ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday, 27 December 2024

നിധികുംഭം (കഥ)

 

ലിപൂണ്ട് നില്‍ക്കുന്ന കൊടുംകാറ്റു പോലെയായിരുന്നു അപ്പോള്‍ സുമേടത്തി. അമ്പിളിച്ചേട്ടന്‍ പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞു പാഞ്ഞു ചെന്നതായിരുന്നു ഞാന്‍. 
 
ന്‍റെ സുമേഷേ....'  എന്നെ കണ്ട മാത്രയില്‍ കണ്ണീര്‍ തുടച്ചെറിഞ്ഞു സുമേടത്തി പാഞ്ഞെത്തി. 'ഇന്നലെ കഷ്ടകാലത്തിനു ഇവിട്യായിരുന്നു അയല്‍കൂട്ടം... കഴിഞ്ഞാഴ്ച കൂടിയശേഷം പിരിവുവന്ന നല്‍പ്പത്തയ്യായിരം രൂപ എല്ലാവരും ചേര്‍ന്ന് ന്‍റെ കയ്യിലാ തന്നുവിട്ടത്. ഈ ആഴ്ച ഇവ്ടല്ല്യോ... ന്നോട് സൂക്ഷിച്ചോളാന്‍ പറഞ്ഞു വിശ്വസിച്ച് എല്പ്പിച്ചതാണ്.... എന്നിട്ടിന്നലെ കാശ് സൂക്ഷിച്ചിരുന്ന ബാഗില്‍ നോക്കിയപ്പോ കാണാനില്ല... രണ്ട് ദിവസം മുന്‍പ് കൂടി അതെടുത്ത് വീണ്ടും എണ്ണിത്തിട്ടപ്പെടുത്തി തിരികെ വച്ചതാ... അതിനു ശേഷമാ കളവു പോയത്... ഈ വീട്ടില്‍ ഇനി തപ്പാന്‍ ഒരിടവും ബാക്കിയില്ല.. ഇന്നലെ അയല്‍കൂട്ടം നടന്നില്ല... അവളുമാരെല്ലാവരും കൂടി ഇന്ന് രാവിലെ ന്‍റെ പേരില്‍ ഒരു കേസ്സങ്ങടു കൊടുത്തു. രാവിലെ അദിയാന്‍ പണിക്കും  പോയി, പൊന്നു സ്കൂളിലും പോയിക്കഴിഞ്ഞപ്പോള്‍ ദേ രണ്ടു വനിതാ പോലീസ്സുകാര്‍ മുറ്റത്ത്... ഇന്നുച്ചവരെ പോലീസ് സ്റ്റേഷനിലായിരുന്നു ഞാന്‍.... പന്ത്രണ്ടുമണി കഴിഞ്ഞപ്പോള്‍  ആ നശിച്ച കാലമാടന്‍ ദേ ഓടിക്കിതച്ചു എത്ത്യേക്കുന്നു.... അങ്ങേരാ കാശെടുത്തതെന്നും പറഞ്ഞു...

എന്നിട്ട്...

എന്നിട്ടെന്താ... അങ്ങേരെ പിടിച്ചു ഉള്ളിലിട്ടു എന്നെ പോലീസ്സുകാര് പറഞ്ഞു വിട്ടു... എന്നാലും അങ്ങേരിതു എന്നോട് ചെയ്തല്ലോ സുമേഷേ....’  സുമേടത്തി നെഞ്ചത്തടിച്ചു നിലവിളിച്ചു.

ഇന്ന് വരെ ഒരഞ്ചു പൈസ്സായുടെ പോലും പേരുദോഷം കേള്പ്പിക്കത്തവളാ ഞാന്‍. നിനക്കറിയില്ലേ... എന്നിട്ടിപ്പോ ഞാന്‍ സ്നേഹിച്ചു വച്ചോണ്ടിരുന്ന ആ പണ്ടാരക്കാലന്‍ തന്നെ എനിക്കിട്ടു പണി തന്നില്ലേ.....?

എന്നാലും അമ്പിളിച്ചേട്ടന്‍ അങ്ങനെ ചെയ്യുമോ...? വിശ്വസിക്കാന്‍ പറ്റുന്നില്ല....

