ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 26 July 2014

ബ്ലേഡ് കുഞ്ഞമ്മ (കഥ)



മഴക്കാലത്തിന്റെ ആരംഭമാണ്. ഒന്നുരണ്ടു ചാറലുകള്‍ കഴിഞ്ഞതേയുള്ളൂ. വേനല്‍ മഴയില്‍ കുതിര്‍ന്നിരുന്ന ചുവന്ന മുറ്റത്ത് അങ്ങിങ്ങായി നനുത്ത പച്ചപായലുകള്‍ തല പൊന്തിച്ചു കഴിഞ്ഞിരിക്കുന്നു. മഴക്കാലത്തിന്റെ വരവ് ആഹ്ലാദത്തോടെ വരവേല്‍ക്കുകയാവും അവ. പല നിറത്തിലുള്ള കുഞ്ഞിപ്പൂവുകള്‍ വിടരുന്ന റോസുകള്‍ കൂട്ടമായി നില്‍ക്കുന്ന മുറ്റത്തിന്റെ അങ്ങേകോണില്‍ അയാള്‍ നടുവളച്ച് കുത്തിയിരുന്നു. തേഞ്ഞു കുഴിഞ്ഞു മിനുസ്സമാര്‍ന്ന കരിങ്കല്ലിന്മേല്‍ വെളുത്ത വെള്ളാരംകല്ലുപൊടി വിതറി താളത്തില്‍ വാക്കത്തി തേച്ചു മിനുക്കിത്തുടങ്ങി.
മുറ്റത്തിന്റെ കോണില്‍ കയ്യാലക്കെട്ടിനു താഴെ ആരംഭിച്ച് ആകാശം മുട്ടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വരിക്കപ്ലാവില്‍ നിന്ന് ഒരു മഴത്തുള്ളി അയാളുടെ ചാണത്തലയില്‍ വീണു, നിശബ്ദമായി ചിതറിത്തെറിച്ചു. അയാള്‍ തല തുടച്ച് കൈത്തലം കണ്ണുകള്‍ക്ക്‌ മുകളില്‍ പിടിച്ച് മഴയുടെ സാധ്യതയെ ദൃതിയില്‍ വീക്ഷിച്ചു. ഒരു വശം കാര്‍മേഘം ഉരുണ്ടുകൂടിയ ആകാശത്തിന്റെ പുലര്‍കാല പ്രസരിപ്പ്, ആ ഈറന്‍ നിറഞ്ഞ അന്തരീക്ഷത്തിലും, അയാളുടെ കണ്ണുകളെ ചെറുകിപ്പിക്കാന്‍ പോന്നതായിരുന്നു.

ആടിനെ കൂട്ടില്‍ നിന്നും അഴിച്ചു തൊടിയിലേക്ക്‌ പോകുന്നതിനിടയില്‍ കുഞ്ഞമ്മ ഭര്‍ത്താവിനെ നിഷേധിച്ച് വല്ല്യവായില്‍ പതിവ് കാറിത്തുപ്പല്‍ നടത്തി. അവരുടെ വായില്‍നിന്ന്‍ തലേദിവസത്തെ മുറുക്കാന്‍ തുപ്പലിന്റെ അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്ന്‍ അയാള്‍ക്ക്‌ ചുറ്റും പറന്നിറങ്ങിയതയാള്‍ കണ്ടില്ല.

