ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday 29 September 2013

ചിലന്തിമനസ്സുകൾ (കഥ)

      അമ്പലമുറ്റത്തെ കല്പടവികളിലൊന്നിൽ കൂനിപ്പിടിച്ച് ഇരിക്കുന്ന മനുഷ്യരൂപത്തിൽ ഒരു നിമിഷം രമേഷിന്റെ കണ്ണുകളുടക്കി. നരച്ച താടി കനംവച്ചിരിക്കുന്നു. ചുണ്ടുകൾ മൂടി വളർന്നിറങ്ങിയിരിക്കുന്ന ചായക്കറ പൂരണ്ട മേൽ മീശ. വെളുത്തു മെല്ലിച്ച ശരീരം. ആ മുഖത്തേക്ക് തുറിച്ച് നോക്കി നിന്നപ്പോൾ ഒന്നു ചുമച്ച് പ്രയാസപ്പെട്ട് കൈകാട്ടി വിളിച്ചു. അതെ...പപ്പേട്ടൻ തന്നെ..!
അടുത്തെത്തി ചുമ തീരാൻ കാത്തു നില്ക്കുമ്പോൾ എല്ലുകൾ എഴുന്നു നില്ക്കുന്ന കൈവിരലുകൾകൊണ്ട് അടുത്തിരിക്കാൻ ആംഗ്യം കാണിച്ചു. കല്പടവിലെ മണൽത്തരികൾ ഊതിമാറ്റി അയാൾ പപ്പനരികിലിരുന്നു.
‘പപ്പേട്ടാ....’ എങ്ങനെ തുടങ്ങണം എന്നറിയാതെ രമേഷ് വിഷമിച്ചു.
‘എന്തു കോലമാ പപ്പേട്ടാ ഇത്..? പപ്പനു കാലം വരുത്തിയ രൂപമാറ്റം കണ്ട് മനം നൊന്ത് രമേഷ് ചോദിച്ചു.
’വയസ് എഴുപതായില്ലേടാ..പോരാത്തതിനു തൊണ്ടയിൽ ക്യാൻസറും.  ഇങ്ങനെയൊക്കെയെങ്കിലും ഉണ്ടല്ലോ...‘
’ക്യാൻസർ..!....ചികിത്സ..?‘ അയാൾ ചോദ്യരൂപത്തിൽ പപ്പനെ നോക്കി.
’ഈ വയസനാംകാലത്ത് എന്തോന്നു ചികിത്സ..‘ അയാൾ പരുപരുത്ത ശബ്ദത്തിൽ ചിരിക്കാൻ ശ്രമിച്ചു. രമേഷിനു എന്തു പറയണമെന്നറിയില്ലായിരുന്നു
’എവിടാരുന്നു ഇത്രകാലം....?‘
’കുറെ കറങ്ങി.....ഊരുചുറ്റൽ....ഒറ്റയ്ക്കല്ല കേട്ടോ...കൂട്ടിനു ഇവനുണ്ടായിരുന്നു, തൊണ്ടയിലെ ഈ മരണവേദന..‘ വിറയ്ക്കുന്ന കൈകൾ കൊണ്ടു രമേഷിന്റെ ചുമലിൽ പിടിച്ച് എഴുന്നേല്ക്കാൻ ശ്രമിക്കുമ്പോൾ അയാൾ താങ്ങി.
’നിന്റെ കയ്യിൽ കാശുണ്ടോ..?..എനിക്കൊരെണ്ണം അടിക്കണം...‘
’അതെന്തു ചോദ്യമാ...?..പപ്പേട്ടൻ വാ..അപ്പുറത്ത് കാറുണ്ട് ‘ അയാൾ പപ്പന്റെ കൈ വിടാതെ മുൻപിൽ നടക്കാൻ ശ്രമിച്ചു.
’പതുക്കെ...പഴയപോലെ പറ്റില്ല രമേശാ...‘വിറയ്ക്കുന്ന കൈകൾ കൊണ്ട് പപ്പൻ മുണ്ടു മടക്കി കുത്തി.
