ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday 18 February 2015

മറക്കാത്ത സമ്മാനം (അന്നുക്കുട്ടന്റെ ലോകം-അഞ്ച്)


അനുഭവക്കുറിപ്പ് - 5
    ഹൈറേഞ്ചില്‍ നിന്ന് നൂറ്റിപതിനഞ്ചു കിലോമീറ്ററോളം ദൂരം യാത്ര, കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്. റോഡ്‌, ടാറിംഗ് പൊട്ടിപ്പൊളിഞ്ഞു ആകെ നാശകോശം...! ‘ ജീപ്പ് - പവേഡ് ബൈ കൂപ്പര്‍എഞ്ചിന്‍’ ഊര്‍ദ്ധശ്വാസം വലിക്കാന്‍ പോകുന്ന മട്ടില്‍ യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഉണ്ടകല്ലുകള്‍ വഴിയിലാകെ ഉരുണ്ടു കളിച്ചു ജീപ്പിന്റെയും യാത്രക്കാരുടെയും വെപ്രാളത്തിന് ആക്കം കൂട്ടി.
ഹെഡ് ലൈറ്റ് ഇട്ടു, സെക്കണ്ടില്‍ ഗിയര്‍ തള്ളി, മൂപ്പിച്ചു പിടിച്ചു നൂറു മൈല്‍ സ്പീഡില്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് ഡ്രൈവറുടെ ഇരിപ്പ്. മെഡിക്കല്‍ കോളേജിലേക്ക് പോകുന്നത് മിക്കവാറും അത്യാസന്നനിലയിലുള്ള രോഗിയായിരിക്കുമല്ലോ. അതുകൊണ്ട് തന്നെ സദാ തെളിച്ചു വച്ച ഹെഡ് ലൈറ്റ്, ഇടയ്ക്കിടെയുള്ള ഹോണ്‍ ഇവ നിര്‍ബന്ധമായും അകമ്പടി ഉണ്ടായിരിക്കും!

    ജീപ്പിന്റെ മുന്‍പില്‍ ഡ്രൈവറെ കൂടാതെ മൂന്നു പേര്‍ കയറിയും ഇറങ്ങിയുമായി അഡ്ജസ്റ്റ് ചെയ്തു ഇരിക്കുകയാണ്. റോഡിന്റെ മേന്മ കാരണം പ്രത്യേകിച്ചൊരു പണിയുമില്ലാത്ത ഗിയര്‍ലിവര്‍ ഡ്രൈവറോട് ചേര്‍ന്നിരിക്കുന്ന ചിന്നപ്പന്‍ ചേട്ടന്റെ കാലിന്റെ ഇടയില്‍ ഒരു ചോദ്യചിഹ്നം പോലെ ഉയര്‍ന്നു നിന്നു. ജീപ്പിനു പിന്നില്‍ തളര്‍ന്നുറങ്ങുന്ന അപ്പുവിനെ മടിയില്‍ വച്ച് ഏങ്ങി ഏങ്ങിക്കരഞ്ഞുകൊണ്ട് നിരന്തരം എല്ലാ ദൈവങ്ങളെയും മാറി മാറി വിളിക്കുകയാണ്‌ അപ്പുവിന്റെ അമ്മ, അമ്പിളി. അപ്പുവിന്റെ അച്ഛനാകട്ടെ മൃതപ്രായനായി ഉറങ്ങുന്ന മകനെ നോക്കി വിങ്ങുന്ന ഹൃദയത്തോടെ നിര്‍വികാരനായി ഒപ്പം ഇരിക്കുന്നു. അപ്പുവിന്റെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ബന്ധുക്കളായി അഞ്ചാറു പേര്‍ വേറെയുമുണ്ട് ജീപ്പിനു പിന്‍സീറ്റില്‍. ഇടയ്ക്ക് അപ്പു ശ്വാസം വിടാന്‍ വിഷമിക്കുമ്പോള്‍ ജീപ്പിനു പിന്നില്‍ നിന്ന് ചെറുതായി കൂട്ടക്കരച്ചില്‍ ഉയരും. അപ്പോഴൊക്കെ അപ്പുവിന്റെ അമ്മ മനസ്സാ ഓരോരോ നേര്‍ച്ചകള്‍ നേരും. ന്‍റെ അപ്പുവിനെ കെട്ടെടുപ്പിച്ചു അവന്‍റെ അച്ഛനൊപ്പം ശബരിമലയ്ക്ക് വിട്ടെക്കാമേ....നൂറു വീട് കേറിയ നേര്‍ച്ചയുമായി അരുവിത്തുറ പള്ളിയില്‍ വന്നെക്കാമേ.... അന്നൊക്കെ എന്തെങ്കിലും ആപത്തുണ്ടായാല്‍ ജാതി നോക്കിയല്ല ദൈവത്തെ വിളിച്ചിരുന്നത്. കാര്യം നടക്കണം. ആരുമൂലമായാലും വേണ്ടില്ല. അമ്പലങ്ങളിലും പള്ളികളിലും ഒക്കെ ഒരുമിച്ചാവും നേര്ച്ച നേരുക.  ഇന്നത്തെ പോലെ കുത്തിതിരിപ്പുമായി മാത്രം കഴിഞ്ഞു കൂടുന്നവര്‍ അന്ന് വളരെ കുറവായിരുന്നു. ഇന്നായിരുന്നെങ്കില്‍ സ്വന്തം വീട്ടില്‍ ഇരുന്നു പോലും വേറൊരു മതത്തിന്‍റെ ദൈവത്തെ വിളിക്കാനോ വിവരം പറയാനോ ഫെയിസ്ബുക്കിലുള്ളവന്മാര്‍ സമ്മതിക്കില്ലായിരുന്നു.

