Monday, 26 February 2018

സാറ്റ്.......... (കഥ) അന്നൂസ്ണ്ണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കണമെന്നാണ് നിയമം.
വെളുത്തു ചുവന്ന മൂക്കിന്‍റെ തുമ്പ് മരത്തിന്റെ പരുപരുത്ത തൊലിയോട് ചേര്‍ത്തുനിര്‍ത്തി, ആ വലിയ മരത്തെ പുണര്‍ന്നുകൊണ്ട് മെല്ലെ സമയമെടുത്ത് അവള്‍ എണ്ണിത്തുടങ്ങി.
'ഒന്ന്...രണ്ട്....മൂന്ന്....നാല്......'

എണ്ണുന്നവരാണ് കണ്ണുകള്‍ ഇറുക്കി അടയ്ക്കേണ്ടത്‌. ഒളിക്കുന്നവര്‍ക്ക് കണ്ണുകള്‍ തുറന്നു പിടിക്കുവാനും ഒളിക്കാന്‍ പറ്റിയ ഇടം തേടുവാനും അവകാശം ഉണ്ട്. ആ അവകാശത്തോടെയാണ് അവര്‍ ഇരുവരും പൊന്തയ്ക്കുള്ളില്‍ മറഞ്ഞത്.

ഇടയ്ക്ക് പൊടിപറത്തി, മൈതാനം ചുറ്റിയെത്തിയ കാറ്റ് അയഞ്ഞുതൂങ്ങിയ പെറ്റികോട്ടിന്റെ ഇടയിലൂടെ അവളുടെ ഇളംശരീരത്തെ തഴുകിയുണര്‍ത്തി ലക്ഷ്യം തെറ്റാതെ അതേ പൊന്തയ്ക്കുള്ളില്‍ പോയ്‌മറഞ്ഞു.

'എട്ട്............ ഒന്‍പത്................... പത്ത്.......................... ഒളിച്ചാലും ഒളിച്ചിലെങ്കിലും സാറ്റ്.....'
മരത്തെ തള്ളിയകത്തി, ആവേശത്തോടെ കണ്ണുകള്‍ തുറന്ന് അവള്‍ ചുറ്റും പരതി. നീണ്ട പത്തുവരെയുള്ള എണ്ണലില്‍ അന്ധകാരം പടര്‍ന്ന അവളുടെ കുഞ്ഞികണ്ണുകളിലേയ്ക്ക് പുതുവെളിച്ചം തീവ്രതയോടെ കടന്നെത്തി ഇക്കിളിപ്പെടുത്തി.

മരത്തില്‍ നിന്ന് വിട്ടകലാന്‍ തെല്ലു മടിച്ചുനിന്നുകൊണ്ട് അവള്‍ ഒളിച്ചവര്‍ക്കായുള്ള തിരച്ചില്‍  ആരംഭിച്ചു.  അവളുടെ ആകാംഷ വര്‍ദ്ധിപ്പിച്ചു കൊണ്ട് പൊടുന്നനെയാണ് പൊന്തക്കാട് ചെറുതായി ഇളകിയത്.

പ്രതീക്ഷയോടെ അവള്‍ ഓടിയെത്തി പൊന്തക്കാടുകള്‍ക്കിടയിലേയ്ക്ക് ഊളിയിട്ടു. രൌദ്രഭാവത്തോടെ തന്നെ തുറിച്ചുനോക്കിയിരിക്കുന്ന ആ നാലു കണ്ണുകള്‍ പക്ഷെ അവളെ ആഹ്ലാദിപ്പിക്കുകയാണ് ചെയ്തത്.

'ചേട്ടായിമാര്‍ സാറ്റെ.............' അവള്‍ വിളിച്ചുകൂവി തിടുക്കപ്പെട്ട് പിന്തിരിഞ്ഞു. വിജയികണമെങ്കില്‍ അവള്‍ക്കു മരത്തില്‍ തൊടണമായിരുന്നു.

പൊടുന്നനെ കമഴ്ന്നു വീഴുമ്പോഴാണ് തന്‍റെ കാലുകളില്‍ മുറുകിയിരിക്കുന്ന കൈകളുടെ കാഠിന്യം അവള്‍ തിരിച്ചറിയുന്നത്. എപ്പോഴും വാത്സല്യത്തോടെ കോരിയെടുത്തുകൊണ്ടിരുന്ന മറ്റു രണ്ടു കൈകളാകട്ടെ അവളെ നിശബ്ദയാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. 

വിജയം അവള്‍ക്കകലെയായിരുന്നു. എങ്കിലും അവള്‍ വൃഥാ കുതറിക്കൊണ്ടിരുന്നു.

'മരത്തില്‍ തൊടാന്‍ നിനക്കിനി ആവില്ല.....'
അവരിലൊരുവന്‍ അവളുടെ കാതുകളില്‍ ഭീതിതമായി മുരണ്ടു.
പതിനൊന്ന്..... പന്ത്രണ്ട്..... പതിമൂന്ന്.....

സമയം നിര്‍ത്താതെ അതിന്‍റെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരുന്നു.

