ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday 8 February 2015

ഞാന്‍ ഒന്ന് തൊട്ടോട്ടേ......? (കഥ)



വെള്ളത്തുണിയില്‍ പൊതിഞ്ഞ ആറടി നീളമുള്ള പൊതിക്കെട്ടു ആംബുലന്‍സില്‍ നിന്നിറക്കുമ്പോള്‍ ഹൃദയത്തിനുള്ളിലൂടെ,  മിടിപ്പുകള്‍ പകുത്തുകൊണ്ട് ഒരു കൊള്ളിയാന്‍ മിന്നിയകന്നു പോയി. ശാപം പേറിയ നിമിഷം എങ്ങും കനത്ത കറുപ്പ് വ്യാപിച്ചിരുന്നു. പൂമുഖ തൂണിലേക്ക് വരെയേ ഓടിയെത്താന്‍ കഴിഞ്ഞുള്ളൂ.
തളര്‍ന്ന കാലുകള്‍ക്ക് പകരം തൂണിലമര്‍ന്ന കൈകള്‍ ശരീരം താങ്ങാന്‍ വിഫലശ്രമം നടത്തി. വീഴുമ്പോള്‍ താങ്ങിയ രമണി അമ്മായിക്ക് വെളിവ് കെട്ട ഒരു പുഞ്ചിരി നല്‍കാന്‍ ശ്രീജ മറന്നില്ല. അമ്മായിയെ ഒരു പാട് നാളായി കാണുന്നതാ. മുരളിയേട്ടന്റെ വിയോഗം ഞൊടിയിട അവള്‍ മറന്നപോലെ തോന്നി. കറുത്തിരുണ്ട മുഖത്തോടെ, അമ്മായിയും നാത്തൂന്‍ വത്സലേടത്തിയും കൂടി താങ്ങി എഴുന്നെല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളത്തുണിക്കുള്ളില്‍, താങ്ങിയെടുക്കപ്പെട്ട കൈകളില്‍, നിലം തൊടാതെ മുരളിയേട്ടന്‍ അടുത്ത് വരുന്നത് കണ്ടു. ദേഷ്യം വന്നാല്‍ തന്നെ പോലും ദേഹത്ത് തൊടാന്‍ സമ്മതിക്കാത്ത ആളാണ്. രാവിലെ ചോദിച്ചതിനൊന്നും മറുപടി തരാതെ മൌനപ്പെട്ടിറങ്ങി  പോകുമ്പോള്‍ ഇന്നു രാത്രി തന്നെ ഒപ്പം കിടത്തുകപോലും ചെയ്യില്ലാന്ന് തീര്ച്ചപ്പെടുത്തിയതാണ്. എന്നിട്ടിപ്പോള്‍ എത്ര കൈകളാണ് ആ ശരീരത്തില്‍ തൊട്ടിരിക്കുന്നത്.

‘ഇതൊന്നും മുരളിയേട്ടന് ഇഷ്ട്ടമല്ലാട്ടോ....ദേഹത്ത് തൊടരുത്.....’ ആര് കേള്‍ക്കാന്‍..ചിലര്‍ ദേഷ്യം കലര്‍ന്ന അറപ്പോടെ തന്നെ നോക്കുന്നത് കണ്ടു. തലയ്ക്കു മുകളിലൂടെ വെളുത്ത തുണിക്കെട്ട് തന്നെ കടന്നു പോകുമ്പോള്‍ ആരുടെയോ കാലുകള്‍ ശക്തിയായി തന്റെ നാഭിയില്‍ പതിക്കുന്നത്, കരള്‍ പിടയുന്ന വേദനയോടെ ശ്രീജ അറിഞ്ഞു. ‘അമ്മേ...’ എന്ന അലര്‍ച്ച പുറത്തേക്കു വന്നില്ല. കാലുകള്ക്കൊപ്പം അകന്നു പോകുന്ന നീലക്കരയുള്ള വെളുത്ത മുണ്ടും കറുത്ത ഹാഫ്ഷൂവും മിന്നായം കണ്ടത് ചുടു കണ്ണുനീരിനിടയിലൂടെയാണ്. അറിയാതെ കൊണ്ടതോ അതോ തോഴിച്ചതോ....?

‘അതിനെ അങ്ങോട്ട്‌ മാറ്റിയിരുത്ത്...’ ആരോ ഒച്ചയെടുക്കുന്നത് കേട്ടു.

തന്നെപ്പറ്റിയാണോ ആ ആക്രോശം എന്ന് ശ്രീജ അന്ധാളിക്കാതിരുന്നില്ല. കത്തിച്ചു വച്ച ഓട്ടുവിളക്കിന് മുന്‍പില്‍ മുരളിയേട്ടനെ കിടത്തുമ്പോള്‍ കുട്ടികള്‍ രണ്ടുപേരും ഉറക്കെ നിലവിളിച്ചു ഒരു വശം പിടിച്ചു. അടിവയറ്റില്‍ നിന്നുയര്‍ന്ന അസഹനീയമായ വേദന താങ്ങി പിടിച്ചു ശ്രീജ മുരളിയേട്ടനരുകിലേക്ക് ഇഴഞ്ഞു നീങ്ങി. കറുത്ത ഷൂവിട്ട നീലക്കരയുള്ള മുണ്ടുടുത്ത ആളിനെ കടന്നു പോകുമ്പോള്‍ അറിയാതെ മുഖം അയാള്‍ക്ക്‌ നേരെ ഉയര്‍ന്നുപൊങ്ങി. ശ്രീധരേട്ടന്‍...... ! അയാള്‍ ക്രൂദ്ധനായി അവളെ നോക്കി പല്ല് ഞെരിച്ചു നിന്നു. തന്നെ എപ്പോഴും വാത്സല്യത്തോടെ മാത്രം നോക്കിയിട്ടുള്ള, മോളെ... എന്ന് മാത്രം വിളിച്ചിട്ടുള്ള ശ്രീധരേട്ടന്‍...!