   യാത്ര തുടങ്ങി ഉദ്ദേശം പതിനഞ്ചു കിലോമീറ്റര്‍ പിന്നിട്ടു ഒരു കവലയുടെ അടുത്തെത്തിയപ്പോള്‍ ചിന്നപ്പന്‍ ചേട്ടന് പെട്ടെന്നൊരു കാര്യം ഓര്മ വന്നു.

‘അല്ല മോഹനാ...മ്മടെ രാജുന്റെ അളിയന്‍ മെഡിക്കല്‍ കോളേജില്‍ ദന്ത ഡോക്ട്ടറല്ലേ...മ്മക്ക് രാജുവിനെക്കൂടി കൊണ്ട് പോയാലോ.. കാര്യങ്ങള്‍ക്കിത്തിരി എളുപ്പം കിട്ടില്ലേ...? രാജു ഈ കവലയില്‍ കട നടത്തുകയല്ലെ..’

‘അത് നല്ല കാര്യമാ...എങ്കില്‍ ഇവിടെ നിര്‍ത്ത്...രാജുവിനോട് കൂടി പോരുന്നോ എന്ന് ചോദിക്കാം.’ വിഷമം ഉള്ളിലൊതുക്കി മോഹനന്‍ ജീപ്പിന്റെ പിന്നിലിരുന്നു പിന്താങ്ങി.

ജീപ്പ് രാജുവിന്റെ കടയുടെ ഓരം ചേര്‍ന്ന് നിന്നു. ചിന്നപ്പന്‍ ചേട്ടന്റെ തല ജീപ്പിനുള്ളില്‍ കണ്ട രാജു കടയില്‍ നിന്നിറങ്ങി പാഞ്ഞു വന്നു. അന്നൊക്കെ ജീപ്പ് ടാക്സി വിളിക്കുന്നത്‌ തന്നെ പന്തി കേടാ. പോരാത്തതിനു ഹെഡ് ലൈറ്റും.

‘എന്താ ചിന്നപ്പന്‍ ചേട്ടാ...എന്നാ പറ്റി....ആര്‍ക്കാ ദീനം..?’ രാജു ജിജ്ഞാസുവായി.

‘ഒന്നും പറയേണ്ടാടാ...ദേ ഈ മോഹനന്റെ കൊച്ചു ഒരു കാപ്പിക്കുരു മൂക്കില്‍ തള്ളി കേറ്റി. ഇപ്പോ അത് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടിലാ ഇരിപ്പ്. കൊച്ചിന് ശ്വാസം പോകുന്നില്ല. ഡിസ്പെന്സറിയില്‍ കാണിച്ചപ്പോ ഓപ്പറേഷന്‍ വേണ്ടി വരുമെന്നാ പറഞ്ഞത്....കോട്ടയത്തിനു പോവ്വാ...നീ കൂടി വരണം. ഞങ്ങള്‍ക്ക് നല്ല പരിചയം ഇല്ല...’

