ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 11 November 2013

പ്രവാസികളുടെ അമ്മ (കഥ)

      ത്രേസ്യാമ്മച്ചേടത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നു. ജോസുകുട്ടന്റെ അടക്കു കഴിഞ്ഞ് ജോണിയും മറ്റുള്ളവരും വീട്ടിലേക്കെത്തുമ്പോൾ ആ അമ്മ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർ വീടിന്റെ ഗേറ്റ് വരെ വന്ന്, ജോണിയോടു യാത്ര പറഞ്ഞകന്നു. വാടകയ്ക്കെടുത്ത ഫൈബർ കസേര വലിച്ച് ജോണി അമ്മയ്ക്കഭിമുഖമായി ഇരിക്കുമ്പോൾ ചേട്ടത്തി വിതുമ്പി.അയാൾ അസ്വസ്ഥതയോടെ തലയുടെ പുറകിൽ കൈകൾ പിണച്ചുവച്ച് കസേരയിൽ ചാരുമ്പോൾ, അയാളുടെ കനത്താൽ അതു ഞെരിഞ്ഞമർന്നു.

‘എന്റെ ജോസുമോൻ.....’ ചുക്കി ചുളിഞ്ഞ കൈവിരലുകൾകൊണ്ട് ത്രേസ്യാമ്മച്ചേട്ടത്തി കണ്ണീർ തുടച്ചു. കൈയ്യിലുള്ള ആൻഡ്രോയിഡ് വിരളുകൾക്കുള്ളിൽ വച്ച് വട്ടത്തിൽ കറക്കി, ജോണി അമ്മച്ചിയെ തന്നെ നോക്കിയിരുന്നു. അമ്മച്ചിയെ ആശ്വസിപ്പിക്കേണ്ട കാര്യമുള്ളതായി അയാൾക്ക് തോന്നിയില്ല. അപരിചിതയായ ഒരു സ്ത്രീയെ കാണുന്ന കൗതുകത്തോടെ അയാൾ പെറ്റമ്മയെ വിലയിരുത്തി. വളരെ കാലത്തിനു ശേഷമാണു അമ്മച്ചിയെ കാണുന്നതു തന്നെ..അമ്മച്ചിക്ക് നന്നെ പ്രായം ചെന്നിരിക്കുന്നു. അന്നും ഇന്നും ചട്ടയും മുണ്ടുമാണു വേഷം. മുടിയാകെ നര കയറിയിരിക്കുന്നു. കവിളുകൾ ഒട്ടി,കണ്ണുകൾ കുഴിഞ്ഞ്,നെറ്റിയിൽ വരകൾ വീണു പ്രായാധിക്യം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നതായി ജോണിക്കു തോന്നി. അമ്മച്ചിക്കിനി ഏറിയാൽ രണ്ടു വർഷം,അയാൾ മനസിൽ കണക്കു കൂട്ടി.
‘ഓടിച്ചാടി നടന്നിരുന്ന ചെക്കനാ...ഇത്രപെട്ടെന്ന് അവനെ വിളിക്കുമെന്നു ഞാൻ കരുതിയില്ല...’ ചേട്ടത്തി തേങ്ങിതേങ്ങി കരഞ്ഞു.
‘ഇരുപത്തിയഞ്ചു വയസ്സിനപ്പുറം ജീവിക്കില്ലെന്നു ഡോക്ടർ നേരത്തെതന്നെ പറഞ്ഞിരുന്നതല്ലെ...’ അയാൾ ജോസുകുട്ടന്റെ മരണത്തെ ന്യായീകരിച്ചു.
‘അവനൊരു കുഴപ്പവുമില്ലായിരുന്നെടാ....’
