ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 1 April 2016

ഒരു ഇലക്ഷന്‍കാല ഓര്‍മ്മ - (അന്നുകുട്ടന്‍റെ ലോകം - പതിനൊന്ന്)


നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നു. ഞാനിവിടെ എന്‍റെ സ്കൂള്‍പഠനത്തിനിടയിലെ  ഇലക്ഷന്‍കാലഓര്‍മ്മ കുറിക്കുകയാണ്. നടന്ന കാര്യം അതേപടി പറയുന്നു അല്ലെങ്കില്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നതല്ലാതെ ആരെയും കളിയാക്കാനോ കൊച്ചാണോ അല്ല എന്‍റെ ശ്രമം. ഇത് ഇത് പോലെ തന്നെ പറഞ്ഞില്ലെങ്കില്‍ പിന്നെ അതിലെന്താ രസം...? SFI എന്നുള്ളത് SFK എന്നാക്കിയാലും KSU എന്നുള്ളത് PSU എന്നാക്കിയാലും നിങ്ങള്‍ക്ക് കാര്യം മനസ്സിലാകും. അതുകൊണ്ട് SFK എന്നോ PSU എന്നോ മാറ്റുന്നില്ല. ഇതില്‍ പറയുന്ന കാര്യങ്ങളെ ഒരു രാഷ്ട്രീയ വൈരത്തോടെ ആരും കാണരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു. 

തുടങ്ങട്ടോ......?


ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സര്‍ക്കാര്‍ സ്കൂള്‍ ആണ്. ഒഴപ്പ്‌ തകൃതിയായി നടക്കുന്നു. പോരാത്തത്തിനു സ്കൂള്‍ രാഷ്ട്രീയവും. ഞാനാണെങ്കില്‍ 'മുടിഞ്ഞ' SFI യും. ഇലക്ഷന്‍ ടൈം ആയപ്പോള്‍ സംഗതി കേറി അങ്ങ് കൊണ്ടു. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളില്‍ ഇലക്ഷന്‍ ഇല്ല. കൈപൊക്കി തിരഞ്ഞെടുപ്പാണ്. അഞ്ചു മുതല്‍ പത്തുവരെ ക്ലാസ്സുകളിലാണ് സ്കൂള്‍ രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുക. ഓരോ ക്ലാസ്സിലും A,B,C മൂന്നു ഡിവിഷനുകള്‍. ആകെ 18 സ്ഥാനാര്‍ത്ഥികള്‍. ജയിച്ചു വരുന്നവര്‍ ചേര്‍ന്ന് സ്കൂള്‍ ലീഡറെയും സഹലീഡറെയും തിരഞ്ഞെടുക്കും. സഹലീഡര്‍ 'വനിതാ' സംവരണമാണ്. 

KSU വിന്‍റെ സ്കൂള്‍ ലീഡര്‍ സ്ഥാനാര്‍ഥിയായി മുന്നേ പ്രഖ്യാപിക്കപ്പെട്ട ആള്‍ മത്സരിക്കുന്നത് ഞങ്ങളുടെ ക്ലാസ്സില്‍ ആണെന്നുള്ളതായിരുന്നു അത്തവണത്തെ മത്സരത്തിന്‍റെ പ്രത്യേകത. ഞങ്ങളുടെ 9എ ഡിവിഷനില്‍ ഞാന്‍ ഉള്‍പ്പെടെ SFI യുടെ മൂന്നു സജീവ പ്രവര്‍ത്തകരാണ് ഉള്ളത്. ഞങ്ങള്‍ മൂന്നില്‍ ആര് എതിര്‍സ്ഥാനാര്‍ത്ഥി ആയാലും, സ്കൂളില്‍ സര്‍വസമ്മതനും അതിലുപരി തികഞ്ഞ കലാകാരനും നാടക നടനും കുട്ടികളുടെ കണ്ണിലുണ്ണിയുമായ മേല്‍പ്പറഞ്ഞ KSU സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നത് പരസ്യമായ രഹസ്യമായിരുന്നു.

പിന്നെ ഒരു ഗ്ലാമര്‍ പോരാട്ടം നടക്കുന്നതോ 7ബി യില്‍ ആണ്. അവിടെയും KSU വിന്‍റെ സര്‍വ്വസമ്മത സ്ഥാനാര്‍ത്ഥിയാണ് നില്‍ക്കുന്നത്. ബാക്കി പതിനാറിലും പോരാട്ടം ഏകദേശം തുല്ല്യമാണ്.അതായത് KSU വിനു ഉറപ്പായ ഒരു സീറ്റ്‌ പോലുമില്ല. അതുകൊണ്ട് തന്നെ ഞങ്ങളെപോലെ സ്കൂള്‍രാഷ്ടീയകുതുകികളുടെ പ്രത്യേകശ്രദ്ധ 9A യിലേക്കും 7B യിലേക്കും മാത്രമായി. കാരണം അതുരണ്ടും കിട്ടാന്‍ സാധ്യത ഇല്ലാത്ത മുന്തിരിങ്ങ ആയിരുന്നു.

