ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 27 January 2014

സ്വാസ്ഥ്യം (കഥ)

     തളർന്നു കിടക്കുന്ന ഭാര്യയുടെ മുൻപിലേക്ക് മധു ഇന്ദുവിനെ നീക്കി നിർത്തി. ഇരുൾ പരന്ന മുറിയിൽ പുറത്തേക്കു തുറക്കുന്ന ജനാലയ്ക്ക് അഭിമുഖമായാണു ദേവിയുടെ കട്ടിൽ പ്രതിഷ്ഠിച്ചിരുന്നത്. വെളിച്ചത്തിനെതിരെ കണ്ണുകൾ ഇറുക്കി, ഇന്ദുവിന്റെ മുഖം കാണാൻ ദേവി നന്നെ പാടു പെട്ടു.
‘വീടെവിടാ...’ പ്രയാസപ്പെട്ട് ദേവി ഇന്ദുവിനോടായി ചോദിച്ചു.
‘കാണംകോട്ടുകര....നിനക്കു പരിചയം കാണില്ല...’ മധുവാണു മറുപടി പറഞ്ഞത്. അയാൾ രസിക്കാതെ നിന്നു.
‘മധുവേട്ടൻ ഒന്നു പൊയ്ക്കേ....ഞാനിവളോടൊന്നു സംസാരിക്കട്ടെ...’ ദേവി അസ്വസ്ഥതപ്പെട്ടു.
ഇന്ദു ആശ്രയത്തിനായി നോക്കുന്നതു ഗൗനിക്കാതെ അയാൾ മുറിവിട്ട് പുറത്തേക്ക് പോയി.  മധു കോണിപ്പടികളിറങ്ങുന്നതു ഉറപ്പു വരുത്തിയ ശേഷം ദേവി ദീർഘമായി നിശ്വസിച്ച്,  ഇന്ദുവിലേക്ക് തിരിച്ചെത്തി.
‘എന്റെ അടുത്തിരിക്കു...’ ദേവി യാചിച്ചു. ഇന്ദു തെല്ലു മടിച്ച് പരുങ്ങി നിന്നു.
‘മുറിയിൽ ദുർഗന്ധമുണ്ടോ....ഞാൻ എല്ലാ കാര്യങ്ങളും ഇവിടെ കിടന്നു കൊണ്ടാണു....’  തേച്ചു മിനുക്കാത്ത, മെഴുകിനെ അനുസ്മരിപ്പിക്കുന്ന പല്ലുകൾ കാട്ടി ദേവി ചിരിക്കാൻ ശ്രമിച്ചു. മൂക്കിനു താഴെ ഉരുണ്ടിറങ്ങിയ വിയർപ്പുതുള്ളികൾ തുടച്ചു നീക്കി, അറവുമാടിനെപ്പോലെ ഇന്ദു നിസഹായയായി നിന്നു.
‘മധുവേട്ടൻ അടുത്തു നിന്നും പോയപ്പോൾ ഒരു ധൈര്യക്കുറവു തോന്നുന്നുണ്ടോ..? ’ അപ്രതീക്ഷിതമായ ആ ചോദ്യത്തിൽ ഇന്ദു പകച്ചു.
‘ഞാനും ഒരു പെണ്ണാണു...’ ആരോടെന്നില്ലാതെ ദേവി പറഞ്ഞു. വളരെ പതുക്കെ ഇന്ദു കട്ടിലിന്റെ ഓരം പറ്റി ഇരുന്നു.
‘നിന്റെ പേരെന്താ..?’
‘ഇന്ദു..’
‘ത്രാ വയസ്..? ’
‘ഇരുപത്തിനാലായി..’
‘ഏതുവരെ പഠിച്ചു..’
‘പ്ളസ്റ്റൂ..’
‘മറ്റു ജോലിക്കൊന്നും ശ്രമിച്ചില്ലേ..?’
‘അതിനുള്ള പിടിപാടൊന്നും എനിക്കില്ല ചേച്ചി...’