ചെയ്യുമെടാ ചെയ്യും... കാശിന്റെ കാര്യം വരുമ്പോള്‍ എല്ലാവന്റെയും സ്നേഹമോക്കെയങ്ങു പോകും... പോലീസ്സുകാര് ചോദിച്ചപ്പം പറയുകാ ആര്‍ക്കാണ്ട് പലിശപൈസ്സാ കൊടുക്കാന്‍ വേണ്ടി എടുത്തതാണെന്ന്... സമയത്ത് തിരികെ വയ്ക്കാന്‍ പറ്റിയില്ലെന്നു.... ഇതിയാന്‍ പലിശയ്ക്കു കാശു കടമെടുത്ത കാര്യം ആരറിഞ്ഞു.... ഒളിച്ചു വയ്ക്കാന്‍ അതിയാന്‍ അല്ലേലും പണ്ടേ വിദഗ്ദനാ....
സുമേടത്തി കണ്ണീരൊഴുകുന്ന കവിളുകള്‍ക്കിടയിലെ മൂക്കിന്മേല്‍ വിരല്‍ വച്ചു.

ഇറക്കാന്‍ പോകേണ്ടയോ...? എന്റെ ചോദ്യം സുമേടത്തിയെ വീണ്ടും കൊടുംകാറ്റാക്കി.

എന്തിന് അവിടെ കിടക്കട്ടെ.... എന്നോട് അല്‍പ്പമെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇത് ചെയ്യുമായിരുന്നോ...? ഞാനിപ്പോ നാട്ടാരുടെ മുന്‍പില്‍ കള്ളിയായില്ലേ.... രണ്ടെണ്ണം കൂടുതല്‍ കൊടുക്കണമെന്ന്   പരിചയമുള്ള ഒരു പോലീസ്സുകാരനോട് പറഞ്ഞിട്ടാ ഞാന്‍ പോന്നത്... മേലില്‍ ഇത്തരം പണി കാണിക്കരുത്...

അത് വേണ്ടായിരുന്നു... ഞാന്‍ വിയോജിച്ചു.
 
എന്നാലും എന്റെ സുമേഷേ... ഇതിയാന്‍ ഇങ്ങനെ ചെയ്യുമെന്ന് ഒരു ഊഹവുമില്ലായിരുന്നു.. മതിയാകാതെ വീണ്ടും സുമേടത്തി അത്ഭുതം കൂറി നിന്നു, ഞാനും.
 
ആ സംഭവിച്ചത് സംഭവിച്ചു. ഇനിയെങ്കിലും കാശൊക്കെ വയ്ക്കുമ്പോള്‍ ആരും കാണാത്തിടത്തു ഭദ്രമായി വയ്ക്കണം.... എന്റെ വക ഉപദേശം.

     പൊന്നു ഒരു സ്ത്രീയുടെ കൈ പിടിച്ചു ഗര്‍വ്വോടെ വീടണഞ്ഞു.
ന്‍റെ ടീച്ചറാ....... അവള്‍ ആ സ്ത്രീയുടെ കൈപിടിച്ചുയര്‍ത്തി അഭിമാനത്തോടെ പറഞ്ഞു.

ടീച്ചറെ... വാ ഇരിക്ക്..... സുമേടത്തി അങ്ങോട്ടുമിങ്ങോട്ടും പരചക്രം വച്ചു.
എന്താ ടീച്ചറെ,പതിവില്ലാതെ.. പൊന്നു വല്ല കുസൃതിയും ഒപ്പിച്ചോ...? ആകെ കഷ്ടകാലത്തില്‍ നിക്കുവാ.. ഇനി അതിന്റെ കൂടെ കുറവേ ഉള്ളു...

അവള്‍ ക്ലാസ്സിലെ ഏറ്റവും നല്ല കുട്ടിയാ.... ടീച്ചര്‍ സന്തോഷത്തോടെ അവളെ ചേര്‍ത്തു പിടിച്ചു നിന്നു.

