‍ ആലസ്യം നിറഞ്ഞു നിന്നു.

"മോളേ ദീപേ... ഒന്ന് ഫ്രഷ്‌ ആകട്ടെ.... ഒരു ഗ്ലാസും അല്‍പ്പം ഐസ്ക്യൂബ്സും മുറിയിലേയ്ക്ക് വച്ചേക്കൂ..."

അയാള്‍ മൃദുവായി ചിരിച്ചു ധൃതിയില്‍ കോണികയറിപ്പോയി.

മടിയില്‍ വീണ സിഗരറ്റ്ചാരം കുടഞ്ഞു കളഞ്ഞുകൊണ്ട് ഗ്രീഷ്മ പോകാന്‍ തയ്യാറായി.

"നിന്റെ ദിവസമാണിന്ന്. ഗുഡ് ലക്ക്..!" അവള്‍ ദീപയുടെ ചുമലില്‍ തട്ടി തടിച്ചുമലര്‍ന്ന ചുണ്ടുകള്‍ വിടര്‍ത്തി വന്യതയോടെ ചിരിച്ചു.

ദീപ ചിരിക്കാന്‍ മറന്നു നിന്നു.

"മയത്തിലൊക്കെ വേണം.... അങ്കിള്‍ വല്ലപ്പോഴും എന്റെ കൂടി ആശ്വാസമാണ്.."

ദീപ ചഞ്ചലയായിനില്‍ക്കെ, ഗ്രീഷ്മ കളിയാക്കിച്ചിരിച്ചു പുറത്തേക്ക് പോയി.

ഭയത്താലും ആശങ്കയാലും സിരകള്‍ വലിഞ്ഞുമുറുകുന്നതിനിടയില്‍ ദീപ മുകളിലേയ്ക്ക് പോകാന്‍ തയ്യാറായി. പതിവിനു വിപരീതമായി ഐസ്ക്യൂബുകള്‍ക്കൊപ്പം രണ്ടു ഗ്ലാസ്സുകള്‍ എടുക്കാന്‍ അവള്‍ മറന്നില്ല.
annusones@gmail.com

Friday, 11 November 2016

ശരണമന്ത്രങ്ങളില്‍ ലയിച്ച്....

രിക്കല്‍ മാലയിട്ട് നോമ്പ് നോറ്റു, വൃശ്ചിക കുളിരില്‍ മുങ്ങി നിവര്‍ന്ന്, ശബരിമലയ്ക്ക് പോയപ്പോള്‍ പമ്പ വരെ ഞങ്ങളുടെ ഡ്രൈവറിനു കൂട്ട് വന്നതാണ്‌ മുതിര്‍ന്ന സുഹൃത്തായ സെബാസ്റ്റ്യന്‍ചേട്ടന്‍. പെരിയസ്വാമി കെട്ടു നിറയ്ക്കുന്നത്‌ താല്‍പ്പര്യത്തോടെ നോക്കി നിന്ന്, ശരണം വിളിക്കാനും ഭജന പാടാനും ഞങ്ങള്‍ക്കൊപ്പംകൂടി അങ്ങേരു പമ്പ വരെ മതേതരം ശരിക്കും ആഘോഷിച്ചു. തുടക്കത്തില്‍ കണ്ട തമാശ ഭാവം തിരിച്ചു പോരുമ്പോള്‍ മുഖത്തില്ലായിരുന്നു. തികഞ്ഞ ആലോചനയ്ക്കിടെ വണ്ടിയില്‍ വച്ച് തന്നെ സെബാസ്റ്റ്യസ്വാമികളില്‍ നിന്ന് അരുളപ്പാടുണ്ടായി.
"അടുത്ത തവണ ഞാനും ഉണ്ട് മലയ്ക്ക്. പമ്പ കഴിഞ്ഞു എന്താണ് നടക്കുന്നതെന്ന് എനിക്കും ഒന്നറിയണം..."

