Sunday, 9 August 2015

കീരി അഥവാ ഉടായിപ്പ് (അന്നുക്കുട്ടന്റെ ലോകം-ഒന്‍പത്)

ഓര്‍മ്മക്കുറിപ്പ്‌ - 9
 

   ടൌണിലേക്ക് ഹോള്‍സെയില്‍ പര്‍ച്ചേസിങ്ങിനായി കടയടച്ചു പോകാന്‍ സുഹൃത്ത് തയ്യാറെടുക്കുമ്പോഴാണ്‌ എന്‍റെ അങ്ങോട്ടേയ്ക്കുള്ള ‘ചെല്ലല്‍’. നേരം പോക്കിനുള്ള ചെറിയൊരു ഇടത്താവളമാണത്.

ടാ നീ അര മണിക്കൂര്‍ ഇവിടോന്നിരി....കടയടയ്ക്കാതെ കഴിക്കാമല്ലോ... ഉടനെ എത്താം. അവന്‍ പോകാന്‍ ധൃതി കൂട്ടി.
    
ഞാന്‍ സമ്മതിച്ചു. ബഹുമുഖ സാധനങ്ങള്‍ വില്‍ക്കുന്ന കടയാണ്. നൂറു സ്കൊയര്‍മീറ്ററിലെ സൂപ്പര്‍ മാര്‍ക്കറ്റ്.  ബേക്കറി ഐറ്റംസ്, അത്യാവശ്യം പലചരക്ക് സാധനങ്ങള്‍, ചെരിപ്പ്, കുട, ഫോണ്‍ റീചാര്‍ജിംഗ് എന്ന് വേണ്ട......ഒരു ബഹുമുഖ പ്രതിഭയ്ക്കെ സെയില്‍സ്മാനായി ശോഭിക്കാന്‍ കഴിയു... വെല്ലുവിളി ഏറ്റെടുത്ത് ഞാന്‍ മാനേജര്‍ കസാലയില്‍ ആസനസ്ഥനായി, അവന്‍ സ്കൂട്ടി എടുത്തു പാഞ്ഞു പോകുന്നത് നോക്കി വെറുതെ ഇരുന്നു.
     
വേറൊന്നും ചെയ്യാനില്ലാത്തതിനാലും സൊറ പറയാന്‍ ആരെയും കിട്ടാത്തതിനാലും ഒരു വനിതയില്‍ ഞാന്‍ അഭയം കണ്ടെത്തി. ഫ്രീ ടൈമില്‍ ഞാന്‍ അങ്ങനെയാണ്. ഏതെങ്കിലും വനിതയില്‍ അഭയം കണ്ടെത്തും. വനിതയുടെ പേജുകള്‍ മറിക്കുന്നതിനിടയില്‍ കടയുടെ മുന്‍പില്‍ നിഴലനങ്ങി.
‘ടാ കൊച്ചേ....ഫോണൊന്നു നിറയ്ക്കണം....’ ഞാന്‍ തലയുയര്‍ത്തി.
     