annusones@gmail.com

Thursday, 8 June 2017

മരണം (കഥ) അന്നൂസ്

തോളില്‍ മൃദുവായി തട്ടിയ ശേഷം പോകാനായി തിരിഞ്ഞ സമയം നാരായണേട്ടന്‍ ഡോക്റ്ററുടെ കൈകള്‍ ബലമായി പിടിച്ചെടുത്തു.
നാരായണേട്ടന്‍:- ഡോക്റ്ററെ പോകരുത്... എന്റെ അടുത്തിരിക്കൂ... എനിക്ക് ചിലത് പറയാനുണ്ട്....' നാരായണേട്ടന്‍റെ കൈകള്‍ ഡോക്റ്ററുടെ കൈത്തണ്ടയിലിരുന്ന്‍ ശക്തിയായി വിറച്ചു. അയാളുടെ അസാധാരണമായി മിഴിച്ചിരിക്കുന്ന കണ്ണുകളും ഭയാക്രാന്തമായി വലിഞ്ഞു മുറുകിയ മുഖപേശികളും വരണ്ടുകോടിയ ചുണ്ടുകളും ഡോക്റ്ററെ ചഞ്ചല ചിത്തനാക്കി. തിരക്കുകള്‍ ഒരു വശത്തുനിന്നു ആര്‍ത്തനാദം മുഴക്കുമ്പോഴും ഡോക്റ്റര്‍ നാരായണേട്ടനായി, അയാള്‍ക്കരുകില്‍ ചോദ്യരൂപത്തില്‍ ഇരിക്കാന്‍ തയ്യാറായി.
നാരായണേട്ടന്‍:- എന്‍റെ തലയ്ക്കരുകില്‍ ഇരിക്കുന്ന ഈ കറുത്ത രൂപത്തിന്‍റെ പേര് മരണമെന്നാണ്... ആ രൂപത്തെ ഡോക്റ്റര്‍ക്ക്‌ കാണാമോ...?' നാരായണേട്ടന്‍ ശബ്ദം താഴ്ത്തിചോദിച്ചു.
ഡോക്റ്റര്‍:- ഇല്ല... ഞാനാരെയും കാണുന്നില്ല... ആ കറുത്ത രൂപത്തിന് എന്നെ കാണാമോ എന്ന് ചോദിക്ക്....'
നാരായണേട്ടന്‍:- കറുത്ത രൂപമേ... നിനക്ക് ഡോക്റ്ററെ കാണാമോ എന്ന് ഡോക്റ്റര്‍ ചോദിക്കുന്നു...'
മരണം:- നോക്കൂ.... എനിക്ക് നിങ്ങളെ പോലെ കണ്ണുകളില്ല... പക്ഷെ എന്‍റെ ഇരയുടെ സാന്നിധ്യം എനിക്കറിയാനാകും... എന്‍റെ ഇരകള്‍ക്ക് എന്നെ കാണാനും സാധിക്കും.... ഡോക്റ്റര്‍ക്ക്‌ ഇപ്പോള്‍ എന്നെ കാണാന്‍ കഴിയില്ല...'
നാരായണേട്ടന്‍:- മരണമേ.... ഡോക്റ്റര്‍ക്ക്‌ നീ പറയുന്നത് കേള്‍ക്കാന്‍ പറ്റുമോ...?
മരണം:- ഇല്ല.... മരണ സമയമടുക്കാത്ത ആര്‍ക്കും എന്നെ കാണാനോ കേള്‍ക്കാനോ സാധിക്കില്ല....'
'മരണമേ.... നീ പറയുന്നത് ഡോക്റ്റര്‍ കേട്ടേ പറ്റൂ.....അത് എന്റെ ആവശ്യമാണ്‌......'
മൂര്‍ച്ചയുള്ള എന്തോ ഒന്ന് തിളങ്ങിയതും ഉയര്‍ന്നു താഴ്ന്നതും അടക്കിപ്പിടിച്ച ഞരക്കം കേട്ടതും ഒന്നിച്ചാണ്. മരണം ഡോക്ട്ടര്‍ക്കരികിലേയ്ക്ക് അല്‍പ്പംകൂടി നീങ്ങിയിരുന്നു.
നാരായണേട്ടന്‍:- ഡോക്റ്ററെ.... ഇപ്പോള്‍ അങ്ങേയ്ക്ക് ഈ കറുത്ത രൂപത്തിനെ കാണാന്‍ കഴിയുന്നുണ്ടോ...?
ഡോക്റ്റര്‍:- ഉണ്ട്....
നാരായണേട്ടന്‍:- കേള്‍ക്കാന്‍ പറ്റുന്നുണ്ടോ...?
ഡോക്റ്റര്‍:- ആ രൂപം ഒന്നും മിണ്ടുന്നില്ലല്ലോ....അനങ്ങാതെ ഇരിക്കുകയല്ലേ..?
മരണം:- ഇനി രണ്ടുപേര്‍ക്കും കേള്‍ക്കാന്‍ കഴിയും.. കാണാനും. തടസമായി മറ്റാരും വരാതിരുന്നാല്‍ മതി....
ഡോക്റ്റര്‍:- എനിക്കെന്താണ് പെട്ടെന്ന് പറ്റിയത്.... നേരത്തെ എനിക്കീ കറുത്ത രൂപത്തെ കാണാന്‍ കഴിയുമായിരുന്നില്ല....
നാരായണേട്ടന്‍:- അതല്ല ഇവിടുത്തെ പ്രശ്നം.... മരണമേ.... നിങ്ങള്‍ ഡോക്റ്ററോട് കാര്യം പറയൂ... എനിക്ക് എന്റെ കാര്യമാണ് വലുതും പ്രധാനപ്പെട്ടതും.... കാരണം മരണമാകുന്ന നിങ്ങള്‍ നാല് ദിവസമായി എന്നെ ശല്ല്യപ്പെടുത്തുന്നു... അതിന്റെ കാരണം ഈ ഡോക്ട്ടറാണ്..'
ഡോക്റ്റര്‍:- നാരായണേട്ടാ ഞാന്‍ എങ്ങനെ താങ്കള്‍ക്ക് ശല്ല്യക്കാരനായി..? ഞാന്‍ താങ്കളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഡോക്ട്ടറാണെന്ന കാര്യം താങ്കള്‍ മറക്കുന്നു...'
മരണം:- ഡോക്റ്റര്‍ക്ക്‌ തെറ്റി. നാരായണേട്ടനു ഒരു ലക്ഷ്യമുണ്ട്... ഡോക്ട്ടര്‍ക്ക് അതറിയാമോ..? ആ ലക്ഷ്യത്തിനു താങ്കളാണ് വിഘാതം...'
ഡോക്റ്റര്‍:- വിഘാതാമോ...? ഞാനോ..? എനിക്കൊന്നും മനസിലാകുന്നില്ല.... സത്യത്തില്‍ നിങ്ങള്‍ക്കൊക്കെ എന്താണ് പ്രശ്നം..?
മരണം :- വ്യക്തമാക്കിത്തരാം. നാരായണേട്ടന് ഇപ്പോള്‍ വയസ് അറുപത്തിയെട്ട്... എന്പത്തിയഞ്ചു വയസുവരെ ആയുസുണ്ട്. കാലമിത്രയായിട്ടും ആരോഗ്യത്തിനൊരു കുഴപ്പവുമില്ല. പക്ഷെ അദ്ദേഹത്തെ മരണഭയം പിടികൂടിയിട്ടു മാസം ആറു കഴിഞ്ഞു. കാരണം അദ്ദേഹത്തിന്‍റെ ഭാര്യയെ ഞാന്‍ കൂടെ കൂട്ടിയിട്ടു ആറുമാസം കഴിഞ്ഞിരിക്കുന്നു. മരണഭയം ചുമന്നുകൊണ്ട് ജീവിക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മരണത്തിനായി കാത്തിരിക്കുന്നത് അതിലേറെ പ്രയാസവും. അതിനൊരറുതി വരുത്താനാണ് നാരായണേട്ടന്‍ വിഷം കഴിച്ചു മരിക്കാന്‍ ശ്രമിച്ചതും ഇവിടെ വരേണ്ടിവന്നതും... ആയുസെത്തിയില്ലെങ്കിലും അദ്ദേഹത്തെ കൂടെകൊണ്ടുപോകാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ... ഡോക്റ്ററുടെ ചികിത്സാവൈഭവം അതിനുള്ള തടസമായി നില്‍ക്കുകയായിരുന്നു ഇതുവരെ.......'
നാരായണേട്ടന്‍:- ഇരുട്ട് വീണുകഴിഞ്ഞാല്‍ ഭയം എന്നെ കീഴ്പ്പെടുത്തുകയായി. എത്ര ദൈവത്തെ വിളിച്ചാലും നാമം ജപിച്ചാലും രാത്രി എന്നത് മറികടക്കാനാവാത്ത ഒരു സത്യമായി മാറുന്നു എന്നതാണ് എന്റെ പ്രശ്നം. എന്ന് മരിക്കും എന്നറിയാത്ത ഈ കാത്തിരിപ്പ്‌ എനിക്ക് അസഹനീയമാണ്... അതുകൊണ്ട് ഈ കറുത്ത രൂപത്തിനോപ്പം പോകാന്‍ ഡോക്റ്റര്‍ എന്നെ അനുവദിക്കണം....
മരണം:- ഇനി ഡോക്റ്ററുടെ അനുവാദത്തിന്‍റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല... എഴുപത്തിയെട്ടു വയസുവരെ ആയുസുള്ള, ഇപ്പോള്‍ നാല്‍പ്പത്തിയഞ്ചു വയസ്സു മാത്രമുള്ള ഡോക്റ്ററും ഈ സമയം എന്റെ ഇരയായിരിക്കുന്നു... രണ്ടു മിനിറ്റ് മാത്രം. അതുവരെ ഒച്ചവച്ച് ഡോക്റ്റര്‍ ആളെ കൂട്ടാതെ നോക്കേണ്ട ചുമതല നാരായണേട്ടന്റെയാണ്.
മരണം മറ്റെവിടെയ്ക്കോ ദൃഷ്ടി പായിച്ച് , ചെറുതായി പുഞ്ചിരിച്ചു.
ഡോക്റ്റര്‍:- അയ്യോ എന്താണിത്.... നിങ്ങള്‍ എന്താണീ പറയുന്നത്...? എനിക്ക് ഇപ്പോള്‍ മരിക്കേണ്ട..... എന്നെ കാത്തിരിക്കുന്ന ഒരുപാട് രോഗികളുണ്ടിവിടെ... എന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ ഭാര്യയും മോളും...
നെഞ്ചില്‍ അമര്‍ന്നിരുന്ന തന്‍റെ കൈവിരലുകള്‍ക്കിടയിലൂടെ രക്തം കുതിച്ചൊഴുകുന്നത് കണ്ട് ഡോക്റ്റര്‍ പൊടുന്നനെ നിലവിളിക്കാനാഞ്ഞു. ഓക്സിജന്‍ സിലിണ്ടറുമായുള്ള ബന്ധം വലിച്ചുപൊട്ടിച്ച് നാരായണേട്ടന്‍ സര്‍വ്വശക്തിയുമെടുത്ത് ചാടിയുയര്‍ന്ന് ഞൊടിയിടയില്‍ ഡോക്റ്ററുടെ വായ പൊത്തി. ജീവിച്ചു കൊതിതീരാത്ത കണ്ണുകളും ജീവിക്കാന്‍ കൊതിക്കാത്ത കണ്ണുകളും പരസ്പ്പരം ഒരു നിമിഷം കോര്‍ത്തു നിന്നു. പിന്നെ ഇരുവരുടെയും കൃഷ്ണമണികള്‍ മുകളിലേയ്ക്കുയര്‍ന്നു കണ്‍പോളകള്‍ക്കുള്ളിലേയ്ക്ക് മലര്‍ന്നുമറഞ്ഞു. ആ മരണ വെപ്രാളങ്ങള്‍ക്കിടയില്‍ ലയിച്ചുനിന്ന്, മറ്റാര്‍ക്കും കേള്‍ക്കാനാകാത്ത വിധം അത്യുച്ചത്തില്‍ മരണം പൊട്ടിച്ചിരിച്ചു.

