ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 15 February 2014

സ്നേഹനക്ഷത്രങ്ങൾ (കഥ)


  
       മുട്ടുകാലിൽ ഇരുന്ന്, തടിപെട്ടിയുടെ അടപ്പ് തുറന്നു വച്ച് മാത്തുക്കുട്ടി കറുത്ത പ്ളാസ്റ്റിക് ബാഗെടുക്കുന്നതു ലിസ്സി ചങ്കിടിപ്പോടെ നോക്കി നിന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും അതിൽനിന്നു ശ്രദ്ധ തിരിച്ചു നില്ക്കാൻ അവൾക്കായില്ല. ബാഗ് കൈയ്യിലെടുത്ത് സിബ്ബ് തുറക്കുന്നതിനു മുൻപ് തന്നെ അയാൾ അവിശ്വസനീയതയോടെ ലിസ്സിയുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടം പ്രതീക്ഷിച്ചു നിന്ന ലിസ്സി, നേരിടാനാവാതെ മുഖംവെട്ടിച്ചു. കൈകൾ കൂട്ടിത്തിരുമ്മി സർവശക്തനായ രക്ഷകനെ ഉള്ളാലെ വിളിച്ച്, നിരപരാധി ചമഞ്ഞു നില്ക്കാൻ ശ്രമിച്ച്, ഒരു പരിധി വരെ പരാജയപ്പെട്ടു നിന്നു. മാത്തു ബാഗ് തുറന്ന് നോട്ടുകെട്ടുകൾ മുഴുവൻ കൈയ്യിലെടുത്ത്,തിരിച്ചും മറിച്ചും പിടിച്ച്, അന്ധാളിപ്പോടെ ലിസ്സിയുടെ നേരെ തിരിഞ്ഞു.

