Sunday, 12 February 2017

രാക്ഷസഹൃദയം ... (കഥ) അന്നൂസ്

ങ്ങള്‍ കറുത്തവരായിരുന്നു.

കറുത്തിരുണ്ട ഞങ്ങളുടെ മുഖത്ത് കണ്ണുകള്‍ക്കുള്ളില്‍മാത്രം അല്‍പ്പം വെളുപ്പ്‌ തുടിച്ചു നിന്നു. ഒറ്റനോട്ടത്തില്‍ ആ വെളുപ്പ്‌ ശരീരഭാഷയോട്‌ യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി ഞങ്ങള്‍ക്കുപോലും പലപ്പോഴും തോന്നിയിരുന്നു. കൂടാതെ എണ്ണമെഴുക്കു പുരണ്ട വീര്‍ത്ത് ഉന്തിയ കവിളുകളായിരുന്നു ഞങ്ങളുടേത്. ചുണ്ടുകളാകട്ടെ കടുംചുവപ്പും കറുപ്പും ഇടകലര്‍ന്ന് പിളര്‍ന്നുവച്ച പച്ചമാംസത്തെ അനുസ്മരിപ്പിച്ചു.

കൊട്ടാരത്തില്‍ നിന്നു വന്നവര്‍ എന്നെ രാക്ഷസീ എന്നാണു വിളിച്ചത്. എന്‍റെ മക്കളെ രാക്ഷസര്‍ എന്നും. അത് ആവര്‍ത്തിച്ചു കേള്‍ക്കെ സങ്കടം ഇരച്ചെത്തി നാസ്വാദ്വാരങ്ങള്‍ക്ക് പിന്നില്‍ നീറി നിന്നു. അത് കണ്ണുകളിലേയ്ക്ക് എരിഞ്ഞിങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുവെങ്കിലും നനുത്ത ജലകണങ്ങള്‍ കണ്‍തടങ്ങളില്‍ ഉരുണ്ടു കൂടി, ചുണ്ടുകളിലേയ്ക്കു പകര്‍ന്നപ്പോള്‍ പതിവ് അവജ്ഞയുടെ ഉപ്പ് രുചിച്ചു.

‘രാക്ഷസിക്ക് അഞ്ചു മക്കളല്ലേ...?’ വന്നയാള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം പരുപരുത്ത, കരുണയില്ലാത്ത ശബ്ദത്തില്‍ ആരാഞ്ഞു.
അതെയെന്നു തലയാട്ടുന്നതിനിടയില്‍ അയാള്‍ അടുത്ത ചോദ്യം ചോദിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കണ്ടു. അതിന്‍റെ മുന്നോടിയായി കൈയ്യിലിരുന്ന നീളമുള്ള കുന്തത്തിന്‍റെ മറുതല അയാള്‍ നിലത്തു അലക്ഷ്യമായി തട്ടികൊണ്ടിരുന്നു.
‘എല്ലാവരും മുതിര്‍ന്ന ആണ്‍മക്കള്‍ അല്ലെ...?’
വീണ്ടും ഭവ്യതയോടെ എന്‍റെ തലയാട്ടല്‍ തുടര്‍ന്നു.
‘കൊട്ടാരം നിര്‍മ്മിച്ചതിനു ശേഷം ഒരു വര്‍ഷം പിന്നിടുകയല്ലേ. സദ്യയുണ്ട്. നിങ്ങള്‍ എല്ലാവരും കൊട്ടാരത്തില്‍ എത്താനാണ് രാജകല്പ്പന. ആറു പേര്‍ക്കും മൃഷ്ടാന്നം കഴിക്കാം. കൂടാതെ പശ്ചിമദിക്കിലുള്ള പേരുകേട്ട തന്തുവാപര്‍ നെയ്ത പട്ടുവസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും. ഭാഗ്യമുണ്ടെങ്കില്‍ വിലപിടിപ്പുള്ള മുത്തുമാലകളും...’

ആറു പേരടങ്ങുന്ന ഞങ്ങളുടെ വലിയ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണത്തിനു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.