ഇന്നെന്താണോ പ്രകൃതിസ്നേഹിക്കു പരിപാടി...? ’
കൂറ്റനായ മുട്ടനാട് വലിച്ചു കൊണ്ട് പോകുന്നതിനിടയില്‍ കുഞ്ഞമ്മ ഭര്‍ത്താവിന്റെ നേരെ മയമില്ലാതെ ആക്ഷേപം ചൊരിഞ്ഞു. അയാള്‍ മുഖമുയര്‍ത്തിയില്ല. മുട്ടനാടിനു പുറകെ തള്ളയാടും ആട്ടിന്‍കുട്ടികളും വരിവരിയായി അയാളുടെ മുതുകില്‍ മുട്ടിയുരുമ്മി കുസൃതിയോടെ കടന്നു പോയി. ആടുകളെ അങ്ങിങ്ങായി കെട്ടി കുഞ്ഞമ്മ തിരികെയെത്തുമ്പോഴും അയാള്‍ അവരെ ഗൌനിക്കാതെ വെട്ടിത്തിളങ്ങുന്ന വാക്കത്തി പരമാവധി മൂര്ച്ചയിലെക്കെത്തിച്ചു കൊണ്ടിരുന്നു. വാക്കത്തിയും കല്ലും സംഗമിക്കുപ്പോളുണ്ടാകുന്ന കരകരശബ്ദം തുടരെ അസ്വസ്ഥത പടര്‍ത്തി.
ഹോ....പല്ലു പുളിക്കുന്നു മനുഷേനെ...എഴുന്നേറ്റു പോ....എല്ലാ ദിവസോം രാവിലെ എണീറ്റ് ഈ വാക്കത്തി ഇങ്ങനെ തേച്ചു മിനുക്കിയിട്ടെന്താ ഗുണം....? കല്ലും തേയും വാക്കത്തീം തേയും...അത്രതന്നെ....
വാക്കത്തിയില്ലാതെ പണി നടക്കുമോ കുഞ്ഞമ്മേ.....? ഇന്നലെ വൈകിട്ട് ആറു മണി വരേയാ ഞാന്‍ മുരിക്കിന്റെ തളിര്‍പ്പ് കോതിയത്...അതൊന്നും നിന്റെ നോട്ടത്തില്‍ പണിയല്ലാരിക്കും...? ’ അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ പ്രതിക്ഷേധിച്ച് നോക്കി.
ഓ.......നിങ്ങള് പണിതു....എന്നെകൊണ്ടൊന്നും പറയിക്കല്ലേ.....ത്ഭൂ....അശ്ലീലം കലര്‍ത്തി ആട്ടിത്തുപ്പി കുഞ്ഞമ്മ എന്നത്തെയും പോലെ കെട്ടിയോനെ താഴ്ത്തിക്കെട്ടി.
കുരുമുളകുവള്ളിയില്ലാതെ നില്‍ക്കുന്ന മുരിക്കിന്റെ തളിര്‍പ്പ് കോതിയിട്ടെന്തു കിട്ടാനാ...? ’ മുരിക്കിന്റെ മുള്ളരച്ചു തിന്നാന്‍ പറ്റ്വോ......ഒരു പണിക്കാരന്‍ വന്നിരിക്കുന്നു...’  കുഞ്ഞമ്മ ഇറയത്തുനിന്ന്‍ പ്ലാസ്റിക് പൊതിയെടുത്തഴിച്ച്, വരാന്തയിലേക്കു കയറുന്ന നടയിലിരുന്ന്‍ മുറുക്കുവാനുള്ള വട്ടം കൂട്ടി.
തളിപ്പ് ചെത്തിയതു കൊണ്ടോ ചുവടു തെളിച്ചത് കൊണ്ടോ കുരുമുളകുണ്ടാകില്ല കുഞ്ഞമ്മേ.....ഇങ്ങോട്ട് കിട്ടണമെങ്കില്‍ അങ്ങോട്ടെന്തെങ്കിലും കൊടുക്കണം....ഒന്ന് കൊടുത്താല്‍ അത് പത്തായിട്ടു തിരിച്ചു തരും, അതാ മണ്ണിന്‍റെ മഹത്വം.....വാക്കത്തിയുടെ മൂര്‍ച്ചയിലൂടെ തള്ളവിരല്‍ ഓടിക്കുന്നതിനിടയില്‍ അയാള്‍ ചെറുതായി ഭാര്യയെ പരിഹസിച്ചു നോക്കി.
മണ്ണിന്‍റെ മഹത്വം പറയുന്ന നിങ്ങള്‍ ഇത്രകാലത്തെ ഉഴുതുമറിക്കലുകൊണ്ട് എന്തൊണ്ടാക്കി...? കൊട്ടാരമല്ലേ പണിതു വച്ചിരിക്കുന്നത്...പുല്ലുമേഞ്ഞ മേല്‍ക്കൂരയിലേക്ക് അവഞ്ജയോടെ കണ്ണുകളെറിഞ്ഞുകൊണ്ട് കുഞ്ഞമ്മ അടയ്ക്ക ചുരണ്ടി കഷ്ണങ്ങളാക്കി.
ഒരു രൂപാ കൊടുക്കുമ്പോള്‍ പത്ത് രൂപ സ്വപ്നം കാണുന്ന നിനക്ക് മണ്ണിന്‍റെ മഹത്വം പറഞ്ഞാല്‍ മനസ്സിലാവില്ല....പണത്തിനു പിന്നാലെ ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്ന നിനക്കില്ലാത്ത ഒരൂട്ടം എനിക്കുണ്ട്, മനസമാധാനം...! എനിക്കതുമതി....
മനസമാധാനം...ത്ഭൂ..... മനസമാധാനം പുഴുങ്ങി തിന്നാല്‍ വിശപ്പുമാറുമോ..? മറ്റൊരു പണീം ചെയ്യാന്‍ കഴിയൂല്ല...അതിനുള്ള ഓരോ മുട്ടുന്യായങ്ങള്‍.... അല്ലാതെന്താ...
ഈ പണിയല്ലാണ്ട് എനിക്ക് മറ്റൊന്നും കഴിയൂല്ല...അറിയാനും വയ്യ...അയാള്‍ സ്വയമെന്നോണം ശബ്ദം താഴ്ത്തി ദൃഡസ്വരത്തില്‍ പറഞ്ഞു.
എന്നുവച്ചാല്‍...? മറ്റുള്ളവരുടെ തെറീം ചീത്തവിളീം കേള്‍ക്കാന്‍ ഞാനോരുത്തിയിവിടെ ഉണ്ടെന്ന്‍ .....നിങ്ങള്‍ക്കാര്‍ക്കും ഒന്നും അറിയേണ്ടന്ന്‍...കൊള്ളാം....തല്ലു ചെണ്ടയ്ക്കും കൂലി മാരാര്‍ക്കും....അവര്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ച് അര്‍ത്ഥവത്തായി, തുടരെ തലകുലുക്കി.
നിന്റെ കൂടെ കൊള്ളപ്പലിശ പിരിക്കാനിറങ്ങാത്തത്തിന്റെ ദേഷ്യല്ലേ നിനക്ക്...? നെറികെട്ട ആ പണിക്ക് എന്നെകൊണ്ട്‌ പറ്റില്ലാന്നു എത്രയോ വട്ടം ഞാന്‍ നിന്നോട് പറഞ്ഞിരിക്കുന്നു.....
നെറികെട്ട പണിപോലും.... നിങ്ങളും നിങ്ങളുടെ തള്ളയും നാലുനേരം ഉരുട്ടി വിഴുങ്ങുന്നത് ഞാനീ നെറികെട്ട പണി ചെയ്യുന്നത് കൊണ്ടാ....ഒരുത്തനും ഇല്ല എന്നെ സഹായിക്കാന്‍.....രൂപാ അറുപതിനായിരമാ കരേലുള്ള തെണ്ടികളെല്ലാം ചേര്‍ന്ന്‍ എനിക്ക് തന്നു തീര്‍ക്കാനുള്ളത്‌...കാശു വാങ്ങിച്ച് കാര്യം കഴിച്ചവന്മാരുടെ വീടുകളില്‍ കയറിയിറങ്ങി ആട്ടും തുപ്പും കേട്ട് ഞാന്‍ മടുത്തു.. ഇപ്പത്തരാം..നാളെത്തരാം...പിന്നെത്തരാം...അതുതന്നെ പല്ലവി...നിങ്ങളൊന്നു പോയി ചോയിച്ചാല്‍ കുറച്ചു പേരെങ്കിലും പൈസ തരാതിരിക്കില്ല....അത് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഒടുക്കത്തെ ഓക്കാനം.....വെട്ടി വിഴുങ്ങുമ്പോള്‍ മാത്രം തള്ളയ്ക്കും മോനും യാതൊരു ഓക്കാനവും ഇല്ല...
അയാളുടെ വായടഞ്ഞു. വിറയ്ക്കുന്ന കാലടികളോടെ പാറുതള്ള കോലായിലെത്തി, ദേഷ്യത്തോടെ നിന്ന് വിറച്ചു.
എണ്പത്തിനാല് കഴിഞ്ഞ ഞാനാണോടീ നീ കൊണ്ടുവരുന്നതെല്ലാം വെട്ടിവിഴുങ്ങുന്നത്..? ഒരിറ്റു കഞ്ഞിവെള്ളം കുടിക്കുന്നതിന്റെ കണക്കാണോടീ നാട്ടുകാര് മുഴുവന്‍ കേള്‍ക്കെ നീ വിളിച്ചു പറയുന്നത്...? ദൈവദോഷം കിട്ടും നിനക്ക്...
കേറി പൊ തള്ളേ അകത്ത്....അവരുടെയൊരു വക്കാലത്ത്..... പൊരയ്ക്കകത്ത് പൊരുന്നയിരിക്കുന്ന ഒരു തള്ളേം മകനും.....ത്ഭൂ....വെറ്റിലയില്‍ ചുണ്ണാമ്പ് തേയ്ക്കുന്നതിനിടയില്‍ കുഞ്ഞമ്മയുടെ വക മൂന്നാമത്തെ ആട്ടല്‍ തകൃതിയായി വന്നു. വടിയൂന്നി ഉമ്മറത്തിരിക്കുന്നതിനിടയില്‍ പാറുതള്ള വിഷാദച്ചുവ കലര്‍ന്ന് മകനെ നോക്കി.
കിഴക്കേലെ പാപ്പൂട്ടി... രൂപാ പന്തീരായിരമാ തരാനുള്ളത്‌...അയാളോട് ഞാന്‍ ചോദിച്ചു ചോദിച്ചു മടുത്തു....ചോദിക്കുമ്പോഴൊക്കെ പുളിച്ച തെറിയാ ആ നാറി എന്നെ വിളിക്കുന്നത്‌...ഇനി കാശു ചോദിച്ചാല്‍ എന്റെ പല്ലടിച്ചു കൊഴിക്കും പോലും....പട്ടി.....അവനോടു നിങ്ങളൊന്നു പോയി ചോദിക്കാണ്ട് ഇനി പറ്റില്ല......ഇന്നൊരു തീരുമാനം ഉണ്ടാക്കിയെ പറ്റൂ...
അവന്‍ ആളൊരു വെടക്കാ...പോലീസുകേസ് ഒരുപാട് സമ്പാദിച്ചിട്ടുള്ളവനാ... അവനെ പോലുള്ളോര്‍ക്ക് പണം കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, നിയ്യ്.....വിറയ്ക്കുന്ന ശബ്ദത്തില്‍ പാറുത്തള്ള മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.
ഒന്ന് മിണ്ടാതിരി തള്ളേ....നിങ്ങളൊറ്റ ഒരുത്തിയാ ഇതിയാനെ ഇങ്ങനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനാക്കി മാറ്റിയത്....എന്ത് പറഞ്ഞാലും വക്കാലത്ത്...വര്ഷം ഇരുപത്തഞ്ചായി ഞാനീ കൂരേല്‍ വന്നു കേറീട്ട്....ഇന്ന്‍ വരെ നിങ്ങളോ നിങ്ങടെ മോനോ ഈ കുടുംബത്തിനു വേണ്ടി പത്ത് പൈസേടെ ഉപകാരമുള്ളതെന്തെങ്കിലും ചെയ്തിട്ടുണ്ടോ...? ആണും പെണ്ണും കെട്ട നിങ്ങടെ മോന്‍റെ ഗുണവതിയാരം കൊണ്ടാ, പണ്ടാരടങ്ങാനെകൊണ്ട്  ഞാനീ വട്ടിപരിപാടി തുടങ്ങേണ്ടി വന്നത് തന്നെ...ഒടുവില്‍ ഞാന്‍ ബ്ലേഡ് കുഞ്ഞമ്മയായി...നിങ്ങളൊക്കെ മാന്യന്മാരും....