‘നിനക്ക്....’ നാക്കു കുഴഞ്ഞപ്പോൾ ദേവി തല്ലിട നിർത്തി,പതിവായി ചെയ്യാറുള്ളതു പോലെ തല മേലോട്ടു ചെരിച്ച് കണ്ണുകൾ ഇറുക്കി അടച്ച് വിശ്രമിച്ചു. ഇന്ദുവിന്റെ ഉച്ഛ്വാസനിശ്വാസങ്ങൾ മാത്രം അപ്പോൾ ഉയർന്നു കേട്ടു.
‘ചേച്ചിക്കിനി ഒരിക്കലും എണീറ്റു നടക്കാൻ പറ്റില്ലേ...’ ഇന്ദു,ദേവിയുടെ തളർന്ന കൈകളിൽ തൊട്ടു.
‘മധുവേട്ടൻ അങ്ങനെ പറഞ്ഞോ..? ’ ദേവി കണ്ണുകൾ തുറക്കാതെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘ഊം....’ മൂളുമ്പോൾ എന്തോ ഒരു തെറ്റു ചെയ്യുന്ന പോലെ തോന്നി ഇന്ദുവിനു. ബെഡ്ഷീറ്റിൽ നഖങ്ങൾ കൊണ്ട് ചുരണ്ടി, ഇന്ദു മറ്റെവിടെയ്ക്കോ ദൃഷ്ട്ടി പായിച്ചു.
       പിന്നെ ഏറെ നേരത്തെ നിശബ്ദതയായിരുന്നു. ഒന്നു രണ്ടു തവണ ദേവിയുടെ ആക്കം കുറഞ്ഞ നെടുവീർപ്പുകൾ മാത്രം പാതി ഇരുട്ടു വീണ മുറിയിൽ അലയടിച്ചു. അകലെയെവിടെയോ ഒരു ചൂളംവിളി മുഴങ്ങി. ഉച്ചത്തിലുള്ള ആ ശബ്ദം അവസാനിച്ചപ്പോൾ ദേവി അസ്വസ്തതപ്പെട്ട്,മുഖം ചുളിച്ച് ഇന്ദുവിനെ നോക്കി.
‘പുറത്തെ ചൊറിച്ചിലാണു സഹിക്കാൻ പറ്റാത്തതു.....ഒരേ രീതിയിലുള്ള കിടപ്പല്ലെ..’
‘ഞാൻ ചൊറിഞ്ഞു തരട്ടെ...’ ഇന്ദു,ദേവിയെ ചുമലിൽ താങ്ങി ചെരിച്ചുകിടത്തിയപ്പോൾ അവൾ അനുസരണയോടെ അനുവദിച്ചു.
‘അവിടവിടെ തൊലി പൊട്ടിയിട്ടുണ്ടല്ലൊ ചേച്ചി..വേദന ഉണ്ടോ..?
’ചൊറിച്ചിലും വേദനയും ചേരുമ്പോൾ ഉള്ള സുഖം ഒരാശ്വാസമാണു...‘.
’നിങ്ങൾക്ക് കുട്ടികൾ ‘ഇല്ലെന്നാണു അദ്ദേഹം പറഞ്ഞതു..? ’ മുറിവുകൾക്കിടയിലൂടെ പുറം തടവുന്നതിനിടയിൽ ഇന്ദു ദേവിയോടായി തിരക്കി..
‘കുട്ടികൾ ഉണ്ടാകാത്തതിൽ അന്നൊക്കെ ഒരുപാടു സങ്കടപ്പെട്ടിട്ടുണ്ട്.....ഇപ്പോൾ തോന്നുന്നു അതെത്ര നന്നായെന്ന്...’
‘എനിക്കൊരു മോനുണ്ട്..’ ദേവിയെ നേരെ കിടത്തുന്നതിനിടയിൽ ഇന്ദു ജ്യാള്യതയോടെ പറഞ്ഞു.
‘നിന്റെ കല്യാണം കഴിഞ്ഞതാണോ..?’ ദേവി ആശ്ചര്യപ്പെട്ടു.
‘കല്യാണം കഴിഞ്ഞിട്ടില്ല....’ ഇന്ദു തല കുനിച്ചു.
‘പിന്നെയാരാ...’ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യം ചോദിച്ചതു പോലെ ദേവി പെട്ടെന്നു നിർത്തി.