അങ്ങോര്‍ പറഞ്ഞ ആഗ്രഹം കേട്ടു ഞങ്ങള്‍ സ്വാമിമാര്‍ ഒന്നടങ്കം വെറുതെ ചിരിച്ചു. സെബാസ്റ്റ്യന്‍ചേട്ടന് ശബരിമലയ്ക്ക് പോകാന്‍ താല്‍പ്പര്യം വരാന്‍ കാരണം രസകരമായ ആ യാത്രയും അതില്‍ നിന്നു കിട്ടിയ ആനന്ദവും ആണന്നു ഞാന്‍ ആദ്യം കരുതി.
കാരണം, തികച്ചും ഒരു യാഥാസ്ഥിതിക കുടുംബമാണ് അങ്ങേരുടേത്. ശബരിമലയിലെ പ്രസാദമോ അരവണയോ കൊടുത്താല്‍ സ്നേഹപൂര്‍വ്വം നിരസിക്കണം എന്ന് പഠിച്ചു വച്ചിരിക്കുന്ന കറ തീര്‍ന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം.
"കൊണ്ട് പോകാം...പക്ഷെ ഒരു മാസത്തേയെങ്കിലും വ്രതം വേണം. കെട്ടു താങ്ങണം. പക്കാ സ്വാമിയായാല്‍ അടുത്തതവണ കൂടെ കൊണ്ടുപോയിരിക്കും..."

സ്വതവേ ഗൌരവക്കാരനായ ഞങ്ങളുടെ പെരിയസ്വാമി കണ്ടീഷന്‍ വച്ചു.
"സമ്മതം.... അമ്പതു നോയമ്പ് എടുക്കുന്ന മ്മടടുത്താണോ സ്വാമീ കളി... ഒരു മാസമൊക്കെ നിഷ്പ്രയാസം..! പിന്നെ കെട്ടു താങ്ങുന്നത്... അത് പമ്പയില്‍ നിന്നു താങ്ങിക്കോളാം..പോരെ..?"
കാര്യങ്ങള്‍ തീരുമാനിച്ചുറച്ചത് പോലെ അങ്ങേരത് പറഞ്ഞപ്പോള്‍ എല്ലാവരുടെയും വായടഞ്ഞു.
"പിന്നൊരു കാര്യം. വേറാരും ഇത് അറിയരുത്... അത് സ്വാമിമാര്‍ എനിക്ക് ഇപ്പൊ, മാല ഊരുന്നതിനു മുന്‍പ് സത്യം ചെയ്തു തരണം....."
അങ്ങോര്‍ തിരിച്ചുമൊരു കണ്ടീഷന്‍ കൊണ്ടുവന്നു.
"ഓ... എന്നും രഹസ്യസ്വാമി ആയിരിക്കണമെന്ന്... ? ശരി സമ്മതിച്ചു."

എല്ലാവരും കയ്യടിച്ചു സംഗതി പാസ്സാക്കി. (ഞാന്‍ മനപ്പൂര്‍വം കൈയ്യടിച്ചില്ല കേട്ടോ. അതുകൊണ്ട് ഇതിവിടെ പറയാന്‍ പറ്റി..)