‘ലിസ്സീയേ...’ അയാൾ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
‘ഇതിൽ ത്രേം പണമെ ഉള്ളായിരുന്നോടീ...?..’ അവിശ്വസനീയത അയാളെ വിട്ടു മാറിയില്ല. ഒരു എത്തും പിടിയും കിട്ടാതെ അയാൾ  അങ്ങോട്ടും ഇങ്ങോട്ടും  ദൃഷ്ടി  വെട്ടിച്ചു കൊണ്ടിരുന്നു.
‘ഇതിലിരുന്ന പണമെന്തിയേ ലിസ്സീ....വല്ല കള്ളന്മാരും കയറിയോ..?’ ലിസ്സി കുറ്റബോധത്തോടെ മിണ്ടാതെ നിന്നതേയുള്ളു. അവളുടെ മൗനം മാത്തുവിന്റെ ശ്രദ്ധ അവളിലേക്കു തിരിയുന്നതിനു നിമിത്തമായി. അയാൽ മുട്ടുകാലിൽ നിന്നെഴുന്നേറ്റ് ഭാര്യക്കരികിലെത്തി.
‘ലിസ്സീ...ന്താ ഉണ്ടായത്.? ഇതിലിരുന്ന കാശെവിടെ പോയി..?
നൊടി നേരം, ലിസ്സി മുഖമുയ്യർത്തി മാത്തുവിന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി.
‘ജോണീട്ടൻ വന്നിരുന്നു..’ വീണ്ടും മുഖം കുനിച്ച്, വരുന്നതു വരട്ടെയെന്നു കരുതി ലിസ്സി പറഞ്ഞു.
‘ആരു...?’ മാത്തു മൂക്കിനിരുവശവുമുള്ള തൊലി ചുളിച്ച് മുഖം ലിസ്സിയോടടുപ്പിച്ചു. അവൾ എങ്ങനെ പറയണമെന്നറിയാതെ മൗനം പൂണ്ടു.
‘എടീ ഏതു ജോണിയാ ഇവ്ടെ വന്നത്...?’ അയാളുടെ സ്വരം കടുത്തു.
‘ജോണീട്ടൻ.....’ അവൾ ആ പേരിനു കൊടുക്കുന്ന താല്പ്പര്യത്തിൽ നിന്ന് മാത്തുവിനു കാര്യങ്ങൾ പിടികിട്ടിതുടങ്ങി.
‘കെട്ടി മൂന്നു വർഷം കൂടെ പൊറുപ്പിച്ചിട്ടു നിന്നെ ഉപേക്ഷിച്ചു പോയ ആ നായിന്റെമോന്റെ കാര്യാണൊ നീയീ പറയുന്നത്..? ’ മാത്തു ഒരു നാടകനടനെപ്പോലെ ആക്രോശിച്ചു. അതേയെന്നു തലയാട്ടുന്നതിനിടയിൽ ക്ഷോഭം കൊണ്ടു വിറയ്ക്കുന്ന മാത്തുവിനെ ക്ഷണനേരം നോക്കാനുള്ള ധൈര്യമേ ലിസിക്കുണ്ടായിരുന്നുള്ളു.
‘ഇപ്പോ അവൻ ആരേ പിണ്ണ്ടം വയ്ക്കാനാ ഇങ്ങോട്ട് കെട്ടിയെട്ത്തത്..? അയാൾ കൈ ചുരുട്ടി ചെറുവിരൾ ലിസ്സിക്കു നേരെ ഉയർത്തി,വിറപ്പിച്ചു. ലിസ്സി മൗനം തുടർന്നു. മാത്തുവിനോട് എന്തെങ്കിലും പറയാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു.നാലു വർഷത്തെ മാത്തുവുമൊത്തുള്ള ദാമ്പത്ത്യത്തിനിടയിൽ അയാൾ ഇത്ര ക്ഷുഭിതനാകുന്നതു ആദ്യം.
’അതു പോട്ടെ...അവനിവിടെ വന്നു...ഞാൻ അദ്ധ്വാനിച്ചുണ്ടാക്കി പെട്ടിയിൽ വച്ചിരുന്ന കാശും അവനുമായിട്ടെന്താ ബന്ധം..? ‘ അയാൾ വിടാൻ ഭാവമില്ലാതെ ചോദിച്ചു.
’കുറച്ചു പണം ഞാൻ ജോണീട്ടനു കൊടുത്തു മാത്തുച്ചായാ..‘ പറഞ്ഞു തീർന്നതും പടക്കം പൊട്ടുന്നപോലൊരടി ലിസ്സിയുടെ കവിളിൽ വീണു.
’എന്റെ പൈസ്സാ..നീയാ തെണ്ടിക്ക് കൊടുക്കും അല്ലേടി ചൂലെ.......‘ അയാൾ ലിസ്സിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് പിന്നാക്കം ആഞ്ഞു തള്ളി. അവൾ പുറകോട്ട് എറിയപ്പെട്ട് ഭിത്തിയിൽ തലയിടിച്ച്,തെല്ലിട പകച്ചു നിന്നു. പിന്നെ ഭിത്തിയിൽ മുഖം അമർത്തി തേങ്ങി തേങ്ങി കരഞ്ഞു.
