ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Saturday, 3 May 2014

സാക്ഷരതാ യജ്ഞം (അന്നുക്കുട്ടന്റെ ലോകം-മൂന്ന്‍)

അനുഭവക്കുറിപ്പ്- 3
1989-90. പ്രീഡിഗ്രീ പഠനകാലം. കേരളാ സര്‍ക്കാരിന്‍റെ സാക്ഷരതാ യജ്ഞം പൊടിപൊടിക്കുന്ന സമയം. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച് ചരിത്രം രചിക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു പത്ര താളുകള്‍ നിറയെ. എല്ലാവരും എഴുതാനും വായിക്കാനും അറിയാവുന്നവരായാല്‍ പിന്നെ എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഒരു വിലയുണ്ടാവുമോ എന്നതായിരുന്നു ആദ്യമേ ഉണ്ടായിരുന്ന സംശയം. അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക്, സ്വന്തം പേരും വീട്ടുപേരും എങ്കിലും എഴുതാനുള്ള പ്രാപ്തിയുണ്ടാക്കുക. അതാണ്‌ സാക്ഷരതാ യജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന അറിവ് അല്‍പ്പം ആശ്വാസം പകരുന്നതായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലങ്ങള്‍ കൊണ്ട് ഞങ്ങള്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ അമ്മച്ചിമാരും അച്ചാച്ചന്മാരും ഒരു മാസം കൊണ്ട് പഠിച്ചെടുക്കുന്നത് സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല.
എന്തായാലും കോളേജിലെ എന്‍.എസ്.എസ്- ന്‍റെ (നാഷണല്‍ സര്‍വീസ് സ്കീം) നേതൃത്വത്തില്‍ നടന്ന സാക്ഷരതാ യജ്ഞത്തില്‍ ഫീല്‍ഡ് വര്‍ക്കിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ പതിനൊന്ന്‍ ആണ്‍കുട്ടികളില്‍‌ ഒരാളായി ഞാനും.
‘ഒരാള്‍ ഈ ലിസ്റ്റ് പ്രകാരമുള്ള അന്‍പത് വീട് കയറണം..’ കൈയ്യിലിരുന്ന ലിസ്റ്റ് ഓരോരുത്തര്‍ക്കും നീട്ടികൊണ്ട് റസ്സാക്ക്സാര്‍ പറഞ്ഞു. ‘നിരക്ഷരാരായിട്ടുള്ളവരുടെ പേരുവിവരം ദാ ഈ ഫോമില്‍ തയ്യാറാക്കി വാങ്ങണം. കുറഞ്ഞ പക്ഷം പേരോ വീട്ടുപോരോ എഴുതാനറിയാവുന്നവരെ ഒഴിവാക്കിക്കോ.....എഴുപത്തിയഞ്ചിനു മുകളിലോട്ടുള്ളവരെ പരിഗണിക്കേണ്ടതില്ല.. ’(അങ്ങനെയും ഒരു നിര്‍ദേശം തന്നു എന്നാണോര്‍മ്മ).
   വീടുകളുടെ ലിസ്റ്റ് തിരിച്ചും മറിച്ചും നോക്കി. ഒരെത്തും പിടിയം കിട്ടിയില്ല. സ്ഥലവാസി അല്ലാത്തത്തിന്റെ ബുദ്ധിമുട്ട്.
‘ഈ വീടുകള്‍ കണ്ടു പിടിക്കണമെങ്കില്‍.....’
‘അതിനൊക്കെ സംവിധാനം ഉണ്ടെടോ...’ റസ്സാക്ക്സാര്‍ ഇടപെട്ടു. ‘ഇവിടുത്തുകാരായ പതിനൊന്ന്‍ പേര്‍ കൂടിയുണ്ട് ടീമില്‍ . അവര്‍ ഓരോരുത്തര്‍ നിങ്ങളോടൊപ്പം വരും. വീടുകള്‍ കാട്ടിത്തരും. നിരക്ഷരരെ പഠിപ്പിച്ചെടുക്കുവാന്‍ സഹായിക്കുകയും ചെയ്യും...പോരെ..?..’
‘മതിയേ.........’ എന്നുറക്കെ വിളിച്ച് കൂവണമെന്ന്‍ തോന്നി. ‘പണ്ടാരം’ മനസ്സില്‍ പറഞ്ഞതേയുള്ളു.