എന്റെ ഒരു പഴയ ശത്രുവാണ്. ‘കീരി’അന്തോണി എന്നും ‘ഉടായിപ്പ്’ അന്തോണി എന്നും വിളിപ്പേരുകളുള്ള ആന്റണിചേട്ടന്‍. എന്റെ മുഖം ആദ്യം ഒന്ന് ചുവന്നെങ്കിലും പെട്ടെന്ന് പഴയപടി ഇളം മഞ്ഞ ടോണ്‍ തിരികെ വന്നു. കാരണം അങ്ങേരു കയറി വന്നിരിക്കുന്നത് എന്റെ വീട്ടിലേക്കല്ലല്ലോ. സുഹൃത്തിന്റെ കടയിലേക്കല്ലേ...?
എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ കലിപ്പ് നുരഞ്ഞു പൊന്തി തലച്ചോറില്‍ തളം കെട്ടി തിളച്ചു മറിഞ്ഞു.
‘നിറയ്ക്കണോ...എന്ന് വച്ചാല്‍....?’ കിട്ടിയ അവസരം മുതലാക്കി ഒന്നും മനസ്സിലാകത്തവനെ പോലെ ഞാന്‍ ചോദിച്ചു. ജനിച്ചതില്‍ പിന്നെ ഇന്നുവരെ അധികം ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞിട്ടില്ലാത്ത കീരിയെ എന്റെ ഉള്ളിലെ പാമ്പ് പിടികൂടി, യുദ്ധമാരംഭിച്ചു.
‘ടാ പൈസ കേറ്റണമെന്ന്...’
‘ഊം...’ ഞാന്‍ ഇരുത്തി മൂളി.
‘ചുരണ്ടി കേറ്റിക്കോ...’ ഇരുപതു രൂപയുടെ കാര്‍ഡ് ഞാന്‍ അങ്ങേര്‍ക്കു നേരെ നീട്ടി. എനിക്കറിയാം അങ്ങേര്‍ക്കത്‌ പറ്റില്ലെന്ന്... (ഹഹ്ഹ്ഹ)
‘എനിക്കതൊന്നും കേറ്റാനറിയത്തില്ല... ഞാന്‍ നമ്പര്‍ പറയാം ..നീ അടിച്ചു കേറ്റയാല്‍ മതി...’
‘എങ്ങനാ അടിച്ചു കേറ്റുന്നതു....’ ഞാന്‍ പൊട്ടന്‍ കളിച്ചു.
‘എടാ കാര്‍ഡ് അല്ല... മറ്റേത് ചെയ്യ്‌...’
‘മറ്റേതോ...?  എന്ത് മറ്റേത്..?’
‘എടാ അതിനകത്തൂന്നു അടിച്ചു കൊടുത്ത് ചെയ്യൂല്ലേ... അങ്ങനെ ചെയ്‌താല്‍ മതി....’
‘എനിക്ക് മനസ്സിലായില്ല.....’ എന്നെ പോലൊരു പൊട്ടന്‍ അല്ലെങ്കില്‍ വിവരമില്ലാത്തവന്‍ ഇന്ത്യയില്‍ ഇല്ല എന്നതായിരുന്നു എന്റെ ലൈന്‍. (അത് സത്യവുമായിരുന്നു)
‘ഹോ....എന്തോന്നാ അതിന്റെ പേര്.....’ കീരി തലകുടഞ്ഞു. ഗൂഡ സന്തോഷത്തോടെ ഞാന്‍ കാത്തിരുന്നു.
‘എടാ എന്നതാ അതിന്റെ പേര്...?’ ചോദ്യം എന്നോടായി.
‘ആ..ആ..ആ........’ ഞാന്‍ കൈമലര്‍ത്തി.
‘ആ ലെക്സി.....അത് ചെയ്യ്.....’
‘ലെക്സിയോ.... അതൊരു പേനയുടെ പേരല്ലേ....?’ ഞാന്‍ റൂട്ട് മാറ്റി.
‘ശോ..അല്ലേടാ... ബ്ലെസ്സി....’ പറഞ്ഞത് ശരിയായോ എന്ന സംശയത്തില്‍ അയാള്‍ നെറ്റി ചുളിച്ച് എന്നെ നോക്കി.
‘മത്തായിച്ചേട്ടന്റെ മോളു ബ്ലെസ്സി ആണോ...?’
‘പോടാ മൈ........’ മൈനാകം കടലില്‍ നിന്നുയരുന്നുവോ.... ചിറകുള്ള .......
തെറി തന്നെയായിരുന്നു.
‘നിനക്ക് ചെയ്യാന്‍ പറ്റുവോ...?’ അങ്ങേരു മാക്സിമം കലിപ്പിച്ചു നോക്കി.
‘ഹ....എന്താ ചെയ്യേണ്ടതെന്ന് ചേട്ടന്‍ പറ....’ ഞാനും തിരിച്ചു കലിപ്പിച്ചു കൈമലര്‍ത്തി.
‘മിക്സി അല്ലെ...?’ പെട്ടെന്ന് പിടിത്തം കിട്ടിയത് പോലെ അയാള്‍ എന്റെ നേരെ തിരിഞ്ഞു.
‘അരകല്ലിന് പകരമുള്ള സംഗതിയാ അത്...അതാണോ വേണ്ടത്...?’
ജെക്സി...ഫിക്സി...മാക്സി...മക്സി....സുസുക്കി..... അങ്ങേരു ശബ്ദമില്ലാതെ പലതും പറഞ്ഞു നോക്കുന്നത് കണ്ടു. ഒന്നും തൃപ്തിയാകാഞ്ഞു എന്നെ ദയനീയമായി നോക്കി. ഞാന്‍ കൂസലില്ലാതെ ഇരുന്നു. എനിക്കെന്നാ കോപ്പാ എന്റെ കടയല്ലല്ലോ....ഹഹഹ്ഹ....
‘എന്റെ പൊന്നു ചെറുക്കാ നീ ഒന്ന് പെട്ടെന്ന് ചെയ്യ്‌ ..എനിക്കത്യാവശ്യമായിട്ടു വിളിക്കാനുള്ളതാ..?’
ഓ പിന്നെ.. ആരെയാ കെട്ടിയോള് പെണ്ണമ്മചേടത്തിയെ ആണോ... അങ്ങനിപ്പം വിളിക്കണ്ട... തനിക്കു ശകലം സൂക്കേട്‌ കൂടുതലാ.... ഞാന്‍ മനസ്സില്‍ പറഞ്ഞു. മനസിലെ വികാരം പുറത്ത് കാണിക്കാതെ മയത്തില്‍  പല്ല് ഞെരിച്ചിരുന്നു. അയാളുടെ മുഖം നിസഹായതയോടെ ചുവന്നു തുടുക്കുന്നത് കണ്ടു ഞാന്‍ ഉള്ളാലെ സന്തോഷിച്ചു. ഒരുപാവം മനുഷ്യജീവിയെ വഴിയിലിട്ടു തല്ലിച്ചതയ്ക്കാന്‍ കൂട്ടു നിന്ന തെണ്ടിയല്ലേ ഡോ താന്‍.. (എന്റെ ശത്രുതയുടെ കാരണം ഈ ലിങ്കില്‍ പോയാല്‍ വായിക്കാം) ഒടുവില്‍ പാമ്പ് കീരിയെ ജയിക്കുന്ന ഘട്ടമെത്തി.

