ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 12 June 2015

നാട്ടുക്കൂട്ടത്തിന്റെ തടവുകാരന്‍ (അന്നുക്കുട്ടന്റെ ലോകം-ആറ് )

അനുഭവക്കുറിപ്പ് - 6    

     ഞാനന്ന്‍ കവലയിലേക്കെത്തുമ്പോള്‍ ഏഴ് മണി കഴിഞ്ഞു കാണും. നന്നേ ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. ഒളിമങ്ങി തീരാന്‍ തുടങ്ങുന്ന ചാരനിറമാര്‍ന്ന വലിയ ആകാശത്തിനു കീഴെ ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ കറുത്ത് ഭീകരരൂപം കൈകൊണ്ടു നിന്നു. റോഡരുകില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്ട്രീറ്റ് ലൈറ്റില്‍ നിന്നുള്ള മഞ്ഞ വെളിച്ചത്തില്‍ കവലയുടെ ഇരു പുറവും ചേലൊത്ത്,മഞ്ഞ നിറഞ്ഞ് കാണപ്പെട്ടു. ചെറിയാച്ചന്റെ മുറുക്കാന്‍ കടയുടെ മുന്‍പില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു എന്റെ സുഹൃത്തുക്കള്‍.
വൈകുന്നേരമായാല്‍ സാധാരണഗതിയില്‍ ഒരുത്തനേം കണി കാണാന്‍ കിട്ടുന്നതല്ല. അമ്പതു രൂപ ഷെയര്‍ ഇട്ടു ഒരെണ്ണം വാങ്ങി അടിച്ചു ക്ലബ്ബിലിരുന്നു ചീട്ടോ ക്യാരംസോ കളിക്കാറാനു പതിവ്. ഇവന്മാര്‍ക്കിന്നെന്തുപറ്റി...?
ന്താടാ...ഇന്നങ്കമൊന്നുമില്ലേ....? കടുപ്പത്തിലൊരു ചായ ലക്ഷ്യമാക്കി ധൃതിയില്‍ കോഫീ ബാറിലേക്ക് കയറുന്നതിനിടയില്‍ ഞാന്‍ ബോബിയോടായി ചോദിച്ചു.
ദോണ്ടെ അവിടൊരുത്തന്‍ നില്‍ക്കുന്നു...
എവിടെ...? ഞാന്‍ അശ്രദ്ധമായി തിരക്കി. സൂഷ്മതയോടെ ക്ലബ്ബിന്റെ പരിസരത്തേക്കു നോക്കി, ബോബി കൈകള്‍ ചൂണ്ടി.
ആരാടാ അത്...എന്താ പ്രശ്നം.... ചായകുടി അല്‍പ്പനേരത്തേക്ക് മറന്നു ഞാനും സുഹൃത്തുക്കളുടെ വട്ടത്തിലേക്ക് കയറി. എല്ലാവരുടെയും മുഖത്തെ നേരിയ ഭയം കലര്‍ന്ന ആകാംഷ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്.
ആരാണെന്നറിയില്ല...കുറെ നേരമായി അവിടെ ഇരുട്ടില്‍ പതുങ്ങി നില്‍ക്കുന്നു.....കൈയ്യിലൊരു പെട്ടിയുമുണ്ട്...ബോംബാനോന്നറിയില്ല...  ബോംബെന്ന് പറയുമ്പോള്‍ ബോബിയുടെ മുഖത്ത് തമാശ നിറയുന്നത് കണ്ടു.
      വഴിയോരത്ത് നില്‍ക്കുന്ന പഞ്ഞിമരത്തിന്റെ ചുവട്ടിലേക്ക്‌ നീങ്ങി നിന്ന് ഞാന്‍ അയാളെ കണ്ണ് കൂര്‍പ്പിച്ചു വീക്ഷിച്ചു. ഇരുളില്‍ അവ്യക്തമായി നിന്ന അയ്യാളുടെ രൂപം പെട്ടെന്ന് വന്ന ഏതോ ഒരു വാഹനത്തിന്റെ വെട്ടത്തില്‍ എനിക്ക് ഏകദേശം വ്യക്തമായി. ചുവന്ന ബനിയനും വെളുത്ത പാന്റ്സുമായിരുന്നു വേഷം. പാന്റ്സിന്റെ അടിഭാഗം മടക്കി മുട്ടിനടുത്തുവരെ വച്ചിരുന്നു. നിലത്ത് വച്ച കറുത്ത ബാഗിനരുകിലായി, അലസമായി അയാള്‍ നില്‍ക്കുകയായിരുന്നു അപ്പോള്‍.
വല്ല വഴിപോക്കനും ആയിരിക്കും..... തിരിച്ചു വന്നു കോഫി ബാറിലേക്ക് കയറുന്നതിനിടയില്‍ ഞാന്‍ എല്ലാവരോടുമായി പറഞ്ഞു.