‘ഓരോരുത്തരുടെ കൂടെ ആരൊക്കെയാണ് വരുന്നതെന്നുള്ള ലിസ്റ്റ് നാളെ നോട്ടീസ് ബോര്‍ഡില്‍ രാവിലെ തന്നെ ഇട്ടേക്കാം...അതിന്‍പ്രകാരം ഓരോരുത്തരുടെ കാമ്പാനിയനെ കൂട്ടി നാളെ രാവിലെ തന്നെ വര്‍ക്ക് ആരംഭിക്കണം...’ പിടികിട്ടിയോ എന്ന മട്ടില്‍ എല്ലാവരെയും മാറിമാറി നോക്കി റസ്സാക്ക്സാറ് പുറത്തേക്ക് പോയി.
കലിപ്പോടെയാണ് അന്ന് കോളേജില്‍ നിന്നും മടങ്ങിയത്. പിറ്റേന്ന് രാവിലെ കോളേജില്‍ എത്തുമ്പോള്‍ ബാക്കി പതിന്നാലു പേരും റൂമില്‍ ഹാജരായിരുന്നു. എന്നെ കണ്ടതും എല്ലാവരുടെയും മുഖം തളിഞ്ഞു എന്ന് പറയുന്നതാകും ശരി. എനിക്കായി കാത്തിരുന്ന മട്ടില്‍ എല്ലാവരും പെട്ടെന്ന്‍ ഉഷാറായത് പോലെ എനിക്ക് തോന്നാതിരുന്നില്ല.
‘കൂടെ വരുന്ന ‘ഗൈഡുകള്‍’ ആരും വന്നില്ലേടാ..?’ ഫ്രണ്ട് മഹേഷിനോടായി ഞാന്‍ തിരക്കി.
‘അവര്‍ക്കായി കാത്തിരിക്കുകയാടാ...ലിസ്റ്റ് ദേ ആ ബോര്‍ഡില്‍ ഇട്ടിട്ടുണ്ട്.’ ചെറുപുഞ്ചിരിയോടെ മഹേഷ്‌ ബോര്‍ഡിലേക്ക് കൈ ചൂണ്ടി. ഞാന്‍ ലിസ്റ്റ് പരിശോധിക്കുന്ന തിരക്കിലായി. കമല, ലിസ്സി, ജോയമ്മ, അമ്പിളി, സുമ, ഗിരിജ, ഗീത, റോസമ്മ, തങ്കമ്മ, പ്രഭാവതി, പിന്നെ ജോയി അങ്ങനെ പതിനൊന്നു പേര്‍. പത്ത് പെണ്ണുങ്ങളും ഒരാണും. ങേ... ജോയി എന്ന പേര്‍ എന്‍റെ പേരിനു നേരെയാണെഴുതിയിരിക്കുന്നത്.
ആകെ ഒരാണു മാത്രം. അതാണെങ്കില്‍ എന്‍റെ പേരിനു നേരെയും.... ഛെ..! ഞാന്‍ പിന്തിരിഞ്ഞ് അവിശ്വസനീയതയോടെ മറുള്ളവരെ നോക്കേണ്ട താമസം ഹാളില്‍ പടക്കം പൊട്ടുന്നപോലുള്ള കൂട്ടച്ചിരിയായിരുന്നു പിന്നീട്.
‘പണി പാലുംവെള്ളത്തില്‍ തന്നെ കിട്ടി’ എന്നെനിക്ക് മനസ്സിലായി. (ഉള്ളത് പറയണമല്ലോ അന്നീ ‘പ്രയോഗം’ ഞാന്‍ കേട്ടിട്ടില്ല കേട്ടോ)
വെളുത്ത, ഉയരമുള്ള, സുന്ദരിയായ ഒരു പെണ്‍കുട്ടിക്ക് പിന്നാലെ നാല്‍പ്പത് കഴിഞ്ഞ കുറെ ചേച്ചിമാര്‍ ഹാളിലേക്ക് എത്തിപ്പെട്ടു. എന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും ചേച്ചിമാരുമൊത്ത് കേരളത്തിനു  വേണ്ടി  ‘കറങ്ങാന്‍’ പോകാന്‍ തയ്യാറായി. എന്‍റെ ‘പാര്‍ട്ണര്‍’ ജോയി വന്നുകാണാത്തത് മൂലം  ഞാന്‍ മാത്രം ഇളിഭ്യനായി ഒരു മൂലയില്‍ അഭയം തേടി.
‘ഇത് അമ്പിളിചേച്ചി....ഷിബുവിന്റെ കൂടെ പോകുന്നത് ഈ ചേച്ചിയാണ്.....ഇത് ലിസ്സിച്ചേച്ചി... മഹേഷിന്റെയോപ്പം പോകുന്നത്....’ കൂട്ടത്തില്‍ സുന്ദരിയായ പെണ്‍കുട്ടി ഓരോരുത്തരെയായി പരിചയപ്പെടുത്തികൊണ്ടിരുന്നു. ഓരോ ജോഡിയായി തിരിഞ്ഞ് ചുള്ളന്മാരും ചേച്ചിമാരും പുറത്തേക്കിറങ്ങി തുടങ്ങി. ഞാന്‍ പതുക്കെ സുന്ദരിയെ സമീപിച്ചു.