‘അശ്രീകരം....’ കൈകളുയര്‍ത്തി, മുരളിയേട്ടന്റെ ദേഹത്ത് തൊടുന്നതിനു തൊട്ടു മുന്‍പേ, കറുത്ത് കുറുകിയ ഏതോ ഒരു സ്ത്രീ ഒരു ശീല്‍ക്കാരത്തോടെ പല്ല് ഞരിച്ച്, മുഖം തിരിച്ചു.

‘മാറിയിരിക്ക്..തൊടണ്ട....’ വീണ്ടും ആക്രോശം.

എന്താ തൊട്ടാല്‍...? എന്താണ് എല്ലാവരും ഇങ്ങനെ..? ഇതെന്‍റെ മുരിളിയേട്ടനാ..... ഇടയ്ക്കിടെ പാതി തെളിഞ്ഞു വരുന്ന ബോധത്തില്‍ അവള്‍ ചിന്തകള്‍ ഭ്രാന്തമായി അലഞ്ഞുതിരിഞ്ഞു. മുരളിയേട്ടനെ തൊടാനുയര്ത്തിയ കൈകള്‍ പിന്‍വലിക്കുന്നതിനിടയില്‍ കൂട്ടംകൂടി നിന്ന ആളുകളിലേക്ക്‌ അവളുടെ നിറഞ്ഞ കണ്ണുകള്‍ ആശ്വാസത്തിനായി തേടി. പുച്ഛവും അമര്‍ഷവും ഇടകലര്‍ന്ന കറുത്തിരുണ്ട,കരുണയില്ലാത്ത മുഖങ്ങള്‍ മാത്രമാണവളെ ചുറ്റും കാത്തു നിന്നിരുന്നത്. എങ്ങും കൂരിരുള്‍ പരക്കുന്നത് പോലെ... തനെന്തോ വല്ല്യ തെറ്റ് ചെയ്തിരിക്കുന്നതായി ശ്രീജയ്ക്ക് തോന്നിത്തുടങ്ങി. മുരളിയേട്ടനും കത്തിച്ചു വച്ച നിലവിളക്കും കൂട്ടം കൂടി നില്‍ക്കുന്ന ആള്‍ക്കാരും വീടും മച്ചും ആകെ അവള്‍ക്കു ചുറ്റും നിന്ന് പ്രതികാരദാഹത്തോടെ കറങ്ങി. ഒരു പുകപടലം ഉരുണ്ടു മറിഞ്ഞു പോകുന്നത് പോലെ... അത് ചിന്തകള്‍ തെളിയിക്കുകയും മിക്കപ്പോഴും അവ്യക്തമാക്കുകയും ചെയ്തുകൊണ്ടിരുന്നു. നനഞ്ഞോഴുകുന്ന മിഴിതുമ്പിനു മുന്നില്‍ ചെറു പുഞ്ചിരിയോടെ മുരളിയേട്ടന്‍ മാത്രം ഇടയ്ക്കിടെ ആശ്വാസമായി നീണ്ടു നിവര്‍ന്നു. വെള്ളത്തുണിയില്‍ മുഖം മാത്രം പുറത്തുകാട്ടി അടങ്ങി ഒതുങ്ങി കിടക്കുന്ന മുരളിയേട്ടന്റെ രൂപം കണ്മുന്നില്‍  തെളിഞ്ഞു വന്നപ്പോഴൊക്കെ അവളുടെ നിയന്ത്രണമറ്റുപോയി.

‘എന്തിനാ മുരളിയേട്ടാ ഇതു ചെയ്തത്..? ഈ കുരുന്നുകളെയും കൊണ്ട് ഞാനൊറ്റയ്ക്കിനി എത്രകാലം...........’ സഹിക്കാനാവാതെ അവള്‍ ഉച്ചത്തില്‍ തേങ്ങി. മൂത്തവന്‍ കൊച്ചുമോന്‍ അമ്മയുടെ കരച്ചില്‍ നേരിടാനാവാതെ മേല്ലെയെഴുന്നേറ്റ് പുറത്തേക്ക് പോയി പൊരിവെയിലില്‍ ലയിച്ചു.

‘കൊച്ചുമോനേ...ഡാ.... വെയില് കൊള്ളല്ലേ......’ സാധാരണ ജീവിതത്തിലേക്ക് ശ്രീജ തെല്ലിട മടങ്ങി വന്ന നിമിഷം. വീണ്ടും മുരളിയേട്ടന്റെ വെള്ള പുതച്ച മുഖം കണ്മുന്നില്‍ തെളിഞ്ഞപ്പോള്‍ ‘അയ്യോ’ എന്ന ശീല്കാരം അവളില്‍ നിന്ന് അറിയാതെ ഉയര്‍ന്നു.

‘എന്തിനാ മുരളിയേട്ടാ...ഇത് ചെയ്തത്............’ അവള്‍ വീണ്ടും തേങ്ങാന്‍ ഭാവിക്കുകയായിരുന്നു.