വിഷയം സംബന്ധിച്ച് കമ്മറ്റികളില്‍ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടു. ഒരു ഉപായം ആരാഞ്ഞു 'രാഷ്ട്രീയ പാരമ്പര്യബുദ്ധി ജീവിയായ' എന്നിലേക്ക്‌ മറ്റുള്ളവരുടെ പുരികം ഉയര്‍ത്തപ്പെട്ടത് സ്വാഭാവികം. (ശോ.. എന്‍റെ ഒരു കാര്യം)

വിലപ്പെട്ട രണ്ടു ദിവസങ്ങള്‍ ഞാന്‍ ഇല്ലാത്ത താടിരോമങ്ങള്‍ ചൊറിഞ്ഞു സ്കൂളിനു ചുറ്റും ആലോചിച്ചു നടന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന്റെ തലേന്ന് എന്റെ കഴുകന്‍ കണ്ണുകള്‍ ആ സത്യം കണ്ടു പിടിച്ചു.  രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന ആ സ്കൂളിലെ എണ്ണം പറഞ്ഞ സ്കൂള്‍ബ്യൂട്ടികളായ പെണ്‍കുട്ടികളില്‍ ഒരാള്‍ പഠിക്കുന്നത് ഞങ്ങളുടെ ക്ലാസ്സിലും വേറൊരാള്‍ പഠിക്കുന്നത് 7B യിലും എന്ന പരമ സത്യം ......!!! ആനന്ദലബ്ധിക്കിനിയെന്തു വേണം.

ഞാന്‍ പാഞ്ഞു.......

സവര്‍ണ്ണ ഫാസിസ്റ്റ് വര്‍ഗത്തിന്‍റെ പ്രതിനിധികളായ അദ്ധ്യാപകരാല്‍ പീഡിപ്പിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യപ്പെടുന്ന,  'മണ്ടന്മാര്‍' എന്ന് മേല്‍ത്തട്ടിനാല്‍ നിഷ്ക്കരുണം മുദ്രകുത്തപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യപ്പെടുന്ന എന്നെപോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന  പൊതുവിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി , അത്തരക്കാര്‍ പഠിക്കുന്ന സ്കൂള്‍പരിസരങ്ങളിലെ മനംമടുപ്പിക്കുന്ന പ്രതിക്കൂല സാഹചര്യങ്ങളെ ത്രിണവല്‍ഗണിച്ചുകൊണ്ട്, എന്നാല്‍ അതിന്‍റെ ചുവട്ടില്‍ നിന്നുകൊണ്ട്, കൂലങ്കഷമായ ചിന്താധാരയുടെ അന്തോളനങ്ങളില്‍ നിന്ന് ബെഹിര്‍ഗമിച്ചുണ്ടായ ആശയപ്രഹേളികകള്‍ മറ്റു കുട്ടിസഖാക്കന്മാരുമായി ചര്‍ച്ചചെയ്യുന്നതിനായി സ്കൂളിലെ 'അദ്ധ്വാനവര്‍ഗ'ത്തിന്‍റെ പ്രതിനിധിയും അതിലുപരി ബുക്ക്‌പുസ്തക ചുമട്ടു തൊഴിലാളിയുമായ ഞാന്‍ വെമ്പുന്ന വിപ്ലവ ഹൃദത്തോടെ സ്കൂളിലെ രഹസ്യ പാര്‍ട്ടിമീറ്റിംഗ് കൂടുന്ന കൊങ്ങിണിപടര്‍പ്പിനുള്ളിലേക്ക്പാഞ്ഞെത്തി.

ആ രണ്ടു സ്ഥാനാര്‍ഥികള്‍ക്കുമെതിരെ രണ്ടു ക്ലാസ്സിലെയും സ്കൂള്‍ബ്യൂട്ടികളെ നിര്‍ത്താം. ഞാന്‍ 'പൊതുമിനിമം പരിപാടി' അവതരിപ്പിച്ചു.
പൊതുവേ സൗന്ദര്യാരാധകരായ ആണ്‍കുട്ടികളുടെ മുഴുവന്‍ വോട്ട്....  പിന്നെ ടി സ്ഥാനാര്‍ഥികളുടെ അടുത്ത കൂട്ടുകാരികളുടെയും വോട്ട്....  സഖാക്കളെ ... ചിലപ്പോള്‍ അതൊരു സാധ്യത അല്ലെ...?