Monday, 15 May 2017

രണ്ടു മിനിക്കഥകള്‍

ഉന്നം
--------
തുരുമ്പ് കയറിതുടങ്ങിയ തകരഷീറ്റിനടിയിലായിരുന്നു പ്രാവിന്‍റെ കൂട്. അവന്‍റെ തിളങ്ങുന്ന വെളുത്തനിറത്തില്‍ എന്‍റെ അസൂയയുടെ കറുത്ത നിറം കോരിയൊഴിക്കാന്‍ ഞാന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവനു പറക്കാന്‍ കഴിവുള്ളതുകൊണ്ടായിരിക്കും അവന്‍ എന്നെ ഒരിക്കലും മൈന്‍ഡ് ചെയ്തിരുന്നില്ല.
അന്ന് പകല്‍ കോരിച്ചൊരിയുന്ന മഴയിലാണ് അവന്‍ തകരഷീറ്റിനടിയില്‍ നിന്ന് തിടുക്കത്തില്‍ ചിറകിട്ടടിച്ചു പറന്നകലാന്‍ തുടങ്ങിയത്.
'ഡാ.... പ്രാവേ..... ഒരു കുടയെടുത്തോണ്ട് പോ... നല്ല മഴയല്ലേ .. പനി പിടിക്കണ്ട...' ഞാന്‍ അവനെ സ്നേഹിക്കാന്‍ നോക്കി.
'പനി. എനിക്കോ..? പോടാ.... കോപ്പേ...' പ്രാവിന്റെ അപ്രതീക്ഷിത മറുപടി എന്നെ ചൊടിപ്പിക്കാന്‍ പോന്നതായിരുന്നു.
'എന്റെ കയ്യില്‍ എയര്‍ഗണ്‍ ഉണ്ടെന്നത് നീ മറക്കണ്ട.... നിന്‍റെ തര്‍ക്കുത്തരം എന്നോട് വേണ്ട...' ഞാന്‍ അവനെ പേടിപ്പിക്കാന്‍ നോക്കി.
'എയര്‍ഗണ്‍ പോലും... ഗണ്‍ ഉണ്ടായിട്ടെന്താ... അതില്‍ ഉണ്ട വേണ്ടേ...?' പ്രാവ് പൊട്ടിച്ചിരിച്ചു.
'ചിരിക്കണ്ട... നിനക്കുള്ള ഉണ്ട എന്‍റെ കൈയ്യില്‍ സ്റ്റോക്ക് ഉണ്ട്.....'
'ആണോ...! ഉണ്ട ഉണ്ടായത് കൊണ്ടുമാത്രം കാര്യമില്ല.... ഉന്നം വേണ്ടേ...? അത് നിനക്കുണ്ടോ...? ദേ ആ കാണുന്ന മാങ്ങയില്‍ ഉന്നം വച്ചാല്‍ ദേ അവിടെ തൂങ്ങിക്കിടക്കുന്ന ചക്കയ്ക്കിട്ടു കൊള്ളും... അതല്ലേ നിന്റെ ഉന്നം....' പ്രാവ് അലറി ചിരിച്ചു.
'ആണോ .. എന്നാല്‍ നീ അവിടെ നില്‍ക്ക്‌... എന്‍റെ ഉന്നം പരീക്ഷിച്ചിട്ട് പോകാം.....'
'ഓ.... ആയിക്കോട്ടെ.... നീ വരുന്ന വരെ ഞാനിവിടെ പറന്നു നില്‍ക്കാം.....' അവന്‍റെ ശബ്ദത്തില്‍ പരിഹാസം നിഴലിച്ചു നിന്നു.
ഞാന്‍ പോയി ഗണ്ണുമായി വരുന്നതുവരെ അവന്‍ തെല്ലിടമാറാതെ എനിക്കുവേണ്ടി പറന്നു നിന്നു. ആ അഹങ്കാരിയെ ഒന്നു പേടിപ്പിക്കണം എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. അവന്‍റെ വലതു വശത്തായി കാണുന്ന മാവിലെ മാങ്ങയിലേയ്ക്ക് തന്നെ ഞാന്‍ ഉന്നം ഉറപ്പിച്ചു.
'എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന് ക്ഷമാപണം പറഞ്ഞു പോകാന്‍ നിനക്ക് ഒരവസരം കൂടി ഞാന്‍ തരാം.....' ഞാന്‍ ദയാലുവായി.
'പോടാ... കോപ്പേ... നീ വെടി വയ്ക്കുന്നുണ്ടെങ്കില്‍ വയ്ക്ക്.. എനിക്കെ വേറെ പണി ഉണ്ട്...'
എനിക്ക് ദേഷ്യമായി. ഞാന്‍ ഒരു കണ്ണ് ഇറുക്കിയടച്ച് മാങ്ങയിലേയ്ക്ക് ഉന്നം വച്ചു കാഞ്ചി വലിച്ചു.
മഴയുടെ ഇരമ്പലിനേയും കടന്ന് പതുങ്ങിയ വെടിശബ്ദം മുഴങ്ങിയപ്പോള്‍ പ്രാവ് ഒന്ന് നടുങ്ങുന്നത് കണ്ടു ഞാന്‍ സന്തോഷിച്ചു. അവന്‍ പേടിച്ചല്ലോ. എനിക്കതു മതി.
എന്‍റെ വെടിയേറ്റ്‌ മാങ്ങ ചിതറിയില്ല. പ്രാവ് ത്രാണി നഷ്ടപ്പെട്ട് മെല്ലെ താഴേയ്ക്ക് വന്ന് ചെളിയില്‍ പുതയുന്നത്‌ കണ്ടു.
'നീ എന്നെയല്ലേ ഉന്നം വച്ചത്....' അര്‍ത്ഥപ്രാണനായി പ്രാവ് എന്നോട് ചോദിച്ചു. അവന്‍റെ കഴുത്തിനു താഴെ മാംസം ചിതറി ചോര വാര്‍ന്നൊഴുകുന്നത് കണ്ടു ഞാന്‍ സ്തബ്ദനായി നിന്നുപോയി.
'അയ്യോ.........' ഞാന്‍ ഓടി അവനരുകിലെത്തി അവനെ കൈകളില്‍ കോരിയെടുത്ത് എന്‍റെ മാറോടുചേര്‍ത്തുപിടിച്ച് വിതുമ്പി.
'ഇതെങ്ങനെ സംഭവിച്ചു..........? ഞാന്‍ മാങ്ങയിലാണല്ലോ ഉന്നം വച്ചത്...'
'ചതിച്ചല്ലോ..... നീ എന്നെ ഉന്നം വയ്ക്കാതിരുന്നത് വല്ലാത്ത ദ്രോഹമായിപ്പോയി.....കൂട്ടില്‍ എന്‍റെ കുഞ്ഞുങ്ങള്‍ തനിച്ചാണ്...' പ്രാവ് എന്നെനോക്കി നിസഹായതയോടെ പിറുപിറുത്തു. അവന്‍റെ മനോഹരമായ വെളുത്ത ചിറകുകളില്‍ ആകെമാനം ചോരയും ചെളിയും പുരണ്ടിരുന്നു. അവന്‍ നിശ്ചലനാകുംവരെ ഞാന്‍ അസൂയയില്ലാതെ അവന്‍റെ ചിറകുകളില്‍ മെല്ലെ തലോടികൊണ്ടിരുന്നു.

_____________________________________________________________________________________

ഫയല്‍ജീവിതങ്ങള്‍
-----------------------------
അയാള്‍ എന്‍റെ സഹപ്രവര്‍ത്തകനെ അന്വേഷിച്ചാണ് ഓഫീസിലേയ്ക്ക് കയറിവന്നത്.
'സാര്‍.... സന്തോഷ്‌ സാര്‍........?' അയാള്‍ കൃത്രിമബഹുമാനത്തോടെ എന്നെ ചോദ്യരൂപത്തില്‍ നോക്കി പരുങ്ങി നിന്നു.
'സന്തോഷ്‌ ഫീല്‍ഡില്‍ പോയിരിക്കുകയാണ്. ഉച്ച കഴിയുമ്പോഴേയ്ക്കും എത്തും....' തിരക്കിട്ട് പൊതുജനത്തെ പരിഹരിക്കുന്നതിനിടയില്‍ അയാള്‍ക്ക്‌ മറുപടി കൊടുക്കാന്‍ ഞാന്‍ അല്‍പ്പസമയം കണ്ടെത്തി.
'സാര്‍... ഞാന്‍ രണ്ടു മൂന്നു തവണയായി വരുന്നു.... സന്തോഷ്‌സാറിന്‍റെ നമ്പര്‍ ഒന്ന് തരാമോ...?' അയാള്‍ രണ്ടു തവണ ചോദിച്ചശേഷമാണ് എനിക്കയാളെ കേള്‍ക്കാനായത്‌ തന്നെ.
'തരാം....' മനസ്സില്ലാമനസ്സോടെ എഴുതികൊണ്ടിരുന്ന ഫയല്‍ മാറ്റി വച്ച് ഞാന്‍ മൊബൈല്‍ കൈയ്യിലെടുത്ത് സന്തോഷിന്‍റെ നമ്പര്‍ തിരഞ്ഞു കണ്ടെത്തി.
'എഴുതിയെടുത്തോളൂ.... നയന്‍ഫൈവ്..... '
'സാര്‍ ഒരുതുണ്ട് പേപ്പര്‍............?' അവിടെയുമിവിടെയുമൊക്കെ തപ്പി ഞാന്‍ ഒരു വൈറ്റ്പേപ്പര്‍ തേടിയെടുത്ത് ഉപയോഗശൂന്യമെന്നുറപ്പുവരുത്തിയ ശേഷം ഒരു മൊബൈല്‍ നമ്പര്‍ എഴുതാന്‍ പാകത്തില്‍ ചതുരമായി കീറിയെടുത്ത്‌ അയാള്‍ക്ക്‌ നല്‍കി.
'നയന്‍ഫൈവ്..... ' ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും നിന്ന് പരുങ്ങി.
'സാര്‍ പേന........?'
ഞാന്‍ എന്‍റെ പേന അയാള്‍ക്ക്‌ നല്‍കി. അയാള്‍ നൂറാവര്‍ത്തി തിരിച്ചുംമറിച്ചും ചോദിച്ച് നമ്പര്‍ എഴുതിയെടുത്ത് മധുരമായി ചിരിച്ചു നന്ദി പറഞ്ഞു പിരിഞ്ഞു.
വീണ്ടും അടുത്തുവന്ന തിരക്കുകളില്‍ നിന്ന് ഒരുവിധം ഒഴിഞ്ഞ് പഴയ ഫയലിലേയ്ക്ക് മടങ്ങി വരുന്നതിനിടയില്‍ പേനയുമായി അയാള്‍ എങ്ങോട്ടോ പോയ്‌മറഞ്ഞിരുന്നു. ഒരു പേനയ്ക്കായി മേശവലിപ്പുകള്‍ മാറിമാറി പരതി, മറ്റു സഹപ്രവര്‍ത്തകരോട് സഹായം ചോദിച്ചു ഞാന്‍ വീണ്ടും സമയം കളഞ്ഞു കൊണ്ടിരുന്നു.
മുന്നൂറുമീറ്റര്‍ ദൂരെയുള്ള സ്റ്റേഷനറികടയിലേയ്ക്ക് ഒരു പേന വാങ്ങുവാന്‍ പൊരിവെയിലില്‍ നടക്കാന്‍ ഞാന്‍ ഒടുവില്‍ നിര്‍ബന്ധിതനായി.
എന്നെ കാത്തിരിക്കുന്ന ഫയലുകള്‍ മേശപ്പുറത്തു ചലനമറ്റുകിടക്കുമ്പോള്‍ ആ ഫയലുകളിലെ ജീവിതങ്ങള്‍ ഓഫീസിനുചുറ്റിനും അക്ഷമരായി ഞാന്‍ നടന്നകലുന്നത് നോക്കി പല്ലുകള്‍ ഞെരിച്ചു.
അന്നൂസ്

Sunday, 12 February 2017

രാക്ഷസഹൃദയം ... (കഥ) അന്നൂസ്

ങ്ങള്‍ കറുത്തവരായിരുന്നു.