കാര്യങ്ങള്‍ അങ്ങനൊക്കെ ആയിരുന്നെങ്കിലും അങ്ങേരു വരും എന്നൊരു പ്രതീക്ഷ എനിക്കില്ലായിരുന്നു എന്നതു സത്യം. അടുത്ത വര്‍ഷം വൃശ്ചികം ഒന്നിന്
"എനിക്കും നോയമ്പ് ഉണ്ട്ട്ടോ സ്വാമീ .. " എന്ന് അങ്ങേരു വന്നു പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ സീരിയസ് ആയിരുന്നു എന്ന് ബോധ്യം വന്നത്. കൊന്തയായിരുന്നു ആദ്യം കഴുത്തിലെ അടയാളം.
"ഡാ...അന്നൂസേ.... ഉള്ളത് പറഞ്ഞാല്‍ ശബരിമലയ്ക്ക് പോകാന്‍ എനിക്കൊരു ചെറിയ നേര്‍ച്ച ഉണ്ട്... അതെന്തിനാണെന്ന് നീ ചോദിക്കരുതെന്നു മാത്രമല്ല നേര്‍ച്ച ഉണ്ടെന്നുള്ള കാര്യം വേറാരും അറിയുകയും ചെയ്യരുത്....."
കൊന്ത തിരുപ്പിടിച്ച് രഹസ്യസ്വാമി എന്‍റെ ചെവിയില്‍ പറഞ്ഞു.
"അതിനെന്താ ചേട്ടാ.... എത്രയോ ഹിന്ദുക്കള്‍ അരുവിത്തുറ പള്ളിയിലേക്കും വേളാംകണ്ണി പള്ളിയിലേക്കും നേര്‍ച്ചകള്‍ നേരുന്നു.... ദുഃഖവെള്ളിയാഴ്ചകളില്‍ കുരിശു മല കയറുന്നു... അത് പോലെ തന്നല്ലേ ഇതും...ആരും അറിയില്ല..." എന്ന് ഞാനും .

അങ്ങനെ മുപ്പതു ദിവസത്തെ വ്രതത്തിന് ശേഷം ഞങ്ങള്‍ കെട്ടു നിറച്ച് മലയ്ക്ക് പോയി. ഞങ്ങള്‍ കെട്ടു നിറയ്ക്കുമ്പോള്‍ അങ്ങോര്‍ ഒന്നുമറിയാത്തപോലെ നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമഞ്ഞ് എല്ലാം സൂത്രത്തില്‍ നോക്കി കണ്ടു നിന്നു. യാത്രയിലുടനീളം തികഞ്ഞ ആത്മാര്‍ത്ഥതയോടെ ശരണം വിളിച്ചു. എരുമേലിയിലെ വാവരുപള്ളി അതിശയത്തോടെ ചുറ്റി നടന്നു കണ്ടു. അയ്യപ്പന്‍റെയും വാവരുടെയും സൌഹൃദത്തിന്‍റെ കഥ വ്യക്തമായി പെരിയസ്വാമിയോടു ചോദിച്ചു മനസ്സിലാക്കി. കന്നി പോകുന്നത് കൊണ്ട് കുടവണ്ടി കുലുക്കി, കുടവയറുള്ള മറ്റു തമിഴ് അയ്യപ്പന്മാരോടൊപ്പം ചേര്‍ന്ന് സൂത്രത്തില്‍ പേട്ടതുള്ളി. (ആ കൂട്ടത്തിലാകുമ്പോള്‍ ചെണ്ടമേളം ഫ്രീ ആണല്ലോ)

പമ്പയില്‍ എത്തി കെട്ടു നിറച്ചു. ശരണം വിളിച്ച് പുതിയ മാല കൊന്തയ്ക്കൊപ്പം അണിഞ്ഞു. കറുപ്പുടുത്ത്, കറുപ്പുകച്ച കെട്ടി ശരണം വിളിച്ചു ഞങ്ങള്‍ക്കൊപ്പം ഊര്‍ജസ്വലനായി. പമ്പാ ഗണപതിക്ക്‌ തേങ്ങ ഉടച്ച്, പടിക്കെട്ടില്‍ കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ച് ഭക്തിപുരസരം മല കയറി.

ആ മനുഷ്യന്‍റെ ആത്മാര്‍ഥത ഞങ്ങള്‍ക്കൊരു കൌതുകവും ഒപ്പം പ്രചോദനവും ആയിരുന്നു. എല്ലാം ഒന്നായ പോലൊരു തോന്നല്‍ ശരിക്കും പറഞ്ഞാല്‍ അന്നാണുണ്ടായത്. 'തത്ത്വമസി'.......!!