'കൊങ്ങിണി പ്ലീനം' എന്നെ നോക്കി, മൂക്കത്ത് വിരല്‍ വച്ചു.

സഖാവ് അന്നൂസോ സഖാവ് ഷാജിയോ സഖാവ് രാജേന്ദ്രനോ നില്‍ക്കണം... തോറ്റാലും അതല്ലേ വേണ്ടത്...?

'ഏതായാലും ആ രണ്ടു സീറ്റ്‌ നമുക്ക് കിട്ടില്ല. എന്നാല്‍ പിന്നെ ഇങ്ങനൊരു പരീക്ഷണം ആയിക്കൂടെ..?' എന്നായി ഞാന്‍.
 

ചില്ലറ പൈസ പിരിവിട്ട് പാര്‍ട്ടിയുടെ ട്രേഡ്മാര്‍ക്കായ കട്ടന്‍ചായയും പരുപ്പുവടയും വരുത്തി ആക്രാന്തത്തോടെ ചെലുത്തിക്കൊണ്ട് ചിന്തിച്ചു.
ഒടുവില്‍ എന്‍റെ ആ നിര്‍ദേശം 'കൊങ്ങിണിനഗര്‍' കമ്മറ്റിയില്‍ പാസ്സാക്കപ്പെട്ടു. 

ഇരുവരെയും കൊണ്ട് സമ്മതിപ്പിക്കുന്ന ചുമതല സഖാവ് അന്നൂസ്സിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തില്‍ നിഷിപ്തമായി. ഞങ്ങളുടെ ക്ലാസ്സിലെ സൗന്ദര്യധാമമായ യമുനയെയും 7B അപ്സരസ്സായ ഷൈനിയെയും കണ്ടു സംസാരിച്ചു പാട്ടിലാക്കി നാമനിര്‍ദേശപത്രിക കൊടുപ്പിക്കുന്നതില്‍ വിജയം കണ്ടു. 

കുതന്ത്രത്തിന്‍റെ നയതന്ത്ര വിജയം.

പൊതുവേ ആരോടും മിണ്ടുന്ന പ്രകൃതമല്ലാത്ത യമുന ഒരു നിബന്ധന അപ്പോള്‍തന്നെ ഞങ്ങള്‍ക്ക് മുന്‍പില്‍ വച്ചു. ഞാന്‍ ആരോടും വോട്ട് ചോദിക്കില്ല. എനിക്ക് നാണമാ... അതൊക്കെ നിങ്ങള്‍ നോക്കിക്കോണം....(വിപ്ലവപാര്‍ട്ടിയിലേക്ക് നാണത്തോടെ കടന്നു വന്ന ആദ്യ വനിത)

ആ ഡിമാന്റ് ഞങ്ങള്‍ സമ്മതിച്ചു. സ്ഥാനാര്‍ഥി ആയ ശേഷം പറഞ്ഞു മാറ്റിയെടുക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. ഷൈനി ആണെങ്കില്‍ എന്തിനും തയ്യാറായി ആദ്യ ദിനം മുതല്‍ തന്നെ വര്‍ക്ക്‌ തുടങ്ങി. യമുനയ്ക്ക് വേണ്ടി ഞങ്ങളും. ഈ രണ്ടു സ്ഥാനാര്‍ഥികളുടെയും പ്രഖ്യാപനം കഴിഞ്ഞപ്പോള്‍ ഞെട്ടിയത് KSU വിന്‍റെ 'സര്‍വ്വസമ്മത'സ്ഥാനാര്‍ഥികളും കൂട്ടാളികളുമാണ്. അപ്രതീക്ഷിതമായിരുന്നു ഇങ്ങനൊരു നീക്കം.
മിക്കവാറും അന്നൂസ്സായിരിക്കും എതിര്‍സ്ഥാനാര്‍ഥി.... ആ ഊച്ചാളി ആണെങ്കില്‍ കെട്ടിവച്ച കാശ് പോലും തിരികെ കിട്ടില്ല എന്ന് പറഞ്ഞു കളിയാക്കി നടന്നവന്മാര്‍ക്ക് മുന്‍പിലേക്ക് തൊട്ടാല്‍ പൊട്ടുന്ന 'കതിര്‍മണി' പോലുള്ള രണ്ടു പെണ്മണികളെ പ്രതിഷ്ഠിച്ചുകൊണ്ട് ഞങ്ങള്‍ ആകാശത്തോളം ഉയരത്തില്‍ കുഞ്ഞുമുഷ്ടികള്‍ ഉയര്‍ത്തി, തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ചു.
"ഈങ്കിലാബ് സിന്ദാബാദ്..."