കറുത്തിരുണ്ട ഞങ്ങളുടെ മുഖത്ത് കണ്ണുകള്‍ക്കുള്ളില്‍മാത്രം അല്‍പ്പം വെളുപ്പ്‌ തുടിച്ചു നിന്നു. ഒറ്റനോട്ടത്തില്‍ ആ വെളുപ്പ്‌ ശരീരഭാഷയോട്‌ യോജിക്കാതെ മുഴച്ചുനില്‍ക്കുന്നതായി ഞങ്ങള്‍ക്കുപോലും പലപ്പോഴും തോന്നിയിരുന്നു. കൂടാതെ എണ്ണമെഴുക്കു പുരണ്ട വീര്‍ത്ത് ഉന്തിയ കവിളുകളായിരുന്നു ഞങ്ങളുടേത്. ചുണ്ടുകളാകട്ടെ കടുംചുവപ്പും കറുപ്പും ഇടകലര്‍ന്ന് പിളര്‍ന്നുവച്ച പച്ചമാംസത്തെ അനുസ്മരിപ്പിച്ചു.

കൊട്ടാരത്തില്‍ നിന്നു വന്നവര്‍ എന്നെ രാക്ഷസീ എന്നാണു വിളിച്ചത്. എന്‍റെ മക്കളെ രാക്ഷസര്‍ എന്നും. അത് ആവര്‍ത്തിച്ചു കേള്‍ക്കെ സങ്കടം ഇരച്ചെത്തി നാസ്വാദ്വാരങ്ങള്‍ക്ക് പിന്നില്‍ നീറി നിന്നു. അത് കണ്ണുകളിലേയ്ക്ക് എരിഞ്ഞിങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചുവെങ്കിലും നനുത്ത ജലകണങ്ങള്‍ കണ്‍തടങ്ങളില്‍ ഉരുണ്ടു കൂടി, ചുണ്ടുകളിലേയ്ക്കു പകര്‍ന്നപ്പോള്‍ പതിവ് അവജ്ഞയുടെ ഉപ്പ് രുചിച്ചു.

‘രാക്ഷസിക്ക് അഞ്ചു മക്കളല്ലേ...?’ വന്നയാള്‍ ഏറെ ശ്രദ്ധാപൂര്‍വ്വം പരുപരുത്ത, കരുണയില്ലാത്ത ശബ്ദത്തില്‍ ആരാഞ്ഞു.
അതെയെന്നു തലയാട്ടുന്നതിനിടയില്‍ അയാള്‍ അടുത്ത ചോദ്യം ചോദിക്കാന്‍ വെമ്പല്‍ കൊള്ളുന്നത്‌ കണ്ടു. അതിന്‍റെ മുന്നോടിയായി കൈയ്യിലിരുന്ന നീളമുള്ള കുന്തത്തിന്‍റെ മറുതല അയാള്‍ നിലത്തു അലക്ഷ്യമായി തട്ടികൊണ്ടിരുന്നു.
‘എല്ലാവരും മുതിര്‍ന്ന ആണ്‍മക്കള്‍ അല്ലെ...?’
വീണ്ടും ഭവ്യതയോടെ എന്‍റെ തലയാട്ടല്‍ തുടര്‍ന്നു.
‘കൊട്ടാരം നിര്‍മ്മിച്ചതിനു ശേഷം ഒരു വര്‍ഷം പിന്നിടുകയല്ലേ. സദ്യയുണ്ട്. നിങ്ങള്‍ എല്ലാവരും കൊട്ടാരത്തില്‍ എത്താനാണ് രാജകല്പ്പന. ആറു പേര്‍ക്കും മൃഷ്ടാന്നം കഴിക്കാം. കൂടാതെ പശ്ചിമദിക്കിലുള്ള പേരുകേട്ട തന്തുവാപര്‍ നെയ്ത പട്ടുവസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും. ഭാഗ്യമുണ്ടെങ്കില്‍ വിലപിടിപ്പുള്ള മുത്തുമാലകളും...’

ആറു പേരടങ്ങുന്ന ഞങ്ങളുടെ വലിയ കുടുംബത്തിന് ഒരുനേരത്തെ ഭക്ഷണത്തിനു വല്ലാത്ത ബുദ്ധിമുട്ടായിരുന്നു.

ഇതെല്ലാം കേള്‍ക്കെ, ഞങ്ങള്‍ സ്വപ്നലോകത്ത് അകപ്പെട്ട അവസ്ഥയിലായി. കാട്ടുജാതിക്കാരിയെയും മക്കളെയും കൊട്ടാരത്തിലേയ്ക്കാണ് രാജകിങ്കരന്മാര്‍ ക്ഷണിച്ചിരിക്കുന്നത്. മലപോലെ വളര്‍ന്ന അഞ്ച് ആണ്മക്കളും വാരണാവതത്തിലേയ്ക്കുള്ള ആ ക്ഷണം ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഗ്രാമവാസികള്‍ ആശ്ചര്യചകിതരായി. ഗ്രാമത്തലവനു പോലും ക്ഷണം ഉണ്ടായിരുന്നില്ല എന്ന സത്യം ഞങ്ങളില്‍ പെരുമ നിറച്ചു.

‘അവര്‍ക്കെന്തോ വലിയ ഭാഗ്യം വരാന്‍ പോകുന്നു’ ഗ്രാമ വാസികള്‍ അസൂയയോടെ മൂക്കത്ത് വിരല്‍ വച്ചു. അവര്‍ കൂട്ടമായി വന്നു കുശലം പറഞ്ഞ്, ഞങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

അക്ഷമയോടെയുള്ള കാത്തിരിപ്പിനിടയില്‍ ക്ഷണിക്കപ്പെട്ട ദിനം വന്നെത്തി. ഞങ്ങള്‍ ആറു പേരും കാല്‍നടയായി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ആഘോഷദിനങ്ങളില്‍ കൊട്ടാരത്തില്‍ വിളമ്പാറുള്ള രുചികരമായ ഭക്ഷണത്തേക്കുറിച്ചും ഉന്മാദം നിറഞ്ഞൊഴുകുന്ന ചഷകത്തെപ്പറ്റിയും അപ്സരസുകളെപോലെ നൃത്തമാടുന്ന കന്യകകളെക്കുറിച്ചും മക്കള്‍ ഇടതടവില്ലാതെ പരസ്പ്പരം സംസാരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ക്ഷണിക്കപ്പെട്ടവര്‍ക്കു കൊട്ടാരത്തില്‍ പാറാവുജോലിവരെ കിട്ടിയ കഥകള്‍ മക്കളിലൊരാള്‍ പറഞ്ഞത് ഞങ്ങള്‍ക്കിടയില്‍ അതിരുകളില്ലാത്ത പ്രതീക്ഷയ്ക്കിട നല്‍കി.

കൊട്ടാരത്തിനു ഏതാനും ദൂരെ വച്ച് ഞങ്ങള്‍ രാജകിങ്കരന്മാരാല്‍ തടയപ്പെട്ടു.
‘വരൂ... ഇനി യാത്ര രഥത്തില്‍ ആകട്ടെ. ഇത് രാജകല്പ്പനയാണ്...’

ഞങ്ങള്‍ അത്ഭുതപരതന്ത്രരായാണ് രഥത്തിലേറിയത്. എന്താണീ സംഭവിക്കുന്നത്‌..? നാട്ടുവാസികള്‍ പറഞ്ഞതുപോലെ, എന്തോ വലിയ ഭാഗ്യം വരാന്‍ പോകുന്നതായി ഞങ്ങള്‍ക്കു തോന്നിത്തുടങ്ങി. മക്കള്‍ ഗൂഡാനന്ദത്തോടെ പരസ്പ്പരം നോക്കി കണ്ണുകളിറുക്കുന്നത് എപ്പോഴും കാണാമായിരുന്നു.

രാജവീഥികളില്‍ കൊടിതോരണങ്ങള്‍ കണ്ടില്ല. കേട്ടുകേള്‍വികളില്‍, വീഥിക്കിരുവശവും തിങ്ങി നിറഞ്ഞു നിന്ന്‍ ആരവങ്ങള്‍ മുഴക്കുന്ന ഗ്രാമവാസികളെയും എങ്ങും കണ്ടില്ല.