      കടുപ്പത്തിലൊന്ന്  ഓര്‍ഡര്‍ ചെയ്തെങ്കിലും, കിട്ടിയ മീഡിയം ചായ മൊത്തിക്കുടിച്ചു പകുതിയായപ്പോള്‍ പുറത്ത് ബഹളങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. കുടിച്ചെന്നു വരുത്തി ഗ്ലാസ് മേശയില്‍ അടിച്ചു പരത്തി പുറത്തു ചാടിയപ്പോള്‍ ഒരു ജാഥ ധൃതിയില്‍ പുറപ്പെട്ടു വരുന്നത് കണ്ടു. അയ്യാളെ ഇരുകൈകളിലും പിടിച്ചു കവലയിലെ സ്ട്രീറ്റ് ലൈറ്റിനു കീഴിലേക്ക് ബലമായി കൊണ്ടുവരുന്ന കാഴ്ച്ചയായിരുന്നു അത്. അകമ്പടിയായി കുറഞ്ഞത്‌ ഒരു പത്തിരുപത്തിയഞ്ച് പേരെങ്കിലും ഉണ്ടാകും. കറുത്ത വലിയ ബാഗ് സ്വന്തം ശരീരത്തില്‍ നിന്നകത്തി പിടിച്ചു കൊണ്ട് മുന്‍പില്‍ ഒരാള്‍ ആദ്യം ഓടിവന്ന്‍ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ ശ്രദ്ധയോടെ വച്ച്, അതില്‍ ബോംബാണെന്ന നിഗമനത്തില്‍ അത് പൊട്ടുന്നതിനു മുന്‍പേ ഓടി മാറുന്നത് കണ്ടു...! പിന്നീട് അപരിചിതനേയും സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ കൊണ്ടുവന്നുനിര്‍ത്തി എല്ലാവരും തെല്ലു പിന്നോട്ട് മാറി നിന്ന്‍ അടക്കം പറഞ്ഞുതുടങ്ങി.
ഇനി എന്ത്.... എന്ന സംശയത്തില്‍ ആളുകള്‍ പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി നില്‍ക്കുന്നതിനിടയില്‍ ഞാനും ആകാംഷയാല്‍ അയാള്‍ക്കരുകിലേക്കെത്തി.
നല്ല വെളുത്ത നിറമായിരുന്നു അയാള്‍ക്ക്‌. നന്നായി മുടി വെട്ടി ഒതുക്കിയിരുന്നു. മുഖത്തെ കുറ്റിത്താടിക്ക് ഒരാഴ്ചത്തെ പഴക്കം തോന്നിപ്പിച്ചു. മുഖത്ത് നിറഞ്ഞു നിന്നിരുന്ന കുഴിക്കുത്തുകള്‍ അയാള്‍ക്ക് ആകെ ഒരു പരുക്കന്‍ ഭാവം നല്‍കി. മൈക്കില്‍ ജാക്സന്റെ പടം പ്രിന്റ്‌ ചെയ്ത കഴുത്തയഞ്ഞു തൂങ്ങിയ ചുവന്ന ബനിയന്‍ വിയര്‍പ്പില്‍ നനഞ്ഞ് ശരീരത്തോട് ഒട്ടിതുടങ്ങിയിരുന്നു. നാട്ടുക്കൂട്ടത്തിന്റെ മുന്‍പില്‍ വിചാരണാ തടവുകാരനെ പോലെ നില്‍ക്കുന്ന അയാളുടെ മുഖത്ത് നേരിയ അങ്കലാപ്പ് ഉള്ളത് പോലെ എനിക്ക് തോന്നാതിരുന്നില്ല.
      പതുക്കെ കവലയിലെ പ്രമാണിമാരെല്ലാം പൊലീസുകാരുടെ സ്വഭാവം കടം കൊണ്ട് പതുക്കെ അയാള്‍ക്കരികിലെക്കെത്തി.
നീ എവിടുന്നാ.... ചോദ്യം ചോദിച്ചയാളെ നിര്‍വികാരതയോടെ ഒന്ന് നോക്കിയതല്ലാതെ ‘നാട്ടുക്കൂട്ടത്തിന്റെ തടവുകാരന്‍’ ഒന്നും പറഞ്ഞില്ല.
ചോദിച്ചത് കേട്ടില്ലേ....നീ എവിടുന്നാ...?
എന്താടാ ബാഗില്‍....? ബോംബാണോ...?
നീ എങ്ങോട്ട് പോവ്വാ...?
ഇവിടെ എന്താവശ്യത്തിനു വന്നതാ....?
നിന്റെ വായില്‍ നാക്കില്ലേ...?
അയാള്‍ ഒന്നും മിണ്ടിയതേയില്ല. ചോദ്യ ശരങ്ങളുമായി മുന്നിലെത്തിയവരെ നിസഹായതയോടെ മാറി മാറി നോക്കി നിന്നതേയുള്ളൂ.
മാറ്...ഇങ്ങനൊന്നും ചോദിച്ചാല്‍ അവന്‍ ഒന്നും പറയില്ല ഞാന്‍ ചോദിക്കാം... കേഡര്‍ പാര്‍ട്ടിക്ക് വേണ്ടി തല്ലാന്‍ നടക്കുന്ന അഞ്ചടി ഒരിഞ്ചു നീളമുള്ള ചെറിയ ഗുണ്ട കാര്യങ്ങളുടെ കടിഞ്ഞാണ് ഏറ്റെടുത്തു.
നിന്റെ പേരെന്താടാ....?