‘ഒക്കെ കഴിഞ്ഞില്ലെ...’ അയാൾ എഴുന്നേറ്റു. ‘എനിക്ക് മറ്റെന്നാൾ തിരിച്ചു പോണം...ഒന്നുരണ്ടു ബ്രോക്കേഴ്സിനെ വൈകിട്ട് കാണാമെന്നു പറഞ്ഞിട്ടുണ്ട്...കൂടാതെ ഫ്ളൈറ്റ് ബുക്ക് ചെയ്യണം... ഒന്നു പുറത്തേക്കിറങ്ങി വരാം.....അമ്മച്ചി കൂടുതലൊന്നും ആലോചിക്കാതെ കിടന്നൊന്നു വിശ്രമിക്ക്....’ കാർ പോർച്ചിലേക്ക് നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞതൊന്നും ചേട്ടത്തി കേട്ടതായി തോന്നിയില്ല.
      രാവിലെ ഏഴുമണിക്കാണു ജോണി ഉണർന്നത്. അടുക്കളയിൽ അങ്ങോട്ടുമിങ്ങോട്ടും വേച്ചു നടന്ന്, വിറയ്ക്കുന്ന കൈകൾകൊണ്ട് ത്രേസ്യമ്മചേട്ടത്തി ഉണ്ടാക്കിയ ബെഡ്കോഫി(കട്ടൻ ചായ) ഊതിക്കുടിച്ചുകൊണ്ടയാൾ പെറ്റമ്മയെ നേരിട്ടു.
‘അമ്മച്ചി ഇരിക്ക് ചിലതു പറയാനുണ്ട്...’അയാൾ കാപ്പി പാതി കുടിച്ച് കപ്പ് റ്റീപ്പോയിൽ വച്ചു. ത്രേസ്യാമ്മച്ചേടത്തി അയാളുടെ കാൽ ചുവട്ടിൽ ഇരുന്നപ്പോൾ അയാൾ ഒരു തലയിണ ഉയർത്തിവച്ച് അതിൽ ചാരി.
‘പൈമ്പനാലച്ചന്റെ പുതിയ അഗതി മന്ദിരം അമ്മച്ചി കണ്ടിട്ടില്ലല്ലൊ...?’ ജോണി ചോദ്യരൂപത്തിൽ അമ്മച്ചിയെ നോക്കി.
‘കണ്ടില്ല ഇതുവരെ...പലരും പറഞ്ഞു കേട്ടിരുന്നു....’
‘എന്തു സൗകര്യമാണെന്നോ അവിടെ...ശരിക്കും ഹോമിലി അറ്റ്മോസ്പിയർ..ഞാൻ അടുത്ത തവണ വരുംവരെ അമ്മച്ചി അവിടെ നില്ക്കണം...’ ജോണി ലാഘവത്തോടെ അതു പറഞ്ഞപ്പോൾ ത്രേസ്യാമ്മചേട്ടത്തിയുടെ ഉള്ളൊന്നു കാളി. ചുറ്റും ഇരുട്ടു വ്യാപിക്കുന്നതായി ചേട്ടത്തിക്കു തോന്നി. അവർ നിശ്ചലയായി ഇരുന്നു. ഒരു മറുപടിക്കായി ജോണി കുറെ നേരം കാത്തു.
‘എന്താ അമ്മച്ചിയൊന്നും മിണ്ടാത്തതു..? ’
‘ആറു വർഷം കൂടിയല്ലെ നീ ഇപ്പോ വന്നതു...? അടുത്ത തവണ നീ വരുമ്പോൾ ഞാനുണ്ടാകുമോടാ...’ ത്രേസിയാമ്മചേട്ടത്തി ഇനിയും വിട്ടുമാറാത്ത നടുക്കത്തിൽ ചവുട്ടി നിന്നു കൊണ്ട്  മകനെ പരിഹസിച്ചു. അയാൾക്ക് അതിനു മറുപടി ഉണ്ടായിരുന്നെങ്കിലും,പറഞ്ഞില്ല.
‘ഇവിടെക്കിടന്നു മരിക്കണമെന്നാ.....’ ജോണിയുടെ തീഷ്ണമായ നോട്ടം ചേട്ടത്തിയുടെ വാചകത്തെ മുറിച്ചു.
‘ഇതു പറഞ്ഞല്ലേ ഇത്രകാലം ഇവിടെ കടിച്ചു തൂങ്ങി കിടന്നതു..? അമ്മച്ചിയെ എന്നോടൊപ്പം വരാൻ ഞാൻ വിളിക്കാൻ തുടങ്ങിയിട്ടു മുപ്പത്തിയഞ്ചു വർഷമെങ്കിലും ആയികാണും...എപ്പോ അക്കാര്യം പറഞ്ഞാലും ഇവിടെക്കിടന്നു മരിക്കുന്ന കാര്യമേ അമ്മച്ചിക്കു പറയാനുള്ളു ’ ജോണി ശബ്ദമുയർത്തി.