’റീജൻസിയിലേക്കു പോകാം..എന്താ പപ്പേട്ടാ..ആറേഴു വർഷമായി കാണില്ലേ അവിടെ നമ്മളൊന്നു കൂടിയിട്ട്..? ‘
’നിന്റെ ഇഷ്ട്ടം...എന്റെ കയ്യിൽ ഒന്നുമില്ല കേട്ടോ..‘ പപ്പൻ ജാമ്യമെടുത്തു.
       രമേഷിന്റെ പുതിയ വെന്റോയിൽ ഇരുവരും റീജൻസിയിലേക്കു പാഞ്ഞു. ഒരുപാടു നാളുകൾക്കു ശേഷമാണു റീജൻസിയിലേക്കു വരുന്നത് . ബാർ ഒരുപാടു മാറ്റങ്ങൾക്കു വിധേയമായിട്ടുള്ളതായി രമേഷിനു തോന്നി. അന്നത്തെ ഒരുനില ഇന്നു മൂന്നു നിലയായി. വിശാലമായ പാർക്കിങ്ങ് ഏരിയാ,ഗാർഡൻ,ഇൻസ്റ്റന്റ് ഫുഡ്ഷോപ്പ് എന്നിവയൊക്കെ വന്നു ചേർന്നു.പഴയ,പരിചയമുള്ള ഒരു മുഖം പോലും അവിടെങ്ങും കണാനുണ്ടായിരുന്നില്ല.
       ബാറിനകം ചുവന്ന വെട്ടത്തിൽ ഒരു കൊട്ടാരത്തെ അനുസ്മരിപ്പിച്ചു. പതിവായി ഇരിക്കാറുണ്ടായിരുന്ന ഒഴിഞ്ഞകോൺ എന്ന നൊസ്റ്റാൾജിയ അകത്തു കയറിയപ്പോൾ തന്നെ അസ്തമിച്ചു. ഒരു കാബിൻ ബുക്ക്ചെയ്ത് ഗ്രാനൈറ്റ് റ്റേബിളിനിരുവശവുമായി ഇരിക്കുമ്പോൾ ഇരുവരും നിറംകെട്ട ഓർമ്മകളാൽ ബെദ്ധപ്പെടുന്നുണ്ടായിരുന്നു.
       വെളുത്ത ഷർട്ടും കറുത്തപാന്റ്സും ധരിച്ച മെലിഞ്ഞ് ഇരുനിറമുള്ള വെയ്റ്റർ വന്നു എന്താണെന്നു വച്ചാൽ പറഞ്ഞു തുലയ്ക്കെടാ എന്ന മട്ടിൽ കൂസലില്ലാതെ നിന്നു.
‘ലോക്കൽ ഐറ്റം എന്തെങ്കിലും മതി...’ ഉത്സാഹമില്ലാതെ പപ്പൻ പറഞ്ഞു.
‘ഷിവാസ് റീഗൽ ഹാഫ് ലിറ്റർ.. കഴിക്കാൻ എന്താ വേണ്ടത് പപ്പേട്ടാ...? ’
‘എന്തെങ്കിലും....’
      ഓർഡർ എടുത്ത് വെയ്റ്റർ പോയിക്കഴിഞ്ഞ് ഇരുവരും ഏറെനേരം നിശബ്ദരായി തുടർന്നു. പരസ്പരം പിടികൊടുക്കാതെ ഇരുവരും ചിന്തിച്ചു കൂട്ടുന്നതിന്റെ തിരക്കിലായി.  മൂകതയ്ക്ക് വിരാമമിട്ട് രമേഷ് എന്തോ ചോദിക്കുവാൻ തുനിഞ്ഞപ്പോൾ ഓർഡർ ചെയ്ത ഐറ്റങ്ങളുമായി വെയ്റ്റർ കടന്നു വന്നു.
‘എന്താ പപ്പേട്ടാ ഒരു ഉത്സാഹമില്ലാത്ത പോലെ..ബാറിലെത്തിയാൽ പണ്ടൊക്കെ ഇങ്ങനെയല്ലായിരുന്നല്ലോ.? ’വെയ്റ്റർ വന്നുപോയിക്കഴിഞ്ഞ് കുപ്പി തുറക്കുന്നതിനിടയ്ക്ക് രമേഷ് ചോദിച്ചു.. ലാർജിലേക്ക് വെള്ളം പകരുമ്പോൾ സ്വവർഗാനുരാഗിയായ തന്റെ പാർട്ണറെ നോക്കുന്ന താല്പ്പര്യത്തോടെ പപ്പൻ ഗ്ളാസിലേക്കു നോക്കി ഇരുന്നു.