പേരില്ലേടാ...? അയാളുടെ തിളക്കം നഷ്ട്ടപ്പെട്ട കണ്ണുകളിലേക്കു നോക്കി ചെറിയ ഗുണ്ട രണ്ടു നിമിഷം കാത്തു.
പറയെടാ മൈ@##..... പടക്കം പൊട്ടുന്നപോലെ മുഖമടച്ച് ഒരടിയായിരുന്നു പിന്നീട്. അയാള്‍ തന്നിലേല്‍പ്പിക്കപ്പെട്ട നടുക്കത്തിന്റെ ആഴങ്ങളിലൂടെ കുറേനേരം സഞ്ചരിച്ച് പൊടുന്നനെ അതില്‍ നിന്നുണര്‍ന്ന്‍ ഗുണ്ടയുടെ കണ്ണിലേക്കു പകച്ച്‌ നോക്കി എന്ത് ചെയ്യണമെന്നറിയാതെ നിന്നു. മങ്ങിപ്പോയ കാഴ്ച നേരാംവണ്ണം തിരികെ കൊണ്ടുവരാന്‍ ചെറുതായി തല കുടഞ്ഞ്‌ ഇടയ്ക്കിടെ കണ്ണുകള്‍ ഇറുക്കി അടച്ചു തുറക്കുന്നത് കണ്ടു. പൊക്കമില്ലാത്ത ഗുണ്ടയ്ക്ക് സഹായിയായി പൊക്കമുള്ള ഒരു അലവലാതി കൂടി സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു തുടങ്ങി.
എന്താ ഈ ബാഗില്‍...? ബോംബാണോ...? നീ ഞങ്ങളെ കൊല്ലാന്‍ വന്നതാണോടാ...? അവന്റെ വക തൊഴിയായിരുന്നു അടുത്തത്. തടയാനോ ഒഴിഞ്ഞു മാറാനോ അയാള്‍ ശ്രമിച്ചില്ല. വേദനയുടെ കാഠിന്യം മൂലം നാഭി അമര്ത്തിപിടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
വല്ല അസുഖവും ഉള്ള ആളായിരികും. തല്ലുകയോന്നും വേണ്ട..... ഞാന്‍ മടിച്ചു നില്‍ക്കാതെ ഇടപെട്ടു.
ഇവനൊക്കെ വല്ല തീവ്രവാദിയും ആയിരിക്കും.... പൊക്കമില്ലാത്ത ഗുണ്ട എന്നോട് തട്ടിക്കയറി. അയാളെ തല്ലുന്നത് കണ്ടു കോള്‍മയിര്‍ കൊണ്ടു നിന്ന ഒരാളും എന്റെ ഭാഗം ചേരാനുണ്ടായില്ല. നാട്ടുകാരുടെ എതിര്‍പ്പിനെ ഭയന്ന് ഞാന്‍ തെല്ലു സംയമനം പാലിച്ചു.
നമുക്ക് പോലീസ്സില്‍ അറിയിക്കാം..അതാ നല്ലത്... ഒരടികൂടി പൊട്ടിയപ്പോള്‍ അറിയാതെ ഞാന്‍ വീണ്ടും ഇടപെട്ടു. കണ്ണിചോരയില്ലാത്ത എന്റെ നാട്ടുകാരെക്കാള്‍ നല്ലത് പോലീസ്സുകാരായിരിക്കും എന്നെനിക്കു തോന്നി തുടങ്ങിയിരുന്നു.
എന്തിന്...ഇവന്റെ കാര്യം ഇപ്പൊ ശരിയാക്കി തരാം...... ചെറിയ ഗുണ്ടയെയും വലിയ ഗുണ്ടയും കടത്തി വെട്ടി വേറൊരു വിവരദോഷി കൈയ്യിലൊരു കയറുമായി വന്ന്‍ അയാളെ സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ നിര്‍ദയം പിടിച്ചു കെട്ടി.
എന്താടാ ഈ ബാഗില്‍......? പറയെടാ....  അടി തുടങ്ങുകയായിരുന്നു. ഒന്ന്‍... രണ്ട്... മൂന്ന്....
മറുപടിയായി അയാള്‍ സംസാരിക്കാന്‍ ശ്രമിക്കാതെ അവരോടു ഇല്ലാത്ത പരിചയഭാവം കാട്ടി ചിരിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ഹൃദയം നുറുങ്ങി....
നില്ക്ക്...ബാഗിലെന്താണെന്നു നോക്കിയാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.... ഞാന്‍ മുന്നിട്ടിറങ്ങി,ബാഗിനരുകില്‍ എത്തി. ബോംബാണോന്നറിയണം.അതാണല്ലോ പ്രധാന പ്രശ്നം.
വേണ്ട....പൊട്ടുനതെന്തെന്കിലുമാണെങ്കില്.......  ആളുകള്‍ പതുക്കെ പിന്നോട്ട് മാറി തുടങ്ങി.