‘എന്തുവാ അന്തോണി ചേട്ടാ....’ എതിര്‍വശത്ത് കട നടത്തുന്ന മോഹനന്‍ ചേട്ടന്‍ തല നീട്ടിപ്പിടിച്ച് നില്‍ക്കുന്നു. ഈ ചെറിയ ബഹളം അങ്ങേരും കേട്ടു എന്ന് തോന്നുന്നു.
‘എന്റെ മോഹനാ... എന്റെ മോളു പ്രസവിക്കാന്‍ കിടക്കുവാ.... രക്തം വേണം... ഒന്ന് വിളിക്കാന്‍ നോക്കിയപ്പോ ഇതില്‍ പൈസ ഇല്ലാ.... ഇവിടിരിക്കുന്ന ഈ കിഴങ്ങനാണേല്‍ അടിച്ചു കേറ്റാനും അറിയില്ല....’
കീരി അഥവാ ഉടായിപ്പ് സങ്കടങ്ങളുടെ കെട്ടഴിച്ചു.
‘അവിടെ ഫ്ലെക്സി ഇല്ലെ അന്നൂസേ.....’ എന്റെ തലവെട്ടം കണ്ടു മോഹനന്‍ ചേട്ടന്‍ എന്നോടായി തിരക്കി. അത് കേട്ടതും അന്തോണിക്ക് ഒരു ഞെട്ടലുണ്ടായി. ഭൂതോദയവും.
‘ആ അത് തന്നെ....ഫ്ലെക്സി....... ചെയ്യടാ 'മൈലാഞ്ചി മൊഞ്ചുള്ള വീട്ടീന്ന് വരുന്ന ചെക്കാ' (ബഹുവ്രീഹി സമാസം)..... അത് ചെയ്യ്‌......’
ഒരാക്രോശമായിരുന്നു എന്നോട്. 
പ്രസവം..! അതൊരു പ്രസ്ഥാനമല്ലേ. അഖിലലോക പെണ്ണുങ്ങളുടെ മൊത്തം പ്രസ്ഥാനം. പ്രസവ സമയത്ത് പക പോക്കരുത് എന്നാണല്ലോ പ്രമാണം.  ഞാന്‍ ഒന്നയഞ്ഞു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.
ങ്ഹാ....അതായിരുന്നോ...എന്നാ പറയണ്ടേ...’ (ശ്ശോ...എന്നെ പോലൊരു പാവം..!)
   