കുഞ്ഞമ്മ പതിവ് പോലെ മൂക്ക് പിഴിഞ്ഞെറിഞ്ഞ്, ചുരുട്ടിതയ്യാറാക്കിയ മുറുകാന്‍ വാ പിളര്‍ന്ന്‍ ഉള്ളിലേക്ക് തള്ളി. നിറയാത്ത കണ്ണുകള്‍ മുണ്ടിന്റെ കോന്തല കൊണ്ട് അമര്‍ത്തി തുടച്ച് പാറുത്തള്ളയെ അമര്‍ഷത്തോടെ നോക്കി വീടിനുള്ളിലേക്ക് ചവിട്ടിത്തുള്ളി കടന്നുപോയി. ദിനചര്യയുടെ ഭാഗമായ മടുപ്പിക്കുന്ന തെറിവിളികള്‍ക്കിടയിലൂടെ വെട്ടിത്തിളങ്ങുന്ന വാക്കത്തിയുമായി അയാള്‍ പോകനെഴുന്നേറ്റു. മുഖപസാദം വറ്റിയിരിക്കുന്ന അമ്മയുടെ കണ്ണുകളിലേക്ക് അയാള്‍ ദൈന്യതയോടെ കണ്ണുകളെറിഞ്ഞു. വാടിയ ആ മുഖം അയാളെ സങ്കടപ്പെടുത്തി.