ആവശ്യമില്ലാത്ത പണിക്കു പോകണ്ട കേട്ടോ.....  പ്രായമുള്ള ആരോ മുന്നറിയിപ്പ് തന്നു. ഞാന്‍ മുന്നറിയിപ്പുകളെ അവഗണിച്ചു ബാഗിനരുകില്‍ ഇരുന്നു. എന്തായാലും അയാള്‍ ഒരു മനുഷ്യ ജീവിയല്ലേ...? അയാളെ എന്റെ കണ്മുന്നിലിട്ടു തല്ലുന്നത് എനിക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല. അയാളുടെ നിസഹായമായ മുഖം ആദ്യ കാഴ്ചയില്‍ തന്നെ എന്റെ കരളലിയിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പക്ഷെ അയാള്‍ തെറ്റൊന്നും ചെയ്യാത്ത ആളാണെങ്കില്‍ എന്‍റെ മനസ്സിന് ഇതൊരു വലിയ വേദനയായി തീരും. ദൈന്യതയാര്‍ന്ന ആ മുഖം എന്റെ മനസ്സില്‍ നിന്ന് കുടിയൊഴിഞ്ഞു പോകണമെങ്കില്‍ ഒരുമാസമെങ്കിലും എടുക്കും എന്നത് എനിക്കുറപ്പായിരുന്നു.
      ഞാന്‍ ബാഗ് തുറക്കുമ്പോള്‍ അയാള്‍ കണ്ണിമയ്ക്കാതെ എന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. നേരിയ ചങ്കിടിപ്പോടെയാണ് ഞാന്‍ ബാഗ് തുറന്നത്. എന്നാല്‍ ഏവരെയും നിരാശപ്പെടുത്തികൊണ്ട് ഒരു പഴയ പാന്റ്സ്, പഴയ രണ്ടു ഷര്‍ട്ടുകള്‍, ഒഴിഞ്ഞ ഒരു പാക്കറ്റ് സിഗരറ്റ് കവര്‍, ക്യാപ് ഇല്ലാത്ത ഒരു ബോള്‍പോയിന്‍റ് പേന ഇത്രയും മാത്രമാണ് അയാളുടെ ബാഗില്‍ ഉണ്ടായിരുന്നത്. ഞാനത് മലര്‍ക്കെ തുറന്ന് കാണിനെടാ പട്ടികളെ എന്ന മട്ടില്‍ എന്റെ നാട്ടുകാരുടെ മുന്‍പില്‍ മലര്‍ത്തി വച്ചുകൊടുത്തു.
നാട്ടുകാര്‍ക്ക് അതൊരു തോല്‍വിയായി തോന്നി എന്നതാണ് സത്യം. അയാളെ പൂശാനുള്ള നല്ലോരവസരമല്ലേ ഞാനില്ലാതാക്കിയത്.
എന്നാലും ഇവന്‍ ക്ലബ്ബിനടുത്തു പതുങ്ങി നിന്നതെന്തിനാണെന്നു അറിയണമല്ലോ..... എന്നായി ബേബിച്ചേട്ടന്‍ എന്ന് പേരുള്ള വേറൊരു കുരുത്തംകെട്ടവന്‍. അതുവരെ മിണ്ടാതെ നില്‍ക്കുകയായിരുന്നു,അങ്ങേര്. അത് കേള്‍ക്കേണ്ട താമസം നേരത്തെ കൈയും കാലും എടുത്തവരൊക്കെ വീണ്ടും അയാള്‍ക്കരികിലേക്കു നീങ്ങി.
എന്തിനാടാ ക്ലബ്ബിനടുത്ത് പമ്മി നിന്നത്...? നീ കള്ളനാണോടാ...?
ഇനി ഇവനെങ്ങാനുമാണോ കഴിഞ്ഞയാഴ്ച ശ്രീധരന്‍ സാറിന്റെ വീട്ടിലെ വീപ്പ മോഷ്ട്ടിച്ചത്.... കീരി അഥവാ ഉടായിപ്പ് അന്തോണിയുടെ വക സംശയം ഉടനെ വന്നു. 'പന്ന നായിന്റെ മോന്‍' ഞാന്‍ അന്തോണിയെ കലിപ്പിച്ചു നോക്കി മനസ്സില്‍ പിറുപിറുത്തു.
എന്തായാലും രണ്ടിലൊന്നറിയാതെ ഇവനെ വിടണ്ട.... എന്റെ നോട്ടത്തിന്റെ അര്‍ത്ഥം ഗ്രഹിച്ചു അന്തോണിയുടെ വക പണി വന്നു.
നീയാണോടാ വീപ്പ എടുത്തത്..... വലിയ ഗുണ്ടയുടെ ചോദ്യത്തിനു പിന്നാലെ ഒരടി ശബ്ദം വീണ്ടും കേട്ടു. കളി വീണ്ടും കാര്യമാകുന്നത് കണ്ടു ഞാന്‍ അങ്കലാപ്പിലായി. കൂടെപടിച്ച പോലീസുകാരന്‍ സുരേഷിനെ പറ്റി പെട്ടെന്നാനെനിക്ക് ഓര്മ വന്നത്. ഞാന്‍ ആരും കാണാതെ അവിടുന്ന് മുങ്ങി ഒരൊഴിഞ്ഞ കോണ് പിടിച്ച് സുരേഷിനെ വിളിച്ചു വിവരങ്ങള്‍ ധരിപ്പിച്ചു. ഒന്നുമറിയാത്ത പോലെ തിരികെ സംഭവസ്ഥലത്തെത്തിയ ഞാന്‍ ആ കാഴ്ച കണ്ട് തരിച്ചു നിന്നു. ചെറിയൊരു ‘ഉരുട്ടല്‍’ നടന്നു കഴിഞ്ഞിരുന്നു.  