ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday 10 May 2014

ഇരുഹൃദയങ്ങള്‍ (കഥ)


നിര്‍മ്മലമായ സ്നേഹം കൊണ്ടും നിസ്വാര്‍ത്ഥപൂര്‍ണമായ കര്‍മ്മങ്ങള്‍ കൊണ്ടും സ്വജീവിതം അത്യധികം പ്രകാശപൂര്‍ണമാക്കുകയും കര്‍മ്മബന്ധങ്ങളുടെ ഊഷ്മളതയാലും മനസുകളുടെ ഇഴയടുപ്പത്താലും ജീവിതത്തില്‍  തച്ചുടയ്ക്കാനാവാത്ത ഈശ്വരചൈതന്യം നിലനിര്‍ത്തുകയും ചെയ്ത ഒട്ടനവധി മഹാത്മാക്കള്‍  ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്.
സാധാരണക്കാരുടെ ഇടയിലും അത്തരക്കാര്‍ ധാരാളം.  ജീവിതാന്ത്യത്തില് അത്തരക്കാര്‍ നേരിടുന്ന വിധി ഒരുപക്ഷെ വളരെ വിചിത്രമായേക്കാം. 

അത്തരക്കാര്‍ പ്രസരിപ്പിക്കുന്ന ചൈതന്യത്തിനും സ്നേഹസുഗന്ധത്തിനും മുന്‍പില്‍, തന്റെ കൈയ്യിലെ കാലപാശം കറക്കി, പതിനെട്ടടവും പയറ്റി കാലന്‍ പോലും തോറ്റ് നില്‍ക്കേണ്ടി വരുന്നത് പലപ്പോഴും അനുഭവവേദ്യമാകാറുണ്ട്. ‘കാലന് പോലും വേണ്ടാത്തത്.....’ എന്ന പ്രയോഗം ദുഷ്ടമനസോടെ ജീവിച്ചവരുടെ കാര്യത്തിലാണ് സാധാരണ പറയാറെങ്കിലും കാലന്‍ ഒരിക്കലും ദുഷ്ടശക്തികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരാളായിട്ട് സങ്കല്‍പ്പിക്കാനാവില്ല തന്നെ......! നല്ല മനസുള്ളവരുടെ കാര്യത്തില്‍ അങ്ങനെയായിരിക്കില്ല എന്നാണ് നാരായണേട്ടന്റെയും കാര്‍ത്ത്യായനി ചേച്ചിയുടെയും ജീവിതം എനിക്ക് കാണിച്ചു തന്നത്.
കായലോരത്തിനോട് ചേര്‍ന്ന വെള്ളക്കെട്ടുകള്‍ നിറഞ്ഞ, നഷ്ടപ്രതാപങ്ങള്‍ ഒരു സങ്കടമായി അവശേഷിപ്പിച്ച് പോയ പാടവരമ്പുകള്‍ക്കരികിലായിരുന്നു നാരായണേട്ടന്റെയും കാര്‍ത്ത്യായനിചേച്ചിയുടെയും വീട്. ഒന്നും രണ്ടുമല്ല, നീണ്ട അമ്പത്തിയാര് വര്‍ഷങ്ങളാണ് അവരുടെ ദാമ്പത്യം ആ വീട്ടില്‍ ഉണ്ടുറങ്ങിയുണര്‍ന്നത്. നാരായണേട്ടന്റെ ഓര്‍മയില്‍.....അമ്പലപ്പുഴ അമ്പലത്തിലെ ഉത്സവത്തിനിടെയായിരുന്നു ഇരുവരുടെയും  ആദ്യ കണ്ടുമുട്ടല്‍. അന്ന് കാര്‍ത്ത്യായനി ചേച്ചിക്ക് പതിനാറായിരുന്നു പ്രായം. ആദ്യ ദര്‍ശനത്തില്‍ തന്നെ നാരായണേട്ടന്‍ പെണ്ണിനെ വല്ലാതങ്ങ് ബോധിച്ചു. നീണ്ട് മെലിഞ്ഞ ശരീരപ്രകൃതം. ചന്ദനനിറം. ചന്തി വരെ മറഞ്ഞു കിടക്കുന്ന സമൃദ്ധമായ കോലന്‍ തലമുടി. വല്ല്യ സുന്ദരിയൊന്നുമായിരുന്നില്ലെങ്കിലും വല്ലാത്തൊരാകര്‍ഷണീയത അന്നേ ചേച്ചിക്ക് ഉണ്ടായിരുന്നതായി നാരായണേട്ടന്‍ പലപ്പോഴും പറയുമായിരുന്നു. പെണ്ണ്ചോദ്യവും കല്യാണവും ഞൊടിയിടയില്‍ കഴിഞ്ഞെന്നു പറയാം. പിന്നീടങ്ങോട്ട് ശാന്തസുന്ദരമായ, സ്നേഹസമ്പന്നമായ ജീവിതം.  അവരുടെ ദാമ്പത്യവല്ലരിയില്‍ പിറന്ന രണ്ട് കുട്ടികളും അകാലത്തില്‍ മരിച്ചപ്പോള്‍ നാരായണേട്ടന് കാര്‍ത്ത്യായനിചേച്ചിയും, ചേച്ചിക്ക് നാരായണേട്ടനും മാത്രമായി തുണ.
അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു ഇരുവരുടേതും. നാരായണേട്ടനു ഒരു മനസുണ്ടായിരുന്നത് കൈമോശം വന്നു പോകാതെ കാത്തു സൂക്ഷിക്കുന്നതില്‍ ചേച്ചി എന്നും ഒരു വിജയമായിരുന്നു എന്ന് വേണം പറയാന്‍. നാരായണേട്ടന്‍റെ മനസറിഞ്ഞു പെരുമാറുവാന്‍ അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നതായി ഒരിക്കലും തോന്നിയിരുന്നതേയില്ല.
മഞ്ഞവെയില്‍ കത്തി നില്‍ക്കുന്നതോ, മഴയില്‍ തണുത്തിരുണ്ട് നില്‍ക്കുന്നതോ ആയ പകലുകളിലെപ്പോഴെങ്കിലും കാര്‍ത്തൂ.......എന്ന് നാരയണേട്ടന്‍ കടയില്‍ നിന്നു കൊണ്ട് വീട്ടിലേക്കു നീട്ടി വിളിക്കുന്നത് കേള്‍ക്കാം. തൊട്ടു പിന്നാലെ ഓ........ എന്ന മറുപടിയും മുഴങ്ങും. അതല്ലാതെ അവരിരുവരും തമ്മില്‍ എന്തെങ്കിലും സംസാരിക്കുന്നത് എന്നെപ്പോലെ തന്നെ ഗ്രാമവാസികളില്‍ പലരും കണ്ടിട്ടുണ്ടായിരുന്നില്ല. അവരുടെ നിശബ്ദസ്നേഹത്തിനു വെള്ളക്കെട്ടിലെ കുഞ്ഞോളങ്ങളും പാടവരമ്പില്‍ തളിര്‍ത്ത് നില്‍ക്കുന്ന കുഞ്ഞിപ്പുല്‍ച്ചെടികളും മാത്രമായിരുന്നു എന്നും സാക്ഷി.
വീട്ടില്‍ നിന്ന്‍ ഏതാനും വാര അകലെയുള്ള മുറുക്കാനും ചായയും വില്‍ക്കുന്ന തടിയില്‍ നിര്‍മ്മിച്ച ചെറിയ കടയായിരുന്നു, ഉപജീവനമാര്‍ഗം. വീടിനും മുറുക്കാന്‍ കടയ്ക്കുമിടയില്‍ ഒരു വശത്ത്  ആഴം കുറഞ്ഞ വെള്ളക്കെട്ടുണ്ട്. റോഡരുകില്‍ നിന്ന്‍ കട അല്‍പ്പം ഉള്ളിലേക്ക് മാറിയിരിക്കുന്നതിനാല്‍ പ്രധാനറോഡിലൂടെ ഇറങ്ങി പാടവരമ്പിലൂടെ വേണം കടയിലേക്ക് വരാന്‍. വര്‍ഷങ്ങള്‍ക്കുമുന്‍പ് റോഡ്‌ വളവ് തീര്‍ത്ത് പുതുക്കി പണിതതിനാല്‍ വെള്ളക്കെട്ട് കൂടുകയും കടയ്ക്കും വീടിനുമിടയില്‍ വെള്ളം ഉയര്‍ന്നു വീടും കടയും രണ്ടു ചെറിയ തുരുത്തിലാകുകയും ചെയ്തു. റോഡുവികസനം വന്നതനുസരിച്ച് കട മാറ്റി സ്ഥാപിക്കാന്‍ നാരായണേട്ടന്‍ കൂട്ടാക്കിയിരുന്നില്ല, അന്നും ഇന്നും.
