ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Wednesday 2 July 2014

സ്വീറ്റ് ഹാര്‍ട്ട് (കഥ)



അവള്‍ എനിക്ക് മുന്നില്‍ തല കുമ്പിട്ടിരുന്നു. അവളുടെ വിയര്‍പ്പ് പൊടിഞ്ഞ കൈവിരലുകള്‍ക്കുള്ളില്‍ അസ്വസ്ഥതയോടെ മൊബൈല്‍ ഫോണ്‍ വെറുതെ വട്ടം കറങ്ങി. കടലിന്റെ ഇരമ്പമായിരുന്നു, ഞങ്ങള്‍ക്കിടയിലും, മനസിലും....
ഈ സിമന്‍റ് ബഞ്ചില്‍ ഒന്നു ചേര്‍ന്ന്‍ കടലിലേക്ക് നോക്കിയിരുന്ന ഒരുപാട് ദിനങ്ങളുടെ ഓര്‍മ്മകള്‍ മനസില്‍ മിന്നിയകലുകയായിരുന്നു. ആ ഓര്‍ത്തെടുക്കലുകള്‍ എനിക്കും അവള്‍ക്കും പെട്ടെന്ന്‍ അപരിചിതങ്ങളായത് പോലെ അനുഭവപ്പെട്ടു......
അന്നൊന്നും ആകാശത്ത് ഇത്രയധികം കാക്കകള്‍  വട്ടമിട്ടു പറന്നിരുന്നില്ല.....
തിരകള്‍ക്ക് ഭയാനകമായ ഊറ്റമോ, മേഘങ്ങള്‍ക്ക് ഇത്രയധികം കറുപ്പോ തിരകള്‍ക്ക് ഉപ്പും മീനുളുമ്പും കലര്‍ന്ന നാറ്റമോ ഉണ്ടായിരുന്നില്ല......
പിന്നെയോ.............
ഇളം നീല നിറമുള്ള കടലോ, സൂര്യന്റെ മഞ്ഞ വൃത്തം നിറഞ്ഞ്, തുടുത്ത് നില്‍ക്കുന്ന ചുമന്ന ചക്രവാളമോ, സുഗന്ധപൂരിതമായ ഇളം കടല്‍ക്കാറ്റോ, ആഹ്ലാദത്തോടെ വന്നുപോകുന്ന പ്രണയജോഡികളോ ഒക്കെയാവും  അന്നൊക്കെ കൂട്ടിനുണ്ടാവുക....
പലതും ഓര്‍ത്തെടുക്കുവാനുള്ള പരിശ്രമം കടലിന്റെ ഇരമ്പലില്‍ തുടരെ അവസാനിച്ചുകൊണ്ടിരുന്നു.
എട്ടു വര്‍ഷത്തെ തീവ്ര പ്രണയത്തിനൊടുവില്‍ ഓര്‍ത്തു വയ്ക്കുവാന്‍ എന്തുണ്ട്....? ചിന്തകള്‍ വഴിമാറി ലാഭാനഷ്ടങ്ങളിലെത്തി നിന്നു.
ഒരുമിച്ചിരുന്നു കണ്ട മധുരമുള്ള കിനാവുകള്‍...........
പൂവിതളിന്റെ നൈര്‍മല്ല്യമുള്ളതോ കണീരിന്റെ നനവുള്ളതോ ആയ പുഞ്ചിരികള്‍........
പരസ്പ്പരം കൈമാറിയ ഹൃദയമുറങ്ങുന്ന എഴുത്തുകള്‍...........