     ഇടനെഞ്ചു പൊട്ടിയുള്ള ലിസ്സിയുടെ കരച്ചിൽ മാത്തുവിനെ അല്പ്പം ശാന്തനാക്കി. അയാൾ പൊന്നോക്കം മാറി,എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ കട്ടിലിലിരുന്നു. കൈകൾ കാല്മുട്ടിലൂന്നി മുഖത്തിനിരുവശവുമായി താങ്ങി, ഏറെനേരം ഒരേ ഇരുപ്പു തുടർന്നു. ലിസ്സിയുടെ ഏങ്ങിയുള്ള കരച്ചിലല്ലാതെ മറ്റൊന്നും കുറേനേരത്തേക്ക് കേൾക്കാനുണ്ടായിരുന്നില്ല.
  ഏറെ നേരത്തിനു ശേഷം മാത്തു മുഖമുയർത്തി ലിസ്സിയേ നോക്കി. അയാളുടെ കണ്ണുകൾ ചുവന്ന് ഈറനണിഞ്ഞിരുന്നു.
’എന്നാലും ന്റെ ലിസ്സീ...എന്നോടിതു വേണ്ടായിരുന്നു.......ആ എരണം കെട്ടവൻ നിന്നെ ഉപേക്ഷിച്ചു പോകുമ്പോൾ .....നീ ഓർക്കുന്നോ ലിസ്സീ....നിന്നെ കൊത്തിപ്പറിച്ചു തിന്നാൻ തക്കം പാർത്തു നടക്കുകയായിരുന്നു ,ഈ നാട്ടിലുള്ളവന്മാരെല്ലാം...ഓർക്കുന്നോ നീ സഹിച്ച പെടാപ്പാടുകൾ....അന്ന് രണ്ടാം കെട്ടാണേന്നറിഞ്ഞിട്ടു കൂടി നിന്നെ ഞാൻ കൂടെ പൊറുപ്പിക്കാൻ തയ്യാറായി...എന്തു കൊണ്ടാ...? നീ ജീവിച്ചു പോകാൻ പെടുന്ന പാടു കണ്ട് മനസു നൊന്തിട്ട് .....അന്നു തൊട്ടിന്നു വരെ ഞാൻ നിനക്കു വേണ്ടിയല്ലാതെ ജീവിച്ചിട്ടുണ്ടോ..? നിന്നേ സ്നേഹിക്കാതിരുന്നിട്ടുണ്ടൊ..?   ഒക്കെ നീ ഒരു നിമിഷം കൊണ്ടു മറന്നു പോയല്ലോ ലിസ്സീ....ഇങ്ങനെ ചതിക്കാൻ എങ്ങനെ മനസ്സു വന്നു നിനക്ക്...?‘
   മനസ്സിലെ പിടച്ചിൽ കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും പകർന്ന് മാത്തു തേങ്ങി.. ലിസ്സി പൊടുന്നനെ കരച്ചിലടക്കി, മാത്തുവിന്റെ അരികിൽ ഓടിയെത്തി. മടിച്ചുമടിച്ച് അവൾ അയാളുടെ തോളിൽ കൈ വച്ചു.
’അങ്ങനെയല്ല അച്ചായാ...ഞാൻ ഒന്നു പറയട്ടെ.....കഴിഞ്ഞതൊക്കെ മറന്ന് അച്ചായനെ ഞാൻ ചതിക്കുമെന്നു കരുതല്ലേ......‘
      ലിസ്സി അയാൾക്ക് ചേർന്ന് നിന്ന്, അയാളെ ഗാഢമായി ആശ്ളേഷിച്ച് തന്റെ മാറോടു ചേർത്തു. അവളുടെ മാറിൽ മുഖമമർത്തുമ്പോൾ അയാൾ നിയന്ത്രണം വിട്ട് തേങ്ങി.
’ എന്നാ ആ പട്ടി വന്നത്..? ‘ ഒന്നടങ്ങിയപ്പോൾ അയാൾ ലിസ്സിയുടെ മാറിൽ നിന്നു മുഖമുയർത്തി.
’പത്തു ദിവസായി കാണും..ഒരീസ്സം ചരക്കെടുക്കാൻ നിലമ്പൂർക്ക് പോയതോർമയില്ലെ.. അന്നു രാവിലെ അച്ചായൻ പോണ പുറകെ വാതിലിൽ മുട്ടു കേട്ടു കതകുതുറക്കുമ്പോഴുണ്ട് അതിയാൻ നില്ക്കുന്നു....ഒന്നും ചോദിക്യേം പറയികേം ചെയ്യാതെ പെരെലോട്ട് കേറി കട്ടിലിൽ നീണ്ടു നിവർന്നു ഒറ്റക്കിടപ്പാ..കുളിച്ചിട്ടില്ല....ഷേവ് ചെയ്തിട്ടില്ല...കീറിപ്പറിഞ്ഞ തുണി... വല്ലാത്തൊരു നാറ്റവും...വിവരങ്ങളെല്ലാം അറിഞ്ഞിട്ടു വന്നപോലായിരുന്നു പെരുമാറ്റം....ഞാൻ ശരിക്കും അന്ധാളിച്ചു പോയി, അച്ചായാ....ആ കിടപ്പ് ഉച്ചവരെ കിടന്നു കൂർക്കം വലിച്ചുറങ്ങി. ഉച്ചക്കെണീറ്റ് കാപ്പി ചോദിച്ചു...കൊടുത്തു. ഇത്രകാലം എവിടാരുന്നെന്നു ചോദിച്ചിട്ടു കമാന്നൊരക്ഷരം പറഞ്ഞില്ല... പിന്നെ ഒരര മണിക്കൂർ ബീടീം വലിച്ചിരുന്നു....ചോറു തരാൻ പറഞ്ഞു....