‘എന്‍റെ കൂടെ ഒരു ജോയിയാണ് വരേണ്ടത് ..ആളെ ഇതുവരെ കണ്ടില്ല....’ എന്‍റെ ശബ്ദത്തില്‍ നിരാശ കലര്‍ന്നിരുന്നു. ഞാന്‍ പറഞ്ഞു തീരുന്നതിനു മുന്‍പേ തന്നെ അവള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. അവളുടെ ചിരി കേട്ട് എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞാന്‍ വിണ്ടും ഇളിഭ്യനായത് പോലെ തോന്നി എനിക്ക്.
‘ജോയി എന്നെഴുതിയിരിക്കുന്നത് ഞാനാ....എന്‍റെ പേര് ജോയിസ്...പ്രിന്‍റിംഗ് മിസ്റ്റെയ്ക്ക് ആണ്. അവള്‍ വിണ്ടും പൊട്ടിച്ചിരിച്ചു.
    അതൊരു തുടക്കമായിരുന്നു. അത് വരെ ചൂളി നിന്ന ഞാന്‍ പെട്ടെന്നൊരു ഹീറോ ആയി മാറി. നാല്‍പ്പതു കഴിഞ്ഞ അമ്മച്ചിമാരെയും കൊണ്ട് ‘കറങ്ങാന്‍’ തയ്യാറായി നിന്ന എല്ലാ പുല്ലന്മാരും എന്നെ അസൂയയോടെ നോക്കാന്‍ തുടങ്ങി.
‘ഡാ..നമുക്ക് വച്ച് മാറാം....’ സഹിക്കാന്‍ പറ്റാതെ ഫ്രാന്‍സിസ് കുര്യന്‍ ഒരു നിര്‍ദേശം വച്ചു.
‘പോടെ...പോടെ...പോകാന്‍ നോക്ക്.....ദേ തങ്കമ്മചേച്ചി നിന്നെ കാത്തു നില്‍ക്കുന്നു...’ കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ പണി തിരിച്ചു കൊടുത്തു. സംഭവത്തിന്‍റെ കിടപ്പ് മനസിലാക്കിയ ജോയിസ് എന്നെ നോക്കി അര്‍ത്ഥഗര്‍ഭമായി പുഞ്ചിരിച്ചു.
ചിത്രം എന്ന സിനിമയിലെ ‘ദൂരെക്കിഴക്കുദിക്കും മാണിക്കചെമ്പഴുക്ക...’ എന്ന ഗാനം കത്തി നില്‍ക്കുന്ന സമയമാണ്. അതിലെ മോഹന്‍ലാലും രഞ്ചിനിയുമായി മാറി ഞങ്ങള്‍ ഇരുവരും (ഞാന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) ഫീല്‍ഡ് വര്‍ക്കിനായി പോയി. വീടുകളില്‍ നിന്നും വീടുകളിലേക്ക് ഒരുപാട് നടക്കാനുണ്ടായിരുന്നു. ആ യാത്രയിലുടനീളം ജോയിസ് എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. (സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയെ ഇത്തരുണത്തില് ഓര്‍ക്കാം) ഞങ്ങള്‍ ഒരുപാട് സംസാരിച്ചു. വിശേഷങ്ങള്‍ തിരക്കി. അംബരചുംബികളായ............സോറി വിഷയം മാറി പോയി..... ഞങ്ങളിരുവരും വീടുകള്‍ കയറിയിറങ്ങുന്നതിനിടയില്‍ വീടുകാര്യങ്ങള്‍ പങ്കു വച്ചു. ജോയിസിനോപ്പം ചേര്‍ന്നുള്ള ആ നിമിഷങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു, എന്ന് പറയാം. വീടുകള്‍ സന്ദര്‍ശിക്കുന്നത് (തെണ്ടുന്നത് എന്നത് തിരുത്തുകയാണ്) എനിക്കൊരു വിഷമമേ ആയിരുന്നില്ല. (എന്നാത്തിനാ ചുമ്മാ ആവശ്യമില്ലാതെ വിഷമിക്കുന്നത്...അല്ലപിന്നെ....)
      ഫീല്‍ഡിലും ജോയിസ് തന്നെയായിരുന്നു താരം. ഓരോ വീട്ടില്‍ ചെല്ലുമ്പോഴും ‘പുരുഷന്മാ’രെല്ലാം നിരക്ഷരരാണെന്ന ‘സത്യം’ ഞങ്ങള്‍ തിരിച്ചറിഞ്ഞു....ജോയിസ് അക്ഷരം പഠിപ്പിക്കാന്‍ വരും എന്നറിഞ്ഞ് ഇരുപതും ഇരുപത്തിയഞ്ചും വയസുള്ള ചെറുപ്പക്കാരൊക്കെ നിരക്ഷരരായി മാറാന്‍ പരിശ്രമിച്ചു കൊണ്ടിരുന്നു. പത്താം ക്ലാസ് പഠിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അക്ഷരങ്ങള്‍ ഒക്കെ മറന്നു പോയി എന്നതായിരുന്നു അവര്‍ അതിന് കണ്ടെത്തിയ ന്യായം. ഞാനും അവരെ പ്രോത്സാഹിപ്പിച്ചു എന്നുള്ളതാണ് മറ്റൊരു സത്യം. ആളെണ്ണം കൂടുന്നതനുസരിച്ച് ‘ഒന്നുചേര്‍ന്നുള്ള’ ജോലിസമയവും കൂടുമല്ലോ...!!