അയാള്‍ വയറ്റില്‍ അള്ളിപ്പിടിച്ചു നിലത്ത് ചുരുണ്ട് കിടക്കുകയായിരുന്നു. കൈയ്യിലെ കെട്ടുകള്‍ അഴിഞ്ഞു അനാഥമായി കിടക്കുന്നത് കണ്ടു. അയാളുടെ കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി  തടിച്ചു ചീറി നിന്നു. വായ ഇരുവശത്തേക്കും വിടര്‍ത്തി, കണ്ണുകള്‍ ഇറുക്കി അടച്ചു വേദനയെ തുരത്താന്‍ അയാള്‍ വൃഥാ ശ്രമിക്കുകയാണെന്നു തോന്നി. കുറെ നേരം കഴിഞ്ഞപ്പോള്‍ അയാള്‍ സ്ട്രീറ്റ് ലൈറ്റിന്റെ ചുവട്ടില്‍ പൊന്തി,തല കാലുകള്‍ക്കിടയില്‍ അമര്‍ത്തി കുന്തിച്ചിരുന്നു. എല്ലാവരും തെല്ലു മാറി, അയാളുടെ മരണവേദന കണ്ടു രസിക്കാന്‍ പാകത്തില്‍ ഊഹിച്ചോരോന്നു പറഞ്ഞു കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു.
      പതിനഞ്ചു മിനുറ്റെടുത്തു കാണും. പോലീസ് ജീപ്പ് പാഞ്ഞെത്തി,ആളുകള്‍ കൂടി നിന്നിടത്ത്‌ ബ്രേക്ക്‌ ഇട്ടു നിന്നു. മൂന്നുനാലു പോലീസ്സുകാര്‍ കവലയില്‍ കാല്‍ വച്ചപ്പോള്‍ തന്നെ ചെറിയ ഗുണ്ടയും വലിയ ഗുണ്ടയും മറ്റു സദാചാര പോലീസ്സുകാരും പൊടുന്നനെ അപ്രത്യക്ഷരായി. സുരേഷ്പോലീസിനെ കൂട്ടത്തില്‍ കാണാത്തതു മൂലം ഞാന്‍ അങ്ങോട്ടടുക്കാതെ തെല്ലു മാറി നിന്ന് കാര്യങ്ങള്‍ വീക്ഷിച്ചു.
     പോലീസ്സുകാര്‍ അയാളെ ഉയര്‍ത്തി ഒരു വിധത്തില്‍ നേരെ നിര്‍ത്തി. പേര് ചോദിച്ചു. മറ്റു വിവരങ്ങള്‍ ചോദിച്ചു. നിന്നെ ഇവിടാരെങ്കിലും തല്ലിയോ എന്ന് ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി അയാള്‍ ദൂരെയ്ക്ക് നോക്കി നിന്നതേയുള്ളൂ. ഇടയ്ക്ക് ആരോ സിഗരട്ട് വലിക്കുന്നത് കണ്ട് അയാള്‍ ഇരു വിരലുകളും ചേര്ത്തുയര്‍ത്തി ഒരു പോലീസുകാരന് നേരെ ആംഗ്യം കാട്ടി. അപ്പോള്‍ ആ വിരലുകള്‍ ആശ്രയമറ്റതു പോലെ ഭയചകിതമായി അന്തരീക്ഷത്തില്‍ നിന്ന് വിറച്ചു കൊണ്ടിരുന്നു. പോലീസ്സുകാര്‍ക്കിടയില്‍ സുരക്ഷിതനായി നിന്ന്, അവരിലൊരാള്‍ വാങ്ങി കൊടുത്ത സിഗരറ്റു വലിച്ച് അയാള്‍ ആശ്വാസത്തോടെ പുകയൂതി നില്‍ക്കുന്നത് കണ്ടപ്പോള്‍ ഏറെ ആശ്വസിച്ചത് ഞാനാണ്. ദുര്‍ബലമായ എന്റെ മനസ്സാണ്.
     ഒരു പോലീസ്സുകാരന്‍ അയാളുടെ ബാഗ് എടുത്തു തുറന്നു പരിശോധിച്ച് ജീപ്പില്‍ വച്ചു. മറ്റൊരു പോലീസ്സുകാരന്‍ കൈകളില്‍ താങ്ങി അയാളെയും കയറ്റി പോകാന്‍ തയ്യാറായി. ജീപ്പകന്നു പോകുമ്പോള്‍ ഭാരമൊഴിഞ്ഞു ഞാന്‍ ദീര്‍ഘനിശ്വാസം വിട്ടു. എന്നാലും ഉള്ളിലുള്ള നീറ്റലിനെ ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല അത്.
     പിറ്റേന്ന് ഉച്ചതിരിച്ചു ബസ്‌സ്റ്റാന്റില്‍ നില്‍ക്കുമ്പോള്‍ പുറകില്‍ നിന്ന് കനത്ത ശബ്ദത്തിലുള്ള വിളി കേട്ടാണ് ഞെട്ടി തിരിഞ്ഞത്. സുരേഷ് പോലീസാണ്. എന്താ ഇവിടെ എന്ന ചോദ്യത്തിനു മറുപടിയായി അവന്‍ എന്നെ കളിയായി തല്ലാനോങ്ങി.