ഇതെല്ലാം കേള്‍ക്കെ, ഞങ്ങള്‍ സ്വപ്നലോകത്ത് അകപ്പെട്ട അവസ്ഥയിലായി. കാട്ടുജാതിക്കാരിയെയും മക്കളെയും കൊട്ടാരത്തിലേയ്ക്കാണ് രാജകിങ്കരന്മാര്‍ ക്ഷണിച്ചിരിക്കുന്നത്. മലപോലെ വളര്‍ന്ന അഞ്ച് ആണ്മക്കളും വാരണാവതത്തിലേയ്ക്കുള്ള ആ ക്ഷണം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഗ്രാമവാസികള്‍ ആശ്ചര്യചകിതരായി. ഗ്രാമത്തലവനു പോലും ക്ഷണം ഉണ്ടായിരുന്നില്ല എന്ന സത്യം ഞങ്ങളില്‍ പെരുമ നിറച്ചു.

‘അവര്‍ക്കെന്തോ വലിയ ഭാഗ്യം വരാന്‍ പോകുന്നു’ ഗ്രാമ വാസികള്‍ അസൂയയോടെ മൂക്കത്ത് വിരല്‍ വച്ചു. അവര്‍ കൂട്ടമായി വന്നു കുശലം പറഞ്ഞ്, ഞങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

അക്ഷമയോടെയുള്ള കാത്തിരിപ്പിനിടയില്‍ ക്ഷണിക്കപ്പെട്ട ദിനം വന്നെത്തി. ഞങ്ങള്‍ ആറു പേരും കാല്‍നടയായി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ആഘോഷദിനങ്ങളില്‍ കൊട്ടാരത്തില്‍ വിളമ്പാറുള്ള രുചികരമായ ഭക്ഷണത്തേക്കുറിച്ചും ഉന്മാദം നിറഞ്ഞൊഴുകുന്ന ചഷകത്തെപ്പറ്റിയും അപ്സരസുകളെപോലെ നൃത്തമാടുന്ന കന്യകകളെക്കുറിച്ചും മക്കള്‍ ഇടതടവില്ലാതെ പരസ്പ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ക്ഷണിക്കപ്പെട്ടവര്‍ക്കു കൊട്ടാരത്തില്‍ പാറാവുജോലിവരെ കിട്ടിയ കഥകള്‍ മക്കളിലൊരാള്‍ പറഞ്ഞത് ഞങ്ങള്‍ക്കിടയില്‍ അതിരുകളില്ലാത്ത പ്രതീക്ഷയ്ക്കിട നല്‍കി.

കൊട്ടാരത്തിനു ഏതാനും ദൂരെ വച്ച് ഞങ്ങള്‍ രാജകിങ്കരന്മാരാല്‍ തടയപ്പെട്ടു.
‘വരൂ... ഇനി യാത്ര രഥത്തില്‍ ആകട്ടെ. ഇത് രാജകല്പ്പനയാണ്...’

ഞങ്ങള്‍ അത്ഭുതപരതന്ത്രരായാണ് രഥത്തിലേറിയത്. എന്താണീ സംഭവിക്കുന്നത്‌..? നാട്ടുവാസികള്‍ പറഞ്ഞതുപോലെ, എന്തോ വലിയ ഭാഗ്യം വരാന്‍ പോകുന്നതായി ഞങ്ങള്‍ക്കു തോന്നിത്തുടങ്ങി. മക്കള്‍ ഗൂഡാനന്ദത്തോടെ പരസ്പ്പരം നോക്കി കണ്ണുകളിറുക്കുന്നത് എപ്പോഴും കാണാമായിരുന്നു.

രാജവീഥികളില്‍ കൊടിതോരണങ്ങള്‍ കണ്ടില്ല. കേട്ടുകേള്‍വികളില്‍, വീഥിക്കിരുവശവും തിങ്ങി നിറഞ്ഞു നിന്ന്‍ ആരവങ്ങള്‍ മുഴക്കുന്ന ഗ്രാമവാസികളെയും എങ്ങും കണ്ടില്ല.