കാര്‍ത്ത്യായനിച്ചേച്ചിയെ പോലെത്തന്നെയായിരുന്നു ഞാനും. നാരായണേട്ടന്റെ കടയില്‍ ഒരു നേരമെങ്കിലും പോകാത്ത ദിവസങ്ങള്‍ നന്നേ ചുരുക്കം. കടുപ്പത്തിലൊരു ചായ, അല്ലെങ്കില്‍ ഒരു സിഗരറ്റ്. നെടുമുടി സ്കൂളില്‍ മാഷായി ചേര്‍ന്ന അന്ന് മുതലുള്ള ശീലം. പരസ്പരമുള്ള പുഞ്ചിരികള്‍. ഒന്നുരണ്ടു വര്‍ത്തമാനം പറച്ചിലുകള്‍. മാഷേ......എന്നൊരു വിളി. എന്തെങ്കിലും മേമ്പൊടിക്ക് പറഞ്ഞ് ഒരു പൊട്ടിച്ചിരി...... അന്നും പതിവ് സിഗരറ്റിനായി ചെന്നതായിരുന്നു നാരായണേട്ടന്‍റെ കടയില്‍. അഞ്ചാറു പേര്‍ കട്ടന്‍കാപ്പി കുടിച്ചും ബീഡി വലിച്ചും കടയില്‍ തങ്ങി നിന്നിരുന്നു.
‘കാര്‍ത്ത്യായനിച്ചേച്ചി എവിടെ നാരായണേട്ടാ.....ഒരാഴ്ചയായി ഞാന്‍ കണ്ടിട്ട്....’ ഒരു പ്രസരിപ്പുമില്ലാതെ കടയ്ക്കുള്ളിലിരിക്കുന്ന നാരായണേട്ടനോട്‌ ഞാന്‍ കുശലം ചോദിച്ചു. ചേച്ചിയുടെ അഭാവം അവിടെ നിഴലിച്ചു നിന്നിരുന്നു.
‘തീരെ മേലാതെ കിടപ്പാ....മാഷേ....’
‘ഹോസ്പിറ്റലില്‍ കൊണ്ട് പോയില്ലേ...’
‘കൊണ്ട് പോയിരുന്നു...ഇതു ചികിത്സയില്ലാത്ത രോഗമാ തോമസ്മാഷേ....ആശുപത്രിക്കാര്‍ കൈമലര്‍ത്തി.... പ്രായം എഴുപത്തിരണ്ടായില്ലേ ....ഇനി മുകളില്‍ നിന്ന്‍ ആളെത്തേണ്ട താമസം മാത്രം....’ നാരായണേട്ടന്‍ നിരാശയോടെ കണ്ണുകളടച്ച് മുകളിലേക്ക് നോക്കി. അവിടം വരെയൊന്നു പോയി ചേച്ചിയെ ഒരുനോക്കു കണ്ടുകളയാം എന്ന് വിചാരിച്ചു നില്‍ക്കുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മറ്റൊന്ന്‍ സംഭവിച്ചത്.
‘ദേ എന്തോ ഒഴുകി വരണു....’ അന്ധാളിപ്പോടെ അത് വിളിച്ചു പറഞ്ഞത് കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന കുട്ടപ്പന്‍ചേട്ടനാണ്. വെള്ളക്കെട്ടിന്‍റെ ആഴമുള്ള ഭാഗത്ത്കൂടി മുങ്ങിയും പൊങ്ങിയും പിന്നെയും താണും...എന്തോ ഒന്നു ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് ഒഴുകി വരുന്നു.