‘ആഘോഷങ്ങള്‍ ഒന്നുമില്ലല്ലോ...’ ഞാന്‍ കൊട്ടാരം ഭടനോടു സംശയം ഉന്നയിച്ചു.
‘ഇന്നു പകല്‍ രാജമാതാവ് അനുഗ്രഹം തേടി ബ്രാഹ്മണര്‍ക്ക് ഭോജനവും ദക്ഷിണയും നല്‍കിയിരുന്നു. ഇനിയും ഏഴു നാള്‍ കൂടിയുണ്ട്, ആഘോഷങ്ങള്‍ തുടങ്ങാന്‍... ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അത്തരം ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിങ്ങള്‍ക്കും ലഭിക്കാനാണ് സാധ്യത എന്നു തോന്നുന്നു. അത് തികച്ചും അഭിമാനകരമല്ലേ..’

ഭടന്റെ വാക്കുകള്‍ എനിക്ക് അത്യധികം സന്തോഷം ഉണ്ടാക്കുന്നതായിരുന്നു. നിനച്ചിരിക്കാതെ വന്ന ഭാഗ്യത്തില്‍ ഞാന്‍ സ്വയം മറന്നു യാത്ര തുടര്‍ന്നു.

കോട്ടയ്ക്കു മുന്‍പില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വൈകുന്നേരമായിരുന്നു. നാലഞ്ചു നിലകളിലായി തലയുയര്‍ത്തിനിന്ന കൊട്ടാരം മഞ്ഞവെയില്‍ കോരിയൊഴിച്ചതുപോലെ മഞ്ഞനിറമാര്‍ന്നു നില്‍ക്കുന്നത് തുറന്നിട്ട കോട്ടവാതിലിനുള്ളിലൂടെ ഞങ്ങള്‍ ഏറെ ആദരവോടെ കണ്ടു. കോട്ടവാതിലിനു മുന്‍പില്‍ ജാഗരൂകരായി നിന്ന രണ്ടു കാവല്‍ക്കാരെ ഒഴിച്ചാല്‍ കോട്ടയ്ക്കു മുന്‍വശവും ഉള്‍വശവും വിജനമായിരുന്നു. 

കോട്ടവാതിലും വിശാലമായ പടിപ്പുരയും കടന്നു രാജാങ്കണത്തിലേയ്ക്ക് പ്രവേശിച്ച ഞങ്ങള്‍ അത്ഭുത പരതന്ത്രരായി. ആദ്യമായാണ് രാജകൊട്ടാരത്തിനുള്ളില്‍ കടക്കുന്നത്‌. അത്ഭുതത്താല്‍ വിടര്‍ന്ന ഞങ്ങളുടെ കണ്ണുകള്‍ അപൂര്‍വകാഴ്ചകള്‍ തേടി ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു. കോട്ടയ്ക്കുള്ളില്‍ നിറഞ്ഞു നിന്ന പ്രത്യേക വാസനയില്‍ ഞങ്ങള്‍ ഉന്മത്തരായി എന്നുതന്നെ പറയാം.

രാജസഭയ്ക്ക് മുന്‍പില്‍ രഥം നിര്‍ത്തിയപ്പോള്‍  മക്കള്‍ അഞ്ചുപേരും ഉത്സാഹത്തിമിര്‍പ്പോടെയാണ് ചാടിയിറങ്ങിയത്. മൂത്തവന്‍ എന്നെ ഇറങ്ങാന്‍ സഹായിച്ചു. രഥം പോയ്മറഞ്ഞപ്പോള്‍ പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞുവന്ന ഒരു പ്രായം ചെന്ന ആള്‍ ഞങ്ങള്‍ക്കരികിലേയ്ക്കെത്തി. രാജകിങ്കരന്മാരുടെ അകമ്പടിയോടെ എത്തിയ അദ്ദേഹം ഒരു രാജപ്രമുഖനാണെന്ന് എനിക്ക് ഉറപ്പായിരുന്നു. 

രാജസഭാമണ്ഡപത്തിലേയ്ക്കാണ് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയത്. അവിടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശമുള്ള രത്നങ്ങളും വജ്രങ്ങളും പതിച്ച ശൂന്യമായ രാജസിംഹാസനം ദൃശ്യമായി. അല്‍പ്പനേരത്തെ കാത്തുനില്‍പ്പിന് ശേഷം, അത്യധികം ഗൌരവക്കാരനും ആജാനബാഹുവുമായ ഒരാള്‍ കിങ്കരന്മാരാലും കൊട്ടാരം ഭൃത്യന്‍മാരാലും ആനയിക്കപ്പെട്ടു ഞങ്ങള്‍ക്കരികിലേയ്ക്കെത്തി. ഒരു തികഞ്ഞ യോദ്ധാവിനെ അനുസ്മരിപ്പിച്ച അയാള്‍ സര്‍വാഭരണ വിഭൂഷിതനായിരുന്നു. ആ ഗാംഭീര്യത്തിനും അസാമാന്യമായ ആകാരത്തിനും മുന്‍പില്‍ ഞങ്ങള്‍ ചൂളി നിന്നു. അദ്ദേഹത്തിനു മുന്‍പില്‍ ഞാന്‍ ഭയചകിതയായി വിറയ്ക്കാന്‍ തുടങ്ങി എന്നു പറയുന്നതായിരിക്കും കൂടുതല്‍ സത്യം.

‘യുവരാജാവിനെ വണങ്ങുക....’ സ്തബ്ദരായി നില്‍ക്കുന്ന ഞങ്ങളെ നോക്കി ഒരു ഭൃത്യന്‍ ശബ്ദമുയര്‍ത്തി ആജ്ഞാപിച്ചു. ഞങ്ങള്‍ ആറുപേരും കണ്മുന്നിലെത്തിയ വ്യക്തിപ്രഭാവത്തിനു മുന്നില്‍ സ്വയമറിയാതെ മുട്ടുകുത്തി നിന്നു അദ്ദേഹത്തെ താണുവണങ്ങി. അദ്ദേഹമാകട്ടെ ഗൌരവം തെല്ലും വിടാതെ ഞങ്ങളെ അടിമുടി വീക്ഷിച്ചുകൊണ്ടിരുന്നു. എന്‍റെ മക്കളിലൂടെ അദ്ദേഹത്തിന്‍റെ നോട്ടം കടന്നു പോകുമ്പോള്‍ ആ കണ്ണുകളില്‍ ഇടയ്ക്കെപ്പോഴോ ദാക്ഷിണ്യമില്ലാത്ത കനലെരിയുന്നത് ഞാന്‍ മിന്നായം കണ്ടു. അതെന്‍റെ തോന്നലാണെന്ന് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം സംതൃപ്തിയോടെ ചിരിച്ചത് എനിക്ക് ആശ്വാസം പകര്‍ന്നു.

‘വാരണാവതത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാനുള്ള അമൂല്യാവസരമാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്. നിങ്ങള്‍ക്കുള്ള ആജ്ഞകള്‍ നാളെ പുലര്‍ച്ചെ ജ്യേഷ്ഠതിരുമനസ്സില്‍നിന്നും ലഭിക്കുന്ന മുറയ്ക്ക് അറിയിക്കുന്നതായിരിക്കും...’ അദ്ദേഹം ഘനഗംഭീരമായ ശബ്ദത്തില്‍ ഞങ്ങളോടായി ഇത്രയും പറഞ്ഞതിന് ശേഷം രാജപ്രമുഖന്‍റെ നേരെ തിരിയുന്നത്‌ കണ്ടു.
‘ഇവരെ അതിഥിമന്ദിരത്തിലേയ്ക്ക് കൊണ്ട് പോകുക. ഒന്നിനും ഒരു കുറവും വരാതെ നോക്കുക.’ ഉരുക്ക് പോലെയുള്ള കൈകള്‍ ഉയര്‍ത്തിവീശി ആജ്ഞ നല്‍കിയ ശേഷം അദ്ദേഹം പൊടുന്നനെ നടന്നു മറഞ്ഞു.

രാജകൊട്ടാരത്തിന്‍റെ വിശാലമായ നടുത്തളത്തിനോട് ചേര്‍ന്ന അലംകൃതമായ കിടപ്പറയിലേയ്ക്കാണ് ഞങ്ങള്‍ പിന്നീടു ക്ഷണിക്കപ്പെട്ടത്‌. ആ വലിയ മുറിയുടെ പുറംഭാഗം അതിഥികള്‍ക്കുള്ള ഭോജനശാലയായിരുന്നു.

അല്‍പ്പനേരത്തെ വിശ്രമമായിരുന്നു ആദ്യഘട്ടം. രുചികരമായ ഭക്ഷണവിഭവങ്ങള്‍ തിളങ്ങുന്ന സ്വര്‍ണ്ണതളികകളിലും കൊത്തുപണികള്‍ ചെയ്ത വെള്ളിപാത്രങ്ങളിലും കൊണ്ടുവരപ്പെട്ടു. മക്കള്‍ അഞ്ചു പേരും ഭക്ഷണം കണ്ടു പാരവശ്യപ്പെട്ടു ബഹളം കൂട്ടി. ഇളയവനായിരുന്നു അധികം ധൃതി കാണിച്ചത്. ഭൃത്യന്മാര്‍ ശ്രദ്ധയോടെ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടയില്‍ മദാലസകളായ തരുണികള്‍ വീര്യം കൂടിയ റാക്കുമായിവന്നു വണങ്ങി നിന്നു. ഇടയ്ക്ക്, മുന്‍പ് കണ്ട പ്രായംചെന്ന രാജപ്രമുഖനും കിങ്കരന്മാരും വിസ്താരമുള്ള  സ്വര്‍ണ്ണത്തളികകളില്‍ രാജകീയമുദ്രയുള്ള വിലപിടിച്ച രത്നങ്ങളും വജ്രങ്ങളും പതിച്ച ആടയാഭരണങ്ങളുമായെത്തി. ഭക്ഷണശേഷം ഇതെല്ലാം നിര്‍ബന്ധമായും അണിയുവാന്‍ ഉത്തരവിട്ടശേഷം അവര്‍ പോയ്മറഞ്ഞപ്പോള്‍ ഞാന്‍ അന്ധാളിച്ചിരുന്നു. ഇത്രയധികം പ്രാധാന്യത്തോടെ പരിചരിക്കപ്പെടുവാന്‍ മാത്രം എന്ത് സുകൃതമാണ് ഞങ്ങള്‍ ചെയ്തതെന്നായിരുന്നു എന്‍റെ വിടാതെയുള്ള സംശയം.