‘നീയിപ്പോൾ എവിടാ..? നാട്ടിലുണ്ടൊ..?’
‘പഴയ സ്ഥലത്ത് തന്നെ....ദുബായ്.....ലീവിനു വന്നിട്ട് ഒരു മാസമായി...ടൗണിലേക്ക് ഇന്നാദ്യമാ..’
‘ഇപ്പോ നിന്റെ മാമ ആരാ ദിനേശാ..? ’
‘അങ്ങനാരും ഇല്ല പപ്പേട്ടാ...പഴയപോലുള്ള താല്പര്യമൊന്നും ഇപ്പോഴില്ല..’ അയാൾ ജാള്യതയോടെ ചിരിച്ചു.
‘നീയുൾപ്പടെ എനിക്ക് കാണാൻ താല്പ്പര്യമില്ലാത്ത മിക്കവരുംതന്നെ പലപോഴായി എന്റെ മുൻപിൽ വന്നു പെട്ടിട്ടുണ്ട്...പക്ഷെ...ഞാൻ തേടി നടക്കുന്ന ആളെ മാത്രം ഇതുവരെ കണ്ടില്ല...‘ അയാളുടെ ശബ്ദം ഇടറി,നേർത്തു.
’അതാരാ അങ്ങനൊരാൾ..? ‘ഗ്ളാസ് പപ്പേട്ടനു നേരെ നീക്കി വയ്ക്കുമ്പോൾ രമേഷ് ചോദിച്ചു.
‘മരണം...’ പപ്പന്റെ ശബ്ദം പഴയതിലും നേർത്തു. ‘മരിക്കാൻ കൊതിച്ച് ഞാൻ നടക്കാൻ തുടങ്ങിയിട്ട് നാളെത്രയായെന്നോ..? പ്രവർത്തിദോഷം കൊണ്ടാവും..ലക്ഷ്യം കാണാത്തത്... ’ രമേഷ് നിശബ്ദനായി. പപ്പൻ ഒറ്റവലിക്കകത്താക്കി,ശബ്ദത്തോടെ ഗ്ളാസ് മേശമേൽ വച്ചു. മേല്ചുണ്ട് മറഞ്ഞു കിടക്കുന്ന മീശമേൽ തങ്ങിനിന്ന മദ്യത്തിന്റെ അവശിഷ്ട്ടം കീഴ്ചുണ്ടുകൊണ്ട് അകത്തേക്ക് ആഞ്ഞുവലിച്ചു. രമേഷിനു മനം പിരട്ടി.
’ഒടുവിൽ നമ്മൾ ഇവിടെനിന്നും പിരിഞ്ഞതോർക്കുന്നോ പപ്പേട്ടാ..? പപ്പനിലെ ഉത്സാഹമില്ലായ്മ തന്നിലേക്കു പടരാതിരിക്കാൻ ശ്രമിച്ചു കൊണ്ട് രമേഷ് ചോദിച്ചു.
‘ഊം....’ അയാൾ ഒന്നിരുത്തി മൂളി ‘ കൃത്യമായി പറഞ്ഞാൽ ഏഴു വർഷവും എട്ടു മാസവും ആയിട്ടുണ്ട്..’ പപ്പൻ കസേരയിലേക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
‘നല്ല ഓർമ ശക്തി തന്നെ...’.  രമേഷ് ഒരു കവിൾ നുണഞ്ഞ്,ചിന്താമഗ്നനായിരിക്കുന്ന പപ്പനേത്തനെ നോക്കി കസേരയിൽ ചാരിയിരുന്നു. ചിന്തകൾ ഭൂതകാലതേരിലേറി പുറപ്പെടാൻ തയ്യാറായി.
       അന്നൊരൊഴിവു ദിവസമാണു പപ്പേട്ടൻ തന്നെ അന്വേഷിച്ചു വീട്ടിലെത്തുന്നത്.വന്നപാടെ ഒന്നിരിക്കാൻ പോലും കൂട്ടാക്കാതെ തിടുക്കപ്പെട്ട് പുറത്തേക്ക് കൂട്ടികൊണ്ടു പോയി ആകാംഷയോടെ തന്റെ മുഖത്തേക്ക് നോക്കി നിന്നു.