തലേന്നത്തെ മീങ്കറി കൂട്ടി മൂക്കുമുട്ടെ തിന്നു. പിന്നെയും അരമണിക്കൂർ ബീഡി വലിച്ചിരുന്നു. പിന്നേം കാപ്പി ചോദിച്ചു. കൊടുത്തപ്പോൾ എന്റെ കൈക്കു കേറിപ്പിടിച്ചു...കുറെ ഉമ്മ വച്ചു...കാട്ടു പോത്തിനെപോലെ മുക്രയിട്ടുകൊണ്ടു കുറെ നേരം എന്നോടു ഗുസ്ത്തി പിടിച്ചു.....എന്റെ ബ്ളൗസ്സും ബ്രയ്സറും ഒക്കെ വലിച്ചു കീറി....ഞാൻ സമ്മതിക്കാതെ വന്നപ്പോൾ ചിരവയെടുത്ത് എന്റെ മുതുകിനു അടിച്ചു...ഞാൻ വീണപ്പോൾ എന്നെ ഒരുപാടു തവണ ചവുട്ടി... എന്റെ ആക്കം കെട്ടപ്പോൾ എന്റെ മടിക്കുത്തഴിച്ചു.....പിന്നെ രക്ഷപ്പെടാൻ ഞാൻ കരഞ്ഞു കാലു പിടിച്ചു. എന്റെ കരച്ചിലു കണ്ടപ്പോൾ മനസ്സു മാറി എന്നു തോന്നുന്നു....പിന്നെ പണം വേണമെന്നായി....ഈ പെട്ടി നിറയെ പണം വച്ചിട്ട് ഞാൻ അയാൾക്കു മുൻപിൽ കിടന്നു കൊടുക്കണമായിരുന്നോ അച്ചായാ.....? പണത്തേക്കാൾ ഏറെ അച്ചായൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നു കരുതി അയാൾ ചോദിച്ചത്ര ഞാൻ കൊടുത്തു പോയി.......അതു തെറ്റായി പോയോ, അച്ചായാ..?
      ലിസ്സി കണ്ണീ തൂവി.....അവളുടെ ചോദ്യം മാത്തുവിനു അവളുടെ മേലുള്ള സ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഒഴുകിയിറങ്ങി. മാത്തു അവളെ വാരിപ്പുണർന്ന് മടിയിലിരുത്തി. അയാളുടെ വിരലുകൾ, അവൾക്ക് അയാളോടുള്ള സ്നേഹത്തിന്റെ ഫലമായി, ചിരവപ്പല്ലുകളാൽ അവളുടെ മുതുകിൽ കൊത്തപ്പെട്ട വടുക്കളിൽ തഴുകി നടന്നു.
‘പണം പോയതിൽ അച്ചായനു സങ്കടമുണ്ടോ..?’ അവൾ അയാളുടെ മുടിയിഴകൾക്കുള്ളിൽ തന്റെ വിരലുകളിറക്കി മുഖം തന്റെ നേരെ പിടിച്ചുതിരിച്ചുകൊണ്ട് ചോദിച്ചു.
‘ഇല്ല...പക്ഷെ അവനതു കൊണ്ടു പോയി ഗതിപിടിക്കില്ല....പണ്ടാരടങ്ങി പോകത്തെ ഉള്ളു...നോക്കിക്കോ........’
     മാത്തു പറഞ്ഞു തീരുന്നതിനു മുൻപ് ലിസ്സി അയാളുടെ വായ പൊത്തി, അരുതെന്നു തല കുലുക്കിയപ്പോൾ മാത്തു അവളെ അവിശ്വസനീയതയോടെ നോക്കി.
‘അങ്ങനെയൊന്നും പറയല്ലെ മാത്തുച്ചായാ...ഞാൻ കൊടുത്ത കാശുമായി ഈ ഉമ്മറത്തു വന്ന് നമ്മുടെ കല്യാണഫോട്ടോയിൽ നോക്കി കുറെ നേരം നിന്നു...അബദ്ധം പറ്റി ശ്രീലങ്കയിൽ ഒരു ജയിലിലായിരുന്നെന്നും കാത്തിരിക്കാൻ മേലായിരുന്നോ എന്നും ചോദിച്ച് വിങ്ങിപൊട്ടിക്കരഞ്ഞു... ഈ പടിയളിറങ്ങി പോകുന്നതു കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റിയില്ല അച്ചയാ...അക്കരയ്ക്ക് പാലം കടക്കുമ്പോൾ തിരിഞ്ഞു നിന്ന് എന്നെ ഒന്നു നോക്കി....കയ്യിലിരുന്ന പണം അപ്പടി ആറ്റിലേക്ക് എറിഞ്ഞു കളഞ്ഞിട്ട് നടന്നു പോയ ആളേ എങ്ങിനെയാ അച്ചായാ ശപിക്കുന്നത്..?.... ’
   മാത്തു ഒരു കുറ്റവാളിയെപോലെ തല കുനിച്ചു.  ചുടുകണ്ണീർ വീണു നെഞ്ചു പൊള്ളിയപ്പോൾ അയാൾ വീണ്ടും മുഖമുയർത്തി ലിസിയുടെ നിറകണ്ണുകളിലേക്ക് നോക്കി,  പിന്നെ നെടുവീർപ്പിട്ടു.