‘ആഘോഷങ്ങള്‍ ഒന്നുമില്ലല്ലോ...’ ഞാന്‍ കൊട്ടാരം ഭടനോടു സംശയം ഉന്നയിച്ചു.
‘ഇന്നു പകല്‍ രാജമാതാവ് അനുഗ്രഹം തേടി ബ്രാഹ്മണര്‍ക്ക് ഭോജനവും ദക്ഷിണയും നല്‍കിയിരുന്നു. ഇനിയും ഏഴു നാള്‍ കൂടിയുണ്ട്, ആഘോഷങ്ങള്‍ തുടങ്ങാന്‍... ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കാനാണ് സാധ്യത എന്നു തോന്നുന്നു. അത് തികച്ചും അഭിമാനകരമല്ലേ..’

ഭടന്റെ വാക്കുകള്‍ എനിക്ക് അത്യധികം സന്തോഷം ഉണ്ടാക്കുന്നതായിരുന്നു. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തില്‍ ഞാന്‍ സ്വയം മറന്നു യാത്ര തുടര്‍ന്നു.

കോട്ടയ്ക്കു മുന്‍പില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വൈകുന്നേരമായിരുന്നു. നാലഞ്ചു നിലകളിലായി തലയുയര്‍ത്തിനിന്ന കൊട്ടാരം മഞ്ഞവെയില്‍ കോരിയൊഴിച്ചതുപോലെ മഞ്ഞനിറമാര്‍ന്നു നില്‍ക്കുന്നത് തുറന്നിട്ട കോട്ടവാതിലിനുള്ളിലൂടെ ഞങ്ങള്‍ ഏറെ ആദരവോടെ കണ്ടു. കോട്ടവാതിലിനു മുന്‍പില്‍ ജാഗരൂകരായി നിന്ന രണ്ടു കാവല്‍ക്കാരെ ഒഴിച്ചാല്‍ കോട്ടയ്ക്കു മുന്‍വശവും ഉള്‍വശവും വിജനമായിരുന്നു. 

കോട്ടവാതിലും വിശാലമായ പടിപ്പുരയും കടന്നു രാജാങ്കണത്തിലേയ്ക്ക് പ്രവേശിച്ച ഞങ്ങള്‍ അത്ഭുത പരതന്ത്രരായി. ആദ്യമായാണ് രാജകൊട്ടാരത്തിനുള്ളില്‍ കടക്കുന്നത്‌. അത്ഭുതത്താല്‍ വിടര്‍ന്ന ഞങ്ങളുടെ കണ്ണുകള്‍ അപൂര്‍വകാഴ്ചകള്‍ തേടി ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു. കോട്ടയ്ക്കുള്ളില്‍ നിറഞ്ഞു നിന്ന പ്രത്യേക വാസനയില്‍ ഞങ്ങള്‍ ഉന്മത്തരായി എന്നുതന്നെ പറയാം.

രാജസഭയ്ക്ക് മുന്‍പില്‍ രഥം നിര്‍ത്തിയപ്പോള്‍  മക്കള്‍ അഞ്ചുപേരും ഉത്സാഹത്തിമിര്‍പ്പോടെയാണ് ചാടിയിറങ്ങിയത്. മൂത്തവന്‍ എന്നെ ഇറങ്ങാന്‍ സഹായിച്ചു. രഥം പോയ്മറഞ്ഞപ്പോള്‍ പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞുവന്ന ഒരു പ്രായം ചെന്ന ആള്‍ ഞങ്ങള്‍ക്കരികിലേയ്ക്കെത്തി. രാജകിങ്കരന്മാരുടെ അകമ്പടിയോടെ എത്തിയ അദ്ദേഹം ഒരു രാജപ്രമുഖനാണെന്ന് എനിക്ക് ഉറപ്പായിരുന്നു. 

രാജസഭാമണ്ഡപത്തിലേയ്ക്കാണ് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയത്. അവിടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള രത്നങ്ങളും വജ്രങ്ങളും പതിച്ച ശൂന്യമായ രാജസിംഹാസനം ദൃശ്യമായി. അല്‍പ്പനേരത്തെ കാത്തുനില്‍പ്പിന് ശേഷം, അത്യധികം ഗൌരവക്കാരനും ആജാനബാഹുവുമായ ഒരാള്‍ കിങ്കരന്മാരാലും കൊട്ടാരം ഭൃത്യന്‍മാരാലും ആനയിക്കപ്പെട്ടു ഞങ്ങള്‍ക്കരികിലേയ്ക്കെത്തി. ഒരു തികഞ്ഞ യോദ്ധാവിനെ അനുസ്മരിപ്പിച്ച അയാള്‍ സര്‍വാഭരണ വിഭൂഷിതനായിരുന്നു. ആ ഗാംഭീര്യത്തിനും അസാമാന്യമായ ആകാരത്തിനും മുന്‍പില്‍ ഞങ്ങള്‍ ചൂളി നിന്നു. അദ്ദേഹത്തിനു മുന്‍പില്‍ ഞാന്‍ ഭയചകിതയായി വിറയ്ക്കാന്‍ തുടങ്ങി എന്നു പറയുന്നതായിരിക്കും കൂടുതല്‍ സത്യം.