‘മനസിനു വളർച്ചയില്ലാത്ത ജോസുമോന്റെ കാര്യം നിങ്ങളാരും എന്താ ചിന്തിക്കാത്തതു...? അവനെ നോക്കാൻ ആളു വേണ്ടേടാ...? ’ ജോസുകുട്ടൻ പോയത് ചേട്ടത്തി ഒരു നിമിഷം മറന്നതു പോലെ തോന്നി.
‘ഇപ്പോ ആ പ്രശ്നം അവസാനിച്ചില്ലേ..? ’ ജോണി അറിയാതെ മനസു തുറന്നു.
‘മോനെ ജോണീ..’ ത്രേസ്യാമ്മചേടത്തി വിതുമ്പി.
‘ഏഴു മക്കളുള്ള എനിക്ക് അവൻ മാത്രമായിരുന്നു കൂട്ട്...അയർലണ്ടിലും ജർമനിയിലും ഗൾഫിലുമൊക്കെ പോകാനുള്ള ബുദ്ധിവൈഭവം ദൈവം നിങ്ങൾക്കൊക്കെ തന്നു. ഞാൻ അവസാനകാലത്ത്  ഒറ്റയ്ക്കാകുമെന്നു ദൈവത്തിനറിയാമായിരുന്നതു കൊണ്ടാണെന്നു തോന്നുന്നു ജോസ്മോനു ദൈവം ബുദ്ധി കൊടുക്കാതിരുന്നത്......അതുകൊണ്ടു തന്നെ നിങ്ങളാരും അടുത്തില്ലാത്ത വിഷമം ഞാൻ സഹിച്ചിരുന്നതു അവനി..ലൂടെ..യായി..രുന്നു....’ ചേട്ടത്തിക്ക് വാക്കുകൾ തടസപ്പെട്ടപ്പോൾ ജോണിക്ക് ഒരു തുടക്കം കിട്ടി.
‘അമ്മച്ചിക്കറിയില്ല.....ജോസുകുട്ടന്റെ മരണവിവരത്തിനു അമ്മച്ചി വിളിച്ചപ്പോൾ തന്നെ ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞിരുന്നതാ...ആരെങ്കിലും വരാൻ കൂട്ടാക്കിയോ..? ലിസിയുടെ കാര്യം പോട്ടെ..അവൾക്ക് ശിരോവസ്ത്രമുള്ളതു കൊണ്ട് ജർമനിയിൽ നിന്നുള്ള വരവ് ബുദ്ധിമുട്ടായിരിക്കുമെന്നോർക്കാം...ബാക്കിയുള്ളവരോ..? അന്തോനിച്ചായനു അമേരിക്കയിലെ ഏതോ യൂണിവേഴ്സിറ്റിയിൽ പ്രബന്ധമവതരിപ്പിക്കാനുണ്ടെന്ന്...നേരത്തെ ഏറ്റതാണു  പോലും..സണ്ണിക്കാണെങ്കിൽ പിള്ളേരുടെ എക്സാം...പോരാത്തതിനു അയർലണ്ടിൽ തണുപ്പും...ജോയമ്മയ്ക്ക് എമിലിയുടെ കല്ല്യാണതിരക്ക്...അമേരിക്കയിൽ നിന്നൊരു ചെറുക്കനെ കിട്ടുകാന്നു വച്ചാൽ ഏതാണ്ട് ആനക്കാര്യമാണെന്ന അവളുടെ വിചാരം....ഈയിടെ വന്നിട്ടു പോയതുകൊണ്ട് റോയിക്ക് ലീവ് കിട്ടത്തില്ലാന്ന്... മാത്രമല്ല അവന്റെ ഷെയ്ക്ക് ചത്തിട്ട് ഒരാഴ്ച്ച പോലും തികയാത്തതു കൊണ്ട് അവനു നിന്നു തിരിയാൻ സമയമില്ലത്രെ...അവർക്കൊക്കെ സ്വന്തം അനിയന്റെ മരണത്തേക്കാൾ പ്രധാനം അവരുടെയൊക്കെ പ്രശ്നങ്ങളാ...എനിക്കിതൊന്നും ഇല്ലാത്ത പോലെയാ അവരുടെയൊക്കെ സംസാരം...ഇംഗ്ലണ്ടിൽനിന്നിവിടെ വരെ വരുകയെന്നു പറഞ്ഞാൽ നിസ്സാര കാര്യമാണെന്നാണോ..? ജാൻസിക്കാണെങ്കിൽ അവളുടെ ഇളാപ്പന്റെ മകന്റെ ഭാര്യ മരിച്ചിട്ടു പോകാൻ പറ്റാത്തതിന്റെ കെറുവ് ഇതുവരെ മാറിയിട്ടില്ല..