ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 26 February 2018

സാറ്റ്.......... (കഥ) അന്നൂസ്



ണ്ണുമ്പോള്‍ കണ്ണുകള്‍ ഇറുക്കി അടയ്ക്കണമെന്നാണ് നിയമം.
വെളുത്തു ചുവന്ന മൂക്കിന്‍റെ തുമ്പ് മരത്തിന്റെ പരുപരുത്ത തൊലിയോട് ചേര്‍ത്തുനിര്‍ത്തി, ആ വലിയ മരത്തെ പുണര്‍ന്നുകൊണ്ട് മെല്ലെ സമയമെടുത്ത് അവള്‍ എണ്ണിത്തുടങ്ങി.
'ഒന്ന്...രണ്ട്....മൂന്ന്....നാല്......'

എണ്ണുന്നവരാണ് കണ്ണുകള്‍ ഇറുക്കി അടയ്ക്കേണ്ടത്‌. ഒളിക്കുന്നവര്‍ക്ക് കണ്ണുകള്‍ തുറന്നു പിടിക്കുവാനും ഒളിക്കാന്‍ പറ്റിയ ഇടം തേടുവാനും അവകാശം ഉണ്ട്. ആ അവകാശത്തോടെയാണ് അവര്‍ ഇരുവരും പൊന്തയ്ക്കുള്ളില്‍ മറഞ്ഞത്.

ഇടയ്ക്ക് പൊടിപറത്തി, മൈതാനം ചുറ്റിയെത്തിയ കാറ്റ് അയഞ്ഞുതൂങ്ങിയ പെറ്റികോട്ടിന്റെ ഇടയിലൂടെ അവളുടെ ഇളംശരീരത്തെ തഴുകിയുണര്‍ത്തി ലക്ഷ്യം തെറ്റാതെ അതേ പൊന്തയ്ക്കുള്ളില്‍ പോയ്‌മറഞ്ഞു.

'എട്ട്............ ഒന്‍പത്................... പത്ത്.......................... ഒളിച്ചാലും ഒളിച്ചിലെങ്കിലും സാറ്റ്.....'
മരത്തെ തള്ളിയകത്തി, ആവേശത്തോടെ കണ്ണുകള്‍ തുറന്ന് അവള്‍ ചുറ്റും പരതി. നീണ്ട പത്തുവരെയുള്ള എണ്ണലില്‍ അന്ധകാരം പടര്‍ന്ന അവളുടെ കുഞ്ഞികണ്ണുകളിലേയ്ക്ക് പുതുവെളിച്ചം തീവ്രതയോടെ കടന്നെത്തി ഇക്കിളിപ്പെടുത്തി.

മരത്തില്‍ നിന്ന് വിട്ടകലാന്‍ തെല്ലു മടിച്ചുനിന്നുകൊണ്ട് അവള്‍ ഒളിച്ചവര്‍ക്കായുള്ള തിരച്ചില്‍  ആരംഭിച്ചു.  അവളുടെ ആകാംഷ വര്‍ദ്ധിപ്പിച്ചു കൊണ്ട് പൊടുന്നനെയാണ് പൊന്തക്കാട് ചെറുതായി ഇളകിയത്.

പ്രതീക്ഷയോടെ അവള്‍ ഓടിയെത്തി പൊന്തക്കാടുകള്‍ക്കിടയിലേയ്ക്ക് ഊളിയിട്ടു. രൌദ്രഭാവത്തോടെ തന്നെ തുറിച്ചുനോക്കിയിരിക്കുന്ന ആ നാലു കണ്ണുകള്‍ പക്ഷെ അവളെ ആഹ്ലാദിപ്പിക്കുകയാണ് ചെയ്തത്.

'ചേട്ടായിമാര്‍ സാറ്റെ.............' അവള്‍ വിളിച്ചുകൂവി തിടുക്കപ്പെട്ട് പിന്തിരിഞ്ഞു. വിജയികണമെങ്കില്‍ അവള്‍ക്കു മരത്തില്‍ തൊടണമായിരുന്നു.

പൊടുന്നനെ കമഴ്ന്നു വീഴുമ്പോഴാണ് തന്‍റെ കാലുകളില്‍ മുറുകിയിരിക്കുന്ന കൈകളുടെ കാഠിന്യം അവള്‍ തിരിച്ചറിയുന്നത്. എപ്പോഴും വാത്സല്യത്തോടെ കോരിയെടുത്തുകൊണ്ടിരുന്ന മറ്റു രണ്ടു കൈകളാകട്ടെ അവളെ നിശബ്ദയാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. 

വിജയം അവള്‍ക്കകലെയായിരുന്നു. എങ്കിലും അവള്‍ വൃഥാ കുതറിക്കൊണ്ടിരുന്നു.

'മരത്തില്‍ തൊടാന്‍ നിനക്കിനി ആവില്ല.....'
അവരിലൊരുവന്‍ അവളുടെ കാതുകളില്‍ ഭീതിതമായി മുരണ്ടു.
പതിനൊന്ന്..... പന്ത്രണ്ട്..... പതിമൂന്ന്.....

സമയം നിര്‍ത്താതെ അതിന്‍റെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരുന്നു.

annusones@gmail.com

4 comments:

  1. ആദ്യ കമന്റ് അനുകൂലമല്ല അന്നൂസ്. നിങ്ങളെപ്പോലുള്ള ഒരാൾ എഴുതേണ്ട കഥയല്ലിത്‌

    ReplyDelete
  2. അമ്മപെങ്ങന്മാരെ തിരിച്ചറിയാൻ വയ്യാത്തൊരു സമൂഹം കണ്ണുപൊത്തിക്കളി തുടരുന്നു...

    അങ്ങനെ ഒരുപാട് നാളിനുശേഷം അന്നൂസേട്ടന്റെ പുതിയകഥ :-)

    ReplyDelete
  3. കളി കാര്യമാകുന്ന
    ചില അപൂർവ്വ രംഗങ്ങൾ ..!

    ReplyDelete
  4. മാനിഷാദാാാാാാാാാാ

    ReplyDelete