ഫ്ലെക്സി ‘അടിച്ചു കേറ്റി’ വന്നോ? എന്ന മട്ടില്‍ ഞാന്‍ കീരിയെ നോക്കി.
‘ന്നാ...വന്നോന്ന് നീ തന്നെ നോക്ക്...നീയല്ലേ ചെയ്തത്.’  ഒടുവില്‍ ചെയ്തവനായി കുഴപ്പം. അയാള്‍ ഫോണ്‍ എന്റെ നേരെ നീട്ടി.
‘ഏതാ ബ്ലഡ് ഗ്രൂപ്പ്‌.....’ ഫോണ്‍ ചെക്ക് ചെയ്യുന്നതിനിടയില്‍ എന്നിലെ മനുഷ്യന്‍ (പരോപകാരമേ പുണ്യം.. പാപമേ പര പീഢനം) ഉണര്‍ന്നു.
‘ആ.... ഏതോ ഒരു ഇംഗ്ലീഷ് അക്ഷരമാ.... ആശുപത്രീല്‍ ചോദിക്കണം....’ അയാളുടെ മുഖത്ത് വീണ്ടും നിരാശ പടരുന്നത്‌ കണ്ടു.
' w ആണോ..? ' ഞാന്‍ ഷക്കീലയെപോലെ ചുണ്ട് കടിച്ചു പിടിച്ചു തിരക്കി.
'ആ ആരിക്കും...' 
'നിങ്ങടെ കുടുംബക്കാരുടെ ഒക്കെ 'W' അല്ലെങ്കില്‍ 'Q' ആകാനെ വഴിയുള്ളൂ... അതിലേതെങ്കിലുമാണോ...?' 
അയാള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ കൈമലര്‍ത്തി.
‘ഗ്രൂപ്പ്‌ അറിയാന്‍ മേലാതെയാണോ തപ്പാന്‍ ഇറങ്ങിയത്‌...?’ ഞാന്‍  ദേഷ്യം അഭിനയിച്ചു. പ്രൈവറ്റ് ഹോസ്പിറ്റലിലെ ലേബര്‍റൂമില്‍ ഡ്യുട്ടിയില് ഉണ്ടായിരുന്ന എന്റെ നേഴ്സ് സുഹൃത്തിനെ വിളിച്ചു ഞാന്‍ ബ്ലഡ് ഗ്രൂപ്പ്‌ തിരക്കി. (അവളെന്റെ പഴയ ഒരു ലൈനാണെന്നുള്ളത് കീരിക്കറിയില്ലല്ലോ..ഞാനാരുടെയൊക്കെയാ മോന്‍..!)
‘മേര്സി സാബു അല്ലെ ?’ അണ്ടകടാഹം വിറപ്പിക്കാന്‍ കട്ടില് ബുക്ക് ചെയ്തിരിക്കുന്നവരില്‍ നിന്ന് വിലാസം നോക്കി ഒരെണ്ണത്തിനെ തപ്പിയെടുത്ത് അവള്‍ ചോദിച്ചു.
‘അതെ...മേഴ്സി കീരി എന്നാ സ്കൂള്‍ റിക്കോര്‍ഡില്‍...’ ഞാന്‍ ഉടായിപ്പ് കേള്‍ക്കാതെ പതിയെ  പറഞ്ഞതവള്‍ക്കു മനസ്സിലായില്ലെന്നു തോന്നി.
‘ഓ പോസിറ്റീവാ....ബ്ലഡ് ആവശ്യമില്ലെടാ...പ്രസവിച്ചു. ആണ്‍ കുഞ്ഞാണ്....’
'ഓക്കെ ഡി എന്നാല്‍ ശരി... പിന്നെ കാണാം ട്ടോ...' 
'വേണ്ടേ... കാണണ്ടേ.....ജീവിച്ചു പോട്ടെ.. ' ഫോണ്‍ കട്ട് ചെയ്യുന്നതിനിടയില്‍ അവള്‍ എനിക്കിട്ടൊരു പണി തരാതിരുന്നില്ല.