വാക്കത്തി വീടിന്റെ ഇറയത്ത്‌ തൂക്കി, ഉയരമുള്ള ചെറുവരാന്തയില്‍ അയാള്‍ പാറുത്തള്ളയ്ക്കരുകിലായി കൈകളൂന്നി, ചേര്‍ന്നിരുന്നു.
അമ്മേ...അമ്മ ഇതൊന്നും കാര്യാക്കണ്ട ട്ടോ...അയാള്‍ അമ്മയെ സ്വാന്തനിപ്പിക്കാന്‍ ശ്രമിച്ചു.
ആണും പെണ്ണും കെട്ടമകന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ പാറുത്തള്ളയ്ക്ക് ഉള്ളില്‍ നിന്നെവിടെയോ ഒരു വേദന ഇരമ്പിപ്പാഞ്ഞു വന്നു. ചുളിവ് വീണ, വിറയ്ക്കുന്ന കൈകള്‍കൊണ്ട് അവര്‍ മകന്‍റെ വലതുകൈത്തലം കോരിയെടുത്ത് തന്റെ കവിളോട് വാത്സല്യത്തോടെ ചേര്‍ത്തു. ആ സ്പര്‍ശനം ആ നാല് കണ്ണുകളെയും ഈറനണിയിച്ചു.
ത്ര കാലം ഇതൊക്കെ കൊട്ടോണ്ടിരിക്കും മോനെ...? ’
ഞാന്‍ തൊടിയിലിറങ്ങുന്നത് വെറുതെയാണെന്ന് അവള് പറഞ്ഞതമ്മ കേട്ടില്ലേ..? ആറേഴു കിന്റല്‍ മുളക് പറിച്ചു കൊണ്ടിരുന്ന തോട്ടമാ...എത്ര പൈസ ഉണ്ടാക്കി....ആ കൊശോക്കെ എടുത്തോണ്ട് പോയി എന്ന് വട്ടിപ്പരിപാടി തുടങ്ങിയോ അന്ന് മുതല്‍ തോട്ടം കരിഞ്ഞു തുടങ്ങി.....ഞാന്‍ ചോര നീരാക്കി ഉണ്ടാക്കിയതൊക്കെ അവള് കരക്കാര്‍ക്ക് കൊടുത്ത് മുടിപ്പിച്ചില്ലേ അമ്മേ... അതൊക്കെ അവള് മറന്നു....... എന്നിട്ടിപ്പോ....പറമ്പും കൃഷിയുമൊക്കെ പുശ്ചം.....ഞാനും വാക്കത്തിയും ഒക്കെ അധികപ്പറ്റ്...
പാറുത്തള്ള കണ്ണുകള്‍ നിറഞ്ഞ്, അതിരറ്റ വാത്സല്ല്യത്തോടെയും വേദനയോടെയും മകനെ നോക്കി.
ന്‍റെ കാലം കഴിഞ്ഞാല്‍ നിനക്കാരുണ്ട് മോനെ...? ’ പാറുത്തള്ള അടക്കിപ്പിടിച്ചു തേങ്ങി മകന്റെ കൈത്തലം അമര്‍ത്തി. മൃദുലമായ അമ്മയുടെ കരങ്ങള്‍ക്കുള്ളില്‍ തന്‍റെ കൈത്തലം അമര്‍ന്നപോള്‍ ഏറെ സുരക്ഷിതനായതുപോലെ തോന്നി അയാള്‍ക്ക്.
നിനക്കറിയോ..പതിനാറും പതിനെട്ടും വയസ്സില്‍ പെണ്ണുങ്ങള്‍ പെറുന്ന കാലത്ത് നീയെന്‍റെ വയറ്റിലുണ്ടായത് ന്‍റെ ഇരുപത്തിയെട്ടാമാത്തെ വയസ്സിലാ... ഞാന്‍ മച്ചിയാണെന്നും പറഞ്ഞു എന്തൊരു പൊല്ലാപ്പായിരുന്നെന്നോ അത് വരെ...നീ ജനിച്ച് കഴിഞ്ഞു മൂന്ന് മരണമുണ്ടായി, നിന്‍റ്റച്ഛന്‍റ്റേതടക്കം....ഒക്കെ ഞാന്‍ നിവര്ത്തിച്ചത് നീയുണ്ടല്ലോ എന്ന ആശ്വാസം കൊണ്ടായിരുന്നു....ഇന്ന്‍....ഞാനുംകൂടി പോയാല്‍ നിനക്കാരും ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍..........
അമ്മേ.....ശബ്ദമിടറി അയാള്‍ പ്രതിവചിക്കാന്‍ ശ്രമിച്ചു. കഴിയാതെ തല കുനിച്ചു.

കറുത്ത കള്ളി മുണ്ടും കറുത്ത ബ്ലൌസും ധരിച്ച് തന്റെ കറുത്ത ശരീരത്തെ ഒന്ന് കൂടി ഇരുണ്ടതാക്കി കുഞ്ഞമ്മ പുറത്തേക്ക് വന്നു. കോലായില്‍ തിരുകിവച്ചിരുന്ന കറുത്ത പണപ്പിരിവ് ബാഗെടുത്ത് കക്ഷത്തിലിറുക്കി മുറ്റത്തേക്ക്‌ ചാടി. പായലില്‍ ചവുട്ടി കുഞ്ഞമ്മയുടെ കാലുകള്‍ ചെറുതായി തെന്നിയത് മുഖം കുനിച്ചിരിക്കുന്ന അയാളോ പാറുത്തള്ളയോ കണ്ടില്ല. അഴയില്‍ നിന്ന് വെളുത്ത തോര്‍ത്തെടുത്ത് മാറിടത്തിന് കുറുകെ വിരിച്ച്, നടക്കാന്‍ ഭാവിച്ച് പുശ്ചത്തോടെ ഇരുവരെയും മാറിമാറി നോക്കി കുഞ്ഞമ്മ തെല്ലിട നിന്നു. കുഞ്ഞമ്മയുടെ കറുത്ത മുഖം ചുവക്കുന്നത് കണ്ടപ്പോള്‍ അയാളുടെ കൈത്തലം സ്വയമറിയാതെ അമ്മയുടെ കരങ്ങളില്‍ നിന്നും ദൃതിയില്‍ വേര്‍പെട്ടു.
ഓാ...ഒരു പുന്നാരം.....!...ത്ഭൂ....! ദേ മനുഷ്യാ...തള്ളേടെ മടീല്‍ കയറി ഇരിക്കുന്നതൊക്കെ കൊള്ളാം...പാപ്പൂട്ടീടെ കാര്യത്തില്‍ ഇന്നൊരു തീരുമാനം ഉണ്ടാക്കിയിരിക്കണം....അല്ലാണ്ട് പുരയ്ക്കകത്ത് കിടന്നുറങ്ങാമെന്നോ ഒരിറ്റിറക്കാമെന്നോ നിങ്ങള്‍ വിചാരിക്കേണ്ട....കുഞ്ഞമ്മയാ പറേന്നത്....ഓര്‍ത്തോ....ശക്തമായ ഭീഷണി അവശേഷിപ്പിച്ച് കുഞ്ഞമ്മ ബ്ലേഡ് സാമ്രാജ്യത്തിലേക്ക് നടന്നകലുന്നത് നോക്കി ഇരുവരും വരാന്തയില്‍ കുന്തിച്ചിരുന്നു. ഏറെനേരത്ത മൌനത്തിനു ശേഷം പാറുത്തള്ള ആശ്വാസം പകര്‍ന്ന്‍ മകന്‍റെ ചുമലില്‍ ചുക്കിച്ചുളിഞ്ഞ തന്റെ കൈത്തലം വച്ചു.
കിട്ടാത്ത പൈസയോക്കെ പിരിയ്ക്കണമെന്നു അവള്‍ ഇത്ര കാലമായി നിന്നോട് പതം പറയുന്നു....എക്കാലവും അവളുടെ വായീന്നു വരുന്നത് മുഴുവന്‍ കേട്ടിരിക്കുന്നതെങ്ങിനെയാടാ...വല്ലപ്പോഴുമൊക്കെ അവളെ ഒന്ന് സഹായിച്ചൂടെ നിനക്ക്....
പത്ത് രൂപാ പലിശയ്ക്കാണമേ അവള് പൈസ വായ്പ്പ കൊടുക്കുന്നത്...അത് നടന്നു പിരിച്ചാ പ്രാക്ക് കിട്ടും.....
അതിലൊന്നും കാര്യമില്ലെടാ....അതില്‍ നിന്നൊരു വീതമല്ലേ നമ്മളും കഴിക്കുന്നത്...ആ പാപ്പൂട്ടിയുടെ കാശെങ്കിലും നീയവള്‍ക്കു വാങ്ങിച്ചു കൊട്.....അത്രയെങ്കിലും സമാധാനം കിട്ടട്ടെ......
എനിക്കതൊന്നും വശമില്ലമ്മേ....അമ്മ കൂടി ഇങ്ങനെ പറയുമ്പോള്‍ ഞാനെന്താ ചെയ്ക....വൈകുന്നേരമാകട്ടെ ഒന്ന് പോയി ചോയിച്ച് നോക്കാം....
അയാള്‍ വരാന്തയില്‍ നിന്നെഴുന്നേറ്റ്, വാക്കത്തി തിരികെയെടുത്തു..
കുറച്ചു കൂടി തളിര്‍പ്പ് കോതാനുണ്ട്.....മഴതുടങ്ങിയാല്‍ എല്ലാം കൂടി ആര്‍ത്തുവളരും....ഒന്നോ രണ്ടോ  മാത്രം നിര്‍ത്തിയാല്‍ അവയ്ക്ക് നല്ല ശക്തിയുണ്ടാവും.... അയാള്‍ മൃദുവായി ചിരിക്കാന്‍ ശ്രമിച്ച് വാക്കത്തിയുമായി തൊടിയിലേക്ക്‌ നടന്നകലുന്നതും നോക്കി വിഷാദത്തോടെ പാറുത്തള്ള വരാന്തയില്‍ കുത്തിയിരുന്നു. 