മരക്കൂട്ടത്തെത്തിയപ്പോള്‍ ആണ് രസകരവും വിചിത്രവും അതിലേറെ അപ്രതീക്ഷിതവും അതിനുമുപരി ഈ കുറിപ്പിനാധാരമായതുമായ ആയ ആ സംഗതി സംഭവിച്ചത്. അയ്യപ്പനെകണ്ട് പുണ്യം നേടി തിരിച്ചിറങ്ങി വരുന്ന ഒരുകൂട്ടം ഭക്തന്മാര്‍ക്കിടയില്‍ ഒരു 'സ്പെഷ്യല്‍' സ്വാമിയെ കണ്ടു ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി. അതും ഒരു ‘രഹസ്യസ്വാമി’ ആയിരുന്നു. സെബാസ്റ്റ്യന്‍ ചേട്ടന്‍റെ ഒരേ ഒരു അളിയന്‍ ജോണിച്ചേട്ടന്‍ ആയിരുന്നു അത്.

കണ്ട മാത്രയില്‍ ഇരുവരും ഞെട്ടിത്തരിച്ചു,വാ പൊളിച്ചു കുറെ നേരം സ്തബ്ധരായി പരസ്പ്പരം നോക്കിനിന്നു.

രഹസ്യ സ്വാമിമാര്‍ പിടിക്കപ്പെട്ടിരിക്കുന്നു...!!! ഞങ്ങളുടെ ശരണം വിളികള്‍ ഒരു നിമിഷം സ്വയമറിയാതെ തടസപ്പെട്ടു. അങ്ങനെ കുറെ നേരം നോക്കി നിന്ന ശേഷമാണ് ഇരുവര്‍ക്കും, ഞങ്ങള്‍ക്കും പരിസരബോധം വീണ്ടു കിട്ടിയത്.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും  നോക്കി ചിരിയായി. അതും കുറെ നേരം തുടര്‍ന്നു. ജോണിച്ചേട്ടന്‍ ആണെങ്കില്‍ പണ്ടേ ആളൊരു രസികന്‍ ആണ്. സംഗതിക്കൊരു വിരാമമായി അങ്ങേര്‍ ‍ഞങ്ങളുടെ ടീമിനെ നോക്കി അത്യുച്ചത്തില്‍ ശരണം നീട്ടി വിളിച്ചു.
"സ്വാമിയേ............................................"
"ശരണമയ്യപ്പാ......................................!"
അതേ ശബ്ദത്തില്‍, ഒച്ചയില്‍, അതേ വാശിയില്‍ ഞങ്ങളും ഏറ്റുവിളിച്ചു.
പിന്നെ കുറെ നേരത്തേക്ക് ശരണം വിളിയുടെ പൊടിപൂരമായിരുന്നു. സെബാസ്റ്റ്യന്‍ ചേട്ടന്‍റെ ടീം ഒരുവശത്ത്, ജോണിചേട്ടന്‍റെ ടീം മറുവശത്ത്. കടന്നു പോകുന്ന ഭക്തന്മാരും ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അയ്യപ്പന്മാരും ഒക്കെ സന്തോഷത്തോടെ ഞങ്ങളുടെ ആവേശം ശ്രദ്ധിച്ചു നിന്നു. അഞ്ചു മിനിറ്റോളം നീണ്ട ശരണം വിളിക്ക് ശേഷമാണ് ആവേശം ഒന്ന് തണുത്ത് ഇരുകൂട്ടര്‍ക്കും അടക്കംവന്ന്  പിരിയാന്‍ പറ്റിയത്.