പിന്നൊരു അങ്കമായിരുന്നു, ഇലക്ഷന്‍റെ തലേന്ന് വരെ...! 
ഷൈനി നന്നായി വര്‍ക്ക്‌ ചെയ്യുന്നതുകണ്ട് ഞങ്ങള്‍ ആശ്വസിച്ചു. 8A യിലെ സഖാവ് സുധീറും, 5 A യിലെ കുട്ടിക്കുറുമ്പന്‍ നന്ദുവും,10C യിലെ ഷമീറും ഒക്കെ ഞങ്ങള്‍ക്ക് പൂര്‍ണ വിജയപ്രതീക്ഷ ഉള്ള സ്ഥാനാര്‍ഥികള്‍ ആയിരുന്നു. യമുനയാകട്ടെ പറഞ്ഞതിനപ്പുറം വന്നില്ല. ആരോടും വോട്ട് ചോദിച്ചില്ല. അവള്‍ക്കു വേണ്ടി വര്‍ക്ക്‌ മുഴുവന്‍ ഞങ്ങള്‍ മൂവരും കൂടി ചെയ്തു.
 

പതിനെട്ടു ക്ലാസ്സുകളിലും അമ്പരപ്പിക്കുന്ന പോരാട്ടം ഉറപ്പാക്കികൊണ്ട് അത്തവണത്തെ തിരഞ്ഞെടുപ്പ് ഞങ്ങള്‍ ഉത്സവമാക്കി മാറ്റി. നെയിം സ്ലിപ്പുകലുമായി (മുതലാളി പാര്‍ട്ടി) KSU സ്ഥാനാര്‍ത്ഥികള്‍ ഓടിനടന്നു ആവേശം വിതറിയപ്പോള്‍, സൗമ്യമായ ആശയപ്രചരണം ആയിരുന്നു ഞങ്ങളുടെ രീതി. കാശില്ലാത്തവന്‍ പിന്നെ എന്തോന്ന് ചെയ്യാന്‍.

എന്തായാലും ഇലക്ഷന്‍ ഭംഗിയായി നടന്നു.

വോട്ട് എണ്ണല്‍ ആരംഭിച്ചു.
 

ആദ്യ ഫലം 8A യില്‍ നിന്നായിരുന്നു. "SFI സ്ഥാനാര്‍ത്ഥി സുധീര്‍ M A പതിമൂന്നു വോട്ടുകള്‍ക്ക് വിജയിച്ചിരിക്കുന്നു."
 

എങ്ങും ആവേശം തിരതല്ലി.

മത്സരഫലങ്ങള്‍ ഓരോന്നായി വന്നു കൊണ്ടിരുന്നു.  7B യില്‍ നിന്ന് ഷൈനി അബ്രഹാം 2 വോട്ടുകള്‍ക്ക് വിജയിച്ചിരിക്കുന്നു എന്ന ത്രസിപ്പിക്കുന്ന പ്രഖ്യാപനം വന്നപ്പോള്‍ ഞങ്ങള്‍ മതിമറന്ന് അപ്പോള്‍ ചിട്ടപ്പെടുത്തിയ 'കമ്മ്യുണിസ്റ്റ്നൃത്തം' ചെയ്തു. 

എല്ലാവരും ഓടിയെത്തി എന്നെ അഭിനന്ദിക്കുകയും കൈപിടിച്ചു കുലുക്കുകയും ചെയ്തു. മതിയാകാഞ്ഞ്,  മൂക്കിനടുത്തെക്ക് മൂക്ക് കൊണ്ട് വന്നു കണ്ണുകള്‍ ചുവപ്പിച്ചു, പൊടിമീശകള്‍ വിറപ്പിച്ച്, കലിപ്പോടെ പരസ്പ്പരം നോക്കി 'ഈങ്കിലാബ് സിന്ദാബാദ്' എന്ന് അത്യുച്ചത്തില്‍ അലറുകയും ചെയ്തു.

ആ അലര്‍ച്ചയില്‍ USSR ഉം ചൈനയും യുഗോസ്ലാവിയയുമെല്ലാം അന്തംവിട്ടു പരസ്പ്പരം നോക്കി......!
കാള്‍മാര്‍ക്സും എംഗല്‍സ്സും അത്ഭുതപരതന്ത്രരായി വീണ്ടും വീണ്ടും കണ്ണുചിമ്മി....!
'സഖാക്കളെ....എന്താ അവിടെ...?' ചെഗുവേരയ്ക്ക് ചോദിക്കാതിരിക്കാനായില്ല..!
വോള്‍ഗ നദിയിലെയും ഹ്വാംഗ്ഹെ നദിയിലെയും കുഞ്ഞോളങ്ങള്‍ പതിവിലും ചുവന്നു തുടുത്ത് ഒഴുകാന്‍ തുടങ്ങി.
എന്തിനു, പെരിസ്ട്രോയിക്കയും ഗ്ലാസ്നസ്റ്റും ഗോര്‍ബച്ചേവും വരെ വിറകൊണ്ടു..!


നിമിഷങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
 

ഞങ്ങളുടെ ക്ലാസ്സിലേക്ക് ബാലറ്റ്പെട്ടിയുമായി ക്ലാസ് ടീച്ചര്‍ എത്തി. എണ്ണല്‍ ആരംഭിച്ചു. കുറെ നേരത്തെ നെഞ്ചിടിപ്പിന്‌ ശേഷം ആ ഫലവും വന്നു. 5 വോട്ടുകള്‍ക്ക് യമുന തോറ്റിരിക്കുന്നു. 

ഒരു മൂന്നു പേര്‍ മറിഞ്ഞിരുന്നെങ്കില്‍.........
 

'യമുന ഇറങ്ങി വോട്ട് ചോദിച്ചിരുന്നെങ്കില്‍ പുഷ്പ്പം പോലെ ജയിച്ചേനെ..........' സഖാവ് രാജേന്ദ്രന്‍ ആ നിരാശ എന്‍റെ ചെവിയില്‍ കലിപ്പോടെ പറഞ്ഞു.

മൊത്തം ഫലം വന്നു. രണ്ടു കൂട്ടര്‍ക്കും ഒന്‍പതു വീതം.
വീണ്ടും സംഗതി ത്രിശങ്കുവിലായി.... അതില്‍ തുല്യം വന്നാല്‍ ടോസ്. പിന്നെ ഭാഗ്യത്തിലായിരിക്കും കാര്യങ്ങള്‍.
ഇനിയും ടെന്‍ഷന്‍ അടിക്കാതെ വയ്യ.....
ഉച്ചകഴിഞ്ഞാണ് സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്.
 

ഭക്ഷണം പോലും കഴിക്കാതെ ഞങ്ങള്‍ സ്കൂള്‍ലീഡര്‍ തിരഞ്ഞെടുപ്പിനായി ഓടി നടന്നു. ഞങ്ങളുടെ വിജയിച്ച ഒന്‍പതു പേരെയും ഞങ്ങള്‍ മീറ്റിങ്ങിനു വിളിച്ചു. മീറ്റിങ്ങിനു എത്തിയതാകട്ടെ എട്ടു പേര്‍.
ഞങ്ങള്‍ ഞെട്ടി.
ആരാണ് കുറവ്...?
കണ്ടെത്തി. ഷൈനി അബ്രഹാം...!!!


തിരഞ്ഞു പോയി അവളെ നേരിട്ട് കണ്ടു.
'എന്താണ് മീറ്റിങ്ങിനു വരാത്തത്....?'
'ഞാന്‍ KSU വിനാണ് വോട്ട് ചെയ്യുന്നത്...' അവള്‍ നിഷ്കളങ്കമായി പറഞ്ഞത് കേട്ട് ഞങ്ങള്‍ ഞെട്ടി.
'അതെന്നാ മറ്റേടത്തെ....' പൊതുവേ ദേഷ്യക്കാരനായ സഖാവ് ഷാജി ഒച്ചയെടുത്തു.
'പപ്പാ സമ്മതിക്കില്ല.. പപ്പാ ഉച്ചയ്ക്ക് സ്കൂളില്‍ വന്നിരുന്നു. ഞങ്ങള്‍ പണ്ട് മുതലേ കോണ്ഗ്രസ്സുകാരാണ്..'
'ഞങ്ങളല്ലേ നിര്‍ത്തിയത്...? ഞങ്ങളല്ലേ ജയിപ്പിച്ചത്...? ഷൈനി തോല്‍പ്പിച്ചത് KSU ക്കാരനെയല്ലേ....?' ഞങ്ങള്‍ അവളോട്‌ കെഞ്ചി എന്ന് വേണം പറയാന്‍.
'എനിക്കൊന്നുമറിയില്ല... പപ്പയോടു പറ.....' അവള്‍ നിഷ്കരുണം കൈയ്യൊഴിഞ്ഞു വിടവാങ്ങി.