നടുകുഴിഞ്ഞു തുളവീണ ചെരിപ്പുകള്‍ മുറ്റത്തുപേക്ഷിച്ചു തൊടിയിലേക്കിറങ്ങുമ്പോള്‍ അയാള്‍ അനിര്‍വചനീയമായ ആ നനുത്ത സുഖം വീണ്ടും അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു. അന്തരീക്ഷത്തിലും മണ്ണിലും അലിഞ്ഞുറങ്ങിയിരുന്ന ഇളംതണുപ്പ് പെട്ടെന്നുണര്‍ന്ന്‍ ഉന്മാദത്തോടെ അയാളിലേക്ക് പടര്‍ന്ന്‍ കയറി അയാളെ ഏറ്റം ആവേശഭരിതനാക്കി. മുരിക്കില്‍ കൂട്ടമായി വളര്‍ന്നുപടര്‍ന്ന സ്നിഗ്ദ്ധതയാര്‍ന്ന പച്ചഇലകള്‍ കുഞ്ഞു മഴത്തുള്ളികളില്‍ കുളിച്ച്, കുഞ്ഞിളം കാറ്റില്‍ ആടിയുലഞ്ഞു ചിരിച്ച് അയാളെ പ്രസരിപ്പോടെ മാടി വിളിച്ചു. ബലമുള്ളവ നിര്‍ത്തി കുഞ്ഞിതളിര്‍പ്പുകള്‍ കോതി, കൊടിയിലകളില്‍ വാത്സല്യത്തോടെ തലോടി അയാള്‍ നിര്‍വൃതി പൂണ്ട്, മുന്നേറി. നനവാര്‍ന്ന മണ്ണില്‍ അയാളുടെ കാലുകള്‍ പുതഞ്ഞിറങ്ങുമ്പോള്‍, അടര്‍ത്തിമാറ്റാന്‍ ആവാത്തത്ര ആഴത്തില്‍ അയാള്‍ പ്രകൃതിയില്‍ ചേര്‍ക്കപ്പെട്ടു. അത്തരം ആയിരം ദിവസ്സങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അതെങ്കിലും ആ ദിവസവും അയാള്‍ക്കു പുതുമയുടെ പൂക്കാലം പകര്‍ന്നു നല്‍കി. പ്രകൃതിയും പുരുഷനും ഒന്നുചേര്‍ന്ന് അഭിരമിക്കുമ്പോള്‍ അയാളുടെ മനസ്സ് ഉല്ലാസം കൊണ്ട് തുടി കൊട്ടുകയായിരുന്നു.........ആ പകല്‍ അവസാനിക്കാതിരുന്നെങ്കില്‍....അയാള്‍ പ്രാര്‍ഥിച്ചു.