പിരിയുന്നതിനു മുന്‍പ് ഇരുവരും പരസ്പ്പരം നോക്കി കണ്ണുകളിറുക്കി വീണ്ടും പൊട്ടിച്ചിരിച്ചു.
"സെബാസ്റ്റ്യന്‍ സ്വാമിയേ..യേ..യേ..യേ..യേ..യേ.................."
"ശരണമയ്യപ്പ....................!"
"ആരോടും പറയരുതെന്‍റെ സ്വാമിയേ..യേ..യേ..യേ.................."
"ശരണമയ്യപ്പാ..............!"
"നമ്മളറിഞ്ഞാല്‍ മതി ജോണിസ്വാമിയേ..യേ..യേ..യേ............."
"ശരണമയ്യപ്പാ.................!"
നര്‍മ്മത്തില്‍ പൊതിഞ്ഞ് ശരണംവിളിച്ച് ജോണിച്ചേട്ടന്‍ മലയിറങ്ങി. ഞങ്ങള്‍ ആവേശം വിടാതെ ശരണം നീട്ടി വിളിച്ചു മല കയറി.

മതത്തിന്‍റെ വേലിക്കെട്ടുകള്‍ക്കുമപ്പുറത്തുള്ള രസകരമായ ആനന്ദം പകര്‍ന്നു തന്ന നിര്‍വൃതിയില്‍ അലിഞ്ഞ് ഞാനും ശരണം മന്ത്രങ്ങളില്‍ ലയിച്ചു.