അവളുടെ വഴക്ക്, അതങ്ങിനെ.. ജോണീ നീ പോയിട്ടു വാ...നീ പോയിട്ടു വാ....ആരും ചെന്നില്ലെങ്കിൽ അമ്മച്ചി എന്തു വിചാരിക്കും...എല്ലാം കൂടി എന്റെ തലയിലേക്ക് കെട്ടിവച്ചാൽ മതിയല്ലോ...അമ്മച്ചിയുടെ കാര്യത്തിലൊരു തീരുമാനം വേണ്ടേ എന്നു ചോദിച്ചിട്ട് ഒറ്റൊരെണ്ണത്തിന്റെ വായിൽ നാക്കില്ല...‘ മകന്റെ എണ്ണിപ്പറച്ചിലുകൾക്ക് മുൻപിൽ ആ അമ്മ നിസഹായയായി.
’നിനക്കെന്നാ പോകേണ്ടത്..? ‘ ഉരുണ്ടു വന്ന കണ്ണീർ തൂടച്ചു കൊണ്ട് ചേട്ടത്തി തിരക്കി.
’എനിക്ക് ലീവില്ലമ്മച്ചീ...നാളെത്തന്നെ പോണം...‘ ജോണി ക്ഷുഭിതനായി.’ഞാൻ അമ്മച്ചിയേം കൊണ്ട് ഇംഗ്ളണ്ടിലേക്ക് കെട്ടിയെടുക്കുമെന്നാ എല്ലാത്തിന്റേം വിചാരം. അമ്മച്ചിയെ അഗതിമന്ദിരത്തിലാക്കിയിട്ടാ ഞാൻ തിരിച്ചു പോയതെന്നു കേൾക്കുമ്പോൾ എല്ലാരും ഒന്നു ഞെട്ടും...ചെറുതായിട്ടൊന്ന് ഉരുകാതിരിക്കില്ല.. എന്തു പണിയാ നീ കാണിച്ചതെന്നു ചോദിക്കുന്നവരോട് എനിക്കു രണ്ടു വാക്കു പറയണം....‘ ജോണി വിജയം സമീപത്തെത്തിയവനെ പോലെ ഗൂഢാഹ്ളാദത്തോടെ പല്ലുഞ്ഞെരിച്ചു. അല്പ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ആ അമ്മ മകന്റെ കരം പിടിച്ചു.
’മോനെ..ഞാനിവിടെ എവിടെയെങ്കിലും ഒതുങ്ങി കഴിഞ്ഞോളാം....സഹായത്തിനു ഒരാളെ നിർത്തിയാൽ മാത്രം മതിയല്ലോ...നീ സമ്മതിക്കില്ലേ..?‘
     പെറ്റമ്മയുടെ വിറയാർന്ന കൈകൾ തട്ടി മാറ്റി അയാൾ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.
‘ഒന്നു ചുമ്മാതിരിക്കമ്മച്ചി....വേല എന്നോടു വേണ്ട...അന്ന് ഈ വീടും പറമ്പും എന്റേയും മന്ദബുദ്ധിയായ ജോസുകുട്ടന്റെയും പേരിൽ ഒന്നിച്ചെഴുതി നിങ്ങളെല്ലാവരും കൂടി എനിക്കിട്ടൊരു പണി തന്നു. ബാക്കിയുള്ളവരൊക്കെ അവരവർക്ക് കിട്ടിയതു വിറ്റു മുതലാക്കിയപ്പോ ഞാൻ മാത്രം...’ ജോണി ഇടയ്ക്കു വച്ചു നിർത്തി. ‘എന്റെ കാര്യം അവിടെ നില്ക്കട്ടെ.....അമ്മച്ചിക്കു കിട്ടിയതൊക്കെ എന്ത്യേ..?’ അയാൾ ത്രേസ്യാമ്മചേട്ടത്തിയുടെ മുഖത്തോടു മുഖം അടുപ്പിച്ചു.‘ ഒരു രാത്രി ജോയമ്മ ഇവിടെ പറന്നിറങ്ങി ഇരുചെവി അറിയാതെ അമ്മച്ചിയുടെ വീതം കൊണ്ടു തിരിച്ചു പറക്കുമ്പോൾ ഇങ്ങനൊരു അവസ്ഥ വരുമെന്നു അന്നമ്മച്ചി ഓർത്തോ..? ഇല്ല. അനുഭവിച്ചോ.. ...ഇപ്പൊ ജോസുകുട്ടന്റെ കാര്യം തീരുമാനമായ സ്ഥിതിക്ക് ഇനിയിതു വില്ക്കുന്നതിനു എനിക്കാരുടെയും അനുവാദം ആവശ്യമില്ല....  അമ്മച്ചി ഇവിടെതന്നെ കടിച്ചുതൂങ്ങി കിടന്നാ  ഞാനിതെങ്ങനെ വിറ്റെടുക്കുമെന്നു അമ്മച്ചിതന്നെ പറ...... ’