പിരിവുകഴിഞ്ഞു വൈകുന്നേരം കുഞ്ഞമ്മ തിരികെയെത്തുമ്പോള്‍ അയാള്‍ പാപ്പൂട്ടിയെ തേടി പോയിരുന്നു. സന്ധ്യാപ്രാര്‍ഥനയില്‍ മകനെപ്പറ്റി മാത്രം ചിന്തിച്ച് ഏറെ നേരം പാറുത്തള്ള നിലവിളക്കിനു മുന്‍പില്‍ ചടഞ്ഞിരുന്നു. പിന്നെയും ഏറെ വൈകി, രാത്രി ഒന്‍പതു മണിയോടെയാണ് അയാള്‍ തിരികെയെത്തിയതും വാതിലില്‍ മുട്ടിയതും. കതകിന്റെ ഒരു പാളി മാത്രം തുറന്ന്‍ കുഞ്ഞമ്മ വാതിലടഞ്ഞു നിന്ന്‍ ചോദ്യരൂപത്തില്‍ തല മാത്രം പുറത്തേക്കിട്ടു. വിയര്‍പ്പില്‍ മുങ്ങി നില്‍ക്കുന്ന ഭര്‍ത്താവിനെ അവര്‍ പുശ്ചത്തോടെ അടിമുടി നോക്കി, ചിരി കോട്ടി പരിഹസിച്ചു.
നിങ്ങളെന്താ കിതയ്ക്കുന്നത്....നിങ്ങളെ ആരെങ്കിലും ഓടിച്ചോ...?’
അയാള്‍ മറുപടി ഒന്നും പറഞ്ഞില്ല.
ഓ...പതിവില്ലാതെ പുറത്തിറങ്ങിയത് കൊണ്ടാവും ഈ കിതപ്പും വെപ്രാളോം.....പാറുത്തള്ള കേള്‍ക്കെ ചെറുതായി പൊട്ടിച്ചിരിക്കാനും കുഞ്ഞമ്മ മറന്നില്ല.
നീയൊന്നു മാറിക്കെ ഞാന്‍ അകത്തോട്ടൊന്നു കയറട്ടെ.... അയാളുടെ യാചന അവര്‍ കേട്ടതായി തോന്നിയില്ല.
പപ്പൂട്ടിയെ കണ്ടോ..? രൂപ കിട്ടിയോ...അത് പറ....
കണ്ടു...പക്ഷെ...പൈസ്സ കിട്ടിയില്ല....അയാള്‍ കിതച്ചുകൊണ്ടാണ് പറഞ്ഞത്.
ചോയിച്ചില്ലേ.....?’ കുഞ്ഞമ്മയുടെ ശബ്ദം കനത്തു.
ചോയിച്ചു.....അവന്‍ തന്നില്ല....എനിക്കിത്തിരി വെള്ളം കുടിക്കണം...കുഞ്ഞമ്മ ഏറെനേരം ഭര്‍ത്താവിനെ പല്ലിറുമികൊണ്ട് നോക്കി നിന്നു. അവരുടെ മാറിടം, ശ്വസോച്ഛ്വാസഗതി വര്‍ദ്ധിച്ച് വേഗത്തില്‍ ഉയര്‍ന്നു താണു. അയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണമായി വാതിലടഞ്ഞു നിന്ന് കൊണ്ട് കണിശതയാര്‍ന്ന്‍ ശബ്ദമുയര്‍ത്തി.
നിങ്ങള് പിന്നെ എന്തോന്നിനാ പോയത്.....അവന്റെ സൗന്ദര്യം കാണാനോ..? ചോദിക്കേണ്ട പോലെ ചോദിച്ചിരുന്നെങ്കില്‍ കുറച്ചെങ്കിലും കാശു കിട്ടുമായിരുന്നില്ലേ.....
ചോദിച്ചു...ഞാന്‍ ചോദിച്ചു.....അയാള്‍ ക്ഷീണിതനായി ഭിത്തിയില്‍ കൈകളൂന്നി തല കുമ്പിട്ടു.
എന്തോന്ന് ചോദിച്ചെന്നാ......പട്ടി ചന്തയ്ക്കു പോകുന്ന പോലെ പോയിട്ടൊരു കാര്യവുമില്ല ഹേ.......ഞാനിതു നടത്തികൊണ്ട് പോകുന്നതിലുള്ള ബുദ്ധിമുട്ട് ഇപ്പം നിങ്ങക്ക് മനസ്സിലായോ....കുഞ്ഞമ്മ അലറി.
അല്ല കുഞ്ഞമ്മേ....ഞാന്‍ ചോദിച്ചു. മേടിക്കാമെങ്കില്‍ മേടിച്ചോ എന്ന മട്ടിലാ അവന്‍ സംസാരിച്ചത്...എന്നെ ഒരു പാട് തെറി വിളിച്ചു. ഞങ്ങള്‍ തമ്മില്‍...... ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി......അവന്റെ പൈസാ കിട്ടുമെന്ന് തോന്നുന്നില്ല....അവന്‍ തരാന്‍ കൂട്ടാക്കാതെ ഞാനെന്തു ചെയ്യും.....  ആ മറുപടി രസിക്കാതെ കുഞ്ഞമ്മ നീരസത്തോടെ ശക്തിയായി, നിഷേധിച്ച് തലയാട്ടി.
നീയോരല്‍പ്പം മാറി നില്ല്......ഞാനകത്തോട്ടൊന്നു കയറട്ടെ...എനിക്കൊന്നു കിടക്കണം....അയാള്‍ എന്നെ........’ പരിക്ഷീണനായി വീണ്ടും കെഞ്ചിയ അയാളെ പൂര്‍ത്തീകരിക്കാന്‍ വിടാതെ കുഞ്ഞമ്മ ഇടയ്ക്ക് കയറി.
നിങ്ങളെ ഞാന്‍ കിടത്താം.... കാശില്ലാതെ ഇതിനകത്ത് കയറാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട.....ഒരു ദിവസം പട്ടിണി കിടന്നാല്‍ ചത്തു പോകത്തോന്നു മില്ല.......വലിയ ശബ്ദത്തോടെ കുഞ്ഞമ്മ വാതില്‍ കൊട്ടിയടയ്ക്കുമ്പോള്‍ ആ കൊച്ചു വീട് ഭയചകിതമായി വിറച്ചു.
അമ്മേ..........അയാള്‍ ഒരാശ്രയത്തിനായി അമ്മയെ നീട്ടി വിളിച്ചു.
കുഞ്ഞമ്മേ നീ വാതില്‍ തുറന്നു കൊടുക്ക്......ഇങ്ങനെ ദുഷ്ടയാകല്ലേ....നാളെ അവന്‍ എങ്ങനെങ്കിലും നിന്റെ പൈസ വാങ്ങി കൊണ്ട് തരും.... ആടിയുലഞ്ഞ ശബ്ദത്തില്‍ പാറുത്തള്ള മകനുവേണ്ടി വിറയാര്‍ന്ന്‍ വാദിച്ചു.
നാളെ ഒലത്തും പോലും.... പോയി കിടക്കാന്‍ നോക്ക് തള്ളേ.....അല്ലെങ്കില്‍ നിങ്ങളും പുറത്തു പോയി കിടക്കേണ്ടി വരും, ഓര്‍ത്തോ....... കുഞ്ഞമ്മ ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് പോകുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കൈകളൂന്നി പാറുത്തള്ള തറയില്‍ കുന്തിച്ചിരുന്നു.
അമ്മേ........ആക്കം കുറഞ്ഞു നേര്‍ത്ത വിളി വീണ്ടും ഉയര്‍ന്നുകേട്ടു.

പുറത്ത് കട്ടപിടിച്ച ഇരുട്ടായിരുന്നു. അടഞ്ഞു കിടക്കുന്ന വാതിലിനു മുന്‍പില്‍ അയാള്‍ ആശ്രയമറ്റ് വാടിത്തളര്‍ന്ന് നിന്നു. ശരീരമാസകലം വിയര്‍പ്പ് പൊടിഞ്ഞ്, ഒന്ന് ചേര്‍ന്ന്‍ ഉരുകിയോലിച്ചിറങ്ങി. ജീവിതത്തില്‍ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പരീക്ഷണഘട്ടത്തില്‍ അയാള്‍ തികച്ചും പതറിപ്പോയിരുന്നു. പ്രയാസപ്പെട്ട് തലയുയര്‍ത്തി, ഭിത്തിയില്‍ നിന്ന്‍ വേര്‍പെട്ട് നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ത്രാണിയില്ലാതെ അയാള്‍ പിന്നോക്കം മലര്‍ന്നു നിലംപൊത്തി. പിടിയോളം ചുമലില്‍ തുളച്ചിറങ്ങിയിരുന്ന കൊലകത്തി, അയാളുടെ മനസ്സിനെയും ജീവനെയും പകുത്തു കൊണ്ട് ഹൃദയത്തിനുള്ളിലേക്ക് നിര്‍ദാക്ഷിണ്യം ആഴ്ന്നിറങ്ങി.