‘വീടിനടുത്തു താമസിച്ചിരുന്ന ആളാ...മോൻ വയറ്റിലുണ്ടായത് അറിയും മുൻപേ ഒരു വണ്ടിയപകടത്തിൽ ആയാളു പോയി...’ ഇന്ദു നിർവികാരതയോടെ പറഞ്ഞു. വീണ്ടും കുറെ നേരത്തേക്ക് നിശബ്ദത പടർന്നു.
‘നിന്റെ മോനിപ്പോൾ എവിടെ...?’
‘രണ്ടു വയസാകുന്നതെ ഉള്ളു....ഡേകെയറിലാക്കിയിട്ടാ വന്നത്...’
‘വീട്ടിൽ വേറാരുമില്ലേ,നിനക്ക്....?’
‘എല്ലാവരുമുണ്ട്....എന്നോടാരും സഹകരണമില്ല....മോനുണ്ടായതിൽ പിന്നെ ഞാൻ വാടകയ്ക്കാ..’ ഇന്ദു ദേവിയുടെ കൈകൾ മെല്ലെ തിരുമികൊണ്ടിരുന്നു. ശക്തമായ കാറ്റിൽ ജനൽ പാളികൾ അടഞ്ഞ് മുറിയിൽ നന്നെ ഇരുട്ടു പരന്നു.
‘മധുവേട്ടനെ എങ്ങിനാണു പരിചയം...’ ഇരുട്ടിന്റെ മറ സൗകര്യമാക്കി ദേവി ചോദിച്ചു.
‘അതു പറഞ്ഞാൽ ചേച്ചിക്കിഷ്ടപ്പെടില്ല...’
‘പറയു...’ മൃദുവായി ചിരിച്ച് ദേവി പ്രോത്സാഹിപ്പിച്ചു.
‘രണ്ടുമൂന്നു തവണ പണത്തിനു വേണ്ടി കൂടെ കിടന്നിട്ടുണ്ട്..’
‘ഞാൻ ഊഹിച്ചു....’ ദേവിയുടെ ഉള്ളിലെ നെരിപ്പോടിലേക്ക് ഒന്നുരണ്ട് കണ്ണീർകണങ്ങൾ ഇറ്റുവീണു ഞൊടിയിടയിൽ വറ്റി അപ്രത്യക്ഷമായി.
‘ഇങ്ങനെ കിടക്കുന്ന ചേച്ചിയോടെനിക്ക് കള്ളം പറയാൻ ആവില്ല...ചേച്ചിയെ നോക്കുന്നതിനും പിന്നെ കൂടെ കിടക്കുന്നതിനും ചേർത്താ എനിക്കു ശമ്പളം പറഞ്ഞിരിക്കുന്നത്...’ ദേവി പിന്നെയും കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
‘ചേച്ചിക്ക് വിഷമമായൊ..?’ ഇന്ദു ദേവിയുടേ കൈകൾ എടുത്തുയർത്തി തന്റെ മാറോടു ചേർത്തു.
‘ഇല്ല....’ ദേവി മുഖം തിരിച്ചു.
‘എനിക്കും എന്റെ മോനും മറ്റു മാർഗങ്ങളൊന്നുമില്ല ചേച്ചീ...ഞാൻ ചേച്ചിയെ പൊന്നു പോലെ നോക്കിക്കോളാം...’ ഇന്ദുവിന്റെ കവിളുകളിൽ കൂടി തിളച്ച കണ്ണുനീർ ഒലിച്ചിറങ്ങുന്നത് ദേവി കണ്ടില്ല.
‘നീ നാളെ വരുമ്പോൾ നിന്റെ മോനെ കൂടി കൊണ്ടു വരൂ......ഈ കട്ടിലിനരുകിൽ ഒരു തൊട്ടിൽ കെട്ടാം...അവൻ എനിക്കൊരാശ്വാസമാകും...‘
ഇന്ദു ദേവിയുടെ കൈ മാറിൽ നിന്നെടുത്ത് തന്റെ ചുണ്ടുകളോടടുപ്പിച്ചു.