‘ഡാ..രമേശാ...നീ ഒന്നു റഡി ആയിക്കേ...ഒരത്യാവശ്യകാര്യം പറയാനുണ്ട്...’
‘എന്താണെന്നു വച്ചാൽ പറ പപ്പേട്ടാ...സസ്പൻസ് ആക്കാതെ..’
‘ഇവിടെ വച്ചു പറ്റില്ല...റീജൻസിയിലേക്കു പോകാം....നീ റഡി ആക്..’ എന്തെങ്കിലും കോളില്ലാതെ പപ്പേട്ടൻ ഇത്ര ഉത്സാഹം കാണിക്കില്ല്ല എന്നു രമേഷിനറിയാം.
‘ശരി..പപ്പേട്ടൻ റീജൻസിയിലേക്കു വിട്ടോ.... രണ്ടെണ്ണം അടിക്കുമ്പോഴേക്കും ഞാൻ ദാ എത്തി...’
‘താമസിക്കരുത്...’ രമേഷ് കൊടുത്ത നൂറിന്റെ നോട്ടുമായി പായുന്നതിനിടയിൽ അയാൾ വിളിച്ചു പറഞ്ഞു.
       രമേഷ് ബാറിലെത്തി അര മണിക്കൂറിനു ശേഷമാണു പപ്പൻ എത്തിയത്. അപ്പോഴേക്കും രണ്ടു ലാർജ് രമേഷ് തീർത്തിരുന്നു.
‘നീ തുടങ്ങിയോ..? ’പപ്പൻ കസേര വലിച്ച് രമേഷിനഭിമുഖമായി ഇരുന്നു.
‘എവിടായിരുന്നു ഇത്ര നേരം..? രമേഷ് നീരസപ്പെട്ടു.
’അതൊക്കെ പറയാം..നീ ഒഴിക്ക്...‘ രമേഷ് ഒഴിച്ചു കൊടുത്തത് മൊത്തി കുടിച്ചു കൊണ്ട് പപ്പൻ പരിസരം നന്നായി വീക്ഷിച്ചു.
’ഞാൻ നേരെ എന്റെ വീട്ടിലേക്കാണു പോയത്...ചില അറേഞ്ച്മെന്റ്സ്...അതാ അല്പ്പം താമസിച്ചത്..‘
’കാര്യത്തിലേക്ക് വന്നില്ല ഇതുവരെ..‘ രമേഷ് തിരക്കു കൂട്ടി.
‘ഡാ...രമേശാ...എനിക്കു കുറച്ചു കാശു വേണം....ഇത്തിരി അത്യാവശ്യമുണ്ട്....’
‘എത്ര..? ’
‘ഒരു പതിനയ്യായിരം....വെറുതെയല്ല....നല്ല കിളിപോലത്തെ ഒരു കൊച്ചുണ്ട്...കല്യാണം കഴിഞ്ഞതാ....ഒരു കുട്ടി....കെട്ടിയോൻ സ്ഥലത്തില്ല...വേറെ കൈമറിയാത്തതാ...എനിക്കു നന്നായിട്ടറിയാവുന്ന കൊച്ചാ....’ പപ്പൻ ആകാംഷയോടെ രമേഷിന്റെ കണ്ണുകളിൽ കയറിയിരുന്നു.
‘വേറെ കൈമറിയാത്തതാണോ..? രമേഷ് സംശയം പ്രകടിപ്പിച്ചു.
’പിന്നെ....‘ പപ്പൻ രമേഷിന്റെ കൈതണ്ടയിൽ അടിച്ച് തന്റെ അഭിപ്രായത്തിനു ബലമേകി.