‘ഓരോന്ന് വരുത്തി വച്ചിട്ട് കിടന്നു മോങ്ങുന്നോടി പിഴച്ചവളെ....?’ ശക്തമായ അലര്‍ച്ചയായിരുന്നു പിന്നില്‍. പിന്തിരിയുമ്പോള്‍, തന്റെ തലമുടിക്കുത്തില്‍ കടന്നു പിടിക്കാന്‍ വന്ന ബാലിഷ്ടമായ കൈകളെ ആരോ തടയുന്നതു കണ്ടു.

‘എണീറ്റ്‌ പോണുണ്ടോ ഇവിടുന്ന്.....കൂത്തിച്ചിമോളേ....’ വീണ്ടും അതെ ശബ്ദമാണ്. മിഴിനീര്‍ തുടച്ചു, നോട്ടമെത്തുമ്പോള്‍ ക്രൂദ്ധനായി നില്‍ക്കുന്ന മധുവിനെ കണ്ടു. അവനാണോ തന്നെ പിഴച്ചവളെ എന്ന് വിളിച്ചത്..? ശ്രീജയ്ക്ക് വിശ്വസ്സിക്കാനായില്ല. ഈ വീട്ടില്‍ വന്നു കയറിയ കാലം മുതല്‍ ചേച്ചീന്ന് മാത്രം വിളിച്ചിട്ടുള്ള മുരളിയേട്ടന്റെ പൊന്നനുജനു ഒരു നേരം ഇരുണ്ടു വെളുത്തപ്പോള്‍ താന്‍ എങ്ങനെ പിഴച്ചവളായി....!

‘പിഴച്ചവള്‍... താന്‍ പിഴച്ചവളായതെങ്ങിനെ....എങ്ങനെ...?  ആയിരം വട്ടം ആ ചോദ്യം ശ്രീജയ്ക്ക് ചുറ്റും ഉത്തരമല്ലാതെ കൂരമ്പ്‌ കണക്കെ പാഞ്ഞു വന്നു. മുരളിയെട്ടനെ മാത്രം സ്നേഹിച്ചും സ്വയം സമര്‍പ്പിച്ചും ജീവിച്ച ഞാന്‍ എങ്ങനെ പിഴച്ചവളായി...?’ ഒരു പരപുരുഷനും ഇന്നുവരെ അനാവശ്യമായി സ്പര്‍ശിക്കാന്‍ പോലും ഇടകൊടുക്കാതെ ജീവിച്ചിട്ടും താന്‍ പിഴച്ചവളായതെങ്ങിനെ...?   ...എങ്ങനെ... എങ്ങനെ...?  ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ടായിരുന്നു ശ്രീജയ്ക്ക്... ഇടയ്ക്കിടെ മറഞ്ഞു പോകുന്ന ബോധം അവളെ ഒന്നിനും ത്രാണിയില്ലാതാക്കി. തന്നെ ചൊല്ലി അപരചിതനുമായി ബലാബലം നില്‍ക്കുന്ന മധുവിനെ ദയനീയമായി നോക്കി അവള്‍ ദയാവായ്പ്പിനായി മൌനമായി കേണു.

‘ഇതൊരു മരണ വീടാണ്...കണക്കൊക്കെ പിന്നെ തീര്‍ക്കാം...’ ആരോ മധുവിനോട് ആക്രോശിച്ചതിനു പിന്നാലെ അയാള്‍ ചവിട്ടിത്തുള്ളി ഇറങ്ങി പോകുന്നത് ശ്രീജ മിന്നായം നോക്കി.

ഇറങ്ങി പോകുന്ന മധുവിനെ കടന്ന്, ഖദര്‍ ധരിച്ച രണ്ടുമൂന്നു പേര്‍ എത്തി വിനയപുരസരം നിന്ന് റീത്ത് വയ്ക്കുന്നുണ്ടായിരുന്നു.

‘ഇന്നലെ രാവിലെയും കൂടി ഞാന്‍ കണ്ടുവെന്നു തോന്നുന്നു...എങ്ങനായിരുന്നു...? ‘ കൈത്തലം കൊണ്ട് ചുണ്ടുകള്‍ മറച്ച് തൊട്ടടുത്ത്‌ നിന്ന ആളിനോട്‌ കദര്‍ധാരി അടക്കം ചോദിച്ചു.

‘വിഷം കഴിച്ചായിരുന്നു.’ ആരോ തിരികെ അടക്കം പറയുമ്പോള്‍ അയാള്‍ അയ്യോ എന്ന മട്ടില്‍ ചുണ്ടുകള്‍ കൊട്ടുന്നത് കണ്ടു. നമജപങ്ങള്‍ക്കിടയിലൂടെ ശ്രീജ ചെവി പരമാവധി അവരിലേയ്ക്ക് കൂര്‍പ്പിച്ചു.

‘കുറച്ചുകാലം മുന്‍പ് ബോംബെയ്ക്കൊക്കെ ലോറി ഓടിച്ചുകൊണ്ടിരുന്ന ആളല്ലേ...?’  അയാള്‍ വീണ്ടും ശബ്ദം താഴ്ത്തി ചെവി കടിച്ചു.

‘നേരത്തെ......ഇപ്പോ രണ്ടു വര്‍ഷമായി ഗള്‍ഫില്‍ ഡ്രൈവറായിരുന്നു.....ലീവിന് വന്നിട്ട് ഒരു മാസമേ  ആയുള്ളൂ...’

‘ന്താ.. കാര്യമെന്നറിയാമോ?..’

‘ഭാര്യയ്ക്ക് നല്ല സുഖമില്ലായിരുന്നു... ഒരാഴ്ചയായി ഹോസ്പിറ്റലില്‍ ആയിരുന്നെന്നു തോന്നുന്നു....ടെസ്റ്റ്‌ റിസള്‍ട്ട് വന്നത് മുതല്‍ മുരളി ആകെ വിഷമത്തിലായിരുന്നു...........’