20 comments:

  1. നല്ല കഥ.
    ജീവിതത്തിന്റെ ഓരോരു ഭാവങ്ങള്‍ ....
    ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. ആദ്യ പ്രോത്സഹനത്തിനുള്ള സന്തോഷം അറിയിക്കട്ടെ,റാംജിയേട്ടാ...

      Delete
  2. സിമ്പിള്‍ ആയ ഒരു കഥ
    സിമ്പിള്‍ മനുഷ്യര്‍ക്ക് ഇഷ്ടപ്പെടും, എന്നെപ്പോലെ!!!

    ReplyDelete
  3. നല്ല കഥ. ആശയപരമായും വലിച്ചുനീട്ടാതെയുള്ള എഴുത്തും ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. പ്രിയ ഹരിനാഥ്...പകരമായി എന്റെ സ്നേഹം അറിയിക്കട്ടെ !

      Delete
  4. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ
    ശരവേഗത്തില്‍ ഉള്ളില്‍ മുറിവേല്‍പ്പിക്കുന്ന അളന്നുമുറിച്ച വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പൻ ചേട്ടാ, പ്രോത്സാഹനത്തിനു സന്തോഷം അറിയിക്കട്ടെ

      Delete
  5. സ്നേഹവും പ്രണയവും ഇല്ല . കാമം മാത്രം. നല്ല കഥ.

    ReplyDelete
    Replies
    1. ചേട്ടാ...സ്ഥലത്തുണ്ടായിരുന്നുവോ..? ബ്ലോഗിലേക്ക് വിണ്ടും വന്നതിലുള്ള സന്തോഷം അറിയിക്കുന്നു. ചേട്ടന്റെ ബ്ലോഗ് ലിങ്ക് തരുമോ..?

      Delete
    2. ഫോളോ ചെയ്തു കഴിഞ്ഞു

      Delete
  6. Nalla kadha...nannayi ezhudi....evdeyo oru nombaram....indu vinodo deviyodo ennariyilla

    ReplyDelete
  7. ചെറിയ കഥ, ചെറുതല്ലാത്ത ആശയം. ഇഷ്ടമായി .

    ReplyDelete
    Replies
    1. വല്ല്യ സന്തോഷം അറിയിക്കുന്നു..!

      Delete
  8. ലളിത മനോഹരമായ ആഖ്യാനം. വായനയില്‍ അതിന്റെ സുഖം..

    ReplyDelete
    Replies
    1. ഹാ...എത്ര മധുരമീ വാക്കുകൾ

      Delete
  9. നല്ല കഥ. അനാവശ്യമായ എടുപ്പുകളും ഭാഷയുടെ സർക്കസുകളും ഒന്നും ഇല്ലാതെ തന്നെ ഈ കഥ വളരെ ആകർഷകമായിരിക്കുന്നു. ജീവിതത്തെ realistic ആയി സമീപിക്കുന്ന ഇന്ദുവിനെയും ദേവിയും വളരെ ഇഷ്ടമായി. വീണ്ടും കാണാം. നല്ല എഴുത്തിനു എല്ലാ ആശംസകളും. :)

    ReplyDelete
    Replies
    1. പ്രിയ ശാലിനി,
      പ്രോത്സാഹനത്തിനുള്ള അളവറ്റ സ്നേഹം അറിയിക്കട്ടെ..വീണ്ടും വരണമെന്നപേക്ഷ...

      Delete