‘അതിനെന്താ....കട ഒന്നടച്ചോട്ടെ...ദാ ഇപ്പോ വരാം...’ രാജു ധൃതിയില്‍ അപ്രത്യക്ഷനായി. അതിനിടയില്‍, അപ്പു ശ്വാസം വിടാന്‍ ബുദ്ധിമുട്ടി ഒന്ന് നീണ്ടു നിവര്‍ന്നു കണ്മിഴിച്ചു. വീണ്ടും ജീപ്പിനുള്ളില്‍ കൂട്ടക്കരച്ചില്‍ ഉയര്‍ന്നുപൊങ്ങി. ബഹളം കേട്ടു നാട്ടുകാര്‍ ഓരോരുത്തരായി ഓടിക്കൂടി ജീപ്പിനു ചുറ്റും തിക്കിത്തള്ളി.

എന്നാ പറ്റി...എന്നാപറ്റി...ആകെ ബഹളമായി.

സംഗതി പന്തി കേടാണെന്ന് കണ്ടു രാജു കട അടയ്ക്കാന്‍ മിനക്കെടാതെ ഓടിയെത്തി ജീപ്പിനു പുറകില്‍ തൂങ്ങി ‘പോട്ടെ...പോട്ടെ ഇനി താമസ്സിക്കണ്ട’ എന്നലറി. ജീപ്പ് സ്റ്റാര്‍ട്ടാക്കുന്ന തിരക്കിലായി ഡ്രൈവര്‍. ആണ്ടെ കിടക്കുന്നു. പണ്ടാരം. വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല. പണി പാളിയോ...? ഇന്നാണെങ്കില്‍ എട്ടിന്റെ പണി കിട്ടി എന്ന് പറയും. കരച്ചിലും പിഴിച്ചിലും ഉച്ചസ്ഥായിയില്‍ എത്താന്‍ പിന്നെ അധികം നേരം വേണ്ടി വന്നില്ല.

‘ഹെന്‍റെ പൊന്നുമോനെ........??’ അമ്പിളി വാവിട്ടു നിലവിളിച്ചു. ഒപ്പം മോഹനനും.

‘എന്ത് പറ്റി...?’  ആ ചോദ്യത്തിന്റെ ഉടമ സ്ഥലത്തെ ആയുര്‍വേദ ചികിത്സകനായിരുന്നതിനാല്‍ ആളുകള്‍ അദ്ദേഹത്തിനു കഷ്ട്ടി വഴിമാറി.

‘കാപ്പിക്കുരു.............!!!’ കാപ്പിക്കുരു കഥ വെപ്രാളപ്പെട്ടു ചിന്നപ്പന്‍ ചേട്ടന്‍ മേപ്പടി ആയുര്‍വേദ ഡോക്റ്ററെ ധൃതിയില്‍ ധരിപ്പിച്ചു. സ്വന്തമായി ആക്സിലേറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ ചവിട്ടിവിട്ടേനെ എന്ന് തോന്നിപ്പിച്ചു ചിന്നപ്പന്‍ ചേട്ടന്റെ ഇരിപ്പും പടുതിയും. ആയുര്‍വേദഡോക്ട്ടര്‍ മെല്ലെ അപ്പുവിന്റെ നാഡിയും, മിഴികളും പരിശോധിച്ച് തെല്ലു നേരം ആലോചിച്ചു നിന്നു. കാപ്പിക്കുരു കയറിയിരിക്കുന്ന മൂക്കിന്റെ വലതു ദ്വാരം സൂഷ്മം നിരീക്ഷിക്കുന്നതിനിടയില്‍ ഒരു പരിചയക്കാരനോട്‌ എന്തോ കൊണ്ട് വരാന്‍ പതുക്കെ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ ഓടി പോയി തേങ്ങ പൊതിച്ചതിന്റെ തൊണ്ടുമായി ഞൊടിയിടയില്‍ പറന്നെത്തി. ഡോക്ട്ടര്‍ ആ തൊണ്ടില്‍ നിന്ന് അല്‍പ്പം ചകിരി അടര്‍ത്തിയെടുത്ത് അപ്പുവിന്‍റെ മൂക്കില്‍ മെല്ലെ കയറ്റി ചെറുതായൊന്നിളക്കി....! ഒപ്പം മൂക്കിന്റെ ഇടതു ദ്വാരം അടച്ചുപിടിക്കാനും മറന്നില്ല.  ദേ വരുന്നു, നാട് വിറപ്പിച്ചുകൊണ്ട്‌ നല്ല ബ്രഹ്മാണ്ടന്‍ ഒരു ‘ഹാച്ച്ചീ’ .....ന്റമ്മോ....! അപ്പുവിന്റെ മൂക്ക് ആഞ്ഞു തെറിക്കുന്നതു കണ്ടു...! കാപ്പിക്കുരു വെടിയുണ്ടപോലെ ഡോക്റ്ററുടെയും നാട്ടുകാരുടെയും ഇടയിലൂടെ തൊട്ടടുത്ത കവല ലക്ഷ്യമാക്കി അലറിപ്പാഞ്ഞു കടന്നുപോയി......! അപ്പു ഉണര്‍ന്നു സമാധാനത്തോടെ കണ്ണ് തുറന്നു അപ്പനെയും അമ്മയെയും മാറി മാറി നോക്കി ശ്വാസം തെരുതെരെ വലിച്ചു വിട്ടു കാണിച്ചുകൊടുത്തു...!