24 comments:

  1. ലിസ്സി പറയുന്നത് വിശ്വസിക്കാമോ? അവിശ്വസനീയമായതും സംഭവിക്കാം അല്ലേ! ചിലയിടങ്ങളില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ട്..
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പൻ ചേട്ടാ,
      ബ്ളോഗിലേക്ക് വന്നതിലുള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ....അവിശ്വസനീയമായ കാര്യങ്ങളാണല്ലൊ കഥകളാകുന്നതു തന്നെ...പിന്നെ അക്ഷരതെറ്റുകളിലേക്ക് ശ്രദ്ധ കൊടുത്തു കഴിഞ്ഞു എന്നറിയിക്കട്ടെ...

      Delete
  2. ജീവിതത്തിന്റെ ഓരോ ദുര്‍ഘടങ്ങള്‍!!

    ReplyDelete
    Replies
    1. വായനയ്ക്കുള്ള സ്നേഹം അറിയിക്കട്ടെ, പ്രിയ അജിത്തേട്ടാ....

      Delete
  3. വിചാരിക്കുന്നതല്ല സംഭവിക്കുന്നത് എന്നത് അറിയുക തന്നെ വേണം. അല്ലാത്ത വിചാരങ്ങള്‍ ഒടുവില്‍ പ്രയാസങ്ങള്‍ക്ക് കാരണമാകും.

    ReplyDelete
    Replies
    1. ഒരോരുത്തരുടെയും മനോനില അറിഞ്ഞു കഴിഞ്ഞാൽ,ഒന്നിനും ആരേയും നാം കുറ്റപ്പെടുത്തില്ല....അല്ലേ റാംജിയേട്ടാ....!

      Delete
  4. nalla bhangi .ezutthinum kathaikkum ,,, valare ishtamaayi
    abhinandanangal

    ReplyDelete
    Replies
    1. പ്രിയ അസീസ് ബായ്
      പ്രോത്സാഹനത്തിനുള്ള സ്നേഹം അറിയിക്കട്ടെ..വീണ്ടും വരുമല്ലോ.....!