’നിനക്കെന്നെ അത്ര വിശ്വാസമില്ലേ ഡാ....എനിക്കു നല്ല പരിചയമുള്ള കുട്ടിയാ....പോയി പഠിച്ച പെൺകൊച്ചല്ല.... രണ്ടു മാസത്തെ പരിശ്രമം കൊണ്ടാ ഞാൻ ഒന്നു സമ്മതിപ്പിച്ചെടുത്തതു തന്നെ....‘
’നേരോ...?‘ രമേഷ് ഉത്സാഹഭരിതനായി. ’എന്നാലും പതിനയ്യായിരം ഇത്തിരി കൂടുതലാ...‘   
’നിനക്കൊരു നഷ്ട്ടവും വരുകേല...ഞാൻ ഗ്യാരണ്ടി...പറ നടക്കുമോ..? ‘
’നടക്കാതെ പിന്നെ..‘ രമേഷ് ആവേശം കൊണ്ടു.
’വെളുത്തതാണോ..? ‘
’കാണാൻ പോകുന്ന പൂരം പറഞ്ഞു കേൾപ്പിക്കണോടാ..? ‘ പപ്പൻ പൊട്ടിച്ചിരിച്ചു.
’ഈ പൂരം എന്നു നടക്കും..?.‘
’ഇന്ന്.....നീ മനസു വച്ചാൽ ഇപ്പോ നടക്കും..‘
’എവിടെ..? ‘
’കക്ഷി ഇപ്പോൾ എന്റെ വീട്ടിലുണ്ട്....അങ്ങോട്ട് പോകുകയല്ലേ..? ‘
’അല്ലാതെ പിന്നെ.....‘ രമേഷിന്റെ ഉത്സാഹം അതിരുവിട്ടു.
‘പിന്നൊരു കാര്യം...അവളെ സംബന്ധിക്കുന്ന ഒരു കാര്യവും ..പേരു പോലും ചോദിക്കാൻ പാടില്ല...ആ കുട്ടിക്ക് അതൊന്നും ഇഷ്ട്ടമല്ല....’
‘ഓക്കെ..’ ഇരുവരും എഴുന്നേറ്റു.
‘നീ എന്താണു ആലോചിക്കുന്നത്...? ’ പപ്പൻ തലയുയർത്തി രമേഷിനോടു ചോദിച്ചു. രമേഷ് ഭൂതകാലത്തേരു തെല്ലിട നിർത്തി.
‘എന്താ പപ്പേട്ടാ ചോദിച്ചത്..?
’നീയെന്താ ആലോചിചു കൂട്ടുന്നത്..?
‘അല്ല പപ്പേട്ടാ... നമ്മൾ ഒടുവിൽ ഈ ബാറിൽ വന്നു പോയത് ഓർക്കുകയായിരുന്നു.’
‘ഊം....നീ ഒഴിക്ക്....’
‘പപ്പേട്ടാ...ഇനിയിപ്പോ ചോദിക്കുന്നതു കൊണ്ട് കുഴപ്പമില്ലല്ലോ..അന്നു പപ്പേട്ടന്റെ വീട്ടിൽ വച്ചു കണ്ട ആ കുട്ടി ഏതാ...? ഇത്ര ശാലീനയായ ഒരു കുട്ടിയെ ഞാൻ അതിനു മുൻപ് ഒരിക്കലും അനുഭവിച്ചിട്ടില്ല..... എന്താ പപ്പേട്ടാ അവളുടെ പേർ..? ’ വീതം വയ്ക്കുന്നതിനിടയിൽ രമേഷ് ജിജ്ഞാസുവായി.
‘ഗായത്രി..’ പതറുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു. രമേഷ് ആവേശപൂർവം ഒരു ലാർജ് കൂടി അകത്താക്കി.
‘കേട്ടോ പപ്പേട്ടാ..അതൊരു പാവം കുട്ടിയായിരുന്നു...അന്ന് അവൾക്കരികിൽ ഇരിക്കുമ്പോൾ സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു എനിക്ക്....അതിനു മുൻപ് എത്രയോ പെണ്ണുങ്ങൾ....അവർക്കൊന്നുമില്ലാത്ത വല്ലാത്തൊരാകർഷണീയത അവൾക്കുണ്ടായിരുന്നു......ശരിക്കും പറഞ്ഞാൽ അവൾ മറ്റൊരുത്തന്റെ ഭാര്യയാണല്ലൊ എന്നോർത്തപ്പോൾ എനിക്കു സഹിക്കാൻ പറ്റിയില്ല...അതിന്റെ ദേഷ്യം അവളേ അനുഭവിക്കുന്നതിനുടയിൽ ഞാൻ അവളോടു തീർക്കുകയും ചെയ്തു...കൺകോണുകളിൽ ചെറിയൊരു നനവോടെ അവൾ എന്നെ പൂർണമായും സഹിച്ചു. എല്ലാം കഴിഞ്ഞപ്പോൾ..... ശരിക്കും...അവളോടെനിക്ക് സഹതാപം തോന്നി.‘ രമേഷ് കുറേ നേരത്തേക്ക് നിശബ്ദനായി. ഒരു പെഗു കൂടി ഒഴിച്ച് അകത്താക്കി.