‘ഇനി വീട്ടിലേക്കു പൊയ്ക്കോള്ളൂ....’ ആയുര്‍വേദ ഡോക്ട്ടര്‍ നടന്നകന്നു.

ജീപ്പിനുള്ളിലും പുറത്തും ആശ്വാസവും അവിശ്വസനീയതയും വര്‍ണ്ണനാതീതമായിരുന്നു. രാജു ആഹ്ലാദത്തോടെ ജീപ്പില്‍ നിന്ന് ചാടിയിറങ്ങി എല്ലാവര്ക്കും റ്റാറ്റാ കൊടുത്ത് കടയിലേക്കോടി. അപ്പുവിന്റെ അമ്മ പൊന്നുമകനെ വാരിപ്പുണര്‍ന്നു തെരുതെരെ, കൊതി തീരും വരെ ചുംബിച്ചു ചുംബിച്ചു ഒരു വകയായി. അപ്പുവിന്റെ അച്ഛനാകട്ടെ സന്തോഷം സഹിക്ക വയ്യാതെ അടുത്തിരുന്ന ബന്ധുവിന്റെ കൈകള്‍ തന്റെ കൈക്കുള്ളിലാക്കി ഞെക്കി പൊടിയാക്കി കുറെ വിഷമം അങ്ങനെ തീര്‍ത്തു. പുറകിലിരുന്ന ഒരാള്‍ ഡ്രൈവറെ കെട്ടിപ്പിടിച്ചു അങ്ങേര്‍ക്കും കൊടുത്തു കെട്ടിയോള് പോലും കൊടുത്തിട്ടില്ലാത്ത വിധം രണ്ടുമ്മ. ഒരു ഓട്ടം പോയെങ്കിലും ഒരു ജീവന്‍ തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചു ഡ്രൈവര്‍ തൊട്ടടുത്തുകണ്ട ചായക്കടയിലേക്ക് കയറി, ആശ്വാസത്തോടെ ഒരു ചായ ആസ്വദിച്ചു കുടിച്ചു...!

   എല്ലാവര്‍ക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ആയുര്‍വേദഡോക്ട്ടറിന്റെ ബുദ്ധിസാമര്‍ത്ഥ്യം...! അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം എത്ര പേരുടെ ബുദ്ധിമുട്ടാണ് ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായത്...! എത്ര പേരുടെ സങ്കടങ്ങളാണ് ഇല്ലാതായത്...! എത്ര പണമാണ് നഷ്ട്ടപെടാതെ തിരിച്ചു കിട്ടിയത്....! എത്ര നേര്ച്ചകളാണ് ഒഴിവായത്...!

എന്നാലും എന്റെ ആയുര്‍വേദ ഡോക്ട്ടറെ...!!!! എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി..