‘യുവരാജാവിനെ വണങ്ങുക....’ സ്തബ്ദരായി നില്‍ക്കുന്ന ഞങ്ങളെ നോക്കി ഒരു ഭൃത്യന്‍ ശബ്ദമുയര്‍ത്തി ആജ്ഞാപിച്ചു. ഞങ്ങള്‍ ആറുപേരും കണ്മുന്നിലെത്തിയ വ്യക്തിപ്രഭാവത്തിനു മുന്നില്‍ സ്വയമറിയാതെ മുട്ടുകുത്തി നിന്നു അദ്ദേഹത്തെ താണുവണങ്ങി. അദ്ദേഹമാകട്ടെ ഗൌരവം തെല്ലും വിടാതെ ഞങ്ങളെ അടിമുടി വീക്ഷിച്ചുകൊണ്ടിരുന്നു. എന്‍റെ മക്കളിലൂടെ അദ്ദേഹത്തിന്‍റെ നോട്ടം കടന്നു പോകുമ്പോള്‍ ആ കണ്ണുകളില്‍ ഇടയ്ക്കെപ്പോഴോ ദാക്ഷിണ്യമില്ലാത്ത കനലെരിയുന്നത് ഞാന്‍ മിന്നായം കണ്ടു. അതെന്‍റെ തോന്നലാണെന്ന് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം സംതൃപ്തിയോടെ ചിരിച്ചത് എനിക്ക് ആശ്വാസം പകര്‍ന്നു.

‘വാരണാവതത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള അമൂല്യാവസരമാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. നിങ്ങള്‍ക്കുള്ള ആജ്ഞകള്‍ നാളെ പുലര്‍ച്ചെ ജ്യേഷ്ഠതിരുമനസ്സില്‍നിന്നും ലഭിക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും...’ അദ്ദേഹം ഘനഗംഭീരമായ ശബ്ദത്തില്‍ ഞങ്ങളോടായി ഇത്രയും പറഞ്ഞതിന് ശേഷം രാജപ്രമുഖന്‍റെ നേരെ തിരിയുന്നത്‌ കണ്ടു.
‘ഇവരെ അതിഥിമന്ദിരത്തിലേയ്ക്ക് കൊണ്ട് പോകുക. ഒന്നിനും ഒരു കുറവും വരാതെ നോക്കുക.’ ഉരുക്ക് പോലെയുള്ള കൈകള്‍ ഉയര്‍ത്തിവീശി ആജ്ഞ നല്‍കിയ ശേഷം അദ്ദേഹം പൊടുന്നനെ നടന്നു മറഞ്ഞു.

രാജകൊട്ടാരത്തിന്‍റെ വിശാലമായ നടുത്തളത്തിനോട് ചേര്‍ന്ന അലംകൃതമായ കിടപ്പറയിലേയ്ക്കാണ് ഞങ്ങള്‍ പിന്നീടു ക്ഷണിക്കപ്പെട്ടത്‌. ആ വലിയ മുറിയുടെ പുറംഭാഗം അതിഥികള്‍ക്കുള്ള ഭോജനശാലയായിരുന്നു.