‘ആണോ...’

‘വാ പറയാം....’ ആരൊക്കെയോ ചേര്‍ന്ന് പുറത്തേക്ക് പോകുന്നത് കണ്ടു. പോയവര്‍ക്കൊപ്പം ചോദ്യോത്തരങ്ങളും പുറത്തേക്ക് പോയി അപ്രത്യക്ഷമായി.

ശ്രീജ ഒന്നും പിടികിട്ടാതെ പലരെയും മാറിമാറി നോക്കി. അല്‍പ്പസ്വല്‍പ്പം രോഗങ്ങളൊക്കെ ആര്‍ക്കാണില്ലാത്തത്..? തനിക്കൊരു പനിയും തളര്‍ച്ചയും വന്നതിനാണോ മുരളിയേട്ടന്‍ ഈ കടുംകൈ ചെയ്തത്...? ടെസ്ടുകളൊക്കെ ചെയ്തു കുഴപ്പമൊന്നുമില്ല എന്ന് മുരളിയേട്ടന്‍ തന്നെയല്ലേ തന്നോട് പറഞ്ഞത്... എന്നിട്ടിപ്പോ...വരുന്നവനും പോകുന്നവനുമൊക്കെ വല്ലാത്ത സൂകേട്‌ തന്നെ... കാരണം മറ്റെന്തോ ആണ്. അത് കണ്ടുപിടിക്കാന്‍ ശ്രമിക്കാതെ കുറ്റങ്ങള്‍ മുഴുവന്‍ തന്റെ തലയില്‍ വച്ച് കെട്ടുകയാണോ ഇവറ്റകള്‍...? ഒന്ന് തലകറങ്ങി വീണു ആശുപത്രിയില്‍ പോകേണ്ടി വന്നതു കാരണമാണോ താന്‍ പിഴച്ചവളായത്..? അതുകൊണ്ടാണോ താന്‍ ജീവനുതുല്യം സ്നേഹിച്ച മുരളിയേട്ടന്‍ ഈ കടുംകൈ ചെയ്തത്...? ഒരെത്തും പിടിയും കിട്ടാതെ ശ്രീജയുടെ ചിന്തകള്‍ ചുറ്റുമുള്ള ബഹളങ്ങളില്‍ മുങ്ങി, മെല്ലെ മയക്കത്തില്‍ ഒതുങ്ങി.

‘അമ്മേ....’ ആരോ അകലെ നിന്ന് വിളിക്കുന്നത്‌ പോലെയേ ശ്രീജയ്ക്ക് ആദ്യം തോന്നിയുള്ളൂ.

‘അമ്മെ....’ വളരെ ശ്രദ്ധയോടെ, പതുങ്ങിയ ആ വിളി വീണ്ടും അവളുടെ പ്രജ്ഞ തെളിച്ചു. കൊച്ചുമോനാണ്. കുറെ നേരമായി എവിടെയോ ലയിച്ചുപോയിരുന്നതിനാല്‍ എല്ലാം മറന്ന കൂട്ടത്തില്‍ അവനെയും....

അവള്‍ അവനെ വാരി മടിയില്‍ വച്ച് ഇടതടവില്ലാതെ തേങ്ങി....

‘അമ്മേ......’ തേങ്ങലിനോടുവില്‍ അവന്റെ വിളി വീണ്ടും വന്നു. ജിജ്ഞാസ ഒളിപ്പിച്ചു വച്ച കണ്‍കോണൂകളിലേക്ക് അവള്‍ വാല്‍സല്ല്യത്തോടെ ചോദ്യരൂപത്തില്‍ തെല്ലിട നോക്കാന്‍ മറന്നില്ല.

‘അച്ഛന്‍ മരിച്ചത് അമ്മ കാരണമാണോ....?’ നാമജപങ്ങളില്‍ അലിഞ്ഞിരുന്ന പേടിപ്പെടുത്തുന്ന ആ ചോദ്യം വീണ്ടും മിടിപ്പുകളെ പകുത്തു കൊണ്ട് വെള്ളിടിയായി അലറിപ്പാഞ്ഞു വന്നു.

ആരുപറഞ്ഞു...? ആയിരം തവണ ചോദിച്ചെങ്കിലും ചോദ്യം പുറത്തേക്കു വന്നില്ല.....അധരങ്ങള്‍ കണ്ണീരിനാല്‍ നനഞ്ഞു വിറ കൊണ്ട് തെറിച്ചു നിന്നു.

‘അമ്മയ്ക്ക് എയിഡ്സാണോ....?’

‘ങേ.....ആരാടാ....ഇതു പറഞ്ഞത്.....?’ അവള്‍ അവനെ വാരി കുലുക്കികൊണ്ട്‌ വിറയാര്‍ന്നു ചിലമ്പി.

‘മധുമാമന്‍ ദേഷ്യപ്പെട്ടു ഒരാളോട് പറയുന്നത് കേട്ടതാ...അമ്മ ചീത്തയായിരുന്നതുകൊണ്ടാ അച്ഛന്‍ മരിച്ചതെന്ന്......’