   പരമ കാരുണ്യവാനായ തമ്പുരാന്റെ കൃപയാല്‍ തക്ക സമയത്ത് ദൈവ ദൂതനെ പോലെ അവിടെയെത്തി ഒരു കുടുംബത്തിനു വലിയ ആശ്വാസമാകുകയും, ചില്ലിക്കാശു പോലും പ്രതിഫലം വാങ്ങിക്കാതെ, എന്തിന് ഒരു നന്ദിവാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നകന്നു പോകുകയും ചെയ്ത ആ നല്ല മനുഷ്യന് ഞങ്ങളുടെ നാട്ടുകാര്‍ ഒരിക്കലും മറക്കാത്ത ഒരു സമ്മാനം നല്‍കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഒരു ഗംഭീരന്‍ ഇരട്ടപ്പേരായിരുന്നു അത്. ‘ഡോക്ട്ടര്‍ ചകിരി’.

      നല്ലവനായ,ബുദ്ധിമാനായ ആ ആയുര്‍വേദ ഡോക്ട്ടര്‍ ഇന്നും ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നു. ഇങ്ങു ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഇരട്ടപ്പേരും പേറി ആതുരസേവനം ചെയ്തു കുടുംബം പുലര്‍ത്തിപ്പോരുന്നു...!

കാലം പോകെ ഒരുപാട് ഡിസ്പന്സറികളും ഹോസ്പിറ്റലുകളും ഞങ്ങളുടെ നാട്ടില്‍ ഉണ്ടായി. എന്നാല്‍ ചെറിയ ചെറിയ അസുഖങ്ങള്‍ക്കൊക്കെ നാട്ടുകാര് ഇന്നും ആ ആയുര്‍വേദ ഡോക്ട്ടറെയാണ് സമീപിക്കുക.

മൂക്ക് പിഴിഞ്ഞ് കൊണ്ട് വഴിയോരത്ത്കൂടെ അവശനായി പോകുന്ന എതെങ്കലും ഒരു മനുഷ്യനോടു എങ്ങോട്ടാ എന്ന് ചോദിച്ചാല്‍ കിട്ടുന്ന മറുപടി ഇതായിരിക്കും.

“ഓ... എന്നാ പറയാനാ... ഒന്നുരണ്ടു ദിവസമായി ഒരു ചെറിയ ജലദോഷം പോലെ... ‘ചകിരി’യെ ഒന്ന് കണ്ടു കളയാം എന്ന് വച്ചു.....അത്രടം വരെ ഒന്ന് പോയെച്ചും വരാം...”

      എങ്ങനുണ്ട് ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങേര്‍ക്കു ലഭിച്ച ആ  സമ്മാനം..?  ഈ കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയില്‍ പുഞ്ചിരിക്കുന്ന മുഖവുമായി അദ്ദേഹം ആരോ ഒരാള്‍ക്ക്‌ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ട് വഴിയരുകില്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ എഴുതണമെന്നു തോന്നി....അദ്ദേഹത്തെപ്പറ്റി..... ആ നല്ല മനുഷ്യനെപ്പറ്റി........!

18 comments:

  1. ഹൈറേഞ്ച് നിവാസികളുടെ ചെറിയ ആശുപത്രി ആവശ്യങ്ങൾപ്പോലും ഇന്നും ഇങ്ങനൊക്കെ തന്നെ ,നല്ലവനായ ഡോക്ടർക്കും എഴുത്തുകാരനും ആശംസകൾ

    ReplyDelete
  2. ഉചിതമായ ഒരു അനുസ്മരണം.ചെറിയ കേസുകളില്‍ പ്പോലും റിസ്ക് ഒഴിവാക്കി വലിയ ഹോസ്പിറ്റലിലേക്ക് പറഞ്ചുവിടുന്നവര്‍ക്കിടയില്‍ ആത്മവിശ്വാസമുള്ള ഒരു ഡോക്റ്റര്‍.ആ പേര് നമ്മള്‍ മലയാളികളുടെ സ്വഭാവ വൈചിത്ര്യത്തിന്റെ നിദര്‍ശനം തന്നെ

    ReplyDelete
  3. ആ ഡോക്ടറുടെ പേര് എന്താ അന്നൂസേ?