അല്‍പ്പനേരത്തെ വിശ്രമമായിരുന്നു ആദ്യഘട്ടം. രുചികരമായ ഭക്ഷണവിഭവങ്ങള്‍ തിളങ്ങുന്ന സ്വര്‍ണ്ണതളികകളിലും കൊത്തുപണികള്‍ ചെയ്ത വെള്ളിപാത്രങ്ങളിലും കൊണ്ടുവരപ്പെട്ടു. മക്കള്‍ അഞ്ചു പേരും ഭക്ഷണം കണ്ടു പാരവശ്യപ്പെട്ടു ബഹളം കൂട്ടി. ഇളയവനായിരുന്നു അധികം ധൃതി കാണിച്ചത്. ഭൃത്യന്മാര്‍ ശ്രദ്ധയോടെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടയില്‍ മദാലസകളായ തരുണികള്‍ വീര്യം കൂടിയ റാക്കുമായിവന്നു വണങ്ങി നിന്നു. ഇടയ്ക്ക്, മുന്‍പ് കണ്ട പ്രായംചെന്ന രാജപ്രമുഖനും കിങ്കരന്മാരും വിസ്താരമുള്ള  സ്വര്‍ണ്ണത്തളികകളില്‍ രാജകീയമുദ്രയുള്ള വിലപിടിച്ച രത്നങ്ങളും വജ്രങ്ങളും പതിച്ച ആടയാഭരണങ്ങളുമായെത്തി. ഭക്ഷണശേഷം ഇതെല്ലാം നിര്‍ബന്ധമായും അണിയുവാന്‍ ഉത്തരവിട്ടശേഷം അവര്‍ പോയ്മറഞ്ഞപ്പോള്‍ ഞാന്‍ അന്ധാളിച്ചിരുന്നു. ഇത്രയധികം പ്രാധാന്യത്തോടെ പരിചരിക്കപ്പെടുവാന്‍ മാത്രം എന്ത് സുകൃതമാണ് ഞങ്ങള്‍ ചെയ്തതെന്നായിരുന്നു എന്‍റെ വിടാതെയുള്ള സംശയം.

വിശപ്പടങ്ങിയതിനുശേഷം സുരപാനമായിരുന്നു അടുത്ത ഘട്ടം. ഭോജനശാലയില്‍ നിന്നു വിശാലമായ കിടപ്പറയിലേയ്ക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു അത്. തരുണികളുടെ പരിലാളനകളില്‍ മക്കള്‍ എന്നെ മറന്ന് ഉന്മത്തരാകുകയായിരുന്നു. അവര്‍ കണക്കില്ലാതെ പാനം ചെയ്ത്, തമ്മില്‍ തമാശകള്‍ പറഞ്ഞ് ഏറെ നേരം സന്തോഷിക്കുന്നത് കണ്ടു കൊണ്ട് ഞാന്‍ അവര്‍ക്ക് തുണയായിരുന്നു. തരുണികളുടെ സഹായത്തോടെ മക്കള്‍ രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നത് ലജ്ജിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. ഞാന്‍ ഗൂഡസ്മിതത്തോടെ അവരുടെ സന്തോഷം കണ്ടു നിര്‍വൃതികൊണ്ടു. അണിഞ്ഞൊരുങ്ങലുകള്‍ക്ക് ശേഷം മക്കള്‍ അഞ്ചുപേരും രാജകുമാരന്മാരെപോലെ പ്രശോഭിച്ചു..!

അര്‍ദ്ധരാത്രിയോടെയാണ് മക്കളുടെ ആഘോഷങ്ങള്‍ അവസാനിച്ചത്‌. ഭൃത്യന്മാരും തോഴികളുമെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു. അവസാനത്തെ ഭൃത്യന്‍ പോകുമ്പോള്‍ കിടപ്പറയുടെ വലിയ വാതില്‍ പുറത്തുനിന്നു തഴുതിടുന്നതിന്‍റെ അസ്വസ്ഥതപ്പെടുത്തുന്ന ശബ്ദം കാതുകളില്‍ പ്രകമ്പനം കൊണ്ടു. വലിയ ചിരാതുകളില്‍ അതുവരെ കത്തിനിന്ന വെളിച്ചം ഒന്നൊന്നായി അണയുമ്പോള്‍ മക്കള്‍ അഞ്ചുപേരും ബോധശൂന്യരായി ഉറക്കത്തിലേയ്ക്കു വഴുതിയിരുന്നു.