ഞാന്‍ ‘സുഹൃത്തിന്റെ കടയിലെ’ ലഡ്ഡുഭരണി തുറന്നു ഒരു ലഡ്ഡു എടുത്തു കീരിക്ക് കൊടുത്തു.  അയാള്‍ അന്ധാളിപ്പോടെ അത് വാങ്ങി, എന്നെ സംശയത്തോടെ നോക്കി നിന്നു. ഒരു സന്തോഷമല്ലേ..? രണ്ടെണ്ണം ഞാനും എടുത്തു വായിലിട്ടു. അല്ലപിന്നെ എന്റടുത്താ ലഡൂന്റെ കളി.
റിയാലിറ്റി ഷോ ഒക്കെ കണ്ട പരിചയം വച്ച് ഞാന്‍ തെല്ലുനേരം ആകാംഷ നിലനിര്‍ത്തി ലഡ്ഡുവില്‍ മനസ്സര്‍പ്പിച്ചു.
‘രക്തം’ വേണ്ട.....മേര്സി പ്രസവിച്ചു...ആണ്‍കുഞ്ഞാണ്......you are in...’ ലഡ്ഡു തിങ്ങിയ വായ കൊണ്ട് ഞാന്‍ ആ രഹസ്യം പതുക്കെ പൊട്ടിച്ചു.
'ങേ....!'  ആദ്യ പേരക്കുട്ടി ഉണ്ടായ സന്തോഷത്തില്‍ അയാള്‍ കടയ്ക്കുള്ളില്‍ കിടന്നു വെകിളി പൂണ്ടു. ഉടായിപ്പ് അന്തോണി വെകിളി അന്തോണി ആയി മാറുന്ന ബീഭല്‍സ കാഴ്ച...!
"ഗംഗേ............................................" ഛെ മണിച്ചിത്രത്താഴ് കേറി വന്നു. സോറി.

ഓരോരുത്തരും ചെയ്യുന്നതിന്റെ ഫലം അവനവന്‍ തന്നെ അനുഭവിക്കണമല്ലോ. ആദ്യ സമ്മാനം എനിക്ക് തന്നെ കിട്ടി. ബീഡിമണം പൊതിഞ്ഞ വളിച്ച ഒരുമ്മ....! ഒപ്പം കുറ്റിത്താടിയുടെ ചിന്തേരും...! ആ പെടപെടപ്പിനിടയില്‍, കടയിലെ മിഠായി ഭരണിയെല്ലാം ഉടായിപ്പ്  തള്ളിയിടുമോ എന്ന് ഞാന്‍ ഒരുവേള പേടിച്ചു. എന്തായാലും അങ്ങേരുടെ പീഠനത്തില്‍ നിന്ന് ഞാന്‍ കഷ്ട്ടിച്ച് രക്ഷപെട്ടു എന്ന് പറയാം. അല്ലെങ്കില്‍ ഡല്‍ഹിയില്‍ പോയി മെഴുകുതിരി ഒക്കെ കത്തിച്ച് നിങ്ങള്‍ എനിക്ക് വേണ്ടി സമരം ചെയ്യേണ്ടി വന്നേനെ... സന്തോഷത്താല്‍ വട്ടിളകി, തുള്ളിച്ചാടി അയാള്‍ റോഡിലേക്കിറങ്ങി അപ്രത്യക്ഷനായി....................! എന്റമ്മോ എന്തൊരു ശുഭം.