    ReplyDelete
  4. ആദ്യത്തെ പേരഗ്രാഫില്‍ അല്പം എഡിറ്റിംഗ് ആവശ്യമായിരുന്നു.അത്യാസന്നനിലയിലുള്ള രോഗിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന 'ഫീലിംഗ്' അവിടെ വരുത്തണം.പിന്നെ അപ്പുവിന്‍റെ അമ്മയുടെ നേര്‍ച്ചയ്ക്കുശേഷം വരുന്ന രചയിതാവിന്‍റെ ആത്മഗതവും ഒഴിവാക്കാവുന്നതാണ്. കാരണം വായനക്കാരന് ഒറ്റവായനയില്‍ത്തന്നെ അതു പിടികിട്ടുമെന്നത് തീര്‍ച്ചയാണ്.
    ഇത്തരം നല്ലകാര്യങ്ങള്‍ ചെയ്ത് ഒടുവില്‍ 'കുരിശേന്തി'വരുന്ന നന്മയുടെ നിറകുടങ്ങളായ ധാരാളം വ്യക്തികള്‍ ഉണ്ട് നമ്മുടെ നാട്ടില്‍...
    എഴുത്ത് നന്നായി
    ആശംസകള്‍

    ReplyDelete
  5. എന്റെ അന്നൂസ് കഥ കലക്കി എന്നാലും ഡോക്ടര ക്ക് അവസാനം നാട്ടുകാരിട്ട പേര് വായിച്ചപ്പോ ഒരു തുമ്മലിന്റെ എഫ്ഫക്റ്റ്‌ ഉള്ള ചിരി ചിരിച്ചു കേട്ടോ സുന്ദരം

    ReplyDelete
  6. പഴയ കാലത്തെ പാരമ്പര്യവൈദ്യന്മാരുടെ കഴിവ് അപാരമായിരുന്നു. എന്നുവെച്ച് പുതിയ കാലത്തെ ബി.എ.എം.എസ് ഡോക്ടർമാർക്ക് ആ കഴിവ് ഒട്ടും ഇല്ല. എൻട്രൻസിന് എം.ബി.ബി.എസി ന് സെലക്ഷൻ കിട്ടാഞ്ഞതുകൊണ്ട് ഡോക്ടർ ആവാനുള്ള കൊതിയടക്കാൻ ബി.എ.എം.എസ് പഠിച്ചിറങ്ങുന്ന ഇപ്പോഴത്തെ ഹൈടെക് വൈദ്യന്മാരുടെ കൈയ്യിൽ ആ കുട്ടിയെ കിട്ടാതിരുന്നത് ഭാഗ്യം.....

    ReplyDelete
  7. കഥയാണോ ഓർമ ക്കുറിപ്പാണോ? ഓർമ ക്കുറിപ്പ് ആണെങ്കിൽ അന്നൂസിനെങ്കിലും ആ ഡോക്ടറുടെ പേര് ഒന്ന് പറയാമായിരിന്നു. ഇനി സ്വന്തം പേര് പറഞ്ഞ് നാണം കേടുത്തെണ്ട എന്ന് വിചാരിച്ചാണോ?

    ഉപകാര സ്മരണ ആർക്കെങ്കിലും ഉണ്ടോ ഇക്കാലത്ത്? എല്ലാവർക്കും സ്വന്തം കാര്യം.

    തങ്ങള് കുഞ്ഞു മുസലിയാർക്കു അതി ഭയങ്കര തലവേദന.അവസാനം വയസ്കര മൂസിനെ കണ്ടു. അദ്ദേഹം ഒരു ചെറിയ കുപ്പിയിൽ മരുന്ന് കൊടുത്തിട്ട് രാവിലെ തലയിൽ തേച്ചു കുളിയ്ക്കാൻ പറഞ്ഞു. തല വേദന കുറഞ്ഞു. ഒരാഴ്ച കഴിഞ്ഞു കൂടുതൽ മരുന്നിനായി മുസലിയാർ ചെന്നു.മൂസ് പറഞ്ഞു ഇത് വെറും ഉപ്പ് വെള്ളം ആണ്. എന്നും സ്വയം ഉണ്ടാക്കി ഇത് തലയിൽ തേയ്ക്കുക. പണക്കാരൻ ആകുന്നതിനു മുൻപ് മുസലിയാർ മീൻ തലയിൽ വച്ച് വില്പ്പന ആയിരുന്നു. അതിൽ നിന്നുള്ള ഉപ്പ് വെള്ളം തലയിൽ വീണ് അതൊരു ചിട്ട ആയി.പഴയ കാല വൈദ്യന്മാരുടെ ബുദ്ധിപരമായ ചികിത്സ കാണിയ്ക്കാനുള്ള ഒരു കഥ ആണിത്.