മൊബൈലുകള്‍ സ്വന്തമായ ശേഷമുള്ള നീണ്ട വിളികള്‍, മെസ്സേജുകള്‍...........
മനപ്പൂര്‍വം രണ്ടു തവണ സംഭവിച്ച ലൈംഗിക ബന്ധങ്ങള്‍...........
ഒക്കെ തീര്‍പ്പാക്കി അവള്‍ പിരിഞ്ഞു പോകുകയാണ്, ഏകപക്ഷീയമായി.
ഇനിയിപ്പോള്‍ പ്രണയനഷ്ടങ്ങളുടെ കണക്കുകളിലേക്ക് പോകാന്‍ ഒരുപാട് സമയം ബാക്കി.......
സ്വപ്നങ്ങള്‍......പുഞ്ചിരികള്‍.......എഴുത്തുകള്‍.......നീണ്ട ഫോണ്‍വിളികള്‍.....മെസ്സേജുകള്‍.........രണ്ടു തവണത്തെ ലൈംഗിക ബന്ധങ്ങള്‍........
അവസാനം പറഞ്ഞ കാര്യം തന്നെ പ്രധാന നേട്ടമായി കരുതാം.....അപ്രതീക്ഷിതമായിരുന്നു, ആ രണ്ടനുഭവങ്ങളും......
താനുമായുള്ള ബന്ധത്തെപ്പറ്റി അറിഞ്ഞപ്പോള്‍ സഹോദരന്‍ കവിളില്‍ സമ്മാനിച്ച കരിനീലിച്ച കൈവിരല്‍ പാടുകളുമായാണ് അന്നവള്‍ എന്‍റെ അരുകിലേക്കോടിയെത്തിയത്. സങ്കടത്തേക്കാളധികം എരിഞ്ഞുകത്തുന്ന പകയായിരുന്നു അവളുടെ കണ്ണില്‍. അവള്‍ തന്നെയാണ് മുന്കൈയ്യെടുത്തത്.
ഭോഗിച്ചു തീര്‍ന്നശേഷം സഹോദരനോടുള്ള കലിയടങ്ങി അവള്‍ പുഞ്ചിരിച്ചു.
പിന്നീട് പലതവണ ഞാന്‍ ഒരു തുടര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും അവള്‍ അകന്നു നിന്നു.
ആറു മാസങ്ങള്‍ക്ക് ശേഷം പിതാവിനോടുള്ള ദേഷ്യത്തില്‍ നിന്നായിരുന്നു രണ്ടാമത്തെ അവസരം. എനിക്ക് മുന്‍പില്‍ വിവസ്ത്രയായി നിന്ന്‍ മുതുകില്‍ പതിഞ്ഞ് കിടക്കുന്ന ബെല്‍റ്റിന്റെ രക്തം കിനിയുന്ന വടുക്കള്‍ കാട്ടി അവള്‍ ചീറി.
കണ്ടോ... ജനിപ്പിച്ച തന്തയുടെ വീറ്.......നിന്നെയിനി ഒരിക്കലും കാണരുത് പോലും.....
കുറ്റബോധത്തോടെ പുറം തലോടുമ്പോള്‍ അവള്‍ പിന്തിരിഞ്ഞ് നഗ്നമായ മാറിടം എന്‍റെ മുഖത്തമര്‍ത്തി, വാശിയോടെ നെറുകയില്‍ ചുംബിച്ചു.