‘അന്നവളോട് യാത്ര പറഞ്ഞ് ഞാൻ പോകാനെഴുന്നേറ്റപ്പോൾ അവൾ എന്റെ അടുത്തുവന്ന് എന്റെ മാറിലേക്ക് വീണു കുറെ നേരം പൊട്ടിക്കരഞ്ഞു . ആ ക്ളൈമാക്സ് എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു....പിന്നീട് പലതവണ അവളെ കാണണം എന്നു ആഗ്രഹിച്ച് ഞാൻ പപ്പേട്ടനെ അന്വേഷിച്ച് നടന്നിട്ടുണ്ട്....ഏഴുവർഷങ്ങൾക്കു ശേഷം പിന്നെ ഇന്നാണു പപ്പേട്ടനെ കാണുന്നതു തന്നെ...സത്യം പറയാമല്ലോ ...ഇപ്പോ ഈ ഡ്രിങ്ക് ഞാൻ പപ്പേട്ടനു ഓഫർ ചെയ്തതുതന്നെ അവൾക്കു വേണ്ടിയാ...അവൾ ഇപ്പോൾ എവിടെയുണ്ട് പപ്പേട്ടാ..?’ തെല്ലു സങ്കോചത്തോടെ രമേഷ് ചോദിച്ചു.
       പപ്പൻ കളിയാക്കി ചിരിക്കുമെന്നാണു അയാൾ കരുതിയത്. അതുണ്ടായില്ല. കറ കയറിയ മീശരോമങ്ങൾ തടവി പപ്പൻ നിർവികാരനായി ഇരുന്നതേയുള്ളു.
’പപ്പേട്ടാ..ഉള്ളതു പറഞ്ഞാൽ..എനിക്കു പപ്പേട്ടനോടു ശരിക്കും അസൂയയാ...ഇത്ര നല്ല കിളികളെ എങ്ങനെ തരപ്പെടുത്തുന്നു....അക്കാര്യത്തിൽ പപ്പേട്ടനെ സ്തുതിക്കണം...‘
’ശരിയാ എന്നെ സ്തുതിക്കണം..‘ അയാൾ ആത്മഗതമെന്നോണം പറഞ്ഞു.’ നിനക്കറിയാമോ..ഗായത്രി ,എന്റെ മകൻ വേണുവിന്റെ ഭാര്യയായിരുന്നു....എന്റെ ഒരേ ഒരു മകൻ വിവാഹം കഴിച്ചു കൊണ്ടു വന്ന എന്റെ മരുമകൾ...‘ രമേഷ് നേരിയ നടുക്കത്തോടെ പപ്പനെ തുറിച്ചു നോക്കി .
’നേരോ....പിന്നെ അവളെ എങ്ങനെ പറഞ്ഞു സമ്മതിപ്പിച്ചു....? ‘
’വിവാഹം കഴിഞ്ഞു രണ്ട് വർഷം രണ്ടു പേരും ഒരുമിച്ച് എന്റെ കൂടെ ഉണ്ടായിരുന്നു...കുട്ടി ഉണ്ടായി ആറു മാസത്തിനു ശേഷം അവൻ ജോലികിട്ടി മദ്രാസിനു വണ്ടി കയറി... അതിനിടയ്ക്ക് അവൾക്കൊരു എഴുത്തു വന്നു...അവളുടെ പഴയ കാമുകന്റെ...അഞ്ചു വർഷം അവർ തമ്മിൽ പ്രേമമായിരുന്നെന്നും അതിനിടെ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കാണാൻ കൊതി ഉണ്ടെന്നും അവസരം ഉണ്ടായാൽ അറിയിക്കണമെന്നുമൊക്കെ അതിൽ എഴുതിയിരുന്നു...അതു പോരെ...എന്നേപോലൊരാൾക്ക്.....ആ കത്തു വേണൂവിനെ കാണിക്കും എന്നു പറഞ്ഞ്  ഭീക്ഷണിപെടുത്തിയാണു അന്നവളെ നിന്റെ മുൻപിൽ ഇട്ടു തന്നത്....‘
       പറയുന്നതിനിടയ്ക്കെല്ലാം അയാളുടെ തൊണ്ടയിലെ ക്യാൻസർ മുരടനക്കികൊണ്ടിരുന്നു.
