ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Sunday 27 October 2013

എന്റെ ഇഷ്ട്ടങ്ങൾ (അന്നുക്കുട്ടന്റെ ലോകം-ഒന്ന്)

അനുഭവക്കുറിപ്പ്- 1
     എന്റെ മൂത്ത മകനു അഞ്ചു വയസുണ്ട്. വല്യ കുസൃതിയാണവൻ. ‘തന്തയ്ക്ക് പിറക്കാത്ത’ പല ‘ഐറ്റംസും’ അങ്ങേർക്ക് കൈയിലിരിപ്പായിട്ടുണ്ട്. കളികളിൽ ഏർപ്പെടുന്ന സമയങ്ങളിൽ വീട് അവന്റെ സാമ്രാജ്യമാണു. വേലത്തരങ്ങൾ ഒന്നൊന്നായി ഒപ്പിച്ചു വച്ചു കൊണ്ടിരിക്കും. എല്ലാത്തിനും അവന്റെ സഹായിയാണു ഇളയ ചെല്ലക്കിളി. രണ്ടു പേരും കൂടിക്കഴിഞ്ഞാൽ പിന്നെ ഒരു തകർപ്പാണു. കളി, ചിരി,അടി ,പിടി ...ആകെ ബഹളം. പൊറുതി മുട്ടുമ്പോൾ പ്രിയതമ പരാതിയുമായി എന്നെ സമീപിക്കുകയായി. കാരണം കുട്ടികളെ തല്ലാൻ ഞാൻ അവൾക്ക് അധികാരം കൊടുത്തിട്ടില്ല. (ആഭ്യന്തരം എന്റെ കയ്യിൽ തന്നെ..!) .
കമ്പ്യുട്ടർ ലോകത്തെ എന്റെ സ്വര്യസഞ്ചാരത്തിനു തടസം നേരിടുമ്പോൾ ഞാൻ കച്ച മുറുക്കി ഇറങ്ങും. കൈ കൊണ്ട് അടിക്കുന്ന പരിപാടി വീട്ടിൽ അനുവദനീയമല്ല. പിന്നെ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ‘വടി’ തപ്പുകയായി. എവിടെ കണ്ടു കിട്ടാൻ..എത്ര എണ്ണം തയ്യാറാക്കി വച്ചാലും സമയത്ത് ഒന്നും കാണില്ല. ദേഷ്യം പോയി കഴിഞ്ഞ് വടി കിട്ടിയിട്ടെന്താ കാര്യം..? വടി കാണാതെ വരുമ്പോൾ എന്റെ ദേഷ്യം ഇരട്ടിക്കും...അക്കാരണത്തിനു ഞാൻ ഭാര്യയോടു തട്ടിക്കയറും.
‘എത്ര വടി എടുത്തു വച്ചാലും സമയത്ത് ഒന്നും കാണില്ല...’ ഞാൻ ചീറും
‘ഒക്കെ ഇവന്മാർ എടുത്ത് ഒടിച്ചു കളയുന്നതാ...’ ഭാര്യ എരിതീയിൽ എണ്ണ ഒഴിക്കും.
‘ഞങ്ങളല്ല...വടി ഒടിച്ചു കളയുന്നത് അച്ചമ്മയാ...!’ കുട്ടികൾ ഉള്ള സത്യം വിളിച്ചു പറയും.
‘നീയൊക്കെ തല്ലു മേടിച്ചു ചാകേണ്ടന്നു കരുതിയാ ഞാൻ ഒടിച്ചു കളയുന്നതു...’ അച്ചമ്മ ന്യായീകരിക്കും.
         ഈ സമയമൊക്കെ മൂത്തവൻ ഭയത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടിരിക്കും. അതവന്റെ പതിവാണു. ഞാൻ കൺ വെട്ടത്തുണ്ടെങ്കിൽ ഇടയ്ക്കെല്ലാം അവൻ എന്റെ കണ്ണുകളിലേക്കു നോക്കി എന്നെ പഠിച്ചു കൊണ്ടിരിക്കും. ദേഷ്യത്തിന്റെ നേരിയ ഒരു മിന്നലാട്ടം എന്റെ കണ്ണുകളിൽ  കണ്ടാൽ മതി, ‘പ്രോഗ്രാം’ അവസാനിപ്പിച്ച് അവൻ മുങ്ങും. എന്നെ മനസിലാക്കുന്ന കാര്യത്തിൽ അവനു ഒരു പ്രത്യേക കഴിവുതന്നെ ഉണ്ടെന്നു പറയാം.
          ഇക്കഴിഞ്ഞ ദിവസം അവൻ സ്കൂളിൽ നിന്നു വന്നപോൾ കയ്യിൽ ഒരു ചൂരലും തിരുപ്പിടിച്ചിരുന്നു.
‘ഇതെവിടുന്നടാ ഈ ചൂരൽ..? ’ അത്ര പുതിയതല്ലാത്ത ചൂരൽ ഞാൻ തിരിച്ചും മറിച്ചും നോക്കി.
‘ചാച്ചൻ വീട്ടിൽ വടി ഇല്ലാതെ വിഷമിക്കുന്നതല്ലേ....അതോണ്ട് ഞാൻ എന്റെ മിസ്സിനോടു ചോദിച്ചു വാങ്ങിയതാ...ഇഷ്ടമായോ..? ’ പതിവായി ചെയ്യാറുള്ളതു പോലെ ,അവൻ സ്നേഹത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു. എന്റെ ഇഷ്ട്ടങ്ങൾക്കു എന്റെ മകൻ കല്പ്പിക്കുന്ന പ്രധാന്യത്തെ ഓർത്ത് എന്റെ കണ്ണുകൾ ലജ്ജിച്ചു, കൺപോളകൾ താഴ്ത്തി.
വാലറ്റം :- പുതിയൊരു ‘മാസ്റ്റർ പ്ളാൻ’ തയ്യാറായിട്ടുണ്ടെന്നു തോന്നുന്നു.  ഈ കുറിപ്പിലെ നായകൻ അവന്റെ സഹായിക്ക് നിർദ്ദേശങ്ങൾ നല്കുന്നു. കയ്യിൽ AK-47നും കാണാം..!   എന്താകുമോ എന്തോ...?

10 comments:

  1. ചൂരല്‍വടിയും ഒളിപ്പിച്ചുവെയ്ക്കും അച്ചമ്മ.
    ആശംസകള്‍

    ReplyDelete
  2. ഹഹഹ
    കുസൃതിക്കുട്ടന്മാര്‍

    ReplyDelete
  3. അടിപൊളി മക്കളായാൽ ഇങ്ങനെ തന്നെ വേണം വല്ലപ്പോഴും അച്ചമ്മയോടെ ഒന്ന് ചോദിക്കണം സ്വന്തം കുട്ടിക്കാലത്തെ കുറിച്ച് അത് വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്ന് ആയിരിക്കില്ല അന്നൂസ്

    ReplyDelete
  4. വികൃതിയുടെ പേര് പറഞ്ഞില്ല :) ആശംസകള്‍
    ചേട്ടാ തീം മാറ്റാന്‍ പറ്റുമെങ്കില്‍ ചെയ്തോളുട്ടോ.. വായിക്കാന്‍ ഭയങ്കര ബുദ്ധിമുട്ട്. എന്‍റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി

    ReplyDelete
    Replies
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിച്ച് തീം മാറ്റിയിരിക്കുന്നു...അഭിപ്രായം അറിയിക്കുമല്ലോ

      Delete
    2. ഇപ്പൊ കൊള്ളാം . :)
      എന്‍റെ അഭിപ്രായത്തിനു ഇത്ര വിലയുണ്ടായിരുന്നു എന്നരിഞ്ഞിരുന്നില്ല :) നന്ദി . വീണ്ടും വരാം

      Delete
  5. എനിക്കും ഉണ്ട് ഇതുപോലെ രണ്ട്‌പേര്‍.വലിയ കുസ്രിതികള്‍.പക്ഷെ എളുപ്പം പൊട്ടിപ്പോവുന്നവര്‍!!!

    ReplyDelete
  6. ഹ ഹ ഹ മിടുക്കൻ 
     ചാച്ചന്റെ വീക് പോയിന്റ് മനസിലാക്കി അടിച്ച് വീഴ്ത്തി അല്ലെ?
    ഇനി ധൈര്യമായി എന്ത് കുസൃതിയും ഒപ്പിക്കാം 
    ഇങ്ങനെ വേണം കൂട്ടന്മാർ.

    ReplyDelete
  7. maturity is nothing but loosing our innocents ....

    ReplyDelete
    Replies
    1. Hi laal
      ഒരിക്കൽ കൂടി സ്നേഹം അറിയിക്കട്ടെ

      Delete