കൈകള്‍ അയഞ്ഞു കൊച്ചുമോന്‍ തറയിലേയ്ക്ക് ഊര്‍ന്നു വീഴുന്നത് ശ്രീജ അറിഞ്ഞില്ല.... ദിവസങ്ങള്‍ക്കു മുന്‍പ് ശരീരത്തിലേക്ക് പാഞ്ഞെത്തിയ അതേ തളര്‍ച്ച വീണ്ടും അരിച്ചെത്തുന്നതവള്‍ ഉള്കിടിലത്തോടെ അറിഞ്ഞു. എയിഡ്സ്.....!   തനിക്കോ...... ലോറിയുമായി ദേശങ്ങള്‍ മുഴുവന്‍ കറങ്ങി നടന്ന മുരളിയേട്ടന്റെ മാത്രം സാമീപ്യം കാത്തിരുന്നു  ജീവിതം കളഞ്ഞ തനിക്കു എയിഡ്സോ...? വിശ്വസിക്കാനാവാതെ അവള്‍ മുഖം പൊത്തി തറയില്‍ കമഴ്ന്നു.

നേരം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. എത്ര നേരം മുഖം പൊത്തി കമഴ്ന്നിരുന്നു എന്ന്‍ അവള്‍ക്കറിയില്ലായിരുന്നു. കര്‍പ്പൂരത്തിന്റെയും സാമ്പ്രാണിത്തിരിയുടെയും രാമച്ചത്തിന്റെയും നെയ്യുടെയും മണം ഒന്നിടവിട്ടും കൂടിച്ചേര്‍ന്നും അസ്വസ്ഥത പരത്തി കടന്നു വന്നു, പൊയ്ക്കൊണ്ടിരുന്നു. ശക്തി കുറഞ്ഞ, നോക്കി വായിക്കുന്നതു പോലെയുള്ള മന്ത്രോച്ചാരണങ്ങളും നിര്‍ദേശങ്ങളും അവ്യക്തമായി ചുറ്റിലും കറങ്ങി കറങ്ങി ഏറെനേരം നിന്നു.

‘ഇനി എടുക്കാം...’ ആരോ ശബ്ദമുയര്‍ത്തി. പെട്ടെന്നുയര്‍ന്ന തേങ്ങലുകള്‍ ശ്രീജയെ തെല്ലുണര്ത്തി. മുരളിയേട്ടന്‍ പോകുവാണോ...? അവളുടെ നെഞ്ചിടിപ്പുയര്‍ന്നു..... മുരളിയേട്ടന്‍...എല്ലാം അവസാനിപ്പിച്ച്.....തന്നെയും മക്കളെയും ഇട്ടെറിഞ്ഞു...ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്....

സ്വന്തം കൈകള്‍ മുഖത്ത്നിന്ന് മാറ്റുമ്പോള്‍ കൈകളും കവിളുകളും കണ്ണുനീരില്‍ ഒട്ടി ഒന്നായിരിക്കുന്നതവള്‍ അറിഞ്ഞു. വെള്ളമുണ്ടുകള്‍ ചുറ്റും കൂടി നിന്ന് മുരളിയെട്ടനെ എടുക്കുവാന്‍ അച്ചടക്കത്തോടെ തയ്യാറായി. ആരൊക്കെയോ അവസാനമായി ചുംബനം കൊടുക്കുന്നത് കണ്ടു. എഴുന്നേല്‍ക്കുമ്പോള്‍, അവസാനമായി മുരളിയേട്ടന് ഒരു ചുംബനം കൊടുക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ആരോ പിന്നില്‍ നിന്ന് പിടിച്ചു നിര്ത്തിയിക്കുന്നതവള്‍ അമ്പരപ്പോടെ അറിഞ്ഞു. പിന്തിരിയുമ്പോള്‍ അപരിചിത ഭാവത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്ന വത്സലേടത്തിയെ കണ്ടു.

‘വത്സലേടത്തീ...ഞാന്‍ മുരളിയേട്ടന് ഒരുമ്മ......’

‘വേണ്ട.....അവന്റെ ആത്മാവ് കോപിക്കും....’ പരുഷമായി മറ്റെവിടെയോ നോക്കി വത്സലേടത്തി നിന്നു.

മുരളിയേട്ടന്‍ തന്റെ മുന്‍പിലൂടെ ഉയര്‍ന്നു പൊങ്ങുന്നതവള്‍ കണ്ടു.

‘വത്സലേടത്തീ...ദേ മുരളിയേട്ടന്‍ പോകുന്നു.....’ ശ്രീജ പരിഭ്രാന്തയായി. വത്സലേടത്തി കൂസലില്ലാതെ പിടി മുറുക്കി തന്നെ നില്‍പ്പ് തുടര്‍ന്നു.

‘എങ്കില്‍........ ഞാന്‍ മുരളിയേട്ടനെ ഒന്ന് തൊട്ടോട്ടേ...? ന്‍റെ മുരളിയെട്ടനെ ഞാന്‍ ഒന്ന്....’ ആരോ ശക്തിയായി അവളുടെ കാലുകള്‍ മനപ്പൂര്‍വ്വം എന്നവണ്ണം ചവുട്ടി ഞെരിച്ചു കടന്നു പോയി. വേദന സര്‍വ നാഡികളെയും കശക്കിയെറിഞ്ഞുകൊണ്ട് സഹനത്തിന്‍റെ തടാകം തീര്‍ത്തു. ഒച്ചപ്പാടുകള്‍ക്കിടയിലൂടെ മുരളിയേട്ടന്‍ തെക്കേ തൊടിയിലേക്ക്‌ അവസാനമായി പോകുകയാണ്. വീണ്ടും ശരീരം തളര്‍ന്ന്, കണ്ണുകളില്‍ ഇരുട്ടു നിറഞ്ഞു കവിഞ്ഞു. ബോധമറ്റു ശ്രീജ മറിഞ്ഞു വീഴുമ്പോള്‍ വത്സലേടത്തിയുടെ കൈകള്‍ ആശ്രയത്തിനായി എത്തിയില്ല. അദമ്യമായ ആഗ്രഹം കൈവിരലുകളുടെ രൂപം പൂണ്ട് തറയില്‍ അനാഥമായി നീണ്ടു നിവര്‍ന്നു. വിയര്‍പ്പില്‍ മുങ്ങി വിറ കൊണ്ടു പിടഞ്ഞ പളുങ്കുസമാനമായ ആ കൈവിരലുകള്‍ അശ്രദ്ധമായി കടന്നു പോയ ഏതോ തഴമ്പു വന്നു വീര്‍ത്ത പുരുഷകാല്‍പാദത്തിനടിയില്‍ നിര്‍ദയം ചതഞ്ഞരയപ്പെട്ടു. അപ്പോഴും ആ കൈവിരലുകള്‍ ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ടിരുന്നു....
........ ഞാന്‍ ഒന്ന് തൊട്ടോട്ടേ................................?