’അവളു ആളു കൊള്ളാമല്ലോ പപ്പേട്ടാ...അല്ല.. അവളേപ്പോലൊരു പെണ്ണിനു ഒരു പൂർവകാലകാമുകൻ ഉണ്ടെന്നു പറയുന്നതിൽ ഒരു അതിശയോക്തിയും ഇല്ല...അത്രയ്ക്ക് സുന്ദരി അല്ലേ അവൾ..ആ കത്ത് പപ്പേട്ടന്റെ കയ്യിൽ തന്നെ കിട്ടിയത് എന്റെ ഭാഗ്യം....ഒരു തവണയെങ്കിൽ ഒരുതവണ...എനിക്കനുഭവിക്കാനൊത്തല്ലോ..‘ രമേഷ് ആശ്വസിക്കാൻ ശ്രമിച്ചു.
‘പക്ഷെ..പപ്പേട്ടാ...പപ്പേട്ടൻ അന്ന് എന്നോടൊരു കള്ളം പറഞ്ഞുട്ടോ.. അവൾ കൈമറിയാത്ത കിളി ആണെന്നല്ലേ അന്നെന്നോടു പറഞ്ഞത്....രണ്ടു മറിഞ്ഞതാണെന്നു പറയുന്നതായിരുന്നു ശരി...’ അയാൾ മഞ്ഞപ്പല്ലുകൾ കാട്ടി ചിരിച്ച് പപ്പനെ നോക്കി കണ്ണുകളിറുക്കി.
‘നിർത്ത്..മതി പറഞ്ഞത്....’ പപ്പൻ അസ്വസ്ഥനായി.
‘എന്താ പപ്പേട്ടാ..’ പപ്പന്റെ ഭാവമാറ്റം രമേഷിനെ തണുപ്പിച്ചു.
‘കൈമറിയാത്തത് എന്നു ഞാൻ പറഞ്ഞത് നേരു...അവൾ ഒരു തെറ്റും ചെയ്തിട്ടില്ലായിരുന്നു...എല്ലാ തെറ്റുകളും എന്റേതാണു രമേശാ... കുത്തഴിഞ്ഞ എന്റെ ജീവിതം....കള്ളും, കഞ്ചാവും, പെണ്ണും....സുഖിക്കണം എന്നതു മാത്രമായിരുന്നു നമ്മുടെയൊക്കെ ചിന്ത....ഇനി പറഞ്ഞിട്ടെന്താ.. സ്വന്തം മകനേയും മരുമകളേയും അവരുടെ കുഞ്ഞിനേയും ഞാൻ മറന്നു....പണത്തിന്റെ ഓരോരോ ആവശ്യങ്ങൾക്ക് മുൻപിൽ എല്ലാ ബന്ധങ്ങളും ഞാൻ.....’
       പപ്പൻ ഒരു കൊച്ചു കുഞ്ഞിനെപോലെ തേങ്ങി കരയാൻ തുടങ്ങി. രമേഷ് അയാൾകരുകിലെത്തി അയാളെ മാറോടു ചേർത്തു.
‘അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ പപ്പേട്ടാ...ഇതിൽ ഇത്രയങ്ങ് സങ്കടപ്പെടാൻ എന്തിരിക്കുന്നു...അവൾ അത്ര വിശുദ്ധയൊന്നുമല്ലായിരുന്നല്ലോ...തെറ്റുകൾ ചെയ്ത ശേഷമല്ലെ അവൾ നിങ്ങളുടെ മകന്റെ ജീവിതത്തിലേക്ക് വന്നതു തന്നെ...’