‘അതൊരു തുണിക്കെട്ടാണെന്നു തോന്നണു.......’ ആരോ പറഞ്ഞു. ഇടയ്ക്ക് അതൊന്നനങ്ങിയപ്പോള്‍ അതിന് ചുറ്റും വെള്ളം ഓളം തല്ലി.
‘പട്ടിയോ മറ്റോ ആണെന്നാ തോന്നണെ.......’ അത് മെല്ലെമെല്ലെ അടുത്തടുത്ത് വന്നു കൊണ്ടിരുന്നു. എത്തിനോട്ടങ്ങള്‍...സംശയങ്ങള്‍...പലതരം ഊഹാപോഹങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ ഒരു മനുഷ്യക്കൈ മേലേയ്ക്ക് ഉയര്‍ന്ന്‍ ശക്തിയായി വെള്ളത്തില്‍ അടിച്ചുതാണു.
‘അയ്യോ..അതൊരു മനുഷ്യനാണ്.....ജീവനുണ്ടെന്നു തോന്നണു......’
പറഞ്ഞു തീര്‍ന്നതും ഒന്നു രണ്ടു പേര്‍ ഷര്‍ട്ട് ഊരിയെറിഞ്ഞു വെള്ളത്തിലേയ്ക്കെടുത്ത്ചാടി നീന്തിത്തുടങ്ങി. ആകാംഷയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട, കാലുകള്‍ വളഞ്ഞു ശരീരത്തോടോട്ടിയ എല്ലും തോലുമായ ഒരു മനുഷ്യ ശരീരം പാടവരമ്പിലേക്ക് താങ്ങി കൊണ്ടുവരാന്‍ ഏറെനേരം വേണ്ടിവന്നില്ല. സാരിയില്‍ പൊതിഞ്ഞ ഒരു മനുഷ്യസ്ത്രീയായിരുന്നു അത്. മുഖത്ത് മൂടിക്കിടന്ന സാരിത്തലപ്പ് മാറ്റിയ ഞങ്ങള്‍, കുഴിഞ്ഞ കണ്ണുകളും എല്ലുന്തിയ കവിള്‍തടങ്ങളും കണ്ട് നടുങ്ങിപ്പോയി.
‘നാരായണേട്ടാ.....ഇത് കാര്‍ത്ത്യായനിച്ചേച്ചിയാ......’ ആരോ അലറി വിളിച്ചു. അവരുടെ വായ തുറന്ന്‍, പല്ലുകള്‍ പുറത്തേക്കുന്തി, പേടിപ്പെടുത്തുന്നതായി. വായില്‍ നിന്നു പുറത്തേക്ക് തികട്ടി വന്ന വെള്ളത്തിനൊപ്പം നുരയും പതയും കലര്‍ന്നിരുന്നു. വെളിച്ചത്തിനു നേരെ കണ്ണുകള്‍ തുറക്കാന്‍ പെടാപ്പാട് പെടുംമ്പോളും അവരുടെ പീളകെട്ടി വീര്‍ത്ത കണ്ണുകള്‍ ആരെയോ തിരയുന്നത് കണ്ടു.
നാരായണേട്ടന്‍ ഭയാക്രാന്തനായി കടയില്‍ നിന്ന്‍ ചാടിയിറങ്ങി,വെള്ളക്കെട്ടിനരുകിലേക്കോടി. അയാള്‍ ഭാര്യയുടെ അടുത്തെത്തി, കണ്മുന്നില്‍ കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ ഏറെ നേരം ആ മുഖത്തേക്ക് നോക്കി നിര്‍വ്വികാരനായി നിന്നു. നാരായണേട്ടന്‍റെ മുഖം കണ്ട മാത്രയില്‍ ചേച്ചിയുടെ മുഖം തെളിഞ്ഞ്, ഒരു സ്നേഹക്കടല്‍ തിരയടിച്ചുയരുന്നത് കണ്ടു. അപ്പോള്‍ ആ മുഖത്ത് പരന്ന പ്രകാശം ഏതിരുട്ടിലും ഈ ഭൂമിയെ മുഴുവന്‍ തെളിക്കാന്‍ പോന്നതായിരുന്നു. അന്ധാളിപ്പ് മാറി സഹതാപത്തോടെ നാരായണേട്ടന്‍ കാര്‍ത്ത്യായനിച്ചേച്ചിയുടെ അരികില്‍ ചേര്‍ന്നിരുന്നു. നാരായണേട്ടന്‍റെ സ്നേഹവും വാത്സല്യവും കൂടിക്കലര്‍ന്ന നോട്ടം സങ്കടത്തിലേക്കും പിന്നീട് ദേഷ്യത്തിലേക്കും വഴിമാറിയത് പെട്ടെന്നായിരുന്നു. കാര്‍ത്ത്യായനിച്ചേച്ചിയെ വലിച്ചുയര്‍ത്തി തോളില്‍ തൂക്കി വെള്ളക്കെട്ടിലെ ആഴം കുറഞ്ഞ ഭാഗത്തിലൂടെ ധൃതിപിടിച്ച് വീട്ടിലേക്കു നടന്ന് പോകുന്ന നാരായണേട്ടനെയാണ് പിന്നീട് കണ്ടത്. വെള്ളക്കെട്ടിലൂടെ നടക്കുന്നതിനിടയില്‍ ദേഷ്യവും സങ്കടവും ഒന്നുചേര്‍ന്ന് അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇടയ്ക്ക് അയാള്‍ ശക്തിയായി മൂക്കുപിഴിഞ്ഞ് വെള്ളത്തിലെറിഞ്ഞു. മുറ്റത്തെത്തി കടയുടെ പരിസരത്ത് കൂടിനിന്നവരെ പിന്തിരിഞ്ഞു നോക്കി അല്‍പ്പനേരം നിന്നശേഷം ദേഷ്യം നിയന്ത്രിക്കാനാകാതെ കാര്‍ത്ത്യായനിചേച്ചിയെ ചെളിയിലേക്ക് വലിച്ചെറിഞ്ഞു. ചുറ്റും പരത്തി നോക്കി, കൈയ്യില്‍ കിട്ടിയ മരക്കമ്പ് കൊണ്ട് കാര്‍ത്ത്യായനിച്ചേച്ചിയെ  തലങ്ങും വിലങ്ങും അടിക്കുന്ന ദയനീയമായ കാഴ്ച്ചയാണ് പിന്നീടു കണ്ടത്...!
‘അരുത് നാരായണേട്ടാ......അരുതേ.....’  ഞൊടിനേരംകൊണ്ട് ഞാന്‍ വെള്ളക്കെട്ടിലൂടെ ഓടി അക്കരയെത്തി നാരായണേട്ടനെ തടഞ്ഞു.
‘നാരായണേട്ടാ....എന്ത് ഭ്രാന്താ ഈ കാണിക്കുന്നത്...?’ കയ്യിലിരുന്ന മരക്കമ്പ് പിടിച്ചു വാങ്ങി ദൂരെയെറിയുന്നതിനിടയില്‍ ഞാന്‍ കോപാക്രാന്തനായി.
‘ഇവള്‍ക്ക് ഈ അവസ്ഥയില്‍ എവിടെങ്കിലും അടങ്ങി കിടന്നൂടെ ന്‍റെ മാഷേ...’ തറയില്‍ ചെളിയില്‍ പുതഞ്ഞു  കിടക്കുന്ന അസ്ഥിപഞ്ചരത്തെ ചൂണ്ടി അയാള്‍ ഗദ്ഗദപ്പെട്ട് എന്‍റെ തോളിലേക്ക് ചാരി. ഞാന്‍ നാരായണേട്ടനെ എന്നോട് ചേര്‍ത്ത് പിടിച്ചു.
‘നാരായണേട്ടാ....’  ഞാന്‍ നാരായണേട്ടനെ മെല്ലെ കുലുക്കിവിളിച്ചു.  ‘അറിയില്ലേ...? ചിലര്‍ മരിക്കാന്‍ കിടന്നാല്‍ അങ്ങനെയാണ്. കാലന്‍ വിചാരിച്ചാലൊന്നും അവര്‍ കൂടെ പോകാന്‍ കൂട്ടാക്കില്ല...ചേച്ചിയുടെ ജീവിതവും മനസും ഇവിടെ നാരായണേട്ടനു ചുറ്റും തളച്ചിട്ടിരിക്കുകയല്ലേ...പിന്നെങ്ങനാ ചേച്ചി പോകുന്നത്...? അങ്ങനെയുള്ളവര്‍ക്ക് കാലന്‍ ഒരു അനസ്ത്യേഷ്യ കൊടുക്കും. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വെളിവുകേടെന്നു പറയും. പിന്നെ അവര്‍ ചെയ്യുന്നതൊന്നും മനസറിഞ്ഞു കൊണ്ടായിരിക്കില്ല.... കാര്‍ത്ത്യായനിച്ചേച്ചിക്ക് നാരായണേട്ടനും ആ കടയും മാത്രമായിരുന്നില്ലേ ജീവിതം. ചേച്ചി ആ കടയില്‍ വരാത്ത ഒറ്റ ദിവസമെങ്കിലും കാണുമോ,അവരുടെ ജീവിതത്തില്‍...? വെളിവു നശിച്ചപ്പോള്‍ മരിക്കാന്‍ കിടക്കുകയാണെന്നുള്ള കാര്യം ആ പാവം മറന്നു പോയിക്കാണും..’ എന്‍റെ ശബ്ദം അല്‍പ്പം കനത്ത്, പരുപരുത്തിരുന്നു. രണ്ടു വാക്ക് അനവസരത്തില്‍ പറഞ്ഞുവോ എന്ന് ഞാന്‍ ശങ്കിച്ചപ്പോഴും, നാരായണേട്ടനെ ശാന്തനാക്കാന്‍ അത്രയെങ്കിലും പറയേണ്ടത് ആവശ്യമായി തോന്നി എനിക്ക്.
ചെളിയില്‍ പൂണ്ട് വിറച്ചുകൊണ്ടിരുന്ന ആ സ്നേഹത്തെ ഒരു വെള്ളിത്താലത്തിലെന്ന വണ്ണം ഞാന്‍ കൈകളില്‍ കോരിയെടുത്ത്, അകത്ത് കട്ടിലില്‍ കിടത്തി. നാരായണേട്ടന്‍ അവര്‍ക്കരികില്‍, ആ പാദങ്ങളില്‍ അള്ളിപ്പിടിച്ചിരുന്ന്‍ ഏറെനേരം വിങ്ങിപ്പൊട്ടി. എല്ല് തെളിഞ്ഞ കൈവിരല്‍ കൊണ്ട് കാര്‍ത്ത്യായനിച്ചേച്ചിയുടെ തുറന്നിരുന്ന വായ നാരായണേട്ടന്‍ ചേര്‍ത്ത് വച്ചു. എന്‍റെ ഹൃദയം നുറുങ്ങുകയായിരുന്നു. അന്‍പത്തിയാറു വര്‍ഷങ്ങള്‍കൊണ്ട് ഒന്നായി തുന്നിച്ചേര്‍ക്കപ്പെട്ട ആ മനസ്സുകള്‍ ഒന്നിച്ചിരുന്ന്‍, ഒന്നായിചേര്‍ന്നിരുന്ന്‍ നിശബ്ദമായി തേങ്ങിത്തേങ്ങിക്കരഞ്ഞു.
കാര്‍ത്ത്യായനിച്ചേച്ചിയുടെ കുഴിഞ്ഞ കണ്‍തടങ്ങളില്‍ കണ്ണുനീര്‍ തളംകെട്ടി നിന്നു. നിര്‍വൃതി അതിന്‍റെ പരിപൂര്‍ണരൂപത്തില്‍ ചേച്ചിയുടെ മുഖത്ത് കളിയാടുന്നുണ്ടായിരുന്നു. ഇപ്പോഴും നാരായണേട്ടനെ വിട്ട്, മരണത്തിനു പിടികൊടുക്കാതെ ജ്വലിച്ച് നില്‍ക്കുന്ന അവരെ ഞാന്‍ തെല്ലല്ഭുതതോടെ നോക്കി നിന്നു. നാം കാണാതെ പോകുന്ന നമുക്കൊപ്പമുള്ള ചില സ്നേഹം അങ്ങനെയാണ്. യാതൊരു നിബന്ധനകളുമില്ലാതെ നമുക്കായി അനസ്യൂതം ഒഴുകികൊണ്ടിരിക്കും, അവസാന ജീവശ്വാസവും വേറിടും വരെ...! വെറുമൊരു കാലപാശം കൊണ്ട് ആ സ്നേഹങ്ങളെ വേര്‍പെടുത്താനാവാതെ യമദൂതന്‍ വരെ കുഴങ്ങും, പിന്നോക്കം മാറി നില്‍ക്കും...!. 
2014 മെയ്‌ 10നു ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചത്
ലിങ്ക് http://boolokam.com/archives/153787