     രണ്ടു ദിവസം കൊണ്ടാണ് ഫീല്‍ഡ് വര്‍ക്ക് തീര്‍ന്നത്. വര്‍ക്ക് തീര്‍ത്ത് അന്തിമ പരിശോധനയ്ക്കായി കോളേജിലെത്തി റസ്സാക്ക്സാറുമായി കുശലം പറഞ്ഞശേഷം അവള്‍ എന്റെയരുകില്‍ എത്തി, മൃദുവായി ചിരിച്ചു.
‘പിന്നെ ഒരു കാര്യം പറയാന്‍ ഞാന്‍ മറന്നു. ഈ മാസം ഒടുവില്‍ എന്‍റെ കല്ല്യാണമാണ്. എന്ഗേജ്മെന്‍റ് അടുത്തയാഴ്ചയാണ്. നാട്ടില്‍ വച്ച്. ഞാനും ഫാമിലിയും നാളെ നാട്ടിലേക്ക് പോകുകയാണ്. ഇനിയുള്ള കാര്യങ്ങള്‍ താങ്കള്‍ തനിയെ ചെയ്യേണ്ടി വരും. റസ്സാക്ക്സാറിനോട് ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു....വിഷ് യൂ ആള്‍ ദ ബെസ്റ്റ്....’ ഫയലുകള്‍ എന്നെ തിരിച്ചേല്‍പ്പിച്ചു കൊണ്ടവള്‍ കൊലച്ചിരി തൂകി.
‘ഇറ്റ്സ് ഒക്കെ....’ ഒരു ഞെട്ടലോടെ ഞാന്‍ തിരികെ മൊഴിഞ്ഞു. ‘പണ്ടാരക്കാലി’ ഞാന്‍ മനസ്സില്‍ പ്രാകി.
      എന്തിനധികം പറയുന്നു, രണ്ടു ദിവസത്തെ തെണ്ടലിനൊടുവില്‍‌ (വീണ്ടും തെണ്ടല്‍) നിരക്ഷരരുടെ കണക്കെടുത്ത ഞങ്ങള്‍ (ഞാന്‍) ഞെട്ടിപ്പോയി. പതിനൊന്ന്‍ ടീമിനും കൂടി ആകെ നല്പ്പതിയെട്ടു പേരാണ് അക്ഷരമറിയാത്തവരായി ഉണ്ടായിരുന്നത്. മറ്റു പത്ത് ടീമുകള്‍ക്കും കൂടി ഇരുപത്തിയെട്ട് പേര്‍. ഞങ്ങള്‍ക്ക് (എനിക്ക്) മാത്രമായി ഇരുപത് പേര്‍ ...!!! ബാക്കിയുള്ള ഓരോ ടീമിനും രണ്ടോ മൂന്നോ പേരെ പഠിപ്പിക്കേണ്ട സ്ഥാനത്ത് ഞങ്ങള്‍ക്ക് (ഞാന്‍) ഇരുപതു പേരെ എഴുത്തിനിരുത്തണം..! അതില്‍ പതിനാറും ചെറുപ്പക്കാരായ പുരുഷന്മാര്‍...! കല്യാണം പ്രമാണിച്ച് ജോയിസ് നാട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ (കെട്ടിയെടുത്തു കഴിഞ്ഞാല്‍) ഈ ഇരുപതെണ്ണത്തിനെയും അക്ഷരം പഠിപ്പിക്കേണ്ട ചുമതല എനിക്കു മാത്രവും....! ഹമ്മേ...!!
ഞാനൊരു ദീര്‍ഘനിശ്വാസം വിട്ടു. സൗന്ദര്യം ശാപമാകുമെന്ന്‍ കേട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ മറ്റൊരാളുടെ സൗന്ദര്യം എനിക്ക് ശാപമാകുമെന്നു ഞാന്‍ ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല.
_____________________________________________________________________________________________________________
2014 മെയ്‌ 2 നു ബൂലോകത്തില്‍ പബ്ലീഷ് ചെയ്തത്. 
ബൂലോകത്തില്‍ വന്ന ഇതേ പേരിലുള്ള പോസ്റ്റിലേക്കുള്ള ലിങ്ക്: http://boolokam.com/archives/151174