പ്രതികാരം വീട്ടി, ആലസ്യത്തോടെ അന്നും അവള്‍ ഗൂഡമായി ചിരിച്ചു.
വിധിവൈപരീത്യം.
ഇന്നവള്‍ പകവീട്ടുന്നതെന്നോടാണ്. അച്ഛനോടും സഹോദരനോടും പകവീട്ടാന്‍ ഒപ്പം നിന്ന തന്നോട്.
എല്ലാവരും വിവാഹത്തിനു നിര്‍ബന്ധിക്കുന്നു.  ചെക്കന്‍ അയര്‍ലണ്ടില്‍ നേഴ്സാണ്. ചുള്ളന്‍. ഇഷ്ട്ടംപോലെ പണം. കൊട്ടും സ്യുട്ടും. വിലകൂടിയ നാല് മൊബൈല്‍ ഒരേസമയം. കാറുകള്‍. കൊച്ചിയില്‍ വില്ല......
അവള്‍ എവിടെയ്ക്കാണ് പോകുന്നതെന്ന് ഊഹിക്കാന്‍ എനിക്ക് നിസാരമായി കഴിഞ്ഞു.
ഇപ്പോ ഒരു വിവാഹത്തിനു പറ്റിയ അവസ്ഥയിലല്ല ഞാന്‍..... നിനക്കറിയാമല്ലോ....നല്ലൊരു ജോബ്‌ ആയിട്ടില്ല...കെട്ടിക്കാന്‍ രണ്ടു പെങ്ങന്മാര്‍.......പ്രാരാബ്ധങ്ങളുടെ നടുവില്‍ നിന്നു കൊണ്ട്........
ഇശ്ചിച്ച പാല്‍ തന്നെ ഞാന്‍ രോഗിക്കു കൊടുത്തു.
അവള്‍ കരഞ്ഞില്ല. കരയാന്‍ പോകുന്നത് പോലെ ഒരുക്കി വയ്ക്കപ്പെട്ട മുഖഭാവം നൊടിയിട കാട്ടി, അവള്‍ ഒരു നോട്ടമെറിഞ്ഞു.   നീണ്ട നിശബ്ദതയ്ക്കിടയില്‍ എന്നില്‍ നിന്നുയര്‍ന്ന നെടുവീര്‍പ്പ് അവസരമാക്കി അവള്‍ പോകാന്‍ എഴുന്നേറ്റു.
‘വിഷ് യു ഓള്‍ ദ ബെസ്റ്റ്........’
തിരകള്‍ക്കുള്ളിലേക്ക് കണ്ണുനട്ട് നിര്‍വികാരതയോടെ ഞാന്‍ പറഞ്ഞു. അലറുന്ന തിരകളും, കറുത്ത കാക്കകളും, ഇരുള്‍ പരന്ന ആകാശവും എന്‍റെ ഹൃദയത്തെ കനമുള്ളതാക്കി.
‘എവിടെയാണെങ്കിലും വിളിക്കാന്‍ ഞാന്‍ മറക്കില്ലെടാ.....കീപ്‌ ഇന്‍ ടച്ച് വിത്ത് മീ...’
ഇനിയതിന്റെ ആവശ്യം...?
ഉണ്ടാകും.
ഭര്‍ത്താവിനോട് ദേഷ്യം തോന്നുമ്പോള്‍ അത് തീര്‍ക്കാന്‍ താനുണ്ടാവണം, അവള്‍ക്കൊപ്പം.........
മണല്‍തരികള്‍ കുഴിഞ്ഞുമാറി അവളുടെ കാലടികള്‍ക്ക് വഴിയൊരുക്കുന്നത് സങ്കല്‍പ്പിച്ച്  ഞാന്‍ സിമിന്‍റ് ബഞ്ചില്‍ ഒട്ടിയിരുന്നു.

