ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 11 November 2016

ശരണമന്ത്രങ്ങളില്‍ ലയിച്ച്.... (അന്നുക്കുട്ടന്‍റെ ലോകം- പന്ത്രണ്ട്)

രിക്കല്‍ മാലയിട്ട് നോമ്പ് നോറ്റു, വൃശ്ചിക കുളിരില്‍ മുങ്ങി നിവര്‍ന്ന്, ശബരിമലയ്ക്ക് പോയപ്പോള്‍ പമ്പ വരെ ഞങ്ങളുടെ ഡ്രൈവറിനു കൂട്ട് വന്നതായിരുന്നു കഥാനായകനായ സെബാസ്റ്റ്യന്‍ചേട്ടന്‍. പെരിയസ്വാമി കെട്ടു നിറയ്ക്കുന്നത്‌ താല്‍പ്പര്യത്തോടെ നോക്കി നിന്ന്, ശരണം വിളിക്കാനും ഭജന പാടാനും ഞങ്ങള്‍ക്കൊപ്പംകൂടി അങ്ങേരു പമ്പ വരെ മതേതരം ശരിക്കും ആഘോഷിച്ചു. തുടക്കത്തില്‍ കണ്ട തമാശ ഭാവം തിരിച്ചു പോരുമ്പോള്‍ മുഖത്തില്ലായിരുന്നു. തികഞ്ഞ ആലോചനയ്ക്കിടെ വണ്ടിയില്‍ വച്ച് തന്നെ 'സെബാസ്റ്റ്യസ്വാമി'കളില്‍ നിന്ന് അപ്രതീക്ഷിതഅരുളപ്പാടുണ്ടായി.
"അടുത്ത തവണ ഞാനും ഉണ്ട് മലയ്ക്ക്. പമ്പ കഴിഞ്ഞു എന്താണ് നടക്കുന്നതെന്ന് എനിക്കും ഒന്നറിയണം..."


അങ്ങോര്‍ പറഞ്ഞ ആഗ്രഹം കേട്ടു ഞങ്ങള്‍ സ്വാമിമാര്‍ ഒന്നടങ്കം വെറുതെ ചിരിച്ചു. സെബാസ്റ്റ്യന്‍ചേട്ടന് ശബരിമലയ്ക്ക് പോകാന്‍ താല്‍പ്പര്യം വരാന്‍ കാരണം രസകരമായ ആ യാത്രയും അതില്‍ നിന്നു കിട്ടിയ ആനന്ദവും ആണന്നു ഞാന്‍ ആദ്യം കരുതി.
കാരണം, തികച്ചും ഒരു യാഥാസ്ഥിതിക കുടുംബമാണ് അങ്ങേരുടേത്. ശബരിമലയിലെ പ്രസാദമോ അരവണയോ കൊടുത്താല്‍ സ്നേഹപൂര്‍വ്വം നിരസിക്കണം എന്ന് പഠിച്ചു വച്ചിരിക്കുന്ന കറ തീര്‍ന്ന ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗം.
"കൊണ്ട് പോകാം...പക്ഷെ ഒരു മാസത്തേയെങ്കിലും വ്രതം വേണം. കെട്ടു താങ്ങണം. പക്കാ സ്വാമിയായാല്‍ അടുത്തതവണ കൂടെ കൊണ്ടുപോയിരിക്കും..."

സ്വതവേ ഗൌരവക്കാരനായ ഞങ്ങളുടെ പെരിയസ്വാമി കണ്ടീഷന്‍ വച്ചു.
"സമ്മതം.... അമ്പതു നോയമ്പ് എടുക്കുന്ന മ്മടടുത്താണോ സ്വാമീ കളി... ഒരു മാസമൊക്കെ നിഷ്പ്രയാസം..! പിന്നെ കെട്ടു താങ്ങുന്നത്... അത് പമ്പയില്‍ നിന്നു താങ്ങിക്കോളാം..പോരെ..?"
കാര്യങ്ങള്‍ തീരുമാനിച്ചുറച്ചത് പോലെ അങ്ങേരത് പറഞ്ഞപ്പോള്‍ എല്ലാവരുടെയും വായടഞ്ഞു.
"പിന്നൊരു കാര്യം. വേറാരും ഇത് അറിയരുത്... അത് സ്വാമിമാര്‍ എനിക്ക് ഇപ്പൊ, മാല ഊരുന്നതിനു മുന്‍പ് സത്യം ചെയ്തു തരണം....."
അങ്ങോര്‍ തിരിച്ചുമൊരു കണ്ടീഷന്‍ കൊണ്ടുവന്നു.
"ഓ... എന്നും രഹസ്യസ്വാമി ആയിരിക്കണമെന്ന്... ? ശരി സമ്മതിച്ചു."