e-മഷി ഓണപ്പതിപ്പില്‍ വന്ന (2015 ആഗസ്ത് ലക്കം ) കുറിപ്പാണിത്. ലിങ്ക് ചുവടെ:
http://emashi.blogspot.in/2015/08/2015.html?m=1 
e-മഷിക്കും-ടീമിനും, മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിനും പ്രിയ വായനക്കാര്‍ക്കും നന്ദിയും സ്നേഹവും. പ്രിയ ആര്‍ഷയ്ക്ക് പ്രത്യേകമായും.

40 comments:

 1. എനിക്ക് നല്ല ദേഷ്യം വന്നു.. ശത്രുവാണേലും അറിവില്ലാത്തവരെ കളിയാക്കുന്നത് മര്യാദയല്ല കേട്ടോ.. പിന്നെ കൂട്ടുകാരന് ഇങ്ങനെ ആണല്ലേ കച്ചവടം ഉണ്ടാക്കി കൊടുക്കുന്നത്.. ക്ലൈമാക്സിൽ കുറച്ചു മര്യാദക്കാരനാവാൻ ശ്രമിച്ചത്കൊണ്ട് ക്ഷമിച്ചു
  (ആ സാമാനങ്ങൾ എന്നുള്ള വാക്ക് മാറ്റി സാധനങ്ങൾ എന്നാക്കാമോ.. സംഭാഷണത്തിൽ പോരെ സംസാര ഭാഷ) ആശംസകൾ

  ReplyDelete
  Replies
  1. എന്റെ ശത്രുതയുടെ കാരണം വായിച്ചിട്ട് തെറി വിളിക്ക് ലാപ്പേ.... സംസാര ഭാഷയ്ക്കും അയിത്തമോ...? എന്തായാലും മാറ്റിയിട്ടുണ്ട്.

   Delete
  2. ഒരിടത്തെ മാറിയിട്ടുള്ളു. ഇനീം ഉണ്ട് സാമാനങ്ങൾ.. :P പിന്നെ ശത്രുതയുടെ കാരണമൊക്കെ പണ്ടേ വായിച്ചതാണ്.. അതും വിവരമില്ലായ്മയായി കരുതുകയല്ലേ വേണ്ടത്

   Delete
  3. നല്ല ഉദ്ദേശത്തോടെ അല്ലാതെ മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുകയോ അതിനു കൂട്ട് നില്‍ക്കുകയോ ചെയ്യുന്ന ആരെയും ഞാന്‍ വിടില്ല- പറ്റുന്ന പോലെ പണി കൊടുക്കും...
   അതൊക്കെ വിവരമില്ലായ്മയായി വായിക്കുന്നവര്‍ക്ക് തോന്നും-പക്ഷെ കണ്ടു നില്‍ക്കുമ്പോള്‍ തോന്നില്ല...

   Delete
  4. ഇതില്‍ ഇത്രേം സാമാനങ്ങള്‍ ഉണ്ടാരുന്നോ...? അതും മാറ്റിയിട്ടുണ്ട്..... എന്റമ്മോ

   Delete
 2. വായിച്ചു. കൊള്ളാം..
  അക്ഷരാഭ്യാസമില്ലാത്തവരെ ഇങ്ങനെ കളിപ്പിക്കര്ത്ട്ടോ... പാവങ്ങളാ... ജീവിച്ചു പൊയ്ക്കോട്ടെ....