               അയാൽ വെറി പിടിച്ചവനെ പോലെ കുറച്ചുസമയം കട്ടിലിനു ചുറ്റുമായി അലഞ്ഞു നടന്നു. അല്പ്പം ശാന്തത കൈവരിച്ച ശേഷം വീണ്ടും അമ്മച്ചിക്കരികിലെത്തി.
'ഇനിയും കാത്തിരിക്കണ്ട കാര്യം എനിക്കില്ല.  പൈമ്പനാലച്ചനോട് ഞാൻ കാര്യങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട്..വൈകുന്നേരത്തേക്ക് അച്ചൻ നമ്മളെ അവിടെ പ്രതീക്ഷിക്കും....’ മറുപടിക്ക് കാത്തു നില്ക്കാതെ അയാൾ പുറത്തേക്ക് പോയി.
      വായിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീർ വരണ്ട ചുണ്ടുകൾക്ക് ആശ്വാസമായതു പോലെ തോന്നി, ചേട്ടത്തിക്ക്. അതിലെ ഉപ്പുരസം ഞൊട്ടി നുണഞ്ഞു കൊണ്ട് അവർ എഴുന്നേറ്റു. വേച്ചു പോകാതിരിക്കാനായി ഭിത്തിയിൽ പിടിച്ച് അവർ തിരു രൂപത്തിനു മുൻപിലേക്ക് നടന്നു...എല്ലാ ശക്തികളും ചോർന്നു പോകുന്നതു പോലെ തോന്നി അവർക്ക്. തിരുരൂപത്തിനു മുൻപിലെത്തി കൈകൾ കൂപ്പുമ്പോൾ വിറച്ച് വീഴാൻ ആഞ്ഞു. കൊന്തയിലേയ്ക്കു കൈകളെത്തിച്ചപ്പോൾ തടഞ്ഞത് മെഴുകുതിരികാലുകളായിരുന്നു. അവയ്ക്കൊപ്പം ത്രേസ്യാമ്മചേട്ടത്തിയും നിലതെറ്റി പുറകോട്ടു മറിഞ്ഞുവീണു. മുൻപിൽ കൂരിരുട്ട് പടരുകയായിരുന്നു. ശ്വാസം വിടുവാൻ വല്ലാതെ പ്രയാസപ്പെട്ടു. കൈകാലുകളിൽ മരവിപ്പ് പടർന്നുകയറുന്നതുപോലെ. എഴുന്നേല്ക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട് അവർ വീണ്ടും തറയിലമർന്നു...എന്റെ കർത്താവെ ഞാനിപ്പോൾ മരിക്കുമോ..? അയ്യോ അരുതേ....ഇന്നു ഞാൻ മരണപ്പെട്ടാൽ ജോണിയുടെ നാളത്തെ പോക്ക് മുടങ്ങും, എന്റെ പൊന്നു ദൈവമേ...അവന്റെ ദേഷ്യം ഇരട്ടിക്കുന്നതു കാണാനുള്ള ശക്തി എനിക്കില്ല... ഞാൻ കാരണം അവന്റെ പോക്ക് മുടങ്ങരുതേ...എന്റെ ജീവനെ കാക്കേണമേ കർത്താവേ.....‘
     എൺപത്തിയേഴു കഴിഞ്ഞ ത്രേസ്യാമ്മ ചേട്ടത്തി മനമുരുകി കരുണാമയനായ തമ്പുരാനോട് ആയുസ്സിനായി കേണു.