17 comments:

 1. സാക്ഷരതായജ്ഞം സംബന്ധിച്ച ഈ കുറിപ്പു വായിച്ചപ്പോള്‍ എനിക്കും പഴയകാല അനുഭവങ്ങള്‍ ഓര്‍മ്മ വന്നു.വില്ലടം ലൈബ്രറിയുടെ പ്രസിഡണ്ടായിരുന്ന എനിക്ക്
  യജ്ഞത്തില്‍ സുപ്രധാനമായ പങ്കുവഹിക്കാനും വളരെയധികം പേര്‍ക്ക്‌ അക്ഷരത്തിന്‍റെ പ്രകാശപൂരിതമായ പാത തുറന്നുകൊടുക്കുവാനും കഴിഞ്ഞുവെന്നത്‌ മനസ്സിന് സംതൃപ്തി നല്‍കിയ സന്ദര്‍ഭങ്ങളായിരുന്നു.....
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. അന്നത്തെ എന്‍റെ ഫീലിംഗ് ആണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്....ഇന്നാലോചിക്കുമ്പോള്‍ ആ മാഹാ യജ്ഞത്തില്‍ ഭാഗഭാക്കാകുവാന്‍ സാധിച്ചത് ഒരു പുണ്യമായിട്ടാനെനിക്ക് തോന്നുന്നത്. അതിലും രസകരമായ സംഗതി ഞാന്‍ ക്ലാസ്സെടുക്കുവാന്‍ ചെന്ന സമയത്ത് ആകെ മൂന്ന്‍ പേര്‍ മാത്രമാണുണ്ടായിരുന്നത് ....