എല്ലാവരും കയ്യടിച്ചു സംഗതി പാസ്സാക്കി. (ഞാന്‍ മനപ്പൂര്‍വം കൈയ്യടിച്ചില്ല കേട്ടോ. അതുകൊണ്ട് ഇതിവിടെ പറയാന്‍ പറ്റി..)

കാര്യങ്ങള്‍ അങ്ങനൊക്കെ ആയിരുന്നെങ്കിലും അങ്ങേരു വരും എന്നൊരു പ്രതീക്ഷ എനിക്കില്ലായിരുന്നു എന്നതാണ് സത്യം.
അടുത്ത വര്‍ഷം വൃശ്ചികം ഒന്നിന്
"എനിക്കും നോയമ്പ് ഉണ്ട്ട്ടോ സ്വാമീ .. " എന്ന് അങ്ങേരു വന്നു പറഞ്ഞപ്പോഴാണ് കാര്യങ്ങള്‍ സീരിയസ് ആയിരുന്നു എന്ന് ശരിക്കും ബോധ്യം വന്നത്. കൊന്തയായിരുന്നു ആദ്യം കഴുത്തിലെ അടയാളം.
"ഡാ...അന്നൂസേ.... ഉള്ളത് പറഞ്ഞാല്‍ ശബരിമലയ്ക്ക് പോകാന്‍ എനിക്കൊരു ചെറിയ നേര്‍ച്ച ഉണ്ട്... അതെന്തിനാണെന്ന് നീ ചോദിക്കരുതെന്നു മാത്രമല്ല നേര്‍ച്ച ഉണ്ടെന്നുള്ള കാര്യം വേറാരും അറിയുകയും ചെയ്യരുത്....."
കൊന്ത തിരുപ്പിടിച്ച് രഹസ്യസ്വാമി എന്‍റെ ചെവിയില്‍ പറഞ്ഞു.
"അതിനെന്താ ചേട്ടാ.... എത്രയോ ഹിന്ദുക്കള്‍ അരുവിത്തുറ പള്ളിയിലേക്കും വേളാംകണ്ണി പള്ളിയിലേക്കും നേര്‍ച്ചകള്‍ നേരുന്നു.... ദുഃഖവെള്ളിയാഴ്ചകളില്‍ കുരിശു മല കയറുന്നു... അത് പോലെ തന്നല്ലേ ഇതും...ആരും അറിയില്ല..." എന്ന് ഞാനും .

അങ്ങനെ മുപ്പതു ദിവസത്തെ വ്രതത്തിന് ശേഷം ഞങ്ങള്‍ കെട്ടു നിറച്ച് മലയ്ക്ക് പോയി. ഞങ്ങള്‍ കെട്ടു നിറയ്ക്കുമ്പോള്‍ അങ്ങോര്‍ ഒന്നുമറിയാത്തപോലെ നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമഞ്ഞ് എല്ലാം സൂത്രത്തില്‍ നോക്കി കണ്ടു നിന്നു. യാത്രയിലുടനീളം തികഞ്ഞ ആത്മാര്‍ത്ഥതയോടെ ശരണം വിളിച്ചു. എരുമേലിയിലെ വാവരുപള്ളി അതിശയത്തോടെ ചുറ്റി നടന്നു കണ്ടു. അയ്യപ്പന്‍റെയും വാവരുടെയും സൌഹൃദത്തിന്‍റെ കഥ വ്യക്തമായി പെരിയസ്വാമിയോടു ചോദിച്ചു മനസ്സിലാക്കി. കന്നി പോകുന്നത് കൊണ്ട് കുടവണ്ടി കുലുക്കി, കുടവയറുള്ള മറ്റു തമിഴ് അയ്യപ്പന്മാരോടൊപ്പം ചേര്‍ന്ന് സൂത്രത്തില്‍ പേട്ടതുള്ളി. (ആ കൂട്ടത്തിലാകുമ്പോള്‍ ചെണ്ടമേളം ഫ്രീ ആണല്ലോ)