      Delete
  5. കഥ വായിച്ചു. കഥ വായിച്ചപ്പോൾ എനിക്ക് തോന്നിയ ഒന്ന് രണ്ടു അഭിപ്രായങ്ങൾ പറയട്ടെ!
    1. സംഭാഷണങ്ങൾ ഒരുപാട് വരുന്ന കഥകൾ എഴുതുമ്പോൾ ഭാഷയുടെ consistency വളരെ പ്രധാനമാണ്. ഒരു പരിധി വരെ സംഭാഷണ ശൈലി കൃത്യമാകുമ്പോൾ തന്നെ, ചിലയിടങ്ങളിൽ അത് കൈമോശം വന്നതു പോലെ തോന്നി.
    2. ലിസിയുടെ കഥാപാത്രം രൂപീകരിച്ചതിൽ അല്പം കൂടെ സൂക്ഷമത ആകാമായിരുന്നു. ഇതിപ്പോൾ കഥയുടെ മധ്യ ഭാഗത്ത് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന അധമനായി മുൻ ഭർത്താവിനെക്കുറിച്ചു പറയുന്ന ലിസ്സി അവസാന പാരഗ്രാഫിൽ അയാളോടുള്ള അലിവു വ്യക്തമാക്കുന്നു. മുൻ ഭർത്താവിന്റെ ശരിയായ അവസ്ഥ ലിസ്സി മനസ്സിലാക്കിയ സ്ഥിതിക്ക് പിന്നെ അയാളെപ്പറ്റി സംസാരിക്കുമ്പോൾ, ഈ ടോണിൽ ആവും എന്ന് തോന്നുന്നില്ല.അവിടെ കുറച്ചു കണ്‍ഫ്യൂഷൻ തോന്നി.

    കഥയ്ക്ക്‌ ഒരല്പം കൂടി background details കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. ഇതൊക്കെ എന്റെ അഭിപ്രായങ്ങൾ ആണേ, പൊട്ടത്തരം ആണെങ്കിൽ മറന്നു കളയുക. :)

    ReplyDelete
    Replies
    1. പ്രിയ ശാലിനീ,
      കഥ ഇത്ര ആഴത്തിൽ വായിച്ചു എന്നറിഞ്ഞതിൽ വല്യ സന്തോഷം അറിയിക്കട്ടെ....പറഞ്ഞ മൂന്നു കാര്യവും മനസ്സിലുണ്ടാകും....മുന്നോട്ട് ശ്രദ്ധിക്കാം എന്നു വാക്കു തരുന്നു....

      Delete
  6. വായിച്ചു. അൽപം വേഗത കൂടിപ്പോയോ എന്ന് സംശയമുണ്ട്. ട്രാജഡി ആയിപ്പോകാതെ കഥ പറഞ്ഞതിൽ സന്തോഷം.

    ReplyDelete
    Replies
    1. വന്നതിലുള്ള സ്നേഹം അറിയിക്കട്ടെ, പ്രിയ ഹരിനാഥ്. ദൈർഘ്യമുള്ള കഥകൾ വായനക്കരെ മടുപ്പിക്കുമെന്നു തോന്നിയതു കൊണ്ട് ചുരുക്കി എന്നുള്ളതു സത്യമാണു...ഇത്തരം അഭിപ്രായങ്ങൾ എനിക്കു വളരെയേറെ പ്രചോദനം നല്കുന്നു എന്നുള്ള കാര്യം പ്രത്യേകം അറിയിക്കട്ടെ....

      Delete
  7. കഥ ഇഷ്ടമായി. തങ്കപ്പേട്ടന്‍ പറഞ്ഞ പോലെ ലിസ്സി എന്നാ കഥാപാത്രത്തിന്റെ പെരുമാറ്റവും സംസാരവും വിശ്വസനീയമായി തോന്നിയില്ല.

    ReplyDelete
    Replies
    1. ഉദയപ്രഭൻ ചേട്ടാ....ലിസ്സി അരുതാത്തതെന്തെങ്കിലും ചെയ്തു കാണുമോ എന്നു എനിക്കും ഇപ്പോ ഒരു സംശയം....!

      Delete
  8. ഒരു പോലീസ് വായനയ്ക്ക് വയ്യ
    ഇഷ്ടം കഥാപാത്രങ്ങളുടെ മനോവികാരങ്ങൾ വായിച്ചു അത് ഭംഗിയായി എഴുതി വളരെ നന്നായി

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മണിയങ്കാലാ,
      വീണ്ടും വന്നതിനുള്ള സന്തോഷം അറിയിക്കുന്നു

      Delete
  9. സാഹചര്യം മനസ്സിലാക്കി ലിസ്സിക്ക് ഒരു ജീവിതം കൊടുത്ത മാത്തുവിനെ അവൾ നിഷ്ക്കരണം ചതിച്ചു. അതിനപ്പുറം ലിസ്സിയുടെ പെരുമാറ്റം കൊണ്ട് മറ്റൊന്നും മനസ്സിലാക്കാൻ കഴിയുന്നില്ല.
    ആശംസകൾ...