എനിക്കെന്തോ ഉറങ്ങാന്‍ തോന്നിയതേയില്ല. കനംകുറഞ്ഞ ഇരുട്ടും കനമേറിയ നിശബ്ദതയും ഭീതിതമായിരുന്നു. നേരംപോകെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് എന്തൊക്കെയോ ഝടിതിയില്‍ പൊട്ടുന്നതിന്‍റെയും ചിന്നം ചിതറുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കായി. വലിയ കിടപ്പറയിലെ സുഗന്ധം നിറഞ്ഞ തണുപ്പ് പോയ്പ്പോയതുപോലെയും ചൂട് കൂടി വരുന്നത് പോലെയും എനിക്ക് തോന്നിത്തുടങ്ങി. 

ഇടയ്ക്കെപ്പോഴോ എന്തോ ഒന്ന് വലിയ ശബ്ദത്തില്‍ അടയുന്ന ശബ്ദം കേട്ടു. പുറത്തെന്താണ് നടക്കുന്നത്...? കിളിവാതില്‍ തുറക്കുവാനുള്ള എന്‍റെ ശ്രമം വൃഥാവിലായി. ബലവത്തായി അടച്ചിരുന്ന കിളിവാതിലുകളില്‍ ഒന്നിലൂടെ അസാധാരണമായ ഒരു വെളിച്ചം കടന്നു വന്നത് പെട്ടെന്നാണ്. ഇതിനിടയില്‍ ഭയാനകമായ ഒരു നിലവിളി മുഴങ്ങി. കിടപ്പറയ്ക്ക് പുറത്തുള്ള തളത്തിലൂടെ ആരുടെയോ നിലവിളി അകന്നകന്നു പോകുന്നുണ്ടായിരുന്നു.

എന്താണിതൊക്കെ...? അനിഷ്ടമായതെന്തോ വന്നു ഭവിക്കാന്‍ പോകുന്നതുപോലെ മനസ്സ് ആകുലപ്പെട്ടു. പുറത്തേയ്ക്കുള്ള എല്ലാ മാര്‍ഗങ്ങളും ബലവത്തായി ബന്ധിച്ചിരിക്കുന്നുവെന്ന അറിവ് ശരീരം തളര്‍ത്തുന്നതായിരുന്നു.

ചൂട് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. പുറത്ത് അപായം മണത്ത ഞാന്‍ മക്കളെ വിളിച്ചുണര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍, കുടിച്ചു മദോന്മത്തരായി മലപോലെ മറിഞ്ഞുകിടക്കുന്ന അവരെന്നെ തീര്‍ത്തും നിരാശരാക്കി.

പൊട്ടിത്തെറിശബ്ദങ്ങള്‍ ഭീതിതമായി അടുത്തടുത്ത് വന്നു. ചൂടും അത്യധികം കനത്തു. ഒരു തീജ്വാല നൊടിയിടയില്‍ കിളിവാതിലിനിടയിലൂടെ അകത്തേയ്ക്ക് എത്തിനോക്കിയത് കണ്ടപ്പോള്‍ ഞാന്‍ ഭയചകിതയായി അന്ധാളിച്ചു നിന്നു പോയി. വടക്ക് ദിക്കിലേയ്ക്കു തുറക്കുന്ന സ്വര്‍ണ്ണപ്പാളികളാല്‍ അലംകൃതമായ വലിയ വാതില്‍ ഒരു പൊട്ടിത്തെറിയോടെ തകര്‍ന്നു വീണത്‌ പെട്ടെന്നായിരുന്നു.

ഞാന്‍ എന്റെ പൊന്നുമക്കളെ നോക്കി അത്യുച്ചത്തില്‍ വാവിട്ടു നിലവിളിച്ചു.