  ReplyDelete
  Replies
  1. പറയാൻ മറന്നു... സ്ത്രീകളോടുള്ള പുച്ഛത്തിന്‍റെ അളവ് ഇത്തിരി കൂട്യോന്നൊരു സംശയം...????

   Delete
  2. കാരണമുണ്ടായിട്ടു തന്നെയാണ് പണി കൊടുത്തത്... അല്ലാത്ത സമയങ്ങളില്‍ അങ്ങേരു വല്ല്യ പുലിയാണ്... സ്ത്രീകളെ പുശ്ചീകരിച്ചു എന്ന് തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കുക. ഒരു തമാശയ്ക്ക് എഴുതിയെന്നേ ഉള്ളൂ...! ആശംസകള്‍ തിരിച്ചും

   Delete
 3. നമ്മുടെ ഗ്രാമങ്ങളില്‍ നമുക്ക് കാണുവാനാവും ഇതുപോലെയുള്ള പച്ചയായ മനുഷ്യര്‍ .പ്രായ ഭേദമന്യേ ഈ കാലത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തവര്‍ ലോകത്ത് വിരളമാണ് .ചില പ്രായമായവര്‍ക്ക് മൊബൈല്‍ഫോണ്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് പോലും അറിയില്ല .ഈ ഫ്ലെക്സി റീചാര്‍ജ് പ്രമേയം നര്‍മ്മരസത്തോടെ അവതരിപ്പിച്ചു .ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം പ്രിയ ചിന്താക്രാന്തന്‍

   Delete
 4. അനവസരത്തില്‍ തന്നെ പണി കൊടുത്തു

  ReplyDelete
  Replies
  1. പ്രസവക്കാര്യം ഇടയ്ക്ക് പറഞ്ഞതു കൊണ്ട് പണി ആകാതെ രക്ഷപെട്ടു.. അല്ലെങ്കില്‍ ഒരു മനോവിഷമത്തിനു ഇടയായേനെ.... ആശംസകള്‍ ജി സര്‍

   Delete
 5. നല്ലൊരു കാര്യം പറഞ്ഞതിന്ന് നൂറിന്‍റെ ഒരു നോട്ടെങ്കിലും മിനിമം കിട്ടേണ്ടതാണ്. പകരം ഒരു ഉമ്മയില്‍ ഒതുങ്ങി.

  ReplyDelete
  Replies
  1. അതെ അതെ....ആരെങ്കിലും തന്നാല്‍ മതി ട്ടോ- വരവിനും പ്രോത്സാഹനത്തിനും നന്ദി പ്രിയ കേരളദാസനുണ്ണി സര്‍

   Delete
 6. ഞാന്‍ കരുതിയത്‌ ഒരു ദിവ്യജ്ഞാനം ഉണ്ടായപോലെ കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നാണ്.. എന്തായാലും മധുരമുള്ള ചിരി വരുന്നുണ്ട്..

  ReplyDelete
  Replies
  1. അതാണ്‌.... അതാണ്‌ വരേണ്ടത്.... ആശംസകള്‍ ഇക്കാ

   Delete
 7. ഏറ്റവും വിലയുള്ള വസ്തുവാണ് ഉമ്മ.

  ReplyDelete
  Replies
  1. ഇത് ആ ഉമ്മ അല്ല ........ ഇത് വെറും ഉമ്മ....... ആശംസകള്‍ പ്രിയ രാംജിയെട്ടാ....!

   Delete
 8. എന്തൊക്കെയായാലും ശത്രു മിത്രമായി മാറിയല്ലോ.
  സന്തോഷം.
  പകയെന്നുള്ളത് ഇത്രയൊക്കെയേയുള്ളൂ!
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ -- സത്യം.....! ഒപ്പം ആശംസകളും തിരികെ പ്രിയ തങ്കപ്പന്‍ ചേട്ടാ

   Delete
 9. സ്നേഹിക്കയുണ്ണീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും
  ദേ, ഞാന്‍ പറയാനുള്ളത് പറഞ്ഞു!!