ഓ ഒന്നുമറിയാത്ത പോലെ.....തിരോന്തോരത്തിനു പോകുവാ.... നീ വച്ച് തന്ന പണിയല്ലേടാ...മരമാക്രീ....   അവന്‍ എന്നെ ചേര്‍ത്ത് പിടിച്ചു.
ഞാനോ...? എനിക്കൊന്നും മനസ്സിലായില്ല..... ഞാന്‍ വാപൊളിച്ചു.
ദേ നോക്ക് ഇന്നലെ നിന്റെ കവലയില്‍ നിന്നും കസ്റ്റടിയില്‍ എടുത്ത ആളാ ആ ഇരിക്കുന്നത്.... തിരുവനന്തപുരത്തിനുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ നേരെ സുരേഷ് കൈവിരല്‍ ചൂണ്ടി. ബസ്സിന്റെ സൈഡ്സീറ്റില്‍ ആകുലതയേതുമില്ലാതെയിരിക്കുന്ന ‘നാട്ടുക്കൂട്ടത്തിന്റെ തടവുകാരനെ’ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടു.
ഒരാഴ്ച മുന്‍പ് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടി പോന്ന കക്ഷിയാ.....ചെറിയ തോതില്‍ അസുഖമുണ്ട്...പോരാത്തതിന് കാതും കേള്‍ക്കില്ല, ഊമയുമാണ്.....വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ കഷ്ട്ടം തോന്നി....?
എങ്ങനെ ഇത്ര പെട്ടെന്ന് ഡീറ്റയില്‍സ് തപ്പിയെടുത്തു....? ഞാന്‍ വീണ്ടും അത്ഭുതം കൂറി.
അതാണെടാ കേരളാ പൊലീസ്..... സുരേഷ് അര്‍ഹിക്കുന്ന ജാഢയോടെ, അഭിമാനത്തോടെ എന്നെ നോക്കി....
നീ തക്കസമയത്ത് ഇടപെട്ടത് കൊണ്ടാണ് ആ മിണ്ടാപ്രാണി ജീവനോടെ ഇരിക്കുന്നത്...നന്ദി..... ഞാന്‍ അവനെ അഭിനന്ദിച്ചു.
ഇട്സ് ഔര്‍ ഡ്യുട്ടി ഡാ...... ഇയാളെ തിരികെ ഊളംപാറയില്‍ എത്തിക്കണം.... അതും കൂടി ഡ്യുട്ടിയില്‍ പെടും.... സുരേഷ് ചെറുതായി ചിരിച്ചു.
      ബസ്‌ നീട്ടി ഹോണടിച്ചു കുലുങ്ങി സ്ടാര്ട്ടായി ഒരു മൂളക്കത്തോടെ പോകാന്‍ തയാറായി. പിന്നെക്കാണാം എന്ന് പറഞ്ഞു സുരേഷ് ബസ്സിന്റെ ഡോര്‍ ലക്ഷ്യമാക്കി മറുവശത്തേക്ക് നടന്നു. ഞാന്‍ തെല്ലു മടിയോടെ  ബസ്സിനരുകില്‍ എത്തി അയാളുടെ ഉയര്‍ത്തി വച്ച കയ്യില്‍ ചെറുതായി സ്പര്‍ശിച്ചു. അയാള്‍ എന്നെ ഒരപരിചിതനെ പോലെ നോക്കി അല്‍പ്പനേരം വെറുതെയിരുന്നു. ബസ്‌ മുന്നോട്ടെടുത്തപ്പോള്‍ പെട്ടെന്നെന്തോ ഓര്‍മ്മ വന്നപോലെ അയാള്‍ എനിക്ക് നേരെ കൈകള്‍ നീട്ടി. ആ കൈവിരലുകളില്‍ ഞാന്‍ സ്പര്‍ശിക്കും മുന്‍പേതന്നെ ബസ്‌ മുന്നോട്ടു നീങ്ങിയിരുന്നു. എനിക്ക് നേരെ നീണ്ടിരുന്ന, അകന്നു പോയ്കൊണ്ടിരുന്ന അയാളുടെ കൈവിരലുകള്‍ അപ്പോഴും ഭയചകിതമായി വിറയ്ക്കുന്നത് പോലെ തോന്നി. ഞാന്‍ അറിയാതെ അയാള്‍ക്ക്‌ നേരെ കൈകള്‍ വീശി,യാത്ര പറഞ്ഞു.............
__________________________________________________________________________________________
2015 ജൂണില്‍  e-മഷി യുടെ ലക്കം 2-ല്‍ ഇതേ പേരില്‍ വന്ന അനുഭവക്കുറിപ്പ്. പ്രിയ വായനക്കാര്‍ക്കും e-മഷി ടീമിനും ഹൃദ്യമായ ആശംസകള്‍ നേരട്ടെ...!
e-മഷിയിലേക്കുള്ള ലിങ്ക് -
http://emashi.blogspot.in/2015/06/blog-post.html