24 comments:

  1. അവസാന ശ്വാസം പോലും മക്കൾക്ക്‌ ഒരു തടസ്സമാകരുത് എന്ന് ചിന്തിക്കുന്ന അമ്മ പക്ഷെ ആ അമ്മ അവർക്ക്
    വളരെ ഭംഗിയായി പറഞ്ഞു ഇരുത്തം വന്ന കഥ പറച്ചിൽ പോലെ പിടിച്ചിരുത്തി ഓരോ വരികളും

    ReplyDelete
    Replies
    1. Hi Baiju Bai,
      താങ്കളുടെ അഭിപ്രായം എന്നെ ഊർജ്ജസ്വലനാക്കുന്നു..!

      Delete
  2. ആർക്കും തോൽപ്പിക്കാനാവാത്ത അമ്മ മനസ്സ്!!
    ഹൃദ്യമായ വരികൾ..

    ReplyDelete
    Replies
    1. Hi Jaleel Bai.... പ്രോത്സാഹനത്തിനുള്ള സന്തോഷം അറിയിക്കുന്നു..!

      Delete
  3. കഥ വളരെ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. എന്റെ ഒരു കഥ വായിച്ചിട്ട് ആദ്യമായാണു അജിത്തേട്ടൻ ഇഷ്ട്ടപ്പെട്ടു എന്നു പറയുന്നത്...സന്തോഷം അറിയിക്കട്ടെ..!

      Delete
  4. പാരഗ്രാഫ് തിരിച്ച് എഴുതിയാല്‍ ഇനിയും വായിക്കാന്‍ കൂടുതല്‍ നന്നായിരിക്കും.
    കഥ കൊള്ളാം.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട റാംജിയേട്ടാ..എന്നിലേക്കു വന്നതിനുള്ള സ്നേഹം അറിയിക്കട്ടെ...തീച്ചയായും അഭിപ്രായം പരിഗണിക്കപ്പെടും

      Delete
  5. കഥ ഉദ്ദേശിച്ചത്രയും വികാരം മനസിലുണ്ടാക്കി. 
    ആളുകളെ മനസ് വിഷമിപ്പിക്കാൻ ഇങ്ങനെ എഴുതുന്നതെന്തിനാ കുട്ടാ.