എട്ടിനെതിരെ പത്തുവോട്ടുകള്‍ക്ക് സ്കൂള്‍ലീഡറെയും സഹലീഡറെയും അവര്‍ സ്വന്തമാക്കി ഞങ്ങള്‍ക്ക് നേരെ നോക്കി കൊഞ്ഞനം കുത്തി.
ഇനി അഥവാ ഷൈനി ജയിച്ചാല്‍ ഇങ്ങനൊരു കളി കളിക്കാം എന്നവര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നൊക്കെ പിന്നീടാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
 

പറഞ്ഞിട്ടെന്താ കാര്യം. ചത്ത കൊച്ചിന്റെ ജാതകം വായിച്ചിട്ട് കാര്യമില്ലല്ലോ.
എല്ലാവരും എന്നെ നന്നായി കുറ്റപ്പെടുത്തി. യമുന കൂടി ജയിക്കാഞ്ഞത് നന്നായി എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കാരണം അവളുടെതും ഒരു കോണ്ഗ്രസ് ഫാമിലി ആയിരുന്നു എന്നത് തന്നെ കാര്യം. എല്ലാ അഭിപ്രായശരങ്ങളുടെയും മുള്‍മുന എന്നിലേക്ക്‌ വന്നു പതിച്ചു.
 

നേരും നെറിയും വിട്ടു വിജയത്തിലേറിയ എതിര്‍പാര്‍ട്ടിക്കാരും, ചെറിയൊരു പിഴവില്‍ എന്നെ കൈവിട്ട സ്വന്തം പാര്‍ട്ടിക്കാരും എന്നെ ഒന്നുപോലെ വേദനിപ്പിച്ചു. ഞാന്‍ നിരാശയുടെ പടുകുഴിയിലേക്ക് നിപതിച്ചു. എന്‍റെ ആത്മാര്‍ഥതയും വിപ്ലവവീര്യവും ചോര്‍ന്നു.
 

ആദര്‍ശം കൈക്കുമ്പിളില്‍ കൊണ്ട് നടന്ന എന്‍റെ കൊച്ചു മനസ്സ് അന്ന് വേദനിച്ചത്‌ ഒരുപാടാണ്‌. പിന്നീട് പത്താം ക്ലാസ്സിലും ഏഴുവര്‍ഷത്തെ കോളേജ് ജീവിതത്തിലും അതിനു ശേഷവും ഒരിക്കല്‍ പോലും ഞാന്‍ രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. എല്ലാം കരയ്ക്കിരുന്നു കാണുന്നു. പ്രോത്സാഹിപ്പിക്കുന്നു.
അത്രമാത്രം









 (ഇലക്ഷന്‍ സമയമല്ലേ. ഇത് വായിച്ചിട്ട് ആര്‍ക്കെങ്കിലും എന്നെ തെറി വിളിക്കണം എന്ന് തോന്നിയാല്‍ annusones@gmail.com എന്ന മെയില്‍ ID യിലേക്ക് മാത്രം എഴുതുക. ഇവിടെ പബ്ലിക്ക് ആയി ഒന്നും എഴുതരുതേ.... )

30 comments:

  1. അത് സ്കൂള്‍ ഇലക്ഷനിലെ കഥ, ഇപ്പോള്‍ മറ്റ് ഇലക്ഷനുകളിലും പയറ്റുന്നത് ഇതേ തന്ത്രം തന്നെ.തിരുമേനിമാരും ജാതി നേതാക്കളും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നു. പോസ്റ്ററോട്ടിക്കുന്നവനും ഇങ്ക്വിലാബ് വിളിക്കുന്നവനും പുറത്തു തന്നെ.

    ReplyDelete
    Replies
    1. കാലമെത്ര മാറിയാലും കഥയ്ക്ക്‌ ഒരു മാറ്റവുമില്ല. ആശംസകള്‍ അറിയിക്കട്ടെ

      Delete
  2. basheer kavungal1 April 2016 at 08:28

    ആ സ്കൂള്‍ കാലഘട്ടത്തിന്റെ ഒരു ചിത്രം വളരെ ഭംഗിയായി വരച്ചു കാണിച്ചു .ഒരു വേള ഞാനും നിങ്ങളുടെ സ്കൂളില്‍ എത്തിയപോലെ .ഒരു ഇന്ത്യക്കാരന്‍ എന്നാ നിലയില്‍ ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയം ഉണ്ടാവും .എനിക്കൊരു രാഷ്ട്രീയവും ഇല്ല എന്ന് പറയുന്നവരെയാണ് സൂക്ഷിക്കേണ്ടത് അവര്‍ക്ക് പുറത്തു പറയാന്‍ കഴിയാത്ത ഇരുട്ടിന്റെ രാഷ്ട്രീയമായിരിക്കും .

    ReplyDelete
    Replies
    1. എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്... എന്നാല്‍ നിലവിലെ സാഹചരങ്ങളില്‍ പലരും അസംതൃപ്തരാണ്.... എന്തായാലും വരവിനും അഭിപ്രായത്തിനും നന്ദി.