വിശപ്പടങ്ങിയതിനുശേഷം സുരപാനമായിരുന്നു അടുത്ത ഘട്ടം. ഭോജനശാലയില്‍ നിന്നു വിശാലമായ കിടപ്പറയിലേയ്ക്ക് തിരിച്ചെത്തിയ ശേഷമായിരുന്നു അത്. തരുണികളുടെ പരിലാളനകളില്‍ മക്കള്‍ എന്നെ മറന്ന് ഉന്മത്തരാകുകയായിരുന്നു. അവര്‍ കണക്കില്ലാതെ പാനം ചെയ്ത്, തമ്മില്‍ തമാശകള്‍ പറഞ്ഞ് ഏറെ നേരം സന്തോഷിക്കുന്നത് കണ്ടു കൊണ്ട് ഞാന്‍ അവര്‍ക്ക് തുണയായിരുന്നു. തരുണികളുടെ സഹായത്തോടെ മക്കള്‍ രാജകീയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയുന്നത് ലജ്ജിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. ഞാന്‍ ഗൂഡസ്മിതത്തോടെ അവരുടെ സന്തോഷം കണ്ടു നിര്‍വൃതികൊണ്ടു. അണിഞ്ഞൊരുങ്ങലുകള്‍ക്ക് ശേഷം മക്കള്‍ അഞ്ചുപേരും രാജകുമാരന്മാരെപോലെ പ്രശോഭിച്ചു..!

അര്‍ദ്ധരാത്രിയോടെയാണ് മക്കളുടെ ആഘോഷങ്ങള്‍ അവസാനിച്ചത്‌. ഭൃത്യന്മാരും തോഴികളുമെല്ലാം പൊയ്ക്കഴിഞ്ഞിരുന്നു. അവസാനത്തെ ഭൃത്യന്‍ പോകുമ്പോള്‍ കിടപ്പറയുടെ വലിയ വാതില്‍ പുറത്തുനിന്നു തഴുതിടുന്നതിന്‍റെ അസ്വസ്ഥതപ്പെടുത്തുന്ന ശബ്ദം കാതുകളില്‍ പ്രകമ്പനം കൊണ്ടു. വലിയ ചിരാതുകളില്‍ അതുവരെ കത്തിനിന്ന വെളിച്ചം ഒന്നൊന്നായി അണയുമ്പോള്‍ മക്കള്‍ അഞ്ചുപേരും ബോധശൂന്യരായി ഉറക്കത്തിലേയ്ക്കു വഴുതിയിരുന്നു.

എനിക്കെന്തോ ഉറങ്ങാന്‍ തോന്നിയതേയില്ല. കനംകുറഞ്ഞ ഇരുട്ടും കനമേറിയ നിശബ്ദതയും ഭീതിതമായിരുന്നു. നേരംപോകെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് എന്തൊക്കെയോ ഝടിതിയില്‍ പൊട്ടുന്നതിന്‍റെയും ചിന്നം ചിതറുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കായി. വലിയ കിടപ്പറയിലെ സുഗന്ധം നിറഞ്ഞ തണുപ്പ് പോയ്പ്പോയതുപോലെയും ചൂട് കൂടി വരുന്നത് പോലെയും എനിക്ക് തോന്നിത്തുടങ്ങി. 

ഇടയ്ക്കെപ്പോഴോ എന്തോ ഒന്ന് വലിയ ശബ്ദത്തില്‍ അടയുന്ന ശബ്ദം കേട്ടു. പുറത്തെന്താണ് നടക്കുന്നത്...? കിളിവാതില്‍ തുറക്കുവാനുള്ള എന്‍റെ ശ്രമം വൃഥാവിലായി. ബലവത്തായി അടച്ചിരുന്ന കിളിവാതിലുകളില്‍ ഒന്നിലൂടെ അസാധാരണമായ ഒരു വെളിച്ചം കടന്നു വന്നത് പെട്ടെന്നാണ്. ഇതിനിടയില്‍ ഭയാനകമായ ഒരു നിലവിളി മുഴങ്ങി. കിടപ്പറയ്ക്ക് പുറത്തുള്ള തളത്തിലൂടെ ആരുടെയോ നിലവിളി അകന്നകന്നു പോകുന്നുണ്ടായിരുന്നു.

എന്താണിതൊക്കെ...? അനിഷ്ടമായതെന്തോ വന്നു ഭവിക്കാന്‍ പോകുന്നതുപോലെ മനസ്സ് ആകുലപ്പെട്ടു. പുറത്തേയ്ക്കുള്ള എല്ലാ മാര്‍ഗങ്ങളും ബലവത്തായി ബന്ധിച്ചിരിക്കുന്നുവെന്ന അറിവ് ശരീരം തളര്‍ത്തുന്നതായിരുന്നു.

ചൂട് കൂടിക്കൂടി വരുന്നുണ്ടായിരുന്നു. പുറത്ത് അപായം മണത്ത ഞാന്‍ മക്കളെ വിളിച്ചുണര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍, കുടിച്ചു മദോന്മത്തരായി മലപോലെ മറിഞ്ഞുകിടക്കുന്ന അവരെന്നെ തീര്‍ത്തും നിരാശരാക്കി.

പൊട്ടിത്തെറിശബ്ദങ്ങള്‍ ഭീതിതമായി അടുത്തടുത്ത് വന്നു. ചൂടും അത്യധികം കനത്തു. ഒരു തീജ്വാല നൊടിയിടയില്‍ കിളിവാതിലിനിടയിലൂടെ അകത്തേയ്ക്ക് എത്തിനോക്കിയത് കണ്ടപ്പോള്‍ ഞാന്‍ ഭയചകിതയായി അന്ധാളിച്ചു നിന്നു പോയി. വടക്ക് ദിക്കിലേയ്ക്കു തുറക്കുന്ന സ്വര്‍ണ്ണപ്പാളികളാല്‍ അലംകൃതമായ വലിയ വാതില്‍ ഒരു പൊട്ടിത്തെറിയോടെ തകര്‍ന്നു വീണത്‌ പെട്ടെന്നായിരുന്നു.

ഞാന്‍ എന്റെ പൊന്നുമക്കളെ നോക്കി അത്യുച്ചത്തില്‍ വാവിട്ടു നിലവിളിച്ചു.

‘എന്‍റെ മക്കളെ ചതിച്ചു ...... ഒന്നുണരൂ.... കൊട്ടാരത്തിനു തീ പിടിച്ചിരിക്കുന്നു.... ’ നിസഹായയായി തേങ്ങാനായിരുന്നു എന്റെ വിധി. മക്കള്‍ ഒന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു. ഇളയവന്റെ അരുകിലിരുന്നു ഞാന്‍ അവനെ ശക്തിയില്‍ തൊട്ടുവിളിച്ചു. അവന്‍റെ ശരീരം കരിനീലച്ച്, തണുത്തിരിക്കുന്നത് അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. ഞാന്‍ പരിഭ്രാന്തിയോടെ ഓടിനടന്ന് എന്റെ അഞ്ചു മക്കളെയും മാറി മാറി വിളിച്ചു നോക്കി. രണ്ടാമന്‍റെ വായില്‍ നിന്നു നുരയും പതയും പുറത്ത് ചാടിയിരുന്നു. അവന്‍റെ നെഞ്ചില്‍ മാത്രമേ അല്‍പ്പമെങ്കിലും ചൂട് അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. കൂട്ടത്തില്‍ ആരോഗ്യവാനായ അവന്‍റെ ചുണ്ടുകള്‍ ‘അമ്മ’ എന്നു നെടുതായി മന്ത്രിക്കുന്നത് കണ്ടു. ഞാന്‍ അഗാധമായ തപത്താല്‍ ചുടുകണ്ണീര്‍ തൂകി അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഏങ്ങലടിച്ചു കരഞ്ഞു.

ഉരുകുന്ന അരക്കിന്‍റെയും മെഴുകിന്‍റെയും മടുപ്പിക്കുന്ന ഗന്ധത്തോടൊപ്പം കൂടുതല്‍ തീ അകത്തേയ്ക്ക് ആളിയെത്തി. രക്ഷപെടാനുള്ള അവസാന ശ്രമവും അടയുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ മക്കള്‍ക്കിടയില്‍ തളര്‍ന്നിരുന്നു. 