  ReplyDelete
  Replies
  1. അവസാനം എല്ലാം മറന്ന് സ്നേഹിച്ചത് കണ്ടില്ലേ ഉണ്ണീ.....ഹഹ്ഹ്ഹ

   Delete
 10. അന്നൂസേട്ടാ....................................
  എനിക്ക് നന്നായി രസിച്ചു.ഇഷ്ടമില്ലാത്തവനിട്ട് പണി കൊടുക്കുവാണെങ്കില്‍ ഇങ്ങനെ തന്നെ കൊടുക്കണം.
  എത്രയാ പഞ്ചുകള്‍ ........................


  അങ്ങനെ എനിക്ക് ബ്ലോഗില്‍ ഒരു എതിരാളി കൂടി.അതേയ് വലിയ തമാശക്കക്കഥകള്‍ ഒന്നും വേണ്ടാ...............hum...............

  ReplyDelete
  Replies
  1. ആനയ്ക്ക് അണ്ണാന്‍ എതിരാളി........???????????????????? ഒന്ന് പോയേ

   Delete
 11. ഫ്രീ ടൈമില്‍ എങ്ങനെയാണെന്നാണ് പറഞ്ഞത്??????????????????
  എന്റമ്മോ ///എന്നാ തൊലിക്കട്ടി.?????????????
  നമിച്ചാശാനെ നമിച്ചു................................

  ReplyDelete
  Replies
  1. അതാണ്‌ 'വനിത' വാങ്ങിയാലുള്ള മെച്ചം. വള്ളി തൊലിക്കട്ടി ഒന്നും വേണ്ട...ആര്‍ക്കും വാങ്ങാം...ആര്‍ക്കും വാങ്ങാം...20 രൂപാ മാത്രം......

   Delete
 12. ഹാസ്യവും നർമവും ഒക്കെ എഴുതുമ്പോൾ സ്വയം കടന്നു വരുന്ന സുന്ദരികളാണ്. അവരെ നിർബ്ബന്ധിക്കാതെ കടന്നു വരാൻ വാതായനങ്ങൾ തുറന്നിടൂ...വരും. ഇവിടെ ചിലയിടങ്ങളിൽ അവരെ ചെവിക്കു പിടിച്ചു അകത്തിരുത്തി എന്ന് അവരുടെ മുഖ ഭാവം കണ്ടാൽ തോന്നുന്നു. അവർ സന്തോഷത്തോടെ വരട്ടെ.

  ReplyDelete
  Replies
  1. ശൂ ....തകര്‍ത്തു കളഞ്ഞല്ലോ....! മേലില്‍ ശ്രദ്ധിക്കുന്നതായിരിക്കും

   Delete
 13. kollaaaaaaaaaam, nannayirikkunnu

  ReplyDelete
 14. വനിതയിൽ അഭയം തേടും ഭഹുമുഖപ്രതിഭകൾ വാഴ്ക

  ReplyDelete
  Replies
  1. വരവിനുള്ള സന്തോഷം ആദ്യമേ..... ഇങ്ങളും വാഴ്ക...!!

   Delete
 15. ഉമ്മകൾ ചുമ്മാ കൊടുക്കാനുള്ളതല്ല കേട്ടൊ

  ReplyDelete
  Replies
  1. കൊടുത്തതല്ല....കിട്ടിയതാ...... എപ്പോഴുമുള്ള പ്രോത്സാഹനത്തിനു ആശംസകള്‍.....പ്രിയ ബിലാത്തി ഭായ്..........!!

   Delete
 16. അനുഭവവും അനുഭാവവും .കൊള്ളാം.....

  ReplyDelete
 17. ഹൃദ്യം..മനോഹരം.

  ReplyDelete
  Replies
  1. വരവും അഭിപ്രായവും അതിലും ഹൃദ്യം,മനോഹരവും

   Delete