‘അല്ല..’ പപ്പൻ അലറി. ‘എന്റെ പൊന്നുമോളു വിശുദ്ധയായിരുന്നു....അവൾക്കു വന്ന ആ കത്ത് എഴുതിയത് എന്റെയീ കൈകൾകൊണ്ടായിരുന്നു....‘ അയാൾ തന്റെ ഇരുകൈകളും ഉയർത്തികാട്ടി പരുപരുത്ത,അടഞ്ഞ ശബ്ദത്തിൽ വാവിട്ടു കരഞ്ഞു.  പരിസരം മറന്നു  ഹിസ്റ്റീരിയ ബാധിച്ചവനേപോലെ അയാൾ പെരുമാറി...
’രമേശാ....നിനക്കവളെ ഒരിക്കൽ കൂടി കാണണമെന്നില്ലേ..? സത്യം പറ...പക്ഷേ നിനക്കതിനു ഒരിക്കലും  കഴിയില്ല...നീ വിചാരിച്ചാൽ എനിക്കതിനു കഴിയും...ഏഴു വർഷം മുൻപ് അവൾ പോയ ലോകത്തേക്കു എന്നെ പറഞ്ഞു വിടാൻ നീ വിചാരിചാൽ സാധിക്കും....നീ എന്നെ കൊന്നു തരുമോ രമേശാ....എന്നെ ഒന്നു കൊന്നു തരുമോ..?  അയാൾ നിലവിട്ട് കെഞ്ചി.
      ആരൊക്കെയോ ക്യാബിനിലെത്തിനോക്കി മറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ രമേഷ് പപ്പനെ ചേർത്ത് പിടിച്ച് നിന്നു. അതുവരെ അനുഭവിക്കാത്ത ഒരു ആന്തരികസൗഖ്യത്തോടെ അയാൾ രമേഷിന്റെ വിറയ്ക്കുന്ന കൈകളിൽ ഒതുങ്ങി.

11 comments:

  1. നല്ല കഥ . ഒറ്റയിരിപ്പിനു വായിച്ചു തീർത്തു.. പിന്നെ വൈറ്റ് ഫോണ്ട് മാറ്റി വേറെ ഫോണ്ട് ഉപയോഗിച്ചാൽ കൂടുതൽ നന്നായിരിക്കും എന്ന് തോന്നുന്നു...

    പിന്നെ ഈ നൊസ്റ്റാൾജിയ !!!! കൊള്ളാം ബാറിനകം ചുവന്ന വെട്ടത്തിൽ ഒരു കൊട്ടാരത്തെ അനുസ്മരിപ്പിച്ചു. പതിവായി ഇരിക്കാറുണ്ടായിരുന്ന ഒഴിഞ്ഞകോൺ എന്ന നൊസ്റ്റാൾജിയ അകത്തു കയറിയപ്പോൾ തന്നെ അസ്തമിച്ചു. ഒരു കാബിൻ ബുക്ക്ചെയ്ത് ഗ്രാനൈറ്റ് റ്റേബിളിനിരുവശവുമായി ഇരിക്കുമ്പോൾ ഇരുവരും നിറംകെട്ട ഓർമ്മകളാൽ ബെദ്ധപ്പെടുന്നുണ്ടായിരുന്നു....

    സ്നേഹപൂർവ്വം
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. പ്രിയ ആഷിക് ബായി ..വൈറ്റ് ഫോണ്ട് മാറ്റിയിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ..?

      Delete
  2. കഥ കൊള്ളാം കേട്ടോ

    ReplyDelete
  3. നീണ്ടു നീണ്ടു പോയി,ജീവിതം പോലെ . എവിടെയോ ശരിക്കും ജീവിതമൊക്കെ തട്ടികളിക്കുന്നുണ്ട്.

    ReplyDelete
  4. manമനോഹരമായ എഴുത്ത്

    ReplyDelete
  5. ചേട്ടാ ... മനോഹരം .. കൊതിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  6. നന്നായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  7. ഒരുപാട് ഇഷ്ടപ്പെട്ടു ,..

    ReplyDelete