      Delete
  3. രാഷ്ട്രിയത്തിലും പയറ്റി തെളിഞ്ഞതാണല്ലേ

    ReplyDelete
    Replies
    1. തെളിഞ്ഞില്ല... അതിനു മുന്‍പേ ഊതി കെടുത്തി. അതോണ്ട് കഞ്ഞി കുടിച്ചു ജീവിക്കുന്നു. ഹഹ.... ആശംസകള്‍ ട്ടാ

      Delete
  4. അന്നും ഇന്നും ഒരേ തന്ത്രം.............ഒരു മാറ്റവുമില്ലാതെ തുടരുന്നു

    ReplyDelete
    Replies
    1. അതെയതെ..... വരവിനും അഭിപ്രായത്തിനും നന്ദി.

      Delete
  5. അന്തം വിട്ടു കണ്ണുതള്ളി നില്ക്കുന്ന കാൾ മാക്സിനെ എനിക്ക് പെരുത്തിഷ്ടപ്പെട്ടു ...

    ReplyDelete
    Replies
    1. പാവം മാര്‍ക്സ് അല്ലെ.... വരവിനും അഭിപ്രായത്തിനും നന്ദി.

      Delete
  6. കറതീർന്ന രാഷ്ട്രീയ പ്രവർത്തനത്തിനിടെ കിട്ടിയ കയ്പാർന്ന അനുഭവം ല്ലേ . ന്നാലും പെൺകൊച്ചുങ്ങള് ഇങ്ങനേം പറ്റിക്കാമോ!

    ReplyDelete
    Replies
    1. വല്ലപ്പോഴും അവളെ കാണാറുണ്ട്. ചമഞ്ഞൊരുങ്ങി പോണത് കാണുമ്പോള്‍ ഒരു തൊഴി കൊടുക്കാന്‍ തോന്നും.......ഹഹ്ഹ - വരവിനും അഭിപ്രായത്തിനും നന്ദിട്ടാ...

      Delete
  7. തന്ത്രം മെനഞ്ഞതില്‍ അല്പം പാളിപ്പോയി.അല്ലെങ്കില്‍ ആരാകുമായിരുന്നു!
    രസകരമായി അവതരിപ്പിച്ചു.
    നമുക്കിനിയും പുതുതന്ത്രങ്ങളും,കുതന്ത്രങ്ങളും,കുതികാല്‌‌വെട്ടും, കാലുമാറലുകളും കണ്ടുംകേട്ടും വായിച്ചും കൊണ്ടിരിക്കാം.....
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ .... കണ്ടും കേട്ടും രസിക്കാം.... വരവിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി.

      Delete
  8. ആരും,ഇപ്പോഴും കാലുവാരാം........ഇപ്പോഴും ഇതേ തന്ത്രങ്ങൾ തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത്.

    ReplyDelete
    Replies
    1. അതെ.... വരവിനും അഭിപ്രായത്തിനും നന്ദി പ്രിയ ഉനൈസ്.

      Delete
  9. രസകരമായ ഒരനുഭവം ഞങ്ങളോട് പങ്കു വെച്ചതിനു നന്ദി. സഖാവേ, ഇത്ര ചെറുപ്പത്തിലേ വിലയേറിയ ഒരു രാഷ്ട്രീയ പാഠം പഠിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായിട്ട് വേണം കരുതാൻ :)
    ഞാൻ പഠിച്ച ഒരു പാഠം ഇവിടെ രേഖപ്പെടുത്തുന്നു.
    അഞ്ചിലും ആറിലും പുരുഷാധിപത്യം അനുഭവിച്ച എന്റെ ക്ലാസിലെ സ്ത്രീപ്രജകൾ ഏഴിൽ ഒരു തീരുമാനം എടുത്തു. അവർ പതിനേഴു പേർക്ക് ഒരു വനിതാ സ്ഥാനാർഥി. ബാക്കി ഇരുപത്തി ഏഴു ആമ്പിള്ളേരുടെ ഇടയിൽ നിന്ന് ശക്തരായ മറ്റു രണ്ടു സ്ഥാനാർത്ഥികളും. പ്രചരണം തകർത്തു. ദീർഘിപ്പിക്കുന്നില്ല. നമ്മടെ വനിതാ നേതാവ് നാല് വോട്ട് നേടി മൂന്നാം സ്ഥാനത്ത് എത്തി! കഥ കലാഷ്!

    ReplyDelete
    Replies
    1. ഹഹ പകരം വച്ച പാഠം ഇഷ്ടായി... വരവിനും അഭിപ്രായത്തിനും നന്ദി.