പമ്പയില്‍ എത്തി കെട്ടു നിറച്ചു. ശരണം വിളിച്ച് പുതിയ മാല കൊന്തയ്ക്കൊപ്പം അണിഞ്ഞു. വിശ്വസത്തിന്റെ കൊന്തയും വ്രതം നോറ്റ മാലയും ചേര്‍ന്നുപിണഞ്ഞു അങ്ങേരുടെ  കഴുത്തില്‍ മതേതരത്വം പൂത്തുലയുന്നത് ഞങ്ങള്‍ ആദരവോടെ നോക്കി നിന്നു. കറുപ്പുടുത്ത്, കറുപ്പുകച്ച കെട്ടി, പമ്പാ ഗണപതിക്ക്‌ തേങ്ങ ഉടച്ച്, പടിക്കെട്ടില്‍ കര്‍പ്പൂരവും സാമ്പ്രാണിയും കത്തിച്ച്, ഉച്ചത്തില്‍ ശരണം വിളിച്ചു അങ്ങേര്‍ ഞങ്ങള്‍ക്കൊപ്പം ഭക്തിപുരസരം മല കയറി.

ആ മനുഷ്യന്‍റെ ആത്മാര്‍ഥത ഞങ്ങള്‍ക്കൊരു കൌതുകവും ഒപ്പം പ്രചോദനവും ആയിരുന്നു. എല്ലാം ഒന്നായ പോലൊരു തോന്നല്‍ ശരിക്കും പറഞ്ഞാല്‍ അന്നാണുണ്ടായത്. 'തത്ത്വമസി'.......!!

മരക്കൂട്ടത്തെത്തിയപ്പോള്‍ ആണ് രസകരവും വിചിത്രവും അതിലേറെ അപ്രതീക്ഷിതവും അതിനുമുപരി ഈ കുറിപ്പിനാധാരമായതുമായ ആയ ആ സംഗതി സംഭവിച്ചത്. അയ്യപ്പനെകണ്ട് പുണ്യം നേടി തിരിച്ചിറങ്ങി വരുന്ന ഒരുകൂട്ടം ഭക്തന്മാര്‍ക്കിടയില്‍ ഒരു 'സ്പെഷ്യല്‍' സ്വാമിയെ കണ്ടു ഞങ്ങള്‍ ഒന്നടങ്കം ഞെട്ടി. അതും ഒരു ‘രഹസ്യസ്വാമി’ ആയിരുന്നു. സെബാസ്റ്റ്യന്‍ ചേട്ടന്‍റെ ഒരേ ഒരു അളിയന്‍ ജോണിച്ചേട്ടന്‍ ആയിരുന്നു അത്.

രഹസ്യസ്വാമിമാര്‍ പരസ്പ്പരം കണ്ട മാത്രയില്‍ ഞെട്ടിത്തരിച്ചു, വാ പൊളിച്ചു കുറെ നേരം സ്തബ്ധരായി നോക്കിനിന്നു.

രഹസ്യ സ്വാമിമാര്‍ പിടിക്കപ്പെട്ടിരിക്കുന്നു...!!! ഞങ്ങളുടെ ശരണം വിളികള്‍ ഒരു നിമിഷം സ്വയമറിയാതെ തടസപ്പെട്ടു. അങ്ങനെ കുറെ നേരം നോക്കി നിന്ന ശേഷമാണ് ഇരുവര്‍ക്കും, ഞങ്ങള്‍ക്കും പരിസരബോധം വീണ്ടു കിട്ടിയത്.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും  നോക്കി ചിരിയായി. അതും കുറെ നേരം തുടര്‍ന്നു. ജോണിച്ചേട്ടന്‍ ആണെങ്കില്‍ പണ്ടേ ആളൊരു രസികന്‍ ആണ്. സംഗതിക്കൊരു വിരാമമായി അങ്ങേര്‍ ‍ഞങ്ങളുടെ ടീമിനെ നോക്കി അത്യുച്ചത്തില്‍ ശരണം നീട്ടി വിളിച്ചു.
"സ്വാമിയേ............................................"
"ശരണമയ്യപ്പാ......................................!"
അതേ ശബ്ദത്തില്‍, ഒച്ചയില്‍, അതേ വാശിയില്‍ ഞങ്ങളും ഏറ്റുവിളിച്ചു.
പിന്നെ കുറെ നേരത്തേക്ക് ശരണം വിളിയുടെ പൊടിപൂരമായിരുന്നു. സെബാസ്റ്റ്യന്‍ ചേട്ടന്‍റെ ടീം ഒരുവശത്ത്, ജോണിചേട്ടന്‍റെ ടീം മറുവശത്ത്. കടന്നു പോകുന്ന ഭക്തന്മാരും ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് അയ്യപ്പന്മാരും ഒക്കെ സന്തോഷത്തോടെ ഞങ്ങളുടെ ആവേശം ശ്രദ്ധിച്ചു നിന്നു. അഞ്ചു മിനിറ്റോളം നീണ്ട ശരണം വിളിക്ക് ശേഷമാണ് ആവേശം ഒന്ന് തണുത്ത് ഇരുകൂട്ടര്‍ക്കും അടക്കംവന്ന്  പിരിയാന്‍ പറ്റിയത്.