Saturday, 30 April 2016

തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം. അന്നൂസ്


തെരഞ്ഞെടുപ്പുങ്ക ഫ്രൈ ഉണ്ടാക്കുന്ന വിധം.
ഷെഫ്- അന്നൂസ് വണ്‍സ്.
--------------------------------------------------------------------------------------------------------------------------
വേണ്ട സാധനങ്ങള്‍:-
-----------------------------------
നല്ല മൂത്തുപഴുത്ത സ്ഥാനാര്‍ത്ഥി- 1 എണ്ണം.(തിരഞ്ഞെടുക്കുമ്പോള്‍ കണ്ണിനു താഴെ കറുപ്പുനിറം, വയറുന്തിയത്, പിത്തം പിടിച്ച കവിളുകള്‍ എന്നിവ നോക്കി തിരഞ്ഞെടുക്കുക.)
------------------:-
അലക്കി തേച്ച വസ്ത്രം -2 ജോഡി, വെള്ളയാണെങ്കില്‍ കൂടുതല്‍ നന്ന്. തുണിയിലെ കീറ്റലുകള്‍ ഭംഗി കൂട്ടും.
------------------:-
ഇളിച്ച മോന്ത - വലുപ്പത്തില്‍ ഉള്ള ഒന്ന്.
വെയിലടിക്കുമ്പോള്‍ മുകള്‍ഭാഗം തിളങ്ങുന്നതിനു മുന്‍ഗണന. മൂപ്പുള്ളത് എന്ന് സാരം.
------------------:-
ഫ്ലെക്സ് ബോര്‍ഡ്‌- കുടുംബത്തില്‍ നിന്ന് കാശെടുത്ത് റോഡ്‌ വെട്ടി, പാലം പണിതു എന്നൊക്കെ എഴുതിയത്- പത്തെണ്ണം.
------------------:-
മതേതരത്വം- തൊലി കളഞ്ഞത് 3 എണ്ണം. (ആരേം പിണക്കണ്ട)
------------------:-
വിടുവായത്തം- കനം കുറച്ചരിഞ്ഞത്-കാല്‍ കപ്പ്.
------------------:-
വിവരമില്ലായ്മ- തണ്ടോട് കൂടിയത് അമ്പതു വര്‍ഷത്തിനു മേല്‍ പഴക്കമുള്ളത്- ആവോളം. (അങ്ങാടിക്കടയില്‍ കിട്ടും. അല്ലെങ്കില്‍ അങ്ങാടിയില്‍ തോറ്റിട്ടു ചെന്ന് അമ്മയോട് പറഞ്ഞാല്‍ മതി. അമ്മയുടെ കയ്യില്‍ സ്റ്റോക്ക് കാണും. കാരണം ആ അമ്മയാണല്ലോ ഇതിനെ പെറ്റത് )
------------------:-
അഴിമതിക്കാ. നീളത്തില്‍ കീറിയത് ആവശ്യത്തിന്. (മുരിങ്ങക്കോലിനു പകരം) അഞ്ചു വര്‍ഷം മുന്‍പ് കീറി വച്ചതാണെങ്കില്‍ കൂടുതല്‍ നല്ലത്. പിഞ്ച് അഴിമതിക്കായ്ക്ക് പ്രത്യേക വാസന കിട്ടും.
------------------:-
മതമേലധ്യക്ഷന്മാരുടെ ആശീര്‍വാദം- ഒരു പിടി.
------------------:-  
ഘടകകക്ഷികള്‍ക്കുള്ള തെറി – ചുവന്നു പഴുത്തത് ആവശ്യത്തിന്.
------------------:-
കെടുകാര്യസ്ഥത- മിക്സിയില്‍ ഇട്ടു ചതച്ചത്- അര കപ്പ്‌.
------------------:-
ഇരട്ടത്താപ്പ്- അര കിലോ
------------------:-
മതഭ്രാന്തന്‍ അല്ലെങ്കില്‍ ജാതി ഭ്രാന്തന്‍- നെടുകെ കീറിയത് - ഉള്ളില്‍ അടച്ചു വച്ച് മൂപ്പിച്ചത്.
------------------:-
രാഷ്ട്രീയ മൂരാച്ചി സ്വഭാവം- വട്ടം കണ്ടിച്ചത്- 2 എണ്ണം.
------------------:-
അവസരവാദം- ചെറുതായി അരിഞ്ഞത് -ഒരു കപ്പ്.
------------------:-
സ്വജനപക്ഷപാതം- മിക്സിയില്‍ ചതച്ചത് -100 ഗ്രാം
------------------:-
കൊട്ടേഷന്‍ ഗുണ്ട- ആവശ്യത്തിന് നോക്കുമ്പോള്‍ അടുത്ത് ഉണ്ടാകണം.
------------------:-
വിശ്വമാനവികത -പാകത്തിന്. (വിശ്വം കിട്ടിയില്ലെങ്കില്‍ ദേശീയം മതിയാകും)