18 comments:

  1. നന്നായിടുണ്ട്

    ReplyDelete
  2. 'ഞാന്‍' നിലനില്‍ക്കാത്ത മാറ്റങ്ങള്‍ക്ക് പ്രയാസം തന്നെ അല്ലെ.

    ReplyDelete
  3. അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
    ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!

    പ്രണയവും, വിരഹവും, പ്രതികാരവും, കൂടുതൽ നല്ല ഇടങ്ങളിലേക്ക് പ്രണയത്തെ മാറ്റിപ്രതിഷ്ഠിക്കുന്നതും എല്ലാം കഥയിൽ ഉൾപ്പെടുത്താനുള്ള സ്വാതന്ത്ര്യം കഥാകൃത്തിനുണ്ട്. എന്നാൽ മലയാളകഥ ഇവിടെ നിന്നൊക്കെ ഒരുപാട് വളർന്നിരിക്കുന്നു എന്നു ചിന്തിച്ചുപോയത് എന്റെ വായനയുടെ കുഴപ്പമാവും,

    ReplyDelete
  4. പോനാല്‍ പോകട്ടും പോടാ’ന്ന് ഒരു പാട്ടും പാടി അവന്‍ പോകട്ടെ. അല്ലപിന്നെ.

    ReplyDelete
  5. ഈ ഹൈടെക് യുഗത്തിലെ പ്രണയത്തിന് വലിയ ആഴമൊന്നുമില്ല. പോക്കറ്റ് കാലിയാകുന്നത്ര സമയം മാത്രം. കാമുകിയുടെ സംഘർഷമായ മനസ്സിന് കാത്തിരിക്കുന്ന കാമുകൻ...???
    പ്രണയത്തിന്റെ അർത്ഥം തന്നെ മാറിപ്പോയിരിക്കുന്നു.

    ReplyDelete
  6. കഥയ്ക്കു യോജിക്കാത്ത തലക്കെട്ടുള്ള ഈ കഥ അന്നൂസിന്‍റെ മറ്റു കഥകളുടെ നിലവാരം പുലര്‍ത്താതെ പോയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്....
    രചനയുടെ ശൈലിയെല്ലാം എനിക്കിഷ്ടമായി.
    ആശംസകള്‍

    ReplyDelete
  7. മിനിക്കഥ നന്നായിട്ടുണ്ട് അന്നൂസ്. ആശംസകള്‍.

    ReplyDelete
  8. ഒരു പഴയകാല പ്രേമവിരഹ പ്രതികാര കഥ...

    ReplyDelete
  9. കഥയില്‍ കഥാകൃത്തിന്‍റെ കൈയ്യൊപ്പ് കാണാന്‍ കഴിഞ്ഞില്ല.

    ReplyDelete
  10. പോകുമ്പോള്‍ അഞ്ചാറെണ്ണം കൊടുത്തുവിടാമായിരുന്നു. ഹണിമൂണ്‍ കലക്കിയേനെ.
    കഥ നന്നായിട്ടുണ്ട്.

    ReplyDelete
  11. അന്നൂസ്..കഥ നന്നായിരിക്കുന്നു..പഴയ കാലഘട്ടത്തില്‍ നിന്ന് ചിന്തിക്കണം അല്ലേ...

    ReplyDelete
  12. ക്ഷമിക്കണം, ഒരു 'അന്നുസ് ടച്ച്‌' ഫീൽ ചെയ്തില്ലയോ എന്നൊരു സംശയം!

    ReplyDelete
  13. രതി വെറും പ്രതികാരം എന്ന നിലയിൽ പ്രണയത്തിൽ നിന്ന് അകന്നു പോകുന്നു അത് പലപ്പോഴും സത്യവുമാണ്, അഴകിയ രാവണൻ എന്ന സിനിമയിൽ അത് കണ്ടു ഞാൻ അന്തിച്ചു പോയിരുന്നു അത് കൊണ്ട് ഇവിടെ എനിക്ക് ആസ്വദിക്കുവാൻ കഴിഞ്ഞു. കുറച്ചു ധൃതി തോന്നി മൊത്തത്തിൽ എന്നാലും എഴുത്തിന്റെ വഴിയിൽ ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണു ആശംസകൾ

    ReplyDelete
  14. നല്ല ഭാഷാ പ്രയോഗം, അവതരണം. പ്രമേയം എന്തുകൊണ്ടോ അത്ര തോന്നിയില്ല.
    Best wishes.

    ReplyDelete
  15. എവിടെയോ എന്തൊക്കെയോ തകരാറ്.

    ReplyDelete
  16. കഥ മോശമായില്ല. ഇനിയുമെഴുതുക, ആശംസകള്‍

    ReplyDelete
  17. ആശയം നന്നായിതന്നെ അവതരിപ്പിച്ചു..
    കൊള്ളാം. കഥ ഇഷ്ടമായി.. ആശംസകൾ അന്നൂസ് !

    ReplyDelete