    ReplyDelete
    Replies
    1. V.K Sir,
      വീണ്ടും വന്നതിലുള്ള സന്തോഷം അറിയിക്കട്ടെ...പ്രോത്സാഹനം തുടരണമെന്നപേക്ഷ....

      Delete
  10. ഇതേ പ്രമേയമുള്ള ഒരു കഥയോ നോവലോ കുട്ടിക്കാലത്ത് വായിച്ചതായി ഓർമ്മയിലുണ്ട്. പേരും എഴുത്തുകാരനെയും ഓർമ്മ വരുന്നില്ല. :(

    കഥയെ സംബന്ധിച്ച് ശാലിനിയുടെ അഭിപ്രായം തന്നെയാണെനിക്കും.
    'ഒരു നാടകനടനെ പോലെ' എന്ന ഉപമയ്ക്ക് ഒരു ചേർച്ചയില്ലായ്മ അനുഭവപ്പെട്ടു. മാത്തു ഇവിടെ അഭിനയിക്കുകയല്ലല്ലൊ.
    ഇങ്ങനെ ചില പോരായ്മകളുണ്ടെങ്കിലും മൊത്തത്തിൽ വിലയിരുത്തുമ്പോൾ എഴുത്തിൽ പ്രതിഭയുള്ള ഒരാൾ തന്നെയാണ് ഇതെഴുതിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

    ReplyDelete
    Replies
    1. അത്ര പോരാ എന്നു ആകെയുള്ള അഭിപ്രായങ്ങളിൽ നിന്ന് മനസിലാകുന്നു.....വിമർശനമാണ്‌ എറ്റവും വലിയ പ്രോത്സഹനം...സ്നേഹബഹുമാനങ്ങൾ അറിയിക്കട്ടെ, ചേട്ടാ..

      Delete
  11. നല്ല കഥ .നാലഞ്ചു ട്വിസ്റ്റുകള്‍ !

    ReplyDelete
    Replies
    1. പ്രിയ ഷറഫുദ്ദീൻ, താങ്ങളുടെ വരവിലും പ്രോത്സാഹനത്തിനുമുള്ള നന്ദി അറിയിക്കട്ടെ..!

      Delete

  12. അന്നൂസിന്റെ ബ്ലോഗിൽ ആദ്യമായ്‌ വരികയാ..അവിടവിടെ അന്നൂസ്‌ എന്ന പേരു കണ്ടിട്ടുണ്ടെന്നല്ലാതെ വായിക്കാൻ കഴിഞ്ഞിരുന്നില്ല.

    ഒരു വായന കൂടാതെ രണ്ടാമതും വായിച്ചു...ആദ്യഭർത്താവിനോട്‌ ലിസ്സിയ്ക്ക്‌ അൽപം ഇഷ്ടം തന്നെ ഉണ്ടായിരുന്നു...

    വർഷങ്ങൾ കൂടി വന്ന ജോണീട്ടൻ മാത്തുക്കുട്ടിയുടെ വീട്ടിലെ കട്ടിലിൽ കയറിക്കിടന്നത്‌ അന്ധാളിപ്പുണ്ടാക്കി...ഒന്നൂടെ വായിച്ചപ്പോഴാണു കാര്യം മനസിലായത്‌...

    കുറച്ചല്ല നല്ല വിശദീകരണത്തിന്റെ കുറവുണ്ട്‌.

    നല്ല കഥ.ഇഷ്ടായി.ആശംസകൾ!!!!!!!!!

    ReplyDelete
    Replies
    1. പ്രിയ സുധി, വരവിനും പ്രോത്സാഹനത്തിനും നന്ദി-ആശംസകള്‍ തിരിച്ചും...! ഒന്ന് കൂടി വായിച്ചു നോക്കി പോരായ്മകള്‍ തിരുത്തുന്നതാണ്.

      Delete