51 comments:

  1. നമ്മെ വിട്ടു പോയ മനോരാജിന്റെ ഓര്‍മ്മയ്ക്കായി കഥ ഗ്രൂപ്പ് നടത്തിയ മത്സരത്തിലേക്ക് അയയ്ക്കുവനായി, പ്രിയ സുഹൃത്ത് സിയാഫിക്കയുടെ (സിയാഫ് അബ്ദുള്‍ ഖാദര്‍) സ്നേഹനിര്‍ഭരമായ പ്രേരണയാല്‍ എഴുതിയതാണീ ചെറിയ കഥ. കഥ മെയിലില്‍ അയയ്ക്കുവാന്‍ എടുത്തപ്പോഴോകെ വേദനിച്ചു മരിച്ച പ്രിയ ബ്ലോഗ്ഗറുടെ മുഖമായിരുന്നു മനസ്സു നിറയെ. എന്ത് കൊണ്ടോ ഈ എളിയ കഥ മത്സരത്തിനയയ്ക്കുവാന്‍ തോന്നിയില്ല എന്നുള്ളതാണ് സത്യം. കഥയും, മത്സരവുമൊക്കെ വ്യര്‍ത്ഥമാകുന്ന പോലെയൊരു തോന്നലായിരുന്നു ഉള്ള് നിറയെ. വായനക്കാരായ പ്രിയ സുഹൃത്തുക്കളോട് ക്ഷമാപണത്തോടെ എന്നെന്നും ഓര്‍മ്മയില്‍ ജീവിക്കുന്ന ബ്ലോഗ്ഗര്‍ മനോരാജിനായി സമര്‍പ്പിക്കട്ടെ....

    ReplyDelete
  2. മല്‍സരത്തിന് അയച്ചില്ലേ? :(

    ReplyDelete
    Replies
    1. ഇല്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ... ക്ഷമാപണം ഒരിക്കല്‍ക്കൂടി

      Delete
  3. നൊമ്പരപ്പെടുത്തുന്ന നല്ലൊരു കഥ.
    നിരപരാധികള്‍ നിന്ദിക്കപ്പെടുകയും,ക്രൂശിക്കപ്പെടുകയും ചെയ്യുന്നു.
    അവരിലെ സത്യസന്ധത അവരല്ലാതെ മറ്റാരുമായിരുന്നില്ല എന്നതാണ് ദുഃഖകരം.
    പുശ്ച എന്നുള്ളത് പുച്ഛ.........എന്നാക്കണം.
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രിയ തങ്കപ്പന്‍ ചേട്ടന് ആശംസകള്‍. 'പുച്ഛ' എന്ന് തിരുത്തിയിട്ടുണ്ടെന്ന കാര്യം വിനയപുരസരം അറിയിക്കട്ടെ

      Delete
    2. തിരുത്ത്-----അവരിലെ സത്യസന്ധത അവരല്ലാതെ മറ്റാരുമറിയുന്നില്ലഎന്നതാണ്
      ദുഃഖകരം

      Delete
    3. തിരുത്തിനായുള്ള ഈ തിരിച്ചു വരവ് എനിക്ക് അത്ഭുതമുണ്ടാക്കുന്നു എന്ന് പറയാതെ വയ്യ... മികച്ച മാതൃക ആകുന്നതില്‍ ഏറെ സന്തോഷം പ്രിയ തങ്കപ്പന്‍ ചേട്ടാ..!

      Delete
  4. കുറ്റങ്ങള്‍ ചാര്‍ത്താനും അത് ഒളിപ്പിക്കുവാനും ഇന്നും നിലനില്‍ക്കുന്ന ശീലങ്ങളെ പിന്തുടരുന്നതിന് വലിയ കുറവൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. മനുഷ്യമനസ്സുകള്‍ എപ്പോഴും വഴുതി വഴുതി പിടി കൊടുക്കാതെ സഞ്ചരിച്ചു കൊണ്ടിരിക്കും. അസൂയയും വാശിയും മനസില്‍ വെച്ച് മുന്‍വിധികളെ സത്യമാക്കാന്‍ ശ്രമിക്കുന്ന കൂട്ടമാണ്‌ എപ്പോഴും മുന്നില്‍. കഥയിലും മറിച്ച് ചിന്തിക്കാന്‍ കൂട്ടാക്കാത്ത കൂട്ടത്തെ കാണുന്നു.

    ReplyDelete
    Replies
    1. ഈ കമന്റില്‍ നിന്നും എന്റെ ലക്‌ഷ്യം സാധിച്ചിരിക്കുന്നു എന്നുള്ള അറിവ് എന്നെ ആഹ്ലാദവാനാക്കുന്നു.