14 comments:

  1. "നാം കാണാതെ പോകുന്ന നമുക്കൊപ്പമുള്ള ചില സ്നേഹം അങ്ങിനെയാണ്. യാതൊരു നിബന്ധനകളുമില്ലാതെ നമുക്കായി അനസ്യൂതം ഒഴുകിക്കൊണ്ടിരികും.."

    നന്നായിഴുതി അന്നൂസ് . കഥ ഇഷ്ടമായി..
    ആശംസകൾ !

    ReplyDelete
  2. നന്നായിരിക്കുന്നു. ബന്ധങ്ങളുടെ തീവ്രത തെളിയിക്കാന്‍ കഴിഞ്ഞു..

    ReplyDelete
  3. സ്നേഹം അങ്ങിനെയാണ്.
    നല്ല കഥ.

    ReplyDelete
  4. നാരായണേട്ടനെ വിട്ട് കാർത്ത്യാനിയേച്ചിക്ക് ഒരു ജീവിതമില്ല. എങ്കിലും തന്നെ ഒറ്റക്കാക്കി നാരായണേട്ടൻ പോകുമോന്നുള്ള പേടിയാവാം അതിനു മുൻപേ തന്നെ തെയ്യാറെടുപ്പ് നടത്തിയത്. അപ്പോഴും വിധി പിടി കൂടി സമയമായിട്ടില്ലെന്ന് വിധിച്ചു...!
    നല്ല കഥ.
    ആശംസകൾ...

    ReplyDelete
  5. ഒതുങ്ങിയ അവതരണരീതിയും ഭാഷയും കഥയെ ലളിതമാക്കുന്നു.സ്നേഹം ലളിതമാണ് അതിനെ കുറിച്ചു പറയേണ്ടതും ലളിതമായാണ് .നന്നായി.

    ReplyDelete
  6. നല്ലൊരു കഥ വായിച്ചു.... സന്തോഷം അന്നൂസ്

    ReplyDelete
  7. മനോഹരം അന്നൂസ് പതിവ് ശൈലി യിൽ നിന്ന് മാറി ഒരു കഥപറച്ചിൽ പക്ഷെ കഥയുടെ ത്രെഡ് ഇത്തവണയും പുതുമകൊണ്ടും കഥാപാത്ര വിവരണം കൊണ്ടും മികച്ചു നിന്നു, ആശയത്തിന്റെ ഗാംഭീര്യം കൊണ്ട് കഥ ആയി തോന്നിയുമില്ല ഒരു സംഭവം പോലെ പിടിച്ചിരുത്തി

    ReplyDelete
  8. Great ......

    ReplyDelete
  9. ഇണപിരിയാത്ത സ്നേഹബന്ധത്തിന്‍റെ ദൃഢത....
    നന്നായി അവതരിപ്പിച്ചു കഥ.
    ആശംസകള്‍

    ReplyDelete
  10. ഒരു സംഭവത്തിന്റേയോ, അനുഭവത്തിന്റേയോ വിവരണം നേർരേഖയിൽ പറയുന്നതുപോലെ ....
    കഥയിൽ വരച്ച സ്നേഹമെന്ന ആർദ്രത തെളിഞ്ഞു കാണുന്നു......

    ReplyDelete
  11. ഇണ പിരിയാത്ത
    തീവ്ര ബന്ധത്തിന്റെ കഥ ...ബന്ധനത്തിന്റേയും...

    ReplyDelete
  12. സ്നേഹത്തിന്റെ അദമ്യമായ ശക്തി!
    നല്ല കഥ.

    ReplyDelete
  13. കഥ വളരെ നന്നായിരിക്കുന്നു. ജീവിക്കാനായി ജനിച്ചവരെക്കുറിച്ചുള്ള കഥ.

    ReplyDelete
  14. ശ്വാസം മുട്ടിച്ച ഒരു വായന.

    ReplyDelete