34 comments:

  1. പതുക്കെ കവലയിലെ പ്രമാണിമാരെല്ലാം പൊലീസുകാരുടെ സ്വഭാവം കടം കൊണ്ട് പതുക്കെ അയാള്‍ക്കരികിലെക്കെത്തി

    അതാണ് നമ്മൾ.ഇത്തരം കാര്യങ്ങളിൽ എല്ലാവരും പോലീസ് ആകും.ഒരു അപകടം പറ്റി കിടക്കുന്നവനെ ആശുപത്രിയിൽ എത്തിക്കാൻ മിക്കവരും ഒന്ന് മടിക്കും

    ReplyDelete
    Replies
    1. ആദ്യ വരവിനും പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ, പ്രിയ ഷാഹിദ്

      Delete
  2. ശ്ശോ... ഭ്രാന്തനെങ്കില്‍ ഭ്രാന്തന്‍. വഴീല്‍ ഒരാളിനെ ഇങ്ങനെ വളഞ്ഞിട്ട് തല്ലീട്ട് കാലമെത്രയായി. കൈകള്‍ തരിക്കുന്നു. ഞാനവിടെ ഇല്ലാണ്ടായിപ്പോയല്ലോ. സദാചാരപ്പോലീസ് ആകുക എത്ര സുഖമാണെന്നോ :(

    (അതിരിക്കട്ടെ, കടുപ്പത്തില്‍ ചായ കുടിക്കാന്‍ കേറീട്ട് മീഡിയം ചായ കൊണ്ട് തൃപ്തിപ്പെട്ടത് ഒട്ടും ശരിയായില്ല)

    ReplyDelete
    Replies
    1. കടുപ്പത്തില്‍ പറഞ്ഞാല്‍ മീഡിയം തരും- മീഡിയം പറഞ്ഞാല്‍ ലൈറ്റ് തരും- അതാ നമ്മുടെ നാടന്‍ കോഫീ ബാര്‍...ഹഹഹഹ

      Delete
  3. സദാചാര ഗുണ്ടായിസം ഇങ്ങിനെയൊക്കെയാണ്. അതിനിടയിൽ മനുഷ്യത്വത്തിന്റെ ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് ആരും ചെവികൊടുക്കുന്നില്ല - നന്നായി അവതരിപ്പിച്ചു

    ReplyDelete
    Replies
    1. ആശംസകള്‍ തിരികെ പ്രിയ പ്രദീപ്‌ ഭായ്...!

      Delete
  4. നിസ്സഹായരായവരുടെ അടുത്ത് മാത്രമാണ് ഇത്രയും വിക്രീയകള്‍ കാണിക്കാന്‍ കഴിയൂ. സമൂഹത്തിലെ വലിയ വലിയ കള്ളന്മാര്‍ക്കെതിരെ ശബ്ദിക്കാന്‍ പോലും ഇത്തരം കൂട്ടങ്ങളെ കാണാത്തത് എന്തുകൊണ്ടാണാവോ?

    ReplyDelete
    Replies
    1. നിറസാന്നിധ്യത്തിന് നന്ദിയും സ്നേഹവും തിരികെ >>!

      Delete
  5. പാവം! ഊളമ്പാറയില്‍നിന്ന് സദാചാരകവലയില്‍ വന്നുപ്പെട്ടത് കഷ്ടമായിപ്പോയി..
    സുബോധമുണ്ടെന്ന് നടിക്കുന്നവരുടെ വിക്രിയകള്‍ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. എപ്പോഴും ഒപ്പമുള്ള പ്രോത്സാഹനത്തിനു സ്നേഹം തിരികെ

      Delete
  6. സംശയം ഒരു രോഗവും സദാചാരപോലീസ് നാടിന് ആപതുമാണ്.നന്നായി അവതരിപ്പിച്ചു .ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം പ്രിയ ഹബീബ് ഭായ്...! ആശംസകള്‍ തിരിച്ചും..

      Delete
  7. ഒരുത്തന്‍റെ നേരെ നോക്കാന്‍ ധൈര്യമില്ലാത്തവനൊക്കെ സദാചാര പോലീസ് ആയാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

    ReplyDelete
    Replies
    1. പ്രിയ വെട്ടത്താന്‍ ജി ,എന്റെ ക്ഷോഭത്തില്‍ പങ്കു ചേര്‍ന്നതിനു സ്നേഹം തിരിച്ചും.

      Delete
  8. നിയമം കയ്യിലെടുക്കുന്നതിന്റെയും അന്യനെ ദ്രോഹിയ്ക്കുന്നതിന്റെ സുഖം ആസ്വദിയ്ക്കുന്നതിന്റെയും കഥ നന്നായി എഴുതി.

    കഥ പറച്ചിലുകാരൻ, ഇത്രയും കൂട്ടുകാർ ഒപ്പമുണ്ടായിരുന്നിട്ടും അയാളെ രക്ഷിയ്ക്കാൻ ആദ്യമേ ശ്രമിയ്ക്കാത്തത് എന്താണെന്ന് വ്യക്തമായില്ല. ഒന്നുകിൽ അയാളും ആസ്വദിയ്ക്കുന്നു അല്ലെങ്കിൽ അയാൾക്ക് അവിടെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു എന്ന് വിശദീകരിക്കേണ്ടി ഇരുന്നു.