      Delete
  10. നന്നേ ചെറുതായിരുന്ന സഖാവ്‌ അന്നൂസടക്കമുള്ള ത്രിഗുണന്മാരുടെ മനസ്സിനെ തകർത്ത്‌ കളഞ്ഞ കുത്തകമുതലാളിപ്പാർട്ടിക്കാരിലെ പ്രതിലോമശക്തികൾ വളരെ ശക്തമായിരുന്നു എന്ന് വേണം കരുതാൻ.

    ReplyDelete
    Replies
    1. അതി ശക്തമായിരുന്നു എന്ന് വേണം പറയാന്‍. അത് ഗണിക്കുന്നതില്‍ പരാചയപ്പെട്ടു.. വരവിനും അഭിപ്രായത്തിനും നന്ദി പ്രിയ മുന്തോട്.

      Delete
  11. നന്നായി അവതരിപ്പിച്ചു അന്നുസേ ...ഒരുവേള ഞാനും election ചൂടിലായി പോയി..എന്നാലും സഖാവേ ...ആവേശം കൈവിടണ്ട കേട്ടോ ... ഞാനും ഒരു സഖാവ് ആണ് ...പക്ഷെ കരക്കിരുന്നു വീക്ഷിക്കുന്നു എന്ന് മാത്രം .

    ReplyDelete
    Replies
    1. സഖാക്കളൊന്നും ഇങ്ങിനെ കരക്കിരുന്നു വീക്ഷിക്കരുത്.കളത്തിലിറങ്ങി പ്രവർത്തിക്കണം.

      Delete
    2. ശരി സഖാകളെ........പക്ഷെ ഇന്ന് ഞാന്‍ ഒരു സഖാവാണോ എന്നൊരു സംശയം....

      Delete
    3. മനസ്സിൽ എവിടെയോ ഒരു സഖാവിൻറെ രോദനം കേൽക്കുന്നുണ്ടോ ...?

      Delete
  12. മനോഹരമായി അവതരിപ്പിച്ച ഒരു തെരഞ്ഞെടുപ്പു ചരിതം. ആസൂത്രണം ചെയ്യുന്നതൊക്കെ ഭംഗിയായി എഴുതി. അവസാനത്തെ ആ ഖണ്ഡിക മാത്രം വേണ്ടായിരുന്നു.

    ഇത്രയും കുശാഗ്ര ബുദ്ധിയും രാഷ്ട്രീയ നാടകത്തിൽ അഗ്രഗണ്യനുമായ അന്നൂസിനെ കിട്ടാതെ പോയത് നാടിനു ഒരു നഷ്ട്ടം തന്നെയാണ്. അന്ന് വിട്ടു പോയില്ലായിരുന്നെങ്കിൽ ഇന്ന് പിണറായി ഇരിക്കുന്ന കസേരയിൽ ചിലപ്പോൾ കണ്ടേനെ അന്നൂസിനെ. നമ്മുടെ നിർഭാഗ്യം. ( അതോ ഭാഗ്യമോ).

    ഏതായാലും ഇത്രയും ഒരു കൊച്ചു കാര്യത്തിനു രാഷ്ട്രീയത്തെ മുഴുവൻ ഒഴിവാക്കിയത് ഒട്ടും ശരിയായില്ല. സമയം ഒന്നും കഴിഞ്ഞു പോയിട്ടില്ല. വീണ്ടും ഒന്നേ എന്ന് തുടങ്ങാം.

    ReplyDelete
    Replies
    1. ശോ.. ഈ ബിപിന്‍ ചേട്ടന്‍ പറഞ്ഞുപറഞ്ഞു എന്നെ പിന്നെയും രാഷ്ട്രീയത്തില്‍ ഇറക്കുമെന്നാ തോന്നുന്നത്....

      Delete
  13. അപ്പോൾ പണ്ടത്തെ നേതാവായിരുന്നു അല്ലേ

    ReplyDelete
    Replies
    1. ഹഹ അതെ ...വരവിനും പ്രോത്സാഹനത്തിനും ആശംസകള്‍...

      Delete
  14. ഹ ഹ ഹ നന്നായിട്ടുണ്ട്.ഇത് വായിച്ചപ്പോ പണ്ട് ഞാൻ കോളേജ് യൂണിയനിൽ Mടf സ്ഥാനാർത്ഥി ആയി നിന്ന് മത്സരിച്ച് ജയിച്ചപ്പോൾ ഓർക്കാപ്പുറത്ത് അടി കിട്ടിയ SFI കാർ എന്നെ ഒരു നിമിഷത്തിന് സഖാവാക്കി മുദ്രാവാക്യം വിളിച്ചതും അബദ്ധം മനസ്സിലാക്കിയപ്പോൾ മുങ്ങിയ സംഭവവും ആണ് ഓർമ്മ വന്നത്.

    ReplyDelete
    Replies
    1. വരവിനും അഭിപ്രായത്തിനും നന്ദി.

      Delete