   Delete
 2. കോട്ടയത്തെ കുട്ടപ്പൻ കൂടി "കു.." എന്നെഴുതിയപ്പോൾ അവസാനത്തെ നിരക്ഷരനും സാക്ഷരൻ ആവുകയും കേരളം സമ്പൂർണ്ണ "സാച്ചരത'' (കടപ്പാട് ഇന്നസൻറ് -സന്ദേശം) നേടുകയും ചെയ്തു. സമ്പൂർണ്ണ തട്ടിപ്പ്.

  എനിക്ക് തോന്നുന്നു അന്നൂസിന്റെ 'സാക്ഷരത' കണ്ടിട്ട് ജോയി(സ്) ജീവനും കൊണ്ട് രക്ഷപ്പെടുക ആയിരുന്നുവെന്ന്.

  ReplyDelete
  Replies
  1. ഏതാണ്ടതുപോലൊക്കെതന്നെ......!
   ബ്ലോഗിലേക്ക് വന്നതിനുള്ള സ്നേഹം അറിയിക്കട്ടെ

   Delete
 3. ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കാൻ കഴിയുകയെന്നത് ഒരു മഹാ ഭാഗ്യമല്ലെ...
  ആശംസകൾ...

  ReplyDelete
  Replies
  1. തീര്‍ച്ചയായും പ്രിയ VK സര്‍

   Delete
 4. സാക്ഷരതായഃജ്ഞം എന്നു കേൾക്കുമ്പോഴേ ഒരു പഞ്ചാരമണം അടിക്കാറുണ്ട്.
  സാക്ഷരാത പ്രേമം പൊടിപൊടിച്ച നാളുകളായിരുന്നല്ലോ അത്
  ഞങ്ങളുടെ പ്രദേശത്ത് ഒന്ന് രണ്ട് സാക്ഷരതാ കല്യാണവും നടന്നിട്ടുണ്ട്.
  കുട, കുല, കുട്ടപ്പൻ എന്ന് കൃത്രിമമായി എഴുതിയാൽ സാക്ഷരതയായി എന്ന് നാം തെറ്റിദ്ധരിച്ച നാളുകൾ
  ട്രാക്ക് തെറ്റിപ്പോയ ഒരു അഭ്യാസപ്രകടനം

  സാക്ഷരതക്കാലം ഭംഗിയായി അവതരിപ്പിച്ചു

  ReplyDelete
  Replies
  1. നല്ല കമന്റിനു ഒരു പാട് സ്നേഹം തിരികെ.......

   Delete
 5. അന്നത്തെ സാക്ഷരതായജ്ഞത്തിന്റെ
  ഓർമ്മകൾ ചിലത് എന്റെ മനസ്സിലും ഇപ്പോൾ ഓടിയെത്തി

  ReplyDelete
  Replies
  1. വരവിനുള്ള സന്തോഷം വൈകിയാണെങ്കിലും അറിയിക്കട്ടെ പ്രിയ മുരളി ബായ്

   Delete
 6. ഞാനും ഇപ്പോൾ ഒരാളെ സാക്ഷരനാക്കുകയാണ്.. പക്ഷെ മറ്റൊരു ഭാഷയിലാണെന്ന് മാത്രം.. ;)

  ReplyDelete
  Replies
  1. അന്നിത് നടന്ന കാലത്ത് ജനിച്ചിട്ടില്ലാരുന്ന കൊണ്ട് ഇപ്പൊ ഒരു പയറ്റ്

   Delete
  2. കുഞ്ഞുറുമ്പ് കാരണം ഞാന്‍ എന്റെയീ പോസ്റ്റ്‌ ഒരിക്കല്‍ കൂടി വായിച്ചു....ഹഹ്ഹാ

   Delete
 7. ഹാ ഹാ ഹാാ!!!!
  അന്ന് പണി പാലുംവെള്ളത്തിൽ കിട്ടിയെന്ന് തോന്നിയെങ്കിലും ഒരു മഹായജ്ഞത്തിന്റെ ഭാഗമായി തീർന്നതിൽ അഭിമാനിക്കാമല്ലോ.

  ReplyDelete
  Replies
  1. പ്രിയ സുധി, വരവിനും പ്രോത്സാഹനത്തിനും ആയിരം നന്ദി-ആശംസകള്‍ തിരിച്ചും...!

   Delete