ആ മഴക്കാലത്തിന്റെ ആരംഭത്തില്‍, നനുത്ത പായലുകള്‍ പകര്‍ന്നു നല്‍കിയ സുഖകരമായ തണുപ്പില്‍ ചുട്ടുപഴുത്ത അയാളുടെ ജീവന്‍ മെല്ലെമെല്ലെ അലിഞ്ഞലിഞ്ഞില്ലാതാകുമ്പോള്‍, ഒരു ചെറു ചാറ്റല്‍മഴ ഓടിക്കിതച്ചെത്തി, അയാള്‍ക്കരുകില്‍ ഒരു മകനായി ചേര്‍ന്ന് നിന്ന്‍ ദിഗന്തം നടുങ്ങുമാറുച്ചത്തില്‍  അലറിക്കരഞ്ഞു. വേനലിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് വിടുതല്‍ നേടിയെത്തിയ ചാറ്റല്‍ മഴയും, ചാറ്റല്‍ മഴയുടെ വരവിനാല്‍ പുതുജീവന്‍ കിട്ടിയ നനുത്ത കുഞ്ഞിപ്പായലുകളും ഇരുവശവും നിന്ന്‍ അയാളെ തെക്കേ തൊടിയിലേക്ക്‌ ആനയിക്കാന്‍ തയ്യാറായി.

29 comments:

  1. കഥ ഒരു നൊമ്പരമായി. കുഞ്ഞമ്മ,പാറുത്തള്ള ,പാപ്പൂട്ടി, പിന്നെ കഥാനായകന്‍........നാല് കഥാപാത്രങ്ങള്‍.....പ്രധാന കഥാപാത്രത്തിനു പേരില്ല എന്നത് ഏറെ ശ്രദ്ധേയമായി. ചില മനുഷ്യര്‍ക്ക് പേരിന്റെ ആവശ്യം വരാറില്ല. ഒരു പാട് വീടുകളില്‍ ഇങ്ങനെ പേരില്ലാതെ ജീവിക്കുന്ന പുരുഷന്മാരുണ്ട്.....
    ജീവിതഗന്ധിയായ കഥയ്ക്ക് ആശംസകള്‍.

    ReplyDelete
  2. പലപ്പോഴും നാട്ടിന്‍പുറങ്ങളില്‍ ഇതുപോലെയുള്ള ബ്ലേഡ് കുഞ്ഞമ്മമാരെയും അവരുടെ ആരുമല്ലാത്ത ഭര്‍ത്താക്കന്‍മാരേയും കണ്ടുമുട്ടിയിട്ടുണ്ട്. ... ജീവിക്കുക എന്നതില്‍നിന്നും വ്യത്യസ്തമായി മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധം എങ്ങിനെ ജീവിക്കാം എന്ന ചിന്താഗതിയാണ് ബ്ലേഡ് കുഞ്ഞമ്മമാരെയും കൊലപാതകികളേയും സൃഷ്ടിക്കുന്നത്. സബ്ജക്റ്റ് നന്നായി അന്നൂസ്. ആശംസകള്‍.

    ReplyDelete
  3. വലിയ ആര്ത്തിയില്ലാതെ മണ്ണിനെ സ്നേഹിച്ച് ജീവിക്കാനും, മറ്റുള്ളവരെപ്പോലെ ആകാന്‍ പണം പെരുപ്പിച്ച് ആര്‍ത്തിയോടെ ജീവിക്കാനും, സമാധാനത്തോടെ സ്നേഹത്തോടെ മാത്രം ജീവിക്കാനും ആഗ്രഹിക്കുന്ന മൂന്നു മനസ്സുകളുടെ നിസ്സാര ഭാവങ്ങള്‍ പോലും വളരെ തന്മയത്തമായി അവതരിപ്പിച്ചിരിക്കുന്ന കഥ. നിത്യവും നാം കാണുന്ന അല്ലെങ്കില്‍ നമ്മില്‍ തന്നെ അടങ്ങിയിരിക്കുന്ന കഥാപാത്രങ്ങള്‍. കഥയുടെ അവസാനം എത്താറാവുമ്പോള്‍ മുതല്‍ സാധാരണ സംഭാവിക്കാറുള്ളത് പോലെ പണം വാങ്ങാന്‍ പോയി വാക്കാത്തികൊണ്ട് അയാളെ കൊല്ലും എന്ന ധാരണയെ തിരുത്തി കഥ അവസാനിപ്പിച്ചത് സുന്ദരമായി.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  4. കഥയിൽ വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന ഭർത്താവും-ഭാര്യയും പ്രതിനിധീകരിക്കുന്ന നന്മയുടേയും-തിന്മയുടേയും ലോകം വായനക്കാർക്ക് അനുഭവിച്ചറിയാനാകുന്നു. കഥയുടെ സാഹിത്യസംബന്ധിയായ കാര്യങ്ങളെ വിലയിരുത്താൻ എനിക്കറിയില്ല ......

    ReplyDelete
  5. നല്ല കഥ അന്നൂസ്‌...

    ReplyDelete
  6. നന്നായിരിക്കുന്നു.
    കഥയെ മറ്റൊരു തലത്തിൽ കൊണ്ടു പോകണമെങ്കിൽ..
    അയാൾ വിളിക്കുന്നു. ഭാര്യ വാതിൽ തുറക്കാതെ സംസാരിക്കുന്നു. കതക് തുറക്കുന്നില്ല.
    പിറ്റേന്ന് അറിയുന്നു അയാൾ വൈകിട്ട് തന്നെ കുത്തേറ്റ് മരിച്ചു എന്ന കാര്യം..

    ReplyDelete
  7. കഥ വളരെ നന്നായി.
    ചില ഭാഗങ്ങൾ അതിമനോഹരമായി വിവരിച്ചിരിക്കുന്നു..
    ഒടുക്കവും അസ്സലായി..
    ആശംസകൾ അന്നൂസ്...