ഒരു വലിയ തീഗോളത്തോടൊപ്പം മേല്‍ക്കൂരയുടെ പാതി തകര്‍ന്ന് ഞങ്ങള്‍ക്കരുകിലേയ്ക്ക് പതിക്കുന്നത് ഞാന്‍ നടുക്കത്തോടെ കണ്ടു. തീയില്‍ പൊതിഞ്ഞ ഒരു വലിയ മരക്കഷണം വീണ് മൂന്നാമത്തെ മകന്‍റെ തലമുടി കത്തിത്തുടങ്ങിയത് അപ്പോഴാണ്‌ എന്റെ ശ്രദ്ധയില്‍പെട്ടത്...
പരിഭ്രാന്തിയോടെ ഞാന്‍ അവനരികിലേയ്ക്ക് കുതിച്ചെത്തി തീ കെടുത്തുവാന്‍ എന്നാലാവുംവിധം ശ്രമിച്ചു. അതിനടയില്‍ എന്‍റെ നാലാമനെ തീ വിഴുങ്ങുവാന്‍ ആരംഭിച്ചിരുന്നു. അവന്‍റെ കാലുകളാണ് ആദ്യം കത്തിത്തുടങ്ങിയത്. ആ ദയനീയകാഴ്ചകാണുവാന്‍ ത്രാണിയില്ലാതെ ഞാന്‍ മക്കള്‍ക്കിടയിലേയ്ക്ക് തളര്‍ന്നു വീണു. 

അതികഠിനമായ ചൂടുകാരണം ശരീരം ഉരുകിത്തുടങ്ങുകയായിരുന്നു. ഇടയ്ക്ക് ആളിവന്ന തീ എന്റെ ചേലയിലേയ്ക്ക് പകരുന്നതും പടരുന്നതും എനിക്കറിയാനായി. മരണം വന്നടുക്കുന്ന സമയങ്ങളില്‍ ഏതൊരാള്‍ക്കും തോന്നിത്തുടങ്ങുന്ന അസാമാന്യധൈര്യം എനിക്കും കിട്ടിത്തുടങ്ങി എന്നതായിരുന്നു ആകെയുള്ള ആശ്വാസം. പകര്‍ന്നുകിട്ടിയ ആ ശക്തിയില്‍ ഞാന്‍ എന്‍റെ പൊന്നുമക്കളില്‍ രണ്ടു പേരെ മാറോടു ചേര്‍ത്തുപിടിച്ചു മരണത്തിനായി കാത്തുകിടന്നു. എന്‍റെ മറ്റു മൂന്നു മക്കള്‍ എന്‍റെ കൈത്താങ്ങില്ലാതെ അനാഥരായി ഭൂമിയിലേയ്ക്ക് ഉരുകിയിറങ്ങുന്നതില്‍ ഞാന്‍ നൊമ്പരപ്പെട്ടു. അവരെക്കൂടി പുണരാനുള്ള കൈകള്‍ ഇല്ലാതെപോയതില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ വിതുമ്പി.
----------------------------------------------- 


annusones@gmail.com

Friday, 18 November 2016

അന്യപുരുഷനെ തേടി.. (കഥ)


മേഷിന് അവിഹിതബന്ധം ഉണ്ടെന്നറിഞ്ഞ ദിവസം മുതല്‍ ദീപ ഒരന്യപുരുഷന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിരുന്നു. പ്രതികാരവാഞ്ചയാല്‍ അവളുടെ മനസ്സ് കലുഷിതമായിരുന്നു, മുന്‍പെങ്ങുമില്ലാത്തവിധം.

എത്രമാത്രം താനയാളെ സ്നേഹിച്ചു. അയാള്‍ ഇറ്റിയ മധുരമൂറുന്ന വാക്കുകളെ എത്രമാത്രം ആവേശത്തോടെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു. വിവാഹത്തിനു മുന്‍പും അതിനു ശേഷവും അയാള്‍ നല്‍കിയ സ്നേഹചുംബനങ്ങളെല്ലാം പ്രണയാവേശത്തോടെ ഏറ്റുവാങ്ങിയില്ലേ. അയാള്‍ ചേര്‍ന്നുപുണരാന്‍ കൊതിക്കുമ്പോളെല്ലാം താന്‍ അയാളില്‍ പടര്‍ന്ന് അയാള്‍ക്കുവേണ്ടി മാത്രം ലയിച്ചുറങ്ങിയില്ലേ... എന്നിട്ടും....?

അവള്‍ പലവട്ടം സ്വയം ഇപ്രകാരം ചോദിച്ചു കൊണ്ടിരുന്നു.

എന്നാണു താന്‍ അയാളെ നിരാകരിച്ചിട്ടുള്ളത്...? എന്നാണു താന്‍ അയാളെ നിരാശനാക്കിയിട്ടുള്ളത്...? അവള്‍ ഒരുപാട് കിണഞ്ഞോര്‍ത്തുനോക്കി, ഹതാശയായി.

തനിക്കില്ലാത്ത എന്താണ് അയാള്‍ കണ്ടെത്തിയ ആ തേവടിശ്ശിക്ക് കൂടുതലായുള്ളത്‌...?

അവള്‍ക്കു ഒരെത്തുംപിടിയും കിട്ടിയില്ല.

ഈ ചോദ്യം രമേശിനോട് ചോദിച്ചാല്‍ ഒരുപക്ഷെ അയാള്‍ തലകുലുക്കി അലറിച്ചിരിക്കുമായിരിക്കും. എല്ലാ സ്ത്രീകളുടെയും മനസ്സില്‍ തോന്നുന്നതാണിതെന്ന് പറഞ്ഞു പതിവുപോലെ തന്‍റെ തലയില്‍ അമര്‍ത്തി തട്ടുമായിരിക്കും. തര്‍ക്കിച്ചു നില്‍ക്കാനും കളിയാക്കാനും അയാളെ കഴിഞ്ഞിട്ടെ ഉള്ളൂ.

ദീപ അയാളോടുള്ള അവജ്ഞയോടെ മുഖം തിരിച്ചിരുന്നു. ഒഴിഞ്ഞ ചായഗ്ലാസ് ശബ്ദത്തോടെ ടീപ്പോയിമേല്‍ വച്ച് ഗ്രീഷ്മ അവളെ തുറിച്ചു നോക്കി. അതുവരെ ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലേയ്ക്കു തുറിച്ചുനോക്കിയിരിക്കുകയായിരുന്നു അവള്‍.

ദീപയിലേക്ക് എത്തുന്നതിനായി അവള്‍ സമയമെടുത്ത് മുരടനക്കി.

ദീപയ്ക്ക് ക്ഷമ നശിക്കുകയായിരുന്നു.

"ഞാന്‍ അത് ചെയ്യും. അയാള്‍ അത് നേരില്‍ കാണുന്നതുവരെ തുടരുകയും ചെയ്യും. കണ്ടാല്‍ അയാള്‍ക്ക് ഷോക്കാകുന്ന ഒരു പുരുഷനാകണം എന്നെ ഭോഗിക്കുന്നത്. ഒരുപക്ഷെ തെരുവിലലയുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിയോ അതുമല്ലെങ്കില്‍ അയാള്‍ക്ക്‌ ഈഗോ തോന്നിയിട്ടുള്ള അയാളുടെ ഓഫീസിലെ സഹപ്രവര്‍ത്തകനോ അങ്ങനെയാരെങ്കിലും ഒരാള്‍. പത്തുവര്‍ഷക്കാലം എന്നെ വഞ്ചിച്ചതിന്, ഇനിയും തീരാത്ത എന്റെ യവ്വനത്തെ അപമാനിച്ചതിന്, ഒരു നെരിപ്പോടുപോലെ നീറാന്‍ തക്കവണ്ണംവീട്ടില്‍ എന്നെ തളച്ചിട്ടതിന്, എല്ലാം ചേര്‍ത്ത് ഞാന്‍ അയാളോട് പകരം വീട്ടും..."

ദീപ അത്യധികം വാശിയോടെ പുലമ്പികൊണ്ടിരുന്നു. 

ഗ്രീഷ്മ ബാഗ് തുറന്ന് മെലിഞ്ഞ ഒരു സിഗരറ്റ് തപ്പിയെടുത്ത് ലൈറ്ററിനോട് ചേര്‍ത്തു. ഒരു പുകയൂതിയ ശേഷം അതിന്‍റെ അരഞ്ഞാണത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫ്ലേവറില്‍ പിടുത്തമിട്ട് അമര്‍ത്തിപ്പൊട്ടിച്ചു. അവളുടെ കറുത്തുതടിച്ച ചുണ്ടുകള്‍ ഭ്രാന്തമായ വിറയലോടെ വീണ്ടും സിഗരറ്റിനെ ചുംബിച്ചെടുക്കുന്നതു ദീപ നോക്കിയിരുന്നു.

"നീ എന്താണ് ഒന്നും പറയാതിരിക്കുന്നത്...?" ഈ കാര്യത്തില്‍ പരിചയസമ്പന്നയായ നിന്റെ ഉപദേശം എനിക്കാവശ്യമാണ്.. അതിനാണ് നിന്നെ വിളിച്ചു വരുത്തിയത്.." ദീപ ഗ്രീഷ്മയോടു സ്നേഹം മറന്ന് കലമ്പി.

ഗ്രീഷ്മ ഭാവഭേദം കൂടാതെ വീണ്ടും ബാഗിലേക്ക് പോയി. രണ്ടു ബിയര്‍ബോട്ടിലുകളില്‍ ഒന്ന് അവള്‍ ദീപയുടെ മുന്‍പിലേയ്ക്ക് തള്ളിവച്ചു.

"എനിക്കിതൊന്നും പതിവില്ല. വല്ലപ്പോഴും മാത്രം.."

"ഇതൊരു മറയാണ്. പതിവില്ലാത്തവ പലതും പതിവാക്കുന്നത് ഗുണം ചെയ്യും. സ്വബോധം പലതിനും വിലങ്ങുതടിയാണ് പെണ്ണെ. ഇവിടെ ജീവിക്കണമെങ്കില്‍ പലതും തരംപോലെ മറക്കേണ്ടി വരും..."