      Delete
  5. ഈ കഥ എവിടെയൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കുന്നു . സ്ത്രീപുരുഷ സമത്വം ഇപ്പോഴും നമ്മുടെ സാധരണ ജനങ്ങൾക്കിടയിൽ എത്തിയിട്ടില്ല. പുരുഷന്റെ തെറ്റിനും പാപഭാരം ചുമക്കേണ്ടി വരുന്നത് സ്ത്രീക്കുതന്നെ. സർവ്വംസഹയായ ഭൂമിയെപ്പോലെ എല്ലാ വേദനകളും ഏറ്റു വാങ്ങേണ്ടി വരുന്നത് അബലയായ സ്ത്രീക്ക്തന്നെ....

    ഹൃദയംകൊണ്ട് വായിക്കാൻ കഴിയുന്ന കഥ......

    ReplyDelete
    Replies
    1. പ്രദീപേട്ടനില്‍ നിന്നുള്ള ഈ വാക്കുകള്‍ പൂമഴ പോലെ....! പകരം സ്നേഹം !

      Delete
  6. ആര് തെറ്റു ചെയ്താലും പഴി മുഴുവന്‍ പെണ്ണിനാണല്ലോ.. കഥ നന്നായിട്ടുണ്ട് അന്നൂസ് ഭായ്. ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്നും ഒരു തോന്നലുണ്ട്... "കദര്‍" എന്നെഴുതിയിരിക്കുന്നതു കണ്ടു. "ഖദര്‍" അല്ലേ ശരി..?.

    ReplyDelete
    Replies
    1. വരവിനും പ്രോത്സഹനതിനുമുള്ള സന്തോഷം അറിയിക്കട്ടെ സുധീര്‍ ബായ്.. ഖദര്‍ എന്ന് തിരുത്തിയിട്ടുണ്ട് എന്നറിയിക്കട്ടെ...ആശംസകള്‍ തിരികെ

      Delete
  7. ‘ഭാര്യയ്ക്ക്
    നല്ല സുഖമില്ലായിരുന്നു... ഒരാഴ്ചയായി ഹോസ്പിറ്റലില്‍ ആയിരുന്നെന്നു തോന്നുന്നു....ടെസ്റ്റ്‌
    റിസള്‍ട്ട് വന്നത് മുതല്‍ മുരളി ആകെ വിഷമത്തിലായിരുന്നു...........’

    ഇവിടെ എത്തിയപ്പോൾ കഥ മനസ്സിലായി.. :) എവിടെയും സ്ത്രീ മാത്രം തെറ്റുകാരിയാവുന്ന സമൂഹത്തിന്റെ വികൃതി.. ഞാൻ വായിച്ചിട്ടുള്ള ചേട്ടന്റെ കഥകളിൽ ഏറ്റവും ഇഷ്ടമായത്.. വിവരമുള്ള ആർക്കും ഒന്ന് ചിന്തിച്ചാൽ മനസ്സിലാകാവുന്നതേ ഉള്ളു മരണത്തിന്റെ യഥാർത്ഥ കാരണം.. പക്ഷെ സമൂഹം ചിന്തിക്കില്ല എന്നതാണ് വാസ്തവം..

    ReplyDelete
    Replies
    1. എന്താ പറയുക.... ഏറെ സന്തോഷം തിരികെ .....

      Delete
  8. നല്ല കഥ അന്നൂസ്....

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു ഏറെ നന്ദി ,പ്രിയ MH

      Delete
  9. ടച്ചി ങ്‌.. മനസ്സിൽ തൊടുന്ന കഥ

    ReplyDelete
    Replies
    1. നിരന്തരമായ പ്രോത്സാഹനത്തിനു ഏറെ നന്ദി അറിയിക്കട്ടെ.ശ്രീ..

      Delete
  10. നല്ല കഥ.ഭംഗിയായി എഴുതി

    ReplyDelete
    Replies
    1. സന്തോഷം...ഒപ്പം ആശംസകളും തിരികെ ,പ്രിയ വെട്ടത്താന്‍ സര്‍

      Delete
  11. വിഷയം കൊള്ളാം - തുറന്നു പറയട്ടെ വല്ലാത്ത നാടകീയത.
    ആശംസകൾ

    ReplyDelete
    Replies
    1. ആശയം ഉണ്ടെങ്കിലും അത് വേണ്ട പോലെ എഴുതാന്‍ അറിയില്ല എന്നുള്ളതാണ് എന്നെ അലട്ടുന്ന പ്രശ്നം..എങ്കിലും പരിശ്രമിക്കുന്നു.... വരവിനും അഭിപ്രായത്തിനും ആശംസകള്‍ തിരികെ... വീണ്ടും വരണമെന്നപേക്ഷ

      Delete
  12. ഇന്നേയുടെ അവസ്ഥകളിലേക്ക് ഒരു എത്തിനോട്ടം .എയ്ഡ്സ് എന്ന മാറാരോഗം നിഷ്കളങ്കരായ ഭര്‍ത്താവിനെ മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന നമ്മുടെ സഹോദരിമാര്‍ക്ക് പിടിപ്പെടുന്നത് വളരെയധികം ഖേദകരമാണ് .കഥയുടെ പാതിയില്‍ തന്നെ ശ്രീജയുടെ അസുഖം എയ്ഡ്സ് ആണെന്ന് വായനക്കാര്‍ക്ക് മനസ്സിലാവുന്നുണ്ട് .ബോംബെയിലേക്ക് പതിവായി പോയിരുന്ന ഭര്‍ത്താവില്‍ നിന്നുമാണ് ശ്രീജയ്ക്ക് അസുഖം പിടിപ്പെടുന്നത് എന്നും മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ട് .ഇതൊന്നും അത്രവലിയ പോരായ്മകള്‍ ആയി കാണേണ്ടതില്ല .ജനങ്ങള്‍ ഒന്നടങ്കം വായിക്കേണ്ടുന്ന ഈ കഥ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു .ആശംസകള്‍