    ReplyDelete
  8. ഗംഭീരമായി കഥ.കുഞ്ഞമ്മയും പാപ്പുട്ടിയും തമ്മിലുള്ള സംഭാഷണം അൽപ്പം ചുരുക്കാമായിരുന്നു.മനൊഹരമായി കഥ എന്നു ഒന്നു കൂടി പറയട്ടെ

    ReplyDelete
  9. നമുക്കറിയാവുന്ന മനുഷ്യരുടെ കഥപോലെ. നേരിട്ട് പരിചയമുള്ള ചില മനുഷ്യരുടെ ജീവിതം പോലെ.

    ReplyDelete
  10. അവതരണം ഭംഗിയായിട്ടുണ്ട്.
    അവസാനം കുറച്ചു വേദനയായി...

    ReplyDelete
  11. ഭംഗിയായ അവതരണം.
    കഠിനമായ ജീവിതകഥയെങ്കിലും ഇഷ്ടപ്പെട്ടു...

    ReplyDelete
  12. കഥ ഇഷ്ടമായി , ആശംസകള്‍

    ReplyDelete
  13. കഴുത്തറപ്പന്‍മാരുടെ(വട്ടിപ്പലിശക്കാര്‍) കുടുംബം ഗുണം പിടക്കില്ല എന്ന ചൊല്ല് ഏതാണ്ട് സത്യമാണ്.അവരുടെ വീടുകളില്‍ മനസ്സമാധാനം ഉണ്ടായിരിക്കുകയില്ല. ആധിയും.വ്യാധിയും അവരെ വിട്ടൊഴിഞ്ഞു മാറില്ല.അമിതപലിശ വാങ്ങി തട്ടിപ്പറിക്കുന്നതിന്‍റെ ശാപമാണെന്നാണ് പറയുക.മറ്റുള്ളവരും അതില്‍ ബലിയാടാകുന്നു.നിയമം കര്‍ശനമായപ്പോള്‍ കുറെയേറെ മാറ്റം വന്നിട്ടുണ്ട്.
    നാട്ടിന്‍പുറങ്ങളില്‍ നടന്നിരുന്ന കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.
    ആശംസകള്‍

    ..

    ReplyDelete
  14. മണ്ണിനെ മറക്കുന്നു , വേരുകൾ മറക്കുന്നു , വന്ന വഴി മറക്കുന്നു മനുഷ്യർ .. അനുഭവങ്ങളിൽ നിന്നും പഠിയ്ക്കാതെ തെറ്റിൽ നിന്നും തെറ്റിലേയ്ക്ക് സഞ്ചരിയ്ക്കുന്നു ...നഷ്ടങ്ങൾ തരുന്ന ദുഖങ്ങൾമാത്രം ബാക്കിയാകുന്നു ഒടുവിൽ കാൽച്ചുവട്ടിലെ മണ്ണെല്ലാം തീർന്ന് പടുകുഴിയിലാഴുന്നു മനുഷ്യജീവൻ. ജീവിതത്തിന്റെ ക്ഷണികത മനോഹരമായി പറഞ്ഞ കഥ. ആശംസകൾ അന്നുസ്.

    ReplyDelete
  15. കഥ നന്നായി. ആശംസകൾ.

    ReplyDelete
  16. kadhaa naayakante swabhavam anusarich kuthetta kaaryam ayaal vilichu paryaathirikkaan nyaayamilla...athu kettaalum kunjammayil valiya bhaava vyathyasamundaakilla ennirikkilum. kunjamma athum ayaalude soothramaayi kaanumaayirikkum..

    ReplyDelete
  17. ഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന പച്ചയായ മനുഷ്യരുടെ ജീവിതങ്ങളില്‍ നാം കഥയിലെ കഥാപാത്രങ്ങളെ പോലെയുള്ളവരെ കാണും .മണ്ണിനേയും പ്രകൃതിയേയും സ്നേഹിക്കുന്നവര്‍ സന്മനസ്സിന് ഉടമകളായിരിക്കും .പലിശക്ക് പണം കൊടുക്കുന്ന കുഞ്ഞമ്മമാര്‍ പിറവിയെടുക്കാതെയിരിക്കട്ടെ .ആശംസകള്‍

    ReplyDelete
  18. നാട്ടുമ്പുറത്തെ ചില പച്ചമനുഷ്യരുടെ കഥ

    ReplyDelete
  19. നല്ല കഥ. നല്ല ഒഴുക്ക്. നന്നായി അവതരിപ്പിച്ചു. പെട്ടെന്ന് അവസാനിച്ചപ്പോൾ ഒരു നഷ്ടബോധംപോലെ. അഭിനന്ദനങ്ങൾ!

    ReplyDelete
  20. നല്ല കഥ.... ആശംസകൾ...

    ReplyDelete
  21. കഥ നന്നായി...

    ReplyDelete
  22. കുഞ്ഞമ്മയടക്കം ഏതൊക്കെയോ കഥാപാത്രങ്ങള്‍ക്ക് .. പരിചിതരുടെ സ്വരം,, ഭാവം ,മുഖം ..
    എഴുത്തില്‍ ആത്മാവോളിപ്പിക്കുന്ന കഴിവിനെ നമിക്കുന്നു ... ആശംസകള്‍

    ReplyDelete
  23. കദനക്കഥ പറയുന്ന ബ്ലേഡുകള്‍ !

    ReplyDelete
  24. ചുറ്റുപാടും നടക്കുന്ന ചില യാഥാര്‍ത്യങ്ങള്‍ ,,,,, കഥ പറച്ചില്‍ ശൈലി ഇവയിലൊക്കെ ഒരു പാട് മുന്നേറുന്നു അന്നൂസ് ,, ആശംസകള്‍ എഴുത്ത് തുടരുക

    ReplyDelete
  25. അനുഭവസ്പർശിയായ നല്ല കഥ.ഇഷ്ടപ്പെട്ടു.

    ReplyDelete
  26. വളരെ ഇഷ്ടമായി ആ മനുഷ്യനെയും അയാളുടെ അമ്മയേയും. പക്ഷെ കഥ മനസു വിഷമിപ്പിച്ചു

    ReplyDelete
  27. എല്ലാര്‍ക്കും ഇഷ്ടപ്പെട്ട ഈ കഥയെന്തേ എനിക്കിഷ്ടപ്പെടാത്തത്...?

    ReplyDelete
  28. നന്നായി പറഞ്ഞു

    ReplyDelete