ചുവന്ന കണ്ണുകള്‍ വിടര്‍ത്തി ഗ്രീഷ്മ ചിറികോട്ടിച്ചിരിച്ചു.

"നീ ചെറുപ്പമായത് കൊണ്ട് ഒരുപക്ഷെ എന്റെയീ തിരഞ്ഞെടുപ്പിനോട് യോജിക്കില്ലായിരിക്കാം. എങ്കിലും അറുപത്തിയഞ്ചു വയസ് അത്ര വലിയ പ്രായമാണോ...?" ഇടയ്ക്ക് ഉയിര്‍കൊണ്ട ചെറുനിശബ്ദതയെ നിഷ്കരുണം ഇല്ലായ്മ ചെയ്തുകൊണ്ട് ഗ്രീഷ്മയില്‍നിന്ന് അപ്രതീക്ഷിത ചോദ്യമെത്തി.

"എന്തേ...?" ദീപ ഈര്‍ഷ്യയോടെ സെറ്റിയില്‍ ഇളകിയിരുന്നു.

"നീ കസ്തൂരിമാനിനെ പോലയാണ്. പ്രായം ചുളിവുകള്‍ വീഴ്ത്താത്ത ഒരു മുഖമുണ്ടെങ്കില്‍, നെഞ്ചത്ത് നിറയെ ഇനിയും നരയ്ക്കാത്ത രോമങ്ങള്‍ ഉണ്ടെങ്കില്‍, കൈകാലുകളില്‍ ഉടയാത്ത മസിലുകള്‍ ഉണ്ടെങ്കില്‍ ഉറപ്പിക്കാം പ്രായം അയാളെ കീഴ്പ്പെടുത്തിയിട്ടില്ല എന്ന്. അയാള്‍ അരോഗദൃഡഗാത്രനാണെന്ന്..."

"ആരുടെ കാര്യമാണ് നീ പറയുന്നത്.......?"

ബിയര്‍ബോട്ടില്‍ ഒരിക്കല്‍ക്കൂടി വായിലേയ്ക്ക് കമഴ്ത്തുന്നതിനു മുന്പായി ഗ്രീഷ്മ വീണ്ടും അര്‍ത്ഥവത്തായി ചിരിച്ചു.

"നീ കഴിക്ക്............." ഗ്രീഷ്മ ദീപയെ പ്രോത്സാഹിപ്പിച്ചു.

"കഴിക്കാം. സത്യം പറഞ്ഞാല്‍ എനിക്കൊരാവേശമൊക്കെ തോന്നുന്നുണ്ട്. നിന്റെ ചിന്തകളും നിന്നെപോലെ തന്നെ ചടുലതയുള്ളതാണ്. മാത്രമല്ല എക്സ്പീരിയന്‍സ്ഡ് ആയ നിന്റെ സെലക്ഷന്‍ മോശമാവില്ല.... അത്രയേറെ സഹിച്ചതുകൊണ്ടും അവഗണിക്കപ്പെട്ടതുകൊണ്ടുമാണ് ഞാന്‍ നിന്റെ സഹായം തേടുന്നത്.."

ദീപ ബിയര്‍ബോട്ടില്‍ തുറന്ന് ചുണ്ടോടടുപ്പിച്ചു. നേരിയ ചളുക്കത്തോടെ ബിയര്‍ബോട്ടില്‍ തിരികെ ടീപോയിമേല്‍ എത്തുമ്പോള്‍ ഗ്രീഷ്മ ദീപയെ പ്രോത്സാഹിപ്പിച്ച് വല്ലാത്തൊരു ശബ്ദം പുറപ്പെടുവിച്ചു.

"പറ. ആരാണ് ആള്..? നിന്റെ പഴയ കക്ഷികള്‍ വല്ലതുമാണോ...?"

കുസൃതിയും ജിജ്ഞാസയും പടര്‍ത്തി ഗ്രീഷ്മ വീണ്ടും പൊട്ടിച്ചിരിച്ചു. ചിരിക്കുപിന്നാലെ ക്രൂരത തിങ്ങിയ ചുവന്ന കണ്ണുകള്‍ കൂടുതല്‍ വികസിക്കുന്നത് കണ്ടു.

"ആള് നിന്റെ തന്നെ..... നിന്റെയീ പ്രതികാരം  രമേഷേട്ടന് ഷോക്കാവാതിരിക്കില്ല. എന്നാല്‍ ആയമ്മയ്ക്ക്‌ ചിലപ്പോ പിടിച്ചെന്നു വരില്ല.."

ദീപയുടെ പിന്നില്‍, ഭിത്തിയില്‍ തൂങ്ങുന്ന ചിത്രത്തിലേയ്ക്കു ഗ്രീഷ്മ വീണ്ടും തുറിച്ചു നോക്കുന്നത് കണ്ടു. കടലാസുപൂക്കളില്‍ കൊരുത്ത മാലയ്ക്കു പിന്നിലായി ഫ്രെയിം ചെയ്യപ്പെട്ട ചിത്രത്തിലേയ്ക്കു ദീപയുടെ കണ്ണുകള്‍ അസ്ത്രം കണക്കെ പാഞ്ഞത് പൊടുന്നനെയാണ്.

അതൊരു നടുക്കമായിരുന്നു.

"ഛെ...... നീ എന്താണീ പറയുന്നത്...........?"

"അതുതന്നെ... പ്രതികാരത്തിന് ഒരു വെറൈറ്റി ഒക്കെ വേണ്ടേ മോളേ...."

ഗ്രീഷ്മയുടെ ശബ്ദത്തിലെ ദൃഡത ദീപയെ നിശബ്ദയാക്കി,ഏറെനേരത്തേയ്ക്ക്. ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു ഇരുവരും. ഇടയ്ക്കെപ്പോഴോ ഗ്രീഷ്മ രണ്ടാമത്തെ സിഗരറ്റിനു തീ കൊളുത്തി.

പുറത്ത് കാര്‍ വന്നുനില്‍ക്കുന്നതിന്റെ ഇരമ്പല്‍ ഇരുവരെയും ഉണര്‍ത്തി. പ്രായം തളര്‍ത്താത്ത ചടുലതയോടെ, കഷണ്ടിതടവികൊണ്ട്‌ അയാള്‍ അകത്തേക്ക് വരുമ്പോള്‍ മുന്‍പില്ലാത്തവിധം ദീപയുടെ ഉള്ളം വീണ്ടും നടുങ്ങി. ഗ്രീഷ്മയ്ക്കൊപ്പം എഴുന്നേല്‍ക്കുമ്പോള്‍ ദീപ ചെറുതായി വേച്ചു.

"ഹായ് ഗ്രീഷ്മാ... പ്പോള്‍ വന്നു...?" അയാള്‍ ഇടംകണ്ണിട്ടൊരു നോട്ടം ഗ്രീഷ്മയ്ക്കായി നല്‍കുന്നത് ദീപ തെല്ല് അമ്പരപ്പോടെ ശ്രദ്ധിച്ചു.

"അല്‍പ്പനേരമായി അങ്കിള്‍.....രമേഷ് സ്ഥലത്തില്ലാത്തതല്ലേ.. ഇവള്‍ക്കൊരു കംപനി  കൊടുക്കാം എന്നു കരുതി.."  ഗ്രീഷ്മയുടെ വാക്കുകളില്‍ ആലസ്യം നിറഞ്ഞു നിന്നു.

"മോളേ ദീപേ... ഒന്ന് ഫ്രഷ്‌ ആകട്ടെ.... ഒരു ഗ്ലാസും അല്‍പ്പം ഐസ്ക്യൂബ്സും മുറിയിലേയ്ക്ക് വച്ചേക്കൂ..."

അയാള്‍ മൃദുവായി ചിരിച്ചു ധൃതിയില്‍ കോണികയറിപ്പോയി.

മടിയില്‍ വീണ സിഗരറ്റ്ചാരം കുടഞ്ഞു കളഞ്ഞുകൊണ്ട് ഗ്രീഷ്മ പോകാന്‍ തയ്യാറായി.

"നിന്റെ ദിവസമാണിന്ന്. ഗുഡ് ലക്ക്..!" അവള്‍ ദീപയുടെ ചുമലില്‍ തട്ടി തടിച്ചുമലര്‍ന്ന ചുണ്ടുകള്‍ വിടര്‍ത്തി വന്യതയോടെ ചിരിച്ചു.

ദീപ ചിരിക്കാന്‍ മറന്നു നിന്നു.

"മയത്തിലൊക്കെ വേണം.... അങ്കിള്‍ വല്ലപ്പോഴും എന്റെ കൂടി ആശ്വാസമാണ്.."

ദീപ ചഞ്ചലയായിനില്‍ക്കെ, ഗ്രീഷ്മ കളിയാക്കിച്ചിരിച്ചു പുറത്തേക്ക് പോയി.

ഭയത്താലും ആശങ്കയാലും സിരകള്‍ വലിഞ്ഞുമുറുകുന്നതിനിടയില്‍ ദീപ മുകളിലേയ്ക്ക് പോകാന്‍ തയ്യാറായി. പതിവിനു വിപരീതമായി ഐസ്ക്യൂബുകള്‍ക്കൊപ്പം രണ്ടു ഗ്ലാസ്സുകള്‍ എടുക്കാന്‍ അവള്‍ മറന്നില്ല.
annusones@gmail.com