    ReplyDelete
    Replies
    1. ഏറെ സന്തോഷം പ്രിയ റഷീദ് ബായ്

      Delete
  13. എന്നും എവിടേയും സംഭവിച്ച് കൊണ്ടിരിക്കുന്ന
    ഇത്തരം സംഗതികൾ വളരെ ടച്ചിങ്ങായി എഴുതിയിട്ടിരിക്കുന്നു...

    അഭിനന്ദനങ്ങൾ കേട്ടൊ അന്നൂസ്

    ReplyDelete
    Replies
    1. ആശ്വാസം തരുന്ന കമന്റ് , ആശംസകള്‍ തിരികെ പ്രിയ മുരളീ ബായ്

      Delete
  14. നന്നായിരിക്കുന്നു. ആശംസകൾ .

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും..പ്രിയ MAT

      Delete
  15. മനസ്സിനെ സ്പർശിക്കുന്ന മനോഹരമായ കഥ ... മൽസ്സരതിനു അയക്കേണ്ടിയിരുന്നു എന്നൊരു തോന്നൽ മറച്ചു വയ്ക്കുന്നില്ല

    ReplyDelete
    Replies
    1. സ്നേഹവും സന്തോഷവും തിരികെ പ്രിയ മാനവന്‍ ബായ്

      Delete

  16. മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു കഥ. ഒരു നിരപരാധി ക്രൂശിക്കപ്പെടുന്നു. അവതരണം നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete
    Replies
    1. വീണ്ടും വന്നതിനുള്ള സ്നേഹം അറിയിക്കട്ടെ...പ്രിയ GO

      Delete
  17. Replies
    1. ഇഷ്ട്ടം തിരിച്ചും...!

      Delete
  18. കഥ നന്നായി. വിവരക്കേട് കൊണ്ടുള്ള ആത്മ ഹത്യയും അനുബന്ധ സംഭവങ്ങളും നന്നായി അവതരിപ്പിച്ചു. എയിഡ്സിനെ പറ്റിയുള്ള അജ്ഞത ശ്രീജയ്ക്കും ഉണ്ടായിരുന്നു എന്ന് ആ അലർച്ചയിൽ നിന്നും മനസ്സിലാകും. ഒരു കാര്യം കൂടി അന്നൂസേ. അലർച്ചകൾ കഥയിൽ അൽപ്പം കൂടിയോ എന്നോരു തോന്നൽ. ഇത്രയും പരസ്യമാക്കാതെ എല്ലാവരും ശ്രീജയെ അവഗണിയ്ക്കുകയും അടുപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുക ആയിരുന്നുവെങ്കിൽ കുറച്ചു കൂടി കഥയ്ക്ക്‌ ഒരു കെട്ടുറപ്പും ഭംഗിയും വന്നേനെ.

    നല്ല കഥ. അന്നൂസ്.

    ReplyDelete
    Replies
    1. നല്ലൊരു കമന്റിനു ആശംസകള്‍ തിരികെ....പ്രിയ ബിപിന്‍ ചേട്ടാ

      Delete
  19. വളരെ നല്ലൊരു കഥ...മത്സരത്തിന് അയക്കാമായിരുന്നു...

    ReplyDelete
    Replies
    1. ചില മാനസ്സിക കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല ,പ്രിയ സംഗീത്... വരവിനും വായനയ്ക്കും ഉള്ള സ്നേഹം തിരികെ

      Delete
  20. നന്നായിരിക്കുന്നു. ആശംസകൾ

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ ഷരീഫ്

      Delete
  21. Replies
    1. പ്രോത്സാഹനത്തിന് നന്ദി. ആശംസകൾ തിരിച്ചും..!!!

      Delete
  22. മനോഹരം ,
    ഇത് ഒരു സംഭവ കഥയല്ലാതെ വെറും ഒരു കഥയായി തന്നെ നില്‍ക്കട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു :(

    ReplyDelete
    Replies
    1. വരവിനും പ്രോത്സാഹനത്തിനും നന്ദി . ആശംസകൾ തിരികെ പ്രിയ തൂലിക

      Delete
  23. Replies
    1. ഇഷ്ട്ടം തിരിച്ചും പ്രിയ റാഫി

      Delete
  24. ഗംഭീര കഥ..... സ്വന്തം തെറ്റുകൾ മറ്റുള്ളവരുടെ തലയിൽ വയ്ക്കുന്ന ചെറ്റത്തരം വല്ലാത്ത നോവിനോടൊപ്പം കോപവും ഉണര്‍ത്തി....വല്ലാത്ത ലോകം..... അനുമോദനങ്ങള്‍.......

    ReplyDelete
    Replies
    1. നിറഞ്ഞ സ്നേഹം തിരികെ പ്രിയ കുട്ടത്ത്

      Delete
  25. ഹൃദയത്തിന്റെ കനം കൂടിയ പോലെ..

    ReplyDelete
    Replies
    1. ആശംസകള്‍ പ്രിയ സഹീരാ

      Delete