    ഇന്നാണെങ്കിൽ സി.ടി.എം.ആർ.ഐ. തുടങ്ങി പലതും. ക്ലിനിക്കൽ ഡയഗ്നോസിസ് നടത്തുന്നില്ല. മെഷീനെ മാത്രം ആശ്രയിക്കുന്നു.

    ReplyDelete
  8. വളരെ നല്ലൊരു കുറിപ്പ്‌.
    ആ ഡോക്ടർക്ക്‌ ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. ( ചകിരി എന്ന് വിളിച്ചു ചെറുതാക്കുന്നില്ല.... ആ നാട്ടിൽ അതൊരു ബഹുമതിയാണെങ്കിലും)

    ReplyDelete
  9. മനോഹരമായി എഴുതി ..ആശംസകൾ...

    ReplyDelete
  10. ഒറ്റമൂലി ചികിത്സകരെല്ലാം ഇന്ന് അസ്തമിച്ചിരിക്കുന്നു.
    അഥവാ ആരെങ്കിലും ഉണ്ടെങ്കിൽത്തന്നെ മറ്റു വൈദ്യന്മാർ കൂടിച്ചേർന്ന് അയാളെ തല്ലിക്കൊന്നിരിക്കും..! ആശംസകൾ...

    ReplyDelete
  11. ഇതൊക്കെ വായിക്കുന്നത് ഒരു സന്തോഷമാണ്

    ReplyDelete
  12. രസകരമായി എഴുതി ട്ടോ......ഈ നാട്ടുകാരുടെ ഒരു കാര്യമേ ... നല്ലത് ചെയ്താലും .....ഹിഹി

    ReplyDelete
  13. പല വൈദ്യന്മാരും ഇങ്ങനെ സാമാന്യബുദ്ധി ഒന് കൊണ്ട് മാത്രം വലിയ വലിയ പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കിയിട്ടുണ്ട് .വളരെ അധികം ഗവേഷണം നടത്തി രോഗങ്ങള്‍ ചികിത്സിക്കാന്‍ പുതിയ പുതിയ മെഷീനുകള്‍ ഉപയോഗിച്ചും രോഗനിര്‍ണ്ണയം നടത്തുന്നതിനെ ചെറുതാക്കിക്കാണാന്‍ ആവില്ലെങ്കിലും അത്തരം വൈദ്യന്മാരുടെ ബുദ്ധിശക്തിയും ആതുര സേവനത്വരയും മാനിച്ചേ പറ്റൂ ,നമ്മുടെ നാട്ടുകാര്‍ക്ക് മുറ്റത്തെ മുല്ല വെറും കാട്ടുചെടി മാത്രമാണല്ലോ ..നന്നായി കുറിപ്പ് അന്നൂസ്

    ReplyDelete
  14. കാപ്പിക്കുരു വെടിയുണ്ടപോലെ ഡോക്റ്ററുടെയും നാട്ടുകാരുടെയും ഇടയിലൂടെ തൊട്ടടുത്ത കവല ലക്ഷ്യമാക്കി അലറിപ്പാഞ്ഞു കടന്നുപോയി......////////ഽഹാ ഹാ .ചിരിച്ചു ചിരിച്ചു ചാകാറായി.എന്റമ്മോ.

    ReplyDelete
  15. എന്നാലും ഡോക്ടർക്ക്‌ ആ പേര് വീണു പോയി. ല്ലേ?

    ReplyDelete
  16. വേറിട്ട കാഴചകളില്‍ ഒരാള്‍ !! നന്നായി പരിചയപ്പെടുത്തി .

    ReplyDelete
  17. പഴയ ചില നന്മകളുടെ കാഴ്ച്ചകൾ...

    ReplyDelete
  18. ചകിരി കലക്കി..... നല്ലതു ചെയ്യുമ്പോള്‍ കിട്ടുന്ന പ്രതിഫലം..... ഗംഭീരനെഴുത്ത് ആശംസകൾ.....

    ReplyDelete