‘എന്‍റെ മക്കളെ ചതിച്ചു ...... ഒന്നുണരൂ.... കൊട്ടാരത്തിനു തീ പിടിച്ചിരിക്കുന്നു.... ’ നിസഹായയായി തേങ്ങാനായിരുന്നു എന്റെ വിധി. മക്കള്‍ ഒന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു. ഇളയവന്റെ അരുകിലിരുന്നു ഞാന്‍ അവനെ ശക്തിയില്‍ തൊട്ടുവിളിച്ചു. അവന്‍റെ ശരീരം കരിനീലച്ച്, തണുത്തിരിക്കുന്നത് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ പരിഭ്രാന്തിയോടെ ഓടിനടന്ന് എന്റെ അഞ്ചു മക്കളെയും മാറി മാറി വിളിച്ചു നോക്കി. രണ്ടാമന്‍റെ വായില്‍ നിന്നു നുരയും പതയും പുറത്ത് ചാടിയിരുന്നു. അവന്‍റെ നെഞ്ചില്‍ മാത്രമേ അല്‍പ്പമെങ്കിലും ചൂട് അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കൂട്ടത്തില്‍ ആരോഗ്യവാനായ അവന്‍റെ ചുണ്ടുകള്‍ ‘അമ്മ’ എന്നു നെടുതായി മന്ത്രിക്കുന്നത് കണ്ടു. ഞാന്‍ അഗാധമായ തപത്താല്‍ ചുടുകണ്ണീര്‍ തൂകി അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു കരഞ്ഞു.

ഉരുകുന്ന അരക്കിന്‍റെയും മെഴുകിന്‍റെയും മടുപ്പിക്കുന്ന ഗന്ധത്തോടൊപ്പം കൂടുതല്‍ തീ അകത്തേയ്ക്ക് ആളിയെത്തി. രക്ഷപെടാനുള്ള അവസാന ശ്രമവും അടയുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ മക്കള്‍ക്കിടയില്‍ തളര്‍ന്നിരുന്നു. 

ഒരു വലിയ തീഗോളത്തോടൊപ്പം മേല്‍ക്കൂരയുടെ പാതി തകര്‍ന്ന് ഞങ്ങള്‍ക്കരുകിലേയ്ക്ക് പതിക്കുന്നത് ഞാന്‍ നടുക്കത്തോടെ കണ്ടു. തീയില്‍ പൊതിഞ്ഞ ഒരു വലിയ മരക്കഷണം വീണ് മൂന്നാമത്തെ മകന്‍റെ തലമുടി കത്തിത്തുടങ്ങിയത് അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍പെട്ടത്...
പരിഭ്രാന്തിയോടെ ഞാന്‍ അവനരികിലേയ്ക്ക് കുതിച്ചെത്തി തീ കെടുത്തുവാന്‍ എന്നാലാവുംവിധം ശ്രമിച്ചു. അതിനടയില്‍ എന്‍റെ നാലാമനെ തീ വിഴുങ്ങുവാന്‍ ആരംഭിച്ചിരുന്നു. അവന്‍റെ കാലുകളാണ് ആദ്യം കത്തിത്തുടങ്ങിയത്. ആ ദയനീയകാഴ്ചകാണുവാന്‍ ത്രാണിയില്ലാതെ ഞാന്‍ മക്കള്‍ക്കിടയിലേയ്ക്ക് തളര്‍ന്നു വീണു. 

അതികഠിനമായ ചൂടുകാരണം ശരീരം ഉരുകിത്തുടങ്ങുകയായിരുന്നു. ഇടയ്ക്ക് ആളിവന്ന തീ എന്റെ ചേലയിലേയ്ക്ക് പകരുന്നതും പടരുന്നതും എനിക്കറിയാനായി. മരണം വന്നടുക്കുന്ന സമയങ്ങളില്‍ ഏതൊരാള്‍ക്കും തോന്നിത്തുടങ്ങുന്ന അസാമാന്യധൈര്യം എനിക്കും കിട്ടിത്തുടങ്ങി എന്നതായിരുന്നു ആകെയുള്ള ആശ്വാസം. പകര്‍ന്നുകിട്ടിയ ആ ശക്തിയില്‍ ഞാന്‍ എന്‍റെ പൊന്നുമക്കളില്‍ രണ്ടു പേരെ മാറോടു ചേര്‍ത്തുപിടിച്ചു മരണത്തിനായി കാത്തുകിടന്നു. എന്‍റെ മറ്റു മൂന്നു മക്കള്‍ എന്‍റെ കൈത്താങ്ങില്ലാതെ അനാഥരായി ഭൂമിയിലേയ്ക്ക് ഉരുകിയിറങ്ങുന്നതില്‍ ഞാന്‍ നൊമ്പരപ്പെട്ടു. അവരെക്കൂടി പുണരാനുള്ള കൈകള്‍ ഇല്ലാതെപോയതില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ വിതുമ്പി.
----------------------------------------------- 


annusones@gmail.com