    ഒരു കഥയുടെ രീതിയേക്കാൾ ഒരു പറഞ്ഞു പോക്ക് എന്നത് പോലെ ആയി. അതിൽ നിന്നും ഒരു കഥയുടെ രൂപത്തിൽ എത്തിയ്ക്കാൻ അത്ര വലിയ പ്രയാസം ഒന്നുമില്ല. ഒന്ന് മിനുക്കി പറച്ചിലിന്റെ രീതി ചിലയിടങ്ങളിൽ മാറ്റി... അങ്ങിനെ.

    ഏതായാലും നന്നായി. നമ്മുടെ സമൂഹത്തിന്റെ മനസ്സ് കാട്ടി തന്നു.

    ReplyDelete
    Replies
    1. പ്രിയ ബിബിന്‍ ചേട്ടാ വരവിനും പ്രോത്സാഹനത്തിനും ആദ്യമേ നന്ദി അറിയിക്കട്ടെ. 'അന്നുക്കുട്ടന്റെ ലോകത്തില്‍' ഞാന്‍ എഴുതുന്നതെല്ലാം നടന്ന സംഭവങ്ങളാണ്. എന്റെ ഓര്മ കുറിപ്പുകളാണ്. ടൈറ്റിലില്‍ ഇനി ഓര്‍മ്മക്കുറിപ്പ് എന്ന് കൂടി കൊടുക്കാം. ആശംസകള്‍ തിരിച്ചും

      Delete
  9. പാവം ആ മനുഷ്യൻ അടിയെല്ലാം കൊണ്ടിട്ടും അനങ്ങാതിരുന്നു. കഷ്ടമായിപ്പോയി. പോലീസ് ചമഞ്ഞവർ കാര്യം അറിയാതെ അയാളെ ഉപദ്രവിച്ചപ്പോൾ യഥാർത്ഥ പോലീസ് അയാളെ രക്ഷപെടുത്തി. ഇതു നടന്ന കാര്യാണല്ലേ?

    ReplyDelete
    Replies
    1. നടന്ന സംഭവമാണ്- പ്രോത്സാഹനത്തിനു ആശംസകള്‍ പ്രിയ GeeOm

      Delete
  10. സദാചാര പോലീസിലകപ്പെട്ടാൽ ഇതൊക്കെ തന്നെയാണ് സംഭവിക്കുക

    ReplyDelete
    Replies
    1. തുടരുന്ന പ്രോത്സഹന്തിനു നന്ദി-സ്നേഹം പ്രിയ ബിലാത്തി ഭായ്

      Delete
  11. താനൊഴിച്ചു ബാക്കിയെല്ലാവരും കുറ്റവാളികൾ.......ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചപ്പോള്‍ അങ്ങനെ തോന്നിയെങ്കില്‍ ഞാനും കുറ്റവാളി തന്നെ.... പക്ഷെ മനസ്സു കൊണ്ട് ഞാന്‍ കരുണയുള്ളവനാണ് എന്നതാണ് സത്യം. ആശംസകള്‍ തിരിച്ചും പ്രിയ MAT

      Delete
  12. മനസ്സിൽ തട്ടും വിധം അവതരിപ്പിച്ചു. ആശംസകൾ.

    ReplyDelete
    Replies
    1. ആശംസകള്‍ തിരിച്ചും പ്രിയ ജുവല്‍

      Delete
  13. Replies
    1. എനിക്കും അങ്ങനായിരുന്നു... ആശംസകൾ തിരികെ പ്രിയ വൈശാഖ്

      Delete
  14. എന്തോ... മനസ്സില്‍ ആ രംഗം തെളിഞ്ഞു...

    ReplyDelete
    Replies
    1. ആശംസകൾ തിരികെ പ്രിയ വായനക്കാരന്...!

      Delete
  15. ഒരാൾ പന്തിയല്ലാതെ നില്‍ക്കുന്ന കണ്ടാല്‍ ചോദിക്കുക ...ആവശ്യമായ കാര്യമാണ് .... നാലാള് കൂടുമ്പോള്‍ കാണിക്കുന്ന ഊളത്തരം അവന്‍റെ ഉള്ളിലെ ധൈര്യയില്ലായ്മയാണ് കാണിക്കുന്നത് .... ഭായ് താങ്കളുടെ ഇടപെടൽ അനുയോജ്യമായി.... നല്ല ഇടപെടലിനും എഴുത്തിനും ആശംസകൾ.....

    ReplyDelete
    Replies
    1. ഏറെ ഏറെ സന്തോഷം പ്രിയ കുട്ടത്ത് ഭായി. വീണ്ടും വീണ്ടും വരിക

      Delete
  16. touching story and touching words!! :(

    ReplyDelete
  17. ഇ മഷിയിൽ വായിച്ചിരുന്നു. എഫ് ബി യിൽ കമന്റി. അതാണിവിടെ കമന്റ് കാണാത്തത്. :) അന്നെന്താ കമന്റിയെ എന്ന് മറന്നു പോയി
    ;) Good story

    ReplyDelete
    Replies
    1. സന്തോഷം;സന്തോഷം;സന്തോഷം;

      Delete