പിരിയുന്നതിനു മുന്‍പ് ഇരുവരും പരസ്പ്പരം നോക്കി കണ്ണുകളിറുക്കി.
"സെബാസ്റ്റ്യന്‍ സ്വാമിയേ..യേ..യേ..യേ..യേ..യേ.................."
"ശരണമയ്യപ്പ....................!"
"ആരോടും പറയരുതെന്‍റെ സ്വാമിയേ..യേ..യേ..യേ.................."
"ശരണമയ്യപ്പാ..............!"
"നമ്മളറിഞ്ഞാല്‍ മതി ജോണിസ്വാമിയേ..യേ..യേ..യേ............."
"ശരണമയ്യപ്പാ.................!"
നര്‍മ്മത്തില്‍ പൊതിഞ്ഞ് ശരണംവിളിച്ച് ജോണിച്ചേട്ടന്‍ മലയിറങ്ങി. ഞങ്ങള്‍ ആവേശം വിടാതെ ശരണം നീട്ടി വിളിച്ചു മല കയറി.

മതത്തിന്‍റെ വേലിക്കെട്ടുകള്‍ക്കുമപ്പുറത്തുള്ള രസകരമായ ആനന്ദം പകര്‍ന്നു തന്ന നിര്‍വൃതിയില്‍ അലിഞ്ഞ് ഞാനും ശരണം മന്ത്രങ്ങളില്‍ ലയിച്ചു.

18 comments:

  1. 'യാദൃശ്ചികതയുടെ അങ്ങേയറ്റം' എന്ന് പറയണോ, 'ദൈവത്തിന്റെ വികൃതികൾ' എന്ന് പറയണോ എന്ന് ഒടുക്കത്തെ കൺഫ്യൂഷൻ! മറ്റൊന്നും പറയാനില്ല. സ്വാമിയേ...!

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും ഗോവിന്ദാ....!

      Delete
  2. ഹൃദ്യമായ രചന.
    മതത്തിന്‍റെ വേലിക്കെട്ടുകള്‍ക്കപ്പുറത്തുള്ള രസകരമായ ആനന്ദം പകര്‍ന്നുതന്ന നിര്‍വൃതിയില്‍ അലിഞ്ഞ് ഞാനും ശരണമന്ത്രങ്ങളില്‍ ലയിച്ചു.
    "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്"
    ഇതെത്ര നിര്‍വൃതിദായകം അല്ലേ!
    കൂട്ടില്‍നിന്നും കണ്ണുവെട്ടിച്ച്‌ പുറത്തുചാടുന്ന കുഞ്ഞാടുകളെ കൂട്ടിലാക്കാന്‍ നിഷ്കര്‍ഷ
    പാലിക്കുന്ന ഇടയന്മാരാണ്‌ ഇന്നധികവും...
    തുരുത്തുകളും,കൂടുകളും കൂടിവരുന്നു....
    ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ തങ്കപ്പന്‍ ചേട്ടാ...

      Delete
  3. മനസ്സിലെ നന്മയാണ് ഈശ്വരന്‍... അതിനപ്പുറമുള്ള വേലിക്കെട്ടുകള്‍ തീര്‍ത്തത് മനുഷ്യരല്ലേ?