ഇന്നു നിങ്ങളോടു സ്കൂളിലേക്ക് വരാന്‍ പൊന്നുവിന്‍റെടുത്ത് ഇന്നലെ പറഞ്ഞു വിട്ടിരുന്നല്ലോ.... എന്താ വരാതിരുന്നത്...? അവള്‍ പറഞ്ഞില്ലേ...?

ഇല്ല.... എന്താടി നീ പറയാതിരുന്നത്........? സുമേടത്തി അമ്പിളിച്ചേട്ടനോടുള്ള  ദേഷ്യം പോന്നുവിനോട് കാട്ടി.

ഞാന്‍ മറന്നു പോയമ്മേ.... സോറി..... അവള്‍ തെല്ലു ഭയപ്പാടോടെ കിണുങ്ങി.
ങാ സാരമില്ല.... ടീച്ചര്‍ ഇടപെട്ടു. അവള്‍ കുട്ടിയല്ലേ.... ഇന്നലെ അവളുടെ ബാഗില്‍ ഇരുന്നു കുറെയധികം ക്യാഷ് കിട്ടിയിരുന്നു... അത് പ്രിന്‍സിപ്പലിന്റെ കൈയ്യില്‍ ഉണ്ട്... അത് വന്നു വാങ്ങണം.... അത് പറയാനാ ഞാന്‍ വന്നത്....

സുമേടത്തിയുടെ മുഖം രക്തയോട്ടം കുറഞ്ഞ് കരിവാളിക്കുന്നതു കണ്ടു. ടീച്ചര്‍ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സുമേടത്തി ഇടിവെട്ടേറ്റു നിന്നു.
എന്താ ചേച്ചി... കാശ് വച്ച ബാഗ് മാറി പോയോ...? ഞാന്‍ അര്‍ത്ഥഗര്‍ഭമായി അവരെ നോക്കി.

പൊന്നുവിന്റെ പഴയ ഒരു സ്കൂള്‍ബാഗിലാ കാശൊക്കെ  സൂക്ഷിക്കുന്നത്..... രണ്ടു ദിവസം മുന്‍പ് എണ്ണി വച്ച വഴി മാറി പോയതാകുമോ...? ഞാനപ്പോള്‍ പൊന്നുവിനെ പഠിപ്പിക്കുകയായിരുന്നു... സുമേടത്തി തളര്‍ന്നു വരാന്തയില്‍ ഇരുന്നു.

  ഇരുട്ടുന്നതിനു മുന്‍പേ ഉള്ള നേര് തുറന്നു പറഞ്ഞു പോലീസ്സുകാരുടെ വായീന്ന് കേള്‍ക്കാനുള്ള തെറിയും കേട്ട് അമ്പിളിച്ചേട്ടനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ കഴിഞ്ഞു. വാടിയ ചെടിതണ്ട് പോലെയായിരുന്നു അയാള്‍. ഞാനയാളെ ഒരുവശം താങ്ങി സ്റ്റേഷന്‍റെ മുറ്റത്തേക്ക്‌ കൊണ്ടുവരുമ്പോള്‍, സുമേടത്തിക്ക് ഒരു കുറ്റവാളിയുടെ ഭാവമായിരുന്നു. ഓടിയെത്തി മറുവശം താങ്ങുമ്പോള്‍ സുമേടത്തി വിങ്ങിപ്പൊട്ടി.

എന്തിനാ മനുഷേനെ ഇങ്ങനൊരു കള്ളം പറഞ്ഞത്...?

അവര് നിന്നെ തല്ലാണ്ടിരിക്കാന്‍ ഞാന്‍ ആലോചിച്ചിട്ട് വേറെ വഴിയൊന്നും കിട്ടിയില്ല സുമീ..... ആക്കംകെട്ട് അയാള്‍ പുലമ്പി. സുമേടത്തി പരിസരം മറന്ന് അയാളെ ചുംബനങ്ങള്‍ക്കൊണ്ട് മൂടി. അന്ന് സുമേടത്തി വീട്ടിലേക്കു കൊണ്ട് പോയത് അമ്പിളിച്ചേട്ടനെ ആയിരുന്നില്ല, സ്നേഹം ആവോളം അടച്ചു സൂക്ഷിച്ച ഒരു നിധികുംഭമായിരുന്നു. 



annusones@gmail.com

No comments:

Post a Comment