------------------:-
അസഹിഷ്ണത -കഷ്ടപ്പെട്ട് ചിരണ്ടി പിഴിഞ്ഞെടുത്തത് -2 ടീസ്പൂണ്‍.
------------------:-
ഫാസിസക്കുരു- തല്ലിപ്പൊട്ടിച്ചു കുരു എടുത്തു ചെറു കഷ്ണങ്ങള്‍ ആക്കിയത് അരക്കപ്പ്.
------------------:-
ഉറക്കച്ചടവും വെളിവില്ലായ്മയും ചേര്‍ത്ത് ആട്ടിയത് -ഒരു ലിറ്റര്‍
------------------:-
------------------:-
------------------:- 
ഇനി പാകം ചെയ്യുന്ന വിധം നോക്കാം. വലിയൊരു മണ്ഡലം എടുത്ത് അടുപ്പത്ത് വച്ച് സ്ഥാനാര്‍ഥിക്കാ ഇളിച്ച മോന്തയോടെ അതിലിട്ട് ചൂടാക്കി അലക്കിത്തേച്ച വസ്ത്രം ചേര്‍ത്ത് നല്ലപോലെ വഴറ്റി എടുക്കുക. അതിനുശേഷം ഉറക്കച്ചടവും വെളിവില്ലായ്മയും ഒരുമിച്ചു ചേര്‍ത്ത് ആട്ടിയമിശ്രിതം ഒഴിച്ചു മെയ്‌ പതിനാറു വരെ അങ്ങോട്ടും ഇങ്ങോട്ടും ഒരു മയവുമില്ലാതെ ഇളക്കണം. ഇളിച്ച മോന്ത കരിയാതെ നോക്കണം. മതമേലധ്യക്ഷന്മാരുടെ ആശീര്‍വാദം ഒരു പിടി എടുത്ത് പത്തുപേരെ കാണിച്ചു അതിലേക്കു പരുവത്തിനിട്ട് ഇളക്കി ഫ്ലക്സ് ബോര്‍ഡ്‌ കൊണ്ട് മൂടി വയ്ക്കുക. അല്പ്പസമയത്തിനുശേഷം രാഷ്ട്രീയ മൂരാച്ചി മണം വന്നുകഴിയുമ്പോള്‍ വിവരമില്ലായ്മ, വിടുവായത്തം എന്നിവ ചെറിയൊരു പാത്രത്തില്‍ ചൂടാക്കി മണ്ഡലത്തില്‍ ചേര്‍ക്കുക. മതേതരത്വം, വിശ്വമാനവികത എന്നിവ നന്നായി ഇളക്കി പൊടിച്ചെടുത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് ചുറ്റിലും നല്ലപോലെ വിതറുക. ഓരോന്ന് ചേര്‍ത്ത് കഴിയുമ്പോഴും സ്വന്തം മോന്ത പ്രിന്റ്‌ ചെയ്ത ഫ്ലെക്സ് ബോര്‍ഡ്‌ കൊണ്ട് മൂടിവയ്ക്കാന്‍ മറക്കരുത്. ഇടയ്ക്ക് മൂട പൊക്കി ഘടകകക്ഷികള്‍ക്കുള്ള തെറി അല്‍പ്പാല്‍പ്പം ചേര്‍ക്കുക. എരിവു കൂടുതല്‍ വേണ്ടവര്‍ അതനുസരിച്ച് ചേര്‍ക്കാം.  ഇത് പാകമായി കഴിഞ്ഞാല്‍ മെയ്‌ പതിനാറു വരെ ആവശ്യം പോലെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വിളമ്പാം. കൂടാതെ  വലിയൊരു ചട്ടിയില്‍ തല്ലിപ്പൊട്ടിച്ച ഫാസിസക്കുരു അടച്ചു വച്ച് കരിഞ്ഞുണങ്ങുന്നത് വരെ വേവിച്ച്, കഷ്ടപ്പെട്ട് ചുരണ്ടി പിഴിഞ്ഞെടുത്ത അസഹിഷ്ണത അതിനു മുകളില്‍ ഒഴിച്ച് ഇരുവശത്തും കൊട്ടേഷന്‍ ഗുണ്ട ചേര്‍ത്ത് നന്നായി ഇളക്കി ഒരു വലിയ പത്രത്തിലേക്ക് പകര്‍ന്ന് ഒഴിഞ്ഞ കോണില്‍ മാറ്റിവയ്ക്കുക. അതിലേക്കു അഴിമതിക്കാ, ഇരട്ടത്താപ്പ്, അവസരവാദം, കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, വട്ടം കണ്ടിച്ച രാഷ്ട്രീയ മൂരാച്ചി എന്നിവ ചേര്‍ത്ത് അലങ്കരിച്ചശേഷം സൂക്ഷിച്ചുവയ്ക്കുക. മെയ്‌ പതിനാറു കഴിഞ്ഞ് ജയിച്ചാല്‍  മാത്രം എടുത്തു വിളമ്പിയാല്‍ മതിയാകും. അഥവാ മന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ ഉള്ളില്‍ പൊന്നു പോലെ സൂക്ഷിക്കുന്ന, നേരത്തെ നെടുകെ കീറി വച്ചിരിക്കുന്ന  ജാതിഭ്രാന്തന്‍ അല്ലെങ്കില്‍ മതഭ്രാന്തന്‍ അജിനാമോട്ടോയ്ക്ക് പകരം ചേര്‍ക്കുന്നത് അത്യുത്തമം.