    ReplyDelete
    Replies
    1. ഈ വേലിക്കെട്ടുകള്‍ പൊളിഞ്ഞു വീഴുന്ന ഒരുയ കാലം വരാതിരിക്കില്ല എന്നാശ്വസിക്കാം. ആശംസകള്‍ പ്രിയ മുബി ബഹന്‍.

      Delete
  4. കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി വേർതിരിക്കുന്നത് ഈ നന്മയാണ് ...ആശംസകൾ

    ReplyDelete
    Replies
    1. തീര്‍ച്ചയായും.... കേരളം സ്നേഹക്കൂടാരം തന്നെ...

      Delete
  5. വളരെ മനോഹരമായി ആലേഖനം
    ചെയ്തിരിക്കുന്ന ഒരു ഹൃദ്യമായ രചന...

    ReplyDelete
    Replies
    1. ഏറെ ഏറെ സന്തോഷം പ്രിയ മുരളിയേട്ടാ... ഒപ്പം ആശംസകളും

      Delete
  6. അങ്ങനെ രഹസ്യസ്വാമിമാർ പരസ്പരം കൂട്ടിമുട്ടിയ അല്ല കണ്ടുമുട്ടിയ നിമിഷം.... ആ ശരണം വിളിയിലെ വരികൾ .... കൊള്ളാമല്ലോ അന്നൂസ് ... ഇത് നേരത്തെ പോസ്റ്റ് ചെയ്തിരുന്നതാണോ ? വായിച്ചിട്ടുള്ളപോലെ..

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും ആശംസകള്‍. നേരത്തെ പോസ്റ്റ്‌ ചെയ്തിരുന്നതാണ്. e-മഷിയില്‍.

      Delete
  7. Replies
    1. സ്വാമിയേ........... ശരണമയ്യപ്പ

      Delete
  8. എവിടാരുന്നു അന്നൂസേ
    അഞ്ചാറു മാസമായല്ലോ കണ്ടിട്ട്? ഇത് ശരിയല്ല. തുടർച്ചയായി എഴുതണം. എഴുതാൻ ഒന്നുമില്ല എന്ന് പറയരുത്. കാരണം നമ്മളാരും അങ്ങ് വേൾഡ് ക്ലാസ്സിക് ഒന്നുമല്ലല്ലോ എഴുതുന്നത്. അത് കൊണ്ട് മര്യാദയ്ക്ക് ഇടയ്ക്കിടെ രംഗത്ത് വരണം.

    കഥ-സംഭവം- ഗംഭീരമായി . അതിനു പ്രധാന കാരണം മത സൗഹാർദ്ദം വലിച്ചു കയറ്റാഞ്ഞത് തന്നെ. ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ തന്നെ. ഇപ്പോഴാണ് ഇതിനൊക്കെ നമ്മൾ മതത്തിന്റെ നിറം കൊടുക്കുന്നത്. കേട്ട് നിറയ്ക്കുമ്പോൾ അത് കാണാൻ അയൽക്കാർ വരുന്നത് പണ്ടൊക്കെ സ്ഥിരം കാഴ്ചകൾ.

    പിന്നെ എഴുത്തു. അത് നന്നായി നല്ല അവതരണം. സ്വാഭാവികമായ വിവരണം. ക്ളൈമാക്സ് അപ്രതീക്ഷിതം. ശരണം വിളിയിലൂടെ കാര്യം അവതരണം. "ആരും അറിയല്ലേ '' എന്നൊക്കെ ഉള്ളത്. നർമം സ്വാഭാവികമായി വന്ന ഒരു രചന. സ്വാമി ശരണം

    ReplyDelete
    Replies
    1. ആഹാ... എഴുതിയത് വെറുതെ ആയില്ല എന്നൊരു തോന്നല്‍.... ആശംസകള്‍ പ്രിയ ബിബിന്‍ചേട്ടാ...

      Delete
  9. കൊള്ളാം. നാന്നായി. കയ്യടിക്കാതിരുന്നതുകൊണ്ട് ഞങ്ങൾക്ക് വായിക്കാനും പറ്റി.. :)

    ReplyDelete
    Replies
    1. വരവിനും പ്രോത്സാഹനത്തിനും ആശംസകള്‍ തിരകെ... പ്രിയ ഹരിനാഥ്

      Delete