    എഴുതാനുള്ള കഴിവ് ഞങ്ങളെ ഒന്ന് ചിരിപ്പിക്കാനായി ഉപയോഗിച്ചാൽ എത്ര നന്നായിരുന്നു.
    ഇനി ഇതിന്റെ വിങ്ങൽ മാറണം എങ്കിൽ എത്ര ദിവസ എടുക്കുമൊ! 
    ഏതായാലും ഇന്നത്തെ ഉറക്കം കെടുത്തി

    ReplyDelete
  6. പ്രിയ ഹെറിറ്റേജ്....താങ്കളുടെ ഈ അഭിപ്രായം എനിക്ക് ‘ഓസ്കാർ’ ആണെന്നുമാത്രം അറിയിക്കട്ടെ...!

    ReplyDelete
  7. ഉള്ളില്‍ വിങ്ങലുണ്ടാക്കുന്ന കഥ .ആശംസകള്‍

    ReplyDelete
  8. പ്രിയ ഷറഫുദ്ദീൻ..എന്റെ സ്നേഹം അറിയിക്കട്ടെ..!

    ReplyDelete
  9. ഹൃദയസ്പര്‍ശിയായിരിക്കുന്നു കഥ.
    രക്തബന്ധങ്ങള്‍ക്ക് വിലകല്പിക്കാതെ പണത്തിനും സുഖസൌകര്യങ്ങള്‍ക്കും വേണ്ടി ആര്‍ത്തിപിടിച്ചോടുന്നവര്‍.....
    ആശംസകള്‍

    ReplyDelete
  10. വീണ്ടും വന്ന് ബ്ളോഗിനു ഐശ്വര്യമായതിലുള്ള സന്തോഷം അറിയിക്കട്ടെ

    ReplyDelete
  11. ആദ്യമായാണ് ഇവിടെ ഇത്രയും സ്പര്‍ശിയായ കഥ വായിക്കുന്നതു .എല്ലാവരും പറഞ്ഞതു പോലെ ഇഷ്ടമായി.അമ്മ എന്നും നന്മ .

    ReplyDelete
    Replies
    1. അനീഷ് ബായി...
      എന്നിലുണ്ടാക്കിയ അളവറ്റ സന്തോഷം പറഞ്ഞറിയിക്കട്ടെ...!

      Delete
  12. മാതാപിതാക്കളെ വൃദ്ധ സദനങ്ങളിലേക്ക് വലിച്ചെറിയുന്നവർ തല നരക്കുന്ന കാലം വിദൂരമല്ലെന്നു തിരിച്ചറിയട്ടെ .....ഹൃദയ സ്പർശിയായ അവതരണം ....

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കട്ടെ , ലാൽ

      Delete
  13. Ammak thulyam Amma mathram....Ashamsakal Ariyikunnu...

    ReplyDelete
  14. അമ്മക്കൊപ്പം സ്നേഹം അഛനു കാണില്ല എന്ന് പൊതുവെ ഒരു ധാരണ സമൂഹത്തിൽ ഉണ്ടോ? ചിലപ്പോൾ അങ്ങിനെ തോന്നാറുണ്ട്!

    ReplyDelete
    Replies
    1. അങ്ങനൊരു ധാരണ പൊതുവേയുണ്ട്...എന്നാൽ അമ്മയേക്കാളേറെ മക്കളേ സ്നേഹിക്കുന്ന അച്ഛന്മാർ ഒരുപാടുണ്ട്..ഞാൻ തന്നെ ഒരുദാഹരണം..(എന്നു ഞാൻ വിശ്വസിക്കുന്നു..)

      Delete
  15. പണത്തിലേക്കേ് മാമോദീസ മുങ്ങിയാല്‍ പിന്നെ അമ്മയില്ലല്ലോ ജോണിക്കുട്ടിയുടെ അമ്മേ ...

    ReplyDelete
    Replies
    1. Dear Jose Sir,
      വന്നതിൽ എനിക്കുള്ള സ്നേഹം അറിയിക്കട്ടെ

      Delete